വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സദാ ജാഗരൂകർ ആയിരിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

‘സദാ ജാഗരൂകർ ആയിരിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

‘സദാ ജാഗരൂകർ ആയിരിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

‘നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കും?’ (മത്താ. 24:3) തന്റെ ശിഷ്യന്മാർ ചോദിച്ച ആ ചോദ്യത്തിനു മറുപടിയായി യേശു വ്യക്തമായ, വിശദമായ, തിരിച്ചറിയാവുന്ന, സംശയത്തിന്‌ ഇടനൽകാത്ത ഒരു അടയാളം നൽകി. മത്തായി 24-ാം അധ്യായത്തിലും മർക്കോസ്‌ 13-ാം അധ്യായത്തിലും ലൂക്കോസ്‌ 21-ാം അധ്യായത്തിലും അതു രേഖപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: “സദാ ജാഗരൂകരായിരിക്കുവിൻ.”—മത്താ. 24:42.

ആ അടയാളം വ്യക്തമാണെന്നിരിക്കെ, “ജാഗരൂകരായിരിക്കുവിൻ” എന്ന്‌ യേശു ഉദ്‌ബോധിപ്പിച്ചത്‌ എന്തിനാണ്‌? രണ്ടുസാഹചര്യം പരിചിന്തിക്കുക: ഒന്നാമത്‌, ശ്രദ്ധാശൈഥില്യങ്ങൾനിമിത്തം ഒരു വ്യക്തി അടയാളം അവഗണിക്കാനും അങ്ങനെ ജാഗ്രത കൈവെടിഞ്ഞ്‌ അദ്ദേഹത്തിന്റെ ആത്മീയത നഷ്ടപ്പെടാനും ഇടയുണ്ട്‌. രണ്ടാമത്‌, അടയാളത്തിന്റെ വിശദാംശങ്ങൾ നിറവേറുന്നത്‌ ഒരു ക്രിസ്‌ത്യാനി തിരിച്ചറിഞ്ഞേക്കാമെങ്കിലും തന്റെ ചുറ്റുവട്ടത്ത്‌ അത്‌ സംഭവിക്കാത്തതുനിമിത്തം അത്‌ തന്നെ ബാധിക്കുന്നതായി അദ്ദേഹത്തിനു തോന്നുന്നില്ലായിരിക്കാം. യേശുവിന്റെ പ്രവചന നിവൃത്തിയുടെ പാരമ്യത്തിൽ സംഭവിക്കേണ്ട “മഹാകഷ്ടം” വരാൻ ഇനിയും സമയമെടുക്കുമെന്നും അതുകൊണ്ട്‌ ‘സദാ ജാഗരൂകരായിരിക്കേണ്ട’ ആവശ്യമില്ലെന്നും അദ്ദേഹം നിഗമനം ചെയ്‌തേക്കാം.—മത്താ. 24:21.

“അവർ ഗൗനിച്ചതേയില്ല”

നോഹയുടെ സമകാലീനരുടെ കാര്യം യേശു തന്റെ അനുഗാമികളെ ഓർമിപ്പിച്ചു. നോഹ നിർവഹിച്ച പ്രസംഗവേലയും അതിബൃഹത്തായ പെട്ടകത്തിന്റെ നിർമാണവും അക്കാലത്തു നടമാടിയിരുന്ന അക്രമവും ഒക്കെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കണം. എന്നിട്ടും, മിക്കവരും “ഗൗനിച്ചതേയില്ല.” (മത്താ. 24:37-39) ഇക്കാലത്തും ആളുകൾ മുന്നറിയിപ്പിനെ കാണുന്നത്‌ ഏതാണ്ട്‌ ഇങ്ങനെയാണ്‌. ഉദാഹരണത്തിന്‌, പരമാവധി എത്ര വേഗത്തിൽ വാഹനം ഓടിക്കാം എന്നു കാണിക്കുന്ന ബോർഡുകൾ റോഡുകളിൽ കാണാറുണ്ടെങ്കിലും പലരും അതു ഗൗനിക്കാറില്ല. വാഹനങ്ങളുടെ വേഗം കുറയ്‌ക്കാൻ അധികൃതർക്ക്‌ നഗരങ്ങളിലെ റോഡുകളിൽ ബംബുകൾ സ്ഥാപിക്കേണ്ടിവരുന്നത്‌ അതുകൊണ്ടാണ്‌. ഒരു ക്രിസ്‌ത്യാനിയുടെ സാഹചര്യവും ഇതുപോലെ ആയിത്തീരാൻ ഇടയുണ്ട്‌: അന്ത്യകാലത്തിന്റെ അടയാളം കാണുന്നുണ്ടെങ്കിലും അതിൽനിന്ന്‌ ശ്രദ്ധവ്യതിചലിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ആ വ്യക്തി ഏർപ്പെട്ടേക്കാം. പശ്ചിമ ആഫ്രിക്കയിലെ ഒരു കൗമാരക്കാരിയായ അറീൽ ഇത്തരമൊരു സാഹചര്യം നേരിട്ടു.

ടിവിയിൽ വനിതകളുടെ ഹാൻഡ്‌ബോൾ കളി കാണുന്നത്‌ അറീലിന്‌ വളരെ ഇഷ്ടമായിരുന്നു. അവളുടെ സ്‌കൂളിൽ ഒരു ഹാൻഡ്‌ബോൾ ടീമിനെ തിരഞ്ഞെടുക്കുകയുണ്ടായി. അതിൽച്ചേരാൻ അവൾ അതിയായി ആഗ്രഹിച്ചു. അതുകൊണ്ടുണ്ടാകാവുന്ന ആത്മീയ അപകടത്തിനുനേരെ കണ്ണടച്ച അവൾ ടീമിന്റെ ഗോളിയാകാൻ സമ്മതംമൂളി. പിന്നെ എന്തുണ്ടായി? അവൾ വിവരിക്കുന്നു: “ടീമിലെ ചില കുട്ടികൾക്ക്‌ കഞ്ചാവും പുകയിലയും ഒക്കെ ഉപയോഗിക്കുന്ന ബോയ്‌ഫ്രണ്ട്‌സ്‌ ഉണ്ടായിരുന്നു. അവരിൽനിന്നെല്ലാം വ്യത്യസ്‌തയായതിനാൽ ഞാൻ അവരുടെ പരിഹാസപാത്രമായി. പക്ഷേ അത്‌ എനിക്ക്‌ കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മറ്റൊരു അപകടം പതിയിരിപ്പുണ്ടായിരുന്നു: കളിതന്നെ എന്റെ ആത്മീയതയ്‌ക്ക്‌ വിനയായി. കളിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സും ഹൃദയവും നിറയെ. യോഗങ്ങൾക്ക്‌ ഇരിക്കുമ്പോൾപോലും എന്റെ ചിന്ത രാജ്യഹാളിൽനിന്നും ഹാൻഡ്‌ബോൾ കോർട്ടിലേക്കു പറക്കുമായിരുന്നു. എന്റെ ക്രിസ്‌തീയ വ്യക്തിത്വംതന്നെ മാറിപ്പോയി. കളിയോടുള്ള സ്‌നേഹം വിജയിക്കാനുള്ള വാശിയായി പരിണമിച്ചു. മത്സരചിന്തനിമിത്തം ഞാൻ പരിശീലനം തീവ്രമാക്കി; അങ്ങനെ, മാനസികസമ്മർദവും വർധിച്ചു. കളിക്കുവേണ്ടി സുഹൃദ്‌ബന്ധങ്ങൾപോലും ബലികഴിക്കാൻ ഞാൻ തയ്യാറായി.

“ഒരിക്കൽ ഒരു മത്സരത്തിൽ എതിർ ടീമിന്‌ ഒരു പെനാൽറ്റി ഷോട്ട്‌ ലഭിച്ചു, എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവമായിരുന്നു അത്‌. ഞാനായിരുന്നു ഗോൾ തടുക്കേണ്ട വ്യക്തി. എന്താണ്‌ ഞാൻ ചോദിക്കുന്നതെന്ന്‌ തിരിച്ചറിയാതെ ‘എന്നെ സഹായിക്കണമേ’ എന്ന്‌ ഞാൻ യഹോവയോടു പ്രാർഥിച്ചുപോയി! അത്‌ എന്റെ കണ്ണുതുറപ്പിച്ചു. ആത്മീയമായി ഞാൻ എത്രമാത്രം പിന്നോക്കംപോയി എന്ന്‌ എനിക്കു മനസ്സിലായത്‌ അപ്പോഴാണ്‌. തിരിച്ചുവരാൻ ഞാൻ എന്തു ചെയ്‌തു?

“യുവജനങ്ങൾ ചോദിക്കുന്നു—ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കും? * എന്ന നമ്മുടെ ഡിവിഡി ഞാൻ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. ഒരിക്കൽക്കൂടി അത്‌ കാണാൻ ഞാൻ തീരുമാനിച്ചു, കുറച്ചുകൂടി ശ്രദ്ധയോടെ. ആ നാടകത്തിലെ കഥാപാത്രമായ ആൻഡ്രെ എന്ന ചെറുപ്പക്കാരന്റേതിനു സമാനമായിരുന്നല്ലോ എന്റെ സാഹചര്യവും! ഫിലിപ്പിയർ 3:8 വായിക്കാനും അതേക്കുറിച്ച്‌ ചിന്തിക്കാനും ഒരു മൂപ്പൻ ആൻഡ്രെയോട്‌ നിർദേശിച്ച കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അത്‌ അനുസരിച്ചതിനു ഫലമുണ്ടായി: ഞാൻ ടീം വിട്ടു.

“എന്റെ ജീവിതം മാറിമറിഞ്ഞു! മത്സരചിന്തയും അതോടൊപ്പം ഉണ്ടായ മാനസികസമ്മർദവും ഇല്ലാതായി. ക്രിസ്‌തീയ സുഹൃത്തുക്കളോടും ഞാൻ കൂടുതൽ അടുത്തു. എന്റെ സന്തോഷവും വർധിച്ചു. ആത്മീയ പ്രവർത്തനങ്ങൾ ഞാൻ ഏറെ ഇഷ്ടപ്പെടാൻ തുടങ്ങി. ശ്രദ്ധപതറാതെ യോഗങ്ങളിൽ സംബന്ധിക്കാനും അത്‌ ആസ്വദിക്കാനും വീണ്ടും എനിക്കു കഴിഞ്ഞു. ശുശ്രൂഷയിലും പുരോഗതി നേടി. ഇപ്പോൾ ഞാൻ തുടർച്ചയായി സഹായ പയനിയറിങ്‌ ചെയ്യുന്നുണ്ട്‌.”

യേശു നൽകിയ അടയാളം അവഗണിക്കാൻ നിങ്ങളെ എന്തെങ്കിലും പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അറീൽ ചെയ്‌തതുപോലെ പെട്ടെന്ന്‌ പരിഹാരം കണ്ടെത്തുക. പിൻവരുന്ന നിർദേശങ്ങൾ നിങ്ങളെ സഹായിക്കും: നിക്ഷേപങ്ങൾ കണ്ടെത്താനുള്ള മാർഗരേഖ എന്ന വിശേഷണമുള്ള വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്‌) പ്രയോജനപ്പെടുത്തുക. വിശിഷ്ട ഉപദേശങ്ങളും പ്രലോഭനങ്ങൾ വിജയകരമായി തരണംചെയ്‌തവരുടെ അനുഭവങ്ങളും അതിൽ നിങ്ങൾ കണ്ടെത്തും. നന്നായി തയ്യാറായി യോഗങ്ങളിൽ സംബന്ധിക്കുകയും കുറിപ്പുകൾ എടുക്കുകയും ചെയ്‌തുകൊണ്ട്‌ അവയിൽനിന്നും പ്രയോജനംനേടുക. മുൻനിരകളിൽത്തന്നെ ഇരിക്കുന്നത്‌ ഗുണകരമാണെന്ന്‌ പലരും കണ്ടെത്തിയിട്ടുണ്ട്‌. സദസ്യർക്ക്‌ അഭിപ്രായം പറയാൻ അവസരം ഉള്ളപ്പോൾ തുടക്കത്തിൽത്തന്നെ അഭിപ്രായം പറയാൻ ശ്രമിക്കുക. കൂടാതെ, യേശു നൽകിയ അടയാളവുമായും ‘അന്ത്യകാലത്തിന്റെ’ മറ്റു സവിശേഷതകളുമായും ആനുകാലിക വാർത്തകൾക്കുള്ള ബന്ധം കണ്ടെത്തുന്നതും ആത്മീയമായി ഉണർന്നിരിക്കാൻ സഹായകമാണ്‌.—2 തിമൊ. 3:1-5; 2 പത്രോ. 3:3, 4; വെളി. 6:1-8.

“നിങ്ങളും ഒരുങ്ങിയിരിക്കുവിൻ”

ആഗോളതലത്തിൽ നിവൃത്തിയേറാനിരുന്ന അടയാളമാണ്‌ യേശു നൽകിയത്‌. അത്‌ “ഭൂലോകത്തിലെങ്ങും” നടമാടും എന്ന്‌ അവൻ പറഞ്ഞു. (മത്താ. 24:7, 14) ഭൂകമ്പങ്ങളും മഹാവ്യാധികളും ഭക്ഷ്യക്ഷാമങ്ങളും മുൻകൂട്ടിപ്പറഞ്ഞിരുന്ന മറ്റു സംഭവങ്ങളും ദശലക്ഷങ്ങൾ ഇന്ന്‌ കണ്മുന്നിൽ കാണുന്നു. എന്നാൽ മറ്റുപലരും ജീവിക്കുന്നത്‌ താരതമ്യേന സ്വസ്ഥമായ, സമാധാനപരമായ അന്തരീക്ഷത്തിലാണ്‌. യേശു പറഞ്ഞ അടയാളത്തിന്റെ ചില വശങ്ങൾ നിങ്ങൾ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട്‌ മഹാകഷ്ടം വന്നെത്താൻ ഇനിയും ഏറെ സമയമുണ്ടെന്ന്‌ നിഗമനം ചെയ്യേണ്ടതുണ്ടോ? അതു ബുദ്ധിയായിരിക്കില്ല.

ഉദാഹരണത്തിന്‌, ‘മഹാവ്യാധികളെയും ഭക്ഷ്യക്ഷാമങ്ങളെയും’ കുറിച്ച്‌ യേശു പറഞ്ഞത്‌ എന്താണെന്ന്‌ ചിന്തിക്കുക. (ലൂക്കോ. 21:11) ഒന്നാമതായി, ഇവ ഒരേ സമയത്ത്‌ എല്ലാ സ്ഥലത്തും ഒരേ തീവ്രതയിൽ സംഭവിക്കുമെന്ന്‌ അവൻ പറഞ്ഞില്ല. പകരം, “ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ” അവ സംഭവിക്കുമെന്നാണ്‌ അവൻ പറഞ്ഞത്‌. അതുകൊണ്ട്‌ ഒരേ സംഭവങ്ങൾ ഒരേ സമയത്ത്‌ എല്ലായിടത്തും സംഭവിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല. രണ്ടാമതായി, ഭക്ഷ്യക്ഷാമത്തെക്കുറിച്ച്‌ യേശു നടത്തിയ പരാമർശത്തിന്റെ കാര്യമെടുക്കുക. അതേക്കുറിച്ചു പറഞ്ഞ്‌ അധികം വൈകാതെ, തന്റെ ശിഷ്യന്മാരിൽ ചിലർ അമിതഭക്ഷണത്തിനെതിരെ ജാഗ്രതപാലിക്കേണ്ടതുണ്ടെന്നും അവൻ പറയുകയുണ്ടായി: ‘നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്താൽ ഭാരപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ.’ (ലൂക്കോ. 21:34) ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തം: യേശു നൽകിയ അടയാളത്തിന്റെ സവിശേഷതകളെല്ലാം നേരിട്ട്‌ അനുഭവിക്കേണ്ടിവരുമെന്ന്‌ എല്ലാ ക്രിസ്‌ത്യാനികളും പ്രതീക്ഷിക്കരുത്‌. യേശു ഇങ്ങനെയാണ്‌ പറഞ്ഞത്‌: “ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തെത്തിയിരിക്കുന്നെന്ന്‌ അറിഞ്ഞുകൊള്ളുക.” (ലൂക്കോ. 21:31) ആധുനിക ആശയവിനിമയ ഉപാധികളുടെ സഹായത്താൽ യേശു പറഞ്ഞ അടയാളത്തിന്റെ എല്ലാ സവിശേഷതകളും നമുക്ക്‌ കാണാൻ കഴിയും, നാം ജീവിക്കുന്ന പ്രദേശത്തല്ല അത്‌ സംഭവിക്കുന്നതെങ്കിൽക്കൂടി.

മഹാകഷ്ടത്തിന്‌ നാന്ദികുറിക്കുന്ന “നാളും നാഴികയും” യഹോവ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്‌ എന്ന കാര്യവും ഓർക്കണം. (മത്താ. 24:36) ഭൂമിയിലെ സംഭവവികാസങ്ങളൊന്നും ആ നാഴികയ്‌ക്ക്‌ മാറ്റം വരുത്തുകയില്ല.

എല്ലായിടത്തുമുള്ള ക്രിസ്‌ത്യാനികളെ യേശു ഉദ്‌ബോധിപ്പിച്ചു: “നിങ്ങളും ഒരുങ്ങിയിരിക്കുവിൻ.” (മത്താ. 24:44) നാം എപ്പോഴും ഒരുങ്ങിയിരിക്കണം. എന്നുകരുതി, എല്ലാദിവസവും എല്ലാസമയവും ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നമുക്കാവില്ല. മാത്രമല്ല, മഹാകഷ്ടം ആരംഭിക്കുന്ന നിമിഷത്തിൽ നാം എന്തുചെയ്യുകയായിരിക്കും എന്ന്‌ നമുക്ക്‌ ആർക്കും പറയാനാവില്ല. ചിലർ വയലിൽ വേല ചെയ്യുകയാവാം, അല്ലെങ്കിൽ വീട്ടുജോലികളിൽ ഏർപ്പെട്ടിരിക്കുകയാവാം. (മത്താ. 24:40, 41) ആ സ്ഥിതിക്ക്‌, ഒരുങ്ങിയിരിക്കാൻ എന്താണ്‌ നാം ചെയ്യേണ്ടത്‌?

ആറുപെൺമക്കളുള്ള ഇമ്മാനുവേലും വിക്‌ടോറിനും താമസിക്കുന്നത്‌ ആഫ്രിക്കയിലാണ്‌. യേശു പറഞ്ഞ അടയാളത്തിൽ ഉൾപ്പെട്ട സംഭവങ്ങളെല്ലാം അവരുടെ പ്രദേശത്ത്‌ പൂർണ അളവിൽ അനുഭവവേദ്യമല്ല. അതുകൊണ്ട്‌, ഒരുങ്ങിയിരിക്കുന്നതിന്‌ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി എല്ലാദിവസവും ആത്മീയ വിഷയങ്ങൾ ചർച്ചചെയ്യാൻ അവർ തീരുമാനിച്ചു. ഇമ്മാനുവേൽ പറയുന്നു: “എല്ലാവർക്കും പറ്റിയ ഒരു സമയം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ, രാവിലെ ആറിനും ആറരയ്‌ക്കും ഇടയിലുള്ള സമയം തിരഞ്ഞെടുത്തു. ദിനവാക്യം പരിചിന്തിച്ചശേഷം ആ ആഴ്‌ച സഭയിൽ പഠിക്കാനുള്ള പ്രസിദ്ധീകരണങ്ങളിലെ ഏതാനും ഖണ്ഡിക ഞങ്ങൾ തയ്യാറാകും.” ഉണർന്നിരിക്കാൻ ഇത്‌ അവരെ സഹായിക്കുന്നുണ്ടോ? തീർച്ചയായും. ഇമ്മാനുവേൽ സഭയിലെ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനാണ്‌. വിക്‌ടോറിൻ കൂടെക്കൂടെ സഹായ പയനിയറിങ്‌ ചെയ്യുന്നു, പലരെയും സത്യം സ്വീകരിക്കാനും അവർ സഹായിച്ചിട്ടുണ്ട്‌. അവരുടെ മക്കളും ആത്മീയമായി പുരോഗമിക്കുന്നു.

“സൂക്ഷിച്ചുകൊള്ളുവിൻ; ഉണർന്നിരിക്കുവിൻ” എന്ന്‌ യേശു നമ്മെയും ഉദ്‌ബോധിപ്പിക്കുകയാണ്‌. (മർക്കോ. 13:33) അതുകൊണ്ട്‌, ആത്മീയ ഉറക്കത്തിലേക്കു നമ്മെ വലിച്ചിഴയ്‌ക്കാൻ ശ്രദ്ധാശൈഥില്യങ്ങളെ അനുവദിക്കരുത്‌. അറീലിനെപ്പോലെ, നമ്മുടെ പ്രസിദ്ധീകരണങ്ങളിലൂടെയും സഭായോഗങ്ങളിലൂടെയും ലഭിക്കുന്ന ബുദ്ധിയുപദേശങ്ങൾക്ക്‌ ശ്രദ്ധകൊടുക്കുക. ഇമ്മാനുവേലിന്റെ കുടുംബത്തെ അനുകരിച്ചുകൊണ്ട്‌, ഒരുങ്ങിയിരിക്കാനും ‘സദാ ജാഗരൂകരായിരിക്കാനും’ സഹായിക്കുന്ന എന്തെങ്കിലും ദിവസവും ചെയ്യുക.

[അടിക്കുറിപ്പ്‌]

^ ഖ. 8 പല പ്രശ്‌നങ്ങൾ മറികടന്ന്‌ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ ശ്രമിക്കുന്ന ആധുനികകാലത്തെ ഒരു യുവ ക്രിസ്‌ത്യാനിയുടെ കഥയാണ്‌ ഈ നാടകം.

[4-ാം പേജിലെ ചിത്രം]

ദിവസേനയുള്ള ആത്മീയ ചർച്ചകൾ ‘ഒരുങ്ങിയിരിക്കാൻ’ ഇമ്മാനുവേലിനെയും കുടുംബത്തെയും സഹായിക്കുന്നു