വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ വിനോദം പ്രയോജനപ്രദമാണോ?

നിങ്ങളുടെ വിനോദം പ്രയോജനപ്രദമാണോ?

നിങ്ങളുടെ വിനോദം പ്രയോജനപ്രദമാണോ?

“കർത്താവിനു പ്രസാദകരമായത്‌ എന്തെന്ന്‌ സദാ പരിശോധിച്ച്‌ ഉറപ്പാക്കുവിൻ.” —എഫെ. 5:10.

1, 2. (എ) നാം ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്ന്‌ എന്തു തെളിയിക്കുന്നു? (ബി) വിനോദത്തിനായി ചെലവിടുന്ന സമയം ‘ദൈവത്തിന്റെ ഒരു ദാനമായി’ കാണുന്നത്‌ നമ്മെ എന്തിനു പ്രേരിപ്പിക്കും?

നാം ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്ന്‌ കാണിക്കുന്ന പല തിരുവെഴുത്തു ഭാഗങ്ങളും ബൈബിളിൽ കാണാനാകും. “ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും (യഹോവ) ഉത്ഭവിപ്പിക്കുന്നു” എന്ന്‌ സങ്കീർത്തനം 104:14, 15 പറയുന്നു. അതെ, നമുക്ക്‌ ആവശ്യമായ ധാന്യവും എണ്ണയും വീഞ്ഞും നൽകുന്ന സസ്യങ്ങളെ വളരുമാറാക്കുന്നത്‌ യഹോവയാണ്‌. എന്നാൽ നമ്മുടെ ഉപജീവനത്തിന്‌ അവശ്യം വേണ്ട ഒന്നല്ല വീഞ്ഞ്‌. നമ്മുടെ ‘ഹൃദയത്തെ സന്തോഷിപ്പിക്കാൻ,’ ജീവിതത്തെ കൂടുതൽ ആനന്ദഭരിതമാക്കാൻ, യഹോവ നൽകിയ ഒരു ദാനമാണത്‌. (സഭാ. 9:7; 10:19) നാം ജീവിച്ചിരിക്കണമെന്നു മാത്രമല്ല ജീവിതം ആസ്വദിക്കണമെന്നും നമ്മുടെ ഹൃദയം ‘ആനന്ദം’കൊണ്ട്‌ നിറയണമെന്നും യഹോവ ആഗ്രഹിക്കുന്നു എന്നല്ലേ ഇതു കാണിക്കുന്നത്‌?—പ്രവൃ. 14:16, 17.

2 അതുകൊണ്ട്‌, “ആകാശത്തിലെ പക്ഷികളെ”യും “വയലിലെ ലില്ലികളെ”യും നിരീക്ഷിക്കാനോ ജീവിതത്തെ ആനന്ദദായകമാക്കുന്ന രസകരമായ മറ്റെന്തെങ്കിലും ചെയ്യാനോ ഇടയ്‌ക്കൊക്കെ സമയം കണ്ടെത്തുന്നതിൽ തെറ്റൊന്നുമില്ല. (മത്താ. 6:26, 28; സങ്കീ. 8:3, 4) സന്തോഷം നിറഞ്ഞ ജീവിതം ‘ദൈവത്തിന്റെ ദാനമാണ്‌.’ (സഭാ. 3:12, 13) വിനോദത്തിനായി ചെലവിടുന്ന സമയവും ആ ദാനത്തിന്റെ ഭാഗമാണെന്ന കാര്യം മനസ്സിൽപ്പിടിക്കുന്നെങ്കിൽ ദൈവത്തിനു പ്രസാദകരമായ വിധത്തിൽ അത്‌ ഉപയോഗിക്കാൻ നാം പ്രേരിതരായിത്തീരും. *

വൈവിധ്യമാകാം, എന്നാൽ പരിധിവേണം

3. പലരും വ്യത്യസ്‌ത ഉല്ലാസങ്ങൾ തിരഞ്ഞെടുക്കുന്നത്‌ എന്തുകൊണ്ട്‌?

3 ചില പരിധികൾ മാനിക്കുകയാണെങ്കിൽ വിവിധങ്ങളായ വിനോദങ്ങൾ ഒരാൾക്കു തിരഞ്ഞെടുക്കാമെന്ന വസ്‌തുത സമനിലയോടെ കാര്യങ്ങൾ വീക്ഷിക്കുന്ന ഒരു വ്യക്തി അംഗീകരിക്കും. എന്തുകൊണ്ട്‌? ഉത്തരത്തിനായി ഉല്ലാസത്തെ ഭക്ഷണവുമായി ഒന്ന്‌ താരതമ്യംചെയ്യാം. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർക്ക്‌ വ്യത്യസ്‌ത വിഭവങ്ങളാണ്‌ പ്രിയം. വാസ്‌തവത്തിൽ, ഒരു പ്രദേശത്തെ ആളുകൾ ഏറെ പ്രിയപ്പെടുന്ന ഒരു വിഭവം മറ്റൊരു പ്രദേശത്തെ ആളുകൾക്ക്‌ ഒട്ടും ഇഷ്ടമായെന്നുവരില്ല. സമാനമായി, ഒരു പ്രദേശത്തെ ക്രിസ്‌ത്യാനികൾ ആസ്വദിക്കുന്ന വിനോദം മറ്റൊരു സ്ഥലത്തെ ക്രിസ്‌ത്യാനികൾക്ക്‌ രസകരമായി തോന്നണമെന്നില്ല. ഒരേ പ്രദേശത്തു താമസിക്കുന്ന ക്രിസ്‌ത്യാനികൾക്കിടയിൽപോലും ഇങ്ങനെയുള്ള വ്യത്യാസങ്ങൾ ഉണ്ടാകാം. വെറുതെയിരുന്ന്‌ പുസ്‌തകം വായിക്കുന്നത്‌ ഒരാൾക്ക്‌ വളരെ ഇഷ്ടമായിരിക്കാം; എന്നാൽ മറ്റൊരാൾക്ക്‌ അത്‌ തീർത്തും വിരസമായി തോന്നാം. ഇനി, സൈക്കിൾ ഓടിച്ച്‌ കാഴ്‌ചകൾ കാണുന്നതായിരിക്കാം ചിലർ ആസ്വദിക്കുന്നത്‌; എന്നാൽ, മറ്റുചിലർ അതിനെ കാണുന്നത്‌ ഒരു അധ്വാനമായിട്ടായിരിക്കും. അതുകൊണ്ട്‌ ഭക്ഷണത്തിന്റെ കാര്യത്തിൽ എന്നപോലെ ഉല്ലാസത്തിന്റെ കാര്യത്തിലും വ്യക്തികളുടെ അഭിരുചികൾ വ്യത്യാസപ്പെട്ടിരിക്കുമെന്നും ഇഷ്ടാനുസരണം അവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ടെന്നും നാം അംഗീകരിക്കുന്നു.—റോമ. 14:2-4.

4. ശ്രദ്ധാപൂർവം വിനോദങ്ങൾ തിരഞ്ഞെടുക്കേണ്ടത്‌ എന്തുകൊണ്ട്‌? ഉദാഹരിക്കുക.

4 ഇഷ്ടാനുസരണം വിനോദം തിരഞ്ഞെടുക്കാം എന്നുകരുതി എന്തും സ്വീകാര്യമാണെന്ന്‌ നാം കരുതുന്നില്ല. ഭക്ഷണത്തെക്കുറിച്ചുതന്നെ വീണ്ടും ചിന്തിക്കുക. പലതരത്തിലുള്ള ഭക്ഷണം ആസ്വദിക്കുന്നവർപോലും കേടായ ഭക്ഷണം അറിഞ്ഞുകൊണ്ട്‌ കഴിക്കുകയില്ല; അത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കുന്നതല്ല. അങ്ങനെയുള്ള ഭക്ഷണം കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ നമുക്കറിയാം. നല്ല വിനോദങ്ങളിൽ വൈവിധ്യങ്ങൾ തിരയുന്നത്‌ തെറ്റല്ലെങ്കിലും അപകടകരമായ, അക്രമത്തെയും അധാർമികതയെയും പ്രോത്സാഹിപ്പിക്കുന്ന നേരമ്പോക്കുകൾ നാം തിരഞ്ഞെടുക്കില്ല. അത്തരം ഉല്ലാസങ്ങൾ ആസ്വദിക്കുന്നത്‌ തിരുവെഴുത്തു തത്ത്വങ്ങൾക്കു വിരുദ്ധമാണ്‌; അത്‌ നമ്മുടെ ശാരീരിക ആരോഗ്യത്തെയോ ആത്മീയ ക്ഷേമത്തെയോ പ്രതികൂലമായി ബാധിക്കും. പരിധിവിട്ടുപോകുന്നില്ല എന്ന്‌ ഉറപ്പുവരുത്താൻ, നമുക്ക്‌ ആകർഷകമായി തോന്നുന്ന വിനോദങ്ങൾ വാസ്‌തവത്തിൽ പ്രയോജനപ്രദമാണോ എന്ന്‌ നാം മുന്നമേ പരിശോധിച്ച്‌ ഉറപ്പാക്കേണ്ടതുണ്ട്‌. (എഫെ. 5:10) അത്‌ എങ്ങനെ ചെയ്യാം?

5. നാം ഇഷ്ടപ്പെടുന്ന വിനോദങ്ങൾ ദൈവിക നിലവാരങ്ങൾക്ക്‌ ഒത്തതാണോ എന്ന്‌ എങ്ങനെ തിട്ടപ്പെടുത്താം?

5 ദൈവവചനം നിഷ്‌കർഷിക്കുന്ന നിലവാരങ്ങൾക്കൊത്ത വിനോദങ്ങൾ മാത്രമേ നമുക്ക്‌ ഉപകാരപ്പെടുകയുള്ളൂ; അവ മാത്രമേ യഹോവയെ പ്രസാദിപ്പിക്കൂ. (സങ്കീ. 86:11) നിങ്ങൾക്കു താത്‌പര്യമുള്ള വിനോദങ്ങൾ ഈ ഗണത്തിൽപ്പെടുമോ എന്ന്‌ തിട്ടപ്പെടുത്താൻ ലളിതമായ മൂന്നുചോദ്യങ്ങൾ പരിചിന്തിക്കുക: എന്ത്‌, എത്രമാത്രം, ആര്‌? അവ ഓരോന്നും വിശദമായി നമുക്കു നോക്കാം.

എന്താണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌?

6. നാം ഏതുതരം വിനോദം പാടേ ഒഴിവാക്കണം, എന്തുകൊണ്ട്‌?

6 ‘എന്നെ ആകർഷിച്ച ഈ വിനോദത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?’—ഒരു വിനോദത്തിൽ ഏർപ്പെടുന്നതിനുമുമ്പ്‌ ആദ്യം ചോദിക്കേണ്ട ചോദ്യമാണത്‌. ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഒരു കാര്യം മനസ്സിൽപ്പിടിക്കുക: അടിസ്ഥാനപരമായി രണ്ടുതരം വിനോദങ്ങളുണ്ട്‌. ആദ്യത്തേത്‌ തീർത്തും ഒഴിവാക്കേണ്ടവയാണ്‌, രണ്ടാമത്തേത്‌ അതിൽത്തന്നെ കുഴപ്പമില്ലാത്തതും. എങ്ങനെയുള്ളവയാണ്‌ തീർത്തും ഒഴിവാക്കേണ്ടത്‌? ഇന്ന്‌ ലോകത്തിലുള്ള മിക്ക ഉല്ലാസങ്ങളും ദൈവിക നിയമങ്ങളെയോ ബൈബിൾ തത്ത്വങ്ങളെയോ പാടേ അവമതിക്കുന്നവയാണ്‌. (1 യോഹ. 5:19) സത്യക്രിസ്‌ത്യാനികൾ അത്തരം വിനോദം തീർത്തും ഒഴിവാക്കും. ക്രൂരത, ഭൂതവിദ്യ, സ്വവർഗരതി, അശ്ലീലം, അക്രമം തുടങ്ങിയവയെ ചിത്രീകരിക്കുന്നതോ ദുഷിച്ച, അധാർമിക പ്രവൃത്തികളെ വാഴ്‌ത്തുന്നതോ ആയ ഉല്ലാസങ്ങൾ അതിൽപ്പെടും. (1 കൊരി. 6:9, 10; വെളിപാട്‌ 21:8 വായിക്കുക.) എവിടെ ആയിരുന്നാലും ഇങ്ങനെയുള്ള നേരമ്പോക്കുകളിൽനിന്ന്‌ നാം അകന്നുനിൽക്കണം. അപ്പോൾ, നാം ‘ദോഷത്തെ വെറുക്കുന്നു’ എന്ന്‌ യഹോവയുടെ മുമ്പാകെ തെളിയിക്കുകയായിരിക്കും.—റോമ. 12:9; 1 യോഹ. 1:5, 6.

7, 8. വിനോദത്തെ വിലയിരുത്തേണ്ടത്‌ എങ്ങനെ? ഉദാഹരിക്കുക.

7 രണ്ടാമത്തേത്‌, ദൈവവചനം നേരിട്ടു കുറ്റംവിധിക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ഉല്ലാസങ്ങളാണ്‌. അത്തരം വിനോദം തിരഞ്ഞെടുക്കുന്നതിനുമുമ്പ്‌ യഹോവയുടെ വീക്ഷണം കണക്കിലെടുക്കുക, അവൻ ഈ വിനോദത്തെ നല്ലതും പ്രയോജനപ്രദവും ആയി കരുതുമോ എന്ന്‌ ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ശ്രദ്ധാപൂർവം വിലയിരുത്തുക. (സദൃ. 4:10, 11) അതിനുശേഷം സ്വന്തമായി ഒരു തീരുമാനം എടുക്കുക, പിന്നീട്‌ മനസ്സാക്ഷി നിങ്ങളെ അലട്ടാൻ ഇടവരാത്ത ഒരു തീരുമാനം. (ഗലാ. 6:5; 1 തിമൊ. 1:19) അത്‌ എങ്ങനെ സാധിക്കും? ഒരു വിഭവം ആദ്യമായി കഴിക്കുന്നതിനുമുമ്പ്‌ അതിലെ പ്രധാന ചേരുവകൾ എന്തൊക്കെയാണെന്ന്‌ നിങ്ങൾ അന്വേഷിക്കുകയില്ലേ? അതുപോലെ, ഒരു വിനോദം തിരഞ്ഞെടുക്കുന്നതിനുമുമ്പ്‌ അതിലെ ‘ചേരുവകൾ’ എന്തൊക്കെയാണെന്ന്‌ നാം കണ്ടെത്തണം.—എഫെ. 5:17.

8 ഉദാഹരണത്തിന്‌, നിങ്ങൾക്ക്‌ കായിക വിനോദങ്ങൾ ഇഷ്ടമായിരിക്കാം. അത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ; കാരണം കായിക വിനോദങ്ങൾ പൊതുവെ രസകരവും ആവേശംപകരുന്നതും ആണ്‌. എന്നാൽ നിങ്ങൾ ഇഷ്ടപ്പെടുന്ന കായിക വിനോദങ്ങൾ കടുത്ത മത്സരം നിറഞ്ഞതോ, അപകട സാധ്യതയുള്ളതോ, വന്യമായ ആഘോഷങ്ങൾ നിറഞ്ഞതോ, ദേശീയ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ, സമാനമായ മറ്റെന്തെങ്കിലും ‘ചേരുവകൾ’ ഉള്ളതോ ആണോ? അതിൽ ഏർപ്പെടുന്ന മിക്കവർക്കും പരിക്കുപറ്റാറുണ്ടോ? പ്രസ്‌തുത വിനോദത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ വിലയിരുത്തുമ്പോൾ, നിങ്ങളുടെ വീക്ഷണം യഹോവയുടെ വീക്ഷണവുമായും ദൈവജനം മറ്റുള്ളവരോട്‌ അറിയിക്കുന്ന സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായും യോജിക്കുന്നില്ല എന്നു നിങ്ങൾ കണ്ടെത്തിയേക്കാം. (യെശ. 61:1; ഗലാ. 5:19-21) അതേസമയം, അതിലെ ‘ചേരുവകൾ’ യഹോവ അംഗീകരിക്കുന്നവയാണെന്നു കണ്ടെത്തുന്നുവെന്നിരിക്കട്ടെ. എങ്കിൽ, നിങ്ങൾക്ക്‌ നവോന്മേഷം പകരുന്ന, പ്രയോജനപ്രദമായ വിനോദമായിരിക്കും അത്‌.—ഗലാ. 5:22, 23; ഫിലിപ്പിയർ 4:8 വായിക്കുക.

എത്രമാത്രം സമയം?

9. ‘ഞാൻ എപ്പോഴാണ്‌ വിനോദത്തിൽ ഏർപ്പെടാൻ പോകുന്നത്‌?’ എന്ന ചോദ്യം എന്തു വ്യക്തമാക്കും?

9 ‘ഞാൻ എപ്പോഴാണ്‌ വിനോദത്തിൽ ഏർപ്പെടാൻ പോകുന്നത്‌?’—രണ്ടാമത്‌ ചോദിക്കേണ്ട ചോദ്യമാണത്‌. ‘എത്രമാത്രം സമയം ഞാൻ അതിനായി ചെലവഴിക്കും?’ വിനോദത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌ എന്ന ചോദ്യം നമ്മുടെ ചിന്താഗതിയുടെ നേർക്കുപിടിക്കുന്ന ഒരു കണ്ണാടിയാണ്‌. എന്തെല്ലാം സ്വീകാര്യമായും എന്തെല്ലാം അസ്വീകാര്യമായും നാം കാണുന്നു എന്ന്‌ അത്‌ വെളിപ്പെടുത്തും. എന്നാൽ എത്രമാത്രം എന്ന ചോദ്യം നമ്മുടെ മുൻഗണനകൾ വ്യക്തമാക്കും; നാം എന്തിനാണ്‌ പ്രാധാന്യം കൽപ്പിക്കുന്നതെന്നും എന്തിനെ അപ്രധാനമായി വീക്ഷിക്കുന്നുവെന്നും അത്‌ വെളിപ്പെടുത്തും. ആകട്ടെ, ഉല്ലാസത്തിന്‌ നാം വേണ്ടതിലേറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ടോയെന്ന്‌ എങ്ങനെ നിർണയിക്കാം?

10, 11. വിനോദത്തിനായി എത്രമാത്രം സമയം ചെലവഴിക്കണമെന്ന്‌ നിർണയിക്കാൻ മത്തായി 6:33-ലെ യേശുവിന്റെ വാക്കുകൾ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

10 യേശുക്രിസ്‌തു തന്റെ അനുഗാമികളോടു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടുംകൂടെ സ്‌നേഹിക്കണം.” (മർക്കോ. 12:30) അതുകൊണ്ട്‌ യഹോവയോടുള്ള സ്‌നേഹത്തിനായിരിക്കണം നമ്മുടെ ജീവിതത്തിൽ മുൻഗണന. “ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും” എന്ന യേശുവിന്റെ ഉദ്‌ബോധനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ നാം ദൈവത്തോടുള്ള സ്‌നേഹത്തിന്‌ മുൻഗണന നൽകുകയാണ്‌. (മത്താ. 6:33) എന്നാൽ യേശുവിന്റെ ഈ വാക്കുകൾ, ഉല്ലാസത്തിന്‌ എത്രമാത്രം പ്രാധാന്യം കൽപ്പിക്കണമെന്നും അതിനായി എത്രമാത്രം സമയം നീക്കിവെക്കണമെന്നും തീരുമാനിക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

11 ‘ഒന്നാമത്‌ രാജ്യം അന്വേഷിക്കുവിൻ’ എന്നാണ്‌ യേശു പറഞ്ഞത്‌. ‘രാജ്യം മാത്രം അന്വേഷിക്കുവിൻ’ എന്ന്‌ അവൻ പറഞ്ഞില്ല. ഇതു ശ്രദ്ധേയമാണ്‌. രാജ്യം അന്വേഷിക്കുന്നതോടൊപ്പം മറ്റു പലതും നാം അന്വേഷിക്കേണ്ടതുണ്ടെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. വീടും, ഭക്ഷണവും, വസ്‌ത്രവും, അടിസ്ഥാന വിദ്യാഭ്യാസവും, ജോലിയും, ഉല്ലാസവും, അങ്ങനെ പലതും നമുക്ക്‌ ആവശ്യമാണ്‌. എന്നാൽ, എന്തെല്ലാം അന്വേഷിച്ചാലും നാം ഏറ്റവും പ്രാധാന്യം കൽപ്പിക്കേണ്ടത്‌ ദൈവരാജ്യത്തിനാണ്‌. (1 കൊരി. 7:29-31) ഈ തിരിച്ചറിവ്‌ നമ്മെ എപ്രകാരം സ്വാധീനിക്കണം? ദൈവരാജ്യത്തിനായി പ്രവർത്തിക്കുക എന്ന പ്രഥമ ഉത്തരവാദിത്വം നിർവഹിക്കാൻ നമ്മെ സജ്ജരാക്കുന്നവിധത്തിൽവേണം വിനോദം ഉൾപ്പെടെ മറ്റെന്തും അന്വേഷിക്കാൻ. ഇക്കാര്യം മനസ്സിൽപ്പിടിച്ചു പ്രവർത്തിക്കുകയാണെങ്കിൽ മിതമായ ഉല്ലാസം നമുക്കു ഗുണംചെയ്യും.

12. വിനോദത്തിന്റെ കാര്യത്തിൽ ലൂക്കോസ്‌ 14:28-ലെ തത്ത്വം എങ്ങനെ ബാധകമാക്കാം?

12 അതുകൊണ്ട്‌, വിനോദത്തിനായി സമയം ചെലവഴിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ്‌ അതിന്‌ ഒടുക്കേണ്ടിവരുന്ന വില കണക്കിലെടുക്കുക. (ലൂക്കോ. 14:28) നാം ഏർപ്പെടാൻ ഉദ്ദേശിക്കുന്ന വിനോദ പരിപാടിക്കായി എത്രത്തോളം സമയം ചെലവിടേണ്ടിവരും? അത്രയും സമയത്തിനു തക്ക മൂല്യം അതിനുണ്ടോ? വ്യക്തിപരമായ ബൈബിൾ പഠനം, കുടുംബാരാധന, ക്രിസ്‌തീയ യോഗങ്ങൾ, പ്രസംഗവേല എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട പ്രവർത്തനങ്ങളെ ഒരു വിനോദപരിപാടി ബാധിക്കുമെങ്കിൽ, ചെലവിടുന്ന സമയത്തിനു തക്ക മൂല്യം അതിനില്ല. (മർക്കോ. 8:36) എന്നാൽ, ഇടയ്‌ക്കൊക്കെ ഏർപ്പെടുന്ന ഒരു വിനോദപരിപാടി ദൈവരാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഊർജസ്വലതയോടെ പങ്കെടുക്കാൻ നമ്മെ സജ്ജരാക്കുമെങ്കിൽ അത്തരം വിനോദത്തിനായി ചെലവിടുന്ന സമയം തക്ക മൂല്യമുള്ളതാണെന്ന്‌ പറയാം.

ആരുമായാണ്‌ ഞാൻ സഹവസിക്കുന്നത്‌?

13. നാം ആരോടൊപ്പമാണ്‌ വിനോദത്തിൽ ഏർപ്പെടാറുള്ളത്‌ എന്ന കാര്യം ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

13 ‘വിനോദത്തിൽ ഏർപ്പെടുമ്പോൾ ആരുമായാണ്‌ ഞാൻ സഹവസിക്കുന്നത്‌?’ എന്നതാണ്‌ അടുത്തതായി നാം ചോദിക്കേണ്ട ചോദ്യം. ഇതു പ്രധാനമാണ്‌. എന്തുകൊണ്ട്‌? കാരണം നാം ഏതുതരം വിനോദപരിപാടികൾ തിരഞ്ഞെടുക്കും എന്നത്‌ നാം ആരോടൊപ്പമാണ്‌ സഹവസിക്കുന്നത്‌ എന്നതിനെയും ആശ്രയിച്ചിരിക്കും. നല്ല സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആസ്വാദ്യത വർധിക്കുന്നതുപോലെ നല്ല കൂട്ടുകാരോടൊപ്പം ഉല്ലാസത്തിൽ ഏർപ്പെടുമ്പോൾ അത്‌ കൂടുതൽ രസകരമായിത്തീരാൻ ഇടയുണ്ട്‌. അതുകൊണ്ടുതന്നെ നമ്മിൽ മിക്കവരും, പ്രത്യേകിച്ച്‌ ചെറുപ്പക്കാർ, മറ്റുള്ളവരോടൊപ്പം വിനോദം ആസ്വദിക്കാനാണ്‌ താത്‌പര്യപ്പെടുന്നത്‌. എന്നാൽ, നാം തിരഞ്ഞെടുക്കുന്ന വിനോദത്തിൽനിന്ന്‌ പ്രയോജനം നേടാനാകണമെങ്കിൽ ആരോടൊപ്പമാണ്‌ അതിൽ ഏർപ്പെടാൻ പോകുന്നത്‌ എന്ന കാര്യം മുന്നമേ ചിന്തിക്കേണ്ടതുണ്ട്‌.—2 ദിന. 19:2; സദൃശവാക്യങ്ങൾ 13:20 വായിക്കുക; യാക്കോ. 4:4.

14, 15. (എ) നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു? (ബി) സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിനോടു ബന്ധപ്പെട്ട്‌ നാം ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?

14 കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ യേശുവിന്റെ മാതൃക അനുകരിക്കുന്നത്‌ നന്നായിരിക്കും. ദൈവം മനുഷ്യരെ സൃഷ്ടിച്ച നാൾമുതൽ യേശുവിന്‌ അവരോട്‌ ഒരു പ്രത്യേക താത്‌പര്യമുണ്ടായിരുന്നു. (സദൃ. 8:31) ഭൂമിയിലായിരുന്നപ്പോൾ എല്ലാത്തരത്തിലുള്ള ആളുകളോടും അവൻ പരിഗണനയോടും സ്‌നേഹത്തോടും കൂടെ ഇടപെട്ടു. (മത്താ. 15:29-37) എന്നാൽ എല്ലാവരെയും അവൻ തന്റെ ഉറ്റസുഹൃത്തുക്കളായി കണക്കാക്കിയില്ല. പൊതുവെ എല്ലാവരോടും സൗഹാർദപൂർവമാണ്‌ ഇടപെട്ടതെങ്കിലും ചില വ്യവസ്ഥകൾക്കൊത്ത്‌ ജീവിച്ചവരെമാത്രമേ അവൻ തന്റെ ഉറ്റസുഹൃത്തുക്കളായി തിരഞ്ഞെടുത്തുള്ളൂ. തന്റെ 11 വിശ്വസ്‌ത ശിഷ്യന്മാരോടായി അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ കൽപ്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്‌നേഹിതന്മാരാകുന്നു.” (യോഹ. 15:14; യോഹന്നാൻ 13:27, 30-ഉം കാണുക.) യഹോവയെ സേവിച്ച തന്റെ അനുഗാമികളെ മാത്രമാണ്‌ അവൻ തന്റെ സ്‌നേഹിതരായി കണ്ടത്‌.

15 അതുകൊണ്ട്‌, ഒരു വ്യക്തിയെ ഉറ്റസുഹൃത്താക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുമ്പോൾ യേശുവിന്റെ വാക്കുകൾ മനസ്സിൽപ്പിടിക്കുന്നത്‌ ബുദ്ധിയായിരിക്കും. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘യഹോവയുടെയും യേശുവിന്റെയും കൽപ്പനകൾ പ്രമാണിക്കുന്നുവെന്ന്‌ തെളിയിക്കുന്നതാണോ ഈ വ്യക്തിയുടെ വാക്കുകളും പ്രവൃത്തികളും? എന്റെ ബൈബിളധിഷ്‌ഠിത നിലവാരങ്ങളും ധാർമിക മൂല്യങ്ങളും മാനിക്കുന്ന, അവയ്‌ക്കു ചേർച്ചയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണോ ഇദ്ദേഹം? രാജ്യം ഒന്നാമതുവെക്കാനും യഹോവയുടെ വിശ്വസ്‌ത ദാസനായിരിക്കാനും ഈ വ്യക്തിയുമായുള്ള സഹവാസം എന്നെ സഹായിക്കുമോ?’ ഈ ചോദ്യങ്ങൾക്ക്‌ ‘ഉവ്വ്‌’ എന്ന്‌ ഉറപ്പോടെ നിങ്ങൾക്ക്‌ ഉത്തരം പറയാനാകുമെങ്കിൽ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ പറ്റിയ ഒരു നല്ല സുഹൃത്തിനെ നിങ്ങൾ കണ്ടെത്തിയിരിക്കുകയാണ്‌.—സങ്കീർത്തനം 119:63 വായിക്കുക; 2 കൊരി. 6:14; 2 തിമൊ. 2:22.

നമ്മുടെ വിനോദം—സ്വീകാര്യമോ?

16. നാം തിരഞ്ഞെടുക്കുന്ന വിനോദത്തോടു ബന്ധപ്പെട്ട്‌ ഏതു കാര്യങ്ങൾ വിശകലനം ചെയ്യണം?

16 വിനോദത്തിന്റെ മൂന്നുവശം നാം ചുരുക്കമായി പരിചിന്തിച്ചു—ഗുണനിലവാരം, അളവ്‌, സഹവാസം. ഒരു വിനോദം പ്രയോജനപ്രദമായിരിക്കണമെങ്കിൽ ഈ മൂന്നുകാര്യത്തിലും ബൈബിൾ വെച്ചിരിക്കുന്ന നിലവാരങ്ങളോടു യോജിക്കുന്നതായിരിക്കണം അത്‌. അതുകൊണ്ട്‌ ഒരു വിനോദത്തിൽ ഏർപ്പെടുന്നതിനുമുമ്പ്‌ ഈ മാനദണ്ഡം ഉപയോഗിച്ച്‌ അതിനെ വിലയിരുത്തുക. ഗുണനിലവാരത്തിന്റെ കാര്യത്തിൽ നാം അറിഞ്ഞിരിക്കേണ്ടത്‌ ഇവയാണ്‌: ‘ഇതിലെ “ചേരുവകൾ” എന്തൊക്കെയാണ്‌? ഇത്‌ നല്ലതാണോ ദുഷിച്ചതാണോ?’ (സദൃ. 4:20-27) അളവിന്റെ കാര്യത്തിൽ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക: ‘ഞാൻ ഇതിനായി എത്രമാത്രം സമയം ചെലവഴിക്കേണ്ടിവരും? അത്‌ കൂടുതലാണോ?’ (1 തിമൊ. 4:8) സഹവാസത്തിന്റെ കാര്യത്തിൽ പരിചിന്തിക്കേണ്ടത്‌ ഇവയാണ്‌: ‘ആരോടൊപ്പമാണ്‌ ഞാൻ ഈ വിനോദത്തിൽ ഏർപ്പെടുക? അവർ നല്ലവരാണോ മോശക്കാരാണോ?’—സഭാ. 9:18; 1 കൊരി. 15:33.

17, 18. (എ) നമ്മുടെ വിനോദം ബൈബിൾ നിലവാരങ്ങൾക്ക്‌ ഒത്തതാണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പാക്കാം? (ബി) വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എന്താണ്‌ നിങ്ങളുടെ ദൃഢനിശ്ചയം?

17 ഒരു വിനോദം, ഈ മൂന്നുവശങ്ങളിൽ ഏതിലെങ്കിലും ബൈബിൾ നിലവാരങ്ങൾക്ക്‌ ചേർച്ചയിലല്ലെങ്കിൽ അത്‌ സ്വീകാര്യമായിരിക്കില്ല. നേരേമറിച്ച്‌, ഒരു വിനോദം ഈ മൂന്നുവശങ്ങളിലും ബൈബിൾ നിലവാരങ്ങളോടു യോജിക്കുന്നെങ്കിൽ അത്‌ യഹോവയ്‌ക്കു മഹത്ത്വംകരേറ്റുന്ന, നമുക്കു പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും.—സങ്കീ. 119:33-35.

18 അതുകൊണ്ട്‌ വിനോദത്തിന്റെ കാര്യത്തിൽ, ശരിയായത്‌ ശരിയായ സമയത്ത്‌ ശരിയായവരോടൊത്ത്‌ ചെയ്യാൻ നമുക്കു ശ്രമിക്കാം. അതെ, “നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റെന്തു ചെയ്‌താലും സകലവും ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്യുവിൻ” എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം പാലിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും ദൃഢനിശ്ചയം.—1 കൊരി. 10:31.

[അടിക്കുറിപ്പ്‌]

^ ഖ. 2 നമുക്കു സന്തോഷം പകരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനായി നാം മാറ്റിവെക്കുന്ന വേളകളെ കുറിക്കാൻ “വിനോദം,” “ഉല്ലാസം,” “നേരമ്പോക്ക്‌” എന്നീ പദങ്ങൾ ഈ ലേഖനത്തിൽ മാറിമാറി ഉപയോഗിച്ചിരിക്കുന്നു.

വിശദീകരിക്കാമോ?

വിനോദത്തോടുള്ള ബന്ധത്തിൽ പിൻവരുന്ന തിരുവെഴുത്തുകളിലെ തത്ത്വങ്ങൾ നിങ്ങൾ എങ്ങനെ ബാധകമാക്കും?

ഫിലിപ്പിയർ 4:8

മത്തായി 6:33

സദൃശവാക്യങ്ങൾ 13:20

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

എന്ത്‌?

[10-ാം പേജിലെ ചിത്രം]

എത്രമാത്രം?

[12-ാം പേജിലെ ചിത്രം]

ആര്‌?

[10-ാം പേജിലെ ചിത്രം]

സുഹൃത്തുക്കൾ, വിനോദം എന്നിവ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യേശുവിനെ എങ്ങനെ അനുകരിക്കാം?