വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തോട്‌ അടുത്തുചെല്ലുക

“ഭവനത്തിലേക്കു മടങ്ങിവരാൻ ഞങ്ങളെ അനുവദിക്കേണമേ”

“ഭവനത്തിലേക്കു മടങ്ങിവരാൻ ഞങ്ങളെ അനുവദിക്കേണമേ”

ഒരിക്കൽ യഹോവയെ സേവിച്ചിരുന്ന ഒരാളാണോ നിങ്ങൾ? അവനെ വീണ്ടും സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവൻ തിരികെ സ്വീകരിക്കുമോ എന്ന പേടികൊണ്ട്‌ നിങ്ങൾ മടിച്ചുനിൽക്കുകയാണോ? എങ്കിൽ ഈ ലേഖനവും അടുത്ത ലേഖനവും ശ്രദ്ധാപൂർവം വായിക്കുക. വിശേഷാൽ നിങ്ങൾക്കുവേണ്ടിയാണ്‌ ഇവ തയ്യാറാക്കിയിരിക്കുന്നത്‌.

“അങ്ങയുടെ ഭവനത്തിലേക്കു മടങ്ങിവരാൻ അനുവദിക്കേണമേ എന്നും അങ്ങയുടെ ഹൃദയത്തെ വേദനിപ്പിച്ചതിന്‌ എന്നോടു ക്ഷമിക്കേണമേ എന്നും ഞാൻ യഹോവയോട്‌ പ്രാർഥിച്ചു,” ക്രിസ്‌തീയ പശ്ചാത്തലത്തിലാണ്‌ വളർന്നുവന്നതെങ്കിലും പിന്നീട്‌ അതിൽനിന്ന്‌ അകന്നുപോയ ഒരു സ്‌ത്രീയുടെ വാക്കുകളാണിത്‌. അവരുടെ വികാരം നിങ്ങൾക്ക്‌ ഉൾക്കൊള്ളാനാകുന്നുണ്ടോ? ഒരുപക്ഷേ ഇങ്ങനെയുള്ള ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉദിച്ചേക്കാം: ‘ഒരിക്കൽ തന്നെ സേവിച്ചിരുന്നവരെ ദൈവം എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? അവൻ അവരെ ഓർക്കുന്നുണ്ടോ? അവർ അവന്റെ “ഭവനത്തിലേക്കു മടങ്ങിവരാൻ” അവന്‌ ആഗ്രഹമുണ്ടോ?’ ഉത്തരത്തിനായി യിരെമ്യാവിന്റെ വാക്കുകൾ നമുക്ക്‌ ശ്രദ്ധിക്കാം. അത്‌ അറിയുമ്പോൾ നിങ്ങളുടെ ഹൃദയം തരളിതമാകും, തീർച്ച.—യിരെമ്യാവു 31:18-20 വായിക്കുക.

യിരെമ്യാവ്‌ ഇത്‌ എഴുതിയ സാഹചര്യം നമുക്കൊന്നു നോക്കാം. യിരെമ്യാവിന്റെ കാലത്തിനും ദശാബ്ദങ്ങൾക്കു മുമ്പ്‌ ബി.സി. 740-ൽ പത്തുഗോത്ര ഇസ്രായേൽരാജ്യം അസീറിയക്കാരുടെ അടിമത്തത്തിലേക്കു പോകാൻ യഹോവ അനുവദിച്ചു. * ആ ജനം ഗുരുതരമായ പാപങ്ങൾ ചെയ്യുകയും പ്രവാചകന്മാരിലൂടെ ദൈവം ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്‌തതുകൊണ്ട്‌ ദൈവം അവർക്കു നൽകിയ ശിക്ഷണമായിരുന്നു അത്‌. (2 രാജാക്കന്മാർ 17:5-18) തങ്ങളുടെ ദൈവത്തിൽനിന്ന്‌ വേർപിരിഞ്ഞ അവർ സ്വദേശത്തുനിന്നു പറിച്ചുമാറ്റപ്പെട്ടു. പ്രവാസത്തിലായിരിക്കെ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾ ആ ജനത്തിന്റെ ഹൃദയത്തിന്‌ എന്തെങ്കിലും പരിവർത്തനം വരുത്തിയോ? യഹോവ അവരെ എന്നേക്കുമായി മറന്നുകളഞ്ഞോ? അവൻ എന്നെങ്കിലും അവരെ സ്വഭവനത്തിലേക്കു തിരികെ സ്വീകരിക്കുമായിരുന്നോ?

‘ഞാൻ അനുതപിച്ചു’

അടിമത്തത്തിലായ ജനം സുബോധം വീണ്ടെടുക്കുകയും അനുതപിക്കുകയും ചെയ്‌തു. അവരുടെ ആത്മാർഥമായ മനസ്‌താപം യഹോവയുടെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. പ്രവാസത്തിലായിരുന്ന ഇസ്രായേല്യരുടെ മനോഭാവങ്ങളും അവരുടെ വികാരങ്ങളും യഹോവ വിവരിക്കുന്നത്‌ ശ്രദ്ധിക്കുക. അവരെ എഫ്രയീം എന്നു സംബോധന ചെയ്‌തുകൊണ്ട്‌ യഹോവ പറയുന്നു:

“എഫ്രയീം വിലപിക്കുന്നതു ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു.” (19-ാം വാക്യം) ചെയ്‌ത തെറ്റിന്റെ ഫലമായി ഇസ്രായേല്യർ വിലപിക്കുന്നത്‌ യഹോവ കേട്ടു. ‘വിലപിക്കുന്നു’ എന്ന പ്രയോഗത്തിന്‌ “കുലുക്കുന്നതിനെ അല്ലെങ്കിൽ ഇളക്കുന്നതിനെ” അർഥമാക്കാൻ കഴിയും എന്ന്‌ ഒരു പണ്ഡിത പറയുന്നു. ചെയ്‌ത തെറ്റിനെക്കുറിച്ചോർത്ത്‌ ദുഃഖിച്ചു തലകുലുക്കുന്ന പാപിയായ ഒരു മകനെപ്പോലെയായിരുന്നു അവർ. സ്വയം വരുത്തിവെച്ച ദുരിതങ്ങളെക്കുറിച്ചോർത്ത്‌ മനസ്‌താപത്തോടെ സ്വഭവനത്തിലേക്കു മടങ്ങിവരാൻ അവൻ ആഗ്രഹിക്കുന്നു. (ലൂക്കോസ്‌ 15:11-17) ആകട്ടെ, ജനം എന്താണ്‌ പറയുന്നത്‌?

“മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷപ്രാപിച്ചിരിക്കുന്നു.” (18-ാം വാക്യം) തിരുത്തൽ ആവശ്യമായിരുന്നെന്ന വസ്‌തുത ആ ജനം അംഗീകരിച്ചു. വാസ്‌തവത്തിൽ അവർ മെരുങ്ങാത്ത ഒരു കാളക്കുട്ടിയെപ്പോലെ ആയിരുന്നല്ലോ. “നുകത്തിനെതിരെ മത്സരിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും അടികൊള്ളേണ്ടിവരില്ലായിരുന്ന” ഒരു കാളയെപ്പോലെയായിരുന്നു അവർ എന്നായിരിക്കാം ഈ ഉപമ അർഥമാക്കുന്നതെന്ന്‌ ഒരു പരാമർശകൃതി പറയുന്നു.

“ഞാൻ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.” (18-ാം വാക്യം) വിനീതരായിത്തീർന്ന ജനം ദൈവത്തെ വിളിച്ചപേക്ഷിച്ചു. പാപപൂർണമായ ഒരു ജീവിതഗതിയായിരുന്നു അവരുടേത്‌. പക്ഷേ ഇപ്പോൾ, ദിവ്യപ്രീതിയിലേക്കു തിരികെവരാൻ സഹായിക്കണമേയെന്ന്‌ അവർ അവനോടു യാചിക്കുന്നു. ഒരു ഭാഷാന്തരം ഈ വാക്യത്തെ പരിഭാഷപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: “ഭവനത്തിലേക്കു മടങ്ങിവരാൻ ഞങ്ങളെ അനുവദിക്കേണമേ; നീ ഞങ്ങളുടെ ദൈവമല്ലോ.”—സമകാലീന ഇംഗ്ലീഷ്‌ ഭാഷാന്തരം.

‘ഞാൻ അനുതപിച്ചും നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു.’ (19-ാം വാക്യം) ചെയ്‌ത പാപത്തെയോർത്ത്‌ അവർ ഖേദിച്ചു. അവർ കുറ്റം ഏൽക്കുകയും തെറ്റ്‌ സമ്മതിക്കുകയും ചെയ്‌തു. അവർക്ക്‌ നാണക്കേടും നിരാശയും തോന്നി.—ലൂക്കോസ്‌ 15:18, 19, 21.

ഇസ്രായേൽജനം അനുതപിച്ചു. ദുഃഖഭാരത്താൽ നീറിയ അവർ തങ്ങളുടെ തെറ്റുകൾ ദൈവത്തോട്‌ ഏറ്റുപറയുകയും ദുഷിച്ച ഗതിയിൽനിന്ന്‌ പിന്മാറുകയും ചെയ്‌തു. അവരുടെ മനസ്‌താപം ദൈവത്തിന്റെ ഹൃദയത്തെ സ്‌പർശിച്ചുവോ? അവൻ അവരെ ഭവനത്തിലേക്കു മടക്കിവരുത്തുമായിരുന്നോ?

“ഞാൻ അവനോടു കരുണ കാണിക്കും”

ഇസ്രായേല്യരോട്‌ യഹോവയ്‌ക്ക്‌ ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. “ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ” എന്നാണ്‌ അവരെക്കുറിച്ച്‌ അവൻ പറഞ്ഞത്‌. (യിരെമ്യാവു 31:9) ആത്മാർഥമായ അനുതാപത്തോടെ മടങ്ങിവരുന്ന ഒരു പുത്രനെ സ്‌നേഹനിധിയായ ഏതു പിതാവാണ്‌ സ്വീകരിക്കാതിരിക്കുക? തന്റെ ജനത്തോടുള്ള പിതൃവാത്സല്യം യഹോവ കാണിക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കൂ.

“എഫ്രയീം എന്റെ പ്രിയമകനോ? അവൻ ഒരു ഓമനക്കുട്ടിയോ? ഞാൻ അവനെതിരേ സംസാരിക്കുമ്പോഴെല്ലാം ഞാൻ അവനെ വീണ്ടും ഓർക്കുന്നു.” (20-ാം വാക്യം, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) എത്ര ആർദ്രമായ വാക്കുകൾ! സ്‌നേഹനിധിയായ അതേസമയം ദൃഢചിത്തനായ ഒരു പിതാവിനെപ്പോലെ തന്റെ മക്കൾക്ക്‌ ‘എതിരായി’ സംസാരിക്കാൻ ദൈവം നിർബന്ധിതനായിത്തീർന്നു; അവൻ അവർക്ക്‌ ആവർത്തിച്ച്‌ മുന്നറിയിപ്പു കൊടുത്തു. ആ മുന്നറിയിപ്പുകൾ മനഃപൂർവം നിരസിച്ചപ്പോൾ അവർ പ്രവാസത്തിലേക്കു പോകാൻ ദൈവം ഇടയാക്കി. അങ്ങനെ അവർക്ക്‌ സ്വഭവനം വിട്ടുപോകേണ്ടിവന്നു. അവരെ ശിക്ഷിക്കേണ്ടിവന്നെങ്കിലും ദൈവം അവരെ മറന്നുകളഞ്ഞില്ല. അവന്‌ ഒരിക്കലും അങ്ങനെ ചെയ്യാനാകുമായിരുന്നില്ല. സ്‌നേഹനിധിയായ ഒരു പിതാവിന്‌ തന്റെ മക്കളെ ഒരിക്കലും മറക്കാനാവില്ല. അങ്ങനെയെങ്കിൽ തന്റെ മക്കളുടെ ആത്മാർഥ അനുതാപം കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എന്താണ്‌ തോന്നിയത്‌?

“എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും.” (20-ാം വാക്യം) തന്റെ മക്കളെയോർത്ത്‌ യഹോവയുടെ മനസ്സലിഞ്ഞു. അവരുടെ യഥാർഥ മനസ്‌താപം അവന്റെ ഹൃദയത്തിൽ തൊട്ടു. അവരെ തിരികെ കൊണ്ടുവരാൻ അവൻ അതിയായി ആഗ്രഹിച്ചു. ധൂർത്തപുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിലെ പിതാവിനെപ്പോലെ ‘മനസ്സലിഞ്ഞ’ യഹോവ അവരെ തിരികെ ഭവനത്തിലേക്കു സ്വാഗതം ചെയ്യാൻ അതിയായി വാഞ്‌ഛിച്ചു.—ലൂക്കോസ്‌ 15:20.

“അങ്ങയുടെ ഭവനത്തിലേക്കു മടങ്ങിവരാൻ അനുവദിക്കേണമേ”

യിരെമ്യാവു 31:18-20-ലെ വാക്കുകൾ യഹോവയുടെ ആർദ്രാനുകമ്പയെയും അവന്റെ കരുണയെയും കുറിച്ച്‌ വ്യക്തമായ ഒരു ധാരണ നമുക്കു നൽകുന്നു. തന്നെ സേവിച്ചിരുന്നവരെ ദൈവം ഒരുകാലത്തും മറക്കുകയില്ല. അങ്ങനെയുള്ളവർ അവനിലേക്കു മടങ്ങിവരാൻ ആഗ്രഹിക്കുന്നെങ്കിലോ? ദൈവം അവരോട്‌ ‘ക്ഷമിക്കാൻ’ സന്നദ്ധനാണ്‌. (സങ്കീർത്തനം 86:5) അനുതാപമുള്ള ഹൃദയത്തോടെ തന്നിലേക്കു മടങ്ങിവരുന്നവരെ അവൻ അവഗണിക്കുകയില്ല. (സങ്കീർത്തനം 51:17) പൂർണമനസ്സോടെ അവൻ അവരെ തന്റെ ഭവനത്തിലേക്കു സ്വാഗതം ചെയ്യും.—ലൂക്കോസ്‌ 15:22-24.

ലേഖനത്തിന്റെ ആരംഭത്തിൽ പരാമർശിച്ച സ്‌ത്രീ യഹോവയിലേക്കു മടങ്ങിവരാൻ ആവശ്യമായതെല്ലാം ചെയ്‌തു. യഹോവയുടെ സാക്ഷികളുടെ ഒരു പ്രാദേശിക സഭ അവർ സന്ദർശിച്ചു. ആദ്യമൊക്കെ അവൾക്ക്‌ അനാവശ്യ ചിന്തകളുമായി പോരാടേണ്ടിവന്നു. “ഞാൻ വിലകെട്ടവളാണെന്ന്‌ എനിക്കു തോന്നി,” അവൾ ഓർക്കുന്നു. എന്നാൽ സഭാമൂപ്പന്മാർ നൽകിയ പ്രോത്സാഹനവും സഹായവും ആത്മീയ ശക്തി വീണ്ടെടുക്കാൻ അവളെ സഹായിച്ചു. നിറഞ്ഞ മനസ്സോടെ അവൾ പറയുന്നു: “തന്റെ ഭവനത്തിലേക്ക്‌ യഹോവ എന്നെ തിരിച്ചുവരുത്തിയെന്ന്‌ എനിക്ക്‌ വിശ്വസിക്കാനാകുന്നില്ല!”

ഒരിക്കൽ യഹോവയെ സേവിച്ചിരുന്ന ഒരാളാണോ നിങ്ങൾ? അവനെ വീണ്ടും സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലേക്ക്‌ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. “ഭവനത്തിലേക്കു മടങ്ങിവരാൻ ഞങ്ങളെ അനുവദിക്കേണമേ” എന്ന്‌ അനുതാപത്തോടെ യഹോവയോട്‌ നിലവിളിക്കുമ്പോൾ ഓർക്കുക: യഹോവ ആർദ്രാനുകമ്പയോടും കരുണയോടും കൂടെ ആ നിലവിളി കേൾക്കും, തീർച്ച! (w12-E 04/01)

[അടിക്കുറിപ്പ്‌]

^ നൂറ്റാണ്ടുകൾക്കു മുമ്പ്‌ ബി.സി. 997-ൽ ഇസ്രായേൽജനത രണ്ടുരാജ്യങ്ങളായി വേർപിരിഞ്ഞിരുന്നു; തെക്കുള്ള രണ്ടുഗോത്ര യഹൂദാരാജ്യവും വടക്കുള്ള പത്തുഗോത്ര ഇസ്രായേൽരാജ്യവും. പത്തുഗോത്ര ഇസ്രായേൽരാജ്യം, അതിലെ ഏറ്റവും ശ്രേഷ്‌ഠഗോത്രമായ എഫ്രയീമിന്റെ പേരിലും അറിയപ്പെട്ടിരുന്നു.