വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ബൈബിൾ വായിക്കുമ്പോൾ സംശയം ഉണ്ടാകുന്നെങ്കിൽ, അല്ലെങ്കിൽ വ്യക്തിപരമായ ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ബുദ്ധിയുപദേശം ആവശ്യമായിവരുന്നെങ്കിൽ ഞാൻ എന്തു ചെയ്യണം?

“നിക്ഷേപങ്ങളെപ്പോലെ” ജ്ഞാനവും വിവേകവും ‘തിരയാൻ’ സദൃശവാക്യങ്ങൾ 2:1-5 നമ്മെ ഓരോരുത്തരെയും ഉദ്‌ബോധിപ്പിക്കുന്നു. ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായും നമ്മുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിനായും നാം നന്നായി തിരയണം എന്നാണ്‌ ഈ തിരുവെഴുത്തുഭാഗം സൂചിപ്പിക്കുന്നത്‌. നമുക്കത്‌ എങ്ങനെ ചെയ്യാം?

“വിശ്വസ്‌തനും വിവേകിയുമായ അടിമ” നൽകിയിരിക്കുന്ന ഉപാധികൾ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ “എങ്ങനെ ഗവേഷണം നടത്താം?” എന്ന്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക പുസ്‌തകത്തിന്റെ 33-38 പേജുകളിൽ പറഞ്ഞിരിക്കുന്നു. (മത്താ. 24:45) അതിന്റെ 36-ാം പേജിൽ, വിഷയങ്ങളുടെയും തിരുവെഴുത്തുകളുടെയും സൂചിക അടങ്ങിയ വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്‌) ഉപയോഗിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വിശദീകരിച്ചിട്ടുണ്ട്‌. ഗവേഷണം ചെയ്യേണ്ട വിഷയവുമായി ബന്ധപ്പെട്ട പദങ്ങളോ ബൈബിൾ വാക്യങ്ങളോ സൂചികയിൽ നോക്കിയാൽ അതേക്കുറിച്ചുള്ള വിവരങ്ങൾ ഏതെല്ലാം പ്രസിദ്ധീകരണങ്ങളിലുണ്ടെന്ന്‌ മനസ്സിലാക്കാം. എല്ലാ വർഷവും വീക്ഷാഗോപുര അധ്യയന പതിപ്പിന്റെ ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിക്കാറുള്ള വീക്ഷാഗോപുര വിഷയസൂചികയും ഉപയോഗിക്കാവുന്നതാണ്‌. നിങ്ങൾക്കുവേണ്ട ഉത്തരമോ മാർഗനിർദേശമോ തിരയുമ്പോൾ ക്ഷമ കാണിക്കുക; കാരണം, നിങ്ങൾ തിരയുന്നത്‌ ‘നിക്ഷേപമാണ്‌,’ അത്‌ കണ്ടെത്താൻ സമയവും ശ്രമവും വേണ്ടിവരും.

ചില വിഷയങ്ങളെക്കുറിച്ചും തിരുവെഴുത്തുകളെക്കുറിച്ചും ഉള്ള കൃത്യമായ വിവരങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ കണ്ടെത്താനായെന്നുവരില്ല. ഒരു തിരുവെഴുത്തിനെക്കുറിച്ച്‌ ചില വിശദീകരണം വന്നിട്ടുണ്ടെങ്കിൽത്തന്നെ നിങ്ങളുടെ മനസ്സിലുള്ള ചോദ്യത്തിന്റെ ഉത്തരം അവിടെ ഇല്ലായിരിക്കാം. ഇനി, ചില വിവരണങ്ങളുടെ സകല വിശദാംശങ്ങളും ബൈബിളിൽ നൽകിയിട്ടില്ലാത്തതിനാൽ അവ വായിക്കുമ്പോൾ സംശയങ്ങൾ ഉണ്ടാകാനും ഇടയുണ്ട്‌. ഇതിന്റെയെല്ലാം സാരം ഇതാണ്‌: എല്ലാ ചോദ്യങ്ങൾക്കും ഉടനടി ഉത്തരം കിട്ടിയെന്നുവരില്ല. അത്തരം സാഹചര്യങ്ങളിൽ ഉത്തരത്തെക്കുറിച്ച്‌ ഊഹാപോഹങ്ങൾ നടത്തുന്നത്‌ ഒഴിവാക്കുക. അല്ലാത്തപക്ഷം അത്‌ ‘വാദപ്രതിവാദങ്ങൾക്ക്‌ ഇടയാക്കും.’ ‘വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ദൈവികകാര്യങ്ങൾ പകർന്നുകൊടുക്കാൻ അത്‌ ഉപകരിക്കുകയില്ല.’ (1 തിമൊ. 1:4; 2 തിമൊ. 2:23; തീത്തൊ. 3:9) നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ചർച്ചചെയ്‌തിട്ടില്ലാത്ത അത്തരം ചോദ്യങ്ങളെല്ലാം പരിശോധിക്കാനും അവയ്‌ക്ക്‌ ഉത്തരം നൽകാനും ബ്രാഞ്ച്‌ ഓഫീസിനോ ലോകാസ്ഥാനത്തിനോ കഴിയില്ല. ജീവിതത്തിൽ നമ്മെ വഴിനയിക്കാൻ ആവശ്യമായ വിവരങ്ങൾ ബൈബിൾ നൽകുന്നുണ്ട്‌. അതേസമയം, തിരുവെഴുത്തുകളുടെ ദിവ്യഗ്രന്ഥകർത്താവിൽ നമുക്കുള്ള ശക്തമായ വിശ്വാസം പ്രകടിപ്പിക്കാൻ അവസരമേകിക്കൊണ്ട്‌ ചില വിവരങ്ങൾ അതിൽ പറയാതെ വിട്ടിരിക്കുന്നു.—യഹോവയോട്‌ അടുത്തു ചെല്ലുവിൻ പുസ്‌തകത്തിന്റെ 185-187 പേജുകൾ കാണുക.

നിങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച്‌ കഴിയുന്നത്ര വിവരങ്ങൾ പരിശോധിച്ചശേഷവും വേണ്ട മാർഗനിർദേശമോ പരിഹാരമോ കണ്ടെത്താനാകുന്നില്ലെങ്കിലോ? സഹായത്തിനായി പക്വതയുള്ള ഒരു സഹവിശ്വാസിയെയോ സഭയിലെ മൂപ്പനെയോ സമീപിക്കുക. വർഷങ്ങളായി ക്രിസ്‌തീയ ജീവിതം നയിക്കുന്ന അവർക്ക്‌ അനുഭവപരിചയവും ബൈബിളിനെക്കുറിച്ച്‌ വേണ്ടത്ര അറിവും ഉണ്ട്‌. വ്യക്തിപരമായ ഒരു പ്രശ്‌നത്തെക്കുറിച്ചോ നിങ്ങൾ എടുക്കേണ്ട ഒരു തീരുമാനത്തെക്കുറിച്ചോ ആണ്‌ മാർഗനിർദേശം ആവശ്യമുള്ളതെങ്കിൽ നിങ്ങളെയും നിങ്ങളുടെ സാഹചര്യത്തെയും അടുത്തറിയാവുന്ന അവർ സഹായിക്കാൻ പറ്റിയ സ്ഥാനത്താണ്‌. കൂടാതെ, പ്രശ്‌നം എടുത്തുപറഞ്ഞ്‌ യഹോവയോടു പ്രാർഥിക്കാനും മറക്കരുത്‌; പരിശുദ്ധാത്മാവിനെ നൽകി വേണ്ടവിധത്തിൽ നിങ്ങളുടെ ചിന്തയെ നയിക്കാൻ അവനോട്‌ അപേക്ഷിക്കുക. കാരണം, ‘യഹോവയാണ്‌ ജ്ഞാനം നല്‌കുന്നത്‌,’ ‘വിവേകം വരുന്നത്‌’ അവനിൽനിന്നാണ്‌.—സദൃ. 2:6; ലൂക്കോ. 11:13.