വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവ്യനിയമങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

ദിവ്യനിയമങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

ദൈവവചനത്തിൽനിന്നു പഠിക്കുക

ദിവ്യനിയമങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്‌. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്‌പര്യപ്പെടുന്നു.

1. നാം ദൈവത്തെ അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നാം ദൈവത്തെ അനുസരിക്കേണ്ടതാണ്‌; കാരണം അവനാണ്‌ നമ്മെ സൃഷ്ടിച്ചത്‌. യേശുപോലും ദൈവത്തെ എല്ലായ്‌പോഴും അനുസരിച്ചു. (യോഹന്നാൻ 6:38; വെളിപാട്‌ 4:11) ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നത്‌ അവനെ സ്‌നേഹിക്കുന്നുവെന്ന്‌ തെളിയിക്കാനുള്ള ഒരു മാർഗമാണ്‌.—1 യോഹന്നാൻ 5:3 വായിക്കുക.

യഹോവയാംദൈവം വെച്ചിരിക്കുന്ന നിയമങ്ങളെല്ലാം നമ്മുടെ പ്രയോജനത്തിനുവേണ്ടിയുള്ളതാണ്‌. ഇപ്പോൾത്തന്നെ ഏറ്റവും മെച്ചമായ വിധത്തിൽ എങ്ങനെ ജീവിക്കാമെന്ന്‌ അത്‌ നമ്മെ പഠിപ്പിക്കുന്നു. ഭാവിയിൽ നിത്യാനുഗ്രഹങ്ങൾ നേടാൻ എങ്ങനെ കഴിയുമെന്നും അതു കാണിച്ചുതരുന്നു.—സങ്കീർത്തനം 19:7, 11; യെശയ്യാവു 48:17, 18 വായിക്കുക.

2. ആരോഗ്യത്തോടെ ജീവിക്കാൻ ദൈവികനിയമങ്ങൾ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

അമിതമായി മദ്യപിക്കരുത്‌ എന്ന ദൈവനിയമം മാരകമായ പല രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കുന്നു. മദ്യത്തിന്റെ അമിതമായ ഉപയോഗം നമ്മെ അതിന്‌ അടിമയാക്കുകയും ചിന്താശൂന്യമായ പെരുമാറ്റത്തിലേക്കു നയിക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 23:20, 29, 30) മദ്യം ഉപയോഗിക്കാൻ യഹോവ അനുവദിക്കുന്നുണ്ട്‌; പക്ഷേ അത്‌ മിതമായ അളവിലായിരിക്കണം എന്നുമാത്രം.—സങ്കീർത്തനം 104:15; 1 കൊരിന്ത്യർ 6:10 വായിക്കുക.

അസൂയ, അനിയന്ത്രിതമായ കോപം, ആപത്‌കരമായ മറ്റു സ്വഭാവരീതികൾ എന്നിവയ്‌ക്കെതിരെയും യഹോവ മുന്നറിയിപ്പു നൽകുന്നു. എത്രത്തോളം നാം അവന്റെ നിർദേശങ്ങൾ അനുസരിക്കുന്നുവോ നമ്മുടെ ആരോഗ്യം അത്രകണ്ട്‌ മെച്ചപ്പെടും.—സദൃശവാക്യങ്ങൾ 14:30; 22:24, 25 വായിക്കുക.

3. ദൈവനിയമം നമ്മെ സംരക്ഷിക്കുന്നത്‌ എങ്ങനെ?

വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധത്തെ ദൈവനിയമം വിലക്കുന്നു. (എബ്രായർ 13:4) ദമ്പതികൾ ദൈവനിയമം അനുസരിക്കുമ്പോൾ അവർക്ക്‌ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും. കൂടാതെ, നല്ലൊരു ചുറ്റുപാടിൽ മക്കളെ വളർത്തിക്കൊണ്ടുവരാനും അവർക്കു കഴിയും. നേരെമറിച്ച്‌, വിവാഹേതര ബന്ധങ്ങൾ മിക്കപ്പോഴും രോഗങ്ങൾക്കും വിവാഹമോചനത്തിനും അക്രമത്തിനും വൈകാരികവ്യഥകൾക്കും ഒക്കെ വഴിതെളിക്കും. ഒറ്റയ്‌ക്ക്‌ മക്കളെ വളർത്തേണ്ട ഗതികേടും അതുമൂലം ഉണ്ടായേക്കാം.—സദൃശവാക്യങ്ങൾ 5:1-9 വായിക്കുക.

വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇടയാക്കിയേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ദൈവവുമായുള്ള നമ്മുടെ സൗഹൃദം നമുക്ക്‌ കാത്തുസൂക്ഷിക്കാനാകും. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും നമുക്കു കഴിയും.—1 തെസ്സലോനിക്യർ 4:3-6 വായിക്കുക.

4. ജീവനോടുള്ള ആദരവ്‌ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

ജീവൻ ഒരു ദിവ്യദാനമാണ്‌. പുകവലിയും മാരകമായ മറ്റു ദുശ്ശീലങ്ങളും ഒഴിവാക്കിക്കൊണ്ട്‌ ജീവനെ ആദരിക്കുന്നവർക്ക്‌ സാധാരണഗതിയിൽ നല്ല ആരോഗ്യമുണ്ടായിരിക്കും. (2 കൊരിന്ത്യർ 7:1) ഗർഭസ്ഥശിശുവിന്റെ ജീവൻപോലും ദൈവത്തിന്‌ വിലപ്പെട്ടതാണെന്ന്‌ പുറപ്പാടു 21:22, 23-ന്റെ മൂലപാഠം കാണിക്കുന്നു. അതുകൊണ്ട്‌ മനഃപൂർവം ഒരു അജാതശിശുവിനെ കൊല്ലുന്നത്‌ തെറ്റാണ്‌. ദൈവം വീക്ഷിക്കുന്നതുപോലെ ജീവനെ വിലയേറിയതായി കാണുന്നവർ ജോലിസ്ഥലത്തും വീട്ടിലും വാഹനങ്ങൾ ഓടിക്കുമ്പോഴും സുരക്ഷയ്‌ക്ക്‌ പ്രാധാന്യം നൽകും. (ആവർത്തനപുസ്‌തകം 22:8) ജീവൻ അപകടപ്പെടുത്തിക്കൊണ്ടുള്ള കായികവിനോദങ്ങളിലും അവർ ഏർപ്പെടുകയില്ല; കാരണം ജീവൻ ദൈവത്തിൽനിന്നുള്ള സമ്മാനമാണ്‌.—സങ്കീർത്തനം 36:9 വായിക്കുക.

5. രക്തത്തെ പവിത്രമായി വീക്ഷിക്കുന്നത്‌ നമുക്ക്‌ പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

രക്തം പവിത്രമാണ്‌; കാരണം ഒരു ജീവിയുടെ പ്രാണൻ അഥവാ ജീവനാണ്‌ അതെന്ന്‌ ദൈവം പറയുന്നു. (ഉല്‌പത്തി 9:3, 4) ദൈവത്തിന്റെ നിയമം അനുസരിച്ച്‌ രക്തത്തിന്റെ മൂല്യം ജീവനു തുല്യമാണ്‌. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ പാപങ്ങളുടെ മോചനം അവൻ സാധ്യമാക്കിയിരിക്കുന്നത്‌.—ലേവ്യപുസ്‌തകം 17:11-13; എബ്രായർ 9:22 വായിക്കുക.

എങ്ങനെയാണ്‌ ദൈവം അതു ചെയ്‌തിരിക്കുന്നത്‌? തന്റെ പുത്രന്റെ രക്തത്തിലൂടെ നമ്മെ പാപത്തിൽനിന്നു വിടുവിക്കാൻ ദൈവം അവനെ ഭൂമിയിലേക്ക്‌ അയച്ചു. യേശു പൂർണനായിരുന്നതിനാൽ അവന്റെ ചൊരിയപ്പെട്ട രക്തം അമൂല്യമായിരുന്നു. തന്റെ ജീവൻ പ്രതിനിധാനം ചെയ്യുന്ന രക്തം യേശു ദൈവത്തിന്റെ മുമ്പാകെ സമർപ്പിച്ചു. (എബ്രായർ 9:12) അവൻ ചൊരിഞ്ഞ ആ രക്തമാണ്‌ നമുക്ക്‌ നിത്യജീവൻ സാധ്യമാക്കിത്തരുന്നത്‌.—മത്തായി 26:28; യോഹന്നാൻ 3:16 വായിക്കുക. (w11-E 11/01)

കൂടുതൽ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 12-ഉം 13-ഉം അധ്യായങ്ങൾ കാണുക.