വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തോട്‌ എങ്ങനെ അടുത്തുചെല്ലാം?

ദൈവത്തോട്‌ എങ്ങനെ അടുത്തുചെല്ലാം?

ദൈവവചനത്തിൽനിന്നു പഠിക്കുക

ദൈവത്തോട്‌ എങ്ങനെ അടുത്തുചെല്ലാം?

നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്‌. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്‌പര്യപ്പെടുന്നു.

1. എല്ലാ പ്രാർഥനകളും ദൈവം കേൾക്കുമോ?

പ്രാർഥനയിലൂടെ തന്നോട്‌ അടുത്തുവരാൻ സകല ജനതകളിലുംപെട്ട ആളുകളെ യഹോവ ക്ഷണിക്കുന്നു. (സങ്കീർത്തനം 65:2) എന്നാൽ എല്ലാ പ്രാർഥനകൾക്കും ദൈവം ചെവികൊടുക്കുന്നില്ല. ഉദാഹരണത്തിന്‌, വഷളത്തം പ്രവർത്തിക്കുന്നതിൽ തുടർന്ന ഇസ്രായേല്യരുടെ പ്രാർഥന കേൾക്കാൻ ദൈവം വിസമ്മതിച്ചു. (യെശയ്യാവു 1:15) ഭാര്യയോട്‌ അപമര്യാദയായി പെരുമാറുന്ന ഒരു വ്യക്തിയുടെ പ്രാർഥനയും തടസ്സപ്പെടാൻ ഇടയുണ്ടെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. (1 പത്രോസ്‌ 3:7) എന്നാൽ, കടുത്ത പാപിയാണെങ്കിൽപ്പോലും യഥാർഥ അനുതാപം പ്രകടമാക്കുന്ന ഒരു വ്യക്തിയുടെ പ്രാർഥന കേൾക്കാൻ ദൈവം സന്നദ്ധനാണ്‌.—2 ദിനവൃത്താന്തം 33:9-13 വായിക്കുക.

2. നാം എങ്ങനെ പ്രാർഥിക്കണം?

പ്രാർഥന യഹോവയിൽനിന്നുള്ള അതിവിശിഷ്ടമായ പദവിയാണ്‌; അവനെ ആരാധിക്കാനുള്ള ഒരു മാർഗം. അതുകൊണ്ട്‌ നാം യഹോവയോടു മാത്രമേ പ്രാർഥിക്കാവൂ. (മത്തായി 4:10; 6:9) അപൂർണരായതിനാൽ നാം യേശുവിന്റെ നാമത്തിലാണ്‌ പ്രാർഥിക്കേണ്ടത്‌. കാരണം ദൈവത്തോട്‌ അടുത്തുചെല്ലാനുള്ള ഒരേയൊരു “വഴി” അവനാണ്‌. (യോഹന്നാൻ 14:6) മനഃപാഠമാക്കിയതോ അച്ചടിച്ചതോ ആയ പ്രാർഥനകൾ ഉരുവിടുന്നത്‌ ദൈവത്തിന്‌ സ്വീകാര്യമല്ല; നമ്മുടെ പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതായിരിക്കണം.—മത്തായി 6:7; ഫിലിപ്പിയർ 4:6, 7 വായിക്കുക.

മൗനമായി പ്രാർഥിക്കുന്നതുപോലും നമ്മുടെ സ്രഷ്ടാവിന്‌ കേൾക്കാനാകും. (1 ശമൂവേൽ 1:12, 13) എല്ലായ്‌പോഴും പ്രാർഥിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു; എഴുന്നേൽക്കുമ്പോഴും കിടക്കുന്നതിനുമുമ്പും ഭക്ഷണവേളയിലും പ്രശ്‌നങ്ങൾ നേരിടുമ്പോഴും ഒക്കെ നമുക്ക്‌ അവനോട്‌ പ്രാർഥിക്കാം.—സങ്കീർത്തനം 55:22; മത്തായി 15:36 വായിക്കുക.

3. ക്രിസ്‌ത്യാനികൾ യോഗങ്ങൾക്ക്‌ കൂടിവരുന്നത്‌ എന്തുകൊണ്ട്‌?

ദൈവത്തിൽ വിശ്വാസമില്ലാത്തവരും ഭൂമിയിൽ സമാധാനം കൊണ്ടുവരുമെന്നുള്ള ദിവ്യവാഗ്‌ദാനത്തെ പുച്ഛിച്ചുതള്ളുന്നവരും ആയ ആളുകൾക്കിടയിൽ നാം ജീവിക്കുന്നതിനാൽ ദൈവത്തോട്‌ അടുത്തുചെല്ലുക എന്നത്‌ അത്ര എളുപ്പമല്ല. (2 തിമൊഥെയൊസ്‌ 3:1, 4; 2 പത്രോസ്‌ 3:3, 13) അതുകൊണ്ടുതന്നെ സഹവിശ്വാസികളുമൊത്തുള്ള പ്രോത്സാഹനം പകരുന്ന കൂടിവരവുകൾ നമുക്ക്‌ കൂടിയേതീരൂ.—എബ്രായർ 10:24, 25 വായിക്കുക.

ദൈവത്തെ സ്‌നേഹിക്കുന്ന ആളുകളെ സുഹൃത്തുക്കൾ ആക്കുന്നെങ്കിൽ നിങ്ങൾക്ക്‌ ദൈവത്തോട്‌ അടുത്തുചെല്ലാനാകും. അങ്ങനെയുള്ളവരുടെ വിശ്വാസത്തിൽനിന്ന്‌ പ്രോത്സാഹനം നേടാനുള്ള അവസരമാണ്‌ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾ.—റോമർ 1:11, 12 വായിക്കുക.

4. ദൈവത്തോട്‌ അടുത്തുചെല്ലാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

ദൈവവചനത്തിൽനിന്നു പഠിച്ച കാര്യങ്ങൾ ധ്യാനിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ ദൈവത്തോട്‌ അടുത്തുചെല്ലാനാകും. ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചും അവൻ നൽകിയിരിക്കുന്ന നിർദേശങ്ങളെക്കുറിച്ചും അവന്റെ വാഗ്‌ദാനങ്ങളെക്കുറിച്ചും ഏകാഗ്രമായി ധ്യാനിക്കുക. പ്രാർഥനാനിരതമായ അത്തരം ധ്യാനം ദൈവം കാണിച്ചിരിക്കുന്ന സ്‌നേഹത്തോടും അവന്റെ ജ്ഞാനത്തോടും അഗാധമായ വിലമതിപ്പ്‌ വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കും.—യോശുവ 1:8; സങ്കീർത്തനം 1:1-3 വായിക്കുക.

ദൈവത്തിൽ ആശ്രയിച്ച്‌ അവനിൽ വിശ്വാസം അർപ്പിക്കുന്നെങ്കിൽ മാത്രമേ ദൈവത്തോട്‌ അടുത്തുചെല്ലാൻ നിങ്ങൾക്കാകൂ. ദൈവത്തിലുള്ള വിശ്വാസത്തെ ജീവനുള്ള ഒരു വസ്‌തുവിനോട്‌ താരതമ്യം ചെയ്യാനാകും. ജീവനുള്ളവയ്‌ക്ക്‌ പോഷണം കൂടിയേതീരൂ. സമാനമായി, വിശ്വാസം ജീവസ്സുറ്റതായി നിലനിറുത്തണമെങ്കിൽ വിശ്വാസത്തിന്‌ ആധാരമായ കാര്യങ്ങൾ വിചിന്തനം ചെയ്‌തുകൊണ്ട്‌ നിങ്ങൾ അതിനെ പോഷിപ്പിക്കേണ്ടതുണ്ട്‌.—1 തെസ്സലോനിക്യർ 5:21; എബ്രായർ 11:1, 6 വായിക്കുക.

5. ദൈവത്തോട്‌ അടുത്തുചെല്ലുന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

യഹോവയെ സ്‌നേഹിക്കുന്നവരെ അവൻ പരിപാലിക്കുന്നു; വിശ്വാസത്തിനും നിത്യജീവനെന്ന പ്രത്യാശയ്‌ക്കും ക്ഷതമേൽപ്പിച്ചേക്കാവുന്ന എന്തിൽനിന്നും അവൻ അവരെ സംരക്ഷിക്കുന്നു. (സങ്കീർത്തനം 91:1, 2, 7-10) നമ്മുടെ ആരോഗ്യവും സന്തോഷവും കവർന്നെടുക്കുന്ന ജീവിതശൈലികളെക്കുറിച്ച്‌ അവൻ മുന്നറിയിപ്പ്‌ നൽകിക്കൊണ്ടാണിരിക്കുന്നത്‌. ഉത്‌കൃഷ്ടമായ ജീവിതരീതി ഏതാണെന്ന്‌ അവൻ നമ്മെ പഠിപ്പിക്കുന്നു.—സങ്കീർത്തനം 73:27, 28; യാക്കോബ്‌ 4:4, 8 വായിക്കുക. (w11-E 09/01)

കൂടുതൽ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 17-ാം അധ്യായം കാണുക.