വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിക്കും’

‘നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിക്കും’

ദൈവത്തോട്‌ അടുത്തുചെല്ലുക

‘നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിക്കും’

“മോനെ, എന്റെ കൈയിൽ മുറുകെ പിടിച്ചോളൂ,” തിരക്കുള്ള ഒരു റോഡ്‌ കുറുകെ കടക്കാൻ തുടങ്ങുമ്പോൾ അച്ഛൻ മകനോടു പറയുന്നു. അവന്റെ ആ കുഞ്ഞുവിരലുകൾ അച്ഛന്റെ ബലിഷ്‌ഠമായ കരങ്ങളിലായിരിക്കെ, അവന്‌ ആരെയും പേടിക്കേണ്ട, അവൻ സുരക്ഷിതനാണ്‌. ജീവിതത്തിന്റെ അനിശ്ചിതത്വത്തിൽപ്പെട്ട്‌ ഉഴലവെ, ഇതുപോലെ നിങ്ങളുടെയും കൈപിടിച്ച്‌ സുരക്ഷിതമായി വഴിനടത്താൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്‌ നിങ്ങൾ എപ്പോഴെങ്കിലും ആശിച്ചിട്ടുണ്ടോ? എങ്കിൽ, യെശയ്യാവിന്റെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ നിങ്ങൾക്ക്‌ തീർച്ചയായും ആശ്വാസമേകും.—യെശയ്യാവു 41:10, 13 വായിക്കുക.

യെശയ്യാവ്‌ ഇതു പറഞ്ഞത്‌ ഇസ്രായേൽജനത്തോടാണ്‌. കാരണം ആ ജനത ദൈവത്തിന്റെ “പ്രത്യേകസമ്പത്താ”യിരുന്നെങ്കിലും അവർക്കു ചുറ്റും ശത്രുക്കളായിരുന്നു. (പുറപ്പാടു 19:5) പക്ഷേ അവർ ഭയക്കേണ്ടതില്ലായിരുന്നു. ബലപ്പെടുത്തുന്ന ഒരു സന്ദേശമാണ്‌ യഹോവ യെശയ്യാവിലൂടെ അവർക്കു നൽകിയത്‌. ആ വാക്കുകളാണ്‌ നാം ഇപ്പോൾ അടുത്തു പരിശോധിക്കാൻ പോകുന്നത്‌. അവ ഇന്നത്തെ ദൈവാരാധകർക്കും ആശ്വാസമേകും എന്ന കാര്യം മനസ്സിൽപ്പിടിക്കുക.—റോമർ 15:4.

യഹോവ തന്റെ ജനത്തെ ധൈര്യപ്പെടുത്തുന്നു: “നീ ഭയപ്പെടേണ്ടാ.” (10-ാം വാക്യം) അവൻ ഇത്‌ വെറുതെ പറയുകയല്ല. അതിന്റെ കാരണം യഹോവ വ്യക്തമാക്കുന്നു: “ഞാൻ നിന്നോടുകൂടെ ഉണ്ട്‌.” സഹായം ആവശ്യമുള്ളപ്പോൾ എത്തിയേക്കാം എന്നു പറയുന്ന അങ്ങു ദൂരെയുള്ള ഒരു സഹായകനല്ല യഹോവ. സഹായിക്കാൻ തയ്യാറായി എല്ലായ്‌പോഴും അവരോടുകൂടെ, അവരുടെ സമീപത്തുതന്നെ താൻ ഉണ്ടെന്ന്‌ തന്റെ ജനത്തിന്‌ ഉറപ്പു നൽകാൻ യഹോവ ആഗ്രഹിക്കുന്നു. എത്ര ആശ്വാസദായകമായ വാക്കുകൾ!

“ഭ്രമിച്ചുനോക്കേണ്ടാ” എന്നു പറഞ്ഞുകൊണ്ട്‌ തന്റെ ആരാധകരെ യഹോവ പിന്നെയും ശക്തീകരിക്കുന്നു. (10-ാം വാക്യം) ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ ക്രിയയ്‌ക്ക്‌, “അപായപ്പെടുത്തുന്ന എന്തെങ്കിലും ചുറ്റുമുണ്ടോയെന്ന്‌ നോക്കുന്നതിനെ” കുറിക്കാനാകും. എന്നാൽ ദൈവജനം ഭയന്ന്‌ ചുറ്റും നോക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ടാണ്‌? യഹോവ വിശദീകരിക്കുന്നു: “ഞാൻ നിന്റെ ദൈവം ആകുന്നു.” ഇതിൽപ്പരം എന്ത്‌ ഉറപ്പാണു വേണ്ടത്‌? ‘സർവശക്തനും’ ‘അത്യുന്നതനും’ ആണ്‌ യഹോവ. (സങ്കീർത്തനം 91:1) അത്യന്തം ശക്തനായ യഹോവ ദൈവമായുള്ളപ്പോൾ അവർ എന്തിനു ഭയക്കണം?

യഹോവയുടെ ആരാധകർക്ക്‌ എന്തു പ്രതീക്ഷിക്കാം? “എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും” എന്ന്‌ യഹോവ പറയുന്നു. (10-ാം വാക്യം) “നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു” എന്നും അവൻ ഉറപ്പു നൽകുന്നു. (13-ാം വാക്യം, പി.ഒ.സി. ബൈബിൾ) ഈ വാക്കുകൾ കേൾക്കുമ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ തോന്നുന്നത്‌? ഒരു പ്രമാണഗ്രന്ഥം പറയുന്നു: “ഈ രണ്ടുവാക്യങ്ങളും ഒരുമിച്ചു പരിചിന്തിക്കുമ്പോൾ അച്ഛനും മകനും ഉൾപ്പെടുന്ന ഒരു ഉജ്ജ്വലചിത്രമാണ്‌ മനസ്സിൽ തെളിഞ്ഞുവരുക.” “എന്തെങ്കിലും അപകടമുണ്ടാകുന്നപക്ഷം അത്‌ തടയാൻവേണ്ടി സമീപത്തു നോക്കിനിൽക്കുകയല്ല (അച്ഛൻ); പകരം അദ്ദേഹം മകനോടൊപ്പംതന്നെ ഉണ്ട്‌. അവൻ തന്നിൽനിന്ന്‌ വേറിട്ടുപോകാൻ അദ്ദേഹം അനുവദിക്കുന്നില്ല.” സമാനമായി, തന്നിൽനിന്ന്‌ വേർപെട്ടുപോകാൻ തന്റെ ജനത്തെ യഹോവ ഒരിക്കലും അനുവദിക്കുകയില്ല; ജീവിതത്തിലെ കയ്‌പേറിയ സമയങ്ങളിൽപ്പോലും അവൻ അവർക്കൊപ്പം കാണും.—എബ്രായർ 13:5, 6.

യഹോവയുടെ ഇന്നത്തെ ആരാധകർക്കും യെശയ്യാവിന്റെ വാക്കുകൾ ഏറെ സാന്ത്വനമേകുന്നു. ‘ദുഷ്‌കരമായ ഈ സമയങ്ങളിൽ’ ജീവിതോത്‌കണ്‌ഠകൾ വരിഞ്ഞുമുറുക്കുന്നതായി ചിലപ്പോൾ നമുക്കു തോന്നിയേക്കാം. (2 തിമൊഥെയൊസ്‌ 3:1) എന്നാൽ അത്തരം വിഷമതകൾ നാം ഒറ്റയ്‌ക്കു നേരിടേണ്ടതില്ല. നമ്മുടെ കൈ പിടിക്കാൻ, നമ്മെ സഹായിക്കാൻ യഹോവ സന്നദ്ധനാണ്‌. പിതാവിനെ ആശ്രയിക്കുന്ന കുഞ്ഞിനെപ്പോലെ യഹോവയുടെ ശക്തമായ കരങ്ങളിൽ നമുക്കു മുറുകെപ്പിടിക്കാം; ശരിയായ പാതയിലൂടെ അവൻ നമ്മെ നയിക്കുമെന്നും ആവശ്യസമയത്ത്‌ നമ്മെ സഹായിക്കുമെന്നും ഉള്ള ഉറപ്പോടെ.—സങ്കീർത്തനം 63:7, 8. (w12-E 01/01)