വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസവഞ്ചന ഈ കാലത്തിന്റെ ഒരു പ്രത്യേകത!

വിശ്വാസവഞ്ചന ഈ കാലത്തിന്റെ ഒരു പ്രത്യേകത!

വിശ്വാസവഞ്ചന ഈ കാലത്തിന്റെ ഒരു പ്രത്യേകത!

“ഞങ്ങൾ എത്ര വിശ്വസ്‌തരും നീതിനിഷ്‌ഠരും അനിന്ദ്യരും ആയിരുന്നു.”—1 തെസ്സ. 2:10.

ഈ പ്രധാന ആശയങ്ങൾ കണ്ടെത്തുക:

വഞ്ചകരായ ദെലീലായുടെയും അബ്‌ശാലോമിന്റെയും യൂദാ ഈസ്‌കര്യോത്തായുടെയും പ്രവൃത്തികൾ നമുക്ക്‌ ഒരു മുന്നറിയിപ്പായിരിക്കുന്നത്‌ എങ്ങനെ?

യോനാഥാന്റെയും പത്രോസിന്റെയും വിശ്വസ്‌തത നമുക്ക്‌ എങ്ങനെ അനുകരിക്കാം?

ഇണയോടും യഹോവയോടും ഉള്ള വിശ്വസ്‌തത നമുക്ക്‌ എങ്ങനെ മുറുകെപ്പിടിക്കാം?

1-3. (എ) അന്ത്യകാലത്തിന്റെ ഒരു പ്രത്യേകത എന്ത്‌, അതിൽ എന്ത്‌ ഉൾപ്പെടുന്നു? (ബി) ഏതു മൂന്നുചോദ്യങ്ങൾക്ക്‌ നാം ഉത്തരം കണ്ടെത്തും?

 ദെലീലാ, അബ്‌ശാലോം, യൂദാ ഈസ്‌കര്യോത്താ എന്നീ പേരുകൾ കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌ എന്താണ്‌? അവിശ്വസ്‌തത! ദെലീലാ, തന്നെ സ്‌നേഹിച്ച പുരുഷനായ ശിംശോൻ എന്ന ന്യായാധിപനോടും അബ്‌ശാലോം സ്വന്തം പിതാവായ ദാവീദുരാജാവിനോടും യൂദാ തന്റെ ഗുരുവായ ക്രിസ്‌തുയേശുവിനോടും അവിശ്വസ്‌തത കാണിച്ചു. ഇവരുടെ നീചപ്രവൃത്തികൾക്ക്‌ ഇരയായവർക്കുണ്ടായ ദുരിതവും മനോവ്യഥയും എത്രയധികമായിരുന്നു! ആകട്ടെ, ഇതിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം?

2 ഇന്ന്‌, മനുഷ്യന്റെ ദൗർബല്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്‌ വിശ്വാസവഞ്ചനയെന്ന്‌ ഒരു എഴുത്തുകാരി അഭിപ്രായപ്പെടുന്നു. നാം അത്‌ പ്രതീക്ഷിക്കേണ്ടതാണ്‌. “യുഗസമാപ്‌തിയുടെ” അടയാളത്തെക്കുറിച്ചു മുൻകൂട്ടിപ്പറയവെ യേശു ഇങ്ങനെ പറഞ്ഞിരുന്നു: ‘പലരും അന്യോന്യം ഒറ്റിക്കൊടുക്കും.’ (മത്താ. 24:3, 10) “വഞ്ചിക്കുക,” “ഒറ്റിക്കൊടുക്കുക” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്‌ “അവിശ്വസ്‌തത കാണിച്ചുകൊണ്ടോ ചതിച്ചുകൊണ്ടോ ശത്രുവിന്റെ കൈയിൽ ഏൽപ്പിച്ചുകൊടുക്കുക” എന്ന അർഥമുണ്ട്‌. ഇന്നു നിലനിൽക്കുന്ന അവിശ്വസ്‌തത, ആളുകൾ “അവിശ്വസ്‌തരും . . . വഞ്ചകരും” ആയിരിക്കുമെന്നു പൗലോസ്‌ മുൻകൂട്ടിപ്പറഞ്ഞ ‘അന്ത്യകാലത്താണ്‌’ നാം ജീവിക്കുന്നതെന്ന്‌ തെളിയിക്കുന്നു. (2 തിമൊ. 3:1, 2, 4) സിനിമയിലും സാഹിത്യത്തിലും ഒക്കെ വിശ്വാസവഞ്ചനയും അവിശ്വസ്‌തതയും നിറം ചാലിച്ചാണ്‌ അവതരിപ്പിക്കാറുള്ളതെങ്കിലും യഥാർഥ ജീവിതത്തിൽ കാര്യങ്ങൾ അങ്ങനെയല്ല; വേദനയും ക്ലേശവും ആയിരിക്കും അനന്തരഫലം. അതെ, ഇത്തരം ദുഷ്‌ചെയ്‌തികൾ ഈ കാലത്തിന്റെ എടുത്തുപറയത്തക്ക ഒരു പ്രത്യേകതയാണ്‌!

3 അവിശ്വസ്‌തത കാണിച്ചവരെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? മറ്റൊരാളോട്‌ വിശ്വസ്‌തമായി പറ്റിനിന്ന ആരെയെല്ലാം നമുക്ക്‌ അനുകരിക്കാനാകും? ആരോടുള്ള വിശ്വസ്‌തതയാണ്‌ നാം ഒരിക്കലും കൈവിടരുതാത്തത്‌? നമുക്കു നോക്കാം.

ചരിത്രത്തിന്റെ ഏടുകളിൽനിന്ന്‌ ചില മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ

4. ദെലീലാ ശിംശോനെ വഞ്ചിച്ചത്‌ എങ്ങനെ, അത്‌ നീചമായിരുന്നത്‌ എന്തുകൊണ്ട്‌?

4 ന്യായാധിപനായ ശിംശോൻ സ്‌നേഹിച്ചിരുന്ന ദെലീലാ എന്ന കൗശലക്കാരിയെക്കുറിച്ച്‌ ആദ്യം ചിന്തിക്കാം. ദൈവജനത്തിനുവേണ്ടി ഫെലിസ്‌ത്യർക്കെതിരെ യുദ്ധം നയിക്കാൻ തീരുമാനിച്ചിറങ്ങിയതായിരുന്നു ശിംശോൻ. ശിംശോനോടുള്ള ദെലീലായുടെ സ്‌നേഹം വെറും പുറംപൂച്ച്‌ മാത്രമാണെന്ന്‌ അറിയാമായിരുന്ന അഞ്ച്‌ ഫെലിസ്‌ത്യപ്രഭുക്കന്മാർ, ശിംശോന്റെ മഹാശക്തിയുടെ രഹസ്യം കണ്ടുപിടിച്ചാൽ വലിയൊരു തുക പ്രതിഫലം നൽകാമെന്ന്‌ അവളോടു പറഞ്ഞു; ശിംശോനെ വകവരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അത്യാഗ്രഹിയായ ദെലീലാ അതിനു സമ്മതിച്ചു. ശിംശോന്റെ ശക്തിയുടെ രഹസ്യം അറിയാൻ അവൾ മൂന്നുപ്രാവശ്യം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പക്ഷേ, “അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി.” ഒടുവിൽ, “അവൻ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി”ത്തീർന്നു. തന്റെ മുടി ഒരിക്കലും മുറിച്ചിട്ടില്ലെന്നും മുറിച്ചാൽ തന്റെ ബലം നഷ്ടമാകുമെന്നും അവൻ അവളെ അറിയിച്ചു. a തന്റെ മടിയിൽ ഉറങ്ങിക്കൊണ്ടിരുന്ന ശിംശോന്റെ മുടി ക്ഷൗരംചെയ്യിപ്പിച്ച്‌, എന്തും ചെയ്യാൻ മടിയില്ലാത്ത ശത്രുക്കളുടെ കൈയിൽ ദെലീലാ അവനെ ഏൽപ്പിച്ചു. (ന്യായാ. 16:4, 5, 15-21) എത്ര നീചമായിരുന്നു ആ പ്രവൃത്തി! അത്യാഗ്രഹംമൂലം, സ്‌നേഹിച്ച പുരുഷനെ വഞ്ചിക്കാൻപോലും അവൾ മടിച്ചില്ല.

5. (എ) അബ്‌ശാലോം ദാവീദിനോട്‌ അവിശ്വസ്‌തത കാട്ടിയത്‌ എങ്ങനെ, അത്‌ അവനെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തി? (ബി) അഹീഥോഫെൽ ഗൂഢാലോചനയിൽ പങ്കാളിയായത്‌ ദാവീദിനെ എങ്ങനെ ബാധിച്ചു?

5 വഞ്ചകനായ അബ്‌ശാലോമാണ്‌ അടുത്തത്‌. അധികാരമോഹം തലയ്‌ക്കുപിടിച്ച അവൻ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനം തട്ടിയെടുക്കാൻ ശ്രമം തുടങ്ങി. അതിനായി അവൻ വ്യാജ വാഗ്‌ദാനങ്ങൾ നൽകിയും കപടമായ സ്‌നേഹപ്രകടനങ്ങൾ നടത്തിയും “യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.” ജനങ്ങളിലും അവരുടെ ക്ഷേമത്തിലും അതീവ താത്‌പര്യമുണ്ടെന്നു വരുത്തിത്തീർക്കാൻ അവൻ അവരെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ അവൻ അവരെ പാട്ടിലാക്കി. (2 ശമൂ. 15:2-6) എന്തിന്‌, ദാവീദിന്റെ വിശ്വസ്‌ത ഉപദേശകനും സുഹൃത്തും ആയിരുന്ന അഹീഥോഫെലിനെ വശത്താക്കാനും ഗൂഢാലോചനയിൽ പങ്കാളിയാക്കാനും അബ്‌ശാലോമിനു കഴിഞ്ഞു. (2 ശമൂ. 15:31) ആ അവിശ്വസ്‌തത, തന്നെ എത്രമാത്രം വേദനിപ്പിച്ചെന്ന്‌ 3-ഉം 55-ഉം സങ്കീർത്തനങ്ങളിൽ ദാവീദ്‌ വർണിക്കുന്നുണ്ട്‌. (സങ്കീ. 3:1-8; സങ്കീർത്തനം 55:12-14 വായിക്കുക.) അധികാരാസക്തി മൂത്ത്‌ യഹോവയുടെ നിയുക്ത രാജാവിനെതിരെ നടത്തിയ ഗൂഢാലോചനയിലൂടെ വെളിപ്പെട്ടത്‌ യഹോവയുടെ പരമാധികാരത്തോടുള്ള അബ്‌ശാലോമിന്റെ കടുത്ത അനാദരവാണ്‌. (1 ദിന. 28:5) ഒടുവിൽ, ആ ഉപജാപങ്ങളെല്ലാം പൊളിഞ്ഞു, യഹോവയുടെ അഭിഷിക്ത രാജാവായി ദാവീദ്‌ വാഴ്‌ച തുടർന്നു.

6. യൂദാ യേശുവിനെ ഒറ്റിക്കൊടുത്തത്‌ എങ്ങനെ, യൂദാസ്‌ എന്ന പേര്‌ എന്തിന്റെ പര്യായമായി മാറിയിരിക്കുന്നു?

6 വഞ്ചകനായ യൂദാ ഈസ്‌കര്യോത്താ ക്രിസ്‌തുവിനോടു ചെയ്‌തത്‌ എന്താണെന്ന്‌ ഓർത്തുനോക്കൂ. തന്റെ 12 അപ്പൊസ്‌തലന്മാരോടൊപ്പം അവസാനമായി പെസഹ ആഘോഷിക്കുമ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മത്താ. 26:21) പിന്നീട്‌, അന്നു രാത്രി ഗെത്ത്‌ശെമനത്തോട്ടത്തിൽവെച്ച്‌ പത്രോസിനോടും യാക്കോബിനോടും യോഹന്നാനോടും ആയി യേശു പറഞ്ഞു: “ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു.” വൈകിയില്ല, യൂദാ തന്റെ കൂട്ടാളികളോടൊപ്പം അവിടേക്കു വന്നു. ‘അവൻ നേരെ യേശുവിനെ സമീപിച്ച്‌, “റബ്ബീ, വന്ദനം!” എന്നു പറഞ്ഞുകൊണ്ട്‌ വളരെ ആർദ്രമായി അവനെ ചുംബിച്ചു.’ (മത്താ. 26:46-50; ലൂക്കോ. 22:47, 52) യൂദാ “നീതിയുള്ള രക്തത്തെ ഒറ്റിക്കൊടുത്ത്‌” യേശുവിനെ ക്രിസ്‌തുവിന്റെ ശത്രുക്കൾക്ക്‌ ഏൽപ്പിച്ചുകൊടുത്തു. പണക്കൊതിയനായ യൂദാ എന്തു മോഹിച്ചാണ്‌ ഇത്‌ ചെയ്‌തത്‌? വെറും 30 വെള്ളിക്കാശ്‌! (മത്താ. 27:3-5) അന്നുമുതൽ ഇന്നോളം “വിശ്വാസവഞ്ചകൻ,” “ഒറ്റിക്കൊടുക്കുന്നവൻ” എന്നീ വാക്കുകൾക്ക്‌ പര്യായമാണ്‌ യൂദാസ്‌ എന്ന പേര്‌; വിശേഷിച്ചും, സുഹൃത്തിനെ വഞ്ചിക്കുന്നവർക്കുള്ള വിശേഷണമായി അത്‌ ഉപയോഗിക്കുന്നു. b

7. (എ) അബ്‌ശാലോമിന്റെയും യൂദായുടെയും ജീവിതം നമ്മെ എന്തു പഠിപ്പിച്ചു? (ബി) ദെലീലായുടെ ജീവിതം നമ്മെ എന്തു പഠിപ്പിച്ചു?

7 ഈ മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളിൽനിന്ന്‌ നാം എന്തു പഠിച്ചു? യഹോവയുടെ അഭിഷിക്തനെതിരെ തിരിയുകയും അവിശ്വസ്‌തത കാണിക്കുകയും ചെയ്‌ത അബ്‌ശാലോമിന്റെയും യൂദായുടെയും അന്ത്യം അപമാനകരമായിരുന്നു. (2 ശമൂ. 18:9, 14-17; പ്രവൃ. 1:18-20) ദെലീലായുടെ പേര്‌ കേൾക്കുമ്പോഴെല്ലാം ആളുകളുടെ മനസ്സിലേക്ക്‌ കടന്നുവരുക വിശ്വാസവഞ്ചനയും കപടസ്‌നേഹവും കാണിച്ച ഒരു സ്‌ത്രീയുടെ ചിത്രമായിരിക്കും. അധികാരമോഹമോ അത്യാഗ്രഹമോ നമ്മുടെ ഉള്ളിൽ നാമ്പെടുക്കുന്നതായി കണ്ടാൽ, യഹോവയുടെ പ്രീതി നഷ്ടമാകുമെന്ന്‌ തിരിച്ചറിഞ്ഞ്‌ ഉടനടി അത്‌ പിഴുതുകളയേണ്ടത്‌ എത്ര പ്രധാനമാണ്‌! അവിശ്വസ്‌തതയെന്ന ദുർഗുണത്തെ വെറുക്കാൻ ഇതിലും ശക്തമായ ദൃഷ്ടാന്തങ്ങൾ ആവശ്യമുണ്ടോ?

വിശ്വസ്‌തത തെളിയിച്ചവരെ അനുകരിക്കുക

8, 9. (എ) ദാവീദിനോട്‌ വിശ്വസ്‌തനായിരിക്കുമെന്ന്‌ യോനാഥാൻ പ്രതിജ്ഞ ചെയ്‌തത്‌ എന്തുകൊണ്ട്‌? (ബി) നമുക്ക്‌ എങ്ങനെ യോനാഥാനെ അനുകരിക്കാം?

8 വിശ്വസ്‌തരായിരുന്ന നിരവധി വ്യക്തികളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. അവരിൽ രണ്ടുപേരെ നമുക്ക്‌ അടുത്തു പരിചയപ്പെടാം, അവരിൽനിന്ന്‌ എന്തു പഠിക്കാമെന്നും നോക്കാം. ദാവീദിനോടു വിശ്വസ്‌തത കാണിച്ച യോനാഥാനാണ്‌ അതിൽ ഒരാൾ. ശൗൽരാജാവിന്റെ മൂത്ത പുത്രനായ യോനാഥാനായിരുന്നു സകല സാധ്യതയുമനുസരിച്ച്‌ ഇസ്രായേലിന്റെ അടുത്ത രാജാവ്‌. പക്ഷേ, ഇസ്രായേലിന്റെ ഭാവിരാജാവായി യഹോവ തിരഞ്ഞെടുത്തത്‌ ദാവീദിനെയാണ്‌. ദൈവത്തിന്റെ ആ തീരുമാനം യോനാഥാൻ മനസ്സോടെ അംഗീകരിച്ചു. ദാവീദിനെ എതിരാളിയായി കാണുകയോ അവനോട്‌ അസൂയപ്പെടുകയോ ചെയ്യുന്നതിനു പകരം “യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു.” ദാവീദിനോട്‌ എന്നും വിശ്വസ്‌തനായിരിക്കുമെന്ന്‌ അവൻ പ്രതിജ്ഞ ചെയ്യുകയും തന്റെ വസ്‌ത്രങ്ങളും വാളും വില്ലും അരക്കച്ചയും ദാവീദിനു കൈമാറിക്കൊണ്ട്‌ രാജകീയ ബഹുമതി നൽകി ആദരിക്കുകയും ചെയ്‌തു. (1 ശമൂ. 18:1-4) ദാവീദിനെ ‘ധൈര്യപ്പെടുത്താൻ,’ അവനെ പിന്തുണയ്‌ക്കാൻ, തന്നാൽ ആവുന്നതെല്ലാം ചെയ്‌ത യോനാഥാൻ തന്റെ ജീവൻ അപകടത്തിലാകുമെന്ന്‌ അറിഞ്ഞിട്ടും ദാവീദിനുവേണ്ടി ശൗലിനോടു സംസാരിക്കാൻ ധൈര്യം കാണിച്ചു. “നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും” എന്ന വാക്കുകളിൽനിന്ന്‌ ദാവീദിനോടുള്ള യോനാഥാന്റെ വിശ്വസ്‌തത നമുക്ക്‌ വായിച്ചെടുക്കാം. (1 ശമൂ. 20:30-34; 23:16, 17) യോനാഥാന്റെ മരണം ഉളവാക്കിയ വേദനയും അവനോടുള്ള സ്‌നേഹവും നിറഞ്ഞുനിൽക്കുന്ന ഒരു വിലാപഗീതം ദാവീദ്‌ രചിച്ചതിൽ അതിശയിക്കാനില്ല.—2 ശമൂ. 1:17, 26.

9 ആരോട്‌ വിശ്വസ്‌തനായിരിക്കണമെന്ന കാര്യത്തിൽ യോനാഥാന്‌ സംശയമേതുമില്ലായിരുന്നു. പരമാധികാരിയായ യഹോവയ്‌ക്ക്‌ അവൻ പൂർണമായി കീഴ്‌പെട്ടു, ദൈവത്തിന്റെ അഭിഷിക്തനായ ദാവീദിന്‌ സർവപിന്തുണയും നൽകി. സമാനമായി ഇന്ന്‌, സഭയിൽ നമുക്ക്‌ ഏതെങ്കിലും ഒരു പ്രത്യേക പദവി ലഭിച്ചില്ലെങ്കിലും നമ്മുടെ ഇടയിൽ നേതൃത്വം വഹിക്കാൻ നിയമിതരായിരിക്കുന്നവരെ നാം മനസ്സോടെ പിന്തുണയ്‌ക്കേണ്ടതുണ്ട്‌.—1 തെസ്സ. 5:12, 13; എബ്രാ. 13:17, 24.

10, 11. (എ) എന്തുകൊണ്ടാണ്‌ പത്രോസ്‌ യേശുവിനോട്‌ വിശ്വസ്‌തമായി പറ്റിനിന്നത്‌? (ബി) നമുക്ക്‌ എങ്ങനെ പത്രോസിനെ അനുകരിക്കാം?

10 യേശുവിനോടു വിശ്വസ്‌തമായി പറ്റിനിൽക്കുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച അപ്പൊസ്‌തലനായ പത്രോസിന്റെ ദൃഷ്ടാന്തമാണ്‌ അടുത്തത്‌. താമസിയാതെ ബലിചെയ്യപ്പെടാനിരിക്കുന്ന തന്റെ ശരീരത്തിലും രക്തത്തിലും വിശ്വാസം അർപ്പിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു പ്രതീകാത്മകഭാഷ ഉപയോഗിച്ചപ്പോൾ അവന്റെ ശിഷ്യന്മാരിൽ അനേകർ അത്‌ ഉൾക്കൊള്ളാനാവാതെ അവനെ വിട്ടുപോയി. (യോഹ. 6:53-60, 66) ആ സാഹചര്യത്തിൽ യേശു തന്റെ 12 അപ്പൊസ്‌തലന്മാരോടായി, “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” എന്ന്‌ ചോദിച്ചു. പത്രോസാണ്‌ മറുപടി പറഞ്ഞത്‌: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലല്ലോ ഉള്ളത്‌! നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുന്നു, അറിയുകയും ചെയ്യുന്നു.” (യോഹ. 6:67-69) തന്റെ ആസന്നമായ ബലിമരണത്തെക്കുറിച്ച്‌ യേശു പറഞ്ഞതെല്ലാം പത്രോസിന്‌ വ്യക്തമായി മനസ്സിലായെന്നാണോ ഇതിന്‌ അർഥം? സാധ്യതയില്ല. എന്നിട്ടും ദൈവത്തിന്റെ അഭിഷിക്ത പുത്രനോടു വിശ്വസ്‌തമായി പറ്റിനിൽക്കാൻ പത്രോസ്‌ നിശ്ചയിച്ചുറച്ചിരുന്നു.

11 യേശുവിന്‌ തെറ്റിപ്പോയതായിരിക്കുമെന്നും പറഞ്ഞ വാക്കുകൾ അവൻ തിരിച്ചെടുക്കുമെന്നും പത്രോസ്‌ ചിന്തിച്ചില്ല. “നിത്യജീവന്റെ വചനങ്ങൾ” യേശുവിന്റെ പക്കലാണുള്ളതെന്ന്‌ അവൻ താഴ്‌മയോടെ അംഗീകരിച്ചു. ഇന്ന്‌ ‘വിശ്വസ്‌ത ഗൃഹവിചാരകൻ’ നൽകുന്ന പ്രസിദ്ധീകരണങ്ങളിൽ, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതോ നമ്മുടെ ചിന്താരീതിയുമായി യോജിക്കാത്തതോ ആയി എന്തെങ്കിലും കണ്ടാൽ നാം എങ്ങനെയായിരിക്കും പ്രതികരിക്കുക? നാം ചിന്തിക്കുന്നതുപോലുള്ള ഒരു വിശദീകരണം കാലാന്തരത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കാതെ അതിന്റെ അർഥം മനസ്സിലാക്കാൻ ശ്രമിക്കണം.—ലൂക്കോസ്‌ 12:42 വായിക്കുക.

ഇണയോട്‌ എന്നും വിശ്വസ്‌തത പുലർത്തുക

12, 13. ദാമ്പത്യത്തിൽ അവിശ്വസ്‌തത പൊട്ടിമുളച്ചേക്കാവുന്നത്‌ എങ്ങനെ, വ്യക്തിയുടെ പ്രായം അതിന്‌ ഒഴികഴിവ്‌ അല്ലാത്തത്‌ എന്തുകൊണ്ട്‌?

12 അവിശ്വസ്‌തതയുടെ ഏതു രൂപവും ഹീനമാണ്‌. ക്രിസ്‌തീയ കുടുംബത്തിന്റെയോ സഭയുടെയോ സമാധാനവും ഐക്യവും തകർക്കാൻ അതിനെ അനുവദിക്കരുത്‌. ആ സ്ഥിതിക്ക്‌, ഇണയോടും ദൈവത്തോടും ഉള്ള വിശ്വസ്‌തത മുറുകെപ്പിടിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്‌ നമുക്കു നോക്കാം.

13 വിശ്വാസവഞ്ചനയുടെ ഒരു രൂപമാണ്‌ വ്യഭിചാരം; ഗുരുതരമായ പ്രത്യാഘാതങ്ങളാണ്‌ അത്‌ ഉളവാക്കുക. വ്യഭിചാരം ചെയ്യുന്ന വ്യക്തി ഇണയോട്‌ അവിശ്വസ്‌തത കാണിക്കുകയും തന്റെ സ്‌നേഹവും ശ്രദ്ധയും ഒക്കെ മറ്റൊരാൾക്ക്‌ നൽകുകയും ചെയ്യുന്നു. വഞ്ചിക്കപ്പെട്ട ഇണയുടെ ജീവിതം കീഴ്‌മേൽ മറിയും, ഇണ പെട്ടെന്ന്‌ ഒറ്റപ്പെടും. ഒരിക്കൽ പരസ്‌പരം സ്‌നേഹിച്ചിരുന്നവർക്കിടയിൽ ഇത്‌ എങ്ങനെയാണ്‌ സംഭവിക്കുക? ഇണകൾ വൈകാരികമായി അകലുന്നതാണ്‌ പലപ്പോഴും ആദ്യപടി. ദമ്പതികൾ തങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ എന്തെല്ലാം ചെയ്യേണ്ടതുണ്ടോ അതെല്ലാം ചെയ്യാതിരിക്കുമ്പോഴാണ്‌ അവിശ്വസ്‌തതയുടെ വിത്തുകൾ പൊട്ടിമുളയ്‌ക്കുന്നതെന്ന്‌ മാനവസമുദായശാസ്‌ത്ര പ്രൊഫസറായ ഗബ്രിയേല റ്റൂർനറ്ററി പറയുന്നു. മധ്യവയസ്‌കരിൽ ചിലർപോലും ഇണയിൽനിന്ന്‌ ഇപ്രകാരം അകന്നുപോയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, 50 വയസ്സുള്ള ഒരു വ്യക്തി തനിക്ക്‌ ഇഷ്ടം തോന്നിയ ഒരു സ്‌ത്രീയോടൊപ്പം ജീവിക്കാനായി 25 വർഷം തന്നോടൊപ്പം കഴിഞ്ഞ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി. ചിലർ പറയുന്നത്‌ ഈ പ്രായത്തിൽ ഇത്‌ സ്വാഭാവികമാണെന്നാണ്‌. എന്നാൽ പ്രായത്തെ ഒരു ഒഴികഴിവായി എടുക്കാനാവില്ല. ഇണയോട്‌ അവിശ്വസ്‌തത കാണിക്കുന്നത്‌ കടുത്ത വഞ്ചനയാണ്‌! c

14. (എ) ഇണകൾക്കിടയിലെ അവിശ്വസ്‌തത യഹോവ എങ്ങനെ വീക്ഷിക്കുന്നു? (ബി) ദാമ്പത്യബന്ധത്തിലെ വിശ്വസ്‌തതയെക്കുറിച്ച്‌ യേശു എന്ത്‌ പറഞ്ഞു?

14 തിരുവെഴുത്തുപരമായ കാരണമില്ലാതെ ഇണയെ ഉപേക്ഷിക്കുന്നവരെ യഹോവ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? നമ്മുടെ ദൈവം “ഉപേക്ഷണം വെറുക്കുന്നു.” ഇണയോടു മോശമായി പെരുമാറുകയും ഇണയെ ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നവരോട്‌ അവൻ കടുത്ത ഭാഷയിൽ സംസാരിക്കുകയുണ്ടായി. (മലാഖി 2:13-16 വായിക്കുക.) യേശുവിനും പിതാവിന്റെ അതേ വീക്ഷണമാണ്‌. ഇണയെ പോകാൻ പ്രേരിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തിട്ട്‌ ഒന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറുന്നതിനെ യേശു കുറ്റം വിധിച്ചു.മത്തായി 19:3-6, 9 വായിക്കുക.

15. വിവാഹിതർക്ക്‌ ഇണയോടുള്ള വിശ്വസ്‌തത ശക്തമാക്കാൻ എങ്ങനെ സാധിക്കും?

15 പരസ്‌പരം എന്നും വിശ്വസ്‌തരായിരിക്കാൻ ദമ്പതികൾക്ക്‌ എങ്ങനെ സാധിക്കും? “നിന്റെ യൗവനത്തിലെ ഭാര്യയിൽ (അല്ലെങ്കിൽ ഭർത്താവിൽ) സന്തോഷിച്ചുകൊൾക” എന്നും “നീ സ്‌നേഹിക്കുന്ന ഭാര്യയോടുകൂടെ (അല്ലെങ്കിൽ ഭർത്താവിനോടുകൂടെ) . . . നിന്റെ ആയുഷ്‌കാലമെല്ലാം സുഖിച്ചുകൊൾക” എന്നും ദൈവവചനം പറയുന്നു. (സദൃ. 5:18; സഭാ. 9:9) പ്രായംചെല്ലുന്തോറും തങ്ങളുടെ ബന്ധം ശക്തമാക്കാൻ ആവുന്നതെല്ലാം അവർ ചെയ്യണം, ശാരീരികമായും വൈകാരികമായും. പരസ്‌പരം ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ പ്രവർത്തിക്കുന്നതും ഒന്നിച്ച്‌ സമയം ചെലവഴിക്കുന്നതും അന്യോന്യം കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. തങ്ങളുടെ വിവാഹബന്ധവും യഹോവയുമായുള്ള ബന്ധവും കാത്തുസൂക്ഷിക്കാൻ അവർ പരിശ്രമിക്കേണ്ടതുണ്ട്‌. ഇതിനായി എന്തു ചെയ്യാനാകും? ഇണകൾ ഒരുമിച്ച്‌ ബൈബിൾ പഠിക്കുകയും ക്രമമായി ഒരുമിച്ച്‌ ശുശ്രൂഷയിൽ ഏർപ്പെടുകയും യഹോവയുടെ അനുഗ്രഹത്തിനായി ഒരുമിച്ച്‌ പ്രാർഥിക്കുകയും വേണം.

യഹോവയോട്‌ എന്നും വിശ്വസ്‌തരായിരിക്കുക

16, 17. (എ) കുടുംബത്തിലും സഭയിലും ദൈവത്തോടുള്ള നമ്മുടെ വിശ്വസ്‌തത പരിശോധിക്കപ്പെട്ടേക്കാവുന്നത്‌ എങ്ങനെ? (ബി) പുറത്താക്കപ്പെട്ട കുടുംബാംഗങ്ങളുമായി സഹവസിക്കരുതെന്ന ദൈവകൽപ്പന അനുസരിക്കുന്നതിന്റെ പ്രയോജനം വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം വിവരിക്കുക.

16 ഗുരുതരമായ പാപം ചെയ്‌ത ചില ക്രിസ്‌ത്യാനികളെ “വിശ്വാസത്തിൽ ഉറച്ചുനിൽക്കേണ്ടതിന്‌ . . . കർശനമായി” ശാസിച്ചിട്ടുണ്ട്‌. (തീത്തൊ. 1:14) മറ്റു ചിലരെ സഭയിൽനിന്ന്‌ പുറത്താക്കേണ്ടതായും വന്നിട്ടുണ്ട്‌. അത്തരം അച്ചടക്കനടപടികളാൽ ‘പരിശീലനം നേടിയവർ’ ദൈവവുമായുള്ള നല്ല ബന്ധത്തിലേക്ക്‌ തിരികെ വന്നിരിക്കുന്നു. (എബ്രാ. 12:11) നമ്മുടെ ഒരു കുടുംബാംഗമോ അടുത്ത ബന്ധുവോ സുഹൃത്തോ സഭയിൽനിന്ന്‌ പുറത്താക്കപ്പെട്ടിരിക്കുന്നുവോ? അവിടെയാണ്‌ നമ്മുടെ വിശ്വസ്‌തത പരിശോധിക്കപ്പെടുന്നത്‌; പുറത്താക്കപ്പെട്ട വ്യക്തിയോടല്ല, യഹോവയോടുള്ള വിശ്വസ്‌തത. പുറത്താക്കപ്പെട്ട ഒരുവനോടും സംസർഗം അരുതെന്ന തന്റെ കൽപ്പന നാം അനുസരിക്കുന്നുണ്ടോ എന്ന്‌ അറിയാൻ യഹോവ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.—1 കൊരിന്ത്യർ 5:11-13 വായിക്കുക.

17 പുറത്താക്കപ്പെട്ട കുടുംബാംഗങ്ങളുമായി സഹവസിക്കരുതെന്ന യഹോവയുടെ കൽപ്പന അനുസരിച്ചതിന്റെ പ്രയോജനം വ്യക്തമാക്കുന്ന നിരവധി ദൃഷ്ടാന്തങ്ങളുണ്ട്‌. അവയിൽ ഒരെണ്ണം മാത്രം നമുക്ക്‌ ഇപ്പോൾ നോക്കാം. ഒരു യുവാവിനെ സഭയിൽനിന്നു പുറത്താക്കിയിട്ട്‌ പത്തുവർഷം പിന്നിട്ടിരുന്നു. അക്കാലത്തുടനീളം മാതാവും പിതാവും നാലുസഹോദരന്മാരും അദ്ദേഹത്തോടുള്ള “സംസർഗം” ഒഴിവാക്കി. ഇടയ്‌ക്കൊക്കെ, അവരോടൊപ്പം സമയം ചെലവഴിക്കാൻ ആ യുവാവ്‌ പഴുതുകൾ തേടിയെങ്കിലും അദ്ദേഹത്തോടുള്ള എല്ലാവിധ സമ്പർക്കവും ഒഴിവാക്കാൻ ഓരോ കുടുംബാംഗവും നിശ്ചയിച്ചുറച്ചിരുന്നു. പുനഃസ്ഥിതീകരിക്കപ്പെട്ട്‌ സഭയിലേക്കു മടങ്ങിവന്നശേഷം അദ്ദേഹം പറഞ്ഞത്‌, കുടുംബാംഗങ്ങളുമായി സഹവസിക്കാനാകാഞ്ഞത്‌ തന്നെ എപ്പോഴും വിഷമിപ്പിച്ചിരുന്നു എന്നാണ്‌; പ്രത്യേകിച്ച്‌ രാത്രിയിൽ ഒറ്റയ്‌ക്കായിരിക്കുമ്പോൾ. അവർ തന്നോട്‌ ഏതെങ്കിലും വിധത്തിൽ അൽപ്പമെങ്കിലും സമ്പർക്കം പുലർത്തിയിരുന്നെങ്കിൽ താൻ അതുകൊണ്ട്‌ തൃപ്‌തിപ്പെടുമായിരുന്നെന്ന്‌ അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ കുടുംബാംഗങ്ങളെല്ലാം അദ്ദേഹവുമായുള്ള ബന്ധം പൂർണമായി വേർപെടുത്തിയിരുന്നതുകൊണ്ട്‌ അവരോടൊപ്പമായിരിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായി. യഹോവയുമായുള്ള ബന്ധത്തിലേക്ക്‌ മടങ്ങിവരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു പ്രമുഖ ഘടകമായിരുന്നു അത്‌. പുറത്താക്കപ്പെട്ട കുടുംബാംഗങ്ങളുമായി സഹവസിക്കരുതെന്ന ദൈവകൽപ്പനയെ മറുക്കാൻ എപ്പോൾ പ്രലോഭനം തോന്നിയാലും ഇതേക്കുറിച്ച്‌ ഓർക്കുക.

18. വിശ്വസ്‌തതയുടെ പ്രയോജനങ്ങളെയും അവിശ്വസ്‌തതയുടെ ഭവിഷ്യത്തുകളെയും കുറിച്ച്‌ പരിചിന്തിച്ച സ്ഥിതിക്ക്‌ എന്താണ്‌ നിങ്ങളുടെ തീരുമാനം?

18 വിശ്വാസവഞ്ചനയും അവിശ്വസ്‌തതയും തേർവാഴ്‌ച നടത്തുന്ന ഒരു ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌. എങ്കിലും ഇന്ന്‌ ക്രിസ്‌തീയ സഭയിൽ നമുക്ക്‌ അനുകരിക്കാൻ പറ്റിയ വിശ്വസ്‌തതയുടെ നിരവധി ദൃഷ്ടാന്തങ്ങൾ കാണാം. അവർക്കുവേണ്ടി അവരുടെ ജീവിതഗതി നമ്മോട്‌ ‘സംസാരിക്കുന്നത്‌’ ഇങ്ങനെയാണ്‌: “വിശ്വാസികളായ നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര വിശ്വസ്‌തരും നീതിനിഷ്‌ഠരും അനിന്ദ്യരും ആയിരുന്നുവെന്നതിന്‌ നിങ്ങൾ സാക്ഷികൾ; ദൈവവും സാക്ഷി.” (1 തെസ്സ. 2:10) യഹോവയോടും മറ്റുള്ളവരോടും എന്നും വിശ്വസ്‌തരായിരിക്കാൻ നമുക്ക്‌ ഓരോരുത്തർക്കും സാധിക്കട്ടെ.

[അടിക്കുറിപ്പുകൾ]

a നാസീർവ്രതൻ എന്ന നിലയിൽ ശിംശോന്‌ യഹോവയുമായി ഉണ്ടായിരുന്ന സവിശേഷ ബന്ധത്തെ കുറിക്കുന്നതായിരുന്നു അവന്റെ തലമുടി. ആ ബന്ധമായിരുന്നു അവന്റെ ശക്തിയുടെ ഉറവിടം, കേവലം തലമുടിയല്ല.

b ചില ഭാഷകളിൽ “യൂദായുടെ ചുംബനം” എന്ന പ്രയോഗം “ഒറ്റിക്കൊടുക്കുന്ന പ്രവൃത്തിയെ” അർഥമാക്കുന്നു.

c ഇണ അവിശ്വസ്‌തത കാണിക്കുന്നെങ്കിൽ, ആ സാഹചര്യത്തെ നേരിടാൻ സഹായകമായ നിർദേശങ്ങൾക്കായി 2010 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-32 പേജുകളിലെ “ജീവിതപങ്കാളി വഞ്ചിക്കുമ്പോൾ. . . ” എന്ന ലേഖനം കാണുക.

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

അനേകർ ദൈവത്തിന്റെ അഭിഷിക്ത പുത്രനെ വിട്ടു പോയപ്പോഴും പത്രോസ്‌ വിശ്വസ്‌തമായി പറ്റിനിന്നു