വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ യഹോവയെ നിങ്ങളുടെ ഓഹരിയാക്കുന്നുണ്ടോ?

നിങ്ങൾ യഹോവയെ നിങ്ങളുടെ ഓഹരിയാക്കുന്നുണ്ടോ?

നിങ്ങൾ യഹോവയെ നിങ്ങളുടെ ഓഹരിയാക്കുന്നുണ്ടോ?

“ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും.”—മത്താ. 6:33.

1, 2. (എ) ഗലാത്യർ 6:16-ൽ പരാമർശിച്ചിരിക്കുന്ന ‘ദൈവത്തിന്റെ ഇസ്രായേൽ’ ആരാണ്‌? (ബി) മത്തായി 19:28-ൽ പറയുന്ന ‘ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങൾ’ ആരെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌?

ബൈബിളിൽ ഇസ്രായേൽ എന്ന വാക്കു കാണുമ്പോൾ എന്താണ്‌ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? യിസ്‌ഹാക്കിന്റെ മകനും ഇസ്രായേൽ എന്ന പേരു ലഭിച്ചവനുമായ യാക്കോബിനെക്കുറിച്ചാണോ നിങ്ങൾ ചിന്തിക്കുക? അതോ യാക്കോബിന്റെ സന്തതികളായ പുരാതന ഇസ്രായേൽ ജനതയെക്കുറിച്ചോ? ആത്മീയ ഇസ്രായേലിനെക്കുറിച്ചുള്ള പരാമർശമാണ്‌ മറ്റൊന്ന്‌. ആലങ്കാരിക അർഥത്തിൽ ഇസ്രായേൽ എന്ന്‌ ഉപയോഗിക്കുമ്പോൾ സാധാരണഗതിയിൽ അത്‌ ‘ദൈവത്തിന്റെ ഇസ്രായേലിനെ,’ അതായത്‌ സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയിത്തീരാൻവേണ്ടി അഭിഷേകം പ്രാപിച്ച 1,44,000 പേരെയാണ്‌ കുറിക്കുന്നത്‌. (ഗലാ. 6:16; വെളി. 7:4; 21:12) എന്നാൽ, മത്തായി 19:28-ൽ കാണുന്ന ഇസ്രായേലിന്റെ 12 ഗോത്രങ്ങളെക്കുറിച്ചുള്ള പരാമർശം ഇതിൽനിന്നു വ്യത്യസ്‌തമാണ്‌.

2 യേശു പറഞ്ഞു: “പുനഃസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും പന്ത്രണ്ടുസിംഹാസനങ്ങളിലിരുന്ന്‌ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെയും ന്യായംവിധിക്കും.” ഈ വാക്യത്തിൽ പരാമർശിക്കുന്ന ‘ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങൾ’ യേശുവിന്റെ അഭിഷിക്ത ശിഷ്യന്മാർ ന്യായംവിധിക്കാനിരിക്കുന്ന, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരെയാണ്‌ അർഥമാക്കുന്നത്‌. അവർക്കുവേണ്ടിയുള്ളതാണ്‌ 1,44,000 പേരുടെ പൗരോഹിത്യ ശുശ്രൂഷ.

3, 4. വിശ്വസ്‌തരായ അഭിഷിക്തർ നമുക്ക്‌ ഒരു നല്ല മാതൃകയായിരിക്കുന്നത്‌ എങ്ങനെ?

3 പുരാതനകാലത്തെ പുരോഹിതന്മാരെയും ലേവ്യരെയും പോലെ ഇന്നുള്ള അഭിഷിക്തരും തങ്ങളുടെ സേവനത്തെ ഒരു പദവിയായാണ്‌ കാണുന്നത്‌. (സംഖ്യാ. 18:20) അഭിഷിക്ത ക്രിസ്‌ത്യാനികൾ ഭൂമിയിൽ ഏതെങ്കിലും പ്രദേശം തങ്ങൾക്ക്‌ അവകാശമായി ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല. യേശുക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയിത്തീരാനാണ്‌ അവർ കാത്തിരിക്കുന്നത്‌. വെളിപാട്‌ 4:10, 11 സൂചിപ്പിക്കുന്നതുപോലെ ഈ അഭിഷിക്ത ക്രിസ്‌ത്യാനികൾ സ്വർഗത്തിൽ ചെന്നശേഷവും യഹോവയെ സേവിക്കുന്നതിൽ തുടരും.—യെഹെ. 44:28.

4 യഹോവയാണ്‌ തങ്ങളുടെ ഓഹരി എന്നു തെളിയിക്കുന്ന വിധത്തിലാണ്‌ ഭൂമിയിലായിരിക്കുമ്പോഴും അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ജീവിതം. ദൈവത്തെ സേവിക്കുക എന്ന പദവിയാണ്‌ അവർക്ക്‌ മറ്റെന്തിനെക്കാളും പ്രധാനം. അവർ യേശുക്രിസ്‌തുവിന്റെ മറുവിലായാഗത്തിൽ വിശ്വാസമർപ്പിക്കുകയും അവനെ തുടർച്ചയായി അനുഗമിക്കുകയും ചെയ്‌തുകൊണ്ട്‌ തങ്ങളുടെ “വിളിയും തിരഞ്ഞെടുപ്പും സുനിശ്ചിത”മാക്കുന്നു. (2 പത്രോ. 1:10) അവരുടെ ഓരോരുത്തരുടെയും സാഹചര്യവും പ്രാപ്‌തികളും വ്യത്യസ്‌തമാണ്‌. എന്നാൽ, തങ്ങളുടെ പരിമിതികളെ ഒഴികഴിവായി കണ്ട്‌ ദൈവസേവനത്തിൽ അധികമൊന്നും ചെയ്യാതിരിക്കാൻ അവർ നോക്കുന്നില്ല. നേരെമറിച്ച്‌, തങ്ങളാലാകുന്നതെല്ലാം ചെയ്‌തുകൊണ്ട്‌ അവർ ദൈവസേവനത്തിനു പ്രഥമസ്ഥാനം നൽകുന്നു. പറുദീസാഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർക്ക്‌ ഒരു നല്ല മാതൃകയാണ്‌ അവർ.

5. എല്ലാ ക്രിസ്‌ത്യാനികൾക്കും യഹോവയെ തങ്ങളുടെ ഓഹരിയാക്കാനാകുന്നത്‌ എങ്ങനെ, അത്‌ എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌?

5 നമ്മുടെ പ്രത്യാശ സ്വർഗീയമായാലും ഭൗമികമായാലും നാമെല്ലാം ‘സ്വയം ത്യജിച്ച്‌ നമ്മുടെ ദണ്ഡനസ്‌തംഭമെടുത്ത്‌ സദാ ക്രിസ്‌തുവിനെ പിന്തുടരേണ്ടതാണ്‌.’ (മത്താ. 16:24) ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ കാത്തിരിക്കുന്ന ദശലക്ഷങ്ങൾ ദൈവത്തെ ആരാധിക്കുകയും സ്വയം ത്യജിച്ചുകൊണ്ട്‌ ക്രിസ്‌തുവിനെ പിന്തുടരുകയും ചെയ്യുന്നു. കൂടുതൽ ചെയ്യാനാകുമെന്നു തിരിച്ചറിഞ്ഞിട്ടും കുറച്ചു ചെയ്‌തുകൊണ്ട്‌ തൃപ്‌തരാകുന്നവരല്ല അവർ. പലരും ജീവിതം ലളിതമാക്കി പയനിയറിങ്‌ ചെയ്യുന്നു. മറ്റു ചിലരാകട്ടെ, വർഷത്തിൽ ചില മാസങ്ങളിലെങ്കിലും പയനിയറിങ്‌ ചെയ്യാൻ ശ്രമിക്കുന്നു. പയനിയറിങ്‌ ചെയ്യാൻ സാധിക്കാത്ത മറ്റുചിലർ ശുശ്രൂഷയിൽ തങ്ങളുടെ പരമാവധി പ്രവർത്തിക്കുന്നവരാണ്‌. യേശുവിന്റെ ശിരസ്സിൽ സുഗന്ധതൈലം ഒഴിച്ച ദൈവഭക്തയായ മറിയയെപ്പോലെയാണ്‌ അവരെന്നു പറയാനാകും. യേശു പറഞ്ഞു: “അവൾ എനിക്കായി ഒരു നല്ല കാര്യമത്രേ ചെയ്‌തത്‌. . . . ഇവളാൽ കഴിയുന്നത്‌ ഇവൾ ചെയ്‌തു.” (മർക്കോ. 14:6-8) സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ ലോകത്തിൽ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുക എളുപ്പമായിരിക്കില്ല. എന്നിരുന്നാലും യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ നാം നമ്മുടെ പരമാവധി ശ്രമിക്കും. നാലു വ്യത്യസ്‌ത സാഹചര്യങ്ങളിൽ ഇതെങ്ങനെ ചെയ്യാമെന്ന്‌ നാം ഇനി ചർച്ചചെയ്യും.

ഒന്നാമത്‌ ദൈവരാജ്യം അന്വേഷിക്കുക

6. (എ) ഈ ജീവിതത്തിൽ മാത്രമേ തങ്ങൾക്ക്‌ ഓഹരിയുള്ളുവെന്ന്‌ ലോകത്തിൽ മിക്കവരും കാണിക്കുന്നത്‌ എങ്ങനെ? (ബി) ദാവീദിന്റെ മനോഭാവം അനുകരിക്കുന്നതാണ്‌ മെച്ചം എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

6 ഒന്നാമത്‌ രാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. ഈ ലോകത്തിൽ മിക്കവരും ഒന്നാമത്‌ അന്വേഷിക്കുന്നത്‌ സ്വന്തം താത്‌പര്യങ്ങളാണ്‌; “ലൗകികപുരുഷ”ന്മാരായ “അവരുടെ ഓഹരി ഈ ആയുസ്സിൽ” മാത്രമാണ്‌. (സങ്കീർത്തനം 17:1, 13-15 വായിക്കുക.) സ്രഷ്ടാവിനെക്കുറിച്ചൊന്നും ചിന്തിക്കാൻ മിനക്കെടാതെ, സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാനും ഏതുവിധേനയും കുടുംബത്തെ പോറ്റാനും വരുംതലമുറയ്‌ക്കായി സമ്പാദിക്കാനും ഉള്ള തത്രപ്പാടിലാണ്‌ അവർ. ഈ ജീവിതത്തിൽ മാത്രമേ അവർക്ക്‌ ഓഹരിയുള്ളൂ. എന്നാൽ ഇത്തരക്കാരിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നു ദാവീദിന്റെ ജീവിതം. അവന്റെ പുത്രൻ പിന്നീട്‌ എല്ലാവരോടും ശുപാർശചെയ്‌തതുപോലെ യഹോവയുടെ മുമ്പാകെ “നല്ല പേർ” സമ്പാദിക്കുന്നതിലായിരുന്നു അവന്റെ ശ്രദ്ധ. (സഭാ. 7:1) യഹോവയുടെ സുഹൃത്തായിരിക്കുന്നതാണ്‌ സ്വന്തം താത്‌പര്യങ്ങൾക്കു പിന്നാലെ പോകുന്നതിലും ഏറെ നല്ലതെന്ന്‌ ആസാഫിനെപ്പോലെ ദാവീദും തിരിച്ചറിഞ്ഞു. ദൈവത്തോടൊപ്പം നടക്കുന്നതിൽ അവൻ സന്തോഷം കണ്ടെത്തി. നമ്മുടെ കാലത്തും പല ക്രിസ്‌ത്യാനികളും ആത്മീയ കാര്യങ്ങൾക്ക്‌ ലൗകിക ജോലിയെക്കാൾ പ്രാധാന്യംകൽപ്പിച്ചിരിക്കുന്നു.

7. രാജ്യം ഒന്നാമത്‌ അന്വേഷിച്ച ഒരു സഹോദരന്‌ എന്ത്‌ അനുഗ്രഹം ലഭിച്ചു?

7 മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിൽ താമസിക്കുന്ന ജാൻ ക്ലോഡ്‌ എന്ന ക്രിസ്‌തീയ മൂപ്പന്റെ കാര്യമെടുക്കുക. വിവാഹിതനായ അദ്ദേഹത്തിന്‌ മൂന്നുമക്കളുണ്ട്‌. ആ രാജ്യത്ത്‌ ഒരു ജോലി കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്‌. ജോലി നഷ്ടപ്പെടാതിരിക്കാൻ മിക്ക ആളുകളും എന്തും ചെയ്യാൻ തയ്യാറാകും. ഒരു ദിവസം, ഇനിമുതൽ വൈകിട്ട്‌ 6:30 മുതലാണ്‌ ജോലിചെയ്യേണ്ടതെന്ന്‌ സഹോദരനോട്‌ മാനേജർ പറഞ്ഞു; അതും ആഴ്‌ചയിൽ ഏഴുദിവസം. കുടുംബത്തിന്റെ ഭൗതിക കാര്യങ്ങൾ മാത്രമല്ല അവരുടെ ആത്മീയ കാര്യങ്ങളുംകൂടെ തനിക്ക്‌ നോക്കേണ്ടതുണ്ടെന്ന്‌ ജാൻ ക്ലോഡ്‌ വിശദീകരിച്ചു. സഭയിലും തനിക്ക്‌ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. എന്തായിരുന്നു മാനേജരുടെ പ്രതികരണം? “ഒരു ജോലിയുള്ളത്‌ ഭാഗ്യമായിക്കണ്ട്‌ മറ്റെല്ലാം, ഭാര്യയെയും മക്കളെയും നിങ്ങളുടെ പ്രശ്‌നങ്ങളെയും, മറക്കാൻ നിങ്ങൾ തയ്യാറാകണം. ജീവിതം ജോലിക്കുവേണ്ടി ഉഴിഞ്ഞുവെച്ചേ മതിയാകൂ. ജോലി വേണോ മതം വേണോ? രണ്ടിൽ ഏതു വേണമെന്ന്‌ തീരുമാനിച്ചുകൊള്ളൂ.” സഹോദരന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്‌തേനെ? ജോലി നഷ്ടമായാൽ തന്നെ ദൈവം പരിപാലിക്കും എന്ന്‌ ജാൻ ക്ലോഡ്‌ തിരിച്ചറിഞ്ഞു. ജോലി നഷ്ടമായാലും ദൈവസേവനത്തിൽ തനിക്ക്‌ ഏറെ ചെയ്യാനുണ്ടാകുമെന്നും യഹോവ തന്റെ കുടുംബത്തിന്റെ ഭൗതിക കാര്യങ്ങൾ നോക്കിക്കൊള്ളുമെന്നും ഉള്ള ഉറപ്പോടെ അദ്ദേഹം അടുത്ത മധ്യവാര യോഗത്തിനു പോയി. ചെല്ലുമ്പോൾ ജോലി ഉണ്ടാകുമോ എന്നു സംശയമുണ്ടായിരുന്നെങ്കിലും യോഗത്തിനുശേഷം ജോലിക്കു പോകാൻ അദ്ദേഹം ഒരുങ്ങി. അപ്പോഴാണ്‌ ഒരു ഫോൺ: മാനേജരെ പിരിച്ചുവിട്ടിരിക്കുന്നു! സഹോദരന്റെ ജോലിക്ക്‌ ഒരു കുഴപ്പവും സംഭവിച്ചില്ല.

8, 9. യഹോവയെ നമ്മുടെ ഓഹരിയാക്കുന്ന കാര്യത്തിൽ നമുക്ക്‌ ലേവ്യരെയും പുരോഹിതന്മാരെയും എങ്ങനെ അനുകരിക്കാം?

8 ജോലി നഷ്ടമായേക്കാമെന്ന സാഹചര്യമുണ്ടാകുമ്പോൾ, ‘സ്വന്തകുടുംബത്തിനുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വം ഞാൻ എങ്ങനെ നിർവഹിക്കും’ എന്ന്‌ ചിലർ വിചാരപ്പെട്ടേക്കാം. (1 തിമൊ. 5:8) സമാനമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ സ്വന്തം അനുഭവത്തിൽനിന്ന്‌ ഒരു കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടാകും: ദൈവം നമ്മുടെ ഓഹരിയായിരിക്കുകയും അവനെ സേവിക്കാനുള്ള പദവി നാം ഏറ്റവും വിലയേറിയതായി കാണുകയും ചെയ്യുന്നെങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല. ഒന്നാമത്‌ രാജ്യം അന്വേഷിക്കുവിൻ എന്നു പറഞ്ഞതോടൊപ്പം യേശു ശിഷ്യന്മാർക്ക്‌ പിൻവരുന്ന ഉറപ്പ്‌ നൽകുകയുണ്ടായി: “അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും” അതായത്‌ തിന്നാനും കുടിക്കാനും ഉടുക്കാനും വേണ്ടത്‌ “നിങ്ങൾക്കു നൽകപ്പെടും.”—മത്താ. 6:33.

9 വാഗ്‌ദത്ത ദേശത്ത്‌ അവകാശം ലഭിക്കാതിരുന്ന ലേവ്യരെക്കുറിച്ച്‌ ചിന്തിക്കുക. അവരുടെ ജീവിതം സത്യാരാധനയെ കേന്ദ്രീകരിച്ചായിരുന്നതിനാൽ ഉപജീവനത്തിനായി, “ഞാൻ തന്നേ നിന്റെ ഓഹരി” എന്നു പറഞ്ഞ യഹോവയിൽ അവർ ആശ്രയിക്കേണ്ടിയിരുന്നു. (സംഖ്യാ. 18:20) അന്നത്തെ പുരോഹിതന്മാരെയും ലേവ്യരെയും പോലെ നാം ഇന്ന്‌ അക്ഷരീയ ആലയത്തിലല്ല സേവിക്കുന്നതെങ്കിലും യഹോവ നമുക്കായി കരുതും എന്ന്‌ അവരെപ്പോലെ ഉറച്ചു വിശ്വസിക്കാനാകും. അന്ത്യകാലത്തിന്റെ ഒടുവിലേക്കു നീങ്ങുന്തോറും നമുക്കുവേണ്ടി കരുതാനുള്ള യഹോവയുടെ ശക്തിയിലുള്ള വിശ്വാസം നമുക്കു കൂടുതൽ ആവശ്യമായിവരും.—വെളി. 13:17.

ഒന്നാമത്‌ ദൈവത്തിന്റെ നീതി അന്വേഷിക്കുവിൻ

10, 11. ജോലിയുമായി ബന്ധപ്പെട്ട്‌ ചിലർ യഹോവയിൽ ആശ്രയിച്ചിരിക്കുന്നത്‌ എങ്ങനെ? ഒരു ഉദാഹരണം നൽകുക.

10 ‘ഒന്നാമത്‌ ദൈവത്തിന്റെ നീതി അന്വേഷിക്കുവിൻ’ എന്നും യേശു ശിഷ്യന്മാരോട്‌ പറഞ്ഞിരുന്നു. (മത്താ. 6:33) ശരിയും തെറ്റും സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾക്ക്‌ മനുഷ്യന്റേതിനെക്കാൾ പ്രാധാന്യം നൽകണം എന്നാണ്‌ അതിന്റെ അർഥം. (യെശയ്യാവു 55:8, 9 വായിക്കുക.) സത്യം അറിയുന്നതിനുമുമ്പ്‌ പുകയില കൃഷിചെയ്യുകയോ പുകയില ഉത്‌പന്നങ്ങൾ വിൽക്കുകയോ ചെയ്‌തിരുന്നവരുണ്ട്‌. മറ്റു ചിലർ ആളുകളെ യുദ്ധം അഭ്യസിപ്പിക്കുന്നവരോ യുദ്ധായുധങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്‌തിരുന്നവരോ ഒക്കെ ആയിരുന്നു. എന്നാൽ സത്യം അറിഞ്ഞശേഷം അവരിൽ മിക്കവരും അത്തരം ജോലികൾ ഉപേക്ഷിച്ച്‌ സ്‌നാനത്തിനു യോഗ്യതനേടി.—യെശ. 2:4; 2 കൊരി. 7:1; ഗലാ. 5:14.

11 ആൻഡ്രു ചെയ്‌തതും പ്രശംസാർഹമാണ്‌. അദ്ദേഹവും ഭാര്യയും യഹോവയെക്കുറിച്ചു പഠിച്ചപ്പോൾ അവനെ സേവിക്കാൻ അവർ തീരുമാനിച്ചു. തന്റെ ജോലിയിൽ ഏറെ അഭിമാനിച്ചിരുന്ന ആളായിരുന്നു ആൻഡ്രു. പക്ഷേ, അദ്ദേഹം ജോലിചെയ്‌തിരുന്ന സംഘടന യുദ്ധത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ അത്‌ ദൈവത്തിന്റെ നീതിക്കു നിരക്കില്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. ആൻഡ്രുവിന്‌ രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. മറ്റു വരുമാനമൊന്നുമില്ലായിരുന്ന അവർക്ക്‌ ഏതാനും മാസങ്ങൾ കഴിയാനുള്ള സമ്പാദ്യമേ ഉണ്ടായിരുന്നുള്ളൂ. മാനുഷിക വീക്ഷണത്തിൽ, അവർക്ക്‌ ഒരു ‘ഓഹരിയും’ ഇല്ലായിരുന്നു എന്നു തോന്നിയേക്കാം. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്‌ അദ്ദേഹം ജോലി അന്വേഷിച്ചിറങ്ങി. യഹോവയുടെ കൈ കുറുകിയിട്ടില്ല എന്ന്‌ സ്വന്തം അനുഭവത്തിൽനിന്ന്‌ ഇന്ന്‌ അവർക്കു പറയാനാകും. (യെശ. 59:1) ലളിതമായ ജീവിതം നയിച്ചതിനാൽ ആൻഡ്രുവിനും ഭാര്യക്കും മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാനുള്ള പദവിയും ലഭിച്ചു. “പണം, വീട്‌, ആരോഗ്യം എന്നിവയെക്കുറിച്ചും പ്രായമേറുന്നതിനെക്കുറിച്ചുമൊക്കെ ഞങ്ങൾക്ക്‌ ഉത്‌കണ്‌ഠ തോന്നിയ സമയങ്ങളുണ്ട്‌. പക്ഷേ, യഹോവ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. . . . യഹോവയെ സേവിക്കുന്നതാണ്‌ ഒരു മനുഷ്യനു ചെയ്യാനാകുന്ന ഏറ്റവും ഉത്തമമായ, പ്രതിഫലദായകമായ വേലയെന്ന്‌ സംശയലേശമെന്യേ ഞങ്ങൾക്കു പറയാനാകും.” *സഭാ. 12:13.

12. ദൈവത്തിന്റെ നിലവാരങ്ങളോടു പറ്റിനിൽക്കാൻ ഏതു ഗുണം ആവശ്യമാണ്‌? നിങ്ങളുടെ പ്രദേശത്തെ അനുഭവങ്ങൾ പറയുക.

12 യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾക്ക്‌ ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്‌, ‘ഇവിടെനിന്ന്‌ അവിടേക്കു നീങ്ങിപ്പോകുക’ എന്നു പറഞ്ഞാൽ അതു നീങ്ങിപ്പോകും. നിങ്ങൾക്ക്‌ ഒന്നും അസാധ്യമായിരിക്കുകയില്ല.” (മത്താ. 17:20) ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നു തോന്നുമ്പോഴും യഹോവയുടെ നിലവാരങ്ങളോടു പറ്റിനിൽക്കാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങൾക്ക്‌ അതിനു കഴിയുമെന്ന്‌ ഉറപ്പില്ലെങ്കിൽ സഭയിലെ മറ്റു സഹോദരങ്ങളോട്‌ സംസാരിക്കുക. അവരുടെ അനുഭവങ്ങൾ നിങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തും.

യഹോവ ഒരുക്കുന്ന ആത്മീയ കരുതലുകൾ വിലമതിക്കുക

13. യഹോവയുടെ സേവനത്തിൽ നാം പരമാവധി ചെയ്യുന്നെങ്കിൽ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാനാകും?

13 യഹോവയെ സേവിക്കുക എന്ന പദവി നിങ്ങൾ അമൂല്യമായി കരുതുന്നെങ്കിൽ, ലേവ്യരുടെ കാര്യത്തിലെന്നപോലെ നിങ്ങളുടെയും ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ അവൻ നിവർത്തിക്കും എന്ന്‌ നിങ്ങൾക്കു വിശ്വസിക്കാം. ദാവീദിനെക്കുറിച്ചുതന്നെ ചിന്തിക്കുക. ഗുഹയിൽ ഒളിച്ചു താമസിച്ചപ്പോഴും, ദൈവം തനിക്കായി കരുതുമെന്ന്‌ അവന്‌ ഉറപ്പുണ്ടായിരുന്നു. എല്ലാ വഴിയും അടഞ്ഞുവെന്നു തോന്നുമ്പോഴും ദാവീദിനെപ്പോലെ യഹോവയിൽ ആശ്രയിക്കാൻ നമുക്കുമാകും. “ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ” ചെന്നപ്പോഴാണ്‌ തന്നെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നത്തിന്റെ യഥാർഥമുഖം കാണാൻ ആസാഫിനായത്‌ എന്ന കാര്യവും മറക്കരുത്‌. (സങ്കീ. 73:17) സമാനമായി, ആത്മീയ ഉണർവ്‌ ലഭിക്കാൻ ദൈവം ഒരുക്കുന്ന മാർഗങ്ങൾ നാം പ്രയോജനപ്പെടുത്തണം. അങ്ങനെയാകുമ്പോൾ, നമ്മുടെ സാഹചര്യം എന്തുതന്നെയായാലും ദൈവത്തെ സേവിക്കുകയെന്ന നമ്മുടെ പദവിയെ വിലമതിക്കുന്നു എന്ന്‌ നമുക്കു കാണിക്കാനാകും. യഹോവയെ നമ്മുടെ ഓഹരിയാക്കുകയാണ്‌ നാം അപ്പോൾ.

14, 15. ചില തിരുവെഴുത്തുകളെക്കുറിച്ചുള്ള ഗ്രാഹ്യം വർധിക്കുമ്പോൾ നാം പ്രതികരിക്കേണ്ടത്‌ എങ്ങനെ, എന്തുകൊണ്ട്‌?

14 തിരുവെഴുത്തുകളിൽ കാണുന്ന “ഗഹനമായ ദൈവികകാര്യ”ങ്ങൾ ആത്മീയ വെളിച്ചത്തിന്റെ ഉറവിടമായ യഹോവ വെളിപ്പെടുത്തുമ്പോൾ നിങ്ങൾ എങ്ങനെയാണ്‌ അതിനെ കാണുന്നത്‌? (1 കൊരി. 2:10-13) ഇക്കാര്യത്തിൽ പത്രോസ്‌ ഒരു നല്ല മാതൃകയാണ്‌. “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങളിൽ ജീവൻ ഇല്ല” എന്ന്‌ ഒരിക്കൽ യേശു പറയുകയുണ്ടായി. ആ വാക്കുകൾക്ക്‌ അക്ഷരാർഥം കൽപ്പിച്ച പല ശിഷ്യന്മാരും, “ഇതു കഠിനവാക്ക്‌; ഇതു കേട്ടുനിൽക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞ്‌ “തങ്ങൾ പിന്നിൽ വിട്ടിട്ടുപോന്ന കാര്യങ്ങളിലേക്കു തിരിച്ചുപോയി.” പക്ഷേ, പത്രോസിന്റെ പ്രതികരണം തികച്ചും വ്യത്യസ്‌തമായിരുന്നു. “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലല്ലോ ഉള്ളത്‌!” അവൻ പറഞ്ഞു.—യോഹ. 6:53, 60, 66, 68.

15 തന്റെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യേണ്ടതാണെന്ന്‌ യേശു പറഞ്ഞതിന്റെ അർഥം പത്രോസിന്‌ മുഴുവനായി മനസ്സിലായിരുന്നില്ല. എന്നിട്ടും, ആത്മീയ വെളിച്ചത്തിനായി അവൻ ദൈവത്തിലേക്കു നോക്കി. ചില ആത്മീയ വിഷയങ്ങളിൽ ഗ്രാഹ്യം വർധിക്കുമ്പോൾ ആ പൊരുത്തപ്പെടുത്തലിനു പിന്നിലെ തിരുവെഴുത്തു ന്യായങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? (സദൃ. 4:18) “അത്യുത്സാഹത്തോടെ വചനം കൈക്കൊള്ളുകയും . . . ദിനന്തോറും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും” ചെയ്‌തുപോന്നവരായിരുന്നു ഒന്നാം നൂറ്റാണ്ടിലെ ബെരോവക്കാർ. (പ്രവൃ. 17:11) അവരെ അനുകരിക്കുന്നെങ്കിൽ യഹോവയെ സേവിക്കുക എന്ന പദവിയെ ഏറെ വിലമതിക്കാനും അവൻ നിങ്ങളുടെ ഓഹരിയായിരിക്കുന്നതിൽ കൃതജ്ഞതയുള്ളവരായിരിക്കാനും നിങ്ങൾക്കു കഴിയും.

കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ

16. ഏകാകികൾക്ക്‌ 1 കൊരിന്ത്യർ 7:39-ലെ കൽപ്പന അനുസരിച്ചുകൊണ്ട്‌ എങ്ങനെ യഹോവയെ തങ്ങളുടെ ഓഹരിയാക്കാനാകും?

16 “കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ എന്ന തിരുവെഴുത്തു നിർദേശം അനുസരിക്കുന്നതിലൂടെയും ഒരു വ്യക്തിക്ക്‌ ദിവ്യോദ്ദേശ്യങ്ങൾ മനസ്സിൽപ്പിടിക്കുന്നു എന്ന്‌ തെളിയിക്കാനാകും. (1 കൊരി. 7:39) ഈ ദിവ്യമാർഗനിർദേശം തിരസ്‌കരിക്കുന്നതിനുപകരം ഏകാകികളായി തുടരാൻ പലരും തീരുമാനിച്ചിരിക്കുന്നു. കരുണാമയനായ ദൈവം അങ്ങനെയുള്ളവർക്കുവേണ്ടി കരുതും. താൻ ഒറ്റയ്‌ക്കാണെന്നും തന്നെ സഹായിക്കാൻ ആരുമില്ലെന്നും തോന്നിയപ്പോൾ ദാവീദ്‌ എന്താണ്‌ ചെയ്‌തത്‌? ദൈവത്തിന്റെ “സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു,” അവൻ പറഞ്ഞു. (സങ്കീ. 142:1-3) പതിറ്റാണ്ടുകളോളം ഏകാകിയായി ദൈവത്തെ വിശ്വസ്‌തതയോടെ സേവിച്ച യിരെമ്യാപ്രവാചകനും ഇത്തരം വികാരങ്ങൾ ഉണ്ടായിട്ടുണ്ടാകണം. യിരെമ്യാവിലൂടെ ദൈവം നമ്മോട്‌ അരുളിച്ചെയ്യുന്ന വചനങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 8-ാം അധ്യായത്തിലെ വിവരങ്ങൾ പരിശോധിച്ചുനോക്കുക.

17. ഇടയ്‌ക്കിടെ ഏകാന്തത തോന്നുമ്പോൾ ഏകാകിയായ ഒരു സഹോദരി എന്തു ചെയ്യും?

17 ഐക്യനാടുകളിൽനിന്നുള്ള ഒരു സഹോദരി പറയുന്നു: “എന്നും ഏകാകിയായി തുടരുമെന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. പറ്റിയ ഒരാളെ കണ്ടുമുട്ടുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കാൻ തയ്യാറാണ്‌. ഞാൻ ആരെയെങ്കിലുമൊന്ന്‌ കല്യാണം കഴിച്ചു കണ്ടാൽ മതിയായിരുന്നു വിശ്വാസത്തിലില്ലാത്ത എന്റെ അമ്മയ്‌ക്ക്‌. അതിന്‌ അമ്മ എന്നെ നിർബന്ധിക്കുമായിരുന്നു. എന്റെ കുടുംബജീവിതം തകർന്നാൽ അതിന്റെ ഉത്തരവാദിത്വം അമ്മ ഏറ്റെടുക്കുമോ എന്ന്‌ ഞാൻ ചോദിച്ചു. എന്നാൽ എനിക്കൊരു സ്ഥിരമായ ജോലിയുണ്ടെന്നും ഞാൻ എന്റെ കാര്യങ്ങൾ നന്നായി നോക്കിനടത്തുന്നെന്നും ഞാൻ സന്തോഷവതിയാണെന്നും കണ്ടപ്പോൾ പിന്നെ അമ്മ എന്നെ നിർബന്ധിക്കാതെയായി.” ഈ സഹോദരിക്ക്‌ ഇടയ്‌ക്കൊക്കെ ഏകാന്തത അനുഭവപ്പെടാറുണ്ട്‌. “അപ്പോഴൊക്കെ ഞാൻ യഹോവയുടെ മുമ്പാകെ എന്റെ ഉള്ളുതുറക്കും. അവൻ എന്നെ ഒരിക്കലും ഉപേക്ഷിക്കാറില്ല,” അവൾ പറയുന്നു. യഹോവയിൽ ആശ്രയിക്കാൻ അവൾക്കു കഴിഞ്ഞത്‌ എങ്ങനെയാണ്‌? “യഹോവ ഒരു യഥാർഥ വ്യക്തിയാണെന്നും ഞാൻ തനിച്ചല്ലെന്നും തിരിച്ചറിയാൻ പ്രാർഥന എന്നെ സഹായിക്കുന്നു. പ്രപഞ്ചത്തിലേക്കും ഏറ്റവും വലിയവൻ എന്നെ ശ്രദ്ധിച്ചു കേൾക്കുന്നു; ഇതിൽപ്പരം എനിക്ക്‌ അഭിമാനിക്കാൻ, സന്തോഷിക്കാൻ, മറ്റെന്തു വേണം?” “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ” എന്ന്‌ ഉറപ്പുള്ളതിനാൽ “ഒന്നും തിരികെ പ്രതീക്ഷിക്കാതെ ഞാൻ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നു. ‘ഈ വ്യക്തിയെ സഹായിക്കാൻ എനിക്ക്‌ എന്തു ചെയ്യാനാകും?’ എന്നു ചിന്തിക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ എനിക്ക്‌ സന്തോഷം തോന്നും.” (പ്രവൃ. 20:35) അതെ, അവളുടെ ഓഹരി യഹോവയാണ്‌; അവനെ അവൾ സന്തോഷത്തോടെ സേവിക്കുന്നു.

18. യഹോവ നിങ്ങളെ തന്റെ ഓഹരി ആക്കിയേക്കാവുന്നത്‌ എങ്ങനെ?

18 നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും നിങ്ങൾക്കു ദൈവത്തെ നിങ്ങളുടെ ഓഹരി ആക്കാനാകും. അങ്ങനെ ചെയ്യുന്നെങ്കിൽ സന്തുഷ്ടരായ ദൈവജനത്തിന്റെ ഭാഗമായിത്തീരും നിങ്ങൾ. (2 കൊരി. 6:16, 17) മുൻകാലത്തെ ആളുകളുടെ കാര്യത്തിൽ സത്യമായിരുന്നതുപോലെ നിങ്ങൾക്ക്‌ യഹോവയുടെ അവകാശം അഥവാ ഓഹരി ആയിരിക്കാനുള്ള പദവിയും ലഭിക്കും. (ആവർത്തനപുസ്‌തകം 32:9, 10 വായിക്കുക.) ജാതികൾക്കിടയിൽനിന്ന്‌ ഇസ്രായേല്യരെ ദൈവം തന്റെ ഓഹരിയായി തിരഞ്ഞെടുത്തതുപോലെ നിങ്ങളെയും അവൻ തന്റെ സ്വന്തമായി കണക്കാക്കുകയും സ്‌നേഹപുരസ്സരം നിങ്ങൾക്കായി കരുതുകയും ചെയ്യും.—സങ്കീ. 17:8, 9.

[അടിക്കുറിപ്പ്‌]

^ ഖ. 11 2009 നവംബർ ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്‌) 12-14 പേജുകൾ കാണുക.

ഉത്തരം പറയാമോ?

നിങ്ങൾക്ക്‌ എങ്ങനെ യഹോവയെ നിങ്ങളുടെ ഓഹരിയാക്കാം:

• ഒന്നാമത്‌ ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ട്‌?

• ആത്മീയ ആഹാരത്തോട്‌ വിലമതിപ്പു കാണിച്ചുകൊണ്ട്‌?

• കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ എന്ന ദിവ്യ കൽപ്പന അനുസരിച്ചുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ആകർഷവാക്യം]

ദൈവസേവനത്തിന്‌ നാം പ്രഥമസ്ഥാനം നൽകുമ്പോൾ യഹോവ നമ്മുടെ ഓഹരി ആയിത്തീരും

[15-ാം പേജിലെ ചിത്രം]

യിരെമ്യാവിന്റെ മാതൃക പ്രോത്സാഹനം പകരും