വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

തന്റെ ചെറുപ്പകാലത്തെ മതവിശ്വാസത്തിൽനിന്ന്‌ അകന്നുപോയ ഒരാൾ പിന്നീട്‌ തിരികെവരാൻ ഇടയായത്‌ എങ്ങനെ? ജീവിതകാലം മുഴുവൻ ഒരു പിതാവിന്റെ വാത്സല്യത്തിനായി കൊതിച്ച ഒരു യുവാവിന്റെ ആഗ്രഹം സഫലമായത്‌ എങ്ങനെ? അവർക്ക്‌ പറയാനുള്ളത്‌ കേൾക്കൂ.

“ഞാൻ യഹോവയുടെ അടുക്കലേക്കു തിരിച്ചുവരണമായിരുന്നു.”—ഏലി ഖലീൽ

ജനനം: 1976

രാജ്യം: സൈപ്രസ്‌

ഒരു ധൂർത്തപുത്രൻ ആയിരുന്നു

മുൻകാല ജീവിതം: സൈപ്രസിലാണ്‌ ഞാൻ ജനിച്ചത്‌, വളർന്നത്‌ ഓസ്‌ട്രേലിയയിലും. എന്റെ അച്ഛനമ്മമാർ യഹോവയുടെ സാക്ഷികളാണ്‌. യഹോവയോടും അവന്റെ വചനമായ ബൈബിളിനോടും ഉള്ള സ്‌നേഹം എന്നിൽ വളർത്തിയെടുക്കാൻ അവർ ആവുന്നത്ര ശ്രമിച്ചിരുന്നു. പക്ഷേ, കൗമാരമായപ്പോഴേക്കും ഞാനൊരു താന്തോന്നിയായിത്തീർന്നു. രാത്രിയാകുമ്പോൾ അച്ഛനും അമ്മയും അറിയാതെ കൂട്ടുകാരെ കാണാൻ ഞാൻ വീടിനു വെളിയിൽച്ചാടും. ഞങ്ങൾ കാറുകൾ മോഷ്ടിച്ചു, മറ്റു പല കുഴപ്പങ്ങളിലും ചെന്നുചാടി.

അച്ഛനമ്മമാരെ സങ്കടപ്പെടുത്താതിരിക്കാൻ ആദ്യമാദ്യം രഹസ്യത്തിലായിരുന്നു ഞാൻ അതൊക്കെ ചെയ്‌തത്‌. പതിയെപ്പതിയെ എനിക്ക്‌ ആ പേടിയില്ലാതെയായി. പിന്നീട്‌, എന്നെക്കാൾ പ്രായമുള്ള, യഹോവയെ സ്‌നേഹിക്കാത്ത ആളുകളുമായി ഞാൻ കൂട്ടുകൂടാൻ തുടങ്ങി. അത്‌ എന്റെ സ്വഭാവം കൂടുതൽ വഷളാക്കി. ഒടുവിൽ, അച്ഛനമ്മമാരുടെ വിശ്വാസത്തിൽ തുടരാൻ എനിക്ക്‌ ആഗ്രഹമില്ലെന്ന്‌ ഞാൻ അവരോടു പറഞ്ഞു. എന്നെ സഹായിക്കാൻ ക്ഷമയോടെ അവർ ശ്രമിച്ചെങ്കിലും അതെല്ലാം ഞാൻ തട്ടിക്കളഞ്ഞു. അവർ ആകെ തകർന്നുപോയി.

വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോന്ന ശേഷം ഞാൻ മയക്കുമരുന്ന്‌ ഉപയോഗിക്കാൻ തുടങ്ങി. എന്തിന്‌, ഞാൻ മാരിഹ്വാന കൃഷി ചെയ്യുകയും വലിയ തോതിൽ അത്‌ വിൽക്കുകയും ചെയ്‌തിരുന്നു. അധാർമിക ജീവിതമായിരുന്നു എന്റേത്‌. നിശാക്ലബുകളിലായിരുന്നു ഞാൻ ഏറെ സമയവും. കൂടാതെ, ഞാനൊരു മുൻകോപിയും ആയിരുന്നു. എനിക്ക്‌ ഇഷ്ടപ്പെടാത്തത്‌ ആരെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌താൽ ഞാൻ കോപംകൊണ്ട്‌ വിറയ്‌ക്കും; പലപ്പോഴും ഞാൻ ആളുകൾക്ക്‌ നേരെ ആക്രോശിക്കുകയും അവരെ അടിക്കുകയും ചെയ്‌തിട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാൽ, ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ എന്തു ചെയ്യരുതെന്നാണോ എന്നെ പഠിപ്പിച്ചിരുന്നത്‌ അതെല്ലാം ഞാൻ ചെയ്‌തു.

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു: എന്റെ മയക്കുമരുന്ന്‌ സംഘത്തിലുണ്ടായിരുന്ന ഒരാളുമായി ഞാൻ വലിയ സൗഹൃദത്തിലായി. നന്നേ ചെറുപ്പത്തിൽത്തന്നെ അവന്റെ അച്ഛൻ മരിച്ചുപോയിരുന്നു. പലപ്പോഴും രാവേറെച്ചെല്ലുംവരെ ഞങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു. അങ്ങനെയുള്ള ചില സന്ദർഭങ്ങളിൽ അവൻ മനസ്സുതുറന്നു. അച്ഛന്റെ വേർപാട്‌ തന്നെ വല്ലാതെ അലട്ടുന്നതായി അവൻ പറഞ്ഞു. പുനരുത്ഥാന പ്രത്യാശയെക്കുറിച്ച്‌ ഞാൻ ചെറുപ്പത്തിൽ മനസ്സിലാക്കിയിരുന്ന കാര്യങ്ങൾ, അതായത്‌ യേശു മരിച്ചവരെ ഉയിർപ്പിച്ചതിനെക്കുറിച്ചും ഭാവിയിൽ അവൻ വീണ്ടും അതു ചെയ്യാൻ പോകുന്നതിനെക്കുറിച്ചും ഒക്കെ ഞാൻ അവനോടു സംസാരിച്ചു. (യോഹന്നാൻ 5:28, 29) “നിന്റെ അച്ഛനെ വീണ്ടും കാണുന്നതിനെക്കുറിച്ച്‌ ഒന്നോർത്തുനോക്കൂ,” “നമുക്കെല്ലാം ഭൂമിയിലെ പറുദീസയിൽ നിത്യം ജീവിക്കാനാകും,” ഞാൻ അവനോടു പറയുമായിരുന്നു. അതെല്ലാം അവന്റെ ഉള്ളിൽത്തട്ടി.

മറ്റു സമയങ്ങളിൽ, അന്ത്യനാളുകളും ത്രിത്വവും ഒക്കെ സംസാരവിഷയമായി അവൻ എടുത്തിടുമായിരുന്നു. യഹോവയാംദൈവത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും അന്ത്യനാളുകളെക്കുറിച്ചും ഒക്കെയുള്ള സത്യം അവന്റെ ബൈബിളിൽനിന്നുതന്നെ ഞാൻ അവനു കാണിച്ചുകൊടുത്തു. (യോഹന്നാൻ 14:28; 2 തിമൊഥെയൊസ്‌ 3:1-5) എത്രത്തോളം ഞാൻ അവനോട്‌ യഹോവയെക്കുറിച്ച്‌ സംസാരിച്ചുവോ അത്രത്തോളം ഞാനും യഹോവയെക്കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങി.

എന്റെ ഹൃദയത്തിൽ ഉറങ്ങിക്കിടന്നിരുന്ന ബൈബിൾ സത്യങ്ങൾ—അച്ഛനമ്മമാർ കഠിനശ്രമം ചെയ്‌ത്‌ വളർത്താൻ നോക്കിയ വിത്തുകൾ—പതിയെപ്പതിയെ മുളപൊട്ടാൻ തുടങ്ങി. ഉദാഹരണത്തിന്‌, ചില സമയങ്ങളിൽ കൂട്ടുകാരോടൊത്ത്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുമ്പോൾ പെട്ടെന്ന്‌ ഞാൻ യഹോവയെക്കുറിച്ച്‌ ഓർക്കും. ദൈവത്തോട്‌ സ്‌നേഹമുണ്ടെന്ന്‌ എന്റെ കൂട്ടുകാരിൽ പലരും പറഞ്ഞിരുന്നെങ്കിലും അവരുടെ പെരുമാറ്റം പക്ഷേ നേരെ തിരിച്ചായിരുന്നു. അവരെപ്പോലെ ആകാതിരിക്കാൻ ഞാൻ ചെയ്യേണ്ടത്‌ എന്താണെന്ന്‌ എനിക്കു മനസ്സിലായി. അതെ, ഞാൻ യഹോവയുടെ അടുക്കലേക്കു തിരിച്ചുവരണമായിരുന്നു.

ചെയ്യേണ്ടത്‌ എന്താണെന്ന്‌ മനസ്സിലാക്കാൻ എളുപ്പമാണ്‌, പക്ഷേ അതുപോലെ ചെയ്യാനാണ്‌ ബുദ്ധിമുട്ട്‌. ചില മാറ്റങ്ങൾ വരുത്തുക എനിക്ക്‌ എളുപ്പമായിരുന്നു: വലിയ പ്രയാസം കൂടാതെതന്നെ ഞാൻ മയക്കുമരുന്ന്‌ ഉപേക്ഷിച്ചു. എന്റെ പഴയ സുഹൃത്തുക്കളുമായുള്ള ബന്ധവും നിറുത്തി. ഒരു ക്രിസ്‌തീയ മൂപ്പനോടൊത്ത്‌ ഞാൻ ബൈബിൾ പഠിക്കാനും തുടങ്ങി.

എന്നാൽ ചില മാറ്റങ്ങൾ വരുത്തുക വലിയ ബുദ്ധിമുട്ടായിരുന്നു; പ്രത്യേകിച്ച്‌ എന്റെ കോപം നിയന്ത്രിക്കുന്നത്‌. കോപം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇടയ്‌ക്കിടെ എന്റെ നിയന്ത്രണം വിട്ടുപോകുമായിരുന്നു. അത്‌ എന്നിൽ വല്ലാത്ത കുറ്റബോധം ഉളവാക്കി; ഞാൻ ഒരിക്കലും നന്നാകാൻ പോകുന്നില്ലെന്ന്‌ എനിക്കു തോന്നി. മനസ്സുമടുത്ത്‌ ഞാൻ എന്നെ ബൈബിൾ പഠിപ്പിക്കുന്ന മൂപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ എപ്പോഴത്തെയുംപോലെ ക്ഷമയോടും ദയയോടും കൂടെ ഇടപെട്ടുകൊണ്ട്‌ അദ്ദേഹം എന്നെ ആശ്വസിപ്പിക്കുമായിരുന്നു. മടുത്തു പിൻമാറരുതാത്തത്‌ എന്തുകൊണ്ടെന്ന്‌ വിശദീകരിക്കുന്ന വീക്ഷാഗോപുരത്തിലെ ഒരു ലേഖനം അദ്ദേഹം ഒരിക്കൽ എന്നെ വായിച്ചു കേൾപ്പിച്ചു. * കോപം നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട പടികളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്‌തു. ആ ലേഖനത്തിലെ നിർദേശങ്ങൾ ഞാൻ മനസ്സിൽപ്പിടിക്കുകയും യഹോവയോട്‌ ഉള്ളുരുകി പ്രാർഥിക്കുകയും ചെയ്‌തു. അങ്ങനെ സാവധാനത്തിൽ എനിക്ക്‌ എന്റെ കോപം നിയന്ത്രിക്കാനായി. ഒടുവിൽ, 2000 ഏപ്രിലിൽ ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്‌നാനമേറ്റു. എന്റെ മാതാപിതാക്കൾക്കുണ്ടായ സന്തോഷം എടുത്തുപറയേണ്ടതില്ലല്ലോ.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ: ശരീരത്തെ മലിനമാക്കുന്ന മയക്കുമരുന്നിനും അധാർമിക ജീവിതത്തിനും ഞാൻ ഇപ്പോൾ അടിമയല്ല. അതുകൊണ്ട്‌, ഒരു ശുദ്ധമനസ്സാക്ഷിയും മനസ്സമാധാനവും എനിക്കുണ്ട്‌. എന്തു ചെയ്യുമ്പോഴും, ജോലിയിലായാലും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുമ്പോഴായാലും വിനോദത്തിൽ ഏർപ്പെടുമ്പോഴായാലും ഞാൻ വളരെ സന്തുഷ്ടനാണ്‌. ജീവിതത്തെക്കുറിച്ച്‌ എനിക്കൊരു ശുഭ പ്രതീക്ഷയുണ്ട്‌.

എന്നെ സഹായിക്കുന്നതിൽ ഒരിക്കലും മടുത്തുപോകാത്ത മാതാപിതാക്കളെ തന്ന യഹോവയോട്‌ ഞാൻ നന്ദിയുള്ളവനാണ്‌. “എന്നെ അയച്ച പിതാവ്‌ ആകർഷിച്ചിട്ടല്ലാതെ ഒരു മനുഷ്യനും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല” എന്ന യേശുവിന്റെ വാക്കുകളെക്കുറിച്ച്‌ ഞാൻ ചിന്തിക്കാറുണ്ട്‌. (യോഹന്നാൻ 6:44) യഹോവ എന്നെ ആകർഷിച്ചതുകൊണ്ടാണല്ലോ അവനിലേക്കു മടങ്ങിവരാൻ എനിക്കു കഴിഞ്ഞത്‌ എന്നോർക്കുമ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു.

“ഒരു പിതാവിന്റെ വാത്സല്യത്തിനായി ഞാൻ കൊതിച്ചു.”—മാർക്കോ അന്റോണിയോ അൽവറെസ്‌ സോട്ടോ

ജനനം: 1977

രാജ്യം: ചിലി

അക്രമാസക്തമായ സംഗീതം വായിച്ചിരുന്ന സംഘങ്ങളിൽ അംഗമായിരുന്നു

മുൻകാല ജീവിതം: തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ കടലിടുക്കിലെ പ്രശാന്തസുന്ദര നഗരമായ പൂന്റാ അരീനാസിലാണ്‌ ഞാൻ വളർന്നത്‌. അമ്മയാണ്‌ എന്നെ വളർത്തിയത്‌. എനിക്ക്‌ അഞ്ചുവയസ്സുള്ളപ്പോൾ എന്റെ അച്ഛനമ്മമാർ വേർപിരിഞ്ഞിരുന്നു; ഉപേക്ഷിക്കപ്പെട്ടതായി എനിക്കു തോന്നി. ഒരു പിതാവിന്റെ വാത്സല്യത്തിനായി ഞാൻ കൊതിച്ചിരുന്നു.

യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങിയ അമ്മ എന്നെ രാജ്യഹാളിൽ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ കൊണ്ടുപോകുമായിരുന്നു. പക്ഷേ അവിടെ പോകുന്നത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പലപ്പോഴും പോകുന്ന വഴിക്ക്‌ ഞാൻ വാശിപിടിച്ചു കരയുമായിരുന്നു. 13 വയസ്സായപ്പോഴേക്കും യോഗങ്ങൾക്കു പോകുന്നത്‌ ഞാൻ പാടേ നിറുത്തി.

ഏതാണ്ട്‌ ആ സമയത്ത്‌ എനിക്ക്‌ സംഗീതത്തോടു താത്‌പര്യം തോന്നിത്തുടങ്ങി. എനിക്ക്‌ അതിൽ പ്രത്യേക വാസനയുണ്ടെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. 15 വയസ്സുള്ളപ്പോൾ, ആഘോഷങ്ങളിലും ബാറുകളിലും സ്വകാര്യ കൂടിവരവുകളിലും ഒരുതരം റോക്ക്‌ സംഗീതം (അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന) ഞാൻ വായിച്ചിരുന്നു. പ്രഗത്ഭരായ സംഗീതജ്ഞരുമായുള്ള പരിചയം ക്ലാസിക്ക്‌ സംഗീതത്തിൽ താത്‌പര്യമുണ്ടാകാൻ കാരണമായി. ഒരു പ്രാദേശിക സംഗീതവിദ്യാലയത്തിൽ ഞാൻ സംഗീതം അഭ്യസിക്കാൻ തുടങ്ങി. 20-ാം വയസ്സിൽ ഉപരിപഠനത്തിനായി ഞാൻ തലസ്ഥാന നഗരിയായ സാന്റിയാഗോയിലേക്കു തിരിച്ചു. അവിടെയും അക്രമാസക്തമായ റോക്ക്‌ സംഗീതം വായിക്കുന്ന സംഘങ്ങളിൽ ഞാൻ സജീവമായിരുന്നു.

ഇക്കാലത്തെല്ലാം ഒരുതരം ശൂന്യതാബോധം എന്നെ അലട്ടിയിരുന്നു. അതിൽനിന്ന്‌ ഒരു മോചനത്തിനായി സംഘത്തിലെ മറ്റ്‌ അംഗങ്ങളോടൊപ്പം ഞാൻ മദ്യപിക്കാനും മയക്കുമരുന്ന്‌ ഉപയോഗിക്കാനും തുടങ്ങി. അവർ എനിക്ക്‌ സ്വന്തം കുടുംബത്തെപ്പോലെയായിരുന്നു. മത്സരമനോഭാവമായിരുന്നു എന്റേത്‌; അതു പ്രതിഫലിപ്പിക്കുന്നതായിരുന്നു എന്റെ വേഷവിധാനവും. കറുത്ത വസ്‌ത്രങ്ങൾ മാത്രമാണ്‌ ഞാൻ ധരിച്ചിരുന്നത്‌, എനിക്കു താടി ഉണ്ടായിരുന്നു, ഏകദേശം അരക്കെട്ടുവരെ മുടിയും വളർത്തിയിരുന്നു.

പലപ്പോഴും എന്റെ സ്വഭാവം അടിപിടികൾക്കു കാരണമായി; ഞാൻ പോലീസിന്റെ പിടിയിലും പെട്ടിട്ടുണ്ട്‌. ഒരിക്കൽ മദ്യം തലയ്‌ക്കുപിടിച്ച ഞാൻ എന്നെയും കൂട്ടുകാരെയും ശല്യപ്പെടുത്തിയിരുന്ന ഒരുകൂട്ടം മയക്കുമരുന്ന്‌ ഇടപാടുകാരെ ആക്രമിച്ചു. അവർ എന്നെ അതിക്രൂരമായി മർദിച്ചു, എന്റെ താടിയെല്ല്‌ തകർന്നു.

ഞാൻ വേണ്ടപ്പെട്ടവരായി കരുതിയിരുന്നവരാണ്‌ എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്‌. എന്റെ കാമുകി വർഷങ്ങളോളം എന്റെ ഉറ്റ സുഹൃത്തുമായി ബന്ധം പുലർത്തിക്കൊണ്ട്‌ എന്നെ വഞ്ചിക്കുകയായിരുന്നു. മറ്റു കൂട്ടുകാരാകട്ടെ അക്കാര്യം എന്നിൽനിന്ന്‌ മറച്ചുവെക്കുകയും ചെയ്‌തു. ഞാൻ ആകെ തളർന്നുപോയി.

പൂന്റാ അരീനാസിലേക്ക്‌ തിരികെവന്ന ഞാൻ അവിടെ സംഗീതം പഠിപ്പിക്കാനും വയലിൻ പോലുള്ള ഉപകരണം വായിക്കുന്ന ജോലി ചെയ്യാനും തുടങ്ങി. അപ്പോഴും ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരം റോക്ക്‌ സംഗീതം റെക്കോർഡുചെയ്യുകയും വായിക്കുകയും ചെയ്‌തിരുന്നു. അവിടെ വെച്ച്‌ സൂസൻ എന്ന സുന്ദരിയായ പെൺകുട്ടിയെ ഞാൻ കണ്ടുമുട്ടി; ഞങ്ങൾ ഒരുമിച്ച്‌ താമസിക്കാൻ തുടങ്ങി. ഏതാണ്ട്‌ ആ സമയത്ത്‌ ഒരു കാര്യം സൂസന്റെ ശ്രദ്ധയിൽപ്പെട്ടു: അവളുടെ അമ്മ ത്രിത്വത്തിൽ വിശ്വസിച്ചിരുന്നു, പക്ഷേ ഞാൻ അതിൽ വിശ്വസിച്ചിരുന്നില്ല. “ശരിക്കും ഏതാണ്‌ സത്യം?” അവൾ എന്നോടു ചോദിച്ചു. ത്രിത്വം എന്ന പഠിപ്പിക്കൽ തെറ്റാണെന്നും പക്ഷേ അത്‌ ബൈബിളിൽനിന്ന്‌ തെളിയിച്ചുതരാൻ എനിക്ക്‌ അറിയില്ലെന്നും ഞാൻ അവളോട്‌ പറഞ്ഞു. എന്നാൽ അത്‌ ആർക്ക്‌ സാധിക്കുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. യഹോവയുടെ സാക്ഷികൾ അത്‌ ബൈബിളിൽനിന്നു കാണിച്ചുതരുമെന്ന്‌ ഞാൻ അവളോടു പറഞ്ഞു. തുടർന്ന്‌, വർഷങ്ങളോളം ചെയ്യാതിരുന്ന ഒരു കാര്യം അന്നു ഞാൻ ചെയ്‌തു: ദൈവത്തോട്‌ അവന്റെ സഹായത്തിനായി ഞാൻ പ്രാർഥിച്ചു!

ഏതാനും ദിവസങ്ങൾക്കു ശേഷം നല്ല പരിചയം തോന്നിക്കുന്ന ഒരാളെ ഞാൻ കണ്ടുമുട്ടി. യഹോവയുടെ സാക്ഷിയാണോ എന്ന്‌ ഞാൻ അദ്ദേഹത്തോട്‌ ചോദിച്ചു. എന്റെ കോലം കണ്ട്‌ അൽപ്പം പകച്ചുപോയെങ്കിലും ദയയോടെതന്നെ രാജ്യഹാളിലെ യോഗങ്ങളെക്കുറിച്ച്‌ അദ്ദേഹം എന്നോടു പറഞ്ഞു. ഈ കൂടിക്കാഴ്‌ച എന്റെ പ്രാർഥനയ്‌ക്കുള്ള ഉത്തരമാണെന്ന്‌ ഞാൻ ഉറപ്പിച്ചു. ഞാൻ രാജ്യഹാളിൽ ചെന്നു; ആരും കാണാതിരിക്കാൻ ഏറ്റവും പുറകിലായി ഇരിപ്പുറപ്പിച്ചു. കുറെനാളുകൾക്കു മുമ്പ്‌ രാജ്യഹാളിൽവന്നിരുന്ന കുട്ടിയെ പക്ഷേ പലരും തിരിച്ചറിഞ്ഞു. എന്നെ സ്‌നേഹപൂർവം പുണർന്നുകൊണ്ട്‌ വളരെ വികാരവായ്‌പോടെ അവർ എനിക്കു സ്വാഗതമരുളി. എന്തെന്നില്ലാത്ത ഒരു സമാധാനം എന്നിൽ നിറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയതുപോലെയാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌. പണ്ട്‌ എന്നെ ബൈബിൾ പഠിപ്പിച്ചിരുന്ന വ്യക്തിയെയും ഞാൻ അവിടെ കണ്ടു. എന്നെ വീണ്ടും ബൈബിൾ പഠിപ്പിക്കാമോ എന്ന്‌ ഞാൻ അദ്ദേഹത്തോടു ചോദിച്ചു.

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു: ഒരുദിവസം സദൃശവാക്യങ്ങൾ 27:11 ഞാൻ വായിച്ചു. ‘മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക’ എന്നാണ്‌ അവിടെ പറയുന്നത്‌. കേവലം നശ്വരനായ ഒരു മനുഷ്യന്‌ പ്രപഞ്ചസ്രഷ്ടാവിനെ സന്തോഷിപ്പിക്കാനാകും എന്ന കാര്യം എന്നിൽ വളരെ മതിപ്പുളവാക്കി. ജീവിതത്തിലുടനീളം ഞാൻ കൊതിച്ച പിതാവിന്റെ സ്ഥാനത്താണ്‌ യഹോവയെന്ന്‌ അന്ന്‌ ഞാൻ തിരിച്ചറിഞ്ഞു!

എന്റെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കാനും അവന്റെ ഇഷ്ടം ചെയ്യാനും ഞാൻ അതിയായി മോഹിച്ചു. പക്ഷേ, വർഷങ്ങളായി മദ്യത്തിനും മയക്കുമരുന്നിനും ഞാൻ അടിമയായിരുന്നു. അപ്പോഴാണ്‌ മത്തായി 6:24-ലെ യേശുവിന്റെ പഠിപ്പിക്കൽ എന്റെ മനസ്സിലേക്കു വന്നത്‌: “രണ്ടുയജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല.” മാറ്റങ്ങൾ വരുത്താൻ ഞാൻ കഠിനമായി ശ്രമിക്കവെ എന്നെ സ്വാധീനിച്ച മറ്റൊരു വാക്യമാണ്‌ 1 കൊരിന്ത്യർ 15:33: “ദുഷിച്ച സംസർഗം സദ്‌ശീലങ്ങളെ കെടുത്തിക്കളയുന്നു.” പണ്ടു പോയിരുന്ന സ്ഥലങ്ങളിൽ വീണ്ടും പോകുകയോ പഴയ കൂട്ടുകെട്ടുകളിൽ തുടരുകയോ ചെയ്‌താൽ ദുഷിച്ച ശീലങ്ങളിൽനിന്ന്‌ ഒരിക്കലും പുറത്തുകടക്കാനാകില്ലെന്ന്‌ എനിക്കു ബോധ്യമായി. ബൈബിളിന്റെ ഉപദേശം വളരെ വ്യക്തമായിരുന്നു: എനിക്ക്‌ ഇടർച്ചയാകുന്ന ശീലങ്ങൾ അറുത്തെറിയണമെങ്കിൽ കഠിനപ്രയത്‌നംതന്നെ ഞാൻ നടത്തേണ്ടിയിരുന്നു.—മത്തായി 5:30.

സംഗീതത്തോടുള്ള എന്റെ അഭിനിവേശംമൂലം, ചിലതരം സംഗീതം പാടേ ഒഴിവാക്കുന്നത്‌ ഏറെ ശ്രമകരമായിരുന്നു. പക്ഷേ സഭയിലെ സുഹൃത്തുക്കളുടെ സഹായത്താൽ ഒടുവിൽ എനിക്ക്‌ അതിൽനിന്ന്‌ ഊരിപ്പോരാനായി. മദ്യപാനവും മയക്കുമരുന്നും ഞാൻ ഉപേക്ഷിച്ചു; ഞാൻ എന്റെ നീണ്ട മുടി വെട്ടുകയും താടി വടിക്കുകയും ചെയ്‌തു; കറുത്ത വസ്‌ത്രങ്ങൾ മാത്രം ധരിക്കുന്ന രീതിയും ഞാൻ നിറുത്തി. ഞാൻ മുടി മുറിക്കാൻ പോകുകയാണെന്ന്‌ സൂസനോടു പറഞ്ഞപ്പോൾ അവൾക്ക്‌ ആകാംക്ഷ അടക്കാനായില്ല. “ഞാനും നിങ്ങളോടൊപ്പം രാജ്യഹാളിൽ വരുന്നുണ്ട്‌; അവിടെ എന്താണ്‌ നടക്കുന്നതെന്ന്‌ എനിക്ക്‌ അറിയണം,” അവൾ പറഞ്ഞു. അവിടെ കണ്ട കാര്യങ്ങളെല്ലാം അവൾക്കു വളരെ ഇഷ്ടമായി. ഉടൻതന്നെ അവളും ബൈബിൾ പഠിക്കാൻ തുടങ്ങി. അധികം വൈകാതെ ഞങ്ങൾ വിവാഹിതരായി. 2008-ൽ യഹോവയുടെ സാക്ഷികളായി ഞങ്ങൾ സ്‌നാനമേറ്റു. വീണ്ടും അമ്മയോടൊപ്പം ചേർന്ന്‌ യഹോവയെ സേവിക്കാൻ കഴിയുന്നതിൽ ഞങ്ങൾ ഇപ്പോൾ സന്തുഷ്ടരാണ്‌.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ: വ്യർഥ സന്തോഷവും വഞ്ചകരായ കൂട്ടാളികളും നിറഞ്ഞ ഒരു ലോകത്തിൽനിന്ന്‌ എനിക്കു രക്ഷപെടാനായി. ഇപ്പോഴും ഞാൻ സംഗീതത്തെ സ്‌നേഹിക്കുന്നുണ്ട്‌. പക്ഷേ വളരെ ശ്രദ്ധിച്ചാണ്‌ ഞാൻ അവ തിരഞ്ഞെടുക്കാറുള്ളത്‌. എന്റെ ജീവിതാനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഞാൻ കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും വിശേഷിച്ച്‌ ചെറുപ്പക്കാരെ സഹായിക്കാറുണ്ട്‌. ഈ ലോകം വെച്ചുനീട്ടുന്നതെല്ലാം വശ്യമനോഹരമായി തോന്നിയേക്കാമെങ്കിലും ഒടുവിൽ അവയെല്ലാം “വെറും ഉച്ഛിഷ്ടമായി”ത്തീരുമെന്ന സത്യം അവർ തിരിച്ചറിയാൻ ഞാൻ ആഗ്രഹിക്കുന്നു.—ഫിലിപ്പിയർ 3:8.

സ്‌നേഹവും സമാധാനവും കളിയാടുന്ന ക്രിസ്‌തീയ സഭയിൽ വിശ്വസ്‌തരായ കൂട്ടുകാരെ എനിക്കു ലഭിച്ചിരിക്കുന്നു. എല്ലാറ്റിലും ഉപരി, യഹോവയെ അടുത്തറിഞ്ഞ ഞാൻ അവസാനം എന്റെ പിതാവിനെ കണ്ടെത്തി! (w12-E 04/01)

[അടിക്കുറിപ്പ്‌]

^ 2000 ഫെബ്രുവരി 1 ലക്കം, പേജ്‌ 4-6-ലെ “വിജയം—സ്ഥിരോത്സാഹത്തിലൂടെ” എന്ന ലേഖനം.

[29-ാം പേജിലെ ആകർഷക വാക്യം]

‘യഹോവ എന്നെ ആകർഷിച്ചതുകൊണ്ടാണ്‌ അവനിലേക്കു മടങ്ങിവരാൻ എനിക്കു കഴിഞ്ഞിരിക്കുന്നത്‌’