വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാഥാൻ സത്യാരാധനയുടെ വിശ്വസ്‌ത കാവൽഭടൻ

നാഥാൻ സത്യാരാധനയുടെ വിശ്വസ്‌ത കാവൽഭടൻ

നാഥാൻ സത്യാരാധനയുടെ വിശ്വസ്‌ത കാവൽഭടൻ

അധികാരത്തിലിരിക്കുന്ന ഒരു മനുഷ്യന്റെ തെറ്റ്‌ ചൂണ്ടിക്കാട്ടി, അത്‌ തിരുത്തേണ്ടതാണെന്ന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. ഇനി, അദ്ദേഹം തന്റെ മുഖം രക്ഷിക്കാനായി ഒരു കൊലപാതകം നടത്തിയ വ്യക്തിയാണെങ്കിലോ? അങ്ങനെയൊരാളെ അഭിമുഖീകരിക്കാൻ നിങ്ങൾക്കു ധൈര്യമുണ്ടാകുമോ?

പുരാതന ഇസ്രായേലിലെ ദാവീദുരാജാവ്‌ ബത്ത്‌-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു, അവൾ ഗർഭിണിയായി. തങ്ങളുടെ പാപം മറച്ചുവെക്കുന്നതിനുവേണ്ടി, ദാവീദ്‌ അവളുടെ ഭർത്താവിനെ വധിച്ചു. അതിനുശേഷം ബത്ത്‌-ശേബയെ തന്റെ ഭാര്യയാക്കി. ആ സംഭവം നടന്നിട്ട്‌ ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. തന്റെ രാജകീയ ഉത്തരവാദിത്വങ്ങൾ വഹിച്ചുകൊണ്ട്‌ ഒരു ഇരട്ടജീവിതം നയിക്കുകയാണ്‌ ദാവീദ്‌. പക്ഷേ യഹോവ അവന്റെ പാപങ്ങൾക്കുനേരെ കണ്ണടച്ചില്ല. അവന്റെ തെറ്റു ചൂണ്ടിക്കാട്ടാൻ യഹോവ നാഥാൻ പ്രവാചകനെ അയച്ചു.

ദുഷ്‌കരമായൊരു ദൗത്യമായിരുന്നു അത്‌. നാഥാന്റെ സ്ഥാനത്ത്‌ നിങ്ങളെത്തന്നെ സങ്കൽപ്പിക്കുക. യഹോവയോടുള്ള വിശ്വസ്‌തതയും ദൈവിക നിയമങ്ങൾ പാലിക്കപ്പെടണമെന്നുള്ള ആഗ്രഹവുമാണ്‌, ദാവീദ്‌ ചെയ്‌ത പാപങ്ങൾ തുറന്നുകാട്ടാൻ നാഥാന്‌ ധൈര്യം പകർന്നത്‌. ചെയ്‌ത പാപങ്ങളെപ്രതി അനുതപിക്കേണ്ടതുണ്ടെന്ന്‌ ദാവീദിനെ ബോധ്യപ്പെടുത്താൻ നാഥാൻ എന്താണ്‌ ചെയ്‌തത്‌?

നയചാതുര്യമുള്ള അധ്യാപകൻ

2 ശമൂവേൽ 12:1-25 വായിക്കാൻ അൽപ്പസമയം ചെലവഴിക്കുക. നാഥാന്റെ സ്ഥാനത്തുനിന്ന്‌ ദാവീദിനോട്‌ നിങ്ങൾ ഈ കഥ പറയുന്നതായി ഭാവനയിൽ കാണുക: “ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്‌തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകം ചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകംചെയ്‌തു.”—2 ശമൂ. 12:1-4.

പണ്ട്‌ ആട്ടിടയനായിരുന്ന ദാവീദ്‌ ഇത്‌ യഥാർഥത്തിൽ സംഭവിച്ച ഒന്നാണെന്ന്‌ കരുതി. ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു: “ചൂഷണം ചെയ്യപ്പെടുന്ന നിരാലംബർക്കുവേണ്ടി ദാവീദിനോട്‌ അപേക്ഷിക്കാൻ വരുന്നൊരു പതിവ്‌ നാഥാനുണ്ടായിരുന്നിരിക്കാം. ഇതും അത്തരത്തിലുള്ള ഒരു പരാതിയാണെന്ന്‌ ദാവീദ്‌ കരുതിയിരിക്കണം.” അങ്ങനെയാണെങ്കിൽപ്പോലും, നാഥാൻ സംസാരിച്ച വിധത്തിൽ ദാവീദുരാജാവിനോടു സംവദിക്കാൻ ധൈര്യവും ദൈവത്തോടുള്ള വിശ്വസ്‌തതയും അനിവാര്യമായിരുന്നു. നാഥാൻ പറഞ്ഞ കഥ കേട്ടതും രാജാവ്‌ ധാർമികരോഷത്തോടെ, “യഹോവയാണ, ഇതു ചെയ്‌തവൻ മരണയോഗ്യൻ” എന്ന്‌ കൽപ്പിച്ചു. “ആ മനുഷ്യൻ നീ തന്നേ” എന്ന നാഥാന്റെ മറുപടി ദാവീദിന്റെ ഹൃദയത്തിലേക്ക്‌ തുളച്ചിറങ്ങി.—2 ശമൂ. 12:5-7.

പ്രശ്‌നം കൈകാര്യംചെയ്യാൻ നാഥാൻ ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തത്‌ എന്തുകൊണ്ടാണ്‌? മറ്റൊരാളോട്‌ വൈകാരിക അടുപ്പമുള്ളപ്പോൾ ഒരു വ്യക്തിക്ക്‌ തന്റെ സാഹചര്യം വസ്‌തുനിഷ്‌ഠമായി വിലയിരുത്താൻ കഴിഞ്ഞെന്നുവരില്ല. സ്വന്തം തെറ്റുകൾ ന്യായീകരിക്കാനുള്ള പ്രവണത എല്ലാവർക്കുമുണ്ട്‌. പക്ഷേ, അറിയാതെയാണെങ്കിലും തന്റെ പ്രവൃത്തികൾക്കുള്ള ന്യായവിധി ഉച്ചരിക്കാൻ, നാഥാൻ ഉപയോഗിച്ച ദൃഷ്ടാന്തം ദാവീദിനെ പ്രേരിപ്പിച്ചു. ദൃഷ്ടാന്തത്തിൽ നാഥാൻ വിവരിച്ച പ്രവൃത്തി നീതിക്കു നിരക്കാത്തതാണെന്ന്‌ രാജാവിനു സംശയമുണ്ടായില്ല. ആ നടപടിയെ ദാവീദുതന്നെ കുറ്റംവിധിച്ചതിനുശേഷമാണ്‌, ദൃഷ്ടാന്തത്തിലെ തെറ്റുകാരൻ ദാവീദാണെന്ന്‌ നാഥാൻ വെളിപ്പെടുത്തിയത്‌. തന്റെ തെറ്റിന്റെ ഗൗരവം അങ്ങനെ ദാവീദ്‌ തിരിച്ചറിഞ്ഞു; ശിക്ഷണം സ്വീകരിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അവൻ ചെന്നെത്തി. ബത്ത്‌-ശേബയോടുള്ള ബന്ധത്തിൽ ചെയ്‌ത തെറ്റിലൂടെ താൻ യഹോവയെ “നിരസിച്ചു” എന്നു സമ്മതിച്ച അവൻ വേണ്ട ശിക്ഷണം സ്വീകരിച്ചു.—2 ശമൂ. 12:9-14; സങ്കീ. 51, മേലെഴുത്ത്‌.

നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാം? ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ ബൈബിൾ വിദ്യാർഥികളെ സഹായിക്കുക എന്നതാണ്‌ ഒരു അധ്യാപകന്റെ ലക്ഷ്യം. ദാവീദിനോട്‌ ആദരവുണ്ടായിരുന്ന നാഥാൻ നയപൂർവമാണ്‌ അവനോട്‌ ഇടപെട്ടത്‌. ദാവീദിന്‌ ഉള്ളിൽ നീതിയോടും ന്യായത്തോടും സ്‌നേഹമുണ്ടെന്ന്‌ നാഥാന്‌ അറിയാമായിരുന്നു. അവന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന ദൈവിക ഗുണങ്ങളെ ആ ദൃഷ്ടാന്തത്തിലൂടെ നാഥാൻ വിളിച്ചുണർത്തി. യഹോവയുടെ വീക്ഷണങ്ങൾ മനസ്സിലാക്കുന്നതിന്‌ ആത്മാർഥതയുള്ള വ്യക്തികളെ സഹായിക്കാൻ നമുക്കും കഴിയും. എങ്ങനെ? അവരുടെ നീതിബോധം ഉണർത്തിക്കൊണ്ട്‌. നാം അവരെക്കാൾ ധാർമികമായോ ആത്മീയമായോ ഉന്നതരാണെന്നു ഭാവിക്കാതെവേണം അതു ചെയ്യാൻ. ഏതാണ്‌ ശരി, ഏതാണ്‌ തെറ്റ്‌ എന്നു നിർണയിക്കേണ്ടത്‌ ബൈബിളാണ്‌, നാമല്ല.

മറ്റെന്തിനെക്കാളുമുപരി, ഒരു ശക്തനായ രാജാവിനെ ശാസിക്കാൻ നാഥാനെ പ്രാപ്‌തനാക്കിയത്‌ യഹോവയോട്‌ അവനുണ്ടായിരുന്ന വിശ്വസ്‌തതയാണ്‌. (2 ശമൂ. 12:1) യഹോവയുടെ നീതിയുള്ള തത്ത്വങ്ങൾക്കുവേണ്ടി ധൈര്യപൂർവം നിലകൊള്ളാൻ അത്തരം വിശ്വസ്‌തത നമ്മെയും സഹായിക്കും.

സത്യാരാധനയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചവൻ

ദാവീദ്‌ തന്റെ പുത്രന്മാരിൽ ഒരുവന്‌ നാഥാൻ എന്ന പേര്‌ നൽകിയതിൽനിന്ന്‌ ദാവീദും നാഥാനും നല്ല സുഹൃത്തുക്കളായിരുന്നു എന്ന്‌ അനുമാനിക്കാം. (1 ദിന. 3:1, 5) നാഥാനെക്കുറിച്ച്‌ ബൈബിൾ ആദ്യമായി പരാമർശിക്കുമ്പോൾ അവൻ ദാവീദിന്റെ അടുക്കലാണ്‌. യഹോവയെ സ്‌നേഹിക്കുന്നവരായിരുന്നു അവർ ഇരുവരും. നാഥാന്റെ അഭിപ്രായങ്ങൾക്ക്‌ ദാവീദ്‌ വിലകൽപ്പിച്ചിരുന്നിരിക്കണം. അതിനാലാണ്‌, യഹോവയ്‌ക്ക്‌ ഒരു ആലയം പണിയാനുള്ള തന്റെ ആഗ്രഹം അവൻ നാഥാനോടു വെളിപ്പെടുത്തിയത്‌. “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു” എന്ന്‌ ദാവീദ്‌ പറഞ്ഞു. “നാഥാൻ രാജാവിനോടു: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്‌തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ട്‌” എന്നു പറഞ്ഞു.—2 ശമൂ. 7:2, 3.

ഭൂമിയിൽ സത്യാരാധനയുടെ ആദ്യത്തെ സ്ഥിരകേന്ദ്രമായി ഒരു ആലയം പണിയാനുള്ള ദാവീദിന്റെ പദ്ധതിക്ക്‌ യഹോവയുടെ വിശ്വസ്‌ത ആരാധകനായ നാഥാൻ സന്തോഷത്തോടെ മുഴുപിന്തുണയും നൽകി. ആ അവസരത്തിൽ അവൻ പറഞ്ഞത്‌ സ്വന്തം അഭിപ്രായമാണ്‌, യഹോവയുടേതല്ല. രാജാവിനോട്‌ വ്യത്യസ്‌തമായൊരു സന്ദേശം അറിയിക്കാൻ അന്നേദിവസം രാത്രി യഹോവ പ്രവാചകനോട്‌ ആവശ്യപ്പെട്ടു: യഹോവയുടെ ആലയം പണിയുന്നത്‌ ദാവീദ്‌ ആയിരിക്കില്ല, ദാവീദിന്റെ പുത്രന്മാരിൽ ഒരാളായിരിക്കും! എങ്കിലും, ദാവീദിന്റെ സിംഹാസനം “എന്നേക്കും സ്ഥിരമായിരി”ക്കേണ്ടതിന്‌ യഹോവ അവനുമായി ഒരു ഉടമ്പടി ചെയ്യുന്നുവെന്ന്‌ നാഥാൻ ദാവീദിനെ അറിയിച്ചു.—2 ശമൂ. 7:4-16.

ആലയ നിർമാണത്തോടു ബന്ധപ്പെട്ട യഹോവയുടെ വീക്ഷണവും നാഥാന്റെ വീക്ഷണവും തമ്മിൽ പൊരുത്തപ്പെട്ടില്ല. എന്നിരുന്നാലും, താഴ്‌മയുള്ള ഈ പ്രവാചകൻ പിറുപിറുക്കാതെ, യഹോവയുടെ ഉദ്ദേശ്യത്തിനു മുഴുഹൃദയാ കീഴ്‌പെടുകയും അതിനോടു സഹകരിക്കുകയും ചെയ്‌തു. യഹോവ നമ്മെ തിരുത്തുമ്പോൾ നാം പിന്തുടരേണ്ട ഉത്തമ മാതൃകയാണ്‌ നാഥാൻ. പ്രവാചകൻ എന്നനിലയിലുള്ള നാഥാന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ, അവന്‌ ദൈവപ്രീതി നഷ്ടമായില്ല എന്നു വെളിപ്പെടുത്തുന്നു. ആലയസേവനത്തിനായി 4,000 സംഗീതജ്ഞരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്‌ ദാവീദിന്‌ വേണ്ട നിർദേശങ്ങൾ നൽകാൻ ദർശകനായ ഗാദിനൊപ്പം നാഥാനെയും യഹോവ നിശ്വസ്‌തനാക്കിയിട്ടുണ്ടാകണം.—1 ദിന. 23:1-5; 2 ദിന. 29:25.

രാജത്വത്തിന്റെ സംരക്ഷകൻ

ദാവീദിന്റെ പിൻഗാമിയായി രാജ്യം ഭരിക്കേണ്ടത്‌ ശലോമോനാണെന്ന്‌ നാഥാന്‌ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ദാവീദിന്റെ അവസാനനാളുകളിൽ അദോനീയാവ്‌ രാജസ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ നാഥാൻ തക്കസമയത്ത്‌ ഇടപെട്ടു. നയവും വിശ്വസ്‌തതയും വീണ്ടും നാഥാന്റെ പ്രവർത്തനങ്ങളുടെ മുഖമുദ്രയായി. ആദ്യം, തങ്ങളുടെ മകനായ ശലോമോനെ രാജാവാക്കുമെന്ന വാഗ്‌ദാനം ദാവീദിനെ ഓർമപ്പെടുത്താൻ ബത്ത്‌-ശേബയെ അവൻ ചട്ടംകെട്ടി. പിന്നീട്‌, തന്റെ പിൻഗാമിയായി അദോനീയാവിനെ നിയമിച്ചത്‌ ദാവീദാണോ എന്നു ചോദിച്ചറിയാൻ നാഥാൻ രാജാസനത്തിനു മുമ്പാകെ ചെന്നു. സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ ദാവീദ്‌, ശലോമോനെ അഭിഷേകം ചെയ്‌ത്‌ രാജാവായി പ്രഖ്യാപിക്കാൻ നാഥാനോടും മറ്റു വിശ്വസ്‌ത സേവകരോടും കൽപ്പിച്ചു. അങ്ങനെ അദോനീയാവിന്റെ പദ്ധതികൾ തകിടംമറിഞ്ഞു.—1 രാജാ. 1:5-53.

താഴ്‌മയുള്ള ചരിത്രകാരൻ

നാഥാനും ഗാദുമാണ്‌, 1 ശമൂവേൽ 25 മുതൽ 31 വരെയുള്ള അധ്യായങ്ങളും 2 ശമൂവേൽ മുഴുവനും എഴുതിയത്‌ എന്നാണ്‌ പൊതുവെയുള്ള വിശ്വാസം. ഈ പുസ്‌തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള നിശ്വസ്‌ത ചരിത്രങ്ങളെക്കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: ‘ദാവീദുരാജാവിന്റെ ആദ്യന്തവൃത്താന്തങ്ങൾ . . . ദർശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാൻപ്രവാചകന്റെ പുസ്‌തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.’ (1 ദിന. 29:29, 30) ‘ശലോമോന്റെ വൃത്താന്തങ്ങളും’ നാഥാൻ എഴുതിയിട്ടുണ്ടെന്ന്‌ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. (2 ദിന. 9:29) ദാവീദിന്റെ കാലശേഷവും നാഥാൻ രാജസദസ്സിൽ സേവിച്ചിരുന്നു എന്നാണ്‌ അതു സൂചിപ്പിക്കുന്നത്‌.

നാഥാൻതന്നെ ആയിരിക്കണം അവനെക്കുറിച്ച്‌ നമുക്കറിയാവുന്ന പല കാര്യങ്ങളും എഴുതിയത്‌. എന്നാൽ, ചില കാര്യങ്ങളെക്കുറിച്ച്‌ അവൻ മൗനം പാലിച്ചു എന്ന വസ്‌തുത അവനെക്കുറിച്ച്‌ പലതും വെളിപ്പെടുത്തുന്നു. പേരും പെരുമയും നേടാൻ ശ്രമിക്കാതിരുന്ന താഴ്‌മയുള്ള ഒരു ചരിത്രകാരനായിരുന്നു അവനെന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം. ഒരു ബൈബിൾ നിഘണ്ടു പറയുന്നതുപോലെ, “ആമുഖമോ പൂർവികരെ സംബന്ധിച്ച വിവരണങ്ങളോ” ഇല്ലാതെ നിശ്വസ്‌ത രേഖയിൽ പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയാണ്‌ നാഥാൻ. നാഥാന്റെ പൂർവികരെക്കുറിച്ചും അവന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നമുക്ക്‌ ഒന്നും അറിയില്ല.

യഹോവയോടു വിശ്വസ്‌തൻ

തിരുവെഴുത്തുകൾ നാഥാനെക്കുറിച്ചു പറയുന്ന ഏതാനും കാര്യങ്ങൾ, അവൻ താഴ്‌മയുള്ളവനും ദൈവേഷ്ടം നിവൃത്തിയേറിക്കാണാൻ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചവനുമാണ്‌ എന്നു വ്യക്തമാക്കുന്നു. പല ഭാരിച്ച ഉത്തരവാദിത്വങ്ങളും യഹോവ അവനു നിയമിച്ചുകൊടുത്തു. ദൈവത്തോടുള്ള വിശ്വസ്‌തത, അവന്റെ നിലവാരങ്ങളോടുള്ള വിലമതിപ്പ്‌ എന്നിങ്ങനെ നാഥാനുണ്ടായിരുന്ന നല്ല ഗുണങ്ങളെക്കുറിച്ച്‌ ധ്യാനിക്കുക. അത്തരം ഗുണങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുക.

വ്യഭിചാരം ചെയ്‌ത രാജാക്കന്മാരെ ശാസിക്കാനോ ഭരണം പിടിച്ചടക്കാനുള്ള ഗൂഢനീക്കങ്ങൾ അട്ടിമറിക്കാനോ ദൈവം നിങ്ങളോട്‌ ആവശ്യപ്പെട്ടെന്നുവരില്ല. എന്നിരുന്നാലും ദൈവത്തിന്റെ സഹായത്താൽ നിങ്ങൾക്ക്‌ അവനോടു വിശ്വസ്‌തരായിരിക്കാനും അവന്റെ നീതിയുള്ള നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാനും കഴിയും. അതെ, ധൈര്യപൂർവം, നയത്തോടെ മറ്റുള്ളവരെ സത്യം പഠിപ്പിക്കാനും സത്യാരാധനയുടെ കാവൽഭടനാകാനും നിങ്ങൾക്കും സാധിക്കും.

[25-ാം പേജിലെ ചിത്രം]

രാജത്വത്തിന്റെ സംരക്ഷകനായ നാഥാൻ ബത്ത്‌-ശേബയെ നയപൂർവം കാര്യം ധരിപ്പിച്ചു