വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

ചൂതാട്ടക്കാരനും മോഷ്ടാവും ഒക്കെയായിരുന്ന ഒരു വ്യക്തി അതെല്ലാം ഉപേക്ഷിക്കാൻ ഇടയായത്‌ എങ്ങനെയാണ്‌? അദ്ദേഹത്തിനു പറയാനുള്ളത്‌ ശ്രദ്ധിക്കൂ.

“എനിക്ക്‌ പന്തയക്കുതിരകളോട്‌ വല്ലാത്ത കമ്പമായിരുന്നു.”—റിച്ചാർഡ്‌ സ്റ്റുവർട്ട്‌

ജനനം: 1965

രാജ്യം: ജമൈക്ക

ചൂതാട്ടക്കാരനും മോഷ്ടാവും ആയിരുന്നു

മുൻകാല ജീവിതം: ജമൈക്കയുടെ തലസ്ഥാനമായ കിങ്‌സ്റ്റണിൽ ജനസാന്ദ്രതയേറിയ ഒരു സ്ഥലത്താണ്‌ ഞാൻ വളർന്നത്‌. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അക്രമവും അവിടെ രൂക്ഷമായിരുന്നു. ഗുണ്ടാസംഘങ്ങളെ ഭയന്നാണ്‌ ആളുകൾ കഴിഞ്ഞിരുന്നത്‌. മിക്കവാറും എല്ലാ ദിവസവുംതന്നെ വെടിയൊച്ചകൾ കേൾക്കാമായിരുന്നു.

എന്റെ അമ്മ വലിയ കഠിനാധ്വാനിയായിരുന്നു. എനിക്കും ഇളയ സഹോദരനും സഹോദരിക്കും വേണ്ടിയായിരുന്നു അമ്മ ജീവിച്ചതുതന്നെ. ഞങ്ങൾക്ക്‌ നല്ല വിദ്യാഭ്യാസം നൽകാൻ അമ്മ ശ്രമിച്ചിരുന്നു. പക്ഷേ പഠിക്കാൻ അത്ര താത്‌പര്യമൊന്നും ഇല്ലാതിരുന്ന എനിക്ക്‌ പന്തയക്കുതിരകളോട്‌ വല്ലാത്ത കമ്പമായിരുന്നു. ക്ലാസിൽ കയറാതെ ഇടയ്‌ക്കൊക്കെ കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തുപോകുമായിരുന്ന ഞാൻ കുതിരസവാരിയും നടത്തിയിട്ടുണ്ട്‌.

താമസിയാതെ കുതിരപ്പന്തയത്തിലെ വാതുവെപ്പിലായി എന്റെ ശ്രദ്ധ മുഴുവൻ. അധാർമിക ജീവിതം നയിച്ചിരുന്ന എനിക്ക്‌ നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നു. മാരിഹ്വാന വലിക്കുന്നതും ഞാൻ ശീലമാക്കി. ധാരാളിത്ത ജീവിതം നയിക്കുന്നതിനായി ഞാൻ നിരവധി കവർച്ചകൾ നടത്തിയിട്ടുണ്ട്‌. കുറെ തോക്കുകളും എന്റെ കൈവശം ഉണ്ടായിരുന്നു. പക്ഷേ ഞാൻ നടത്തിക്കൂട്ടിയ കവർച്ചകളിൽ എന്റെ കയ്യാൽ ആരും കൊല്ലപ്പെട്ടില്ലെന്ന്‌ ഓർക്കുമ്പോൾ ആശ്വാസം തോന്നുന്നു.

വൈകാതെ ഞാൻ തടവിലായി. പിന്നീട്‌ ജയിൽമോചിതനായെങ്കിലും എന്റെ സ്വഭാവത്തിനു യാതൊരു മാറ്റവും വന്നില്ല; പണ്ടത്തെക്കാൾ വഷളായി എന്നു പറയാം. കണ്ടാൽ ഒരു പാവത്താനായിരുന്നെങ്കിലും ദുശ്ശാഠ്യക്കാരനും മുൻകോപിയും ദുഷ്ടനും ആയിരുന്നു ഞാൻ. എന്നെക്കുറിച്ചു മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ.

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു: എന്റെ ജീവിതമാകെ കുത്തഴിഞ്ഞ്‌ കിടക്കുന്ന സാഹചര്യത്തിലാണ്‌ അമ്മ ബൈബിൾ പഠിച്ച്‌ ഒരു യഹോവയുടെ സാക്ഷിയായിത്തീരുന്നത്‌. അമ്മയുടെ വ്യക്തിത്വത്തിൽവന്ന മാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. ഈ മാറ്റത്തിന്റെ കാരണം മനസ്സിലാക്കാൻ സാക്ഷികളോടൊത്ത്‌ ഞാനും ബൈബിൾ ചർച്ചചെയ്യാൻ തുടങ്ങി.

യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ മറ്റു മതസ്ഥരിൽനിന്ന്‌ വ്യത്യസ്‌തമാണെന്നും അവരുടെ പഠിപ്പിക്കലുകളെല്ലാം ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഞാൻ മനസ്സിലാക്കി. എന്റെ അറിവിൽ, ആദിമ ക്രിസ്‌ത്യാനികളെപ്പോലെ വീടുതോറും പ്രസംഗിക്കുന്ന ഒരേയൊരു കൂട്ടർ ഇവർ മാത്രമായിരുന്നു. (മത്തായി 28:19; പ്രവൃത്തികൾ 20:20) അവർക്കിടയിലെ ആത്മാർഥ സ്‌നേഹം കണ്ടപ്പോൾ സത്യമതം അതാണെന്ന്‌ എനിക്ക്‌ തീർച്ചയായി.—യോഹന്നാൻ 13:35.

ജീവിതത്തിൽ പ്രധാനപ്പെട്ട ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്‌ ബൈബിൾ പഠിച്ചപ്പോൾ എനിക്കു വ്യക്തമായി. യഹോവ പരസംഗം വെറുക്കുന്നുവെന്നും അവനെ പ്രസാദിപ്പിക്കണമെങ്കിൽ ശരീരത്തെ മലിനമാക്കുന്ന എല്ലാത്തരം ദുശ്ശീലങ്ങളിൽനിന്നും ഒഴിഞ്ഞിരിക്കണമെന്നും ഞാൻ മനസ്സിലാക്കി. (2 കൊരിന്ത്യർ 7:1; എബ്രായർ 13:4) യഹോവയ്‌ക്ക്‌ വികാരങ്ങൾ ഉള്ളതിനാൽ എന്റെ പ്രവൃത്തികൾ അവനെ ദുഃഖിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുമെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. അത്‌ എന്നെ വല്ലാതെ സ്‌പർശിച്ചു. (സദൃശവാക്യങ്ങൾ 27:11) അതുകൊണ്ട്‌, മാരിഹ്വാന വലിക്കുന്നത്‌ നിറുത്താനും തോക്കുകൾ ഉപേക്ഷിക്കാനും സ്വഭാവം മെച്ചപ്പെടുത്താനും ഞാൻ തീരുമാനിച്ചു. എന്നാൽ, അധാർമിക ജീവിതത്തിൽനിന്ന്‌ തലയൂരാനും ചൂതാട്ടം ഉപേക്ഷിക്കാനും ആയിരുന്നു ഏറ്റവും പ്രയാസം.

യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കുന്ന കാര്യം കൂട്ടുകാരിൽനിന്ന്‌ മറച്ചുവെക്കാനായിരുന്നു ഞാൻ ആദ്യം ശ്രമിച്ചത്‌. പക്ഷേ മത്തായി 10:33-ലെ പ്രസ്‌താവന എന്റെ ആ ചിന്താഗതി മാറ്റിമറിച്ചു. യേശു പറഞ്ഞത്‌ ഇങ്ങനെയാണ്‌: “മനുഷ്യരുടെ മുമ്പാകെ എന്നെ തള്ളിപ്പറയുന്നവനെയോ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പാകെ ഞാനും തള്ളിപ്പറയും.” സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കുന്നുണ്ടെന്ന വിവരം കൂട്ടുകാരോടു പറയാൻ ഇത്‌ എന്നെ പ്രേരിപ്പിച്ചു. പക്ഷേ അവർക്ക്‌ അതൊരു ഞെട്ടലായിരുന്നു. എന്നെപ്പോലെയുള്ള ഒരാൾ ക്രിസ്‌ത്യാനിയാകുകയോ? അവർക്കത്‌ ഊഹിക്കാൻപോലും കഴിയുമായിരുന്നില്ല. പഴയ ജീവിതത്തിലേക്ക്‌ മടങ്ങിപ്പോകാൻ എനിക്ക്‌ അശേഷം താത്‌പര്യമില്ലെന്ന്‌ ഞാൻ പറഞ്ഞു.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ: ഞാൻ ബൈബിൾതത്ത്വങ്ങൾ അനുസരിച്ചു ജീവിക്കാൻ തുടങ്ങിയത്‌ അമ്മയെ ഏറെ സന്തോഷിപ്പിച്ചു. ഞാൻ ദുഷ്‌ചെയ്‌തികളിൽ ഏർപ്പെടും എന്ന ഭയം ഇപ്പോൾ അമ്മയ്‌ക്കില്ല. ഞങ്ങളിരുവരും യഹോവയെ സ്‌നേഹിക്കുന്നു; അതേക്കുറിച്ച്‌ ഞങ്ങൾ സംസാരിക്കാറുണ്ട്‌. ചിലപ്പോഴൊക്കെ ഞാൻ പഴയ ജീവിതത്തെക്കുറിച്ച്‌ ഓർക്കും; ദൈവത്തിന്റെ സഹായത്താൽ വരുത്തിയ മാറ്റങ്ങൾ എനിക്കുതന്നെ വിശ്വസിക്കാനാകുന്നില്ല! ആ പഴയ അധാർമികമായ ആർഭാടജീവിതത്തിലേക്ക്‌ തിരികെപ്പോകാൻ എനിക്ക്‌ ഒട്ടും ആഗ്രഹമില്ല.

ബൈബിൾ പഠിച്ചില്ലായിരുന്നെങ്കിൽ ഒന്നുകിൽ ഞാൻ ഇപ്പോൾ ജയിലിലായിരിക്കും അല്ലെങ്കിൽ ഈ ഭൂമുഖത്തുതന്നെ ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ ധന്യവും സന്തുഷ്ടവും ആയ ഒരു കുടുംബജീവിതം ആസ്വദിക്കുന്നു. പിന്തുണയേകുന്ന ഭാര്യയോടും അനുസരണയുള്ള മകളോടും ഒപ്പം യഹോവയാംദൈവത്തെ സേവിക്കാനാകുന്നത്‌ എത്ര സന്തോഷമാണെന്നോ? സ്‌നേഹസമ്പന്നരായ ക്രിസ്‌തീയ സഹോദരങ്ങളെ നൽകിയതിലും ഞാൻ യഹോവയോട്‌ വളരെ നന്ദിയുള്ളവനാണ്‌. വളരെ ശ്രമംചെയ്‌ത്‌ എന്നെ ബൈബിൾ പഠിപ്പിച്ചവരോടും എനിക്ക്‌ തീർത്താൽ തീരാത്ത കടപ്പാടുണ്ട്‌. അതുകൊണ്ടുതന്നെ ബൈബിൾ പറയുന്നത്‌ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കാനുള്ള പദവിയെ ഞാൻ അമൂല്യമായി കരുതുന്നു. യഹോവയോട്‌ അടുത്തുചെല്ലാൻ എന്നെ സഹായിച്ച അവന്റെ സ്‌നേഹദയയ്‌ക്ക്‌ നന്ദി പറയാൻ എനിക്ക്‌ വാക്കുകളില്ല! (w11-E 11/01)

[15-ാം പേജിലെ ആകർഷക വാക്യം]

“യഹോവയ്‌ക്ക്‌ വികാരങ്ങൾ ഉള്ളതിനാൽ എന്റെ പ്രവൃത്തികൾ അവനെ ദുഃഖിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുമെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു”

[15-ാം പേജിലെ ചിത്രം]

ഭാര്യയോടും മകളോടുമൊത്ത്‌

[15-ാം പേജിലെ ചിത്രം]

അമ്മയുടെ സ്വഭാവത്തിൽ വളരെയധികം മാറ്റങ്ങളുണ്ടായി