വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവ എന്റെ ഓഹരി”

“യഹോവ എന്റെ ഓഹരി”

“യഹോവ എന്റെ ഓഹരി”

“യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിന്റെ ഓഹരിയും അവകാശവും ആകുന്നു.”—സംഖ്യാ. 18:20.

1, 2. (എ) അവകാശം വീതിച്ചുനൽകിയപ്പോൾ ലേവ്യർക്ക്‌ ഓഹരി ലഭിച്ചോ? വിശദീകരിക്കുക. (ബി) യഹോവ ലേവ്യർക്ക്‌ എന്ത്‌ ഉറപ്പാണ്‌ നൽകിയത്‌?

വാഗ്‌ദത്ത ദേശം മിക്കവാറും പിടിച്ചടക്കിക്കഴിഞ്ഞപ്പോൾ ദേശം വിഭാഗിക്കുന്നതിലേക്ക്‌ യോശുവ ശ്രദ്ധതിരിച്ചു. മഹാപുരോഹിതനായ എലെയാസാരോടും ഗോത്രത്തലവന്മാരോടും ഒപ്പമാണ്‌ അവൻ ആ വേല നിർവഹിച്ചത്‌. (സംഖ്യാ. 34:13-29) എന്നാൽ ലേവ്യർക്ക്‌ മറ്റു ഗോത്രങ്ങൾക്കു ലഭിച്ചതുപോലെ ദേശം അവകാശമായി ലഭിച്ചില്ല. (യോശു. 14:1-5) എന്തുകൊണ്ടാണ്‌ ലേവ്യർക്ക്‌ വാഗ്‌ദത്ത ദേശത്തിന്റെ ഓഹരി ലഭിക്കാതിരുന്നത്‌? അവർക്ക്‌ ഒന്നും ലഭിച്ചില്ല എന്നാണോ ഇതിനർഥം?

2 യഹോവ ലേവ്യരോടു പറഞ്ഞ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്‌. അവരെ അവഗണിച്ചിട്ടില്ല എന്ന്‌ ഉറപ്പുനൽകിക്കൊണ്ട്‌ അവൻ പറഞ്ഞു: “യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിന്റെ ഓഹരിയും അവകാശവും ആകുന്നു.” (സംഖ്യാ. 18:20) “ഞാൻ തന്നേ നിന്റെ ഓഹരി,” എത്ര ഹൃദയഹാരിയായ വാക്കുകൾ! നിങ്ങളോടാണ്‌ യഹോവ അത്‌ പറയുന്നതെങ്കിൽ എന്തായിരിക്കും നിങ്ങൾക്കു തോന്നുക? ‘അതിനുള്ള യോഗ്യത എനിക്കുണ്ടോ?’ എന്ന ചിന്തയായിരിക്കാം നിങ്ങളുടെ മനസ്സിലേക്ക്‌ ആദ്യം വരുന്നത്‌. ‘അപൂർണരായ ഇന്നത്തെ ക്രിസ്‌ത്യാനികളിൽ ആരുടെയെങ്കിലും ഓഹരിയായിരിക്കാൻ യഹോവയ്‌ക്കാകുമോ?’ എന്നും നിങ്ങൾ ചിന്തിച്ചേക്കാം. നമ്മെയെല്ലാം ബാധിക്കുന്ന ചോദ്യങ്ങളാണവ. അതുകൊണ്ട്‌, യഹോവ ആ പറഞ്ഞതിന്റെ അർഥം എന്താണെന്ന്‌ നമുക്കു നോക്കാം. ഇന്ന്‌ യഹോവ ക്രിസ്‌ത്യാനികളുടെ ഓഹരിയായിരുന്നേക്കാവുന്നത്‌ എങ്ങനെയാണെന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയ്‌ക്ക്‌ നിങ്ങളുടെ ഓഹരി ആയിരിക്കാനാകും—നിങ്ങളുടെ പ്രത്യാശ സ്വർഗീയമായാലും ഭൗമികമായാലും.

യഹോവ ലേവ്യർക്കായി കരുതുന്നു

3. ദൈവത്തെ സേവിക്കാൻ ലേവ്യർക്ക്‌ പദവി ലഭിച്ചത്‌ എങ്ങനെയെന്നു വിവരിക്കുക.

3 യഹോവ ഇസ്രായേല്യർക്ക്‌ ന്യായപ്രമാണം നൽകുന്നതിനുമുമ്പ്‌ കുടുംബത്തലവന്മാരാണ്‌ അവർക്കിടയിൽ പുരോഹിതന്മാരായി സേവിച്ചിരുന്നത്‌. എന്നാൽ ന്യായപ്രമാണം നൽകിയപ്പോൾ ദൈവം ഒരു മുഴുസമയ പുരോഹിതവർഗത്തെയും അവർക്കു വേണ്ട സഹായികളെയും ഏർപ്പെടുത്തി; ലേവിഗോത്രത്തെയാണ്‌ അവൻ അതിനായി തിരഞ്ഞെടുത്തത്‌. എപ്പോൾ, എങ്ങനെ? ഈജിപ്‌റ്റിലെ ആദ്യജാതന്മാരെ കൊന്നുകളഞ്ഞപ്പോൾ യഹോവ ഇസ്രായേല്യരുടെ ആദ്യജാതന്മാരെ തനിക്കായി വേർതിരിച്ചു. പിന്നീട്‌ അവൻ അതിനൊരു ഭേദഗതി വരുത്തി. അവൻ പറഞ്ഞു: “യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിന്നും പകരം ഞാൻ ലേവ്യരെ . . . എടുത്തിരിക്കുന്നു.” ഇസ്രായേല്യരുടെ ആദ്യജാതന്മാരുടെ എണ്ണം ലേവ്യരുടെ എണ്ണത്തെക്കാൾ കൂടുതലാണെന്നു കണ്ടപ്പോൾ കൂടുതൽ വന്നവരുടെ എണ്ണത്തിന്‌ ഒത്തവണ്ണം വീണ്ടെടുപ്പുവില നൽകാനും യഹോവ കൽപ്പിച്ചു. (സംഖ്യാ. 3:11-13, 41, 46, 47) അങ്ങനെ, ഇസ്രായേലിന്റെ ദൈവത്തെ സേവിക്കാനുള്ള പദവി ലേവ്യർക്ക്‌ കരഗതമായി.

4, 5. (എ) ലേവ്യരുടെ ഓഹരി യഹോവയാണെന്നു പറഞ്ഞതിന്റെ അർഥം എന്താണ്‌? (ബി) ലേവ്യർക്കായി ദൈവം കരുതിയത്‌ എങ്ങനെ?

4 യഹോവയിൽനിന്നുള്ള ആ നിയമനം ലേവ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു? അവരുടെ ഓഹരി താനാണെന്ന്‌ യഹോവ പറഞ്ഞതിന്റെ അർഥം എന്താണ്‌? ദേശത്തിന്റെ ഓഹരി അവർക്കു ലഭിച്ചില്ലെങ്കിലും വിശേഷപ്പെട്ട ഒരു സേവനപദവി അവർക്കു ലഭിച്ചു. “യഹോവയുടെ പൗരോഹിത്യം” ആയിരുന്നു അവരുടെ അവകാശം. (യോശു. 18:7) അവർക്കു ഭൗതികമായി ഒന്നുമില്ലായിരുന്നു എന്നാണോ അതിനർഥം? അല്ല എന്ന്‌ മറ്റു വാക്യങ്ങൾ സൂചിപ്പിക്കുന്നു. (സംഖ്യാപുസ്‌തകം 18:19, 21, 24 വായിക്കുക.) ലേവ്യർക്ക്‌ അവർ “ചെയ്യുന്ന വേലെക്കു” പകരമായി, “യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി” കൊടുക്കേണ്ടിയിരുന്നു. ഇസ്രായേലിൽ പുതുതായി പിറക്കുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിന്റെയും അവിടത്തെ വിളവിന്റെയും പത്തിലൊന്ന്‌ അവർക്കുള്ളതായിരുന്നു. അങ്ങനെ ലഭിക്കുന്ന സംഭാവനയിൽ “ഉത്തമമായ” പത്തിലൊന്ന്‌ ലേവ്യർ പുരോഹിതന്മാർക്കു നൽകണമെന്ന്‌ ദൈവം കൽപ്പന നൽകി. * (സംഖ്യാ. 18:25-29) ഇസ്രായേൽമക്കൾ ആരാധനാസ്ഥലത്ത്‌ ദൈവത്തിനായി കൊണ്ടുവരുന്ന ‘വിശുദ്ധവസ്‌തുക്കളും’ പുരോഹിതന്മാർക്കുള്ളതായിരുന്നു. യഹോവ തങ്ങൾക്കായി കരുതുമെന്ന്‌ ഉറച്ചു വിശ്വസിക്കാൻ പുരോഹിതന്മാർക്കു ന്യായമുണ്ടായിരുന്നു എന്നു സാരം.

5 മോശൈക ന്യായപ്രമാണം മറ്റൊരു ദശാംശത്തിന്റെ കാര്യവും പറയുന്നതായി കരുതപ്പെടുന്നു. ആണ്ടുതോറുമുള്ള വിശുദ്ധ കൂടിവരവുകളിൽ കുടുംബമൊന്നിച്ച്‌ സംബന്ധിക്കാനും സന്തോഷിക്കാനും വേണ്ടിയാണ്‌ ഇത്‌ നീക്കിവെച്ചിരുന്നത്‌. (ആവ. 14:22-27) എന്നാൽ ഏഴുവർഷം അടങ്ങുന്ന ശബത്തുചക്രത്തിലെ മൂന്നാമത്തെയും ആറാമത്തെയും ആണ്ടിൽ ഈ ദശാംശം ലേവ്യർക്കും ദരിദ്രർക്കുമായി പട്ടണവാതിൽക്കൽ നിക്ഷേപിക്കണമായിരുന്നു. ലേവ്യരെ ഇതിൽ ഉൾപ്പെടുത്തിയത്‌ എന്തുകൊണ്ടാണ്‌? അവർക്ക്‌ ഇസ്രായേലിൽ “ഓഹരിയും അവകാശവും ഇല്ലാ”യിരുന്നു എന്നതുതന്നെ കാരണം.—ആവ. 14:28, 29.

6. വാഗ്‌ദത്ത ദേശം വിഭാഗിച്ചപ്പോൾ ഓഹരി ലഭിക്കാതിരുന്ന ലേവ്യർ എവിടെയാണ്‌ താമസിച്ചിരുന്നത്‌?

6 ‘സ്വന്തമായി സ്ഥലം ലഭിച്ചിരുന്നില്ലെങ്കിൽപ്പിന്നെ ലേവ്യർ എവിടെയാണ്‌ താമസിച്ചിരുന്നത്‌?’ എന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. ദൈവം അവർക്കായി കരുതി; ആറുസങ്കേതനഗരങ്ങൾ ഉൾപ്പെടെ 48 പട്ടണങ്ങളും ചുറ്റുമുള്ള പുൽപ്പുറങ്ങളും അവൻ അവർക്കു നിയമിച്ചു കൊടുത്തു. അവയിൽപ്പെട്ടതായിരുന്നു. (സംഖ്യാ. 35:6-8) ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ സേവിക്കാത്ത സമയത്ത്‌ അവർക്ക്‌ അവിടെ താമസിക്കാമായിരുന്നു. അതെ, തന്റെ സേവനത്തിനായി സ്വയം അർപ്പിച്ചവരെ ദൈവം കാത്തുപരിപാലിച്ചു, സമൃദ്ധമായി അനുഗ്രഹിച്ചു. തങ്ങൾക്കുവേണ്ടി കരുതാനുള്ള യഹോവയുടെ പ്രാപ്‌തിയിലും മനസ്സൊരുക്കത്തിലും വിശ്വാസമർപ്പിക്കുന്നെങ്കിൽ യഹോവയാണ്‌ തങ്ങളുടെ ഓഹരിയെന്ന്‌ ലേവ്യർക്ക്‌ തെളിയിക്കാനാകുമായിരുന്നു.

7. യഹോവ തങ്ങളുടെ ഓഹരിയായിരിക്കണമെങ്കിൽ ലേവ്യരുടെ ഭാഗത്ത്‌ എന്ത്‌ ആവശ്യമായിരുന്നു?

7 ദശാംശം നൽകാത്തവർക്ക്‌ ന്യായപ്രമാണനിയമം അനുസരിച്ച്‌ ശിക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ആളുകൾ ദശാംശം നൽകിയില്ലെങ്കിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും കാര്യം കഷ്ടത്തിലാകുമായിരുന്നു. നെഹെമ്യാവിന്റെ കാലത്ത്‌ അങ്ങനെ സംഭവിച്ചു; ലേവ്യർക്ക്‌ തങ്ങളുടെ സേവനം ഉപേക്ഷിച്ചുപോയി വയലിൽ പണിയെടുക്കേണ്ടിവന്നു. (നെഹെമ്യാവു 13:10 വായിക്കുക.) ലേവിഗോത്രത്തിന്റെ ഉപജീവനം ഇസ്രായേല്യരുടെ ആത്മീയതയെ ആശ്രയിച്ചാണിരുന്നതെന്നു വ്യക്തം. യഹോവയിലും തങ്ങൾക്കുവേണ്ടി കരുതാൻ അവൻ ചെയ്‌തിരിക്കുന്ന ക്രമീകരണത്തിലും പുരോഹിതന്മാർക്കും ലേവ്യർക്കും വിശ്വാസമുണ്ടായിരിക്കുകയും വേണമായിരുന്നു.

യഹോവയെ തങ്ങളുടെ ഓഹരിയായി കണ്ട വ്യക്തികൾ

8. ലേവ്യനായ ആസാഫിനെ എന്തു പ്രശ്‌നം അലട്ടി?

8 ഒരു ഗോത്രം എന്നനിലയിൽ ലേവ്യർക്ക്‌ യഹോവ അവരുടെ ഓഹരിയായിരുന്നു. എന്നാൽ ദൈവത്തോടുള്ള ഭക്തിയും അവനിലുള്ള ആശ്രയത്വവും പ്രകടിപ്പിക്കാൻ ലേവിഗോത്രക്കാരായ വ്യക്തികളും, “യഹോവ എന്റെ ഓഹരി”യാകുന്നു എന്നു പറഞ്ഞിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. (വിലാ. 3:24) അതിലൊരാൾ ഒരു ഗായകനും ഗാനരചയിതാവും ആയിരുന്നു. ആ വ്യക്തിയെ നമുക്ക്‌ ആസാഫ്‌ എന്നു വിളിക്കാം. ദാവീദുരാജാവിന്റെ കാലത്ത്‌ ഗായകസംഘത്തെ നയിച്ചിരുന്ന ലേവ്യനോ അദ്ദേഹത്തിന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയോ ആയിരിക്കാം ഈ ആസാഫ്‌. (1 ദിന. 6:31-43) ആസാഫ്‌ ആശയക്കുഴപ്പത്തിലായെന്ന്‌ 73-ാം സങ്കീർത്തനം പറയുന്നു. ആഡംബരപൂർണമായ ജീവിതം നയിച്ചിരുന്ന ദുഷ്ടന്മാരോട്‌ അസൂയ തോന്നിയ അവൻ “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്‌മയിൽ കഴുകിയതും വ്യർത്ഥമത്രേ” എന്നുപോലും പരാതിപ്പെട്ടു. തന്റെ സേവനപദവി എത്ര വിശിഷ്ടമാണെന്നു മറന്നുപോയ അവൻ യഹോവയാണ്‌ തന്റെ ഓഹരി എന്ന്‌ ഓർത്തില്ല. “ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ” ചെല്ലുന്നതുവരെ അവന്റെ ആത്മീയ വീക്ഷണം വികലമായിരുന്നു.—സങ്കീ. 73:2, 3, 12, 13, 17.

9, 10. ദൈവം ‘എന്നേക്കും എന്റെ ഓഹരി’ എന്നു പറയാൻ ആസാഫിനു കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

9 വിശുദ്ധമന്ദിരത്തിൽ എത്തിയശേഷം ആസാഫിന്‌ യഹോവ കാണുന്നതുപോലെ കാര്യങ്ങളെ കാണാൻ കഴിഞ്ഞു. നിങ്ങൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടാകാം. നിങ്ങളുടെ ആത്മീയ പദവികളോടുള്ള വിലമതിപ്പ്‌ കുറച്ചെങ്കിലും കുറഞ്ഞുപോയ ഒരു ഘട്ടത്തിൽ ഇല്ലായ്‌മകളെക്കുറിച്ച്‌ നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയിരിക്കാം. എന്നാൽ ദൈവവചനം പഠിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്‌തപ്പോൾ യഹോവയുടെ വീക്ഷണം നിങ്ങൾ സ്വായത്തമാക്കി. വിശുദ്ധമന്ദിരത്തിൽ എത്തിയ ആസാഫ്‌ ദുഷ്ടന്മാർക്കു കാലാന്തരത്തിൽ എന്തു സംഭവിക്കും എന്ന്‌ തിരിച്ചറിഞ്ഞു. തനിക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിച്ച അവന്‌ തുടർന്നും യഹോവ തന്നെ വലങ്കൈ പിടിച്ച്‌ നയിക്കും എന്ന്‌ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ്‌, ‘ഭൂമിയിൽ നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല’ എന്ന്‌ അവന്‌ യഹോവയോടു പറയാനായത്‌. (സങ്കീ. 73:23, 25) ദൈവം തന്റെ ഓഹരിയാണെന്ന്‌ ആസാഫ്‌ പറഞ്ഞു. (സങ്കീർത്തനം 73:26 വായിക്കുക.) അവന്റെ “മാംസവും ഹൃദയവും ക്ഷയിച്ചു”പോയാലും ദൈവം ‘എന്നേക്കും അവന്റെ ഓഹരി’ ആയിരിക്കുമായിരുന്നു. യഹോവ തന്നെ സ്‌നേഹിതനായി കണ്ട്‌ ഓർക്കുമെന്ന്‌ അവൻ ഉറച്ചുവിശ്വസിച്ചു. അവന്റെ വിശ്വസ്‌ത സേവനം ദൈവം മറക്കുമായിരുന്നില്ല. (സഭാ. 7:1) ആസാഫിന്‌ അത്‌ എത്ര വലിയ ആശ്വാസമായിരുന്നിരിക്കാം! “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; . . . ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു,” അവൻ പാടി.—സങ്കീ. 73:28.

10 യഹോവ തന്റെ ഓഹരിയാണെന്നു പറഞ്ഞപ്പോൾ മുഖ്യമായും അവന്റെ മനസ്സിലുണ്ടായിരുന്നത്‌ തന്റെ സേവനപദവിയും സർവശക്തനായ യഹോവയുമായി താൻ വളർത്തിയെടുത്ത സൗഹൃദവുമാണ്‌; ഒരു ലേവ്യൻ എന്നനിലയിൽ ലഭിച്ചിരുന്ന വസ്‌തുവകകളെക്കാൾ ആസാഫ്‌ വിലയേറിയതായി കരുതിയത്‌ അതായിരുന്നു. (യാക്കോ. 2:21-23) ആ സുഹൃദ്‌ബന്ധം നിലനിൽക്കണമെങ്കിൽ അവൻ യഹോവയിലുള്ള വിശ്വാസവും ആശ്രയത്വവും കൈമോശംവരാതെ സൂക്ഷിക്കണമായിരുന്നു. ദിവ്യനിലവാരങ്ങൾക്കൊത്ത്‌ ജീവിതം നയിച്ചാൽ ആത്യന്തികമായി തനിക്ക്‌ നന്മ മാത്രമേ ഉണ്ടാകൂ എന്ന ഉറപ്പ്‌ ആസാഫിന്‌ ഉണ്ടായിരിക്കേണ്ടിയിരുന്നു. നമുക്കും സർവശക്തനിൽ അതേ വിശ്വാസമർപ്പിക്കാം.

11. യിരെമ്യാവിന്റെ മനസ്സിൽ എന്തു ചോദ്യം ഉദിച്ചു, അവന്‌ അതിന്‌ ഉത്തരം ലഭിച്ചത്‌ എങ്ങനെ?

11 യഹോവ തന്റെ ഓഹരിയാണെന്ന്‌ അംഗീകരിച്ച മറ്റൊരു ലേവ്യനാണ്‌ പ്രവാചകനായ യിരെമ്യാവ്‌. അതു പറഞ്ഞപ്പോൾ അവൻ എന്താണ്‌ ഉദ്ദേശിച്ചത്‌? അവൻ താമസിച്ചിരുന്നത്‌ യെരുശലേമിന്‌ അടുത്തുള്ള ലേവ്യപട്ടണമായ അനാഥോത്തിലാണ്‌. (യിരെ. 1:1) ഒരു ഘട്ടത്തിൽ, യിരെമ്യാവ്‌ ചഞ്ചലചിത്തനായി: നീതിനിഷ്‌ഠർ കഷ്ടപ്പെടുമ്പോൾ ദുഷ്ടന്മാർ അഭിവൃദ്ധിപ്രാപിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അവൻ ചോദിച്ചു. (യിരെ. 12:1) യഹോവ നീതിമാനാണെന്ന്‌ യിരെമ്യാവിന്‌ അറിയാമായിരുന്നു. പക്ഷേ, യെരുശലേമിലും യെഹൂദയിലും അരങ്ങേറിയ സംഭവങ്ങൾ കണ്ടപ്പോൾ ദൈവത്തോടു പരാതിപറയാതിരിക്കാൻ അവനു കഴിഞ്ഞില്ല. പിന്നീട്‌ യിരെമ്യാവിനു പ്രവചിക്കാൻ ലഭിച്ച സന്ദേശത്തിലും ആ പ്രവചനം ദൈവം നിവർത്തിച്ച വിധത്തിലും അവന്റെ ചോദ്യത്തിനുള്ള മറുപടി ഉണ്ടായിരുന്നു. യിരെമ്യാവ്‌ പ്രവചിച്ചതുപോലെതന്നെ സംഭവിക്കുകയുണ്ടായി. ദൈവത്തിന്റെ മാർഗനിർദേശം അനുസരിച്ചവർക്ക്‌ ‘ജീവൻ കൊള്ളയായി’ ലഭിച്ചു; എന്നാൽ സമ്പദ്‌സമൃദ്ധി ആസ്വദിച്ചിരുന്ന ദുഷ്ടന്മാർ മുന്നറിയിപ്പ്‌ അവഗണിക്കുകയും നശിക്കുകയും ചെയ്‌തു.—യിരെ. 21:9.

12, 13. (എ) “യഹോവ എന്റെ ഓഹരി” എന്നു പറയാൻ യിരെമ്യാവിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌, അവന്റെ മനോഭാവം എന്തായിരുന്നു? (ബി) എല്ലാ ഗോത്രങ്ങളിലുംപെട്ട ഇസ്രായേല്യർ കാത്തിരിക്കാൻ പഠിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

12 എരിഞ്ഞമർന്ന ജന്മദേശം കണ്ടപ്പോൾ താൻ ഇരുട്ടിൽ നടക്കുന്നതുപോലെ യിരെമ്യാവിനു തോന്നി. “ശാശ്വതമൃതന്മാരെപ്പോലെ” ദൈവം തന്നെ പാർപ്പിച്ചിരിക്കുന്നു എന്നാണ്‌ അവൻ പറഞ്ഞത്‌. (വിലാ. 1:1, 16; 3:6) തങ്ങളുടെ സ്വർഗീയ പിതാവിങ്കലേക്കു തിരിയാൻ ആ വഴിപിഴച്ച ജനതയോട്‌ യിരെമ്യാവ്‌ പറഞ്ഞതാണ്‌. അവരുടെ ദുഷ്ടത അങ്ങേയറ്റം വർധിച്ചപ്പോൾ യെരുശലേമിനെയും യെഹൂദയെയും ദൈവത്തിനു നശിപ്പിക്കേണ്ടിവന്നു. തന്റെ തെറ്റുകൊണ്ടല്ല ഇതു സംഭവിച്ചതെങ്കിലും യിരെമ്യാവിനു വേദന തോന്നി. ദുഃഖവും കഷ്ടതയും നിറഞ്ഞ ആ സമയത്തും അവൻ ദൈവത്തിന്റെ കരുണയെക്കുറിച്ച്‌ ഓർത്തു. “നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു,” അവൻ പറഞ്ഞു. അതെ, യഹോവയുടെ കരുണ—‘അത്‌ രാവിലെതോറും പുതിയതാകുന്നു!’ അതു പറഞ്ഞതിനു ശേഷമാണ്‌, “യഹോവ എന്റെ ഓഹരി” എന്ന്‌ യിരെമ്യാവ്‌ പ്രസ്‌താവിച്ചത്‌. തുടർന്നും അവൻ യഹോവയുടെ ഒരു പ്രവാചകനായി സേവിച്ചു.—വിലാപങ്ങൾ 3:22-24 വായിക്കുക.

13 ഇസ്രായേല്യരുടെ സ്വദേശം 70 വർഷത്തോളം നശിച്ചുകിടക്കുമായിരുന്നു. (യിരെ. 25:11) എന്നാൽ യിരെമ്യാവിന്‌ ദൈവത്തിന്റെ കരുണയിൽ വിശ്വാസമുണ്ടായിരുന്നു എന്നാണ്‌ “യഹോവ എന്റെ ഓഹരി” എന്ന അവന്റെ വാക്കുകൾ തെളിയിക്കുന്നത്‌. ദൈവത്തിൽ ‘പ്രത്യാശവെച്ച്‌’ കാത്തിരിക്കാൻ അവനെ പ്രേരിപ്പിച്ചത്‌ ഈ വിശ്വാസമാണ്‌. എല്ലാ ഇസ്രായേൽ ഗോത്രങ്ങളും യിരെമ്യാപ്രവാചകന്റേതുപോലുള്ള മനോഭാവം വളർത്തിയെടുക്കേണ്ടിയിരുന്നു; കാരണം, അവർക്കെല്ലാം തങ്ങളുടെ ഓഹരി നഷ്ടപ്പെടുകയുണ്ടായി. യഹോവയായിരുന്നു അവരുടെ ഏകപ്രത്യാശ. 70 വർഷങ്ങൾക്കുശേഷം ദൈവജനം സ്വദേശത്തേക്കു മടങ്ങിവന്നു; അവർക്ക്‌ അവിടെ അവനെ സേവിക്കാനുള്ള പദവി ലഭിച്ചു.—2 ദിന. 36:20-23.

യഹോവയെ തങ്ങളുടെ ഓഹരിയായി കണ്ട മറ്റു ചിലർ

14, 15. യഹോവയെ തന്റെ ഓഹരിയാക്കിയ ലേവ്യനല്ലാത്ത ഒരു വ്യക്തി ആര്‌? വിശദീകരിക്കുക.

14 ആസാഫും യിരെമ്യാവും ലേവ്യരായിരുന്നു. യഹോവയെ സേവിക്കാനുള്ള പദവി ലേവ്യർക്കേ ഉണ്ടായിരുന്നുള്ളൂ എന്നാണോ അതിനർഥം? അല്ല. ഇസ്രായേലിന്റെ രാജാവാകാനിരുന്ന യുവാവായ ദാവീദ്‌ ദൈവത്തെ “ജീവനുള്ളവരുടെ ദേശത്തു എന്റെ ഓഹരി” എന്നു വിളിച്ചു. (സങ്കീർത്തനം 142: മേലെഴുത്ത്‌, 1, 5 വായിക്കുക.) അതു പറയുമ്പോൾ ദാവീദ്‌ കൊട്ടാരത്തിലല്ലായിരുന്നു; എന്തിന്‌, ഒരു വീട്ടിൽപ്പോലുമായിരുന്നില്ല. അവൻ ശത്രുക്കളിൽനിന്നു രക്ഷപ്പെട്ട്‌ ഒരു ഗുഹയിൽ ഒളിച്ചിരിക്കുന്ന സമയമായിരുന്നു അത്‌. കുറഞ്ഞത്‌ രണ്ടുതവണ ദാവീദ്‌ ഗുഹകളിൽ അഭയംതേടുകയുണ്ടായി. ഒന്ന്‌ അദുല്ലാമിലും മറ്റൊന്ന്‌ ഏൻ-ഗെദി മരുഭൂമിയിലും. ഈ ഗുഹകളിലൊന്നിൽവെച്ചാവാം അവൻ 142-ാം സങ്കീർത്തനം രചിച്ചത്‌.

15 അങ്ങനെയാണെങ്കിൽ, ശൗൽരാജാവ്‌ ദാവീദിനെ കൊല്ലാനായി അവനെ പിടിക്കാൻനടക്കുന്ന സമയമായിരുന്നു അത്‌. എളുപ്പം എത്തിച്ചേരാൻ കഴിയാത്ത ഒരു ഗുഹയിൽ ദാവീദ്‌ അഭയംപ്രാപിച്ചു. (1 ശമൂ. 22:1, 4) ഈ വിജനപ്രദേശത്ത്‌ തനിക്ക്‌ സംരക്ഷണവും സഹായവുമേകാൻ സ്‌നേഹിതരാരും ഇല്ലെന്ന്‌ അവന്‌ തോന്നിയിരിക്കാം. (സങ്കീ. 142:4) അപ്പോഴാണ്‌ ദാവീദ്‌ യഹോവയോട്‌ വിളിച്ചപേക്ഷിച്ചത്‌.

16, 17. (എ) ദാവീദിന്‌ നിസ്സഹായത തോന്നിയത്‌ എന്തുകൊണ്ട്‌? (ബി) സഹായത്തിനായി ദാവീദ്‌ തിരിഞ്ഞത്‌ എങ്ങോട്ടാണ്‌?

16 മഹാപുരോഹിതനായ അഹീമേലെക്കിനു സംഭവിച്ചത്‌ സങ്കീർത്തനം 142 രചിക്കുന്നതിനകം ദാവീദ്‌ കേട്ടിട്ടുണ്ടാവണം. ശൗലിൽനിന്ന്‌ ഓടിപ്പോന്ന ദാവീദിനെ, ആ വിവരം അറിയാതെ അഹീമേലെക്ക്‌ സഹായിച്ചിരുന്നു. അതിന്റെപേരിൽ അവനെയും അവന്റെ കുടുംബത്തെയും വെട്ടിക്കൊല്ലാൻ അസൂയമൂത്ത ശൗൽരാജാവ്‌ ഉത്തരവിട്ടു. (1 ശമൂ. 22:11, 18, 19) അവരുടെ മരണത്തിന്‌ താൻ ഉത്തരവാദിയാണെന്ന്‌ ദാവീദിനു തോന്നി; തന്നെ സഹായിച്ച പുരോഹിതനെ കൊലയ്‌ക്കുകൊടുത്തു എന്ന കുറ്റബോധം അവനെ വലച്ചു. ദാവീദിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ നിങ്ങൾക്കു കുറ്റബോധം തോന്നുമായിരുന്നോ? പോരാത്തതിന്‌, ശൗലിന്റെ കണ്ണിൽപ്പെടാതെ നടക്കേണ്ടിയിരുന്നതിനാൽ ദാവീദ്‌ വിശ്രമമെന്തെന്ന്‌ അറിഞ്ഞിരുന്നില്ല.

17 വൈകാതെ, ദാവീദിനെ രാജാവായി അഭിഷേകം ചെയ്‌ത ശമുവേൽപ്രവാചകനും മരണമടഞ്ഞു. (1 ശമൂ. 25:1) താൻ അശരണനാണ്‌ എന്ന ദാവീദിന്റെ ചിന്ത ഒന്നുകൂടി തീവ്രമാകാൻ അത്‌ ഇടയാക്കിയിരിക്കാം. എന്നാൽ, സഹായത്തിനായി ആരിലേക്കു തിരിയണമെന്ന്‌ ദാവീദിന്‌ അറിയാമായിരുന്നു; അവൻ യഹോവയോട്‌ നിലവിളിച്ചു. ലേവ്യർക്ക്‌ ഉണ്ടായിരുന്ന സേവനപദവി ദാവീദിന്‌ ഇല്ലായിരുന്നു എന്നത്‌ ശരിയാണ്‌. പക്ഷേ, മറ്റൊരു സേവനത്തിനായി, ഭാവിയിൽ ദൈവജനത്തെ ഭരിക്കാനായി, അവനെ അതിനകം അഭിഷേകം ചെയ്‌തിരുന്നു. (1 ശമൂ. 16:1, 13) അതുകൊണ്ട്‌ യഹോവയുടെ സന്നിധിയിൽ ദാവീദ്‌ തന്റെ ഹൃദയം പകർന്നു, വഴിനടത്തിപ്പിനായി അവനിലേക്കു നോക്കി. യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാൻ യത്‌നിക്കുമ്പോൾ നിങ്ങൾക്കും യഹോവയെ നിങ്ങളുടെ ഓഹരിയും സങ്കേതവുമായി കണക്കാക്കാവുന്നതാണ്‌, നിങ്ങൾ അതു ചെയ്യുകയും വേണം.

18. ഈ ലേഖനത്തിൽ നാം പരിചിന്തിച്ചവർ യഹോവയെ തങ്ങളുടെ ഓഹരിയാക്കിയത്‌ എങ്ങനെ?

18 നാം ഈ ലേഖനത്തിൽ പരിചിന്തിച്ചവരുടെയെല്ലാം ഓഹരി യഹോവയായിരുന്നത്‌ എങ്ങനെ? ദൈവസേവനത്തോടു ബന്ധപ്പെട്ട്‌ അവർക്കെല്ലാം ഒരു നിയമനം ലഭിച്ചിരുന്നു; ദൈവത്തെ സേവിക്കവെ, അവൻ തങ്ങൾക്കായി കരുതുമെന്ന്‌ അവരെല്ലാം ഉറച്ചു വിശ്വസിക്കുകയും ചെയ്‌തു. ലേവ്യർക്കും ദാവീദിനെപ്പോലെയുള്ള ഇസ്രായേലിലെ മറ്റു ഗോത്രങ്ങളിൽപ്പെട്ടവർക്കും യഹോവയെ തങ്ങളുടെ ഓഹരിയായി കണക്കാക്കാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ, യഹോവയെ നിങ്ങളുടെ ഓഹരിയാക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? ഈ വിഷയം അടുത്ത ലേഖനം ചർച്ചചെയ്യും.

[അടിക്കുറിപ്പ്‌]

^ ഖ. 4 പുരോഹിതന്മാരെ പോറ്റിപ്പുലർത്താൻ യഹോവ ചെയ്‌ത ക്രമീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്‌ തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 2, പേജ്‌ 684 അല്ലെങ്കിൽ വീക്ഷാഗോപുരം 1992 മാർച്ച്‌ 1 പേജ്‌ 30-31 കാണുക.

ഉത്തരം പറയാമോ?

• യഹോവ ലേവ്യരുടെ ഓഹരിയായിരുന്നത്‌ ഏത്‌ അർഥത്തിൽ?

• യഹോവ തങ്ങളുടെ ഓഹരിയാണെന്ന്‌ ആസാഫും യിരെമ്യാവും ദാവീദും തെളിയിച്ചത്‌ എങ്ങനെ?

• യഹോവ നിങ്ങളുടെ ഓഹരിയായിരിക്കണമെങ്കിൽ നിങ്ങൾക്ക്‌ ഏതു ഗുണം ഉണ്ടായിരി ക്കണം?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ആകർഷകവാക്യം]

ലേവ്യർക്ക്‌ വാഗ്‌ദത്ത ദേശത്ത്‌ ഓഹരി ലഭിച്ചില്ല. യഹോവയെ സേവിക്കുക എന്ന വലിയ പദവി ലഭിച്ച അവരുടെ ഓഹരി യഹോവ ആയിരുന്നു

[7-ാം പേജിലെ ചിത്രം]

യഹോവ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഓഹരിയായിരുന്നത്‌ എങ്ങനെ?

[9-ാം പേജിലെ ചിത്രം]

യഹോവയെ തന്റെ ഓഹരിയായി തുടർന്നും കണക്കാക്കാൻ ആസാഫിനെ സഹായിച്ചത്‌ എന്താണ്‌?