വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അബ്രാഹാം—സ്‌നേഹമുള്ള ഒരു മനുഷ്യൻ

അബ്രാഹാം—സ്‌നേഹമുള്ള ഒരു മനുഷ്യൻ

അബ്രാഹാം—സ്‌നേഹമുള്ള ഒരു മനുഷ്യൻ

അബ്രാഹാമിന്‌ തന്റെ പ്രിയപത്‌നി സാറായുടെ വേർപാട്‌ താങ്ങാനാകുന്നില്ല. അവളോട്‌ അവസാനമായി വിടപറയുമ്പോൾ ഒരായിരം മധുരസ്‌മരണകളാണ്‌ പ്രായമായ ആ മനുഷ്യന്റെ മനസ്സിലൂടെ മിന്നിമറയുന്നത്‌. അവന്റെ മനസ്സിൽ നുരഞ്ഞുപൊന്തുന്ന ദുഃഖം കണ്ണീരായി അണപൊട്ടിയൊഴുകുന്നു. (ഉല്‌പത്തി 23:1, 2) ആ കണ്ണീർ ബലഹീനതയുടെ ലക്ഷണമായിരുന്നോ, അവന്‌ നാണക്കേടുണ്ടാക്കുന്ന ഒന്ന്‌? ഒരിക്കലുമല്ല. അവന്റെ ഉദാത്തമായ ഒരു ഗുണം, സ്‌നേഹമാണ്‌ അതിൽ നിഴലിക്കുന്നത്‌.

എന്താണ്‌ സ്‌നേഹം? മറ്റൊരാളോടു തോന്നുന്ന ആർദ്രമായ അടുപ്പം അല്ലെങ്കിൽ അഗാധമായ പ്രിയം, അതാണ്‌ സ്‌നേഹം. സ്‌നേഹമുള്ള ഒരു വ്യക്തി തന്റെ പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം പ്രവൃത്തികളാൽ തെളിയിക്കും, അതിനുവേണ്ടി ത്യാഗങ്ങൾ ചെയ്യേണ്ടിവന്നാൽപ്പോലും.

അബ്രാഹാം എങ്ങനെയാണ്‌ സ്‌നേഹം കാണിച്ചത്‌? അബ്രാഹാം തന്റെ കുടുംബത്തെ സ്‌നേഹിച്ചു. വളരെ തിരക്കുള്ള ഒരു മനുഷ്യനായിരുന്നു അബ്രാഹാം. എന്നിട്ടും തന്റെ കുടുംബത്തിന്റെ ആത്മീയവും വൈകാരികവും ആയ ആവശ്യങ്ങൾ അവൻ അവഗണിച്ചില്ല. കുടുംബത്തിന്റെ ശിരസ്സെന്ന നിലയിൽ ആരാധനയുടെ കാര്യത്തിൽ നേതൃത്വം എടുക്കുന്ന വ്യക്തിയാണ്‌ അബ്രാഹാം എന്ന കാര്യം യഹോവയും ശ്രദ്ധിച്ചിരുന്നു. (ഉല്‌പത്തി 18:19) എന്തിനധികം പറയുന്നു, അബ്രാഹാമിന്റെ സ്‌നേഹത്തെക്കുറിച്ച്‌ യഹോവതന്നെ തുറന്നുപറയുകയുണ്ടായി. യിസ്‌ഹാക്കിനെപ്പറ്റി അബ്രാഹാമിനോട്‌ സംസാരിച്ചപ്പോൾ ‘നീ സ്‌നേഹിക്കുന്ന നിന്റെ മകൻ’ എന്നാണ്‌ യഹോവ പറഞ്ഞത്‌.—ഉല്‌പത്തി 22:2.

അബ്രാഹാമിന്റെ സ്‌നേഹം ദൃശ്യമായ മറ്റൊരു സന്ദർഭമായിരുന്നു അവന്റെ പ്രിയ ഭാര്യയായ സാറായുടെ മരണം. ആ സാഹചര്യത്തിൽ അവൻ പൊട്ടിക്കരഞ്ഞു. മനക്കരുത്തും പൗരുഷവും ഉള്ളവനായിരുന്നെങ്കിലും തന്റെ ദുഃഖം തുറന്നുപ്രകടിപ്പിക്കുന്നതിൽ അബ്രാഹാമിന്‌ തെല്ലും മടിയുണ്ടായിരുന്നില്ല. മനോദാർഢ്യവും മൃദുലവികാരങ്ങളും ഒരുപോലെ ഉണ്ടായിരുന്ന ഒരു വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു അബ്രാഹാം.

അബ്രാഹാം തന്റെ ദൈവത്തെ സ്‌നേഹിച്ചു. അവന്റെ ജീവിതത്തിലുടനീളം ആ സ്‌നേഹം ദൃശ്യമായിരുന്നു. ഏതു വിധത്തിൽ? “ദൈവത്തോടുള്ള സ്‌നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു” എന്ന്‌ 1 യോഹന്നാൻ 5:3 പറയുന്നു. അബ്രാഹാമിന്റെ കാര്യത്തിൽ അത്‌ അക്ഷരംപ്രതി സത്യമായിരുന്നു; ദൈവത്തോടുള്ള സ്‌നേഹത്തിന്റെ ഉത്തമ മാതൃകയായിരുന്നു അവൻ.

യഹോവ നൽകിയ കൽപ്പനകളെല്ലാം അബ്രാഹാം ഉടനടി അനുസരിച്ചു. (ഉല്‌പത്തി 12:4; 17:22, 23; 21:12-14; 22:1-3) അവ അനുസരിക്കാൻ എളുപ്പമാണോ അല്ലയോ എന്നതൊന്നും അവനൊരു വിഷയമേ അല്ലായിരുന്നു. യഹോവ എന്തുകൊണ്ടാണ്‌ അങ്ങനെ ആവശ്യപ്പെട്ടതെന്നും അവൻ ചിന്തിച്ചില്ല. അവയൊന്നും അവന്‌ പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നില്ല. ദൈവം ആവശ്യപ്പെട്ടതെല്ലാം ചെയ്യാൻ അവൻ സദാ സന്നദ്ധനായിരുന്നു. യഹോവയോട്‌ സ്‌നേഹം കാണിക്കാനുള്ള അവസരമായിട്ടാണ്‌ ആ ഓരോ കൽപ്പനയെയും അവൻ കണ്ടത്‌.

നമുക്കുള്ള പാഠം: മറ്റുള്ളവരെ, വിശേഷിച്ച്‌ നമ്മുടെ കുടുംബാംഗങ്ങളെ ഹൃദയപൂർവം സ്‌നേഹിച്ചുകൊണ്ട്‌ നമുക്ക്‌ അബ്രാഹാമിനെ അനുകരിക്കാം. നമ്മുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകാത്തവിധം ജീവിതസമ്മർദങ്ങൾ നമ്മെ വരിഞ്ഞുമുറുക്കാൻ നാം ഒരിക്കലും അനുവദിക്കുകയില്ല.

യഹോവയോടും ഹൃദയംഗമമായ സ്‌നേഹം വളർത്തിയെടുക്കാൻ നാം ആത്മാർഥമായി ശ്രമിക്കണം. നമ്മുടെ ജീവിതത്തെ ശരിയായ വിധത്തിൽ നിയന്ത്രിക്കാൻ ആ സ്‌നേഹത്തിനാകും. ഉദാഹരണത്തിന്‌, നമ്മുടെ മനോഭാവവും സംസാരവും പെരുമാറ്റവും ഒക്കെ ദൈവേഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവരാൻ ആ സ്‌നേഹം നമ്മെ പ്രേരിപ്പിക്കും.—1 പത്രോസ്‌ 1:14-16.

യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നത്‌ എല്ലായ്‌പോഴും അത്ര എളുപ്പമല്ല. എന്നിരുന്നാലും അബ്രാഹാമിനെ സഹായിച്ചവൻ, അബ്രാഹാമിനെ ‘എന്റെ സ്‌നേഹിതൻ’ എന്നു വിളിച്ചവൻ നമ്മെയും സഹായിക്കാൻ സന്നദ്ധനാണ്‌. (യെശയ്യാവു 41:8) അവൻ “നിങ്ങളെ ഉറപ്പിക്കുകയും ശക്തരാക്കുകയും ചെയ്യും,” അവന്റെ വചനമായ ബൈബിൾ ഉറപ്പു നൽകുന്നു. (1 പത്രോസ്‌ 5:10) അബ്രാഹാമിന്റെ ആ വിശ്വസ്‌തസുഹൃത്തിൽനിന്നുള്ള എത്ര ഹൃദയഹാരിയായ വാഗ്‌ദാനം! (w12-E 01/01)

[13-ാം പേജിലെ ചതുരം]

കരയുന്നത്‌ പൗരുഷത്തിന്റെ ലക്ഷണമാണോ?

അല്ല എന്ന അഭിപ്രായമാണ്‌ പലർക്കും. എന്നാൽ, മനോബലമുണ്ടായിരുന്ന അനേകം വിശ്വസ്‌തപുരുഷന്മാർ വിഷമഘട്ടങ്ങളിൽ കണ്ണീർവാർത്തതായി ബൈബിൾ പരാമർശിക്കുന്നുണ്ട്‌! അബ്രാഹാം അതിൽ ഒരാൾ മാത്രമാണ്‌. യോസേഫ്‌, ദാവീദ്‌, അപ്പൊസ്‌തലനായ പത്രോസ്‌, എഫെസൊസ്‌ സഭയിലുണ്ടായിരുന്ന മൂപ്പന്മാർ, എന്തിന്‌ യേശുപോലും കരഞ്ഞതായി ബൈബിൾ വിവരണം പറയുന്നു. (ഉല്‌പത്തി 50:1; 2 ശമൂവേൽ 18:33; ലൂക്കോസ്‌ 22:61, 62; യോഹന്നാൻ 11:35; പ്രവൃത്തികൾ 20:36-38) കരയുന്നത്‌ പുരുഷന്മാർക്കു ചേർന്നതല്ല എന്ന്‌ ബൈബിളിൽ ഒരിടത്തും പറയുന്നില്ല.