വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

അറുപത്‌ വയസ്സ്‌ പ്രായ​മുള്ള ഒരു സ്‌ത്രീ വിഗ്ര​ഹാ​രാ​ധന ഉപേക്ഷി​ക്കാ​നുള്ള കാരണം എന്തായി​രു​ന്നു? ഒരു ഷിന്റോ മതത്തിൽ പുരോ​ഹി​ത​നാ​യി​രുന്ന വ്യക്തി എന്തു​കൊ​ണ്ടാണ്‌ അതെല്ലാം ഉപേക്ഷിച്ച്‌ ഒരു ക്രിസ്‌തീയ ശുശ്രൂ​ഷ​ക​നാ​യത്‌? ദത്തുപു​ത്രി​യാ​യി വളരേ​ണ്ടി​വന്ന ഒരു സ്‌ത്രീ മാതാ​പി​താ​ക്കൾ തന്നെ ഉപേക്ഷി​ച്ച​തി​ന്റെ വേദന എങ്ങനെ​യാണ്‌ മറിക​ട​ന്നത്‌? അവർക്ക്‌ എന്താണ്‌ പറയാ​നു​ള്ള​തെന്നു നോക്കാം.

“ഇനി ഒരിക്ക​ലും ഞാൻ വിഗ്ര​ഹ​ങ്ങ​ളു​ടെ അടിമയല്ല.”​—ഏബെ ഡാൻസു

ജനനം: 1938

രാജ്യം: ബെനിൻ

ചരിത്രം: വിഗ്ര​ഹാ​രാ​ധി​ക

മുൻകാലജീവിതം: സോ-ചോ​ഹോ​വി എന്നൊരു ഗ്രാമ​ത്തി​ലാണ്‌ ഞാൻ വളർന്നു​വ​ന്നത്‌. ഒരു തടാക​ത്തിന്‌ അടുത്തുള്ള ചതുപ്പ്‌ സ്ഥലത്താ​യി​രു​ന്നു ഈ ഗ്രാമം. മീൻപി​ടു​ത്ത​വും കന്നുകാ​ലി വളർത്ത​ലും ഒക്കെയാണ്‌ അവി​ടെ​യു​ള്ള​വ​രു​ടെ ജോലി. എല്ലാവർക്കും ആടുക​ളും പന്നിക​ളും പക്ഷിക​ളും ഒക്കെയുണ്ട്‌. അവിടെ റോഡു​ക​ളില്ല. ആളുകൾ വഞ്ചിക​ളി​ലും ചങ്ങാട​ത്തി​ലും ഒക്കെയാണ്‌ യാത്ര ചെയ്യു​ന്നത്‌. തടി​കൊ​ണ്ടുള്ള, പുല്ല്‌ മേഞ്ഞ വീടു​ക​ളാണ്‌ അവിടെ മിക്കതും. ഇഷ്ടിക​കൊ​ണ്ടുള്ള ഏതാനും ചില വീടു​ക​ളേ​യു​ള്ളൂ. അവിടത്തെ ആളുകൾ തീരെ പാവ​പ്പെ​ട്ട​വ​രാണ്‌. പക്ഷേ നഗരങ്ങ​ളി​ലെ അത്രയും കുറ്റകൃ​ത്യ​ങ്ങ​ളൊ​ന്നും അവി​ടെ​യില്ല.

കുട്ടിയായിരുന്നപ്പോൾ എന്റെ അച്ഛൻ എന്നെയും ചേച്ചി​യെ​യും ഒരു ഫെറ്റിഷ്‌ മഠത്തിൽ കൊണ്ടാ​ക്കി. അങ്ങനെ ഞങ്ങൾ ആ മതവി​ശ്വാ​സം അനുസ​രി​ച്ചാണ്‌ വളർന്നു​വ​ന്നത്‌. വലുതാ​യ​പ്പോൾ യോറുബ സംസ്‌കാ​ര​ത്തി​ലെ ഡുഡു​വയെ (ഓഡു​ഡു​വയെ) ഞാൻ എന്റെ ദൈവ​മാ​ക്കി. ആ ദൈവ​ത്തി​നു​വേണ്ടി ഒരു പ്രതിഷ്‌ഠ സ്ഥാപിച്ച്‌ അതിൽ എന്നും ഞാൻ ബലികൾ അർപ്പി​ച്ചി​രു​ന്നു. ചേന, പാം ഓയിൽ, ഒച്ച്‌, കോഴി, പ്രാവ്‌ അങ്ങനെ പലതും ഞാൻ ആ ദൈവ​ത്തിന്‌ അർപ്പിച്ചു. ഇതി​നൊ​ക്കെ വലിയ ചെലവ്‌ വരുന്ന​തു​കൊണ്ട്‌ കൈയി​ലുള്ള കാശൊ​ക്കെ അങ്ങനെ തീരും.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു: ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ യഹോവ മാത്ര​മാണ്‌ സത്യ​ദൈവം എന്ന്‌ എനിക്കു മനസ്സി​ലാ​യി. വിഗ്ര​ഹങ്ങൾ ഉപയോ​ഗിച്ച്‌ ആരാധി​ക്കു​ന്നതു ദൈവം വെറു​ക്കുന്ന ഒരു കാര്യ​മാ​ണെ​ന്നും ഞാൻ പഠിച്ചു. (പുറപ്പാട്‌ 20:4, 5; 1 കൊരി​ന്ത്യർ 10:14) എന്താണ്‌ ചെയ്യേ​ണ്ട​തെന്ന്‌ എനിക്കു മനസ്സി​ലാ​യി. അങ്ങനെ വിഗ്ര​ഹ​ങ്ങ​ളും രൂപങ്ങ​ളും മാത്രമല്ല വിഗ്ര​ഹാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട സകലതും ഞാൻ എന്റെ വീട്ടിൽനി​ന്നു മാറ്റി. പിന്നെ ഞാൻ ഒരിക്ക​ലും ഭാവി പറയു​ന്ന​വ​രു​ടെ അടുത്ത്‌ പോയി​ട്ടില്ല. അവിടത്തെ ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളി​ലും മരണാ​ന​ന്ത​ര​ച്ച​ട​ങ്ങു​ക​ളി​ലും പങ്കെടു​ക്കു​ന്നത്‌ ഞാൻ നിറുത്തി.

60 വയസ്സുള്ള എനിക്ക്‌ ഈ മാറ്റങ്ങൾ വരുത്തു​ന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. എന്റെ കൂട്ടു​കാ​രും ബന്ധുക്ക​ളും അയൽക്കാ​രും ഒക്കെ എന്നെ കളിയാ​ക്കു​ക​യും എനി​ക്കെ​തി​രെ തിരി​യു​ക​യും ചെയ്‌തു. ശരിയാ​യത്‌ ചെയ്യാൻ സഹായി​ക്കണേ എന്നു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. സുഭാ​ഷി​തങ്ങൾ 18:10-ലെ വാക്കുകൾ എന്നെ ശരിക്കും ആശ്വസി​പ്പി​ച്ചു: “യഹോ​വ​യു​ടെ പേര്‌ ബലമുള്ള ഗോപു​രം. നീതി​മാൻ അതി​ലേക്ക്‌ ഓടി​ച്ചെന്ന്‌ സംരക്ഷണം നേടും.”

എനിക്കു കിട്ടിയ മറ്റൊരു സഹായം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​ക​ളാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾക്കു​ണ്ടാ​യി​രി​ക്കേണ്ട സ്‌നേഹം എന്താ​ണെന്ന്‌ ഞാൻ അവി​ടെ​യാണ്‌ കണ്ടത്‌. അവർ എല്ലാം ബൈബി​ളി​ന്റെ ഉന്നതമായ ധാർമി​ക​നി​ല​വാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​വ​രാ​യി​രു​ന്നു. ഇതെല്ലാം കണ്ടപ്പോൾ എനിക്ക്‌ ഒരു കാര്യം ബോധ്യ​മാ​യി—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടേ​താണ്‌ സത്യമതം.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ: ജീവി​ത​ത്തിൽ ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ച്ച​പ്പോൾ എന്റെ മക്കളു​മാ​യി കൂടുതൽ അടുക്കാൻ കഴിഞ്ഞു. അതു​പോ​ലെ എനിക്ക്‌ ഒന്നും ചെയ്‌തു​ത​രാൻ കഴിയാത്ത ജീവനി​ല്ലാത്ത വിഗ്ര​ഹ​ങ്ങൾക്കു​വേണ്ടി ഞാൻ എന്റെ പണം മുഴുവൻ പാഴാ​ക്കി​യി​രു​ന്നു. ആ വലിയ ഭാരം ഇപ്പോ​ഴില്ല. ഇപ്പോൾ ഞാൻ യഹോ​വ​യെ​യാണ്‌ ആരാധി​ക്കു​ന്നത്‌, എല്ലാ പ്രശ്‌ന​ങ്ങ​ളും എന്നേക്കു​മാ​യി പരിഹ​രി​ക്കാൻ കഴിയുന്ന ദൈവത്തെ! (വെളി​പാട്‌ 21:3, 4) ഇനി ഒരിക്ക​ലും ഞാൻ വിഗ്ര​ഹ​ങ്ങ​ളു​ടെ അടിമയല്ല, പകരം യഹോ​വ​യു​ടെ അടിമ​യാണ്‌. അത്‌ എനിക്ക്‌ ഒരുപാട്‌ സന്തോഷം തരുന്നു. കാരണം യഹോ​വ​യിൽ എനിക്ക്‌ യഥാർഥ സുരക്ഷി​ത​ത്വ​വും സംരക്ഷ​ണ​വും കണ്ടെത്താ​നാ​യി.

“ചെറു​പ്പം​മു​തലേ ഞാൻ ദൈവത്തെ അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.”​—ഷിൻജി സാറ്റോ

ജനനം: 1951

രാജ്യം: ജപ്പാൻ

ചരിത്രം: ഷിന്റോ പുരോ​ഹി​തൻ

മുൻകാലജീവിതം: ജപ്പാനി​ലെ ഫുക്കൗ​ക്ക​യി​ലുള്ള ഒരു ഉൾപ്ര​ദേ​ശ​ത്താണ്‌ ഞാൻ വളർന്നു​വ​ന്നത്‌. എന്റെ മാതാ​പി​താ​ക്കൾ വളരെ മതഭക്ത​രാ​യി​രു​ന്നു. ഷിന്റോ മതത്തിലെ ദൈവ​ങ്ങളെ ആരാധി​ക്കാൻ ചെറു​പ്പം​മു​തലേ അവർ എന്നെ പഠിപ്പി​ച്ചു. നല്ലൊരു ഭാവി​യെ​ക്കു​റിച്ച്‌ കുട്ടി​യാ​യി​രു​ന്ന​പ്പോൾത്തന്നെ ഞാൻ ചിന്തി​ച്ചി​രു​ന്നു. കഷ്ടപ്പെ​ടു​ന്ന​വരെ സഹായി​ക്കു​ന്ന​തി​നുള്ള ശക്തമായ ആഗ്രഹ​വും അപ്പോൾമു​തൽ എനിക്കു​ണ്ടാ​യി​രു​ന്നു. ചെറിയ ക്ലാസിൽ പഠിക്കു​മ്പോൾ നടന്ന ഒരു സംഭവം ഞാൻ ഓർക്കു​ന്നു. വലുതാ​കു​മ്പോൾ നിങ്ങൾക്ക്‌ ആരായി​ത്തീ​ര​ണ​മെന്ന്‌ ടീച്ചർ ചോദി​ച്ചു. ശാസ്‌ത്ര​ജ്ഞ​നാ​കണം എന്നതു​പോ​ലുള്ള വലിയ​വ​ലിയ ആഗ്രഹ​ങ്ങ​ളാണ്‌ മറ്റു കുട്ടി​കൾക്കു​ണ്ടാ​യി​രു​ന്നത്‌. പക്ഷേ എന്റെ ആഗ്രഹം ദൈവത്തെ സേവി​ക്കാ​നാണ്‌ എന്ന്‌ ഞാൻ പറഞ്ഞു. എല്ലാവ​രും എന്നെ കളിയാ​ക്കി ചിരിച്ചു.

പക്ഷേ ഹൈസ്‌കൂൾ പഠനം കഴിഞ്ഞ​പ്പോൾ ഞാൻ ആ വഴി തന്നെയാണ്‌ തിര​ഞ്ഞെ​ടു​ത്തത്‌. ഒരു മത അധ്യാ​പ​ക​നാ​കാൻ തീരു​മാ​നിച്ച്‌ അതിനുള്ള സ്‌കൂ​ളിൽ ചേർന്നു. ആ സമയത്ത്‌ ഞാൻ ഒരു ഷിന്റോ പുരോ​ഹി​തനെ പരിച​യ​പ്പെട്ടു. അദ്ദേഹം ഒഴിവു​സ​മ​യത്ത്‌ കറുത്ത പുറം​ച​ട്ട​യുള്ള ഒരു പുസ്‌തകം വായി​ച്ചി​രു​ന്നു. ഒരു ദിവസം അദ്ദേഹം എന്നോടു ചോദി​ച്ചു: “സാറ്റോ, ഇത്‌ ഏത്‌ ബുക്കാ​ണെന്ന്‌ നിനക്ക്‌ അറിയാ​മോ?” ഞാൻ ആ പുസ്‌ത​ക​ത്തി​ന്റെ പുറംചട്ട ശ്രദ്ധി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ പറഞ്ഞു: “ഇത്‌ ബൈബി​ളാണ്‌.” “ഒരു ഷിന്റോ പുരോ​ഹി​ത​നാ​കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും ഈ പുസ്‌തകം വായി​ക്കണം” എന്ന്‌ അദ്ദേഹം പറഞ്ഞു.

ഞാൻ ഉടനെ​തന്നെ പുറത്തു​പോ​യി ഒരു ബൈബിൾ വാങ്ങി. അതിനെ വളരെ പ്രധാ​ന​പ്പെട്ട ഒരു പുസ്‌ത​ക​മാ​യി കണ്ട്‌ ഞാൻ എന്റെ ബുക്ക്‌ഷെൽഫിൽ ഭദ്രമാ​യി സൂക്ഷിച്ചു. പക്ഷേ സ്‌കൂ​ളിൽ എനിക്ക്‌ ഒത്തിരി പഠിക്കാ​നു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ബൈബിൾ വായി​ക്കാൻ സമയം കിട്ടി​യി​രു​ന്നില്ല. പഠനം കഴിഞ്ഞ​തോ​ടെ ഞാൻ ഒരു ഷിന്റോ ക്ഷേത്ര​ത്തിൽ പുരോ​ഹി​ത​നാ​യി സേവി​ച്ചു​തു​ടങ്ങി. അങ്ങനെ ചെറു​പ്പം​മു​ത​ലേ​യുള്ള എന്റെ സ്വപ്‌നം യാഥാർഥ്യ​മാ​യി.

എന്നാൽ അവിടത്തെ കാര്യ​ങ്ങ​ളൊ​ന്നും ഞാൻ വിചാ​രി​ച്ച​തു​പോ​ലെ അല്ലെന്ന്‌ പെട്ടെ​ന്നു​തന്നെ എനിക്കു മനസ്സി​ലാ​യി. മിക്ക പുരോ​ഹി​ത​ന്മാർക്കും മറ്റുള്ള​വ​രോ​ടു കാര്യ​മായ സ്‌നേ​ഹ​മോ പരിഗ​ണ​ന​യോ ഒന്നും ഉണ്ടായി​രു​ന്നില്ല. പലർക്കും ശരിക്കു​മുള്ള വിശ്വാ​സം​പോ​ലും ഇല്ലായി​രു​ന്നു. ഉയർന്ന പദവി​യി​ലുള്ള ഒരു പുരോ​ഹി​തൻ ഒരു ദിവസം എന്നോട്‌ ഇങ്ങനെ പറഞ്ഞു: “ഇവിടെ വിജയി​ക്ക​ണ​മെ​ങ്കിൽ നീ തത്ത്വജ്ഞാ​ന​ത്തെ​പ്പറ്റി മാത്രമേ സംസാ​രി​ക്കാ​വൂ. വിശ്വാ​സ​ത്തെ​ക്കു​റി​ച്ചൊ​ന്നും പറയാൻ പാടില്ല.”

അത്‌ എന്നെ ഞെട്ടി​ച്ചു​ക​ളഞ്ഞു. ഇതൊക്കെ കണ്ടപ്പോൾ എനിക്ക്‌ ഷിന്റോ മതത്തി​ലുള്ള വിശ്വാ​സം തീർത്തും ഇല്ലാതാ​യി. ക്ഷേത്ര​ത്തിൽ ജോലി ചെയ്യു​മ്പോൾത്തന്നെ ഞാൻ മറ്റു മതങ്ങ​ളെ​ക്കു​റി​ച്ചും പഠിക്കാൻതു​ടങ്ങി. എന്നാൽ ഞാൻ അന്വേ​ഷി​ക്കു​ന്ന​തൊ​ന്നും ഒരു മതത്തി​ലും കണ്ടെത്താ​നാ​യില്ല. എത്ര​യേറെ അന്വേ​ഷി​ച്ചോ അത്ര​യേറെ നിരാ​ശ​യാ​യി​രു​ന്നു ഫലം. ഒരു മതത്തി​ലും സത്യമി​ല്ലെന്ന്‌ എനിക്കു തോന്നി.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു: 1988-ൽ ഞാൻ ഒരു ബുദ്ധമ​ത​ക്കാ​രനെ പരിച​യ​പ്പെട്ടു. അദ്ദേഹം എന്നോട്‌ ബൈബിൾ വായി​ക്കാൻ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ്‌ ആ ഷിന്റോ പുരോ​ഹി​തൻ എന്നോട്‌ അത്‌ പറഞ്ഞതാണ്‌. എന്നാൽ ഈ പ്രാവ​ശ്യം ഞാൻ അതു ചെയ്യാൻ തീരു​മാ​നി​ച്ചു. വായന തുടങ്ങി​യ​പ്പോ​ഴാണ്‌ മനസ്സി​ലാ​യത്‌ അത്‌ എന്തു രസമാ​ണെന്ന്‌. ചില​പ്പോ​ഴൊ​ക്കെ ഞാൻ രാത്രി മുഴുവൻ ഇരുന്ന്‌ വായി​ക്കും. എന്റെ റൂമിൽ ജനലി​ലൂ​ടെ വെട്ടം അടിക്കു​മ്പോ​ഴാണ്‌ നേരം വെളു​ത്തെന്ന്‌ ഞാൻ അറിയുക.

വായിച്ച കാര്യങ്ങൾ ബൈബി​ളി​ലെ ആ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചു. മത്തായി 6:9-13 വരെയുള്ള വാക്യ​ങ്ങ​ളിൽ കാണുന്ന മാതൃ​കാ​പ്രാർഥന ഞാൻ ചൊല്ലാൻതു​ടങ്ങി. ഓരോ രണ്ടു മണിക്കൂർ കൂടു​മ്പോ​ഴും ഞാൻ അത്‌ ഉരുവി​ട്ടു​കൊ​ണ്ടി​രു​ന്നു, ഷിന്റോ ക്ഷേത്ര​ത്തിൽ ജോലി ചെയ്യു​മ്പോൾപ്പോ​ലും.

ബൈബിൾ വായി​ച്ച​പ്പോൾ എനിക്ക്‌ പല സംശയ​ങ്ങ​ളും തോന്നി. അപ്പോ​ഴാണ്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഓർത്തത്‌. അവർ ബൈബിൾ പഠിപ്പി​ക്കു​ന്ന​വ​രാ​ണെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. കാരണം എന്റെ ഭാര്യ​യോട്‌ അവർ മുമ്പ്‌ സംസാ​രി​ച്ചി​ട്ടുണ്ട്‌. അങ്ങനെ ഞാൻ സാക്ഷി​യായ ഒരു സ്‌ത്രീ​യെ കണ്ടെത്തി. ചോദ്യ​ങ്ങൾ ചോദിച്ച്‌ ഞാൻ അവരെ ശ്വാസം​മു​ട്ടി​ച്ചു. ആ ഓരോ ചോദ്യ​ത്തി​നും ബൈബി​ളിൽനിന്ന്‌ ഉത്തരം തന്നപ്പോൾ ഞാൻ ശരിക്കും അതിശ​യി​ച്ചു​പോ​യി. എന്നെ ബൈബിൾ പഠിപ്പി​ക്കാൻ സഹോ​ദരി സഹോ​ദ​ര​ന്മാ​രെ ഏർപ്പാ​ടാ​ക്കി.

കുറച്ച്‌ കഴിഞ്ഞ​പ്പോൾ ഞാൻ അവരുടെ മീറ്റി​ങ്ങു​കൾക്ക്‌ പോകാൻതു​ടങ്ങി. അവി​ടെ​യുള്ള ചില സാക്ഷി​ക​ളോട്‌ മുമ്പ്‌ ഞാൻ വളരെ മോശ​മാ​യി പെരു​മാ​റി​യി​ട്ടു​ണ്ടാ​യി​രു​ന്നു. പിന്നീ​ടാണ്‌ ഞാൻ അത്‌ അറിഞ്ഞത്‌. പക്ഷേ അവർ എന്നോട്‌ ഒരു ദേഷ്യ​വും കാണി​ച്ചില്ല. വളരെ സ്‌നേ​ഹ​ത്തോ​ടെ സ്വാഗതം ചെയ്‌തു.

ആ മീറ്റി​ങ്ങു​ക​ളി​ലൂ​ടെ ഒരു ഭർത്താവ്‌ എന്തു ചെയ്യാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്ന​തെന്നു ഞാൻ മനസ്സി​ലാ​ക്കി. തന്റെ കുടും​ബാം​ഗ​ങ്ങ​ളോട്‌ സ്‌നേ​ഹ​വും ആദരവും കാണി​ക്കണം. അത്രയും കാലം ഞാൻ എന്റെ ഭാര്യ​യെ​യും രണ്ടു മക്കളെ​യും ഒട്ടും ശ്രദ്ധി​ച്ചി​രു​ന്നില്ല. പുരോ​ഹി​ത​നാ​യി​രുന്ന ഞാൻ എന്റെ ജോലി​ക്കാണ്‌ ഏറ്റവും പ്രാധാ​ന്യം കൊടു​ത്തത്‌. ക്ഷേത്ര​ത്തിൽ വരുന്ന ആളുകൾക്ക്‌ പറയാ​നു​ള്ളത്‌ ഞാൻ ശ്രദ്ധിച്ച്‌ കേട്ടി​രു​ന്നു. പക്ഷേ എന്റെ ഭാര്യ​യ്‌ക്ക്‌ എന്താണ്‌ പറയാ​നു​ള്ള​തെന്ന്‌ ഞാൻ ഒരിക്കൽപ്പോ​ലും കേട്ടി​രു​ന്നില്ല.

പഠനം പുരോ​ഗ​മി​ച്ച​പ്പോൾ ഞാൻ യഹോ​വ​യെ​ക്കു​റിച്ച്‌ കുറെ കാര്യങ്ങൾ മനസ്സി​ലാ​ക്കി. അങ്ങനെ യഹോ​വ​യോട്‌ എനിക്കു കൂടുതൽ സ്‌നേഹം തോന്നി. റോമർ 10:13-ലെ വാക്കുകൾ എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു: “യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” ചെറു​പ്പം​മു​തലേ ഞാൻ ദൈവത്തെ അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അങ്ങനെ അവസാനം ഞാൻ ദൈവത്തെ കണ്ടെത്തി!

ആ ക്ഷേത്ര​ത്തിൽ തുടരാൻ പിന്നെ എന്റെ മനസ്സ്‌ അനുവ​ദി​ച്ചില്ല. ഞാൻ ഷിന്റോ മതം വിട്ടു​പോ​യാൽ മറ്റുള്ളവർ എന്തു ചിന്തി​ക്കും എന്നായി​രു​ന്നു ആദ്യം എന്റെ പേടി. പക്ഷേ സത്യ​ദൈ​വത്തെ മറ്റ്‌ എവി​ടെ​യെ​ങ്കി​ലും കണ്ടെത്തി​യാൽ ഇത്‌ വിട്ടു​പോ​ക​ണ​മെന്ന്‌ ഞാൻ മുമ്പേ ചിന്തി​ച്ചി​രു​ന്ന​താണ്‌. അങ്ങനെ 1989-ലെ വസന്തകാ​ലത്ത്‌ ഞാൻ എന്റെ മനസ്സാ​ക്ഷി​യെ അനുസ​രി​ക്കാൻ തീരു​മാ​നി​ച്ചു. ഞാൻ ആ ക്ഷേത്രം വിട്ടു; എന്നെത്തന്നെ യഹോ​വ​യു​ടെ കൈക​ളിൽ ഏൽപ്പിച്ചു.

ക്ഷേത്രം വിട്ടു​പോ​രു​ന്നത്‌ ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. അവിടത്തെ ഉയർന്ന പദവി​യി​ലുള്ള പുരോ​ഹി​ത​ന്മാർ എന്നോട്‌ ഒരുപാട്‌ ദേഷ്യ​പ്പെട്ടു. അവി​ടെ​ത്തന്നെ നിൽക്കാൻ എന്നെ നിർബ​ന്ധി​ച്ചു. പക്ഷേ അതി​നെ​ക്കാ​ളും ബുദ്ധി​മുട്ട്‌ മാതാ​പി​താ​ക്ക​ളോട്‌ ഇക്കാര്യം പറയു​ന്ന​താ​യി​രു​ന്നു. വീട്ടി​ലേക്ക്‌ പോകുന്ന വഴിക്ക്‌ എനിക്ക്‌ എന്തു ടെൻഷ​നാ​യി​രു​ന്നെ​ന്നോ. എന്റെ നെഞ്ചൊ​ക്കെ പടപടാന്ന്‌ ഇടിക്കു​ക​യാ​യി​രു​ന്നു. കൈയും കാലും വിറയ്‌ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നി. പോകുന്ന വഴിക്ക്‌ പല തവണ ഞാൻ യഹോ​വ​യോട്‌ ധൈര്യ​ത്തി​നു​വേണ്ടി പ്രാർഥി​ച്ചു.

വീട്ടിലെത്തിയപ്പോൾ പേടി കാരണം എനിക്ക്‌ ഒന്നും​തന്നെ പറയാൻ പറ്റിയില്ല. പക്ഷേ ഞാൻ വീണ്ടും​വീ​ണ്ടും ദൈവ​ത്തോട്‌ പ്രാർഥി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അങ്ങനെ കുറച്ച്‌ കഴിഞ്ഞ്‌ എന്റെ പിതാ​വി​നോട്‌ ഞാൻ എല്ലാം തുറന്നു​പ​റഞ്ഞു. ഞാൻ സത്യ​ദൈ​വത്തെ കണ്ടെത്തി​യെ​ന്നും ആ ദൈവത്തെ സേവി​ക്കാൻ ഞാൻ ഷിന്റോ മതം ഉപേക്ഷി​ക്കു​ക​യാ​ണെ​ന്നും പിതാ​വി​നോ​ടു പറഞ്ഞു. അദ്ദേഹം ശരിക്കും ഞെട്ടി​പ്പോ​യി, ആകെ സങ്കടമാ​യി. ഇത്‌ അറിഞ്ഞ ബന്ധുക്ക​ളും വീട്ടിൽ വന്ന്‌ എന്റെ മനസ്സ്‌ മാറ്റാൻ ശ്രമിച്ചു. എന്റെ വീട്ടു​കാ​രെ വിഷമി​പ്പി​ക്കാൻ എനിക്ക്‌ ആഗ്രഹ​മി​ല്ലാ​യി​രു​ന്നു. പക്ഷേ ചെയ്യേണ്ട ശരിയായ കാര്യം യഹോ​വയെ ആരാധി​ക്കു​ന്ന​താ​ണെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. പതി​യെ​പ്പ​തി​യെ ഞാൻ എടുത്ത തീരു​മാ​നത്തെ എന്റെ വീട്ടു​കാർ അംഗീ​ക​രി​ച്ചു.

ഞാൻ ക്ഷേത്ര​ത്തിൽ പോകു​ന്നത്‌ നിറു​ത്തി​യി​രു​ന്നു. പക്ഷേ മനസ്സു​കൊണ്ട്‌ ഞാൻ മുഴു​വ​നാ​യി അവി​ടെ​നിന്ന്‌ പോന്നി​ട്ടി​ല്ലാ​യി​രു​ന്നു. പുരോ​ഹി​ത​നാ​യുള്ള ജീവിതം എന്റെ ഉള്ളിൽ വേരു​റ​ച്ചു​പോ​യി​രു​ന്നു. ഞാൻ അത്‌ മറക്കാൻ ഒരുപാട്‌ ശ്രമിച്ചു. പക്ഷേ എങ്ങോട്ട്‌ തിരി​ഞ്ഞാ​ലും ആ പഴയ ജീവിതം എന്റെ ഓർമ​യി​ലേക്കു വന്നു​കൊ​ണ്ടി​രു​ന്നു.

അത്തരം ചിന്തകൾ ഒഴിവാ​ക്കാൻ എന്നെ സഹായി​ച്ചത്‌ രണ്ടു കാര്യ​ങ്ങ​ളാ​യി​രു​ന്നു. ആദ്യം ചെയ്‌തത്‌ ഷിന്റോ മതവു​മാ​യി ബന്ധപ്പെട്ട എന്തെങ്കി​ലും കാര്യങ്ങൾ എന്റെ വീട്ടി​ലു​ണ്ടോ എന്ന്‌ ഞാൻ നോക്കി. അതി​നോട്‌ ബന്ധപ്പെട്ട പുസ്‌ത​കങ്ങൾ, ചിത്രങ്ങൾ, വിലകൂ​ടിയ മറ്റു സാധനങ്ങൾ അവയെ​ല്ലാം ഞാൻ കത്തിച്ചു​ക​ളഞ്ഞു. രണ്ടാമത്‌, ഞാൻ പറ്റു​മ്പോ​ഴെ​ല്ലാം സാക്ഷി​ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ ശ്രമിച്ചു. അവരുടെ സൗഹൃ​ദ​വും പിന്തു​ണ​യും എന്നെ ഒരുപാട്‌ സഹായി​ച്ചു. പതി​യെ​യാ​ണെ​ങ്കി​ലും ആ പഴയ ഓർമ​ക​ളെ​ല്ലാം എന്റെ മനസ്സിൽനിന്ന്‌ മാഞ്ഞു​പോ​യി.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ: എന്റെ ഭാര്യ​യും മക്കളും ഒറ്റപ്പെ​ട​ലി​ന്റെ വേദന ഒരുപാട്‌ അനുഭ​വി​ച്ചി​ട്ടുണ്ട്‌. കാരണം ഞാൻ അവരെ ഒട്ടും ശ്രദ്ധി​ച്ചി​രു​ന്നില്ല. ബൈബിൾ പഠിച്ച​പ്പോൾ ഒരു ഭർത്താ​വും പിതാ​വും ആയ ഞാൻ എന്താണ്‌ ചെയ്യേ​ണ്ട​തെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഞാൻ അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. കുറച്ച്‌ കഴിഞ്ഞ​പ്പോൾ എന്റെ ഭാര്യ​യും എന്നോ​ടൊ​പ്പം യഹോ​വയെ സേവി​ക്കാൻതു​ടങ്ങി. എന്റെ മോനും മോളും മോളു​ടെ ഭർത്താ​വും, ഞങ്ങൾ എല്ലാവ​രും ഒരുമിച്ച്‌ ഇപ്പോൾ സത്യ​ദൈ​വത്തെ സേവി​ക്കു​ന്നു.

എന്റെ കുട്ടി​ക്കാ​ലത്തെ സ്വപ്‌ന​ത്തെ​ക്കു​റിച്ച്‌ ഞാൻ ഓർക്കു​ക​യാണ്‌. അത്‌ ദൈവത്തെ സേവി​ക്ക​ണ​മെ​ന്നും ആളുകളെ സഹായി​ക്ക​ണ​മെ​ന്നും ആയിരു​ന്നു. എനിക്കി​പ്പോൾ അതും അതിൽ കൂടു​ത​ലും ചെയ്യാ​നാ​കു​ന്നു. യഹോ​വ​യോട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​കില്ല!

“ജീവി​ത​ത്തിൽ എന്തി​ന്റെ​യോ ഒരു കുറവ്‌ എനിക്ക്‌ അനുഭ​വ​പ്പെട്ടു.”​—ലിനെറ്റ്‌ ഹൗട്ടിങ്ങ്‌

ജനനം: 1958

രാജ്യം: സൗത്ത്‌ ആഫ്രിക്ക

ചരിത്രം: ഉപേക്ഷി​ക്ക​പ്പെ​ട്ട​തി​ന്റെ വേദന

മുൻകാലജീവിതം: ഖനി​ത്തൊ​ഴി​ലാ​ളി​കൾ താമസി​ക്കുന്ന ജർമിസ്റ്റൺ എന്നൊരു ചെറിയ പട്ടണത്തി​ലാണ്‌ ഞാൻ ജനിച്ചത്‌, വലിയ കുറ്റകൃ​ത്യ​ങ്ങ​ളൊ​ന്നും ഇല്ലാത്ത ഒരു സ്ഥലം. എന്നെ വളർത്താ​നുള്ള നിവൃ​ത്തി​യി​ല്ലെന്ന്‌ എന്റെ മാതാ​പി​താ​ക്കൾക്കു തോന്നി. അതു​കൊണ്ട്‌ അവർ എന്നെ മറ്റൊരു ദമ്പതി​കൾക്ക്‌ കൊടു​ത്തു. വെറും 14 ദിവസം പ്രായ​മു​ള്ള​പ്പോൾ ആ ദമ്പതികൾ എന്നെ ദത്തെടു​ത്തു. അവരാ​യി​രു​ന്നു പിന്നെ എനിക്ക്‌ അച്ഛനും അമ്മയും. അവർ എന്നെ ഒരുപാട്‌ സ്‌നേ​ഹി​ച്ചു. വലുതാ​യ​പ്പോൾ ഞാൻ അറിഞ്ഞു എന്നെ അവർ ദത്തെടു​ത്ത​താ​ണെന്ന്‌. എന്റെ ശരിക്കു​മുള്ള മാതാ​പി​താ​ക്കൾ എന്നെ ഉപേക്ഷി​ച്ച​ല്ലോ എന്ന ചിന്ത അന്നുമു​തൽ എന്നെ അലട്ടാൻതു​ടങ്ങി. എന്നെ ദത്തെടു​ത്തവർ ശരിക്കും എന്റെ ആരുമ​ല്ല​ല്ലോ, അതു​കൊണ്ട്‌ അവർക്ക്‌ എന്നെ ഒരിക്ക​ലും മനസ്സി​ലാ​ക്കാൻ പറ്റില്ല എന്നൊക്കെ ഞാൻ ചിന്തിച്ചു.

16 വയസ്സു​ള്ള​പ്പോൾത്തന്നെ ഞാൻ കൂട്ടു​കാ​രു​ടെ​കൂ​ടെ ബാറു​ക​ളിൽ പോകു​മാ​യി​രു​ന്നു. മദ്യവും പാട്ടും ഡാൻസും ഒക്കെയു​ണ്ടാ​യി​രു​ന്നു അവിടെ. 17-ാം വയസ്സിൽ സിഗററ്റ്‌ വലിക്കാൻ തുടങ്ങി. സിഗറ​റ്റി​ന്റെ പരസ്യ​ത്തിൽ കാണുന്ന മോഡ​ലു​ക​ളെ​പ്പോ​ലെ മെലി​ഞ്ഞി​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. 19 വയസ്സാ​യ​പ്പോൾ ഞാൻ ജോഹ​ന്നാ​സ്‌ബർഗിൽ ഒരു ജോലിക്ക്‌ പോകാൻതു​ടങ്ങി. അവി​ടെ​യുള്ള എന്റെ കൂട്ടു​കാ​രൊ​ക്കെ വളരെ മോശം ആളുക​ളാ​യി​രു​ന്നു. എന്റെ സംസാ​ര​രീ​തി​യൊ​ക്കെ ശരിക്കും തരംതാ​ണു, പുകവ​ലിക്ക്‌ ഞാൻ അടിമ​യാ​യി. ശനിയും ഞായറും ഒക്കെ കുടിച്ച്‌ ലക്കു​കെ​ടുന്ന അവസ്ഥയാ​യി.

പക്ഷേ ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ഞാൻ അത്യാ​വ​ശ്യം വ്യായാ​മം ഒക്കെ ചെയ്യു​മാ​യി​രു​ന്നു. ഏറോ​ബി​ക്‌സ്‌ ചെയ്യും, ഫുട്‌ബോൾ കളിക്കും; അതൊക്കെ ഞാൻ സ്ഥിരമാ​യി ചെയ്‌തു. ഞാൻ ജോലി ചെയ്‌തി​രു​ന്നത്‌ കമ്പ്യൂട്ടർ മേഖല​യി​ലാ​യി​രു​ന്നു. ഞാൻ എന്റെ ജോലി​യിൽ കഠിനാ​ധ്വാ​നം ചെയ്‌തു. അതു​കൊണ്ട്‌ എനിക്ക്‌ പണത്തിനു ബുദ്ധി​മു​ട്ടൊ​ന്നും ഉണ്ടായി​രു​ന്നില്ല. പല ആളുക​ളും എന്നെ കണ്ടിരു​ന്നത്‌ ജീവി​ത​ത്തിൽ വിജയിച്ച ഒരാളാ​യി​ട്ടാണ്‌. പക്ഷേ എനിക്ക്‌ ഒരു സന്തോ​ഷ​വും ഇല്ലായി​രു​ന്നു. ആകപ്പാടെ നിരാശ മാത്രം. ജീവി​ത​ത്തിൽ എന്തി​ന്റെ​യോ ഒരു കുറവ്‌ എനിക്ക്‌ അനുഭ​വ​പ്പെട്ടു.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു: ബൈബിൾ പഠിച്ച​പ്പോൾ യഹോവ എത്ര സ്‌നേ​ഹ​വാ​നായ ദൈവ​മാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. തന്റെ വചനമായ ബൈബിൾ നമുക്ക്‌ തന്നു​കൊണ്ട്‌ നമ്മളോ​ടു സ്‌നേ​ഹ​മു​ണ്ടെന്ന്‌ യഹോവ കാണി​ച്ചി​രി​ക്കു​ന്നു. നമുക്കു​വേണ്ടി യഹോവ എഴുതി​യി​രി​ക്കുന്ന ഒരു കത്തു​പോ​ലെ​യാണ്‌ അത്‌. യഹോവ അത്‌ ഉപയോ​ഗിച്ച്‌ പോകേണ്ട വഴിയി​ലൂ​ടെ നമ്മളെ നടത്തുന്നു. (യശയ്യ 48:17, 18) പക്ഷേ എനിക്ക്‌ അതിന്റെ പ്രയോ​ജനം കിട്ടണ​മെ​ങ്കിൽ ഞാൻ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്ത​ണ​മെന്ന്‌ എനിക്കു മനസ്സി​ലാ​യി.

എന്റെ കൂട്ടു​കെ​ട്ടു​ക​ളാ​യി​രു​ന്നു ഞാൻ ആദ്യം​തന്നെ മാറ്റേ​ണ്ടി​യി​രു​ന്നത്‌. സുഭാ​ഷി​തങ്ങൾ 13:20-ാം വാക്യം എന്നെ ചിന്തി​പ്പി​ച്ചു: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.” അങ്ങനെ ഞാൻ എന്റെ പഴയ കൂട്ടു​കെ​ട്ടു​ക​ളെ​ല്ലാം അവസാ​നി​പ്പി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ പുതിയ കൂട്ടു​കാ​രെ കണ്ടെത്തി.

പുകവലി നിറു​ത്താ​നാണ്‌ ഞാൻ ശരിക്കും പാടു​പെ​ട്ടത്‌. ആ ദുശ്ശീ​ല​ത്തിന്‌ ഞാൻ അത്രയ്‌ക്ക്‌ അടിമ​യാ​യി പോയി​രു​ന്നു. എന്നാലും പതി​യെ​പ്പ​തി​യെ ഞാൻ അതു നിറുത്തി. പക്ഷേ അപ്പോൾ മറ്റൊരു പ്രശ്‌നം പൊങ്ങി​വന്നു. പുകവലി നിറു​ത്തി​യ​തോ​ടെ ഞാൻ വല്ലാതെ വണ്ണം വെക്കാൻതു​ടങ്ങി. 13 കിലോ​യിൽ അധിക​മാണ്‌ ഒറ്റയടിക്ക്‌ കൂടി​യത്‌! ഞാൻ ശരിക്കും നിരാ​ശ​യി​ലാ​യി​പ്പോ​യി. ഏതാണ്ട്‌ 10 വർഷ​മെ​ടു​ത്തു അമിത​ഭാ​രം കുറയ്‌ക്കാൻ. എന്നാലും പുകവലി ഉപേക്ഷി​ക്കു​ന്ന​താണ്‌ ശരിയായ തീരു​മാ​ന​മെന്ന്‌ എനിക്കു നന്നായി അറിയാ​മാ​യി​രു​ന്നു. സഹായ​ത്തി​നാ​യി ഞാൻ എപ്പോ​ഴും യഹോ​വ​യോ​ടു പ്രാർഥി​ച്ചു. പുകവലി നിറു​ത്താ​നുള്ള ശക്തി യഹോ​വ​യാണ്‌ എനിക്കു തന്നത്‌.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ: എന്റെ ആരോ​ഗ്യം മെച്ച​പ്പെട്ടു. മുമ്പ്‌ ഞാൻ പ്രാധാ​ന്യം കൊടു​ത്തി​രു​ന്നത്‌ ഉയർന്ന ജോലി​ക്കും സമൂഹ​ത്തിൽ നിലയും വിലയും ഉണ്ടായി​രി​ക്കു​ന്ന​തി​നും പണം സമ്പാദി​ക്കു​ന്ന​തി​നും ഒക്കെയാ​യി​രു​ന്നു. പക്ഷേ അന്ന്‌ സന്തോഷം എന്താ​ണെന്ന്‌ ഞാൻ അറിഞ്ഞി​ട്ടില്ല. എന്നാൽ ഇന്ന്‌ ബൈബിൾസ​ത്യ​ത്തെ​ക്കു​റിച്ച്‌ ആളുക​ളോട്‌ പറയു​മ്പോൾ എനിക്ക്‌ യഥാർഥ​സ​ന്തോ​ഷം കിട്ടുന്നു. എന്റെ കൂടെ ജോലി ചെയ്‌തി​രുന്ന മൂന്നു പേരെ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൽ ഞാൻ സഹായി​ച്ചു. അവർ ഇപ്പോൾ തീക്ഷ്‌ണ​ത​യോ​ടെ യഹോ​വയെ സേവി​ക്കു​ന്നു. യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ഒരു ഭർത്താ​വി​നെ​യും എനിക്ക്‌ കിട്ടി. എന്നെ വളർത്തിയ അച്ഛനും അമ്മയും മരിക്കു​ന്ന​തി​നു മുമ്പ്‌ അവരോട്‌ പറുദീ​സ​യെ​ക്കു​റി​ച്ചും പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചും ഒക്കെ പറയാൻ എനിക്കു കഴിഞ്ഞു.

മാതാപിതാക്കൾ ഉപേക്ഷി​ച്ച​തി​ന്റെ വേദന ഞാൻ മറന്നത്‌ യഹോ​വ​യോട്‌ അടുത്ത​പ്പോ​ഴാണ്‌. യഹോ​വ​യു​ടെ ജനത്തിന്റെ ഭാഗമാ​യ​തു​മു​തൽ എനിക്ക്‌ സ്വന്തമാ​യി ആരൊ​ക്കെ​യോ ഉണ്ട്‌ എന്നു തോന്നാൻതു​ടങ്ങി. ലോക​വ്യാ​പ​ക​മാ​യുള്ള തന്റെ കുടും​ബ​ത്തി​ലേക്ക്‌ യഹോവ എന്നെയും കൊണ്ടു​വന്നു. ഇവിടെ എനിക്ക്‌ അമ്മമാ​രും അച്ഛന്മാ​രും ആങ്ങളമാ​രും അനിയ​ത്തി​മാ​രും ചേച്ചി​മാ​രും ഒക്കെയുണ്ട്‌.—മർക്കോസ്‌ 10:29, 30.

[ചിത്രം]

യഹോവയുടെ ജനത്തി​നി​ട​യിൽ ഞാൻ ക്രിസ്‌തീ​യ​സ്‌നേഹം അനുഭ​വി​ച്ച​റി​ഞ്ഞു

[ചിത്രം]

ഞാൻ പണ്ട്‌ പോയി​രുന്ന ഷിന്റോ ക്ഷേത്രം