വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എനിക്ക്‌ എങ്ങനെ പ്രസംഗിക്കാൻ പറ്റും?’

‘എനിക്ക്‌ എങ്ങനെ പ്രസംഗിക്കാൻ പറ്റും?’

‘എനിക്ക്‌ എങ്ങനെ പ്രസംഗിക്കാൻ പറ്റും?’

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാൽ വലയുമ്പോഴും പ്രസംഗവേലയിൽ വിശ്വസ്‌തമായി ഏർപ്പെടുന്ന സഹോദരങ്ങൾ ലോകമെങ്ങുമുണ്ട്‌. അവരിൽ ഒരാളാണ്‌ ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിലുള്ള ഡാലിയ.

35-നോടടുത്ത്‌ പ്രായമുള്ള ഒരു സഹോദരിയാണ്‌ ഡാലിയ. ജന്മനാ അവൾക്ക്‌ സെറിബ്രൽ അപ്പോപ്ലക്‌സി (മസ്‌തിഷ്‌കത്തിലേക്കുള്ള അതിയായ രക്തമൊഴുക്ക്‌) എന്ന രോഗമുണ്ട്‌. അത്‌ അവളുടെ ശരീരത്തെ തളർത്തിക്കളഞ്ഞു; സംസാരപ്രാപ്‌തിയെയും സാരമായി ബാധിച്ചു. അങ്ങനെ, വീട്ടിലുള്ളവർക്കു മാത്രമേ അവൾ പറയുന്നത്‌ ശരിക്കും മനസ്സിലാകൂ എന്ന അവസ്ഥയിലായി. അമ്മ ഗാലിനയോടൊപ്പമാണ്‌ അവൾ താമസിക്കുന്നത്‌, അവളെ ശുശ്രൂഷിക്കുന്നതും അമ്മതന്നെ. ബുദ്ധിമുട്ടുകളും ആശങ്കകളും നിറഞ്ഞ ഒരു ജീവിതമാണെങ്കിലും കാര്യങ്ങളെ പ്രസാദാത്മകമായി കാണാനുള്ള കഴിവ്‌ അവൾക്കുണ്ട്‌. എന്താണ്‌ അതിന്റെ രഹസ്യം?

ഗാലിന പറയുന്നു: “1999-ൽ എന്റെ കസിൻ അപ്പലോനിയ ഞങ്ങളെ കാണാൻ വന്നു. യഹോവയുടെ സാക്ഷിയായ അവൾക്ക്‌ ബൈബിൾ നന്നായി അറിയാമായിരുന്നതിനാൽ ഡാലിയ അവളോട്‌ പലപല ചോദ്യങ്ങൾ ചോദിക്കാൻതുടങ്ങി. വൈകാതെ, അവളുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഡാലിയ പറയുന്നത്‌ എന്താണെന്ന്‌ മനസ്സിലാക്കിക്കൊടുക്കാൻ ഞാനും ഇടയ്‌ക്കൊക്കെ അധ്യയനത്തിന്‌ ഇരിക്കുമായിരുന്നു. പഠിക്കുന്ന കാര്യങ്ങളെല്ലാം അവൾക്കു ഗുണംചെയ്യുന്നുണ്ടെന്ന്‌ കണ്ടപ്പോൾ ഞാനും ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു.”

ബൈബിൾ സത്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതോടെ ഡാലിയയെ ഒരു ചോദ്യം അലട്ടാൻതുടങ്ങി. ഒടുവിൽ അവൾ അത്‌ അപ്പലോനിയയുടെ മുമ്പിൽ അവതരിപ്പിച്ചു: “എന്നെപ്പോലെ തളർന്നുപോയ ഒരാൾക്ക്‌ എങ്ങനെ പ്രസംഗിക്കാൻ പറ്റും?” (മത്താ. 28:19, 20) അപ്പലോനിയ ഡാലിയയെ ആശ്വസിപ്പിച്ചു: “വിഷമിക്കേണ്ടാ. യഹോവ നിന്നെ സഹായിക്കും.” ആ വാക്കുകൾ സത്യമായി.

ഡാലിയ എങ്ങനെയാണ്‌ സാക്ഷീകരിക്കുന്നത്‌? പല മാർഗങ്ങളുണ്ട്‌. ബൈബിൾ സന്ദേശം അടങ്ങിയ കത്തുകൾ എഴുതാൻ ക്രിസ്‌തീയ സഹോദരിമാർ അവളെ സഹായിക്കുന്നു. ആദ്യം, ഡാലിയ തന്റെ മനസ്സിലുള്ള ആശയങ്ങൾ അവരോടു പറയും. എന്നിട്ട്‌, അവർ അവളുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കത്ത്‌ എഴുതും. മൊബൈൽ ഫോണിലൂടെ എസ്‌എംഎസ്‌ അയച്ചും ഡാലിയ സാക്ഷീകരിക്കാറുണ്ട്‌. കാലാവസ്ഥ നല്ലതാണെങ്കിൽ സഭയിലെ ആരെങ്കിലും അവളെ പുറത്തുകൊണ്ടുപോകും. പാർക്കുകളിലും തെരുവിലും ഉള്ള ആളുകളെ കണ്ടുമുട്ടാൻ അങ്ങനെ അവൾക്കാകുന്നു.

ഡാലിയയും അമ്മയും ആത്മീയ പുരോഗതിവരുത്തി. യഹോവയ്‌ക്ക്‌ തങ്ങളുടെ ജീവിതം സമർപ്പിച്ച അവർ 2004 നവംബറിൽ സ്‌നാനമേറ്റു. 2008 സെപ്‌റ്റംബറിൽ വിൽനിയസിൽ ഒരു പോളിഷ്‌ ഭാഷാക്കൂട്ടം ആരംഭിക്കുകയുണ്ടായി. അവിടെ കൂടുതൽ രാജ്യപ്രസാധകരുടെ ആവശ്യമുണ്ടായിരുന്നതിനാൽ ഡാലിയയും അമ്മയും ആ കൂട്ടത്തോടൊപ്പം ചേർന്നു. ഡാലിയ പറയുന്നു: “ചില മാസങ്ങളിൽ ശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിയാതെവരുമ്പോൾ എനിക്ക്‌ ടെൻഷനാകും. പക്ഷേ അതേക്കുറിച്ച്‌ യഹോവയോട്‌ പ്രാർഥിക്കേണ്ട താമസം എന്നെ സേവനത്തിനായി പുറത്തുകൊണ്ടുപോകാൻ ആരെങ്കിലും മുന്നോട്ടുവരാറുണ്ട്‌.” തന്റെ അവസ്ഥയെക്കുറിച്ച്‌ നമ്മുടെ ഈ പ്രിയ സഹോദരിക്ക്‌ പറയാനുള്ളത്‌ എന്താണ്‌? “രോഗം എന്റെ ശരീരത്തെ തളർത്തിക്കളഞ്ഞു; പക്ഷേ എന്റെ മനസ്സിനെ തളർത്താൻ അതിനായിട്ടില്ല. യഹോവയെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാനാകുന്നതിൽ ഞാൻ ഏറെ സന്തുഷ്ടയാണ്‌.”