വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ സധൈര്യം ദൈവവചനം ഘോഷിച്ചു!

അവർ സധൈര്യം ദൈവവചനം ഘോഷിച്ചു!

അവർ സധൈര്യം ദൈവവചനം ഘോഷിച്ചു!

എതിർപ്പിന്മധ്യേയും ധൈര്യത്തോടെ നിലകൊണ്ടിട്ടുള്ളവരാണ്‌ സത്യക്രിസ്‌ത്യാനികൾ. “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!, യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ഇതു സംബന്ധിച്ച അനേകം വിവരണങ്ങൾ കാണാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെപ്പോലെ നമ്മളും, പരിശുദ്ധാത്മാവിനായും ദൈവവചനം ധൈര്യത്തോടെ ഘോഷിക്കാനുള്ള സഹായത്തിനായും യഹോവയിൽ ആശ്രയിക്കുന്നു.—പ്രവൃ. 4:23-31.

ഒന്നാം ലോകമഹായുദ്ധകാലത്തെ നമ്മുടെ പ്രസംഗവേലയെക്കുറിച്ച്‌ ഒരു സഹോദരൻ എഴുതി: “പൂർത്തിയായ മർമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം, അതായത്‌ വേദാദ്ധ്യയനങ്ങളുടെ ഏഴാമത്തെ വാല്യം അതീവ ശുഷ്‌കാന്തിയോടെയാണ്‌ ദൈവസേവകർ വിതരണം ചെയ്‌തത്‌. അക്കാലത്തെ മറ്റു പ്രസിദ്ധീകരണങ്ങളൊന്നും അത്രയും വിതരണം ചെയ്യപ്പെട്ടിട്ടില്ല. 1918-ൽ രാജ്യവാർത്ത നമ്പർ 1 (ഇംഗ്ലീഷ്‌) പ്രകാശനം ചെയ്‌തു. പിന്നീടുവന്ന രാജ്യവാർത്ത നമ്പർ 2-ൽ (ഇംഗ്ലീഷ്‌), പൂർത്തിയായ മർമം എന്ന പുസ്‌തകം അധികാരികൾ നിരോധിച്ചതിന്റെ കാരണങ്ങൾ വിവരിക്കുകയുണ്ടായി. തുടർന്ന്‌, രാജ്യവാർത്ത നമ്പർ 3 (ഇംഗ്ലീഷ്‌) പ്രകാശനം ചെയ്യപ്പെട്ടു. വിശ്വസ്‌ത അഭിഷിക്തവർഗം ഈ പ്രസിദ്ധീകരണങ്ങൾ വ്യാപകമായി വിതരണം ചെയ്‌തു; അതിന്‌ വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു.”

ഇന്ന്‌, പുതിയ രാജ്യഘോഷകർക്ക്‌ ശുശ്രൂഷ നിർവഹിക്കാൻ നല്ല പരിശീലനം ലഭിക്കുന്നുണ്ട്‌. മുമ്പൊന്നും പക്ഷേ, അതുണ്ടായിരുന്നില്ല. 1922-ലെ തന്റെ ആദ്യ വയൽസേവന അനുഭവം ഐക്യനാടുകളിൽ താമസിക്കുന്ന പോളണ്ടുകാരനായ ഒരു സഹോദരൻ ഓർക്കുന്നു: “ഒരു ബിസിനസ്സ്‌ തെരുവിൽ ഒറ്റയ്‌ക്കാണ്‌ ഞാൻ സാക്ഷീകരിക്കാൻ പോയത്‌. സാഹിത്യം എങ്ങനെ സമർപ്പിക്കണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു; ഇംഗ്ലീഷ്‌ ഭാഷയും അത്ര വശമില്ലായിരുന്നു. ഒരു ക്ലിനിക്കിലാണ്‌ ഞാൻ ആദ്യം ചെന്നത്‌. ഡോക്‌ടർ ഇരിക്കുന്ന മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ ഒരു നഴ്‌സ്‌ വന്ന്‌ വാതിൽ തുറന്നു. ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല! വലിയ ഉത്സാഹത്തിലായിരുന്നെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു. ബാഗ്‌ തുറന്നതും അതിലുള്ള പുസ്‌തകങ്ങളെല്ലാം നഴ്‌സിന്റെ മുമ്പിലേക്കു വീണു. ആ പരിഭ്രമത്തിൽ ഞാൻ എന്താണ്‌ പറഞ്ഞതെന്നുപോലും ഓർക്കുന്നില്ല. പക്ഷേ, ഞാൻ ഒരു പ്രസിദ്ധീകരണം സമർപ്പിച്ചു. അവിടെനിന്നിറങ്ങിയപ്പോഴേക്കും എനിക്കു ധൈര്യം വന്നു; യഹോവയുടെ അനുഗ്രഹവും ഞാൻ തിരിച്ചറിഞ്ഞു. അന്ന്‌ ആ തെരുവിൽ നിരവധി ചെറുപുസ്‌തകങ്ങൾ സമർപ്പിക്കാനായി.”

“1933-നോടടുത്ത കാലഘട്ടത്തിൽ, ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചാണ്‌ പല സഹോദരന്മാരും സുവാർത്ത പ്രചരിപ്പിച്ചിരുന്നത്‌,” ഒരു സഹോദരി പറയുന്നു. ഒരിക്കൽ, സാക്ഷികളായ ഒരു ദമ്പതികളുടെകൂടെ ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ഒരു പർവതപ്രദേശത്ത്‌ സാക്ഷീകരിക്കാൻ പോയതിനെക്കുറിച്ച്‌ ഈ സഹോദരി ഓർക്കുന്നു: “കാറുമായി സഹോദരൻ മലയുടെ മുകളിലേക്കു പോയി; ഞങ്ങൾ താഴെ പട്ടണത്തിൽത്തന്നെ നിന്നു. റെക്കോർഡു ചെയ്‌ത സന്ദേശം സഹോദരൻ കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ അതു സ്വർഗത്തിൽനിന്നുള്ള അശരീരിയാണോയെന്നു തോന്നി. പട്ടണത്തിലുണ്ടായിരുന്നവർ ആളെ കണ്ടുപിടിക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. റെക്കോർഡ്‌-പ്ലേ നിലച്ചപ്പോൾ ഞങ്ങൾ ചെന്ന്‌ ആളുകളോടു സാക്ഷീകരിക്കാൻ തുടങ്ങി. ഈ രീതിയിലുള്ള സാക്ഷീകരണവേലയിൽ രണ്ടുതവണകൂടി ഞാൻ പങ്കെടുത്തു. വാസ്‌തവത്തിൽ, പലർക്കും ഞങ്ങളുടെ സന്ദേശം കേൾക്കാൻ താത്‌പര്യമില്ലായിരുന്നു. എങ്കിലും പ്രസംഗങ്ങൾ ഉച്ചഭാഷിണിയിലൂടെ കേൾപ്പിച്ചിരുന്നതുകൊണ്ട്‌ അവർക്ക്‌ അവ കേൾക്കാതിരിക്കാൻ തരമില്ലായിരുന്നു. സുവിശേഷഘോഷണത്തിന്‌ എപ്പോൾ, ഏത്‌ മാർഗം അവലംബിക്കണമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം; അത്‌ സ്വന്തം അനുഭവത്തിൽനിന്ന്‌ ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്‌. ഇങ്ങനെ ഉച്ചഭാഷിണികൾ ഉപയോഗിച്ചു സാക്ഷീകരിക്കാൻ നല്ല ധൈര്യം ആവശ്യമായിരുന്നു. എന്തായാലും ഞങ്ങളുടെ പ്രവർത്തനത്തിനു നല്ല ഫലമുണ്ടായി; യഹോവയുടെ നാമം മഹിമപ്പെടാൻ അത്‌ ഇടയാക്കി.”

1930-കളിലും 1940-കളുടെ തുടക്കത്തിലും ശുശ്രൂഷയിൽ ഗ്രാമഫോണുകളും ബൈബിൾ പ്രസംഗങ്ങളുടെ റെക്കോർഡിങ്ങുകളും ഉപയോഗിച്ചിരുന്നു. ഒരു സഹോദരി പറയുന്നു: “ഗ്രാമഫോണുമായി ഒരു യുവസഹോദരി വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒരു വീട്ടിൽ, കാർപോർച്ചിൽവെച്ച്‌ സഹോദരി റെക്കോർഡിങ്‌ കേൾപ്പിക്കവെ, ഗൃഹനാഥൻ അരിശംപൂണ്ട്‌ ആ ഗ്രാമഫോൺ ചവിട്ടിത്തെറിപ്പിച്ചു. അതിശയകരമെന്നു പറയട്ടെ, ഒരു റെക്കോർഡുപോലും പൊട്ടിയില്ല. എന്നാൽ, അവിടെയടുത്ത്‌ പാർക്കുചെയ്‌തിരുന്ന ഒരു ട്രക്കിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന മൂന്നുപേർ ഇതു കാണുന്നുണ്ടായിരുന്നു. ആ റെക്കോർഡിങ്ങുകൾ തങ്ങളെ കേൾപ്പിക്കാൻ അവർ സഹോദരിയോട്‌ അഭ്യർഥിച്ചു. അവർ സാഹിത്യങ്ങളും സ്വീകരിച്ചു. അങ്ങനെ സഹോദരിക്ക്‌ ആദ്യമുണ്ടായ വിഷമം സന്തോഷമായി പരിണമിച്ചു.” അതെ, അത്തരം ദുരനുഭവങ്ങളെ അതിജീവിക്കാൻ ധൈര്യം ആവശ്യമായിരുന്നു.

ആ സഹോദരി തുടരുന്നു: ‘1940-ലാണ്‌ മാസിക ഉപയോഗിച്ചുള്ള തെരുവുസാക്ഷീകരണം ആരംഭിക്കുന്നത്‌. അതിനുമുമ്പ്‌, “വിജ്ഞാപന ജാഥകൾ” എന്നറിയപ്പെട്ടിരുന്ന ഒരു സാക്ഷീകരണരീതിയുണ്ടായിരുന്നു. “മതം ഒരു കെണിയും വഞ്ചനയുമാകുന്നു,” “ദൈവത്തെയും രാജാവായ ക്രിസ്‌തുവിനെയും സേവിക്കുക” എന്നെഴുതിയ പ്ലാക്കാർഡുകൾ പിടിച്ചുകൊണ്ട്‌ സഹോദരന്മാരും സഹോദരിമാരും വരിവരിയായി ഫുട്‌പാത്തിലൂടെ നടക്കുമായിരുന്നു. ഒപ്പം, ലഘുലേഖകളും സൗജന്യമായി വിതരണം ചെയ്യും. ഈ രീതിയിലൂടെ സാക്ഷീകരണവേല നിർവഹിക്കാൻ ധൈര്യം ആവശ്യമായിരുന്നു. അങ്ങനെ യഹോവയുടെ നാമത്തെയും അവന്റെ ദാസന്മാരെയും കുറിച്ച്‌ പൊതുജനം അറിയാൻ ഇടയായി.’

മറ്റൊരു സഹോദരി പറയുന്നതിങ്ങനെ: “ചെറിയ പട്ടണങ്ങളിൽ മാസികാവേല നിർവഹിക്കാൻ ഒട്ടും എളുപ്പമായിരുന്നില്ല, പ്രത്യേകിച്ചും സാക്ഷികൾക്കെതിരെ എതിർപ്പുകൾ ശക്തമായിരുന്ന സാഹചര്യങ്ങളിൽ. . . . മാസികകൾ പിടിച്ചുകൊണ്ട്‌ തെരുവിന്റെ ഒരു കോണിൽ നിൽക്കാനും നിർദേശിച്ചിട്ടുള്ള മാസികാപരസ്യവാചകങ്ങൾ വിളിച്ചുപറയാനും അസാമാന്യ ധൈര്യം വേണമായിരുന്നു. പക്ഷേ, ഒരു ശനിയാഴ്‌ചപോലും ഞങ്ങൾ ആ വേല മുടക്കിയില്ല. ചിലപ്പോൾ ആളുകൾ സൗഹൃദത്തോടെ ഇടപെടുമായിരുന്നു. എന്നാൽ എപ്പോഴും അവർ അങ്ങനെയായിരുന്നില്ല. കോപാക്രാന്തരായ ജനക്കൂട്ടത്തിൽനിന്ന്‌ ഓടിയൊളിക്കേണ്ടിവന്ന സാഹചര്യങ്ങൾ ഞങ്ങൾക്കുണ്ടായിട്ടുണ്ട്‌.”

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ കൊടിയ പീഡനം നേരിടേണ്ടിവന്നെങ്കിലും യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ ധൈര്യപൂർവം നിർവഹിച്ചു. 1940 ഡിസംബർ 1 മുതൽ 1941 ജനുവരി 12 വരെ നീണ്ടുനിന്ന 43 ദിവസത്തെ പ്രചാരണപരിപാടിയിലൂടെ (“ധൈര്യം സാക്ഷ്യകാലഘട്ടം” എന്ന്‌ അറിയപ്പെട്ടു) ഐക്യനാടുകളിലെ 50,000 പ്രസാധകർ 80 ലക്ഷം ചെറുപുസ്‌തകങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

ധൈര്യത്തിന്റെ മാറ്റ്‌ പരിശോധിക്കപ്പെട്ട വിഷമഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ്‌ ദൈവത്തിന്റെ സംഘടനയിലെ പല പ്രായമായവരും. ദൈവദാസർക്കിടയിൽ വർഷങ്ങളോളം പ്രചാരത്തിലുണ്ടായിരുന്ന, അവരുടെ മനോവീര്യത്തെ പ്രതിഫലിപ്പിച്ചിരുന്ന ഒരു ആപ്‌തവാക്യം അവരിൽ പലരും ഓർക്കുന്നു: ‘പോരാട്ടം തുടരുക, ധൈര്യത്തോടെ മുന്നേറുക!’ നാം അറിയിക്കുന്ന ദിവ്യസന്ദേശത്തിന്‌ ഈ ദുഷ്ട വ്യവസ്ഥിയുടെ നാശത്തിനുമുമ്പ്‌ എന്തു ഭാവം കൈവരുമെന്ന്‌ നമുക്കറിയില്ല. എന്നിരുന്നാലും, യഹോവയുടെ സഹായത്താൽ നാം അവന്റെ വചനം വിശ്വാസത്തോടും ധൈര്യത്തോടും കൂടെ ഘോഷിക്കുകതന്നെ ചെയ്യും!

[9-ാം പേജിലെ ആകർഷക വാക്യം]

രാജ്യപ്രസംഗവേലയിൽ ഏർപ്പെടാൻ എന്നും ധൈര്യം ആവശ്യമായിരുന്നു