വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഭയുടെ നല്ല ആത്മാവ്‌ പരിരക്ഷിക്കുക

സഭയുടെ നല്ല ആത്മാവ്‌ പരിരക്ഷിക്കുക

സഭയുടെ നല്ല ആത്മാവ്‌ പരിരക്ഷിക്കുക

“കർത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ.” —ഫിലി. 4:23.

സഭയുടെ നല്ല ആത്മാവിനെ പരിപോഷിപ്പിക്കാൻ. . .

സഹോദരങ്ങളോടൊപ്പം സഹവസിക്കുമ്പോൾ നമുക്ക്‌ എന്തു ചെയ്യാനാകും?

തീക്ഷ്‌ണതയോടെ ശുശ്രൂഷയിൽ ഏർപ്പെടുന്നത്‌ എങ്ങനെ സഹായിക്കും?

ഗൗരവമുള്ള തെറ്റിനെക്കുറിച്ച്‌ റിപ്പോർട്ടുചെയ്യുന്നത്‌ എങ്ങനെ സഹായിക്കും?

1. ഫിലിപ്പിയിലെയും തുയഥൈരയിലെയും സഭകൾക്ക്‌ എന്തിന്റെ പേരിലാണ്‌ അഭിനന്ദനം ലഭിച്ചത്‌?

 ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലുണ്ടായിരുന്ന ക്രിസ്‌ത്യാനികൾ പാവപ്പെട്ടവരായിരുന്നു. എന്നുവരികിലും സഹവിശ്വാസികളോട്‌ ഉദാരതയും സ്‌നേഹവും കാണിക്കുന്ന കാര്യത്തിൽ അവർ നല്ല മാതൃകവെച്ചു. (ഫിലി. 1:3-5, 9; 4:15, 16) അവർക്കുള്ള തന്റെ നിശ്വസ്‌ത ലേഖനത്തിന്റെ ഉപസംഹാരത്തിൽ, “കർത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതിയത്‌ അതുകൊണ്ടാണ്‌. (ഫിലി. 4:23) തുയഥൈരയിലെ ക്രിസ്‌ത്യാനികൾക്കും സമാനമായൊരു ആത്മാവ്‌ ഉണ്ടായിരുന്നതിനാൽ മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്‌തു അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രവൃത്തികളും നിന്റെ സ്‌നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്‌ണുത എന്നിവയും അറിയുന്നു. നിന്റെ പിൽക്കാലപ്രവർത്തനങ്ങൾ ആദ്യത്തേതിലും ഉത്തമമാകുന്നു എന്നും ഞാൻ അറിയുന്നു.”—വെളി. 2:19.

2. നമ്മുടെ മനോഭാവം സഭയുടെ ആത്മാവിനെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

2 സമാനമായി, ഇന്ന്‌ യഹോവയുടെ സാക്ഷികളുടെ ഓരോ സഭയിലും തനതായ ഒരു ആത്മാവ്‌ പ്രകടമാണ്‌. ചില സഭകൾ ഊഷ്‌മളതയ്‌ക്കും സ്‌നേഹത്തിനും പേരുകേട്ടവയാണെങ്കിൽ, രാജ്യപ്രസംഗവേലയിലെ തീക്ഷ്‌ണതയും മുഴുസമയ ശുശ്രൂഷയോടുള്ള വിലമതിപ്പുമാണ്‌ മറ്റു ചില സഭകളുടെ പ്രത്യേകത. നാം ഓരോരുത്തരും ഒരു നല്ല ആത്മാവ്‌ അഥവാ മനോഭാവം വളർത്തിയെടുക്കുന്നെങ്കിൽ, സഭയുടെ ഐക്യം കാക്കുന്നതിലും അതിന്റെ ആകമാന ആത്മീയ അഭിവൃദ്ധിയിലും നമുക്കൊരു പങ്കുണ്ടായിരിക്കും. (1 കൊരി. 1:10) നേരെമറിച്ച്‌, മോശമായൊരു ആത്മാവാണ്‌ നമുക്കുള്ളതെങ്കിൽ സഭ ആത്മീയ മയക്കത്തിലാകാനും ശീതോഷ്‌ണസ്ഥിതിയിൽ ആയിത്തീരാനും ഇടയുണ്ട്‌; ഒരുപക്ഷേ, സഭയിൽ ദുഷ്‌കൃത്യങ്ങൾ നിലനിൽക്കുന്നതിന്‌ നാം കൂട്ടുനിന്നെന്നും വരാം. (1 കൊരി. 5:1; വെളി. 3:15, 16) ആകട്ടെ, ഏതു തരത്തിലുള്ള ആത്മാവാണ്‌ നിങ്ങളുടെ സഭയിൽ നിലനിൽക്കുന്നത്‌? സഭയിൽ നല്ല ഒരു ആത്മാവ്‌ ഉണ്ടായിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

ഒരു നല്ല ആത്മാവിന്‌ വഴിയൊരുക്കുക

3, 4. നമുക്ക്‌ എങ്ങനെ ‘മഹാസഭയിൽ (യഹോവയ്‌ക്കു) സ്‌തോത്രം’ ചെയ്യാം?

3 “ഞാൻ മഹാസഭയിൽ നിനക്കു (യഹോവയ്‌ക്കു) സ്‌തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്‌തുതിക്കും” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 35:18) മറ്റു ദൈവദാസന്മാരോടൊപ്പം ആയിരുന്നപ്പോൾ യഹോവയെ സ്‌തുതിക്കാൻ സങ്കീർത്തനക്കാരൻ മടിച്ചില്ല. അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട്‌ നമ്മുടെ തീക്ഷ്‌ണതയും വിശ്വാസവും പ്രകടിപ്പിക്കാൻ വീക്ഷാഗോപുര അധ്യയനം ഉൾപ്പെടെ വാരന്തോറുമുള്ള യോഗങ്ങൾ അവസരമൊരുക്കുന്നു. ഇക്കാര്യത്തിൽ നാമെല്ലാം സ്വയം ഒന്ന്‌ വിലയിരുത്തുന്നത്‌ നല്ലതാണ്‌: ‘യോഗങ്ങളിൽ കഴിയുന്നത്ര അഭിപ്രായങ്ങൾ പറയാൻ ഞാൻ ശ്രമിക്കാറുണ്ടോ? ഞാൻ നന്നായി തയ്യാറായി യോഗങ്ങളിൽ അർഥവത്തായ അഭിപ്രായങ്ങൾ പറയാറുണ്ടോ? കുടുംബനാഥൻ എന്നനിലയിൽ ഞാൻ, ഉത്തരങ്ങൾ തയ്യാറാകാൻ മക്കളെ സഹായിക്കുകയും സ്വന്തം വാക്കുകളിൽ അവ പറയാൻ അവരെ പഠിപ്പിക്കുകയും ചെയ്യാറുണ്ടോ?’

4 ഉറപ്പുള്ള ഒരു മനസ്സ്‌ നമുക്കുണ്ടെന്നു തെളിയിക്കാൻ യോഗങ്ങളിലെ ഗാനാലാപനം അവസരമേകുന്നു. ദാവീദ്‌ ഇങ്ങനെ പാടി: “എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.” (സങ്കീ. 57:7) ഉറച്ച മനസ്സോടെ ദൈവത്തെ സ്‌തുതിക്കാനും അവന്‌ “കീർത്തനം” ചെയ്യാനും ക്രിസ്‌തീയ യോഗങ്ങളിൽ ആലപിക്കുന്ന ഗീതങ്ങൾ നമ്മെ സഹായിക്കുന്നു. ചില ഗീതങ്ങൾ നിങ്ങൾക്ക്‌ അത്ര പരിചിതമല്ലെങ്കിൽ കുടുംബാരാധനയ്‌ക്കുള്ള സായാഹ്നത്തിൽ അവ പാടി പരിശീലിക്കരുതോ? ‘ആയുഷ്‌കാലത്തൊക്കെയും യഹോവയ്‌ക്കു പാടാനും ജീവനുള്ളേടത്തോളം അവനു കീർത്തനം പാടാനും’ നമുക്കു തീരുമാനിച്ചുറയ്‌ക്കാം.—സങ്കീ. 104:33.

5, 6. നമുക്ക്‌ എങ്ങനെ ആതിഥ്യമരുളാനും ഔദാര്യം കാണിക്കാനും കഴിയും, അത്‌ സഭയിൽ എന്ത്‌ പ്രഭാവം ചെലുത്തും?

5 സഹോദരീസഹോദരന്മാർക്ക്‌ ആതിഥ്യമരുളുന്നതാണ്‌ സഭയിലെ സ്‌നേഹാന്തരീക്ഷം ഊട്ടിവളർത്താനുള്ള മറ്റൊരു മാർഗം. “നിങ്ങളുടെ സഹോദരസ്‌നേഹം നിലനിൽക്കട്ടെ. അതിഥിസത്‌കാരം മറക്കരുത്‌” എന്നൊരു ഉദ്‌ബോധനം പൗലോസ്‌ എബ്രായർക്ക്‌ എഴുതിയ ലേഖനത്തിന്റെ അവസാന അധ്യായത്തിൽ കാണാം. (എബ്രാ. 13:1, 2) സഞ്ചാരവേലയിലുള്ളവരെയോ സഭയിലെ മുഴുസമയ ശുശ്രൂഷകരെയോ ഭക്ഷണത്തിനു ക്ഷണിക്കുന്നതാണ്‌ അതിഥിസത്‌കാരം ആചരിക്കാനുള്ള ഒരു ഉത്‌കൃഷ്ട മാർഗം. വിധവമാരെയോ അച്ഛനമ്മമാരിൽ ഒരാൾ മാത്രമുള്ള കുടുംബത്തെയോ മറ്റുള്ളവരെയോ നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനോ കുടുംബാരാധനയിൽ പങ്കെടുക്കാനോ ഇടയ്‌ക്കൊക്കെ ക്ഷണിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുക.

6 “നന്മ ചെയ്യാനും സത്‌പ്രവൃത്തികളിൽ സമ്പന്നരാകാനും ഉദാരമനസ്‌കരും ദാനശീലരും ആയിരിക്കാനും” മറ്റുള്ളവരോട്‌ ആജ്ഞാപിക്കാൻ പൗലോസ്‌ തിമൊഥെയൊസിനോടു പറയുകയുണ്ടായി. “അങ്ങനെ, യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ സാധിക്കത്തക്കവിധം വരുങ്കാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ അവർക്കു പണിയാനാകും” എന്നും അവൻ കൂട്ടിച്ചേർത്തു. (1 തിമൊ. 6:18, 19) തന്റെ സഹാരാധകർ ഉദാരമനസ്‌കരായിത്തീരണമെന്നു പറയുകയായിരുന്നു പൗലോസ്‌. സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും നമുക്ക്‌ ഔദാര്യമുള്ളവരായിരിക്കാൻ സാധിക്കും. ഉദാഹരണത്തിന്‌, വയൽസേവനത്തിനും യോഗങ്ങൾക്കും പോകാൻ യാത്രാസൗകര്യം അത്യാവശ്യമുള്ളവരെ സഹായിച്ചുകൊണ്ട്‌ വാഹനമുള്ളവർക്ക്‌ ഉദാരത പ്രകടിപ്പിക്കാം. സ്‌നേഹപൂർവം സഹോദരങ്ങൾ ചെയ്യുന്ന ഇത്തരം ദയാപ്രവൃത്തികളിൽനിന്നു പ്രയോജനം നേടുന്നവരുടെ കാര്യമോ? തങ്ങൾക്കു ലഭിക്കുന്ന സഹായത്തോട്‌ വിലമതിപ്പു കാണിച്ചുകൊണ്ട്‌ അവർക്ക്‌ സഭയിൽ നല്ല ഒരു ആത്മാവ്‌ ഊട്ടിവളർത്താനാകും; ഒരുപക്ഷേ, വർധിച്ചുവരുന്ന ഇന്ധനവിലയുടെ ഒരു ഭാഗം വഹിച്ചുകൊണ്ട്‌ തങ്ങളാലാകുന്ന സഹായം അവർക്ക്‌ ചെയ്യാനായേക്കും. കൂടാതെ, നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നെങ്കിൽ തങ്ങൾ വേണ്ടപ്പെട്ടവരാണെന്നും സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും അവർക്ക്‌ തോന്നാൻ ഇടവരും. “സഹവിശ്വാസികളായവർക്ക്‌” നന്മ ചെയ്യാനും അവർക്കുവേണ്ടി നമ്മുടെ സമയവും വിഭവങ്ങളും ചെലവഴിക്കാനും തയ്യാറാകുമ്പോൾ നമുക്ക്‌ അവരോടുള്ള സ്‌നേഹം വർധിക്കുന്നതോടൊപ്പം ഊഷ്‌മളമായ ഒരു ആത്മാവ്‌ സഭയിൽ വളരുകയും ചെയ്യും.—ഗലാ. 6:10.

7. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്‌ സഭയിൽ ഒരു നല്ല അന്തരീക്ഷം നിലനിറുത്താൻ സഹായിക്കുന്നത്‌ എങ്ങനെ?

7 സഹവിശ്വാസികൾ തമ്മിലുള്ള സ്‌നേഹബന്ധം ബലിഷ്‌ഠമാക്കുന്ന മറ്റു ഘടകങ്ങളുമുണ്ട്‌: സൗഹൃദവും വിശ്വാസ്യതയും. (സദൃശവാക്യങ്ങൾ 18:24 വായിക്കുക.) യഥാർഥ സുഹൃത്തുക്കൾ വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. തങ്ങൾ പറയുന്നത്‌ മറുചെവിയറിയില്ലെന്ന വിശ്വാസത്തോടെ ഉള്ളുതുറന്ന്‌ നമ്മോടു സംസാരിക്കാൻ സഹോദരങ്ങൾക്കു കഴിയുമ്പോൾ നമുക്കും അവർക്കും ഇടയിലുള്ള സ്‌നേഹബന്ധത്തിന്റെ ആഴം വർധിക്കും. കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കഴിയുന്ന വിശ്വാസയോഗ്യനായ ഒരു സുഹൃത്തായിരുന്നുകൊണ്ട്‌ നമുക്ക്‌ സഭയിൽ ഊഷ്‌മളമായ ഒരു കുടുംബാന്തരീക്ഷം വളർത്താം.—സദൃ. 20:19.

ശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവരായിരിക്കുക

8. ലവൊദിക്യർക്ക്‌ എന്തു ബുദ്ധിയുപദേശം ലഭിച്ചു, എന്തുകൊണ്ട്‌?

8 ലവൊദിക്യ സഭയെ അഭിസംബോധന ചെയ്യവെ യേശു പറഞ്ഞു: “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. നീ ശീതവാനുമല്ല, ഉഷ്‌ണവാനുമല്ല; ശീതവാനോ ഉഷ്‌ണവാനോ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. നീ ശീതവാനോ ഉഷ്‌ണവാനോ ആയിരിക്കാതെ ശീതോഷ്‌ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്നു തുപ്പിക്കളയും.” (വെളി. 3:15, 16) ലവൊദിക്യർ ക്രിസ്‌തീയ ശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവരായിരുന്നില്ല. ആ മനോഭാവം അവർക്കിടയിലെ വ്യക്തിബന്ധങ്ങളെയും ബാധിച്ചിട്ടുണ്ടാകണം. അതുകൊണ്ട്‌ സ്‌നേഹപൂർവം യേശു അവർക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: “എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ആകയാൽ തീക്ഷ്‌ണതയുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.”—വെളി. 3:19.

9. വയൽശുശ്രൂഷയോടുള്ള നമ്മുടെ മനോഭാവം സഭയിലെ ആത്മാവിനെ എപ്രകാരം സ്വാധീനിക്കും?

9 സഭയിൽ നല്ല ആത്മാവ്‌ ഉണ്ടായിരിക്കണമെങ്കിൽ വയൽശുശ്രൂഷയിൽ നാം തീക്ഷ്‌ണതയുള്ളവരായിരിക്കണം. സഭകൾ സംഘടിപ്പിച്ചിരിക്കുന്നതിന്റെ ഒരു ഉദ്ദേശ്യം, പ്രദേശത്തുള്ള ചെമ്മരിയാടുതുല്യരായവരെ കണ്ടെത്തി അവരെ ആത്മീയമായി വളർത്തിക്കൊണ്ടുവരുക എന്നതാണ്‌. അതുകൊണ്ട്‌ യേശുവിനെപ്പോലെ ശിഷ്യരാക്കൽവേലയിൽ നാം തീക്ഷ്‌ണതയോടെ പ്രവർത്തിക്കണം. (മത്താ. 28:19, 20; ലൂക്കോ. 4:43) ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്‌ണത വർധിക്കുമ്പോൾ “ദൈവത്തിന്റെ കൂട്ടുവേല”ക്കാരായ നമുക്കിടയിലെ ഐക്യവും ശക്തമായിത്തീരും. (1 കൊരി. 3:9) നമ്മുടെ സഹോദരീസഹോദരന്മാർ ശുശ്രൂഷയിൽ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ പ്രതിവാദം നടത്തുന്നതും ആത്മീയ കാര്യങ്ങളോടുള്ള തങ്ങളുടെ വിലമതിപ്പ്‌ പ്രകടിപ്പിക്കുന്നതും കാണുമ്പോൾ നമുക്ക്‌ അവരോടുള്ള സ്‌നേഹവും ആദരവും വർധിക്കും. കൂടാതെ, “ഏകമനസ്സോടെ” ശുശ്രൂഷയിൽ പ്രവർത്തിക്കുമ്പോൾ സഭയിൽ ഐക്യത്തിന്റെ ആത്മാവും നിറയും.—സെഫന്യാവു 3:9 വായിക്കുക.

10. വയൽശുശ്രൂഷയിലെ നമ്മുടെ കാര്യക്ഷമത വർധിപ്പിക്കുന്നത്‌ സഭയുടെ ആത്മാവിനെ എങ്ങനെ സ്വാധീനിക്കും?

10 ശുശ്രൂഷ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ നാം ശ്രമിക്കുന്നെങ്കിൽ അത്‌ മറ്റുള്ളവരിൽ നല്ല പ്രഭാവം ചെലുത്തും. കണ്ടുമുട്ടുന്ന ആളുകളിൽ നാം കൂടുതൽ താത്‌പര്യം കാണിക്കുകയും ശ്രോതാക്കളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യുമ്പോൾ ശുശ്രൂഷയിലുള്ള നമ്മുടെ ഉത്സാഹം വർധിക്കും. (മത്താ. 9:36, 37) നമുക്ക്‌ ഉത്സാഹമുണ്ടെങ്കിൽ നമ്മോടൊപ്പം ഉള്ളവരും ഉത്സാഹമുള്ളവരായിത്തീരും. യേശു ശിഷ്യന്മാരെ പ്രസംഗിക്കാൻ പറഞ്ഞയച്ചത്‌ ഒറ്റയ്‌ക്കായിരുന്നില്ല, ഈരണ്ടുപേരായാണ്‌. (ലൂക്കോ. 10:1) അവർക്ക്‌ പ്രോത്സാഹനവും പരിശീലനവും ലഭിക്കുന്നതിനും ശുശ്രൂഷയിലെ അവരുടെ തീക്ഷ്‌ണത വർധിക്കുന്നതിനുമാണ്‌ യേശു അങ്ങനെ ചെയ്‌തത്‌. തീക്ഷ്‌ണതയുള്ള രാജ്യപ്രസാധകരോടൊപ്പം പ്രവർത്തിക്കുന്നത്‌ നിങ്ങൾ ആസ്വദിക്കാറില്ലേ? പ്രസംഗവേലയിൽ ഉത്സാഹത്തോടെ ഏർപ്പെടാൻ അവരുടെ തീക്ഷ്‌ണത നമുക്കും പ്രോത്സാഹനമേകുന്നു.—റോമ. 1:12.

പിറുപിറുക്കുകയോ തെറ്റ്‌ മറച്ചുവെക്കുകയോ അരുത്‌

11. മോശയുടെ കാലത്തെ ചില ഇസ്രായേല്യരിൽ ഏതുതരം ആത്മാവ്‌ ഉടലെടുത്തു, അതിന്റെ ഫലം എന്തായിരുന്നു?

11 ഒരു പുതിയ ജനതയായിത്തീർന്ന്‌ ഏതാനും ആഴ്‌ചകൾക്കകം ഇസ്രായേല്യർക്കിടയിൽ അതൃപ്‌തിയുടെയും പിറുപിറുപ്പിന്റെയും ആത്മാവ്‌ കണ്ടുതുടങ്ങി. യഹോവയോടും അവന്റെ പ്രതിനിധികളോടും മത്സരിക്കുന്നതിലേക്ക്‌ അതവരെ നയിച്ചു. (പുറ. 16:1, 2) ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുപോന്ന ഇസ്രായേല്യരിൽ ഒരു ചെറിയ സംഖ്യക്കു മാത്രമേ വാഗ്‌ദത്തദേശം കാണാനായുള്ളൂ. എന്തിന്‌, ഇസ്രായേൽസഭയുടെ ദുഷിച്ച ആത്മാവിനെതിരെ പ്രതികരിച്ച വിധംനിമിത്തം മോശയ്‌ക്കും അതിനുള്ള അവസരം നഷ്ടമായി! (ആവ. 32:48-52) ഒരു ദുഷിച്ച ആത്മാവ്‌ നമ്മിൽ വളരാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

12. പരാതിപറയുന്ന ശീലം നമ്മിൽ വളരാതിരിക്കാൻ എന്ത്‌ ചെയ്യണം?

12 പിറുപിറുക്കുന്ന ശീലം നമ്മിൽ വളരാതിരിക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം. താഴ്‌മയും ഉത്തരവാദിത്വസ്ഥാനങ്ങളിൽ ഉള്ളവരോടുള്ള ആദരവും അതിനു നമ്മെ സഹായിക്കും. അതോടൊപ്പം, സഹവാസവും സൂക്ഷിക്കേണ്ടതുണ്ട്‌. നീതിനിഷ്‌ഠമായ നിലവാരങ്ങളോട്‌ ആദരവില്ലാത്ത സഹജോലിക്കാരുമൊത്തോ സഹപാഠികളുമൊത്തോ ധാരാളം സമയം ചെലവഴിക്കുകയോ മോശമായ വിനോദപരിപാടികൾ തിരഞ്ഞെടുക്കുകയോ ചെയ്‌താൽ അത്‌ നമ്മെ ദോഷകരമായി ബാധിക്കും. പരാതിപ്പെടുന്ന ശീലമുള്ളവരുമായും അധികാരങ്ങൾക്കു കീഴ്‌പെടാൻ മനസ്സില്ലാത്തവരുമായും സമയം ചെലവഴിക്കുന്നത്‌ കഴിവതും കുറയ്‌ക്കുക.—സദൃ. 13:20.

13. പിറുപിറുപ്പ്‌ സഭയുടെ ആത്മീയതയെ കാർന്നുതിന്നുന്ന ഏതെല്ലാം പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം?

13 പിറുപിറുപ്പ്‌ സഭയുടെ ആത്മീയതയെ കാർന്നുതിന്നുന്ന മറ്റു പ്രശ്‌നങ്ങളിലേക്കു നയിച്ചെന്നുവരും. ഉദാഹരണത്തിന്‌, പിറുപിറുപ്പ്‌ ഒരു സഭയുടെ സമാധാനത്തിനും ഐക്യത്തിനും ഭീഷണിയായേക്കാം. കൂടാതെ, സഹവിശ്വാസികളെക്കുറിച്ചു പരാതി പറഞ്ഞു നടക്കുന്നത്‌ അവരെ വേദനിപ്പിച്ചേക്കാമെന്ന്‌ മാത്രമല്ല അപവാദവും (ഏഷണി) അധിക്ഷേപിക്കലും (ദൂഷണം) പോലുള്ള ഗൗരവമായ പാപത്തിലേക്ക്‌ നയിക്കാനും ഇടയുണ്ട്‌. (ലേവ്യ. 19:16; 1 കൊരി. 5:11) ഒന്നാം നൂറ്റാണ്ടിലെ സഭയിലുണ്ടായിരുന്ന ചില പിറുപിറുപ്പുകാർ “കർത്തൃത്വത്തെ നിന്ദിക്കുകയും മഹിമാധനരെ അധിക്ഷേപിക്കുകയും” ചെയ്‌തിരുന്നു. (യൂദാ 8, 16) സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കുന്ന സഹോദരന്മാർക്ക്‌ എതിരെയുള്ള അത്തരം പിറുപിറുപ്പ്‌ യഹോവ ഒരിക്കലും അംഗീകരിച്ചില്ല.

14, 15. (എ) രഹസ്യപാപത്തിനുനേരെ കണ്ണടച്ചാൽ മുഴുസഭയെയും അത്‌ എങ്ങനെ ബാധിക്കും? (ബി) ഒരു വ്യക്തി രഹസ്യമായി പാപം ചെയ്യുന്നുണ്ടെന്ന്‌ അറിഞ്ഞാൽ നാം എന്തു ചെയ്യണം?

14 ഒരു വ്യക്തി രഹസ്യമായി പാപം ചെയ്യുന്നുണ്ടെന്ന്‌ നാം അറിയുന്നെങ്കിലോ? ഒരുപക്ഷേ, ആ വ്യക്തി അമിതമായി മദ്യപിക്കുകയോ അശ്ലീലം വീക്ഷിക്കുകയോ അധാർമികജീവിതം നയിക്കുകയോ ചെയ്യുന്നുണ്ടാകാം. (എഫെ. 5:11, 12) അത്തരം ഗൗരവമുള്ള തെറ്റിനെതിരെ നാം കണ്ണടച്ചാൽ സഭയിൽ യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഒഴുക്ക്‌ തടസ്സപ്പെടാനും അങ്ങനെ മുഴുസഭയുടെയും സമാധാനം അപകടത്തിലാകാനും ഇടയുണ്ട്‌. (ഗലാ. 5:19-23) പുരാതന കൊരിന്തിലെ ക്രിസ്‌ത്യാനികൾ സഭയിൽനിന്ന്‌ ദുഷിപ്പ്‌ തുടച്ചുനീക്കേണ്ടിയിരുന്നതുപോലെ ഇന്നും സഭയുടെ നല്ല ആത്മാവ്‌ കാത്തുസൂക്ഷിക്കാൻ ദുഃസ്വാധീനങ്ങളെയെല്ലാം സഭയിൽനിന്ന്‌ അകറ്റിനിറുത്തണം. ശരി, സഭയിൽ സമാധാനം നിലനിറുത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

15 മുമ്പു പറഞ്ഞതുപോലെ, ചില കാര്യങ്ങൾ, വിശേഷിച്ച്‌ മറ്റൊരാൾ നമ്മുടെ മുമ്പാകെ പകർന്ന അവരുടെ വികാരവിചാരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. മറ്റൊരാളുടെ രഹസ്യങ്ങൾ പരസ്യമാക്കുന്നത്‌ എത്ര മോശമാണ്‌, അത്‌ ആ വ്യക്തിയെ എത്രമാത്രം വേദനിപ്പിക്കും! എന്നാൽ, ഒരാൾ ഗൗരവമുള്ള ഒരു തെറ്റു ചെയ്‌തിട്ടുണ്ടെങ്കിൽ അക്കാര്യം സഭയിലെ മൂപ്പന്മാരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്‌; ആ പ്രശ്‌നം കൈകാര്യംചെയ്യാനുള്ള തിരുവെഴുത്ത്‌ ഉത്തരവാദിത്വം അവർക്കുണ്ട്‌. (ലേവ്യപുസ്‌തകം 5:1 വായിക്കുക.) അതുകൊണ്ട്‌, ഒരു സഹോദരനോ സഹോദരിയോ അത്തരമൊരു പാപത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി നാം അറിയുന്നപക്ഷം, മൂപ്പന്മാരിൽനിന്നു സഹായം സ്വീകരിക്കാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കണം. (യാക്കോ. 5:13-15) ന്യായമായ സമയത്തിനുള്ളിൽ ആ വ്യക്തി അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത്‌ റിപ്പോർട്ടുചെയ്യാൻ നാം ബാധ്യസ്ഥരാണ്‌.

16. ഗുരുതരമായ ഒരു തെറ്റ്‌ റിപ്പോർട്ടുചെയ്യുമ്പോൾ നാം സഭയുടെ ആത്മാവിനെ പരിരക്ഷിക്കാൻ സഹായിക്കുകയാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

16 ആത്മീയ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഇടമാണ്‌ ക്രിസ്‌തീയ സഭ. അത്‌ അങ്ങനെതന്നെ ആയിരിക്കണമെങ്കിൽ, ഗൗരവമുള്ള ഒരു തെറ്റ്‌ ആരെങ്കിലും ചെയ്‌താൽ നാം അത്‌ മൂപ്പന്മാരുടെ ശ്രദ്ധയിൽപ്പെടുത്തണം. തെറ്റുചെയ്‌ത വ്യക്തിയെ സുബോധം വീണ്ടെടുക്കാൻ മൂപ്പന്മാർക്കു സഹായിക്കാൻ കഴിയുന്നെങ്കിൽ, ആ വ്യക്തി ശാസന സ്വീകരിച്ച്‌ അനുതാപപൂർവം തെറ്റ്‌ തിരുത്തുന്നെങ്കിൽ, മേലാൽ ആ വ്യക്തി സഭയുടെ നല്ല ആത്മാവിന്‌ ഒരു ഭീഷണിയല്ല. എന്നാൽ ഗൗരവമായ പാപംചെയ്യുന്ന ഒരു വ്യക്തി അനുതപിക്കാതെ, മൂപ്പന്മാർ സ്‌നേഹപുരസ്സരം നൽകുന്ന ബുദ്ധിയുപദേശം തിരസ്‌കരിക്കുന്നെങ്കിലോ? ആ വ്യക്തിയെ സഭയിൽനിന്നു പുറത്താക്കുമ്പോൾ നമ്മുടെ ഇടയിൽനിന്ന്‌ ആ ദുഷിച്ച സ്വാധീനം ‘നീക്കംചെയ്യപ്പെടുകയാണ്‌.’ അങ്ങനെ സഭയുടെ ആത്മാവ്‌ പരിരക്ഷിക്കപ്പെടുന്നു. (1 കൊരിന്ത്യർ 5:5 വായിക്കുക.) അതെ, സഭയുടെ ആത്മാവ്‌ പരിരക്ഷിക്കപ്പെടണമെങ്കിൽ നാം ഓരോരുത്തരും നമ്മുടെ പങ്ക്‌ നിർവഹിക്കുകയും മൂപ്പന്മാരുടെ സംഘത്തോടു സഹകരിക്കുകയും നമ്മുടെ സഹോദരങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും വേണം.

“ആത്മാവിനാലുള്ള ഐക്യം” ഊട്ടിവളർത്തുക

17, 18. “ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” നാം എന്തു ചെയ്യണം?

17 ‘അപ്പൊസ്‌തലന്മാരിൽനിന്നു പഠിക്കാൻ ഉത്സാഹം’ കാണിച്ച ആദിമകാല ക്രിസ്‌തുശിഷ്യന്മാർ സഭയിൽ ഐക്യത്തിന്റെ ആത്മാവ്‌ വളരാൻ സഹായിച്ചു. (പ്രവൃ. 2:42) മൂപ്പന്മാരിൽനിന്നു ലഭിച്ച തിരുവെഴുത്തു മാർഗനിർദേശവും ബുദ്ധിയുപദേശവും അവർ അനുസരിച്ചു. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തോട്‌ ഇന്നുള്ള മൂപ്പന്മാർ സഹകരിച്ചു പ്രവർത്തിക്കുന്നതുകൊണ്ട്‌ ഐക്യത്തിൽ പ്രവർത്തിക്കാൻ സഭയിലുള്ള എല്ലാവർക്കും സഹായവും പ്രോത്സാഹനവും ലഭിക്കുന്നു. (1 കൊരി. 1:10) യഹോവയുടെ സംഘടന നൽകുന്ന ബൈബിളധിഷ്‌ഠിത നിർദേശങ്ങൾ അനുസരിക്കുകയും മൂപ്പന്മാരുടെ മാർഗനിർദേശങ്ങൾ പിൻപറ്റുകയും ചെയ്യുമ്പോൾ, “സമാധാനബന്ധം കാത്തുകൊണ്ട്‌ ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ യത്‌നി”ക്കുന്നവരാണ്‌ നാം എന്ന്‌ തെളിയിക്കാനാകും.—എഫെ. 4:3.

18 അതുകൊണ്ട്‌, സഭയിൽ ഒരു നല്ല ആത്മാവ്‌ നിലനിറുത്താൻ ആവുന്നതെല്ലാം നമുക്കു ചെയ്യാം. നാം അപ്രകാരം ചെയ്യുന്നെങ്കിൽ, ‘കർത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നമ്മുടെ ആത്മാവോടുകൂടെ’ ഉണ്ടായിരിക്കും.—ഫിലി. 4:23.

[അധ്യയന ചോദ്യങ്ങൾ]

[19-ാം പേജിലെ ചിത്രം]

അർഥവത്തായ അഭിപ്രായങ്ങൾ പറയാൻ തയ്യാറായിക്കൊണ്ട്‌ സഭയുടെ നല്ല ആത്മാവിനെ നിങ്ങൾ പരിപോഷിപ്പിക്കുന്നുണ്ടോ?

[20-ാം പേജിലെ ചിത്രം]

നമ്മുടെ ഗീതങ്ങൾ ആലപിക്കാൻ പരിശീലിച്ചുകൊണ്ട്‌ സഭയിൽ നല്ല ആത്മാവ്‌ വളരാൻ സഹായിക്കുക