വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പിതാവ്‌ ആരെന്ന്‌ വെളിപ്പെടുത്താൻ പുത്രൻ ആഗ്രഹിക്കുന്നു’

‘പിതാവ്‌ ആരെന്ന്‌ വെളിപ്പെടുത്താൻ പുത്രൻ ആഗ്രഹിക്കുന്നു’

‘പിതാവ്‌ ആരെന്ന്‌ വെളിപ്പെടുത്താൻ പുത്രൻ ആഗ്രഹിക്കുന്നു’

“പിതാവ്‌ ആരെന്ന്‌ പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ ആഗ്രഹിക്കുന്നവനുമല്ലാതെ ആരും അറിയുന്നില്ല.”—ലൂക്കോ. 10:22.

ഉത്തരം പറയാമോ?

പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ യേശു ഏറ്റവും യോഗ്യനായിരുന്നത്‌ എന്തുകൊണ്ട്‌?

യേശു പിതാവിനെ മറ്റുള്ളവർക്ക്‌ വെളിപ്പെടുത്തിക്കൊടുത്തത്‌ എങ്ങനെ?

യേശുവിനെ അനുകരിച്ചുകൊണ്ട്‌ ഏതൊക്കെ വിധങ്ങളിൽ നിങ്ങൾക്ക്‌ പിതാവിനെ മറ്റുള്ളവർക്ക്‌ വെളിപ്പെടുത്തിക്കൊടുക്കാനാകും?

1, 2. ഏതു ചോദ്യം അനേകരെ കുഴപ്പിച്ചിട്ടുണ്ട്‌, എന്തുകൊണ്ട്‌?

 ദൈവം ആരാണ്‌? അനേകരെയും കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്‌ അത്‌. ഉദാഹരണത്തിന്‌, ദൈവം ത്രിത്വമാണെന്ന്‌ വിശ്വസിക്കുന്ന നാമമാത്ര ക്രിസ്‌ത്യാനികളിൽ പലരും ത്രിത്വോപദേശം മനസ്സിലാക്കാൻ കഴിയില്ലെന്ന്‌ സമ്മതിക്കുന്നു. എഴുത്തുകാരനും വൈദികനുമായ ഒരു വ്യക്തി ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഈ പഠിപ്പിക്കൽ മനുഷ്യമനസ്സിന്റെ വേലിക്കെട്ടുകൾക്ക്‌ അപ്പുറത്താണ്‌. ഇത്‌ സ്വാഭാവിക യുക്തിക്കോ മനുഷ്യന്റെ ചിന്തകൾക്കോ അതീതമാണ്‌.” മറുവശത്ത്‌, പരിണാമസിദ്ധാന്തത്തെ പിന്തുണയ്‌ക്കുന്ന മിക്കവരും ദൈവമില്ലെന്ന്‌ വിശ്വസിക്കുന്നു. സൃഷ്ടിയിലെ അത്ഭുതങ്ങളെല്ലാം വെറും യാദൃച്ഛികതയുടെ ഫലമാണെന്ന്‌ അവർ പറയുന്നു. എന്നാൽ ചാൾസ്‌ ഡാർവിൻ ദൈവമില്ലെന്ന്‌ പറയുന്നതിനു പകരം, “മൊത്തത്തിൽ ഈ വിഷയം മനുഷ്യബുദ്ധിക്ക്‌ അതീതമാണെന്ന്‌ കരുതുന്നതാവും ഏറ്റവും ഉചിതമെന്ന്‌ എനിക്കു തോന്നുന്നു” എന്നാണ്‌ പറഞ്ഞത്‌.

2 വിശ്വാസം എന്തുമായിക്കൊള്ളട്ടെ, ഒട്ടുമിക്ക ആളുകളുടെയും മനസ്സിൽ ദൈവത്തിന്റെ അസ്‌തിത്വത്തെക്കുറിച്ച്‌ ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ട്‌. പക്ഷേ, തൃപ്‌തികരമായ ഒരു ഉത്തരം കിട്ടാതായപ്പോൾ ക്രമേണ പലരും ദൈവത്തെക്കുറിച്ചുള്ള അന്വേഷണം നിറുത്തിക്കളഞ്ഞു. സാത്താൻ “അവിശ്വാസികളുടെ മനസ്സ്‌ അന്ധമാക്കിയിരിക്കു”കയാണ്‌. (2 കൊരി. 4:4) പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ പിതാവിനെക്കുറിച്ചുള്ള സത്യം അനേകർക്ക്‌ അറിയില്ലാത്തതിൽ, അത്‌ അവരെ കുഴപ്പിക്കുന്നതിൽ, അതിശയിക്കാനില്ല!—യെശ. 45:18.

3. (എ) ആരാണ്‌ സ്രഷ്ടാവിനെ നമുക്ക്‌ വെളിപ്പെടുത്തിത്തന്നിരിക്കുന്നത്‌? (ബി) നാം ഏതൊക്കെ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

3 എന്തായാലും, ആളുകൾ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിക്കേണ്ടത്‌ അതിപ്രധാനമാണ്‌. കാരണം, “യഹോവയുടെ നാമം” വിളിച്ചപേക്ഷിക്കുന്നവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ. (റോമ. 10:13) ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ, അവൻ ആരാണെന്നും അവൻ എങ്ങനെയുള്ള വ്യക്തിയാണെന്നും മനസ്സിലാക്കുന്നത്‌ ഉൾപ്പെടുന്നു. ഈ സുപ്രധാന വിവരങ്ങൾ യേശുക്രിസ്‌തു തന്റെ ശിഷ്യന്മാർക്ക്‌ പകർന്നുനൽകി. അവൻ പിതാവിനെ അവർക്ക്‌ വെളിപ്പെടുത്തിക്കൊടുത്തു. (ലൂക്കോസ്‌ 10:22 വായിക്കുക.) മറ്റാർക്കും സാധിക്കാത്ത വിധത്തിൽ പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ യേശുവിന്‌ കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌? അവൻ അത്‌ എങ്ങനെ ചെയ്‌തു? പിതാവിനെ മറ്റുള്ളവർക്ക്‌ വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ യേശുവിനെ അനുകരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? നമുക്ക്‌ ഇപ്പോൾ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താം.

യേശുക്രിസ്‌തു—ഏറ്റവും യോഗ്യൻ

4, 5. പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാനുള്ള യേശുവിന്റെ പദവി അതുല്യമായിരുന്നത്‌ എന്തുകൊണ്ട്‌?

4 പിതാവിനെ വെളിപ്പെടുത്തിത്തരാൻ ഏറ്റവും യോഗ്യനായിരുന്നു യേശു. എന്തുകൊണ്ട്‌? മറ്റേതൊരു ജീവരൂപവും സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുതന്നെ ‘ദൈവത്തിന്റെ ഏകജാതനായ പുത്രൻ’ എന്ന നിലയിൽ ആത്മവ്യക്തിയായി അവൻ സ്വർഗത്തിലുണ്ടായിരുന്നു. (യോഹ. 1:14; 3:18) എത്ര അതുല്യമായ സ്ഥാനം! മറ്റ്‌ എല്ലാ ജീവജാലങ്ങളും സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ്‌, പിതാവിന്റെ മുഴുശ്രദ്ധയും തന്നിലായിരുന്ന ആ സമയം അവൻ എത്ര ആസ്വദിച്ചുകാണും! ആ കാലയളവിൽ പിതാവിനെയും അവന്റെ ഗുണങ്ങളെയും കുറിച്ച്‌ പുത്രൻ പഠിച്ചു. അവർ ഇരുവരും യുഗങ്ങളോളം ആശയവിനിമയം നടത്തിയിട്ടുണ്ടാകും. അങ്ങനെ, അവർക്കിടയിലെ സ്‌നേഹബന്ധത്തിന്റെ ആഴവും വർധിച്ചുകൊണ്ടിരുന്നു. (യോഹ. 5:20; 14:31) കാലം കഴിയുന്തോറും പിതാവിന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ പുത്രന്‌ എത്രയേറെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകണം!—കൊലോസ്യർ 1:15-17 വായിക്കുക.

5 പിതാവ്‌ പുത്രനെ “ദൈവവചന”മായി, തന്റെ വക്താവായി നിയമിച്ചു. (വെളി. 19:13) അതുകൊണ്ടുതന്നെ, പിതാവിനെ മറ്റുള്ളവർക്കു വെളിപ്പെടുത്തിക്കൊടുക്കാനുള്ള അതുല്യപദവി യേശുവിനുണ്ടായിരുന്നു. സുവിശേഷ എഴുത്തുകാരനായ യോഹന്നാൻ, “വചനം” ആയ യേശുവിനെ “പിതാവിനോടു ചേർന്നിരിക്കുന്ന”വൻ എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമാണ്‌. (യോഹ. 1:1, 18, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) യോഹന്നാൻ നൽകിയ ഈ വിശേഷണത്തിന്‌, അക്കാലത്ത്‌ ആളുകൾ ഭക്ഷണത്തിന്‌ ഇരിക്കുന്ന രീതിയുമായി ബന്ധമുണ്ട്‌. അതിഥികൾ അടുത്തടുത്ത്‌ ചേർന്നാണ്‌ ഇരുന്നിരുന്നത്‌. അതുകൊണ്ട്‌ ഒരു അതിഥിക്ക്‌ തൊട്ടടുത്ത്‌ ഇരിക്കുന്ന ആളുമായി സംസാരിക്കുക എളുപ്പമായിരുന്നു. സമാനമായി, പിതാവിനോടു “ചേർന്നിരിക്കുന്ന” പുത്രൻ പിതാവുമായി ഗാഢമായ സംഭാഷണങ്ങളിൽ മുഴുകിയിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല.

6, 7. പിതാവും പുത്രനും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരുന്നത്‌ എങ്ങനെ?

6 പുത്രൻ “ദിനമ്പ്രതി അവന്റെ (ദൈവത്തിന്റെ) പ്രമോദമായിരുന്നു.” (സദൃശവാക്യങ്ങൾ 8:22, 23, 30, 31 വായിക്കുക.) കാലം കഴിയുന്തോറും പിതാവും പുത്രനും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരുന്നു. അവർ ഒരുമിച്ച്‌ പ്രവർത്തിച്ചപ്പോഴും തന്റെ പിതാവിന്റെ ഗുണങ്ങൾ അനുകരിക്കാൻ പുത്രൻ പഠിച്ചപ്പോഴും ഒക്കെ അവരുടെ ബന്ധം കൂടുതൽ ദൃഢമായി. ബുദ്ധിശക്തിയുള്ള മറ്റു സൃഷ്ടികളുടെ വരവോടുകൂടി, ഈ സൃഷ്ടികളിൽ ഓരോന്നിനോടും യഹോവ ഇടപെടുന്ന വിധം പുത്രൻ നേരിൽ കണ്ടു. അത്‌ യഹോവയുടെ വ്യക്തിത്വത്തോടുള്ള അവന്റെ വിലമതിപ്പ്‌ വർധിക്കാൻ ഇടയാക്കി.

7 കൂടാതെ, യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തെ സാത്താൻ പിന്നീട്‌ വെല്ലുവിളിച്ചപ്പോൾ, ദുഷ്‌കരമായ ഇത്തരമൊരു സാഹചര്യത്തിൽ യഹോവ തന്റെ സ്‌നേഹം, ജ്ഞാനം, നീതി, ശക്തി എന്നീ ഗുണങ്ങൾ എങ്ങനെ പ്രകടിപ്പിക്കുമെന്നു മനസ്സിലാക്കാനുള്ള അവസരം പുത്രനു ലഭിച്ചു. നിസ്സംശയമായും, ഭൂമിയിലെ തന്റെ ശുശ്രൂഷയിൽ യേശു നേരിട്ട ദുഷ്‌കരമായ സാഹചര്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാനുള്ള ഒരു പരിശീലനമായി അത്‌ ഉതകി.—യോഹ. 5:19.

8. പിതാവിന്റെ ഗുണങ്ങളെക്കുറിച്ച്‌ നന്നായി മനസ്സിലാക്കാൻ സുവിശേഷവിവരണങ്ങൾ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

8 യഹോവയുമായി പുത്രന്‌ അടുത്ത ബന്ധം ഉണ്ടായിരുന്നതിനാൽ മറ്റാരെക്കാളും നന്നായി പിതാവിനെക്കുറിച്ചു വിശദീകരിച്ചുതരാൻ അവനായി. പിതാവിനെക്കുറിച്ച്‌ അറിയാനുള്ള ഏറ്റവും നല്ല മാർഗം അവന്റെ ഏകജാതപുത്രൻ പഠിപ്പിച്ചതും ചെയ്‌തതുമായ കാര്യങ്ങൾ പരിശോധിച്ചുനോക്കുന്നതല്ലേ? ഉദാഹരണത്തിന്‌, “സ്‌നേഹം” എന്ന പദത്തിന്‌ നിഘണ്ടു നൽകുന്ന നിർവചനങ്ങൾ വായിച്ചുനോക്കിയാൽ ആ ഗുണത്തെക്കുറിച്ച്‌ മുഴുവനായി മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്‌. എന്നാൽ, യേശുവിന്റെ ശുശ്രൂഷയെയും അവൻ മറ്റുള്ളവർക്കുവേണ്ടി കരുതിയ വിധത്തെയും കുറിച്ചുള്ള സുവിശേഷവിവരണങ്ങളിൽനിന്ന്‌ “ദൈവം സ്‌നേഹമാകുന്നു” എന്ന പ്രസ്‌താവനയുടെ അർഥം നമുക്ക്‌ മനസ്സിലാകും. (1 യോഹ. 4:8, 16) ഭൂമിയിലായിരിക്കെ യേശു തന്റെ ശിഷ്യന്മാർക്ക്‌ വെളിപ്പെടുത്തിക്കൊടുത്ത, ദൈവത്തിന്റെ മറ്റ്‌ ഗുണങ്ങളുടെ കാര്യത്തിലും ഇത്‌ സത്യമാണ്‌.

യേശു പിതാവിനെ വെളിപ്പെടുത്തിക്കൊടുത്ത വിധം

9. (എ) യേശു പിതാവിനെ വെളിപ്പെടുത്തിക്കൊടുത്തത്‌ ഏതു രണ്ടുവിധങ്ങളിലാണ്‌? (ബി) തന്റെ പഠിപ്പിക്കലുകളിലൂടെ യേശു പിതാവിനെ വെളിപ്പെടുത്തിക്കൊടുത്തത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഒരു ഉദാഹരണം നൽകുക.

9 തന്റെ ശിഷ്യന്മാർക്കും ഭാവി അനുഗാമികൾക്കും വേണ്ടി യേശു പിതാവിനെ വെളിപ്പെടുത്തിക്കൊടുത്തത്‌ എങ്ങനെയാണ്‌? രണ്ടുവിധങ്ങളിൽ: ഒന്ന്‌, അവന്റെ പഠിപ്പിക്കലുകളിലൂടെയും മറ്റൊന്ന്‌, പ്രവൃത്തികളിലൂടെയും. നമുക്ക്‌ ആദ്യം, യേശുവിന്റെ പഠിപ്പിക്കലുകളെക്കുറിച്ചു നോക്കാം. പിതാവിന്റെ ചിന്തകൾ, വികാരങ്ങൾ, വഴികൾ എന്നിവയെക്കുറിച്ച്‌ യേശുവിനുണ്ടായിരുന്ന അവഗാഹം വെളിപ്പെടുത്തുന്നതായിരുന്നു അവൻ പഠിപ്പിച്ച കാര്യങ്ങൾ. ഉദാഹരണത്തിന്‌, തന്റെ ആട്ടിൻപ്പറ്റത്തിൽനിന്ന്‌ കൂട്ടംതെറ്റിപ്പോയ ആടിനെ അന്വേഷിച്ചുപോകുന്ന സ്‌നേഹനിധിയായ ഒരു മനുഷ്യനോട്‌ യേശു തന്റെ പിതാവിനെ ഉപമിച്ചു. കാണാതെപോയ ആടിനെ കണ്ടുകിട്ടുമ്പോൾ അയാൾ “തെറ്റിപ്പോകാത്ത തൊണ്ണൂറ്റി ഒൻപതിനെക്കുറിച്ചുള്ളതിലും അധികമായി അതിനെപ്രതി സന്തോഷിക്കും” എന്ന്‌ യേശു പറഞ്ഞു. യേശു എന്തിനാണ്‌ ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്‌? അവൻ പറയുന്നു: “അങ്ങനെതന്നെ, ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ സ്വർഗസ്ഥനായ എന്റെ പിതാവ്‌ ആഗ്രഹിക്കുന്നില്ല.” (മത്താ. 18:12-14) ഈ ദൃഷ്ടാന്തം യഹോവയെക്കുറിച്ച്‌ എന്താണ്‌ പഠിപ്പിക്കുന്നത്‌? നിങ്ങൾ ഒന്നിനും കൊള്ളാത്തവനാണെന്നോ ആരും നിങ്ങളെക്കുറിച്ച്‌ ഓർക്കുന്നില്ലെന്നോ ചിലപ്പോഴൊക്കെ തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ സ്വർഗീയ പിതാവിന്‌ നിങ്ങളിൽ താത്‌പര്യമുണ്ട്‌, അവൻ നിങ്ങൾക്കായി കരുതുകയും ചെയ്യുന്നു. അവന്റെ കണ്ണുകളിൽ “ഈ ചെറിയവരിൽ” ഒരുവനാണ്‌ നിങ്ങൾ.

10. തന്റെ പ്രവൃത്തികളിലൂടെ യേശു പിതാവിനെ വെളിപ്പെടുത്തിക്കൊടുത്തത്‌ എങ്ങനെ?

10 രണ്ടാമതായി, തന്റെ പ്രവൃത്തികളിലൂടെയാണ്‌ യേശു ശിഷ്യന്മാർക്ക്‌ പിതാവിനെ വെളിപ്പെടുത്തിക്കൊടുത്തത്‌. അതുകൊണ്ടാണ്‌ “ഞങ്ങൾക്കു പിതാവിനെ കാണിച്ചുതരേണമേ” എന്ന്‌ അപ്പൊസ്‌തലനായ ഫിലിപ്പോസ്‌ പറഞ്ഞപ്പോൾ, “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന്‌ യേശുവിനു പറയാനായത്‌. (യോഹ. 14:8, 9) യേശു പിതാവിന്റെ ഗുണങ്ങൾ പ്രകടിപ്പിച്ച ചില അവസരങ്ങൾ നോക്കാം. തന്നെ സുഖപ്പെടുത്താൻ ഒരു കുഷ്‌ഠരോഗി യാചിച്ചപ്പോൾ, “ദേഹമാസകലം കുഷ്‌ഠം ബാധിച്ച” അയാളെ തൊട്ടുകൊണ്ട്‌ യേശു പറഞ്ഞു: “എനിക്കു മനസ്സുണ്ട്‌; ശുദ്ധനാകുക.” സുഖം പ്രാപിച്ച അയാൾക്ക്‌, തന്നെ സുഖപ്പെടുത്തിയ യേശുവിന്റെ പ്രവൃത്തിയിൽ യഹോവയുടെ കരങ്ങൾ കാണാനായി എന്നതിന്‌ സംശയമില്ല. (ലൂക്കോ. 5:12, 13) ലാസർ മരിച്ചപ്പോൾ “ഉള്ളം നൊന്തുകലങ്ങി” ‘കണ്ണുനീർ വാർത്ത’ യേശുവിൽ, ശിഷ്യന്മാർക്ക്‌ പിതാവിന്റെ സഹാനുഭൂതി കാണാനായി. താൻ ലാസറിനെ ഉയിർപ്പിക്കാൻ പോകുകയാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നെങ്കിലും ലാസറിന്റെ ബന്ധുമിത്രാദികൾക്കു തോന്നിയ അതേ വേദന അവനും അനുഭവപ്പെട്ടു. (യോഹ. 11:32-35, 40-43) യേശുവിന്റെ പ്രവൃത്തികളിൽനിന്ന്‌ പിതാവിന്റെ കരുണ വായിച്ചെടുക്കാനായ, നിങ്ങൾക്ക്‌ ഏറെ ഇഷ്ടപ്പെട്ട, മറ്റു പല ബൈബിൾവിവരണങ്ങളും ഉണ്ടായിരിക്കുമെന്നതിന്‌ സംശയമില്ല.

11. (എ) ആലയം ശുദ്ധീകരിച്ച നടപടിയിലൂടെ യേശു പിതാവിനെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തി? (ബി) യേശു ആലയം ശുദ്ധീകരിച്ചതിനെപ്പറ്റിയുള്ള വിവരണം നമുക്ക്‌ ആശ്വാസമേകുന്നത്‌ എന്തുകൊണ്ട്‌?

11 എന്നാൽ, യേശു ആലയം ശുദ്ധീകരിച്ച നടപടിയുടെ കാര്യമെടുക്കുക. ആ സംഭവത്തിൽനിന്ന്‌ നിങ്ങൾ എന്ത്‌ നിഗമനത്തിലെത്തും? ഈ രംഗം ഭാവനയിൽ കാണുക: യേശു കയറുകൊണ്ട്‌ ഒരു ചാട്ടയുണ്ടാക്കി ആടുമാടുകളെ വിറ്റിരുന്നവരെ പുറത്താക്കി; നാണയമാറ്റക്കാരുടെ പക്കലുണ്ടായിരുന്ന നാണയങ്ങൾ ചിതറിച്ചുകളഞ്ഞ്‌ അവരുടെ മേശകൾ മറിച്ചിട്ടു. (യോഹ. 2:13-17) ആ ശക്തമായ നടപടി കണ്ടപ്പോൾ ശിഷ്യന്മാരുടെ മനസ്സിലേക്കു വന്നത്‌ ദാവീദുരാജാവിന്റെ പ്രാവചനിക വാക്കുകളാണ്‌: “നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു.” (സങ്കീ. 69:9) ദൃഢമായ ആ നടപടി കൈക്കൊണ്ടപ്പോൾ, സത്യാരാധനയെ സംരക്ഷിക്കാനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു യേശു. ആ വിവരണത്തിൽ നിങ്ങൾക്കു പിതാവിന്റെ വ്യക്തിത്വം കാണാനാകുന്നുണ്ടോ? ദൈവത്തിന്‌ ഭൂമുഖത്തുനിന്ന്‌ ദുഷ്ടത തുടച്ചുമാറ്റാനുള്ള അപരിമേയ ശക്തിയുണ്ടെന്നു മാത്രമല്ല അതിനായി ഉത്‌കടമായ ആഗ്രഹമുണ്ടെന്നും ഈ വിവരണം നമ്മെ ഓർമിപ്പിക്കുന്നു. ഇന്ന്‌ ഭൂമിയിൽ നടമാടുന്ന ദുഷ്ടത കാണുമ്പോൾ പിതാവിനുണ്ടാകുന്ന വികാരം വെളിപ്പെടുത്തുന്നതാണ്‌, തെറ്റായ കാര്യങ്ങൾക്കെതിരെയുള്ള യേശുവിന്റെ ആ പ്രതികരണം. അനീതിക്ക്‌ ഇരയാകേണ്ടിവരുമ്പോൾ ഇതേക്കുറിച്ച്‌ ഓർക്കുന്നത്‌ നമുക്ക്‌ എത്ര ആശ്വാസം നൽകും!

12, 13. ശിഷ്യന്മാരോട്‌ യേശു ഇടപെട്ട വിധത്തിൽനിന്ന്‌ യഹോവയെക്കുറിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

12 യേശു തന്റെ ശിഷ്യന്മാരോട്‌ ഇടപെട്ട വിധമാണ്‌ നമ്മുടെ ശ്രദ്ധയർഹിക്കുന്ന മറ്റൊരു സംഗതി. ആരാണ്‌ വലിയവൻ എന്നതിനെക്കുറിച്ചുള്ള ഒരു തർക്കം ശിഷ്യന്മാർക്കിടയിൽ നിലനിന്നിരുന്നു. (മർക്കോ. 9:33-35; 10:43; ലൂക്കോ. 9:46) ദീർഘകാലം പിതാവിനോടൊപ്പം ഉണ്ടായിരുന്നതിന്റെ അനുഭവപരിചയത്തിൽനിന്ന്‌, അഹങ്കാരത്തെ പിതാവ്‌ എങ്ങനെ കാണുന്നെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. (2 ശമൂ. 22:28; സങ്കീ. 138:6) കൂടാതെ, പിശാചായ സാത്താനിൽ ഇത്തരം ചില ചായ്‌വുകൾ അവൻ കണ്ടിട്ടുമുണ്ട്‌. സ്ഥാനമാനങ്ങൾക്കും പ്രാമുഖ്യതയ്‌ക്കും വളരെ പ്രാധാന്യം കൽപ്പിച്ചവനാണ്‌ അഹംഭാവിയായ സാത്താൻ. അതുകൊണ്ടുതന്നെ താൻ പരിശീലിപ്പിച്ച ശിഷ്യന്മാർക്കിടയിൽ പ്രാമുഖ്യതയ്‌ക്കുവേണ്ടിയുള്ള മോഹം നിലനിൽക്കുന്നത്‌ യേശുവിനെ എത്ര ദുഃഖിപ്പിച്ചിട്ടുണ്ടാകും! അപ്പൊസ്‌തലന്മാരായി അവൻ തിരഞ്ഞെടുത്തവരിൽപ്പോലും അതുണ്ടായിരുന്നു! യേശുവിന്റെ ഭൗമികജീവിതത്തിന്റെ അവസാനദിവസംവരെ അവർ ആ ദുഷിച്ച മനോഭാവം പ്രകടമാക്കി. (ലൂക്കോ. 22:24-27) എങ്കിലും, യേശു ദയയോടെ അവരെ തിരുത്തിക്കൊണ്ടിരുന്നു, ക്രമേണ അവരും തന്റെ താഴ്‌മ അനുകരിക്കാൻ പഠിക്കുമെന്ന പ്രതീക്ഷയോടെ.—ഫിലി. 2:5-8.

13 ശിഷ്യന്മാരുടെ തെറ്റായ ചായ്‌വുകളെ യേശു ക്ഷമയോടെ തിരുത്തിയ വിധത്തിൽ നിങ്ങൾക്ക്‌ പിതാവിന്റെ കരങ്ങൾ കാണാനാകുന്നുണ്ടോ? തന്റെ ആരാധകർക്ക്‌ കൂടെക്കൂടെ പിഴവുകൾ സംഭവിക്കുമ്പോഴും അവരെ ഉപേക്ഷിക്കാത്ത പിതാവിനെ യേശുവിന്റെ വാക്കിലും പ്രവൃത്തിയിലും നിങ്ങൾക്ക്‌ നിരീക്ഷിക്കാനാകുന്നുണ്ടോ? നാം പിഴവുകൾ വരുത്തുമ്പോൾ, യഹോവയുടെ ഇത്തരം ഗുണങ്ങളെക്കുറിച്ചുള്ള അറിവ്‌ അനുതാപമുള്ള ഹൃദയത്തോടെ അവനെ സമീപിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നില്ലേ?

പിതാവിനെ പുത്രൻ മനസ്സോടെ വെളിപ്പെടുത്തിക്കൊടുത്തു

14. പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ തനിക്ക്‌ മനസ്സാണെന്ന്‌ യേശു എങ്ങനെ പ്രകടിപ്പിച്ചു?

14 പല ഏകാധിപതികളും ജനങ്ങളിൽനിന്ന്‌ അവർ അറിയേണ്ട വിവരങ്ങൾ മറച്ചുവെക്കാറുണ്ട്‌. കാരണം, അജ്ഞതയിൽ കഴിയുന്നിടത്തോളം ജനങ്ങളെ വരുതിയിൽ നിറുത്താൻ എളുപ്പമാണെന്ന്‌ അവർ ചിന്തിക്കുന്നു. എന്നാൽ മറ്റുള്ളവർ തന്റെ പിതാവിനെക്കുറിച്ച്‌ അറിയണമെന്ന്‌ യേശു ആഗ്രഹിച്ചു. അതുകൊണ്ട്‌ പിതാവിനെക്കുറിച്ച്‌ അവർ അറിയേണ്ടതെല്ലാം അവൻ വെളിപ്പെടുത്തി. (മത്തായി 11:27 വായിക്കുക.) ഇതു കൂടാതെ, യേശു തന്റെ ശിഷ്യന്മാർക്ക്‌ “സത്യമായവനെക്കുറിച്ചുള്ള (യഹോവയെക്കുറിച്ചുള്ള) അറിവു നേടേണ്ടതിന്‌ ബുദ്ധിശക്തി”യും നൽകി. (1 യോഹ. 5:20) എന്താണ്‌ ഇതിന്റെ അർഥം? പിതാവിനെക്കുറിച്ച്‌ താൻ പഠിപ്പിച്ചതു ഗ്രഹിക്കാൻ കഴിയുംവിധം യേശു തന്റെ അനുഗാമികളുടെ മനസ്സു തുറന്നു. ദുർഗ്രഹമായ ഒരു ത്രിത്വത്തിന്റെ ഭാഗമാണ്‌ പിതാവെന്ന്‌ പഠിപ്പിച്ചുകൊണ്ട്‌ അവനെ രഹസ്യങ്ങളുടെ മറയ്‌ക്കുള്ളിലാക്കാൻ യേശു ശ്രമിച്ചില്ല.

15. പിതാവിനെക്കുറിച്ചുള്ള ചില വിവരങ്ങൾ യേശു വെളിപ്പെടുത്താതിരുന്നത്‌ എന്തുകൊണ്ട്‌?

15 പിതാവിനെക്കുറിച്ച്‌ അറിയാവുന്നതെല്ലാം യേശു വെളിപ്പെടുത്തിയോ? ഇല്ല. അത്‌ യേശുവിന്റെ ഭാഗത്തെ ജ്ഞാനമായിരുന്നു. (യോഹന്നാൻ 16:12 വായിക്കുക.) കാരണം, ആ സമയത്ത്‌ അവന്റെ ശിഷ്യന്മാർക്ക്‌ എല്ലാ കാര്യങ്ങളും ‘ഗ്രഹിക്കാൻ കഴിയുമായിരുന്നില്ല.’ എങ്കിലും, യേശു പറഞ്ഞതുപോലെ പരിശുദ്ധാത്മാവ്‌ എന്ന “സഹായകൻ” വന്ന്‌ “സത്യത്തിന്റെ പൂർണതയിലേക്ക്‌” നയിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ അവർക്കു വെളിപ്പെടുമായിരുന്നു. (യോഹ. 16:7, 13) കുട്ടികൾ ഗ്രഹിക്കാൻ പ്രായമാകുന്നതുവരെ മാതാപിതാക്കൾ ജ്ഞാനപൂർവം ചില കാര്യങ്ങൾ അവരിൽനിന്ന്‌ മറച്ചുവെക്കുന്നതുപോലെ, ശിഷ്യന്മാർ പക്വത നേടി പിതാവിനെക്കുറിച്ചുള്ള ചില വസ്‌തുതകൾ ഗ്രഹിക്കാൻ പാകമാകുന്നതുവരെ യേശുവും കാത്തിരുന്നു. യേശു ദയാപൂർവം അവരുടെ പരിമിതികൾ കണക്കിലെടുത്തു.

യേശുവിനെ അനുകരിക്കുക—യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട്‌

16, 17. പിതാവിനെ മറ്റുള്ളവർക്ക്‌ വെളിപ്പെടുത്തിക്കൊടുക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണ്‌ നിങ്ങൾ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

16 നിങ്ങൾ ഒരു വ്യക്തിയെ അടുത്ത്‌ അറിയാൻ ഇടയാകുന്നെന്നും സ്‌നേഹനിധിയായ അദ്ദേഹത്തിന്റെ വ്യക്തിത്വം നിങ്ങൾക്ക്‌ ഇഷ്ടമാകുന്നെന്നും കരുതുക. അദ്ദേഹത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ നിങ്ങൾക്കു നൂറുനാവായിരിക്കും, അല്ലേ? ഭൂമിയിലായിരിക്കെ യേശു പിതാവിനെക്കുറിച്ച്‌ സംസാരിച്ചു. (യോഹ. 17:25, 26) നമുക്കും യേശുവിനെ അനുകരിച്ചുകൊണ്ട്‌ യഹോവയെ മറ്റുള്ളവർക്ക്‌ വെളിപ്പെടുത്തിക്കൊടുക്കാൻ സാധിക്കുമോ?

17 നാം പരിചിന്തിച്ചതുപോലെ, മറ്റാരെക്കാളും അധികം യേശുവിന്‌ പിതാവിനെക്കുറിച്ച്‌ അറിയാമായിരുന്നു. പക്ഷേ അത്‌ മറച്ചുവെക്കാതെ തനിക്ക്‌ അറിയാവുന്നതിൽ ചിലത്‌ പങ്കുവെക്കാൻ അവൻ മനസ്സുകാണിച്ചു, ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വശങ്ങളെക്കുറിച്ച്‌ ആഴമായി ഗ്രഹിക്കാൻ തന്റെ അനുഗാമികൾക്ക്‌ ബുദ്ധിശക്തി നൽകുകപോലും ചെയ്‌തു. യേശുവിന്റെ സഹായത്താൽ, ചുറ്റുമുള്ള ആളുകളെക്കാൾ കൂടുതൽ യഹോവയെക്കുറിച്ചു ഗ്രഹിക്കാൻ നമുക്കായിട്ടില്ലേ? തന്റെ പഠിപ്പിക്കലുകളിലൂടെയും പ്രവൃത്തിയിലൂടെയും പിതാവിനെ വെളിപ്പെടുത്തിത്തരാൻ മനസ്സുകാണിച്ച യേശുവിനോട്‌ നാം എത്ര നന്ദിയുള്ളവരാണ്‌! പിതാവിനെക്കുറിച്ച്‌ അറിയാമെന്നതിൽ നമുക്ക്‌ അഭിമാനിക്കാം. (യിരെ. 9:24; 1 കൊരി. 1:31) യഹോവയോട്‌ അടുത്തുചെല്ലാൻ നാം ശ്രമിച്ചപ്പോൾ അവൻ നമ്മോട്‌ അടുത്തുവന്നിരിക്കുന്നു. (യാക്കോ. 4:8) അതുകൊണ്ട്‌, ലഭിച്ച വിവരങ്ങൾ മറ്റുള്ളവർക്ക്‌ പകർന്നുകൊടുക്കാനുള്ള ഉദാത്തമായ പദവി നമുക്കുണ്ട്‌. നമുക്ക്‌ അത്‌ എങ്ങനെ നിർവഹിക്കാനാകും?

18, 19. ഏതൊക്കെ വിധങ്ങളിൽ നിങ്ങൾക്ക്‌ പിതാവിനെ മറ്റുള്ളവർക്ക്‌ വെളിപ്പെടുത്തിക്കൊടുക്കാനാകും? വിശദീകരിക്കുക.

18 വാക്കാലും പ്രവൃത്തിയാലും പിതാവിനെ വെളിപ്പെടുത്തിക്കൊടുത്തുകൊണ്ട്‌ നമുക്ക്‌ യേശുവിനെ അനുകരിക്കാം. വയൽസേവനത്തിലായിരിക്കെ നാം കണ്ടുമുട്ടുന്ന പലർക്കും ദൈവം ആരാണെന്ന കാര്യം അറിയില്ലെന്ന്‌ ഓർക്കുക. വ്യാജമായ പഠിപ്പിക്കലുകൾ ദൈവത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണം വികലമാക്കിയിരിക്കുന്നു. ദൈവത്തിന്റെ നാമത്തെയും മനുഷ്യരെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും അവന്റെ വ്യക്തിത്വത്തെയും കുറിച്ച്‌ നമുക്ക്‌ അറിയാവുന്നത്‌ ബൈബിളിൽനിന്ന്‌ അവരെ പഠിപ്പിക്കാനാകും. ചില ബൈബിൾവിവരണങ്ങളിൽനിന്ന്‌, ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ നാം അതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം കണ്ടെത്തിയേക്കാം. അത്തരം വിവരങ്ങൾ സഹവിശ്വാസികളുമായി ചർച്ചചെയ്യുന്നെങ്കിൽ അത്‌ അവർക്കും പ്രയോജനം ചെയ്യും.

19 യേശുവിനെ അനുകരിച്ചുകൊണ്ട്‌ നമ്മുടെ പ്രവൃത്തികളാൽ പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുക. ആളുകൾ നമ്മുടെ പ്രവൃത്തികളിൽ ക്രിസ്‌തുവിന്റെ സ്‌നേഹം കാണുമ്പോൾ അവർ പിതാവിനോടും യേശുവിനോടും അടുക്കും. (എഫെ. 5:1, 2) “ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്റെ അനുകാരികളാകുവിൻ” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. (1 കൊരി. 11:1) നമ്മുടെ പെരുമാറ്റത്തിൽനിന്ന്‌ മറ്റുള്ളവർക്ക്‌ യഹോവയെക്കുറിച്ച്‌ പഠിക്കാനായാൽ അതു നമുക്ക്‌ എത്ര വലിയൊരു പദവിയായിരിക്കും! ആയതിനാൽ, യേശുവിനെ അനുകരിച്ചുകൊണ്ട്‌ നമുക്ക്‌ തുടർന്നും പിതാവിനെ മറ്റുള്ളവർക്ക്‌ വെളിപ്പെടുത്തിക്കൊടുക്കാം.

[അധ്യയന ചോദ്യങ്ങൾ]