വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സമ്മാനം നേടാൻ . . . ഓടുവിൻ”

“സമ്മാനം നേടാൻ . . . ഓടുവിൻ”

“സമ്മാനം നേടാൻ . . . ഓടുവിൻ”

“നിങ്ങൾ സമ്മാനം നേടാൻ തക്കവണ്ണം ഓടുവിൻ.”—1 കൊരി. 9:24.

1, 2. (എ) എബ്രായ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കാൻ പൗലോസ്‌ എന്ത്‌ ഉപയോഗിച്ചു? (ബി) എന്തു ചെയ്യാനാണ്‌ പൗലോസ്‌ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചത്‌?

സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കാൻ എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ്‌ അപ്പൊസ്‌തലൻ ഉപയോഗിച്ച വാങ്‌മയചിത്രം വളരെ അർഥസമ്പുഷ്ടമായ ഒന്നാണ്‌. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ അവർ തനിച്ചല്ല, വിജയകരമായി ഓട്ടം പൂർത്തിയാക്കിയ ‘സാക്ഷികളുടെ വലിയൊരു സമൂഹം’ അവർക്കു ചുറ്റുമുണ്ട്‌ എന്ന കാര്യം അവൻ അവരെ ഓർമിപ്പിച്ചു. ആ മുൻഗാമികളുടെ വിശ്വാസത്തോടെയുള്ള പ്രവൃത്തികളും അവരുടെ സർവാത്മനായുള്ള പരിശ്രമവും മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നെങ്കിൽ മടുത്തുപോകാതെ ഓട്ടം പൂർത്തിയാക്കാൻ ആ എബ്രായ ക്രിസ്‌ത്യാനികൾക്കു കഴിയുമായിരുന്നു.

2 ‘സാക്ഷികളുടെ വലിയ സമൂഹത്തിൽ’ ഉൾപ്പെട്ട ചിലരുടെ ജീവിതത്തെക്കുറിച്ച്‌ മുൻ ലേഖനത്തിൽ നാം പരിചിന്തിക്കുകയുണ്ടായി. ദൈവത്തോട്‌ വിശ്വസ്‌തരായിരിക്കാൻ, മടുത്തുപോകാതെ ഓട്ടം പൂർത്തിയാക്കാൻ അവരെയെല്ലാം സഹായിച്ചത്‌ അവരുടെ അചഞ്ചലമായ വിശ്വാസമായിരുന്നു. അവരുടെ വിജയത്തിൽനിന്ന്‌ നമുക്ക്‌ ഉൾക്കൊള്ളാൻ ഒരു പാഠമുണ്ട്‌. കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, നാം ഉൾപ്പെടെയുള്ള തന്റെ സഹവിശ്വാസികളെ പൗലോസ്‌ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “നമുക്കും, സർവഭാരവും മുറുകെച്ചുറ്റുന്ന പാപവും വിട്ട്‌ മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്‌ണുതയോടെ ഓടിത്തീർക്കാം.”—എബ്രാ. 12:1.

3. എന്ത്‌ ബോധ്യപ്പെടുത്താനാണ്‌ പൗലോസ്‌ പുരാതന ഓട്ടക്കാരെക്കുറിച്ച്‌ പരാമർശിച്ചത്‌?

3 “ഗ്രീക്കുകാർ വ്യായാമംചെയ്‌തിരുന്നതും മത്സരങ്ങളിൽ പങ്കെടുത്തിരുന്നതും വിവസ്‌ത്രരായാണ്‌” എന്ന്‌ ആദിമകാല ക്രിസ്‌ത്യാനികളുടെ പശ്ചാത്തലം (ഇംഗ്ലീഷ്‌) * എന്ന പുസ്‌തകം പറയുന്നു. അക്കാലത്തെ ജനപ്രീതിയാർജിച്ച കായിക മത്സരങ്ങളിലൊന്നായ ഓട്ടപ്പന്തയത്തെക്കുറിച്ചുള്ളതാണ്‌ ഈ പരാമർശം. ഓട്ടത്തിന്റെ വേഗത കുറയ്‌ക്കുന്നതരം ഭാരങ്ങൾ ആ ഓട്ടക്കാർ ഒഴിവാക്കിയിരുന്നു എന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം. അവരുടെ പ്രവൃത്തി സഭ്യമായി കണക്കാക്കാൻ കഴിയില്ല എന്നത്‌ ശരിയാണ്‌. എന്നാൽ സമ്മാനം കരസ്ഥമാക്കുക എന്ന ഏകലക്ഷ്യം മുൻനിറുത്തി അവർ അതു ചെയ്‌തു എന്നതാണ്‌ ഇവിടെ പ്രസക്തം. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ സമ്മാനം നേടണമെങ്കിൽ ഓട്ടക്കാർ എല്ലാത്തരത്തിലുമുള്ള ഭാരങ്ങളും ഉരിഞ്ഞുകളയണം എന്നു ബോധ്യപ്പെടുത്താനാണ്‌ പൗലോസ്‌ അക്കാര്യം പരാമർശിച്ചത്‌. ആ ബുദ്ധിയുപദേശം അക്കാലത്ത്‌ ജീവിച്ചിരുന്ന ക്രിസ്‌ത്യാനികൾക്ക്‌ അവശ്യം വേണ്ടതായിരുന്നു, ഇന്ന്‌ നമുക്കും. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന നമുക്ക്‌ സമ്മാനം നഷ്ടമാകാൻ ഇടവന്നേക്കാവുന്നത്‌ എങ്ങനെ, അതിന്‌ ഇടയാക്കിയേക്കാവുന്ന ഭാരങ്ങൾ ഏവയാണ്‌?

“സർവഭാരവും വിട്ട്‌. . . ”

4. നോഹയുടെ കാലത്തെ ആളുകളുടെ ശ്രദ്ധ എന്തിലായിരുന്നു?

4 ‘സർവഭാരവും വിട്ട്‌ ഓടാനാണ്‌’ പൗലോസ്‌ ബുദ്ധിയുപദേശിച്ചത്‌. ഓട്ടത്തിൽ സർവാത്മനാ ഉൾപ്പെട്ടുകൊണ്ട്‌ പരമാവധി പരിശ്രമിക്കുന്നതിന്‌ തടസ്സമായേക്കാവുന്ന എന്തും നാം ഉപേക്ഷിക്കണം എന്നാണ്‌ അതിനർഥം. അത്തരം ‘ഭാരത്തിൽ’ ഉൾപ്പെട്ടിരിക്കുന്ന ചില സംഗതികൾ ഏവയാണ്‌? അതേക്കുറിച്ച്‌, എബ്രായ ലേഖനത്തിലെ വിശ്വാസികളുടെ പട്ടികയിൽ പരാമർശിച്ചിരിക്കുന്ന നോഹയെക്കുറിച്ചു സംസാരിക്കവെ യേശു പറയുകയുണ്ടായി. അവൻ പറഞ്ഞു: “നോഹയുടെ നാളിൽ സംഭവിച്ചതുപോലെതന്നെ മനുഷ്യപുത്രന്റെ നാളിലും സംഭവിക്കും.” (ലൂക്കോ. 17:26) നോഹയുടെ നാളിലേതുപോലെ ഇന്നത്തെ ലോകവും നശിക്കുമെന്നത്‌ ശരിയാണ്‌. എന്നാൽ, ഇക്കാലത്തെ ആളുകളുടെ ജീവിതരീതി നോഹയുടെ കാലത്തേതിനു സമാനമായിരിക്കും എന്ന കാര്യമാണ്‌ പ്രധാനമായും യേശു ഈ വാക്കുകളിലൂടെ സൂചിപ്പിച്ചത്‌. (മത്തായി 24:37-39 വായിക്കുക.) നോഹയുടെ കാലത്തെ മിക്കവരും ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല ദൈവികകാര്യങ്ങളിൽ അവർക്കു താത്‌പര്യംപോലും ഉണ്ടായിരുന്നില്ല. അവർ അത്തരമൊരു അവസ്ഥയിലായത്‌ എങ്ങനെയാണ്‌? അസാധാരണ സംഗതികളല്ല, ജീവിതത്തിലെ സാധാരണ സംഗതികളായ തീറ്റി, കുടി, വിവാഹം എന്നിവയൊക്കെയാണ്‌ അവരുടെ ശ്രദ്ധ വ്യതിചലിപ്പിച്ചത്‌. യേശുവിന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘ഗൗനിക്കാതിരുന്നതായിരുന്നു’ അവരുടെ യഥാർഥ പ്രശ്‌നം.

5. ഓട്ടം വിജയകരമായി പൂർത്തിയാക്കാൻ നമ്മെ എന്തു സഹായിക്കും?

5 നോഹയെയും അവന്റെ കുടുംബത്തെയുംപോലെ നമുക്കും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്‌. സ്വന്തം കാര്യങ്ങളും കുടുംബത്തിന്റെ ആവശ്യങ്ങളും നിവർത്തിക്കാൻ നമുക്കു ജോലിചെയ്യണം; നല്ലൊരു പങ്ക്‌ സമയവും ഊർജവും ഒക്കെ നമുക്ക്‌ ഇതിനായി ചെലവഴിക്കേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുമ്പോൾ ജീവിതാവശ്യങ്ങളെക്കുറിച്ച്‌ ഉത്‌കണ്‌ഠ വർധിക്കാൻ സാധ്യത ഏറെയാണ്‌. സമർപ്പിത ക്രിസ്‌ത്യാനികളായ നമുക്കാണെങ്കിൽ പ്രധാനപ്പെട്ട ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങളും ഉണ്ട്‌: ശുശ്രൂഷയിൽ പങ്കെടുക്കുക, തയ്യാറായി യോഗങ്ങൾക്കു ഹാജരാകുക, വ്യക്തിപരമായ പഠനത്തിലൂടെയും കുടുംബാരാധനയിലൂടെയും കരുത്താർജിച്ചുകൊണ്ട്‌ ആത്മീയമായി ബലിഷ്‌ഠരായി തുടരുക എന്നിവയെല്ലാം അതിൽപ്പെടും. ദൈവത്തെ സേവിക്കുന്നതിൽ ഉൾപ്പെട്ട അനേകം കാര്യങ്ങൾ നോഹയ്‌ക്കു ചെയ്യാനുണ്ടായിരുന്നെങ്കിലും അവൻ അതെല്ലാം ‘അങ്ങനെ തന്നേ ചെയ്‌തു.’ (ഉല്‌പ. 6:22) അനാവശ്യ ഭാരങ്ങളെല്ലാം ഒഴിവാക്കി ഏറ്റവും കുറഞ്ഞ ഭാരങ്ങൾ മാത്രം വഹിച്ചുകൊണ്ട്‌ ഓടുന്നില്ലെങ്കിൽ നാം ക്രിസ്‌തീയ ഓട്ടം പൂർത്തിയാക്കുകയില്ല.

6, 7. യേശുവിന്റെ ഏത്‌ ബുദ്ധിയുപദേശം നാം മനസ്സിൽപ്പിടിക്കണം?

6 “സർവഭാരവും” ഉപേക്ഷിക്കാൻ പറഞ്ഞപ്പോൾ പൗലോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌? നമുക്കുള്ള ഉത്തരവാദിത്വങ്ങളെല്ലാം പൂർണമായി ഒഴിവാക്കുക എന്നല്ല അവൻ പറഞ്ഞതിന്റെ അർഥം. ഇതുമായി ബന്ധപ്പെട്ട്‌ യേശു പറഞ്ഞ വാക്കുകൾ നാം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌: “‘ഞങ്ങൾ എന്തു തിന്നും?’ ‘ഞങ്ങൾ എന്തു കുടിക്കും?’ ‘ഞങ്ങൾ എന്ത്‌ ഉടുക്കും?’ എന്നിങ്ങനെ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌. ഈവകയൊക്കെയും വ്യഗ്രതയോടെ അന്വേഷിക്കുന്നത്‌ ജാതികളത്രേ. ഇവയെല്ലാം നിങ്ങൾക്ക്‌ ആവശ്യമെന്ന്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ അറിയുന്നുവല്ലോ.” (മത്താ. 6:31, 32) പരിധിയിൽ അധികം പ്രാധാന്യം കൽപ്പിച്ചാൽ, ഭക്ഷണം, വസ്‌ത്രം എന്നിങ്ങനെയുള്ള സാധാരണ കാര്യങ്ങൾപോലും ഒരുവന്‌ ഒരു ഭാരമായിത്തീരാം, വീഴ്‌ചയ്‌ക്കു കാരണമാകാം എന്നാണ്‌ യേശു പറഞ്ഞത്‌.

7 “ഇവയെല്ലാം നിങ്ങൾക്ക്‌ ആവശ്യമെന്ന്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ അറിയുന്നുവല്ലോ” എന്ന യേശുവിന്റെ വാക്കുകളെക്കുറിച്ചു ചിന്തിക്കുക. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സ്വർഗീയ പിതാവായ യഹോവ തന്റെ ഭാഗധേയം നിർവഹിക്കും എന്ന്‌ സൂചിപ്പിക്കുകയായിരുന്നു യേശു. എന്നാൽ നാം ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്നോ ആഗ്രഹിക്കുന്നതുപോലെയെല്ലാം നടക്കുമെന്നോ യേശു ഉദ്ദേശിച്ചില്ല. പകരം, ‘ജാതികൾ വ്യഗ്രതയോടെ അന്വേഷിക്കുന്ന’ ഈവക കാര്യങ്ങളെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടരുത്‌ എന്നാണ്‌ യേശു പറഞ്ഞത്‌. എന്തുകൊണ്ട്‌? യേശുവിന്റെ പിൻവരുന്ന വാക്കുകളിൽ അതിന്‌ ഉത്തരമുണ്ട്‌: “നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിന്റെ ആകുലതകളാലും ഭാരപ്പെട്ടിട്ട്‌ നിനച്ചിരിക്കാത്ത നേരത്ത്‌ ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെമേൽ വരാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.”—ലൂക്കോ. 21:34, 35.

8. ഇക്കാലത്ത്‌ നാം ‘സർവഭാരവും വിട്ട്‌’ ഓടേണ്ടത്‌ എന്തുകൊണ്ട്‌?

8 സമ്മാനം തൊട്ടുമുന്നിലാണ്‌. അന്ത്യത്തോട്‌ ഇത്ര അടുത്തെത്തിയശേഷം അനാവശ്യ ഭാരങ്ങളേറ്റി നമ്മുടെ ഓട്ടം തടസ്സപ്പെടാൻ അനുവദിക്കുന്നത്‌ എത്ര വലിയ ബുദ്ധിമോശമാണ്‌! ഇക്കാര്യത്തിൽ, പൗലോസ്‌ അപ്പൊസ്‌തലന്റെ ബുദ്ധിയുപദേശം നാം ചെവിക്കൊള്ളേണ്ടതുണ്ട്‌: “ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു ആദായംതന്നെ.” (1 തിമൊ. 6:6) പൗലോസിന്റെ വാക്കുകൾ ശിരസ്സാവഹിച്ചുകൊണ്ട്‌ ഓടുന്ന വ്യക്തിക്ക്‌ സമ്മാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്‌.

‘മുറുകെച്ചുറ്റുന്ന പാപം’

9, 10. (എ) ‘മുറുകെച്ചുറ്റുന്ന പാപം’ എന്താണ്‌? (ബി) അത്‌ നമ്മെ മുറുകെച്ചുറ്റിയേക്കാവുന്നത്‌ എങ്ങനെ?

9 ‘സർവഭാരം’ മാത്രമല്ല “മുറുകെച്ചുറ്റുന്ന പാപവും” ഒഴിവാക്കാൻ പൗലോസ്‌ പറയുകയുണ്ടായി. എന്താണ്‌ ഈ ‘മുറുകെച്ചുറ്റുന്ന പാപം?’ “മുറുകെച്ചുറ്റുന്ന” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദം തിരുവെഴുത്തുകളിൽ ഈ വാക്യത്തിൽ മാത്രമേ കാണുന്നുള്ളൂ. പണ്ഡിതനായ ആൽബർട്ട്‌ ബാൺസ്‌ ഇങ്ങനെ പറയുകയുണ്ടായി: “കാലുകളിൽ ചുറ്റിപ്പിടിച്ച്‌ ഓട്ടം തടസ്സപ്പെടുത്താൻ ഇടയുള്ളതരം വസ്‌ത്രം ധരിക്കാതിരിക്കാൻ ഒരു ഓട്ടക്കാരൻ ശ്രദ്ധിക്കുന്നതുപോലെ ക്രിസ്‌ത്യാനി(കളും) അങ്ങനെയുള്ള സകലതും ഒഴിവാക്കണം.” ആകട്ടെ, വിശ്വാസം ദുർബലമാകാൻ ഇടയാക്കുന്ന വിധത്തിൽ ഒരു ക്രിസ്‌ത്യാനിയെ ‘മുറുകെച്ചുറ്റിയേക്കാവുന്നത്‌’ എന്താണ്‌?

10 ഒരു ക്രിസ്‌ത്യാനിയുടെ വിശ്വാസം ഒരു സുപ്രഭാതത്തിൽ പൊയ്‌പ്പോകില്ല. എന്നാൽ കാലാന്തരത്തിൽ, പതിയെപ്പതിയെ, ആ വ്യക്തിപോലും തിരിച്ചറിയാതെ അതു സംഭവിച്ചേക്കാം. തന്റെ ലേഖനത്തിന്റെ തുടക്കത്തിൽ, വിശ്വാസത്തിൽനിന്ന്‌ “ഒഴുകി”പ്പോകുന്നതിനെക്കുറിച്ചും ‘വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം രൂപപ്പെടുന്നതിനെക്കുറിച്ചും’ പൗലോസ്‌ മുന്നറിയിപ്പു നൽകിയിരുന്നു. (എബ്രാ. 2:1; 3:12) ഒരു ഓട്ടക്കാരന്റെ വസ്‌ത്രം അയാളുടെ കാലുകളെ മുറുകെച്ചുറ്റിയാൽ അയാൾ വീഴും എന്നത്‌ ഏതാണ്ട്‌ ഉറപ്പാണ്‌. അതുകൊണ്ട്‌ അപകടം ഒഴിവാക്കണമെങ്കിൽ കാലിൽ ചുറ്റിപ്പിടിക്കുന്നതരം വസ്‌ത്രങ്ങൾ ധരിക്കാതിരിക്കാൻ ഓട്ടക്കാരൻ ശ്രദ്ധിക്കണം. എന്നാൽ ചിലപ്പോൾ അശ്രദ്ധകൊണ്ടോ ‘എനിക്ക്‌ അപകടം പിണയില്ല’ എന്ന അതിരുകടന്ന ചിന്തകൊണ്ടോ ശ്രദ്ധ മറ്റെന്തിലെങ്കിലും ആയിപ്പോകുന്നതുകൊണ്ടോ ഒക്കെ ഓട്ടക്കാരന്‌ അങ്ങനെയൊരു അബദ്ധം സംഭവിക്കാം. പൗലോസിന്റെ ബുദ്ധിയുപദേശം ഇക്കാര്യത്തിൽ നമ്മെ എങ്ങനെയാണ്‌ സഹായിക്കുന്നത്‌?

11. നമ്മുടെ വിശ്വാസം നഷ്ടമാകാൻ ഇടയായേക്കാവുന്നത്‌ എങ്ങനെ?

11 ഒരു വ്യക്തി കാലങ്ങളായി ചെയ്‌തുപോന്നേക്കാവുന്ന പ്രവൃത്തികളുടെ ഫലമായാണ്‌ അയാളുടെ വിശ്വാസം നഷ്ടപ്പെടുക എന്ന കാര്യം നാം ഓർക്കണം. “നമ്മുടെ സാഹചര്യം, പ്രകൃതം, സഹവാസം എന്നിവയുടെ ഫലമായി നമ്മുടെമേൽ പിടിമുറുക്കുന്ന പാപം” എന്നാണ്‌ “മുറുകെച്ചുറ്റുന്ന പാപ”ത്തെ മറ്റൊരു പണ്ഡിതൻ വിവരിച്ചത്‌. നമ്മുടെ ചുറ്റുപാടുകൾ, ബലഹീനതകൾ, നാം സഹവസിക്കുന്ന ആളുകൾ എന്നിവയ്‌ക്കെല്ലാം നമ്മെ ശക്തമായി സ്വാധീനിക്കാനാകും എന്നാണ്‌ അതിനർഥം. നമ്മുടെ വിശ്വാസം ക്ഷയിക്കാനോ നഷ്ടമാകാനോ അവ ഇടയാക്കിയേക്കാം.—മത്താ. 13:3-9.

12. വിശ്വാസം നഷ്ടമാകാതിരിക്കാൻ നാം ഏതു മുന്നറിയിപ്പുകൾക്കു ശ്രദ്ധനൽകണം?

12 നാം കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌, അതായത്‌ നമ്മുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും നാം കടത്തിവിടുന്ന കാര്യങ്ങളെക്കുറിച്ച്‌ ശ്രദ്ധയുള്ളവരായിരിക്കണമെന്ന്‌ വിശ്വസ്‌തനും വിവേകിയുമായ അടിമ വർഷങ്ങളായി നമ്മോടു പറയുന്നു. പണത്തിനും വസ്‌തുവകകൾക്കും പിന്നാലെപോയി അപകടത്തിലാകരുതെന്നും നമുക്കു മുന്നറിയിപ്പു ലഭിക്കാറുണ്ട്‌. ഈ ലോകം വെച്ചുനീട്ടുന്ന വിനോദങ്ങളുടെ പളപളപ്പു കണ്ട്‌ അല്ലെങ്കിൽ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ കൈവശമാക്കാൻ ശ്രമിച്ച്‌ നമുക്ക്‌ മാർഗഭ്രംശം സംഭവിച്ചേക്കാം. അത്തരം ബുദ്ധിയുപദേശങ്ങൾ ആവശ്യത്തിലധികം കർക്കശമാണ്‌ അല്ലെങ്കിൽ അത്‌ മറ്റുള്ളവർക്കുവേണ്ടിയുള്ളതാണ്‌, എനിക്ക്‌ അങ്ങനെയുള്ള അപകടങ്ങളൊന്നും സംഭവിക്കില്ല എന്നൊക്കെയാണ്‌ നാം ചിന്തിക്കുന്നതെങ്കിൽ അത്‌ നമുക്കു ദോഷംചെയ്യും. നമ്മെ ചുറ്റിപ്പിടിക്കാൻവേണ്ടി സാത്താന്റെ ലോകം പ്രയോഗിക്കുന്ന തന്ത്രങ്ങൾ എളുപ്പം തിരിച്ചറിയാൻ കഴിയാത്തവയാണ്‌. അശ്രദ്ധയും, പരിധിയിൽക്കവിഞ്ഞ ആത്മവിശ്വാസവും, ശ്രദ്ധാശൈഥില്യങ്ങളും ചിലരുടെ വീഴ്‌ചയ്‌ക്കു കാരണമായിരിക്കുന്നു. നമുക്ക്‌ ഇതു സംഭവിച്ചാൽ നിത്യജീവനെന്ന സമ്മാനം നമുക്കും നഷ്ടമായേക്കാം.—1 യോഹ. 2:15-17.

13. ലോകത്തിന്റെ ദുഷിച്ച സ്വാധീനങ്ങളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ സംരക്ഷണം നേടാം?

13 ഈ ലോകത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും ചിന്താരീതികളും ഉന്നമിപ്പിക്കുന്ന ആളുകളുമായാണ്‌ നാം ദിവസവും ഇടപഴകുന്നത്‌. (എഫെസ്യർ 2:1, 2 വായിക്കുക.) എന്നാൽ നാം അനുവദിക്കുന്നിടത്തോളം മാത്രമേ ഇവയ്‌ക്കു നമ്മെ സ്വാധീനിക്കാനാകൂ. പൗലോസ്‌ പറഞ്ഞ ലോകത്തിന്റെ ഈ “വായു” മരണകരമാണ്‌. ഈ വായു ഉള്ളിൽക്കടന്ന്‌ നമുക്കു ശ്വാസംമുട്ടാതിരിക്കാൻ, അങ്ങനെ ഓട്ടം തടസ്സപ്പെടാതിരിക്കാൻ നാം നിതാന്ത ജാഗ്രത പുലർത്തണം. ആകട്ടെ, ഓട്ടം തുടരാൻ നമ്മെ എന്തു സഹായിക്കും? വിജയകരമായി ഓട്ടം പൂർത്തിയാക്കിയ യേശുവാണ്‌ നമുക്ക്‌ അനുകരിക്കാനാകുന്ന ഏറ്റവും നല്ല മാതൃക. (എബ്രാ. 12:2) ക്രിസ്‌തീയ ഓട്ടത്തിൽ പങ്കെടുക്കുന്നവനെന്ന്‌ സ്വയം വിശേഷിപ്പിച്ച, പൗലോസിന്റെ മാതൃകയും നമുക്കുണ്ട്‌. തന്നെ അനുകരിക്കാൻ അവൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.—1 കൊരി. 11:1; ഫിലി. 3:14.

“സമ്മാനം നേടാൻ” എന്തുചെയ്യണം?

14. തന്റെ ഓട്ടം പൂർത്തിയാക്കുന്നതിനെക്കുറിച്ച്‌ പൗലോസിന്റെ വീക്ഷണം എന്തായിരുന്നു?

14 തന്റെ ഓട്ടം പൂർത്തിയാക്കുന്നതിനെക്കുറിച്ച്‌ പൗലോസ്‌ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌. എഫെസൊസിലെ മൂപ്പന്മാരുമായുള്ള അവസാനത്തെ സംഭാഷണത്തിൽ അവൻ പറഞ്ഞു: “എന്റെ ജീവൻ ഞാൻ ഒട്ടും പ്രിയപ്പെട്ടതായി കരുതുന്നില്ല. എന്റെ ഓട്ടം തികയ്‌ക്കണമെന്നും . . . കർത്താവായ യേശു എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കണമെന്നും മാത്രമേ എനിക്കുള്ളൂ.” (പ്രവൃ. 20:24) ഓട്ടം പൂർത്തിയാക്കുന്നതിനുവേണ്ടി തന്റെ ജീവൻ ഉൾപ്പെടെ എന്തും ഉപേക്ഷിക്കാൻ പൗലോസ്‌ ഒരുക്കമായിരുന്നു. എന്തെങ്കിലും കാരണവശാൽ ഓട്ടം പൂർത്തിയാക്കാതിരുന്നാൽ സുവാർത്തയ്‌ക്കുവേണ്ടി താൻ ചെയ്‌തതെല്ലാം വെറുതെയാകുമെന്ന്‌ അവൻ തിരിച്ചറിഞ്ഞു. എന്നാൽ സ്വന്തം കഴിവുകൊണ്ട്‌ ഓട്ടം പൂർത്തിയാക്കാനാകും എന്ന ചിന്ത അവന്‌ ഉണ്ടായിരുന്നില്ല. (ഫിലിപ്പിയർ 3:12-14 വായിക്കുക.) തന്റെ ജീവിതാവസാനത്തോടടുത്തപ്പോൾ മാത്രമാണ്‌ അവന്‌ ഒരുവിധം ഉറപ്പോടെ ഇങ്ങനെ പറയാനായത്‌: “ഞാൻ നല്ല പോർ പൊരുതി; ഓട്ടം തികച്ചിരിക്കുന്നു; എന്റെ വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കുകയും ചെയ്‌തിരിക്കുന്നു.”—2 തിമൊ. 4:7.

15. ഓട്ടമത്സരത്തിലെ സഹഓട്ടക്കാരെ പൗലോസ്‌ പ്രോത്സാഹിപ്പിച്ചത്‌ എങ്ങനെ?

15 തന്റെ സഹവിശ്വാസികളും ഓട്ടം പൂർത്തിയാക്കുന്നതു കാണാൻ അവൻ അതിയായി ആഗ്രഹിച്ചു; അവർ ഇടയ്‌ക്കുവെച്ച്‌ ഓട്ടം നിറുത്തിക്കളയരുതെന്ന്‌ അവൻ ആശിച്ചു. ഉദാഹരണത്തിന്‌, ഫിലിപ്പിയിലെ ക്രിസ്‌ത്യാനികളോട്‌ സ്വന്തം രക്ഷയ്‌ക്കായി പരിശ്രമിക്കാൻ അവൻ പറയുകയുണ്ടായി. അതിന്‌ അവർ “ജീവന്റെ വചനം മുറുകെപ്പിടി”ക്കേണ്ടതുണ്ടായിരുന്നു. “അങ്ങനെ, ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായിട്ടില്ലെന്ന്‌ ക്രിസ്‌തുവിന്റെ നാളിൽ എനിക്ക്‌ അഭിമാനിക്കാനാകും,” അവൻ പറഞ്ഞു. (ഫിലി. 2:15, 16) “നിങ്ങൾ സമ്മാനം നേടാൻ തക്കവണ്ണം ഓടുവിൻ” എന്ന്‌ കൊരിന്തിലെ ക്രിസ്‌ത്യാനികളോടും അവൻ പറഞ്ഞു.—1 കൊരി. 9:24.

16. നാം നമ്മുടെ സമ്മാനം മനസ്സിൽ അടുപ്പിച്ചുനിറുത്തേണ്ടത്‌ എന്തുകൊണ്ട്‌?

16 മാരത്തോൺ പോലുള്ള ദീർഘദൂര ഓട്ടത്തിൽ ഓട്ടം പൂർത്തീകരിക്കാറാകുമ്പോൾ മാത്രമേ ലക്ഷ്യസ്ഥാനം കാണാനാകൂ. എന്നുവരികിലും മത്സരത്തിലുടനീളം ഓട്ടക്കാരന്റെ മനസ്സ്‌ എപ്പോഴും ആ ലക്ഷ്യസ്ഥാനത്തെ കേന്ദ്രീകരിച്ചായിരിക്കും. ലക്ഷ്യസ്ഥാനത്തോട്‌ അടുക്കുന്തോറും അവിടെ എത്തിച്ചേരാനുള്ള അദ്ദേഹത്തിന്റെ ആവേശം വർധിക്കും. നമ്മുടെ ഓട്ടത്തിന്റെ കാര്യവും ഇങ്ങനെ ആയിരിക്കണം. ലക്ഷ്യം അഥവാ സമ്മാനം നാം മനസ്സിൽ അടുപ്പിച്ചുനിറുത്തണം, അതു നമുക്ക്‌ യാഥാർഥ്യമായിരിക്കണം. സമ്മാനം നേടാൻ അതു നമ്മെ സഹായിക്കും.

17. സമ്മാനത്തിൽ ദൃഷ്ടിപതിപ്പിക്കാൻ വിശ്വാസം സഹായിക്കുന്നത്‌ എങ്ങനെ?

17 “വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യവും കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്‌ഠിതമായ നിശ്ചയവുമാകുന്നു” എന്ന്‌ പൗലോസ്‌ എഴുതി. (എബ്രാ. 11:1) സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതം മനസ്സോടെ ഉപേക്ഷിച്ചുപോന്ന അബ്രാഹാമും സാറായും അവർ ചെന്ന ‘ദേശത്തു അന്യരും പ്രവാസികളുമായി’ ജീവിച്ചു. അവർക്ക്‌ അത്‌ സാധിച്ചത്‌ എന്തുകൊണ്ടാണ്‌? ‘അവർ ദൂരത്തുനിന്ന്‌ (ദൈവത്തിന്റെ വാഗ്‌ദാനനിവൃത്തി) കണ്ടു.’ മോശ “പാപത്തിന്റെ ക്ഷണികസുഖ”വും “ഈജിപ്‌റ്റിലെ നിക്ഷേപങ്ങ”ളും തള്ളിക്കളഞ്ഞു. ഇതു ചെയ്യാനുള്ള വിശ്വാസവും ധൈര്യവും മോശയ്‌ക്ക്‌ എങ്ങനെ ഉണ്ടായി? അവൻ ‘ലഭിക്കാനിരുന്ന പ്രതിഫലത്തിൽ ദൃഷ്ടിപതിപ്പിച്ചു.’ (എബ്രാ. 11:8-13, 24-26) ഇവരുടെയെല്ലാം പ്രവൃത്തികളെക്കുറിച്ചു പൗലോസ്‌ പറഞ്ഞുതുടങ്ങുന്നത്‌ “വിശ്വാസത്താൽ” എന്ന പദത്തോടെയാണ്‌ എന്നത്‌ ശ്രദ്ധയർഹിക്കുന്നു. അതെ, തങ്ങൾ നേരിടുന്ന പരിശോധനകൾക്കും ബുദ്ധിമുട്ടുകൾക്കും അപ്പുറം ദൈവം തങ്ങൾക്കുവേണ്ടി ചെയ്യുന്നതും ഇനി ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളിൽ ദൃഷ്ടിപതിപ്പിക്കാൻ അവരെയെല്ലാം സഹായിച്ചത്‌ അവരുടെ ‘വിശ്വാസമാണ്‌.’

18. ‘മുറുകെച്ചുറ്റുന്ന പാപം’ വിട്ടുമാറാൻ നാം എന്തൊക്കെ ചെയ്യണം?

18 എബ്രായർ 11-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന സ്‌ത്രീപുരുഷന്മാരെക്കുറിച്ച്‌ ധ്യാനിക്കുന്നതും അവരുടെ മാതൃക അനുകരിക്കുന്നതും വിശ്വാസം വളർത്തിയെടുക്കാനും ‘മുറുകെച്ചുറ്റുന്ന പാപം’ വിട്ടുമാറാനും നമ്മെ സഹായിക്കും. (എബ്രാ. 12:1) കൂടാതെ, ഇതുപോലുള്ള വിശ്വാസം വളർത്തിയെടുക്കാൻ പരിശ്രമിക്കുന്ന മറ്റു വ്യക്തികളുമായി കൂടിവന്നുകൊണ്ട്‌ “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ” കാണിക്കുകയും ചെയ്യാം.—എബ്രാ. 10:24.

19. നാം ഇപ്പോൾ ഓട്ടം നിറുത്തരുതാത്തത്‌ എന്തുകൊണ്ട്‌?

19 നമ്മുടെ ഓട്ടം പൂർത്തിയാകാൻ ഇനി അധികസമയം ഇല്ല. ലക്ഷ്യസ്ഥാനം നമ്മുടെ കണ്മുന്നിലുണ്ട്‌ എന്നു പറയാം. വിശ്വാസത്താലും യഹോവയുടെ സഹായത്താലും “സർവഭാരവും മുറുകെച്ചുറ്റുന്ന പാപവും വിട്ട്‌” ഓട്ടം പൂർത്തിയാക്കാൻ നമുക്കും കഴിയും. അതെ, നമ്മുടെ ദൈവവും പിതാവുമായ യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന അനുഗ്രഹങ്ങൾ നേടാനാകുംവിധം ഓടാൻ നമുക്കു സാധിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 3 പുരാതനകാലത്തെ യഹൂദന്മാർക്ക്‌ ഇത്‌ അചിന്തനീയമായിരുന്നു. വിശ്വാസത്യാഗിയായ ജാസൻ എന്ന മഹാപുരോഹിതൻ ജനങ്ങളെ ഗ്രീക്ക്‌ സമ്പ്രദായത്തിലേക്ക്‌ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെരുശലേമിൽ ഒരു കായികാഭ്യാസക്കളരി സ്ഥാപിക്കാൻ ശ്രമിച്ചത്‌ വലിയ കോളിളക്കം സൃഷ്ടിച്ചെന്ന്‌ അപ്പോക്രിഫാ പുസ്‌തകമായ മക്കബായർ പറയുന്നു.—2 മക്ക. 4:7-17.

ഓർമിക്കുന്നുവോ?

• “സർവഭാരവും” വിട്ടുകളയുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു?

• ഒരു ക്രിസ്‌ത്യാനിയുടെ വിശ്വാസം നഷ്ടമാകാൻ ഇടയായേക്കാവുന്നത്‌ എങ്ങനെ?

• നാം സമ്മാനത്തിൽ ദൃഷ്ടിപതിപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

‘മുറുകെച്ചുറ്റുന്ന പാപം’ എന്താണ്‌, അത്‌ നമ്മുടെ ഓട്ടം തടസ്സപ്പെടുത്തിയേക്കാവുന്നത്‌ എങ്ങനെ?