വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭിന്നിച്ച കുടുംബത്തിലും സന്തോഷം!

ഭിന്നിച്ച കുടുംബത്തിലും സന്തോഷം!

ഭിന്നിച്ച കുടുംബത്തിലും സന്തോഷം!

“നീ നിന്റെ (ഇണയെ) രക്ഷയിലേക്കു നയിക്കുകയില്ലെന്ന്‌ എങ്ങനെ അറിയാം?”—1 കൊരി. 7:16.

ഉത്തരം കണ്ടെത്താമോ?

മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ വിശ്വാസികളായവർക്ക്‌ എന്തു ചെയ്യാനാകും?

അവിശ്വാസികളായ കുടുംബാംഗങ്ങൾ സത്യാരാധകരായിത്തീരാൻ ഒരു ക്രിസ്‌ത്യാനിക്ക്‌ എന്തു ചെയ്യാനായേക്കും?

അവിശ്വാസികളായ കുടുംബാംഗങ്ങളുള്ള ഒരു സഹവിശ്വാസിയെ സഹായിക്കാൻ സഭയിലെ മറ്റുള്ളവർക്ക്‌ എന്തു ചെയ്യാനാകും?

1. ഒരു വ്യക്തി രാജ്യസന്ദേശം സ്വീകരിക്കുമ്പോൾ കുടുംബാംഗങ്ങൾ എങ്ങനെ പ്രതികരിച്ചേക്കാം?

 പ്രസംഗവേലയ്‌ക്കായി അപ്പൊസ്‌തലന്മാരെ അയച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പ്രസംഗിക്കുവിൻ.” (മത്താ. 10:1, 7) വിലമതിപ്പോടെ സ്വീകരിക്കുന്നവർക്ക്‌ ആ സുവാർത്ത സമാധാനവും സന്തോഷവും കൈവരുത്തുമായിരുന്നു. എന്നാൽ പലരും ഈ രാജ്യപ്രസംഗവേലയെ എതിർക്കും എന്നും യേശു മുന്നറിയിപ്പുനൽകി. (മത്താ. 10:16-23) പ്രത്യേകിച്ച്‌, സ്വന്തം കുടുംബാംഗങ്ങളിൽനിന്ന്‌ ആ എതിർപ്പ്‌ ഉണ്ടാകുമ്പോൾ കൂടുതൽ വേദന തോന്നും.—മത്തായി 10:34-36 വായിക്കുക.

2. മതപരമായി ഭിന്നിച്ച കുടുംബത്തിൽപ്പെട്ടവർക്ക്‌ സന്തോഷം അന്യമല്ലാത്തത്‌ എന്തുകൊണ്ട്‌?

2 മതപരമായി ഭിന്നിച്ച കുടുംബത്തിൽ കഴിയുന്ന ക്രിസ്‌ത്യാനികൾക്ക്‌ സന്തോഷം അന്യമാണെന്നാണോ ഇതിന്റെ അർഥം? അല്ല! കുടുംബത്തിൽനിന്നുള്ള എതിർപ്പ്‌ എല്ലാവരുടെയും കാര്യത്തിൽ അത്ര കഠിനമായിരിക്കില്ല; അത്‌ എക്കാലവും തുടരണമെന്നുമില്ല. എതിർപ്പിനോടും താത്‌പര്യമില്ലായ്‌മയോടും വിശ്വാസത്തിലുള്ളവർ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പലതും. മാത്രമല്ല, ബുദ്ധിമുട്ടുനിറഞ്ഞ സാഹചര്യങ്ങളിലും സന്തോഷിക്കാൻ വകനൽകിക്കൊണ്ട്‌, തന്നോടു വിശ്വസ്‌തരായിരിക്കുന്നവരെ യഹോവ അനുഗ്രഹിക്കുകയും ചെയ്യും. തങ്ങളുടെ സന്തോഷം വർധിപ്പിക്കാൻ വിശ്വാസികളായവർക്കു ചെയ്യാനാകുന്ന രണ്ടുകാര്യങ്ങളുണ്ട്‌: (1) കുടുംബത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുക, (2) സത്യാരാധന സ്വീകരിക്കാൻ അവിശ്വാസികളായ കുടുംബാംഗങ്ങളെ ആത്മാർഥമായി സഹായിക്കുക.

കുടുംബത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക

3. മതപരമായി ഭിന്നിച്ച കുടുംബത്തിലുള്ള ക്രിസ്‌ത്യാനി സമാധാനം നിലനിറുത്താൻ ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 നീതിയുടെ വിത്ത്‌ മുളച്ച്‌ ഫലം കായ്‌ക്കണമെങ്കിൽ കുടുംബത്തിൽ സമാധാനാന്തരീക്ഷം വേണം. (യാക്കോബ്‌ 3:18 വായിക്കുക.) ഒരു ക്രിസ്‌ത്യാനിയുടെ കുടുംബാംഗങ്ങളെല്ലാം സത്യാരാധകരായിത്തീർന്നിട്ടില്ലെങ്കിലും കുടുംബത്തിൽ സമാധാനം നിലനിറുത്താൻ അദ്ദേഹം പരമാവധി ശ്രമിക്കേണ്ടതുണ്ട്‌. അതെങ്ങനെ ചെയ്യാം?

4. ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ മനസ്സമാധാനം കാത്തുസൂക്ഷിക്കാം?

4 ക്രിസ്‌ത്യാനികൾ മനസ്സമാധാനം കാത്തുസൂക്ഷിക്കണം. അതിന്‌ ഹൃദയംഗമമായ പ്രാർഥന ആവശ്യമാണ്‌; അപ്പോൾ “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം” നമ്മിൽ നിറയും. (ഫിലി. 4:6, 7) യഹോവയെക്കുറിച്ചുള്ള അറിവു സമ്പാദിക്കുന്നതും തിരുവെഴുത്തു തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതും നമുക്ക്‌ സമാധാനവും സന്തോഷവും നൽകുന്നു. (യെശ. 54:13) കൂടാതെ, സഭായോഗങ്ങളിൽ പങ്കുപറ്റുന്നതും ശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുന്നതും പ്രധാനമാണ്‌. മതപരമായി ഭിന്നിച്ച കുടുംബങ്ങളിൽനിന്നുള്ളവർക്കും ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ ഏതെങ്കിലും വിധത്തിൽ പങ്കെടുക്കാൻ സാധാരണഗതിയിൽ കഴിയാറുണ്ട്‌. ഭർത്താവിന്റെ കടുത്ത എതിർപ്പു നേരിടുന്ന എൻസയുടെ a കാര്യമെടുക്കുക. വീട്ടുജോലികളെല്ലാം ചെയ്‌തശേഷം അവർ ശിഷ്യരാക്കൽവേലയിൽ ഏർപ്പെടുന്നു. എൻസ പറയുന്നു: “മറ്റുള്ളവരോടു സുവാർത്ത പങ്കുവെക്കാൻ ഞാൻ ചെയ്യുന്ന ഓരോ ശ്രമത്തെയും യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നുണ്ട്‌.” അത്തരം അനുഗ്രഹങ്ങൾ തീർച്ചയായും സമാധാനവും സംതൃപ്‌തിയും സന്തോഷവും നൽകും.

5. അവിശ്വാസികളായ കുടുംബാംഗങ്ങളുള്ളവർക്ക്‌ കൂടെക്കൂടെ എന്തു പ്രശ്‌നം നേരിട്ടേക്കാം, എന്നാൽ എന്തു സഹായം ലഭ്യമാണ്‌?

5 അവിശ്വാസികളായ കുടുംബാംഗങ്ങളുമായി സമാധാനബന്ധം നിലനിറുത്താൻ നാം ആത്മാർഥമായി ശ്രമിക്കണം. എന്നാൽ അതത്ര എളുപ്പമായിരിക്കില്ല; കാരണം, തിരുവെഴുത്തു തത്ത്വങ്ങൾക്കു വിരുദ്ധമായ കാര്യങ്ങളായിരിക്കാം പലപ്പോഴും അവർ നമ്മോട്‌ ആവശ്യപ്പെടുന്നത്‌. നാം ശരിയായ തത്ത്വങ്ങളോടു പറ്റിനിൽക്കുമ്പോൾ അവിശ്വാസികളായ കുടുംബാംഗങ്ങളിൽ ചിലരെ അത്‌ ചൊടിപ്പിച്ചേക്കാമെങ്കിലും കാലാന്തരത്തിൽ നമ്മുടെ ആ നിലപാട്‌ സമാധാനത്തിനു വഴിയൊരുക്കും. എന്നുകരുതി തിരുവെഴുത്തു തത്ത്വങ്ങളുടെ ലംഘനം ഉൾപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളിൽ വാശിപിടിക്കരുത്‌; അത്‌ അനാവശ്യ പ്രശ്‌നങ്ങൾ വിളിച്ചുവരുത്തുകയേയുള്ളൂ. (സദൃശവാക്യങ്ങൾ 16:7 വായിക്കുക.) ഒരു പ്രശ്‌നം നേരിടുമ്പോൾ വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം നൽകിയിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽനിന്നും മൂപ്പന്മാരിൽനിന്നും തിരുവെഴുത്തു ബുദ്ധിയുപദേശം തേടേണ്ടത്‌ പ്രധാനമാണ്‌.—സദൃ. 15:22.

6, 7. (എ) യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കുന്ന കുടുംബാംഗങ്ങളെ ചിലർ എതിർക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഒരു ബൈബിൾ വിദ്യാർഥിയോ ക്രിസ്‌ത്യാനിയോ കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പിനോട്‌ എങ്ങനെയാണ്‌ പ്രതികരിക്കേണ്ടത്‌?

6 കുടുംബത്തിൽ സമാധാനം കളിയാടണമെങ്കിൽ യഹോവയിലുള്ള വിശ്വാസത്തോടൊപ്പം അവിശ്വാസികളായ കുടുംബാംഗങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള വിവേകവും നമുക്കു വേണം. (സദൃ. 16:20; 24:3) പുതുതായി ബൈബിൾ പഠിച്ചു തുടങ്ങിയവർക്കും ഇക്കാര്യത്തിൽ വിവേകം കാണിക്കാം. അവിശ്വാസികളായ ചിലർക്ക്‌ ഇണ ബൈബിൾ പഠിക്കുന്നതിൽ എതിർപ്പുണ്ടാവില്ല; തങ്ങളുടെ കുടുംബത്തിന്‌ അതു ഗുണംചെയ്യും എന്നുപോലും അവർ സമ്മതിച്ചേക്കാം. എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. ഭർത്താവ്‌ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കാൻ ആരംഭിച്ചപ്പോൾ താൻ “രോഷംകൊണ്ടിട്ടുണ്ട്‌” എന്ന്‌ പിന്നീടൊരു സാക്ഷിയായിത്തീർന്ന എസ്ഥേർ സമ്മതിക്കുന്നു. “അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഞാൻ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌.” ഭാര്യ ബൈബിൾ പഠിക്കുന്നതിനെ ആദ്യമൊക്കെ എതിർത്ത ഹോവാർഡ്‌ പറയുന്നു: “ഭാര്യയെ കബളിപ്പിച്ച്‌ മതംമാറ്റുകയാണെന്ന ആശങ്കയാണ്‌ പല ഭർത്താക്കന്മാർക്കും. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ അറിയാതെവരുമ്പോൾ അവർ അതിനെ ഭ്രാന്തമായി എതിർക്കുന്നു.”

7 ഇണയുടെ എതിർപ്പിന്റെ പേരിൽ ബൈബിൾ പഠനം നിറുത്തേണ്ട ആവശ്യമില്ല എന്നകാര്യം തിരിച്ചറിയാൻ ബൈബിൾ വിദ്യാർഥിയെ സഹായിക്കേണ്ടതാണ്‌. മിക്കപ്പോഴും, അവിശ്വാസിയായ ഇണയോട്‌ സൗമ്യതയോടെ, ആദരപൂർവം ഇടപെട്ടുകൊണ്ട്‌ പ്രശ്‌നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. (1 പത്രോ. 3:15) “എന്റെ ഭാര്യ ശാന്തത കൈവിടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്‌തില്ല,” എന്ന്‌ ഹോവാർഡ്‌ നന്ദിയോടെ സ്‌മരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു: “ബൈബിൾ പഠനം നിറുത്താൻ എന്നോട്‌ ഹോവാർഡ്‌ ആവശ്യപ്പെട്ടു. എന്നെ അവർ പറഞ്ഞുപറ്റിക്കുകയാണ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. ഞാൻ വാദിക്കാനൊന്നുംനിന്നില്ല. അദ്ദേഹം പറഞ്ഞത്‌ ശരിയായിരിക്കാമെന്നും പക്ഷേ, അങ്ങനെയൊരു സംഗതി എനിക്ക്‌ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഞാൻ പറഞ്ഞു. അതുകൊണ്ട്‌, ഞാൻ പഠിക്കുന്ന പുസ്‌തകം ഒന്നു വായിച്ചുനോക്കാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. വായിച്ചുനോക്കിയെങ്കിലും അതിൽ പ്രശ്‌നമൊന്നും കണ്ടെത്താൻ അദ്ദേഹത്തിനായില്ല; അത്‌ അദ്ദേഹത്തിന്റെ ചിന്തയെ മാറ്റിമറിച്ചു.” ഇണ ക്രിസ്‌തീയ പ്രവർത്തനങ്ങൾക്കായി പോകുമ്പോൾ താൻ ഒറ്റപ്പെടുകയാണെന്നും തങ്ങളുടെ ദാമ്പത്യത്തിന്‌ ഉലച്ചിൽതട്ടുകയാണെന്നും അവിശ്വാസിയായ ഭാര്യക്കോ ഭർത്താവിനോ തോന്നാൻ ഇടയുണ്ടെന്ന്‌ ഓർക്കുക. എന്നാൽ നിങ്ങൾ നൽകുന്ന സ്‌നേഹപുരസ്സരമായ ഉറപ്പ്‌ ഈ ഭയം നീക്കിക്കളഞ്ഞേക്കാം.

സത്യാരാധന സ്വീകരിക്കാൻ അവരെ സഹായിക്കുക

8. അവിശ്വാസിയായ ഇണയോടൊപ്പം കഴിയുന്ന ക്രിസ്‌ത്യാനികൾക്ക്‌ പൗലോസ്‌ അപ്പൊസ്‌തലൻ എന്തു ബുദ്ധിയുപദേശം നൽകി?

8 അവിശ്വാസിയാണെന്നതിന്റെ പേരിൽ ഇണയെ ഉപേക്ഷിക്കരുതെന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികളെ ഉപദേശിക്കുന്നു. b (1 കൊരിന്ത്യർ 7:12-16 വായിക്കുക.) ഇണ ഒരുനാൾ ക്രിസ്‌ത്യാനിയാകാൻ ഇടയുണ്ട്‌ എന്ന പ്രതീക്ഷ സന്തോഷം നിലനിറുത്താൻ വിശ്വാസിയായ ഇണയെ സഹായിക്കും. എന്നാൽ, അവിശ്വാസിയായ ഇണയോട്‌ സത്യത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്‌ പിൻവരുന്ന അനുഭവങ്ങൾ എടുത്തുകാട്ടുന്നു.

9. വിശ്വാസത്തിലില്ലാത്ത കുടുംബാംഗങ്ങളോടു സത്യത്തെക്കുറിച്ചു സംസാരിക്കുമ്പോൾ എന്ത്‌ ശ്രദ്ധിക്കണം?

9 ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ “എനിക്ക്‌ അത്‌ എല്ലാവരോടും പറയണമെന്ന്‌ തോന്നി,” ജാസൻ ഓർക്കുന്നു. തിരുവെഴുത്തു സത്യങ്ങൾ ഗ്രഹിക്കാനായതിലുള്ള സന്തോഷംനിമിത്തം എപ്പോഴും അതേക്കുറിച്ചു സംസാരിക്കാൻ ഒരു ബൈബിൾ വിദ്യാർഥി ആഗ്രഹിച്ചേക്കാം. തന്റെ വീട്ടിലുള്ളവരും ഉടനടി രാജ്യസന്ദേശം സ്വീകരിക്കുമെന്ന്‌ അദ്ദേഹം പ്രതീക്ഷിച്ചേക്കാമെങ്കിലും അവർ അങ്ങനെ ചെയ്‌തുകൊള്ളണമെന്നില്ല. തുടക്കത്തിൽ ജാസനുണ്ടായിരുന്ന ആവേശം അദ്ദേഹത്തിന്റെ ഭാര്യയെ എങ്ങനെയാണ്‌ ബാധിച്ചത്‌? “എനിക്ക്‌ വീർപ്പുമുട്ടുന്നതായി തോന്നി,” അവർ ഓർക്കുന്നു. ഭർത്താവ്‌ സത്യം സ്വീകരിച്ച്‌ 18 വർഷത്തിനുശേഷം ക്രിസ്‌ത്യാനിയായിത്തീർന്ന ഒരു സ്‌ത്രീ പറഞ്ഞത്‌, “കാര്യങ്ങൾ കുറേശ്ശെ പഠിക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ” എന്നാണ്‌. നിങ്ങൾ ബൈബിളധ്യയനം നടത്തുന്ന വ്യക്തിയുടെ ഇണയ്‌ക്ക്‌ സത്യത്തോടു താത്‌പര്യമില്ലെങ്കിൽ, ഇണയുമായി നയപൂർവം എങ്ങനെ സത്യം പങ്കുവെക്കാമെന്നു കാണിക്കുന്ന പരിശീലന സെഷനുകൾ കൂടെക്കൂടെ നടത്തുന്നത്‌ നന്നായിരിക്കും. മോശ പറഞ്ഞു: “മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും . . . ചൊരിയും.” (ആവ. 32:2) കോരിച്ചൊരിയുന്ന ഒരു ആത്മീയ പേമാരിയെക്കാൾ മിക്കപ്പോഴും ഗുണംചെയ്യുന്നത്‌ ഉചിതമായ സമയത്ത്‌ ഉചിതമായ രീതിയിൽ പറയുന്ന സത്യത്തിന്റെ ഏതാനും തുള്ളികളാണ്‌.

10-12. (എ) അവിശ്വാസിയായ ഇണയുള്ള ക്രിസ്‌ത്യാനികൾക്ക്‌ പത്രോസ്‌ അപ്പൊസ്‌തലൻ എന്തു ബുദ്ധിയുപദേശം നൽകി? (ബി) 1 പത്രോസ്‌ 3:1, 2-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കാൻ ഒരു ബൈബിൾ വിദ്യാർഥി പഠിച്ചത്‌ എങ്ങനെ?

10 വിശ്വാസത്തിലില്ലാത്ത ഇണയോടൊപ്പം താമസിക്കുന്ന ക്രിസ്‌തീയ ഭാര്യമാർക്ക്‌ പത്രോസ്‌ അപ്പൊസ്‌തലൻ നിശ്വസ്‌തതയിൽ ഈ ബുദ്ധിയുപദേശം നൽകി: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. അങ്ങനെ, അവരിൽ ആരെങ്കിലും വചനം അനുസരിക്കാത്തവരായിട്ടുണ്ടെങ്കിൽ ഭയാദരവോടെയുള്ള നിങ്ങളുടെ നിർമലമായ നടപ്പു കണ്ടിട്ട്‌ ഒരു വാക്കും കൂടാതെ നിങ്ങളുടെ നടപ്പിനാൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.” (1 പത്രോ. 3:1, 2) ഭർത്താവ്‌ മോശമായി ഇടപെടുമ്പോഴും ഭയാദരവോടെ കീഴ്‌പെടുന്നെങ്കിൽ സത്യം സ്വീകരിക്കുന്നതിന്‌ അദ്ദേഹത്തെ സഹായിക്കാൻ ഭാര്യക്കു കഴിഞ്ഞേക്കും. അതുപോലെതന്നെ, വിശ്വാസത്തിലുള്ള ഭർത്താവ്‌ അവിശ്വാസിയായ ഭാര്യയിൽനിന്ന്‌ എതിർപ്പു നേരിടുമ്പോഴും ദൈവഹിതപ്രകാരം പെരുമാറുകയും കുടുംബത്തിന്റെ സ്‌നേഹനിധിയായ ശിരസ്സായിരിക്കുകയും വേണം.—1 പത്രോ. 3:7-9.

11 പത്രോസിന്റെ ബുദ്ധിയുപദേശം മൂല്യവത്താണെന്നു തെളിയിക്കുന്ന പല ആധുനികകാല അനുഭവങ്ങളുമുണ്ട്‌. സെൽമയുടെ അനുഭവം അത്തരത്തിലൊന്നാണ്‌. യഹോവയുടെ സാക്ഷികളുമൊത്ത്‌ സെൽമ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, ഭർത്താവായ സ്റ്റീവിന്‌ അത്‌ ഇഷ്ടമായില്ല. തനിക്ക്‌ ദേഷ്യവും അസൂയയും അരക്ഷിതത്വവും ഒക്കെ തോന്നി എന്ന്‌ അദ്ദേഹം സമ്മതിക്കുന്നു. സെൽമ ഓർക്കുന്നു: “എനിക്ക്‌ സത്യം കിട്ടുന്നതിനു മുമ്പുപോലും സ്റ്റീവിനോടൊപ്പമുള്ള ജീവിതം ഒരു ഞാണിന്മേൽക്കളിയായിരുന്നു. മൂക്കിൻതുമ്പത്തായിരുന്നു അദ്ദേഹത്തിനു ദേഷ്യം. ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയതോടെ പിന്നെ പറയുകയുംവേണ്ട.” ഇതിന്‌ എങ്ങനെയാണ്‌ ഒരു മാറ്റമുണ്ടായത്‌?

12 തനിക്ക്‌ അധ്യയനമെടുത്ത സഹോദരിയിൽനിന്നു പഠിച്ച ഒരു പാഠം സെൽമ ഓർക്കുന്നു: “ഒരു ദിവസം, ബൈബിൾ പഠിക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. തലേന്നു രാത്രി ഒരു കാര്യം വാദിച്ചുജയിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീവ്‌ എന്നെ തല്ലി. അതോർത്ത്‌ വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. നടന്ന സംഭവം വ്യസനത്തോടെ പറഞ്ഞപ്പോൾ 1 കൊരിന്ത്യർ 13:4-7 വായിക്കാൻ സഹോദരി ആവശ്യപ്പെട്ടു. അതു വായിച്ചതും, ‘സ്റ്റീവ്‌ ഇങ്ങനെയൊന്നുമല്ല എന്നോട്‌ ഇടപെടുന്നത്‌’ എന്നു ഞാൻ പറഞ്ഞു. മറ്റൊരു രീതിയിൽ ചിന്തിക്കാൻ എന്നെ സഹായിക്കുന്നതിനായി, ‘ഈ തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്ന വിധത്തിലാണോ സെൽമ ഭർത്താവിനോട്‌ ഇടപെടുന്നത്‌?’ എന്നു സഹോദരി ചോദിച്ചു. ‘അതൊന്നും സാധ്യമല്ല, അദ്ദേഹത്തോടൊപ്പം ജീവിക്കാൻതന്നെ വളരെ ബുദ്ധിമുട്ടാണ്‌’ എന്നായിരുന്നു എന്റെ മറുപടി.” മൃദുസ്വരത്തിൽ സഹോദരി ചോദിച്ചു: ‘സെൽമാ, നിങ്ങളിൽ ആരാണ്‌ ക്രിസ്‌ത്യാനിയാകാൻ ശ്രമിക്കുന്നത്‌? നീയോ അതോ സ്റ്റീവോ?’ എന്റെ ചിന്താഗതി മാറ്റേണ്ടതുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കി. സ്റ്റീവിനോടു കൂടുതൽ സ്‌നേഹത്തോടെ ഇടപെടാൻ സഹായിക്കേണമേ എന്ന്‌ ഞാൻ യഹോവയോടു പ്രാർഥിച്ചു. പതിയെപ്പതിയെ കാര്യങ്ങൾക്ക്‌ മാറ്റംവന്നു.” 17 വർഷത്തിനുശേഷം സ്റ്റീവ്‌ സത്യം സ്വീകരിച്ചു.

മറ്റുള്ളവർക്ക്‌ എങ്ങനെ സഹായിക്കാം?

13, 14. മതപരമായി ഭിന്നിച്ച കുടുംബത്തിൽ താമസിക്കുന്നവരെ സഹായിക്കാൻ സഭയിലുള്ളവർക്ക്‌ എന്തു ചെയ്യാൻ കഴിയും?

13 മഴത്തുള്ളികൾ ഭൂമിയെ നനച്ച്‌ സസ്യങ്ങൾ വളരാൻ സഹായിക്കുന്നതുപോലെ മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിൽ കഴിയുന്ന വിശ്വാസികൾക്കു സന്തോഷം പകരാൻ സഭയിലെ സഹോദരങ്ങൾക്കാകും. “എന്റെ സഹോദരീസഹോദരന്മാരുടെ സ്‌നേഹമാണ്‌ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിച്ചത്‌.” ബ്രസീലിൽനിന്നുള്ള എൽവീനയുടെ വാക്കുകളാണവ.

14 സഭയിലുള്ളവർ കാണിക്കുന്ന ദയയും താത്‌പര്യവും അവിശ്വാസിയായ കുടുംബാംഗത്തിന്റെ ഹൃദയത്തെ സ്‌പർശിച്ചേക്കാം. ഭാര്യ സത്യം സ്വീകരിച്ച്‌ 13 വർഷം കഴിഞ്ഞു സാക്ഷിയായ നൈജീരിയയിൽനിന്നുള്ള ഒരു ഭർത്താവ്‌ പറയുന്നു: “ഞാൻ ഒരു സാക്ഷിയുമൊത്ത്‌ യാത്രചെയ്യവെ, അദ്ദേഹത്തിന്റെ വണ്ടി കേടായി. അടുത്തുള്ള ഗ്രാമത്തിലെ സാക്ഷികളെ അദ്ദേഹം കണ്ടെത്തുകയും അന്നുരാത്രി അവർ ഞങ്ങളെ അവിടെ താമസിപ്പിക്കുകയും ചെയ്‌തു. ചെറുപ്പംമുതലേ പരിചയമുള്ളവരെപ്പോലെയാണ്‌ അവർ ഞങ്ങളോട്‌ ഇടപെട്ടത്‌. എന്റെ ഭാര്യ എപ്പോഴും പറയാറുണ്ടായിരുന്ന ക്രിസ്‌തീയ സ്‌നേഹം അന്നു ഞാൻ അനുഭവിച്ചറിഞ്ഞു.” ഭർത്താവ്‌ സത്യത്തിൽവന്ന്‌ 18 വർഷത്തിനുശേഷം ക്രിസ്‌ത്യാനിയായിത്തീർന്ന ഇംഗ്ലണ്ടിലെ ഒരു ഭാര്യ ഓർത്തെടുക്കുന്നു: “സാക്ഷികൾ ഞങ്ങളെ ഇരുവരെയും ഭക്ഷണത്തിനു ക്ഷണിക്കുമായിരുന്നു. ഞാൻ ഒറ്റപ്പെട്ടതായി എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല.” c കാലാന്തരത്തിൽ സാക്ഷിയായിത്തീർന്ന ഇംഗ്ലണ്ടിൽത്തന്നെയുള്ള ഒരു ഭർത്താവിന്റെ അനുഭവം ഇതാണ്‌: “സഹോദരീസഹോദരന്മാർ വീട്ടിൽ വരുമായിരുന്നു. ഞങ്ങളെയും അവർ ക്ഷണിച്ചിട്ടുണ്ട്‌. അവർ വളരെ സ്‌നേഹമുള്ളവരാണെന്ന കാര്യം ഞാൻ ശ്രദ്ധിച്ചു. ഒരിക്കൽ ഞാൻ ആശുപത്രിയിലായിരിക്കെ അതെനിക്ക്‌ കൂടുതൽ ബോധ്യമായി; അവരിൽ പലരും എന്നെ കാണാൻ വന്നു.” ഒറ്റയ്‌ക്കു വിശ്വാസത്തിലുള്ളവരുടെ കുടുംബാംഗങ്ങളോട്‌ ഇത്തരം താത്‌പര്യം കാണിക്കാൻ നിങ്ങൾ അവസരം കണ്ടെത്താറുണ്ടോ?

15, 16. കുടുംബാംഗങ്ങൾ അവിശ്വാസികളായി തുടരുമ്പോഴും സന്തോഷം നിലനിറുത്താൻ ഒരു ക്രിസ്‌ത്യാനിയെ എന്തു സഹായിക്കും?

15 വിശ്വാസിയായ കുടുംബാംഗം വർഷങ്ങളോളം നന്നായി പെരുമാറുകയും നയപൂർവം സാക്ഷീകരിക്കുകയും ചെയ്‌താൽപ്പോലും അവിശ്വാസികളായ ചില ഇണകളോ കുട്ടികളോ മാതാപിതാക്കളോ മറ്റു ബന്ധുക്കളോ സത്യാരാധന സ്വീകരിച്ചുകൊള്ളണമെന്നില്ല. ചിലർ പിന്നെയും എതിർക്കുകയോ താത്‌പര്യം കാണിക്കാതിരിക്കുകയോ ചെയ്യും. (മത്താ. 10:35-37) എന്നുവരികിലും, ക്രിസ്‌ത്യാനികളായവർ ദൈവിക ഗുണങ്ങൾ പ്രകടിപ്പിക്കുന്നതുകൊണ്ട്‌ നല്ല ഫലങ്ങൾ ഉണ്ടായേക്കാം. മുമ്പ്‌ അവിശ്വാസിയായിരുന്ന ഒരു ഭർത്താവ്‌ പറയുന്നു: “വിശ്വാസിയായ ഇണ ആകർഷകമായ ആ ഗുണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുമ്പോൾ അവിശ്വാസിയായ ഇണയുടെ മനസ്സിലൂടെയും ഹൃദയത്തിലൂടെയും കടന്നുപോകുന്നത്‌ എന്താണെന്ന്‌ മറ്റൊരാൾ അറിയുന്നില്ല. അതുകൊണ്ട്‌ ഒരിക്കലും പ്രതീക്ഷ കൈവിടരുത്‌.”

16 ഒരു കുടുംബാംഗം വിശ്വാസം സ്വീകരിച്ചില്ലെങ്കിലും വിശ്വാസത്തിലുള്ള വ്യക്തിക്ക്‌ സന്തോഷം നിലനിറുത്താനാകും. ഒരു സഹോദരി 21 വർഷം ശ്രമിച്ചിട്ടും ഭർത്താവ്‌ രാജ്യസന്ദേശത്തോടു പ്രതികരിച്ചിട്ടില്ല. ആ സഹോദരി പറയുന്നത്‌ ശ്രദ്ധിക്കുക: “യഹോവയെ പ്രസാദിപ്പിക്കാനും അവനോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാനും ആത്മീയത നിലനിറുത്താനും ശ്രമിക്കുന്നതിനാൽ എനിക്ക്‌ സന്തോഷവതിയായി തുടരാനാകുന്നു. വ്യക്തിപരമായ പഠനം, യോഗങ്ങൾ, വയൽസേവനം എന്നിവയും സഭയിലെ സഹോദരങ്ങളെ സഹായിക്കുന്നതും ഉൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകുന്നതുകൊണ്ട്‌ യഹോവയോടു കൂടുതൽ അടുത്തു ചെല്ലാനും എന്റെ ഹൃദയത്തെ കാത്തുസംരക്ഷിക്കാനും എനിക്കു കഴിഞ്ഞിരിക്കുന്നു.”—സദൃ. 4:23.

ശ്രമം ഉപേക്ഷിക്കരുത്‌!

17, 18. മതപരമായി ഭിന്നിച്ച കുടുംബത്തിൽനിന്നുള്ള ക്രിസ്‌ത്യാനിക്കും പ്രതീക്ഷയ്‌ക്കു വകയുള്ളത്‌ എന്തുകൊണ്ട്‌?

17 മതപരമായി ഭിന്നിച്ച കുടുംബത്തിൽ ജീവിക്കുന്ന ഒരു വിശ്വസ്‌ത ക്രിസ്‌ത്യാനിയാണ്‌ നിങ്ങളെങ്കിൽ മടുത്തു പിന്മാറരുത്‌. “യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല” എന്നോർക്കുക. (1 ശമൂ. 12:22) അവനോടു പറ്റിനിൽക്കുന്നിടത്തോളം അവൻ നിങ്ങളോടൊപ്പം ഉണ്ടാകും. (2 ദിനവൃത്താന്തം 15:2 വായിക്കുക.) അതുകൊണ്ട്‌, “യഹോവയിൽ തന്നേ രസിച്ചുകൊൾക.” നിങ്ങളുടെ “വഴി യഹോവയെ ഭരമേല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക.” (സങ്കീ. 37:4, 5) ഏതു പ്രതിസന്ധിയും നേരിടാൻവേണ്ട സഹായം നമുക്കു നൽകാൻ സ്‌നേഹനിധിയായ നമ്മുടെ സ്വർഗീയ പിതാവിനാകുമെന്നു വിശ്വസിക്കുകയും “പ്രാർഥനയിൽ ഉറ്റിരിക്കു”കയും ചെയ്യുക.—റോമ. 12:12.

18 പരിശുദ്ധാത്മാവിനെ നൽകി ഭവനത്തിൽ സമാധാനം ഊട്ടിവളർത്താൻ സഹായിക്കാനും യഹോവയോടു യാചിക്കണം. (എബ്രാ. 12:14) അതെ, അവിശ്വാസികളായ കുടുംബാംഗങ്ങളിൽ കാലാന്തരത്തിൽ മനംമാറ്റം ഉണ്ടാക്കാൻപോന്ന ഒരു സമാധാനാന്തരീക്ഷം സൃഷ്ടിക്കുക സാധ്യമാണ്‌. “സകലവും ദൈവത്തിന്റെ മഹത്ത്വത്തിനായി” ചെയ്യുമ്പോൾ സന്തോഷവും സമാധാനവും കൊണ്ട്‌ നിങ്ങളുടെ മനസ്സും ഹൃദയവും നിറയും. (1 കൊരി. 10:31) സ്‌നേഹവും പിന്തുണയും നൽകിക്കൊണ്ട്‌ ക്രിസ്‌തീയ സഭയിലെ സഹോദരീസഹോദരന്മാർ ഈ ഉദ്യമത്തിൽ നിങ്ങളോടൊപ്പമുണ്ടായിരിക്കും എന്നറിയുന്നത്‌ ധൈര്യം പകരുന്നില്ലേ?

[അടിക്കുറിപ്പുകൾ]

a പേരുകൾ മാറ്റിയിട്ടുണ്ട്‌.

b അങ്ങേയറ്റം ദുസ്സഹമായ സാഹചര്യങ്ങളിൽ നിയമപരമായി വേർപിരിയുന്നതിനെ വിലക്കുകയായിരുന്നില്ല പൗലോസ്‌. ഗൗരവമേറിയ, വ്യക്തിപരമായ ഒരു തീരുമാനമാണത്‌. ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ എന്ന പുസ്‌തകത്തിന്റെ 252-253 പേജുകൾ കാണുക.

c അവിശ്വാസികളോടൊത്ത്‌ ഭക്ഷണം കഴിക്കുന്നതിനെ തിരുവെഴുത്തുകൾ വിലക്കുന്നില്ല.—1 കൊരി. 10:27.

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

നിങ്ങളുടെ വിശ്വാസം വിശദീകരിക്കാൻ പറ്റിയ സമയം തിരഞ്ഞെടുക്കുക

[29-ാം പേജിലെ ചിത്രം]

അവിശ്വാസികളായ ഇണകളോട്‌ പരിഗണന കാണിക്കുക