വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാമ്പത്യം എന്ന ദിവ്യദാനത്തെ നിങ്ങൾ യഥാർഥത്തിൽ വിലമതിക്കുന്നുണ്ടോ?

ദാമ്പത്യം എന്ന ദിവ്യദാനത്തെ നിങ്ങൾ യഥാർഥത്തിൽ വിലമതിക്കുന്നുണ്ടോ?

ദാമ്പത്യം എന്ന ദിവ്യദാനത്തെ നിങ്ങൾ യഥാർഥത്തിൽ വിലമതിക്കുന്നുണ്ടോ?

“നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നല്‌കുമാറാകട്ടെ.”—രൂത്ത്‌ 1:9.

ഉത്തരം കണ്ടെത്താമോ?

ദാമ്പത്യം എന്ന ദിവ്യദാനത്തെ കഴിഞ്ഞകാല ദൈവദാസർ വിലമതിച്ചിരുന്നെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

നാം ആരെ വിവാഹം കഴിക്കുന്നു എന്നതിൽ യഹോവ തത്‌പരനാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

ദാമ്പത്യത്തെക്കുറിച്ച്‌ ബൈബിൾ നൽകുന്ന ഏതു ബുദ്ധിയുപദേശമാണ്‌ നിങ്ങൾ ബാധകമാക്കാൻ തീരുമാനിച്ചിരിക്കുന്നത്‌?

1. ഭാര്യയെ ലഭിച്ചപ്പോഴുള്ള ആദാമിന്റെ പ്രതികരണം വിവരിക്കുക.

 “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും.” (ഉല്‌പ. 2:23) തനിക്ക്‌ ഒരു ഭാര്യയെ ലഭിച്ചപ്പോൾ ആദ്യമനുഷ്യനായ ആദാമിന്‌ വളരെ സന്തോഷമായി! അത്‌ അവനിൽ കവിതയുണർത്തി. ആദാമിന്‌ ഗാഢനിദ്ര വരുത്തിയ ശേഷം അവന്റെ വാരിയെല്ലിൽ ഒന്നിൽനിന്നാണ്‌ യഹോവ ഈ സുന്ദരിയായ സ്‌ത്രീയെ സൃഷ്ടിച്ചത്‌. പിന്നീട്‌ ആദാം അവൾക്ക്‌ ഹവ്വാ എന്ന്‌ പേരിട്ടു. യഹോവ അവരെ ഭാര്യാഭർത്താക്കന്മാരായി കൂട്ടിച്ചേർത്തു. ഹവ്വായെ സൃഷ്ടിച്ചത്‌ ആദാമിന്റെ വാരിയെല്ലിൽനിന്നായതുകൊണ്ട്‌ ഇന്നുള്ള ദമ്പതികൾക്കാർക്കും ഇല്ലാത്ത ഒരു പ്രത്യേക അടുപ്പം അവർക്കിടയിലുണ്ടായിരുന്നു.

2. സ്‌ത്രീക്കും പുരുഷനും പരസ്‌പരം ആകർഷണം തോന്നുന്നത്‌ എന്തുകൊണ്ട്‌?

2 ജ്ഞാനികളിൽ ജ്ഞാനിയായ യഹോവ മനുഷ്യനിൽ പ്രണയാർദ്രമായ സ്‌നേഹം ഉൾനട്ടു. അതുകൊണ്ടാണ്‌ പുരുഷനും സ്‌ത്രീക്കും പരസ്‌പരം ആകർഷണം തോന്നുന്നത്‌. “ഒരു സ്‌ത്രീയും പുരുഷനും വിവാഹബന്ധത്തിലേക്കു പ്രവേശിക്കുന്നത്‌ ഇരുവരും ഉൾപ്പെട്ട ഒരു ലൈംഗികജീവിതവും എന്നേക്കും നിലനിൽക്കുന്ന പ്രണയവും പ്രതീക്ഷിച്ചാണ്‌” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു. അനേകം ദൈവദാസരുടെ ജീവിതത്തിൽ ഈ പ്രതീക്ഷ യാഥാർഥ്യമായിത്തീർന്നിട്ടുണ്ട്‌.

ദാമ്പത്യം എന്ന ദാനത്തെ വിലമതിച്ചവർ

3. യിസ്‌ഹാക്കിന്‌ ഭാര്യയെ ലഭിച്ചത്‌ എങ്ങനെ?

3 ദാമ്പത്യക്രമീകരണത്തെ വിലമതിച്ചിരുന്ന വിശ്വസ്‌ത പുരുഷനായ അബ്രാഹാം യിസ്‌ഹാക്കിന്‌ ഒരു വധുവിനെ കണ്ടെത്താൻ തന്റെ വീട്ടിലെ തലമുതിർന്ന ദാസനെ മെസൊപ്പൊട്ടേമിയയിലേക്ക്‌ അയച്ചു. ആ ദാസന്റെ പ്രാർഥനയ്‌ക്ക്‌ ഫലമുണ്ടായി. ദൈവഭക്തയായ റിബെക്കായെ യിസ്‌ഹാക്കിന്‌ ഭാര്യയായി ലഭിച്ചു. അങ്ങനെ, അബ്രാഹാമിന്റെ സന്തതിപരമ്പര നിലനിറുത്തുന്നതുമായി ബന്ധപ്പെട്ട യഹോവയുടെ ഉദ്ദേശ്യനിവൃത്തിയിൽ അവൾക്കും പങ്കുചേരാനായി. (ഉല്‌പ. 22:18; 24:12-14, 67) ഇതുപോലെ, ഒരാൾ സദുദ്ദേശ്യത്തോടെ മറ്റൊരാൾക്കുവേണ്ടി ഇണയെ കണ്ടെത്താൻ ശ്രമിച്ചേക്കാം; എന്നാൽ ആവശ്യപ്പെടാത്തപക്ഷം അങ്ങനെ ചെയ്യുന്നത്‌ ശരിയായിരിക്കില്ല. ഇന്നത്തെ കാലത്ത്‌ പലരും തങ്ങളുടെ ഇണയെ സ്വയം കണ്ടെത്തുക പതിവാണ്‌. ഒരു വ്യക്തി ആരെ വിവാഹം കഴിക്കണമെന്നത്‌ ദൈവമല്ല തീരുമാനിക്കുന്നതെങ്കിലും ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിക്കുകയും അവന്റെ ആത്മാവിനാൽ നയിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ വിവാഹത്തിന്റെ കാര്യത്തിലും ജീവിതത്തിലെ മറ്റു കാര്യങ്ങളിലും ദൈവം ഒരു ക്രിസ്‌ത്യാനിയെ വഴിനയിക്കും.—ഗലാ. 5:18, 25.

4, 5. ശൂലേംകാരത്തിയും ആട്ടിടയനും പരസ്‌പരം ഗാഢമായി സ്‌നേഹിച്ചിരുന്നെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാം?

4 പുരാതന ഇസ്രായേലിൽ ജീവിച്ചിരുന്ന സുന്ദരിയായ ശൂലേമ്യ പെൺകിടാവ്‌ ശലോമോൻരാജാവിന്റെ അനേകം ഭാര്യമാരിൽ ഒരുവളാകാൻ വിസമ്മതിക്കുകയും തന്നെ അതിനു നിർബന്ധിക്കരുതെന്ന്‌ സഖിമാരോട്‌ അഭ്യർഥിക്കുകയും ചെയ്‌തു. “യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു,” അവൾ പറഞ്ഞു. (ഉത്ത. 8:4) ആ ശൂലേംകാരത്തി ഒരു ആട്ടിടയനുമായി പ്രണയത്തിലായിരുന്നു. “ഞാൻ ശാരോനിലെ പനിനീർപുഷ്‌പവും താഴ്‌വരകളിലെ താമരപ്പൂവും ആകുന്നു” എന്ന്‌ താഴ്‌മയോടെ അവൾ പറഞ്ഞപ്പോൾ “മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു” എന്നാണ്‌ അവൻ പ്രതിവചിച്ചത്‌. (ഉത്ത. 2:1, 2) അതെ, അവർ പരസ്‌പരം ഗാഢമായി സ്‌നേഹിച്ചിരുന്നു.

5 ശൂലേംകാരത്തിയും ആട്ടിടയനും മറ്റാരെക്കാളും ദൈവത്തെ സ്‌നേഹിച്ചിരുന്നതിനാൽ അവരുടെ ദാമ്പത്യബന്ധം ദൃഢമായി നിൽക്കുമായിരുന്നു. തന്റെ പ്രിയനോട്‌ അവൾ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: ‘മുദ്രമോതിരം എന്ന പോലെ നിന്റെ ഹൃദയത്തിലും മോതിരം പോലെ ഭുജത്തിലും എന്നെ വെച്ചു കൊള്ളേണമേ! സ്‌നേഹം ആകട്ടെ മരണത്തോളം ഉറപ്പുള്ളതു, എരിവു പാതാളം പോലെ കടുത്തത്‌; അതിന്റെ ജ്വലനം തീമിന്നലും യാഹിന്റെ ജ്വാലയും അത്രേ (കാരണം, യഹോവയാണ്‌ അതിന്റെ ഉറവിടം). ഏറിയ വെള്ളങ്ങൾക്കും സ്‌നേഹത്തെ കെടുപ്പാൻ കഴികയില്ല. നദികൾ കൂടെ അതിനെ മുക്കിക്കളകയില്ല.’ (ഉത്ത. 8:6, 7, ഗുണ്ടർട്ട്‌ ബൈബിൾ) ഇണ സ്‌നേഹത്തിന്റെ കാര്യത്തിൽ ഇതേ നിലവാരം പുലർത്താനല്ലേ നിങ്ങളും പ്രതീക്ഷിക്കുന്നത്‌?

നിങ്ങളുടെ തിരഞ്ഞെടുപ്പ്‌ ദൈവം ഗൗരവമായി കാണുന്നു

6, 7. നാം ആരെ വിവാഹം കഴിക്കുന്നു എന്നതിൽ യഹോവ തത്‌പരനാണെന്ന്‌ എങ്ങനെ അറിയാം?

6 നിങ്ങൾ ആരെ വിവാഹം കഴിക്കുന്നു എന്നതിൽ യഹോവ തത്‌പരനാണ്‌. കനാന്യരെക്കുറിച്ച്‌ ഇസ്രായേല്യർക്ക്‌ ദൈവം ഈ കൽപ്പന നൽകി: “അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.” (ആവ. 7:3, 4) നൂറ്റാണ്ടുകൾക്കു ശേഷം എസ്രാപുരോഹിതൻ ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങൾ ദ്രോഹംചെയ്‌തു യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.” (എസ്രാ 10:10) “ഭർത്താവ്‌ ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവ്‌ മരണനിദ്ര പ്രാപിക്കുന്നെങ്കിലോ തനിക്ക്‌ ഇഷ്ടമുള്ളവനെ വിവാഹം കഴിക്കാൻ അവൾക്കു സ്വാതന്ത്ര്യമുണ്ട്‌; പക്ഷേ, കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലനും സഹക്രിസ്‌ത്യാനികളോടു പറഞ്ഞു.—1 കൊരി. 7:39.

7 ഒരു സമർപ്പിത ദൈവദാസൻ അവിശ്വാസിയെ വിവാഹം കഴിക്കുന്നെങ്കിൽ അത്‌ യഹോവയോടുള്ള അനുസരണക്കേടായിരിക്കും. എസ്രായുടെ നാളിലെ ഇസ്രായേല്യർ ‘അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചത്‌’ അവിശ്വസ്‌തതയായിരുന്നു. തിരുവെഴുത്തുകൾ വ്യക്തമായി പ്രസ്‌താവിച്ചിരിക്കുന്ന കാര്യങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നത്‌ തെറ്റാണ്‌. (എസ്രാ 10:10; 2 കൊരി. 6:14, 15) അവിശ്വാസിയായ ഒരാളെ വിവാഹം കഴിക്കുന്ന ക്രിസ്‌ത്യാനി മറ്റുള്ളവർക്ക്‌ ഒരു മാതൃകയല്ല; ആ വ്യക്തിക്ക്‌ ദാമ്പത്യം എന്ന ദിവ്യദാനത്തോട്‌ യഥാർഥ വിലമതിപ്പുമില്ല. സ്‌നാനമേറ്റശേഷമാണ്‌ ഇത്തരം ഒരു നടപടി സ്വീകരിക്കുന്നതെങ്കിൽ സഭയിലെ ചില ഉത്തരവാദിത്വങ്ങൾക്കായുള്ള യോഗ്യത ആ വ്യക്തിക്ക്‌ ഇല്ലാതായേക്കാം. ‘യഹോവേ, ഞാൻ അങ്ങയെ മനഃപൂർവം ധിക്കരിച്ചു; എന്നാലും അതൊന്നും കാര്യമാക്കാതെ എന്നെ അനുഗ്രഹിക്കേണമേ’ എന്നു പ്രാർഥിക്കേണ്ടിവരുന്ന ഒരാൾക്ക്‌ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാനാകുമോ?

നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താണെന്ന്‌ സ്വർഗീയ പിതാവിന്‌ അറിയാം

8. ദാമ്പത്യത്തിന്റെ കാര്യത്തിൽ നാം ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിക്കേണ്ടത്‌ എന്തുകൊണ്ടെന്ന്‌ വിശദീകരിക്കുക.

8 ഒരു യന്ത്രം നിർമിച്ച വ്യക്തിക്ക്‌ അതിന്റെ പ്രവർത്തനവിധം സുപരിചിതമായിരിക്കും. ആ യന്ത്രം പ്രവർത്തിപ്പിക്കേണ്ട വിധം പറഞ്ഞുതരാൻ അദ്ദേഹത്തിനു കഴിയും. എന്നാൽ അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഗൗനിക്കാതെ, തോന്നുന്ന രീതിയിൽ നാം അത്‌ പ്രവർത്തിപ്പിക്കുന്നെങ്കിലോ? ഫലം നമുക്ക്‌ ഊഹിക്കാവുന്നതേ ഉള്ളൂ! ദാമ്പത്യത്തിന്റെ കാര്യത്തിലും ഇത്‌ സത്യമാണ്‌. നമ്മുടെ വിവാഹജീവിതം സന്തുഷ്ടമായിരിക്കണമെങ്കിൽ ദാമ്പത്യത്തിന്റെ ഉപജ്ഞാതാവായ യഹോവ നൽകിയിരിക്കുന്ന നിർദേശങ്ങൾ നാം അനുസരിക്കണം.

9. മനുഷ്യന്‌ അനുഭവപ്പെടുന്ന ഏകാന്തതയെക്കുറിച്ചും ദാമ്പത്യത്തിൽനിന്നു ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചും യഹോവയ്‌ക്ക്‌ അറിയാമെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

9 മനുഷ്യരെയും ദാമ്പത്യബന്ധത്തെയും കുറിച്ച്‌ യഹോവയ്‌ക്ക്‌ എല്ലാം അറിയാം. ‘സന്താനപുഷ്ടിയുള്ളവരായി പെരുകാൻ’ അവൻ മനുഷ്യർക്ക്‌ ലൈംഗിക ആഗ്രഹം നൽകി. (ഉല്‌പ. 1:28) മനുഷ്യന്‌ അനുഭവപ്പെടുന്ന ഏകാന്തതയെക്കുറിച്ച്‌ ദൈവത്തിന്‌ അറിയാം. അവൻ ആദ്യസ്‌ത്രീയെ സൃഷ്ടിക്കുന്നതിനു മുമ്പ്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” (ഉല്‌പ. 2:18) ദാമ്പത്യക്രമീകരണത്തിനുള്ളിൽ ദമ്പതികൾക്ക്‌ ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചും യഹോവയ്‌ക്ക്‌ അറിയാം.—സദൃശവാക്യങ്ങൾ 5:15-18 വായിക്കുക.

10. ദാമ്പത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ശാരീരികബന്ധത്തിന്റെ കാര്യത്തിൽ എന്തു ശ്രദ്ധിക്കണം?

10 പാപിയായ ആദാം പാപവും അപൂർണതയും മാനവരാശിക്ക്‌ കൈമാറിയതിനാൽ, പരിപൂർണമായ ഒരു ദാമ്പത്യവും ഇന്നില്ല. എന്നുവരികിലും, ദൈവവചനത്തിലെ നിർദേശങ്ങൾ ബാധകമാക്കുന്നെങ്കിൽ ദൈവദാസരുടെ വിവാഹജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകും. ഉദാഹരണത്തിന്‌, ദാമ്പത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ശാരീരികബന്ധത്തെക്കുറിച്ച്‌ പൗലോസ്‌ വ്യക്തമായ ബുദ്ധിയുപദേശങ്ങൾ നൽകി. (1 കൊരിന്ത്യർ 7:1-5 വായിക്കുക.) ലൈംഗികബന്ധം പുനരുത്‌പാദനത്തിനു മാത്രമുള്ളതാണെന്ന്‌ തിരുവെഴുത്തുകൾ പറയുന്നില്ല. അത്തരം ബന്ധം ദമ്പതികളുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ നികത്തുന്നതിനും ഉതകും. എന്നാൽ ലൈംഗികവൈകൃതങ്ങൾ ദൈവത്തെ പ്രീതിപ്പെടുത്തില്ല. ദാമ്പത്യജീവിതത്തിലെ ഈ സുപ്രധാന വശത്തിൽ ക്രിസ്‌തീയ ഭാര്യാഭർത്താക്കന്മാർ പരസ്‌പരം ആർദ്രതയോടും യഥാർഥ സ്‌നേഹത്തോടും കൂടെ ഇടപെടേണ്ടതാണ്‌. യഹോവയെ അപ്രീതിപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും അവർ ഒഴിവാക്കുകയും വേണം.

11. യഹോവയുടെ ഹിതപ്രകാരം കാര്യങ്ങൾ ചെയ്‌തതുകൊണ്ട്‌ രൂത്ത്‌ എപ്രകാരമാണ്‌ അനുഗ്രഹിക്കപ്പെട്ടത്‌?

11 വിവാഹജീവിതം സന്തോഷം നിറഞ്ഞതായിരിക്കണം, അസന്തുഷ്ടവും വിരസവും ആയിരിക്കരുത്‌. ഒരു ക്രിസ്‌തീയ ഭവനം വിശേഷിച്ചും സമാധാനവും സ്വസ്ഥതയും നിറഞ്ഞ ഇടമായിരിക്കേണ്ടതുണ്ട്‌. ഏതാണ്ട്‌ 3,000 വർഷം മുമ്പു നടന്ന ഒരു സംഭവം ശ്രദ്ധിക്കുക. പ്രായമേറിയ നൊവൊമിയും മരുമക്കളായ രൂത്തും ഒർപ്പായും മോവാബിൽനിന്ന്‌ യെഹൂദാദേശത്തേക്കുള്ള യാത്രയിലായിരുന്നു. വിധവമാരായിരുന്നു അവർ മൂവരും. സ്വന്തം ജനത്തിന്റെ അടുത്തേക്ക്‌ മടങ്ങിപ്പോകാൻ നൊവൊമി ഈ യുവതികളെ നിർബന്ധിച്ചെങ്കിലും മോവാബ്യ സ്‌ത്രീയായ രൂത്ത്‌ നൊവൊമിയോടൊപ്പംതന്നെ നിന്നു. അവൾ സത്യദൈവത്തോടു വിശ്വസ്‌തയായി നിലകൊണ്ടു. ‘യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്ന അവൾക്ക്‌ പൂർണ്ണപ്രതിഫലം’ യഹോവ നൽകുമെന്ന ഉറപ്പ്‌ ലഭിച്ചു. (രൂത്ത്‌ 1:9; 2:12) ദാമ്പത്യം എന്ന ദിവ്യദാനത്തെ വളരെയധികം വിലമതിച്ച രൂത്ത്‌ യഹോവയുടെ ഒരു വിശ്വസ്‌ത ആരാധകനായിരുന്ന, പ്രായത്തിൽ തന്നെക്കാൾ ഏറെ മുതിർന്ന, ബോവസിനു ഭാര്യയായി. ദൈവം ആനയിക്കുന്ന പുതിയ ഭൂമിയിലേക്ക്‌ ഉയിർത്തെഴുന്നേറ്റു വരുന്ന രൂത്ത്‌, തനിക്ക്‌ യേശുക്രിസ്‌തുവിന്റെ ഒരു പൂർവമാതാവാകാൻ കഴിഞ്ഞെന്ന്‌ അറിയുമ്പോൾ വളരെയധികം സന്തോഷിക്കും! (മത്താ. 1:1, 5, 6; ലൂക്കോ. 3:23, 32) യഹോവയുടെ ഹിതപ്രകാരം കാര്യങ്ങൾ ചെയ്‌തതുകൊണ്ട്‌ അവൾക്ക്‌ എത്ര വലിയ അനുഗ്രഹങ്ങളാണ്‌ ലഭിച്ചത്‌!

വിജയകരമായ ദാമ്പത്യത്തിന്‌ ചില ജ്ഞാനോപദേശങ്ങൾ

12. വിജയകരമായ ദാമ്പത്യത്തിനുള്ള ബുദ്ധിയുപദേശം എവിടെ കാണാം?

12 വിജയകരമായ കുടുംബജീവിതം നയിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അതിന്റെ ഉപജ്ഞാതാവ്‌ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്‌. യഹോവയുടെ അത്രയും ജ്ഞാനമുള്ള മനുഷ്യർ ആരുമില്ല. ഒരിക്കലും പരാജയപ്പെടാത്ത ഉപദേശങ്ങളാണ്‌ ബൈബിളിൽ അടങ്ങിയിരിക്കുന്നത്‌. അതുകൊണ്ട്‌, ദാമ്പത്യത്തെ കെട്ടുറപ്പുള്ളതാക്കാൻ നൽകുന്ന ഉപദേശങ്ങൾ തിരുവെഴുത്തുനിലവാരങ്ങൾക്കു ചേർച്ചയിലായിരിക്കണം. നിശ്വസ്‌തതയിൽ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതിയതുതന്നെ ഒരു ഉദാഹരണം: “നിങ്ങളിൽ ഓരോരുത്തനും തന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം; ഭാര്യയോ ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതുമാകുന്നു.” (എഫെ. 5:33) പക്വതയുള്ള ക്രിസ്‌ത്യാനികൾക്ക്‌ മനസ്സിലാക്കാനാവാത്തതായി ഒന്നും ഇത്തരം തിരുവെഴുത്തുബുദ്ധിയുപദേശങ്ങളിൽ അടങ്ങിയിട്ടില്ല. എന്നാൽ അവർ അത്‌ ബാധകമാക്കുമോ എന്നതാണ്‌ ചോദ്യം. ദാമ്പത്യം എന്ന ദിവ്യദാനത്തെ യഥാർഥമായി വിലമതിക്കുന്നെങ്കിൽ അവർ അതു ചെയ്യും. a

13. പത്രോസ്‌ നൽകിയ ബുദ്ധിയുപദേശം അനുസരിക്കാൻ പരാജയപ്പെട്ടാൽ എന്തു സംഭവിച്ചേക്കാം?

13 ഒരു ക്രിസ്‌തീയ ഭർത്താവ്‌ തന്റെ ഭാര്യയോട്‌ സ്‌നേഹത്തോടെ ഇടപെടും. പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി: “അങ്ങനെതന്നെ, ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർഥനകൾ തടസ്സപ്പെടാതിരിക്കേണ്ടതിന്‌ സ്‌ത്രീജനം ഏറെ ബലഹീനമായ പാത്രം എന്നോർത്ത്‌ അവരെ ആദരിച്ച്‌ വിവേകപൂർവം അവരോടൊപ്പം വസിക്കുവിൻ. അവർ മഹാകൃപയാലുള്ള ജീവനു നിങ്ങളുടെ കൂട്ടവകാശികളുമല്ലോ.” (1 പത്രോ. 3:7) യഹോവ നൽകുന്ന ബുദ്ധിയുപദേശം ബാധകമാക്കിയില്ലെങ്കിൽ ഭർത്താവിന്റെ പ്രാർഥനകൾ തടസ്സപ്പെട്ടേക്കാം. ഇണകളുടെ ആത്മീയാവസ്ഥ മോശമാകാനും ഇടയുണ്ട്‌; അതാകട്ടെ, ദാമ്പത്യം സമ്മർദപൂരിതമായിത്തീരാനും ഇണകളുടെ പെരുമാറ്റം പരുഷമായിത്തീരാനും വഴക്കും വക്കാണവും സാധാരണ സംഭവമാകാനും വഴിവെച്ചേക്കാം.

14. സ്‌നേഹനിധിയായ ഒരു ഭാര്യക്ക്‌ കുടുംബജീവിതത്തിൽ എന്തു പങ്കുണ്ട്‌?

14 യഹോവ തന്റെ വചനത്തിലൂടെ നൽകുന്ന ബുദ്ധിയുപദേശം അനുസരിക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുകയും ചെയ്യുന്ന ഭാര്യക്ക്‌ തന്റെ ഭവനം പ്രശാന്തതയും സന്തോഷവും കളിയാടുന്ന ഒരു ഇടമാക്കിത്തീർക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കാനാകും. ദൈവഭയമുള്ള ഒരു ഭർത്താവ്‌ സ്വാഭാവികമായും തന്റെ ഭാര്യയെ സ്‌നേഹിക്കുകയും അവളെ ശാരീരികമായും ആത്മീയമായും സംരക്ഷിക്കുകയും ചെയ്യും. എന്നാൽ, ഭർത്താവിന്റെ സ്‌നേഹം ആഗ്രഹിക്കുന്ന ഒരു ക്രിസ്‌തീയ ഭാര്യ ആ സ്‌നേഹം ഏറെ ലഭിക്കാൻ സഹായിക്കുന്ന നല്ല ഗുണങ്ങൾ ഉള്ളവളായിരിക്കണം. “സ്‌ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 14:1 പറയുന്നു. ജ്ഞാനമുള്ള, സ്‌നേഹനിധിയായ ഒരു ഭാര്യ കുടുംബത്തിന്റെ ക്ഷേമത്തിനും സന്തോഷത്തിനും ആയി പ്രവർത്തിക്കും. ദാമ്പത്യം എന്ന ദിവ്യദാനത്തെ താൻ യഥാർഥത്തിൽ വിലമതിക്കുന്നെന്ന്‌ അവൾ അങ്ങനെ തെളിയിക്കുകയായിരിക്കും.

15. എഫെസ്യർ 5:22-25-ൽ ഏതു ബുദ്ധിയുപദേശം നൽകിയിരിക്കുന്നു?

15 യേശു തന്റെ സഭയോട്‌ ഇടപെട്ട വിധത്തിൽനിന്നു പാഠം ഉൾക്കൊള്ളുന്ന ഭാര്യാഭർത്താക്കന്മാർ ദാമ്പത്യം എന്ന ദിവ്യദാനത്തോട്‌ വിലമതിപ്പ്‌ കാണിക്കുന്നു. (എഫെസ്യർ 5:22-25 വായിക്കുക.) ദമ്പതികൾ പരസ്‌പരം അകമഴിഞ്ഞ്‌ സ്‌നേഹിക്കണം; തങ്ങളുടെ ദാമ്പത്യത്തെ അപകടത്തിലാക്കാൻ അഹങ്കാരത്തെയോ പരസ്‌പരം മിണ്ടാതിരിക്കുന്നതുപോലുള്ള ബാലിശമായ പ്രവൃത്തികളെയോ മറ്റ്‌ അനഭിലഷണീയ ഗുണങ്ങളെയോ അനുവദിക്കരുത്‌. അങ്ങനെ ചെയ്യുമ്പോൾ അവർ സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കും.

ആരും അവരെ വേർപിരിക്കാതിരിക്കട്ടെ

16. ചില ക്രിസ്‌ത്യാനികൾ ഏകാകികളായി തുടരുന്നത്‌ എന്തുകൊണ്ട്‌?

16 ജീവിതത്തിൽ എപ്പോഴെങ്കിലും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവരാണ്‌ മിക്കവരും. എന്നാൽ, തങ്ങൾക്ക്‌ ഇഷ്ടപ്പെട്ട, യഹോവ അംഗീകരിക്കുന്ന ഒരു ഇണയെ കണ്ടെത്താനാകാത്തതുമൂലം യഹോവയുടെ ദാസരിൽ ചിലർ ഏകാകികളായി തുടരുന്നു. ഏകാകിത്വം എന്ന ദൈവിക വരം ലഭിച്ചവരാണ്‌ മറ്റു ചിലർ; വിവാഹിതരായവർക്കുള്ള ശ്രദ്ധാശൈഥില്യങ്ങൾ ഇല്ലാതെ യഹോവയുടെ സേവനത്തിൽ സ്വയം അർപ്പിക്കാൻ അവർക്ക്‌ അവസരം ലഭിക്കുന്നു. എന്നാൽ ഏകാകിത്വത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കുന്നവർ അത്‌ ചെയ്യുന്നത്‌ യഹോവ വെച്ചിരിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണം.—മത്താ. 19:10-12; 1 കൊരി. 7:1, 6, 7, 17.

17. (എ) വിവാഹത്തെക്കുറിച്ചുള്ള യേശുവിന്റെ ഏതു വാക്കുകൾ നാം മനസ്സിൽപ്പിടിക്കണം? (ബി) മറ്റൊരാളുടെ ഇണയോട്‌ ചെറുതായെങ്കിലും ആഗ്രഹം തോന്നിത്തുടങ്ങിയാൽ ഒരു ക്രിസ്‌ത്യാനി ഉടനടി എന്തു ചെയ്യണം?

17 ഏകാകികളായാലും വിവാഹിതരായാലും യേശുവിന്റെ പിൻവരുന്ന വാക്കുകൾ നാം ഏവരും മനസ്സിൽപ്പിടിക്കണം: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ (ദൈവം) ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നും, ‘ഇക്കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീരമായിത്തീരും’ എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അങ്ങനെ, അവർ മേലാൽ രണ്ടല്ല: ഒരു ശരീരമത്രേ. അതിനാൽ ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” (മത്താ. 19:4-6) മറ്റൊരാളുടെ ഇണയെ മോഹിക്കുന്നത്‌ പാപമാണ്‌. (ആവ. 5:21) ഏതെങ്കിലും ഒരു ക്രിസ്‌ത്യാനി ഇതുപോലൊരു മോഹം മനസ്സിലിട്ടു താലോലിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അത്‌ പിഴുതെറിയാൻ പെട്ടെന്നുതന്നെ നടപടിയെടുക്കണം. സ്വാർഥമായ ഈ ആഗ്രഹം മനസ്സിൽ വളർന്നുവരാൻ അനുവദിച്ചശേഷം അത്‌ പിഴുതുമാറ്റുന്നത്‌ വലിയ വൈകാരികവേദന ഉണ്ടാക്കിയേക്കാം; എങ്കിൽപ്പോലും അങ്ങനെ ചെയ്യേണ്ടതാണ്‌. (മത്താ. 5:27-30) അത്തരം ചിന്ത തിരുത്തേണ്ടതും കപടഹൃദയത്തിന്റെ പാപപൂർണമായ ആഗ്രഹങ്ങളെ അമർച്ച ചെയ്യേണ്ടതും അതിപ്രധാനമാണ്‌.—യിരെ. 17:9.

18. നിങ്ങളുടെ അഭിപ്രായത്തിൽ, ദാമ്പത്യം എന്ന ദിവ്യദാനത്തെ നാം എങ്ങനെ വീക്ഷിക്കണം?

18 യഹോവയാംദൈവത്തെക്കുറിച്ചും ദാമ്പത്യം എന്ന അവന്റെ ദാനത്തെക്കുറിച്ചും ഒന്നുംതന്നെ അറിയാത്തവർപോലും ദാമ്പത്യബന്ധത്തോട്‌ കുറച്ചെങ്കിലും ആദരവുള്ളവരാണ്‌; അങ്ങനെയെങ്കിൽ, “സന്തുഷ്ടനായ ദൈവ”ത്തിനുവേണ്ടി ജീവിതം സമർപ്പിച്ച നാം അവന്റെ ദാനമായ ദാമ്പത്യജീവിതത്തെ എത്രയധികം വിലമതിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്‌! നമ്മുടെ ജീവിതം അതിന്റെ തെളിവായിരിക്കട്ടെ.—1 തിമൊ. 1:11, അടിക്കുറിപ്പ്‌.

[അടിക്കുറിപ്പ്‌]

a വിവാഹജീവിതത്തോടു ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്‌ “ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്‌തകത്തിന്റെ 10-ഉം 11-ഉം അധ്യായങ്ങൾ കാണുക.

[അധ്യയന ചോദ്യങ്ങൾ]

[6-ാം പേജിലെ ആകർഷക വാക്യം]

ഒരു നല്ല ദാമ്പത്യം യഹോവയ്‌ക്കു ബഹുമതി കരേറ്റും, കുടുംബത്തിൽ ഏവർക്കും സന്തോഷം പകരും

[5-ാം പേജിലെ ചിത്രം]

ദാമ്പത്യം എന്ന ദിവ്യദാനത്തെ രൂത്ത്‌ വിലമതിച്ചു

[7-ാം പേജിലെ ചിത്രം]

ദാമ്പത്യം എന്ന ദിവ്യദാനത്തെ നിങ്ങൾ യഥാർഥത്തിൽ വിലമതിക്കുന്നുണ്ടോ?