വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്ക്‌ ഒന്നിച്ചു സന്തോഷിക്കാം!

നമുക്ക്‌ ഒന്നിച്ചു സന്തോഷിക്കാം!

നമുക്ക്‌ ഒന്നിച്ചു സന്തോഷിക്കാം!

സന്തോഷവും ആഹ്ലാദവുമെല്ലാം ഇക്കാലത്ത്‌ കുറഞ്ഞുവരുന്നു. നല്ല കാര്യങ്ങളൊന്നും മറ്റുള്ളവരുമായി പങ്കുവെക്കാൻ കഴിയാത്ത അവസ്ഥയാണ്‌ പലർക്കും. ഈ അത്യാധുനിക യുഗത്തിൽ ജീവിക്കുന്നവർ, പ്രത്യേകിച്ച്‌ വലിയ നഗരങ്ങളിൽ കഴിയുന്നവർ സ്വന്തം ജീവിതത്തിലേക്ക്‌ ഉൾവലിയുന്ന, സ്വയം ഒറ്റപ്പെടുത്തുന്ന കാഴ്‌ചയാണ്‌ കണ്ടുവരുന്നത്‌.

“ഏകാന്തത ഒരു സാധാരണ പ്രശ്‌നമാണ്‌,” സൈക്കോബയോളജി പ്രൊഫസറായ ആൽബർട്ടോ ഒലിവെറിയോ പറയുന്നു. “ഒറ്റപ്പെട്ടു കഴിയാൻ വഴിയൊരുക്കുന്നതാണ്‌ നഗരങ്ങളിലെ ജീവിതം എന്നതിനു തർക്കമില്ല. പലപ്പോഴും, കൂടെ ജോലിചെയ്യുന്ന ഒരാളുടെയോ അയൽക്കാരന്റെയോ തൊട്ടടുത്തുള്ള കടയിലെ ജോലിക്കാരന്റെയോ വ്യക്തിജീവിതം കണ്ടില്ലെന്നു നടിക്കാൻ അത്തരം ജീവിതശൈലി ഇടയാക്കുന്നു.” അങ്ങനെ ഒറ്റപ്പെട്ടു കഴിയുന്നവർക്ക്‌ വിഷാദരോഗം ബാധിക്കാൻ സാധ്യത ഏറെയാണ്‌.

എന്നാൽ, ക്രിസ്‌ത്യാനികളുടെ സാഹചര്യവും മനോഭാവവും വ്യത്യസ്‌തമാണ്‌. പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “എപ്പോഴും സന്തോഷിക്കുവിൻ.” (1 തെസ്സ. 5:16) സന്തോഷമുള്ളവരായിരിക്കാനും ഒന്നിച്ച്‌ ആഹ്ലാദിക്കാനും നമുക്ക്‌ ധാരാളം കാരണങ്ങളുണ്ട്‌: നാം അത്യുന്നത ദൈവമായ യഹോവയെ ആരാധിക്കുന്നവരാണ്‌; നമുക്ക്‌ ബൈബിളിൽ അടങ്ങിയിരിക്കുന്ന സത്യം അറിയാം; രക്ഷയെക്കുറിച്ചും നിത്യജീവനെക്കുറിച്ചും നമുക്കൊരു സുനിശ്ചിത പ്രത്യാശയുണ്ട്‌; ആ അനുഗ്രഹങ്ങൾ നേടാൻ മറ്റുള്ളവരെ സഹായിക്കാനും നമുക്കാകും.—സങ്കീ. 106:4, 5; യിരെ. 15:16; റോമ. 12:12.

സന്തോഷിക്കുന്നതും മറ്റുള്ളവരോടൊത്ത്‌ ആനന്ദം പങ്കിടുന്നതും സത്യക്രിസ്‌ത്യാനികളുടെ ഒരു പ്രത്യേകതയാണ്‌. അതുകൊണ്ടാണ്‌ ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾക്ക്‌ പൗലോസ്‌ ഇങ്ങനെ എഴുതിയത്‌: “നിങ്ങൾ ഏവരോടുമൊപ്പം ഞാൻ ആനന്ദിക്കും. അങ്ങനെതന്നെ, നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിൻ.” (ഫിലി. 2:17, 18) ഈ ഏതാനും വാക്കുകൾക്കുള്ളിൽത്തന്നെ, മറ്റുള്ളവരോടൊപ്പം ആനന്ദിക്കുന്നതിനെക്കുറിച്ച്‌ പൗലോസ്‌ ആവർത്തിച്ചു പറഞ്ഞിരിക്കുന്നു.

സ്വയം ഒറ്റപ്പെടുത്താനുള്ള പ്രവണതയ്‌ക്കെതിരെ ക്രിസ്‌ത്യാനികൾ ജാഗ്രതപാലിക്കണം. മറ്റുള്ളവരിൽനിന്ന്‌ അകന്നുകഴിയുന്ന ഒരു വ്യക്തിക്ക്‌ സഹവിശ്വാസികളോടൊത്ത്‌ സന്തോഷിക്കാനാകില്ല. അങ്ങനെയെങ്കിൽ, സഹോദരങ്ങളോടൊപ്പം “കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ” എന്ന പൗലോസിന്റെ ഉദ്‌ബോധനം നമുക്ക്‌ എങ്ങനെ അനുസരിക്കാം?—ഫിലി. 3:1.

സഹവിശ്വാസികളുമൊത്ത്‌ സന്തോഷിക്കുക

ഫിലിപ്പിയർക്കുള്ള ലേഖനം എഴുതുമ്പോൾ സാധ്യതയനുസരിച്ച്‌ പൗലോസ്‌ സുവാർത്താ പ്രസംഗത്തെപ്രതി റോമിൽ തടവിലാണ്‌. (ഫിലി. 1:7; 4:22) പക്ഷേ, അതൊന്നും അവന്റെ തീക്ഷ്‌ണതയ്‌ക്കു മങ്ങലേൽപ്പിച്ചില്ല. മറിച്ച്‌, ദൈവസേവനത്തിൽ തന്റെ പരമാവധി ചെയ്യാനാകുന്നതിലും “ഒരു പാനീയയാഗമായി ചൊരി”യപ്പെടാനാകുന്നതിലും അവൻ സന്തോഷിച്ചു. (ഫിലി. 2:17) ഏതു സാഹചര്യത്തിലും ഒരുവനു സന്തോഷം നിലനിറുത്താനാകും എന്നല്ലേ പൗലോസിന്റെ ഈ മനോഭാവം കാണിക്കുന്നത്‌? തടവിലായിരുന്നിട്ടും അവൻ പറഞ്ഞു: ഞാൻ “ഇനിയും ആനന്ദിക്കും.”—ഫിലി. 1:18.

ഫിലിപ്പിയിലെ സഭ സ്ഥാപിച്ചത്‌ പൗലോസാണ്‌; അതുകൊണ്ടുതന്നെ അവിടുത്തെ സഹോദരങ്ങളോട്‌ അവനു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ദൈവസേവനത്തിൽ തനിക്കു ലഭിക്കുന്ന സന്തോഷം ആ സഹോദരങ്ങളുമായി പങ്കുവെക്കുന്നെങ്കിൽ അത്‌ അവരെ പ്രോത്സാഹിപ്പിക്കുമെന്ന്‌ പൗലോസ്‌ മനസ്സിലാക്കി. അതുകൊണ്ട്‌ അവൻ എഴുതി: “ഇപ്പോൾ സഹോദരന്മാരേ, എനിക്കു ഭവിച്ചത്‌ സുവിശേഷത്തിന്റെ പ്രചാരണത്തിനു സഹായകമായി എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്റെ ബന്ധനങ്ങൾ ക്രിസ്‌തുനിമിത്തം ആകുന്നുവെന്ന്‌ ചക്രവർത്തിയുടെ അകമ്പടിപ്പട്ടാളവും മറ്റുള്ളവരും വ്യക്തമായി അറിഞ്ഞിരിക്കുന്നു.” (ഫിലി. 1:12, 13) സഹോദരങ്ങളോടൊത്ത്‌ സന്തോഷിക്കാൻ അവൻ കണ്ടെത്തിയ ഒരു മാർഗമായിരുന്നു അത്‌. ആ സഹോദരങ്ങളും അവനോടൊപ്പം സന്തോഷിച്ചിട്ടുണ്ടാകണം. എന്നാൽ അപ്രകാരം സന്തോഷിക്കണമെങ്കിൽ അവർ പൗലോസിന്റെ അവസ്ഥയെക്കുറിച്ച്‌ ഓർത്ത്‌ ദുഃഖിക്കരുതായിരുന്നു. പകരം, അവർ അവന്റെ മാതൃക അനുകരിക്കുകയാണ്‌ ചെയ്യേണ്ടിയിരുന്നത്‌. (ഫിലി. 1:14; 3:17) പ്രാർഥനയിൽ അവനെ ഓർക്കുന്നതും അവനു വേണ്ട സഹായവും പിന്തുണയും നൽകുന്നതും ആയിരുന്നു അവർക്കു ചെയ്യാനാകുമായിരുന്ന മറ്റു കാര്യങ്ങൾ.—ഫിലി. 1:19; 4:14-16.

പൗലോസിന്റേതുപോലുള്ള സന്തോഷം നമുക്കുണ്ടോ? നമ്മുടെ ജീവിത സാഹചര്യങ്ങളുടെയും ക്രിസ്‌തീയ ശുശ്രൂഷയുടെയും നല്ലവശം കാണാൻ നാം ശ്രമിക്കാറുണ്ടോ? സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, സാക്ഷീകരണവേലയിലെ സന്തോഷകരമായ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കുന്നത്‌ നല്ലതാണ്‌. അവ അസാധാരണമായ അനുഭവങ്ങളായിരിക്കണമെന്നില്ല. ഫലപ്രദമായ ഒരു മുഖവുരയോ അല്ലെങ്കിൽ ചിന്തിപ്പിക്കുന്ന ഒരു വാദമുഖമോ ഉപയോഗിച്ച്‌ വീട്ടുകാരന്റെ താത്‌പര്യം ഉണർത്താൻ നമുക്കു കഴിഞ്ഞിരിക്കാം. ഇനി, ഒരു തിരുവെഴുത്ത്‌ ആധാരമാക്കി നല്ല ഒരു സംഭാഷണം നടത്താനായിട്ടുണ്ടാകാം. അതുമല്ലെങ്കിൽ, പ്രദേശത്തുള്ളവർ നിങ്ങൾ സാക്ഷികളാണെന്ന്‌ തിരിച്ചറിഞ്ഞു എന്നതുപോലും മതിയാകും; അതുതന്നെ ഒരു നല്ല സാക്ഷ്യമായി തീർന്നിരിക്കാം. ഇങ്ങനെയുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നത്‌ ഒന്നിച്ചു സന്തോഷിക്കാനുള്ള അവസരമേകും.

യഹോവയുടെ ദാസന്മാരിൽ പലരും പ്രസംഗവേലയ്‌ക്കായി പല ത്യാഗങ്ങൾ ചെയ്‌തവരും ചെയ്യുന്നവരും ആണ്‌. മുഴുസമയ ശുശ്രൂഷയ്‌ക്കായി സ്വയം അർപ്പിച്ചിരിക്കുന്ന പയനിയർമാരും സഞ്ചാര മേൽവിചാരകന്മാരും ബെഥേൽ അംഗങ്ങളും മിഷനറിമാരും സാർവദേശീയ സേവകന്മാരും തങ്ങളുടെ സേവനത്തിൽ സന്തോഷിക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. അതു കാണുമ്പോൾ അവരോടൊപ്പം സന്തോഷിക്കാൻ നിങ്ങൾക്കു തോന്നാറില്ലേ? ഉണ്ടെങ്കിൽ, ‘ദൈവരാജ്യത്തിനുവേണ്ടി കൂട്ടുവേലക്കാരായി’ സേവിക്കുന്ന അവരോട്‌ നിങ്ങൾക്കുള്ള വിലമതിപ്പു പ്രകടിപ്പിക്കുക. (കൊലോ. 4:11) യോഗസ്ഥലങ്ങളിലും സമ്മേളനങ്ങളിലും വെച്ച്‌ അവരെ ആത്മാർഥമായി പ്രോത്സാഹിപ്പിക്കുക. നമുക്ക്‌ അവരുടെ തീക്ഷ്‌ണത അനുകരിക്കുകയുമാകാം. അവരുടെ അനുഭവങ്ങളും പ്രോത്സാഹനമേകുന്ന വാക്കുകളും കേൾക്കാൻ കഴിയേണ്ടതിന്‌ ‘അവസരങ്ങൾ’ ഉണ്ടാക്കുക: അവർക്ക്‌ ആതിഥ്യമരുളിക്കൊണ്ട്‌, ഒരുപക്ഷേ ഒരുനേരത്തെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ട്‌ ഇതു ചെയ്യാവുന്നതാണ്‌.—ഫിലി. 4:10.

പരിശോധനകൾ നേരിടുന്നവരോടൊപ്പം സന്തോഷിക്കുക

പീഡനങ്ങളിൽ സഹിച്ചുനിന്നതും പരിശോധനകളെ അതിജീവിച്ചതും യഹോവയോടു വിശ്വസ്‌തനായി നിലകൊള്ളാനുള്ള പൗലോസിന്റെ നിശ്ചയദാർഢ്യം ബലിഷ്‌ഠമാക്കി. (കൊലോ. 1:24; യാക്കോ. 1:2, 3) സമാനമായ പരിശോധനകൾ നേരിടുമ്പോൾ തന്റെ മാതൃക ഫിലിപ്പിയിലെ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുമെന്നു മനസ്സിലാക്കിയ പൗലോസ്‌ അവരോടൊപ്പം സന്തോഷിച്ചു. അതുകൊണ്ടാണ്‌ അവൻ ഇങ്ങനെ എഴുതിയത്‌: “ക്രിസ്‌തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിക്കാനും നിങ്ങൾക്കു പദവി ലഭിച്ചിരിക്കുന്നു. എനിക്ക്‌ ഉണ്ടായിരുന്നതായി നിങ്ങൾ കണ്ടതും ഇപ്പോൾ ഉള്ളതായി നിങ്ങൾ കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.”—ഫിലി. 1:29, 30.

സമാനമായി ഇന്നും, സാക്ഷീകരണവേലനിമിത്തം ക്രിസ്‌ത്യാനികൾക്ക്‌ എതിർപ്പു നേരിടേണ്ടിവരുന്നു. ചിലപ്പോൾ അത്‌ ആക്രമണത്തിന്റെ രൂപത്തിലായിരിക്കാമെങ്കിലും മിക്കപ്പോഴും അത്‌ മറ്റു രൂപങ്ങളിലാണ്‌ അവതരിക്കുന്നത്‌. വിശ്വാസത്യാഗികളുടെ വ്യാജാരോപണങ്ങളും കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പും സഹപ്രവർത്തകരുടെയോ സഹപാഠികളുടെയോ പരിഹാസവും ഒക്കെ അതിൽപ്പെടും. ഇത്തരം പരിശോധനകൾ ഉണ്ടാകുമ്പോൾ അതിശയിക്കേണ്ടതില്ലെന്നും അവ നമ്മെ നിരുത്സാഹിതരാക്കരുതെന്നും യേശു പറഞ്ഞു; വാസ്‌തവത്തിൽ അവ നമ്മെ സന്തോഷിപ്പിക്കുകയാണ്‌ വേണ്ടത്‌. അവൻ പറഞ്ഞു: “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകയാൽ ആനന്ദിക്കുകയും സന്തോഷത്താൽ തുള്ളിച്ചാടുകയും ചെയ്യുവിൻ.”—മത്താ. 5:11, 12.

ചില ദേശങ്ങളിൽ, നമ്മുടെ സഹോദരങ്ങൾക്ക്‌ കടുത്ത പീഡനങ്ങൾ നേരിടേണ്ടിവരുന്നതിനെക്കുറിച്ചു കേൾക്കുമ്പോൾ നാം പരിഭ്രാന്തരാകരുത്‌. പകരം, അവർ ആ പരിശോധനകൾ സഹിച്ചുനിന്നതിനെപ്രതി സന്തോഷിക്കുകയാണ്‌ വേണ്ടത്‌. സഹിച്ചുനിൽക്കാനും വിശ്വാസത്തിൽ തുടരാനും അവരെ സഹായിക്കണമേയെന്ന്‌ നമുക്ക്‌ യഹോവയോടു പ്രാർഥിക്കാൻ കഴിയും. (ഫിലി. 1:3, 4) അവർക്കുവേണ്ടി മറ്റൊന്നും ചെയ്യാൻ നമുക്ക്‌ കഴിയില്ലായിരിക്കാം; എന്നാൽ പരിശോധനകൾ അഭിമുഖീകരിക്കുന്ന നമ്മുടെ സഭയിലെ സഹോദരങ്ങളെ സഹായിക്കാൻ നമുക്കാകും. അവരിൽ താത്‌പര്യമെടുക്കുക, വേണ്ട പിന്തുണ നൽകുക. നമ്മോടൊപ്പം ഇടയ്‌ക്കൊക്കെ കുടുംബാരാധനയിൽ പങ്കെടുക്കാനും ശുശ്രൂഷയിൽ പ്രവർത്തിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും നമുക്ക്‌ അവരെ ക്ഷണിക്കാം; അങ്ങനെ അവരോടൊപ്പം സന്തോഷിക്കാനുള്ള അവസരങ്ങൾ കണ്ടെത്താം.

ഒന്നിച്ചു സന്തോഷിക്കാൻ നമുക്ക്‌ ധാരാളം കാരണങ്ങളുണ്ട്‌! സ്വയം ഒറ്റപ്പെടുത്താനുള്ള ലോകത്തിന്റെ പ്രവണതയെ നമുക്കു ചെറുക്കാം; പകരം, നമ്മുടെ സഹോദരങ്ങളുമൊത്ത്‌ തുടർന്നും സന്തോഷം പങ്കുവെക്കാം. അങ്ങനെചെയ്യുന്നപക്ഷം, സഭയിലെ സ്‌നേഹവും ഐക്യവും പരിപോഷിപ്പിക്കാൻ കഴിയുമെന്നുമാത്രമല്ല ക്രിസ്‌തീയ സാഹോദര്യത്തിന്റെ മധുരം പൂർണമായി നുകരാനും നമുക്കാകും. (ഫിലി. 2:1, 2) അതെ, “സന്തോഷിക്കുവിൻ” എന്ന പൗലോസിന്റെ ആഹ്വാനത്തിനു ചേർച്ചയിൽ നമുക്ക്‌ ‘കർത്താവിൽ എപ്പോഴും സന്തോഷിക്കാം!’—ഫിലി. 4:4.

[6-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഗ്ലോബ്‌: Courtesy of Replogle Globes