വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മകനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോട്‌ ദൈവം ആവശ്യപ്പെട്ടത്‌ എന്തുകൊണ്ടാണ്‌?

മകനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോട്‌ ദൈവം ആവശ്യപ്പെട്ടത്‌ എന്തുകൊണ്ടാണ്‌?

വായനക്കാർ ചോദിക്കുന്നു

മകനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോട്‌ ദൈവം ആവശ്യപ്പെട്ടത്‌ എന്തുകൊണ്ടാണ്‌?

▪ അബ്രാഹാമിനോട്‌ തന്റെ പുത്രനെ ബലി അർപ്പിക്കാൻ യഹോവയാംദൈവം ആവശ്യപ്പെട്ടതായി ബൈബിൾപുസ്‌തകമായ ഉല്‌പത്തിയിൽ നാം വായിക്കുന്നു. (ഉല്‌പത്തി 22:2) ചിലർക്ക്‌ ഈ വിവരണം ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല. കാരൾ എന്ന ഒരു പ്രൊഫസർ പറയുന്നു: “എന്റെ ചെറുപ്പത്തിൽ ഈ കഥ ആദ്യമായി കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.” “ഏതു ദൈവത്തിനാണ്‌ ഇങ്ങനെയൊക്കെ ആവശ്യപ്പെടാനാകുക?” ഇത്തരം പ്രതികരണങ്ങൾ സ്വാഭാവികമാണെങ്കിലും മനസ്സിൽപ്പിടിക്കേണ്ട ചില വസ്‌തുതകളുണ്ട്‌.

ആദ്യമായി, യഹോവ എന്തു ചെയ്‌തില്ല എന്നത്‌ ശ്രദ്ധിക്കുക. യാഗം അർപ്പിക്കാൻ അബ്രാഹാം തയ്യാറായെങ്കിലും ദൈവം അതിന്‌ അനുവദിച്ചില്ല. മാത്രമല്ല പിന്നീട്‌ മറ്റാരോടും ദൈവം ഇങ്ങനെ ആവശ്യപ്പെടുകയും ചെയ്‌തില്ല. കുട്ടികൾ ഉൾപ്പെടെയുള്ള തന്റെ ആരാധകരെല്ലാം ജീവനോടിരിക്കാനും ദീർഘകാലം സന്തുഷ്ടജീവിതം നയിക്കാനും ആണ്‌ യഹോവ ആഗ്രഹിക്കുന്നത്‌.

രണ്ടാമതായി, യിസ്‌ഹാക്കിനെ ബലി അർപ്പിക്കാൻ യഹോവ ആവശ്യപ്പെട്ടതിന്‌ ഒരു പ്രത്യേക കാരണമുണ്ടെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകൾക്കു ശേഷം തന്റെ സ്വപുത്രനായ * യേശു നമുക്കായി മരിക്കേണ്ടിവരുമെന്ന്‌ ദൈവത്തിന്‌ അറിയാമായിരുന്നു. (മത്തായി 20:28) ഇതിനുവേണ്ടി താൻ ഒടുക്കേണ്ടിവരുന്ന വില എത്ര വലുതായിരിക്കുമെന്ന്‌ നമുക്ക്‌ മനസ്സിലാക്കിത്തരാൻ ദൈവം ആഗ്രഹിച്ചു. അബ്രാഹാമിനോട്‌ അവൻ ആവശ്യപ്പെട്ട കാര്യം ഭാവിയിൽ നടക്കേണ്ടിയിരുന്ന ആ ബലിയുടെ മഹത്തായ ഒരു പ്രകടനമായിരുന്നു. എങ്ങനെ?

അബ്രാഹാമിനോട്‌ യഹോവ പറയുന്നത്‌ ശ്രദ്ധിക്കുക: “നിന്റെ മകനെ, നീ സ്‌നേഹിക്കുന്ന നിന്റെ എകജാതനായ യിസ്‌ഹാക്കിനെ തന്നേ, . . . ഹോമയാഗം കഴിക്ക.” (ഉല്‌പത്തി 22:2) “നീ സ്‌നേഹിക്കുന്ന” മകൻ എന്നാണ്‌ യഹോവ യിസ്‌ഹാക്കിനെക്കുറിച്ച്‌ പറഞ്ഞത്‌. അബ്രാഹാമിന്‌ അവന്റെ മകനായ യിസ്‌ഹാക്ക്‌ എത്ര പ്രിയപ്പെട്ടവനാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു. അതുപോലെതന്നെയാണ്‌ യഹോവയ്‌ക്ക്‌ തന്റെ പുത്രനായ യേശുവും; അവൻ യഹോവയ്‌ക്ക്‌ വളരെ വിലപ്പെട്ടവനാണ്‌. യഹോവ യേശുവിനെ അത്യധികം സ്‌നേഹിക്കുന്നു. “എന്റെ പ്രിയപുത്രൻ” എന്ന്‌ രണ്ടുതവണ സ്വർഗത്തിൽനിന്ന്‌ യഹോവ അവനെ സംബോധന ചെയ്‌തത്‌ അതിനു തെളിവാണ്‌.—മർക്കോസ്‌ 1:11; 9:7.

യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോട്‌ ആവശ്യപ്പെട്ടപ്പോൾ വിനയപൂർവമായ അഭ്യർഥനയെ കുറിക്കുന്ന ഒരു എബ്രായ പദമാണ്‌ യഹോവ ഉപയോഗിച്ചത്‌. “താൻ ചോദിക്കുന്ന കാര്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ത്യാഗം കർത്താവിന്‌ മനസ്സിലാകുന്നു” എന്നാണ്‌ ആ എബ്രായ പദം സൂചിപ്പിക്കുന്നതെന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെടുന്നു. യഹോവ ആവശ്യപ്പെട്ട കാര്യം അബ്രാഹാമിന്‌ എത്രമാത്രം ഹൃദയവേദന ഉളവാക്കിയിട്ടുണ്ടാകുമെന്ന്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ തന്റെ പ്രിയപുത്രൻ കഷ്ടതകൾ സഹിച്ചു മരിക്കുന്നത്‌ കണ്ടപ്പോൾ യഹോവ അനുഭവിച്ച തീവ്രമായ ഹൃദയവേദന നമുക്ക്‌ ഊഹിക്കാനാകുമോ? ഇത്ര വലിയൊരു വേദന യഹോവ മുമ്പ്‌ അനുഭവിച്ചിട്ടുണ്ടാകില്ല; ഇനിയൊരിക്കലും അനുഭവിക്കുകയുമില്ല.

യഹോവ അബ്രാഹാമിനോട്‌ ആവശ്യപ്പെട്ട കാര്യം നമ്മെ ഞെട്ടിച്ചേക്കാമെങ്കിലും ഒരു കാര്യം ഓർക്കുന്നത്‌ നല്ലതായിരിക്കും: മകനെ യാഗം അർപ്പിക്കാൻ വിശ്വസ്‌തനായ ആ ഗോത്രപിതാവിനെ യഹോവ അനുവദിച്ചില്ല! അങ്ങനെ, ഒരു പിതാവിന്‌ അനുഭവിക്കേണ്ടിവരുന്ന ഏറ്റവും വലിയ ദുഃഖത്തിൽനിന്ന്‌ യഹോവ അബ്രാഹാമിനെ മുക്തനാക്കി. എന്നാൽ തന്റെ ‘സ്വന്തം പുത്രന്റെ’ കാര്യത്തിൽ യഹോവ അങ്ങനെ ചെയ്‌തില്ല; യഹോവ അവനെ ‘നമുക്കേവർക്കുംവേണ്ടി ഏൽപ്പിച്ചുതന്നു.’ (റോമർ 8:32) ഇത്ര കഠിനമായ പരിശോധന അനുഭവിക്കാൻ യഹോവ തയ്യാറായത്‌ എന്തുകൊണ്ടാണ്‌? “നാം ജീവൻ പ്രാപിക്കേണ്ടതിനു”വേണ്ടി. (1 യോഹന്നാൻ 4:9) ദൈവസ്‌നേഹത്തിന്റെ എത്ര ശക്തമായ തെളിവ്‌! ആ സ്‌നേഹം നാം തിരിച്ച്‌ അവനോടു കാണിക്കേണ്ടതല്ലേ? * (w12-E 01/01)

[അടിക്കുറിപ്പുകൾ]

^ യഹോവയാംദൈവത്തിന്‌ ഒരു സ്‌ത്രീയിൽ ഉണ്ടായ മകനാണ്‌ യേശു എന്ന്‌ ബൈബിൾ പഠിപ്പിക്കുന്നില്ല. പകരം, താൻ സൃഷ്ടിച്ച ആത്മവ്യക്തിയെ പിന്നീട്‌ കന്യകയായ മറിയയിലൂടെ ഭൂമിയിൽ പിറക്കാൻ യഹോവ ഇടയാക്കുകയായിരുന്നു. യേശുവിനെ സൃഷ്ടിച്ചവൻ എന്ന നിലയിൽ ഉചിതമായും ദൈവം യേശുവിന്റെ പിതാവാണ്‌.

^ യേശു മരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ടാണെന്നും നമുക്ക്‌ അതിനോടുള്ള വിലമതിപ്പ്‌ എങ്ങനെ കാണിക്കാമെന്നും കൂടുതൽ അറിയാൻ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 5-ാം അധ്യായം കാണുക.