വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിയുടെ രഹസ്യം

ദമ്പതികളെന്നനിലയിൽ ആത്മീയത വളർത്തിയെടുക്കാം

ദമ്പതികളെന്നനിലയിൽ ആത്മീയത വളർത്തിയെടുക്കാം

ഫ്രെഡറിക്‌ *: “വിവാഹത്തിന്റെ ആദ്യനാളുകളിൽത്തന്നെ, ഒരുമിച്ചിരുന്ന്‌ ബൈബിൾ പഠിക്കണമെന്ന്‌ ഞാൻ നിശ്ചയിച്ചിരുന്നു. അധ്യയന സമയത്ത്‌ ലീൻ ശ്രദ്ധിച്ചിരിക്കണമെന്ന്‌ എനിക്കു നിർബന്ധമുണ്ടായിരുന്നു. പക്ഷേ അവൾക്ക്‌ അതിന്‌ കഴിഞ്ഞില്ല. എന്തെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിലൊരു ഉത്തരം, അത്രമാത്രം. ബൈബിളധ്യയനത്തെക്കുറിച്ചുള്ള എന്റെ സങ്കൽപ്പങ്ങളെ അപ്പാടെ തകർത്തുകളയുന്നതായിരുന്നു അവളുടെ സമീപനം.”

ലീൻ: “ഫ്രെഡറിക്കിനെ വിവാഹം കഴിക്കുമ്പോൾ എനിക്ക്‌ 18 വയസ്സ്‌. ഞങ്ങൾ ക്രമമായി ബൈബിൾ പഠിക്കുമായിരുന്നു. പക്ഷേ, എന്നെ കുറ്റപ്പെടുത്താനും തിരുത്താനുമുള്ള വേദിയായാണ്‌ ഫ്രെഡറിക്‌ അതിനെ കണ്ടത്‌. അതെന്നെ വല്ലാതെ വേദനിപ്പിച്ചു.”

എന്തായിരുന്നു ഈ ദമ്പതികളുടെ പ്രശ്‌നം? രണ്ടുപേരുടെയും ഉദ്ദേശ്യങ്ങൾ നല്ലതായിരുന്നു. അവർക്ക്‌ ദൈവത്തോട്‌ സ്‌നേഹമുണ്ടായിരുന്നു; ഒരുമിച്ച്‌ ബൈബിൾ പഠിക്കുന്നത്‌ പ്രധാനമാണെന്നും അവർക്ക്‌ അറിയാമായിരുന്നു. അവരുടെ ബന്ധം ബലിഷ്‌ഠമാക്കേണ്ടതായിരുന്നു ഇതൊക്കെ; പക്ഷേ സംഭവിച്ചത്‌ മറിച്ചാണ്‌. അവർ ഒരുമിച്ച്‌ ബൈബിൾ പഠിച്ചുവെന്നത്‌ സത്യം. എന്നാൽ ഒരുമിച്ച്‌ ആത്മീയത വളർത്തിയെടുക്കുന്നതിൽ അവർ പരാജയപ്പെട്ടു.

ആകട്ടെ, എന്താണ്‌ ആത്മീയത? ദമ്പതികൾ അത്‌ വളർത്തിയെടുക്കേണ്ടത്‌ എന്തുകൊണ്ട്‌? ഇക്കാര്യത്തിൽ അവർ നേരിട്ടേക്കാവുന്ന ചില വെല്ലുവിളികൾ എന്തെല്ലാമാണ്‌? അവ എങ്ങനെ തരണംചെയ്യാം?

എന്താണ്‌ ആത്മീയത?

ബൈബിളനുസരിച്ച്‌, ആത്മീയത എന്നത്‌ ഒരു മനോഭാവമോ കാഴ്‌ചപ്പാടോ ആണ്‌. (1 കൊരിന്ത്യർ 2:15) ഉദാഹരണത്തിന്‌, ഒരു ആത്മീയ മനുഷ്യന്റെയും ജഡിക മനുഷ്യന്റെയും മനോഭാവങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച്‌ ബൈബിളെഴുത്തുകാരനായ പൗലോസ്‌ എടുത്തുപറയുന്നുണ്ട്‌. ജഡിക മോഹങ്ങളനുസരിച്ച്‌ നടക്കുന്നവർ തങ്ങളെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുക. ദൈവിക നിലവാരങ്ങൾ അനുസരിച്ച്‌ ജീവിക്കുന്നതിനു പകരം തങ്ങൾക്ക്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാനായിരിക്കും അവർ താത്‌പര്യപ്പെടുക.—1 കൊരിന്ത്യർ 2:14; ഗലാത്യർ 5:19, 20.

എന്നാൽ, ആത്മീയ മനസ്‌കരായവർ ദൈവിക നിലവാരങ്ങളെ ആദരിക്കും. അവർ യഹോവയാം ദൈവത്തെ അവരുടെ സുഹൃത്തായി കണ്ട്‌ അവന്റെ വ്യക്തിത്വം അനുകരിക്കാൻ ശ്രമിക്കും. (എഫെസ്യർ 5:1) സ്‌നേഹത്തോടും ദയയോടും സൗമ്യതയോടും കൂടെയായിരിക്കും അവർ മറ്റുള്ളവരോട്‌ ഇടപെടുന്നത്‌. (പുറപ്പാടു 34:6) ദൈവത്തെ അനുസരിക്കാൻ എളുപ്പമല്ലാത്ത സാഹചര്യങ്ങളിലും അവർ അനുസരിക്കും. (സങ്കീർത്തനം 15:1, 4) കാനഡക്കാരനായ ഡാരൻ വിവാഹിതനായിട്ട്‌ 35 വർഷം കഴിഞ്ഞു. അദ്ദേഹം പറയുന്നു: “എന്റെ അഭിപ്രായത്തിൽ, ഒരു ആത്മീയ വ്യക്തി തന്റെ സംസാരവും പ്രവൃത്തികളും ദൈവവുമായുള്ള തന്റെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന്‌ എല്ലായ്‌പോഴും ചിന്തിക്കും.” അദ്ദേഹത്തിന്റെ ഭാര്യ ജെയ്‌ന്റെ വാക്കുകൾ: “ആത്മീയ മനസ്‌കയായ ഒരു സ്‌ത്രീ, ദൈവാത്മാവിന്റെ ഫലം ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ നിത്യേന ശ്രമിക്കും.”—ഗലാത്യർ 5:22, 23.

ആത്മീയ മനസ്‌കനായിരിക്കുന്നതിന്‌ ഒരു വ്യക്തി വിവാഹിതനായിരിക്കണമെന്നില്ല. വാസ്‌തവത്തിൽ, ദൈവത്തെക്കുറിച്ച്‌ അറിയുകയും അവനെ അനുകരിക്കുകയും ചെയ്യുക എന്നത്‌ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നാണ്‌ ബൈബിൾ പഠിപ്പിക്കുന്നത്‌.—പ്രവൃത്തികൾ 17:26, 27.

ദമ്പതികളെന്നനിലയിൽ ആത്മീയത വളർത്തിയെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

അപ്പോൾപ്പിന്നെ, വിവാഹിതരായവർ ദമ്പതികളെന്നനിലയിൽ ആത്മീയത വളർത്തിയെടുക്കണമെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണ്‌? ഒരു ദൃഷ്ടാന്തം നോക്കുക: രണ്ടുപേർ ചേർന്ന്‌ പച്ചക്കറി കൃഷി ചെയ്യാനായി ഒരു സ്ഥലം വാങ്ങുന്നു. ഒരു പ്രത്യേക സീസണിൽ വിത്ത്‌ നടാമെന്ന്‌ ഒരാൾ തീരുമാനിക്കുന്നു. പക്ഷേ വിത്തു നടുന്നത്‌ കുറെക്കൂടെ കഴിഞ്ഞു മതി എന്നാണ്‌ മറ്റേയാളുടെ അഭിപ്രായം. ഇനി വളമിടുന്ന കാര്യത്തിലുമുണ്ട്‌ അഭിപ്രായ വ്യത്യാസം; ചെടികൾക്ക്‌ അങ്ങനെയുള്ള പരിചരണമേ ആവശ്യമില്ലെന്നാണ്‌ രണ്ടാമന്റെ പക്ഷം. എന്നും വിയർപ്പൊഴുക്കി അധ്വാനിച്ചാലേ കൃഷി നന്നാകൂ എന്നാണ്‌ ഒരാൾ പറയുന്നത്‌. മറ്റേയാൾക്ക്‌ പക്ഷേ വെറുതെ കൈയുംകെട്ടിയിരുന്ന്‌ വിളവെടുക്കാനാണ്‌ താത്‌പര്യം. ഇത്തരമൊരു സാഹചര്യത്തിൽ, തോട്ടത്തിൽനിന്ന്‌ എന്തെങ്കിലുമൊക്കെ വിളവ്‌ ലഭിച്ചേക്കാം. എന്നാൽ, രണ്ടുപേരും യോജിച്ച്‌ ഒരു തീരുമാനമെടുത്ത്‌ ഒരുമിച്ച്‌ അധ്വാനിച്ചാൽ കിട്ടുന്ന വിളവോളം വരുമോ അത്‌?

ഭാര്യാഭർത്താക്കന്മാർ ആ കൃഷിക്കാരെപ്പോലെയാണെന്നു പറയാം. ദമ്പതികളിൽ ഒരാൾ ആത്മീയത വളർത്തിയെടുത്താലും അവരുടെ ദാമ്പത്യം മെച്ചപ്പെടും എന്നതു ശരിയാണ്‌. (1 പത്രോസ്‌ 3:1, 2) എന്നാൽ, ഇരുവരും ദൈവത്തിന്റെ വഴികൾ അനുസരിച്ചു ജീവിക്കുന്നെങ്കിലോ? പരസ്‌പരം സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ ദൈവത്തെ സേവിക്കുന്നെങ്കിലോ? അതെത്ര നന്നായിരിക്കും! “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്‌” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഒരിക്കൽ എഴുതി. കാരണം, “അവർക്കു തങ്ങളുടെ പ്രയത്‌നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്‌പിക്കും.”—സഭാപ്രസംഗി 4:9, 10.

ദമ്പതികളെന്നനിലയിൽ ഒരുമിച്ച്‌ ആത്മീയമായി വളരണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ മേൽപ്പറഞ്ഞ ദൃഷ്ടാന്തത്തിൽ കണ്ടതുപോലെ, ആഗ്രഹം ഉള്ളതുകൊണ്ടുമാത്രം ഫലം കിട്ടണമെന്നില്ല. അതിന്‌ പല പ്രശ്‌നങ്ങൾ തരണംചെയ്യേണ്ടിവരും. അത്തരം രണ്ടുപ്രശ്‌നങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും നമുക്കു നോക്കാം.

പ്രശ്‌നം 1: ഞങ്ങൾക്ക്‌ സമയം കിട്ടുന്നില്ല.

അടുത്തയിടെ വിവാഹിതയായ സൂ പറയുന്നു: “എന്നും വൈകിട്ട്‌ 7 മണിക്ക്‌ ഭർത്താവ്‌ എന്റെ ഓഫീസിൽ വന്ന്‌ എന്നെ കൂട്ടിക്കൊണ്ടുപോകും. വീട്ടിൽച്ചെന്ന്‌ അൽപ്പം വിശ്രമിക്കാമെന്നു കരുതിയാലോ? ഒരു നൂറുകൂട്ടം ജോലിയുണ്ടാകും ഞങ്ങൾക്ക്‌ ചെയ്‌തുതീർക്കാൻ. ഒരുമിച്ചിരുന്ന്‌ ദൈവികകാര്യങ്ങൾ പഠിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല; പക്ഷേ ക്ഷീണിച്ചു തളർന്നിരിക്കുമ്പോൾ ഒന്നും നടക്കില്ല.”

പരിഹാരം: സഹകരിച്ചു പ്രവർത്തിക്കുക; വഴക്കം കാണിക്കുക. സൂ പറയുന്നു: “രാവിലെ അൽപ്പം നേരത്തേ എഴുന്നേൽക്കാനും ജോലിക്കു പോകുന്നതിനുമുമ്പ്‌ ബൈബിളിലെ ഒരു ഭാഗം വായിച്ച്‌ ചർച്ച ചെയ്യാനും ഞങ്ങൾ തീരുമാനിച്ചു. അദ്ദേഹം എന്നെ വീട്ടുജോലികളിൽ സഹായിക്കുന്നതുകൊണ്ട്‌ ഒരുമിച്ചായിരിക്കാൻ ഞങ്ങൾക്ക്‌ കൂടുതൽ സമയം കിട്ടുന്നു.” ഇത്‌ ആ ദമ്പതികളെ എങ്ങനെ സഹായിച്ചു? “പതിവായി ആത്മീയ കാര്യങ്ങളെക്കുറിച്ച്‌ ചർച്ചചെയ്യാൻ തുടങ്ങിയതോടെ പ്രശ്‌നങ്ങളെ വിജയകരമായി കൈകാര്യംചെയ്യാൻ ഞങ്ങൾ പഠിച്ചു; അന്നന്നത്തെ ആകുലതകൾ തരണംചെയ്‌തു മുന്നോട്ടുപോകാൻ അത്‌ ഞങ്ങളെ സഹായിക്കുന്നു,” പറയുന്നത്‌ സൂവിന്റെ ഭർത്താവ്‌ എഡ്‌.

പരസ്‌പരം സംസാരിച്ചാൽമാത്രം പോരാ, ഒരുമിച്ചു പ്രാർഥിക്കുകയും വേണം. അതുകൊണ്ടുള്ള പ്രയോജനം? വിവാഹിതനായിട്ട്‌ 16 വർഷമായ റയൻ പറയുന്നത്‌ ഇങ്ങനെ: “കുറച്ചുനാൾ മുമ്പ്‌, ഞങ്ങളുടെ ദാമ്പത്യത്തെ പ്രതിസന്ധിയിലാക്കിയ ചില സാഹചര്യങ്ങളുണ്ടായി. പക്ഷേ ദിവസവും രാത്രി ഒരുമിച്ചു പ്രാർഥിക്കാനും ഞങ്ങളുടെ ആകുലതകൾ ദൈവത്തെ അറിയിക്കാനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. അത്‌ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാത്രമല്ല ജീവിതത്തിലെ സന്തോഷം വീണ്ടെടുക്കാനും ഞങ്ങളെ സഹായിച്ചു.”

ഇങ്ങനെ ചെയ്‌തുനോക്കൂ: ദിവസത്തിനൊടുവിൽ നിങ്ങൾക്കുമാത്രമായി ഏതാനും മിനിട്ടുകൾ മാറ്റിവെക്കുക. അന്നേ ദിവസം നിങ്ങളുടെ ജീവിതത്തിലുണ്ടായ എന്തെങ്കിലും ഒരു നല്ല കാര്യത്തെക്കുറിച്ച്‌, ദൈവം നിങ്ങൾക്കു ചെയ്‌ത ഒരു നന്മയെക്കുറിച്ച്‌, സംസാരിക്കാം. നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ചചെയ്യാം; വിശേഷാൽ, ദൈവത്തിന്റെ സഹായം വേണമെന്ന്‌ നിങ്ങൾ വിചാരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌. പക്ഷേ ഒന്നോർക്കുക: ഇണയുടെ തെറ്റുകുറ്റങ്ങൾ അക്കമിട്ടു നിരത്താനുള്ള ഒരു വേദിയല്ല ഇത്‌. ഇനി ഒരുമിച്ചു പ്രാർഥിക്കുമ്പോൾ, രണ്ടുപേരും ഒരുപോലെ പുരോഗതി വരുത്തേണ്ട വിഷയങ്ങൾമാത്രമേ പരാമർശിക്കാവൂ. അടുത്ത ദിവസംതന്നെ ആ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം.

പ്രശ്‌നം 2: ഞങ്ങളുടെ കഴിവുകൾ വ്യത്യസ്‌തമാണ്‌.

“വായിക്കാനും പഠിക്കാനും അത്ര ഇഷ്ടമുള്ള കൂട്ടത്തിലല്ല ഞാൻ,” പറയുന്നത്‌ ടോണി. അദ്ദേഹത്തിന്റെ ഭാര്യ നഥാലി പറയുന്നു: “വായിക്കാനും വായിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാനും എനിക്ക്‌ വലിയ ഇഷ്ടമാണ്‌. പക്ഷേ, ബൈബിൾവിഷയങ്ങൾ ചർച്ചചെയ്യാൻ ടോണിക്ക്‌ എന്തോ പേടിയുള്ളതുപോലെ.”

പരിഹാരം: സഹകരിച്ചു പ്രവർത്തിക്കുക. ഇണയെക്കാൾ മികച്ചുനിൽക്കാൻ ശ്രമിക്കുകയോ ഇണയെ വിധിക്കുകയോ ചെയ്യരുത്‌. പകരം, ഇണയുടെ കഴിവുകളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ടോണി പറയുന്നു: “ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യുന്നതിലെ അവളുടെ ആവേശം ചിലപ്പോൾ എന്നെ ഭയപ്പെടുത്തി. അതുകൊണ്ടുതന്നെ, അവളോടൊപ്പം ആത്മീയ കാര്യങ്ങൾ ചർച്ചചെയ്യാൻ എനിക്കു മടിയായിരുന്നു. പക്ഷേ, നഥാലി നന്നായി സഹകരിച്ചു. ഇപ്പോൾ ഞങ്ങൾ പതിവായി ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാറുണ്ട്‌. അതിൽ പേടിക്കേണ്ട കാര്യമില്ലെന്ന്‌ എനിക്കു മനസ്സിലായി. ഞങ്ങൾ ആ ചർച്ചകൾ ആസ്വദിക്കുന്നു; പണ്ടത്തെ ആ പിരിമുറുക്കവുമില്ല. ഞങ്ങൾ സന്തുഷ്ടരാണ്‌!”

ഒരുമിച്ച്‌ ബൈബിൾ വായിക്കാനും പഠിക്കാനും ആഴ്‌ചതോറും സമയം മാറ്റിവെക്കുന്നത്‌ തങ്ങളുടെ ദാമ്പത്യം കരുത്തുറ്റതാക്കുന്നുവെന്ന്‌ പല ഇണകളും അഭിപ്രായപ്പെടുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്‌: പഠിക്കുന്ന കാര്യങ്ങൾ ഇണയ്‌ക്ക്‌ എങ്ങനെ പ്രാവർത്തികമാക്കാം എന്നല്ല, നിങ്ങൾക്ക്‌ എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുക. (ഗലാത്യർ 6:4) ഗുരുതരമായ ദാമ്പത്യ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മറ്റൊരു സമയം കണ്ടെത്തുക, ഒരുകാരണവശാലും പഠനസമയം അതിനായി ഉപയോഗിക്കരുത്‌. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

ഈ ദൃഷ്ടാന്തം ചിന്തിക്കുക: കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന സമയത്ത്‌ നിങ്ങൾ പഴുത്ത ഒരു വ്രണം മരുന്നുവെച്ചു കെട്ടുമോ? അങ്ങനെ ചെയ്‌താൽ എല്ലാവരും ഭക്ഷണം മതിയാക്കി എഴുന്നേറ്റു പോകും. ദൈവേഷ്ടം ചെയ്യുകയും അതിനെക്കുറിച്ചു പഠിക്കുകയും ചെയ്യുന്നതിനെ ഭക്ഷണം കഴിക്കുന്നതിനോടാണ്‌ യേശു ഉപമിച്ചത്‌. (മത്തായി 4:4; യോഹന്നാൻ 4:34) ഓരോ തവണ ബൈബിൾ എടുക്കുമ്പോഴും നിങ്ങളുടെ വൈകാരിക വ്രണങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നെങ്കിൽ, അത്‌ ഇണയുടെ ആത്മീയ വിശപ്പ്‌ കെടുത്തിക്കളയും. പ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിക്കരുതെന്നല്ല ഇപ്പറഞ്ഞതിന്റെ അർഥം. പക്ഷേ, ആത്മീയ കാര്യങ്ങൾക്കുവേണ്ടി മാറ്റിവെച്ച സമയത്ത്‌ ഇത്തരം വിഷയങ്ങൾ എടുത്തിടരുത്‌.—സദൃശവാക്യങ്ങൾ 10:19; 15:23.

ഇങ്ങനെ ചെയ്‌തുനോക്കൂ: ഇണയുടെ, നിങ്ങൾക്ക്‌ ആകർഷകമെന്നു തോന്നുന്ന രണ്ടോ മൂന്നോ ഗുണങ്ങൾ എഴുതിവെക്കുക. അടുത്ത തവണ അത്തരം ഗുണങ്ങളോടു ബന്ധപ്പെട്ട വിഷയം പരിചിന്തിക്കുമ്പോൾ ഇണ ആ ഗുണങ്ങൾ പ്രകടമാക്കുന്നത്‌ നിങ്ങളെ എത്രമാത്രം സന്തോഷിപ്പിക്കുന്നുവെന്ന്‌ അദ്ദേഹത്തോട്‌/അവളോട്‌ പറയുക.

വിതയ്‌ക്കുന്നതുതന്നെ കൊയ്യും

ആത്മീയത വിതയ്‌ക്കുന്ന ദമ്പതികൾ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദാമ്പത്യം ആസ്വദിക്കും. വാസ്‌തവത്തിൽ, ദൈവവചനം പറയുന്നതും അതുതന്നെയാണ്‌. “ഒരുവൻ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.

ലേഖനത്തിന്റെ തുടക്കത്തിൽ പരിചയപ്പെട്ട ഫ്രെഡറിക്കും ലീനും ഈ ബൈബിൾത്തത്ത്വത്തിന്റെ സത്യത തിരിച്ചറിഞ്ഞവരാണ്‌. അവർ വിവാഹിതരായിട്ട്‌ ഇപ്പോൾ 45 വർഷം കഴിഞ്ഞിരിക്കുന്നു. ആത്മീയത വളർത്തിയെടുക്കാനുള്ള അവരുടെ ശ്രമം ഫലം കണ്ടു. “ഒന്നും തുറന്നുപറയില്ലെന്നു പറഞ്ഞ്‌ ഞാൻ അവളെ കുറ്റപ്പെടുത്തുമായിരുന്നു,” ഫ്രെഡറിക്‌ പറയുന്നു. “എന്നാൽ ഞാനും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്‌ പിന്നീട്‌ എനിക്കു മനസ്സിലായി.” ലീൻ പറയുന്നത്‌ ഇങ്ങനെ: “പ്രശ്‌നങ്ങൾ ഉള്ളപ്പോഴും പിടിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചത്‌ യഹോവയാം ദൈവത്തോടുള്ള സ്‌നേഹമാണ്‌. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ഞങ്ങൾ ഒരുമിച്ച്‌ പഠിക്കുകയും പ്രാർഥിക്കുകയും ചെയ്‌തു. ക്രിസ്‌തീയ ഗുണങ്ങൾ പ്രകടമാക്കാൻ അദ്ദേഹം ശ്രമിക്കുന്നതു കണ്ടപ്പോൾ അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹം വർധിച്ചു.” (w11-E 11/01)

^ പേരുകൾക്ക്‌ മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങളോടുതന്നെ ചോദിക്കുക . . .

  • അവസാനമായി ഞങ്ങൾ ഒരുമിച്ചിരുന്നു പ്രാർഥിച്ചത്‌ എപ്പോഴാണ്‌?

  • ആത്മീയ കാര്യങ്ങൾ സംസാരിക്കാൻ എന്റെ ഭാര്യയെ/ഭർത്താവിനെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഞാൻ എന്താണു ചെയ്യേണ്ടത്‌?