വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തകർച്ചയുടെ വക്കിലെത്തിയ ദാമ്പത്യത്തെ എഴുതിത്തള്ളരുത്‌

തകർച്ചയുടെ വക്കിലെത്തിയ ദാമ്പത്യത്തെ എഴുതിത്തള്ളരുത്‌

തകർച്ചയുടെ വക്കിലെത്തിയ ദാമ്പത്യത്തെ എഴുതിത്തള്ളരുത്‌

‘വിവാഹിതരോടോ ഞാനല്ല, കർത്താവുതന്നെ നിർദേശിക്കുന്നു.’—1 കൊരി. 7:10.

വിശദീകരിക്കാമോ?

ദൈവമാണ്‌ ദമ്പതികളെ കൂട്ടിച്ചേർത്തിരിക്കുന്നത്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

വിവാഹജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിടുന്ന ക്രിസ്‌ത്യാനികളെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായിക്കാനാകും?

നാം ദാമ്പത്യത്തെ എങ്ങനെ കാണണം?

1. ക്രിസ്‌ത്യാനികൾ വിവാഹത്തെ എങ്ങനെ കാണുന്നു, എന്തുകൊണ്ട്‌?

 വിവാഹവേളയിൽ ക്രിസ്‌ത്യാനികൾ പ്രതിജ്ഞ ചെയ്യുന്നത്‌ ദൈവമുമ്പാകെയാണ്‌. അതുകൊണ്ടുതന്നെ, വിവാഹബന്ധത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട്‌. (സഭാ. 5:4-6) ദാമ്പത്യക്രമീകരണത്തിന്റെ ഉപജ്ഞാതാവ്‌ യഹോവയാണ്‌ എന്ന അർഥത്തിൽ, വിവാഹിതരാകുന്നവരെ ‘കൂട്ടിച്ചേർക്കുന്നത്‌’ അവനാണ്‌. (മർക്കോ. 10:9) വിവാഹത്തോടു ബന്ധപ്പെട്ട്‌ ഒരു രാജ്യത്ത്‌ നിലവിലുള്ള നിയമം എന്തുതന്നെയായാലും ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ കൂട്ടിച്ചേർക്കപ്പെട്ടവർതന്നെയാണ്‌. വിവാഹിതരായ സമയത്ത്‌ യഹോവയെ സേവിച്ചിരുന്നവരാണെങ്കിലും അല്ലെങ്കിലും യഹോവയുടെ ആരാധകർ വിവാഹത്തെ അവൻ കാണുന്നതുപോലെതന്നെ കാണണം.

2. ഈ ലേഖനത്തിൽ ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്‌?

2 വിജയകരമായ ഒരു ദാമ്പത്യം ഏറെ സന്തോഷദായകമായിരിക്കും. എന്നാൽ, ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നെങ്കിൽ എന്തു ചെയ്യാനാകും? ആടിയുലയുന്ന ഒരു ദാമ്പത്യത്തെ കരുത്തുറ്റതാക്കാൻ സാധിക്കുമോ? കുടുംബത്തിൽ സമാധാനം ഇല്ലാത്ത ദമ്പതികൾക്ക്‌ എന്തു സഹായം ലഭ്യമാണ്‌?

നിങ്ങളെ കാത്തിരിക്കുന്നത്‌ സന്തോഷമോ ഹൃദയവേദനയോ?

3, 4. ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഒരു വ്യക്തി ബുദ്ധിശൂന്യമായ തീരുമാനമെടുത്താൽ എന്തു സംഭവിച്ചേക്കാം?

3 ഒരു ക്രിസ്‌തീയ ദമ്പതികളുടെ ദാമ്പത്യജീവിതം വിജയിക്കുമ്പോൾ അത്‌ അവർക്ക്‌ സന്തോഷം നൽകുന്നതോടൊപ്പം യഹോവയ്‌ക്കു ബഹുമതി കരേറ്റുകയും ചെയ്യുന്നു. എന്നാൽ അത്‌ പരാജയപ്പെടുന്നെങ്കിലോ? അത്‌ വലിയ ഹൃദയവേദനയ്‌ക്ക്‌ ഇടയാക്കും. വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്ന ഒരു ക്രിസ്‌ത്യാനി ദൈവത്തിന്റെ നിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ വിവാഹജീവിതത്തിന്‌ നല്ലൊരു തുടക്കമിടാനാകും. എന്നാൽ, ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബുദ്ധിശൂന്യമായ തീരുമാനമെടുക്കുന്ന ഒരു വ്യക്തിക്ക്‌ അസംതൃപ്‌തിയും ദുഃഖവും അനുഭവിക്കേണ്ടിവന്നേക്കാം. ഉദാഹരണത്തിന്‌, വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നതിനു മുമ്പുതന്നെ ചിലർ പരസ്‌പരം അടുത്തറിയാനായി സമയം ചെലവഴിച്ചുതുടങ്ങുന്നു. ഇന്റർനെറ്റിൽനിന്ന്‌ ഇണയെ കണ്ടെത്തുന്ന ചിലർ തിരക്കിട്ട്‌ വിവാഹം കഴിക്കുന്നതും അസന്തുഷ്ടിക്ക്‌ ഇടയാക്കുന്നു. വിവാഹത്തിനു മുമ്പ്‌ അടുത്തു പരിചയപ്പെടാൻ വിനിയോഗിച്ച സമയത്ത്‌ ചിലർ ഗുരുതരമായ പാപം ചെയ്‌തതിനാൽ, പരസ്‌പരബഹുമാനം ഇല്ലാതെയായിരിക്കും അവർ വിവാഹജീവിതം ആരംഭിക്കുന്നത്‌.

4 ചില ക്രിസ്‌ത്യാനികൾ “കർത്താവിൽ” വിവാഹം കഴിക്കാത്തതുനിമിത്തം മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിൽ കഴിയേണ്ടിവരുന്നതിന്റെ വേദനകൾ അനുഭവിക്കുന്നു. (1 കൊരി. 7:39) നിങ്ങളുടെ അനുഭവം ഇതാണെങ്കിൽ ദൈവത്തിന്റെ ക്ഷമയ്‌ക്കും സഹായത്തിനും ആയി പ്രാർഥിക്കുക. ചെയ്‌തുപോയ പാപങ്ങളുടെ ഭവിഷ്യത്തുകൾ ദൈവം ഇല്ലാതാക്കുന്നില്ല. പക്ഷേ, പശ്ചാത്താപമുള്ള ഒരു വ്യക്തിയെ പരിശോധനകളിൽ സഹിച്ചുനിൽക്കാൻ യഹോവ സഹായിക്കും. (സങ്കീ. 130:1-4) ഇന്നും എന്നേക്കും ദൈവത്തെ പ്രീതിപ്പെടുത്താൻ ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം” ആയിരിക്കും.—നെഹെ. 8:10.

ദാമ്പത്യബന്ധത്തിന്‌ ഉലച്ചിൽ തട്ടുമ്പോൾ

5. ദാമ്പത്യത്തിൽ അസന്തുഷ്ടി അനുഭവിക്കുന്നവർ ഏതുതരം ചിന്തകൾ ഒഴിവാക്കണം?

5 ദാമ്പത്യജീവിതത്തിൽ അസന്തുഷ്ടി അനുഭവിക്കുന്നവർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എനിക്കു സന്തോഷം നൽകാത്ത ഈ ദാമ്പത്യം പരിരക്ഷിക്കാൻ തക്ക മൂല്യമുള്ളതാണോ? വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ച്‌, മറ്റൊരു ഇണയോടൊപ്പം ജീവിതം പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!’ ദാമ്പത്യത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിയാൻ അവർ ആഗ്രഹിച്ചേക്കാം: ‘ഇതിൽനിന്ന്‌ എങ്ങനെയെങ്കിലും ഒന്ന്‌ രക്ഷപ്പെടണം! വിവാഹമോചനത്തിനു ശ്രമിച്ചാലോ? വിവാഹമോചനം നേടാൻ തിരുവെഴുത്തടിസ്ഥാനം ഇല്ലെങ്കിൽ എന്തുകൊണ്ട്‌ വേർപിരിഞ്ഞ്‌ താമസിച്ച്‌ ജീവിതം ആസ്വദിച്ചുകൂടാ?’ ഇങ്ങനെയൊക്കെ ചിന്തിക്കുകയോ ജീവിതം എങ്ങനെ ആകേണ്ടതായിരുന്നെന്ന്‌ മനോരാജ്യം കാണുകയോ ചെയ്യുന്നതിനു പകരം ഒരു ക്രിസ്‌ത്യാനി ദൈവത്തിന്റെ മാർഗനിർദേശം ആരാഞ്ഞ്‌, അത്‌ അനുസരിച്ചുകൊണ്ട്‌ ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താൻ പരമാവധി ശ്രമിക്കുകയാണ്‌ വേണ്ടത്‌.

6. മത്തായി 19:9-ലെ യേശുവിന്റെ വാക്കുകളുടെ അർഥം വിശദീകരിക്കുക.

6 വിവാഹമോചനം നേടിയ ക്രിസ്‌ത്യാനിയായ ഒരു പുരുഷനോ സ്‌ത്രീക്കോ പുനർവിവാഹം ചെയ്യാൻ തിരുവെഴുത്തുകൾ എപ്പോഴും അനുമതി നൽകുന്നില്ല. യേശു പറഞ്ഞു: “പരസംഗം എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.” (മത്താ. 19:9) ഇവിടെ “പരസംഗം” എന്ന പദം വ്യഭിചാരത്തെയും മറ്റു ഗുരുതരമായ ലൈംഗികപാപങ്ങളെയും കുറിക്കുന്നു. ഇണകളിലാരും ലൈംഗിക അധാർമികതയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലോ? വിവാഹമോചനം നേടുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങുമ്പോൾത്തന്നെ, കാര്യങ്ങൾ ശരിയായി വിലയിരുത്തുന്നതിനുള്ള സഹായത്തിനായി പ്രാർഥിക്കേണ്ടത്‌ അതിപ്രധാനമാണ്‌.

7. ഒരു ക്രിസ്‌ത്യാനിയുടെ ദാമ്പത്യം തകരുമ്പോൾ മറ്റുള്ളവർ എന്തു ചിന്തിച്ചേക്കാം?

7 ദാമ്പത്യം തകരുന്നെങ്കിൽ ദമ്പതികളുടെ ആത്മീയതയെക്കുറിച്ച്‌ ചോദ്യമുയർന്നേക്കാം. പൗലോസ്‌ അപ്പൊസ്‌തലൻ ഗൗരവമുള്ള ഈ ചോദ്യമുന്നയിച്ചു: “സ്വന്തകുടുംബത്തെ നയിക്കാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?” (1 തിമൊ. 3:5) ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന ഇണകളുടെ ദാമ്പത്യം തകരുമ്പോൾ, അവർ പ്രസംഗിക്കുന്നതുപോലെ പ്രവർത്തിക്കുന്നവരല്ലെന്ന്‌ മറ്റുള്ളവർ ചിന്തിക്കാൻ ഇടയുണ്ട്‌.—റോമ. 2:21-24.

8. ക്രിസ്‌തീയ ദമ്പതികൾ പിരിയാൻ തീരുമാനിക്കുന്നെങ്കിൽ അത്‌ എന്തിന്റെ സൂചനയാണ്‌?

8 സ്‌നാനമേറ്റ ദമ്പതികൾ തിരുവെഴുത്തടിസ്ഥാനമില്ലാതെ വേർപിരിയാനോ വിവാഹമോചനം നേടാനോ തയ്യാറെടുക്കുന്നെങ്കിൽ തീർച്ചയായും അവരുടെ ആത്മീയ അവസ്ഥയ്‌ക്ക്‌ എന്തോ കുഴപ്പമുണ്ട്‌; സാധ്യതയനുസരിച്ച്‌ ഇണകളിൽ ഒരാളോ രണ്ടുപേരുമോ തിരുവെഴുത്തുതത്ത്വങ്ങൾ ബാധകമാക്കുന്നില്ല. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയി”ച്ചിരുന്നെങ്കിൽ, തങ്ങളുടെ ദാമ്പത്യത്തെ തകർച്ചയിൽനിന്നു രക്ഷിക്കാൻ കഴിയില്ലെന്ന്‌ അവർ നിഗമനം ചെയ്യില്ലായിരുന്നു.സദൃശവാക്യങ്ങൾ 3:5, 6 വായിക്കുക.

9. ദാമ്പത്യത്തെ പരിരക്ഷിക്കാൻ ക്ഷമയോടെ പ്രയത്‌നിച്ചതിന്റെ ഫലമായി ചില ക്രിസ്‌ത്യാനികൾക്ക്‌ എന്തു പ്രതിഫലം ലഭിച്ചിരിക്കുന്നു?

9 പരാജയത്തിലേക്കു കൂപ്പുകുത്തുകയാണെന്നു തോന്നിയ പല ദാമ്പത്യങ്ങളും കാലാന്തരത്തിൽ വിജയിച്ചിട്ടുണ്ട്‌. പ്രശ്‌നങ്ങൾ നിറഞ്ഞ ദാമ്പത്യത്തെ പെട്ടെന്ന്‌ എഴുതിത്തള്ളാത്ത ക്രിസ്‌ത്യാനികൾക്ക്‌ പലപ്പോഴും അതിന്റെ സത്‌ഫലങ്ങൾ ആസ്വദിക്കാനാകുന്നു. ഉദാഹരണത്തിന്‌, മതപരമായി ഭിന്നിച്ച കുടുംബത്തിൽ എന്തു മാറ്റമുണ്ടായേക്കാം എന്നു ചിന്തിച്ചുനോക്കൂ. പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. അങ്ങനെ, അവരിൽ ആരെങ്കിലും വചനം അനുസരിക്കാത്തവരായിട്ടുണ്ടെങ്കിൽ ഭയാദരവോടെയുള്ള നിങ്ങളുടെ നിർമലമായ നടപ്പു കണ്ടിട്ട്‌ ഒരു വാക്കും കൂടാതെ നിങ്ങളുടെ നടപ്പിനാൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.” (1 പത്രോ. 3:1, 2) അതെ, അവിശ്വാസിയായ ഒരു വ്യക്തി ഇണയുടെ നിർമലമായ നടപ്പുനിമിത്തം സത്യവിശ്വാസം സ്വീകരിച്ചേക്കാം! അങ്ങനെ ഒരു ദാമ്പത്യം പരിരക്ഷിക്കപ്പെടുമ്പോൾ അതു ദൈവത്തിനു മഹത്ത്വം കരേറ്റുകയും ഭർത്താവിനും ഭാര്യക്കും, മക്കളുണ്ടെങ്കിൽ അവർക്കും അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യും.

10, 11. പ്രതീക്ഷിക്കാത്ത എന്തെല്ലാം പ്രശ്‌നങ്ങൾ വിവാഹജീവിതത്തിൽ ഉടലെടുത്തേക്കാം, എന്നാൽ ഒരു ക്രിസ്‌ത്യാനിക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാനാകും?

10 യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ മിക്ക ക്രിസ്‌ത്യാനികളും സ്‌നാനമേറ്റ സഹവിശ്വാസികളെയാണ്‌ വിവാഹം കഴിക്കുന്നത്‌. എങ്കിൽപ്പോലും പിന്നീട്‌ സാഹചര്യങ്ങൾ അവിചാരിതമായി മാറിമറിഞ്ഞെന്നുവരും. ഉദാഹരണത്തിന്‌, അപൂർവം ചില അവസരങ്ങളിൽ ഇണയെ കടുത്ത വൈകാരികപ്രശ്‌നങ്ങൾ അലട്ടിത്തുടങ്ങിയേക്കാം. അല്ലെങ്കിൽ, ഇണ പ്രസംഗപ്രവർത്തനം നിറുത്തുകയും ആത്മീയമായി നിഷ്‌ക്രിയാവസ്ഥയിലാകുകയും ചെയ്‌തേക്കാം. ദൃഷ്ടാന്തത്തിന്‌, ലിൻഡ a എന്ന സഹോദരിയുടെ കാര്യമെടുക്കുക. തീക്ഷ്‌ണതയുള്ള ക്രിസ്‌ത്യാനിയും സ്‌നേഹനിധിയായ അമ്മയുമായ അവൾക്ക്‌ തന്റെ ഭർത്താവ്‌ അനുതാപമില്ലാതെ തിരുവെഴുത്തുവിരുദ്ധമായ പ്രവൃത്തികൾ ചെയ്‌തതുമൂലം സഭയിൽനിന്ന്‌ പുറത്താക്കപ്പെടുന്നത്‌ നിസ്സഹായയായി നോക്കിനിൽക്കേണ്ടിവന്നു. ഇതുപോലൊരു കാരണത്താൽ തന്റെ ദാമ്പത്യം തകരുന്നു എന്നു തോന്നുമ്പോൾ ഒരു ക്രിസ്‌ത്യാനി എന്തു ചെയ്യണം?

11 ‘എന്തുതന്നെ സംഭവിച്ചാലും എന്റെ വിവാഹബന്ധം രക്ഷിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കണം എന്നാണോ?’ എന്ന്‌ ഒരുപക്ഷേ നിങ്ങൾ ചോദിച്ചേക്കാം. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത്‌ മറ്റൊരാളല്ല, നിങ്ങൾതന്നെയാണ്‌. എന്നുവരികിലും, തകർച്ചയുടെ വക്കിലേക്കു നീങ്ങുന്ന ദാമ്പത്യത്തെ എഴുതിത്തള്ളാതിരിക്കാൻ തക്കതായ കാരണങ്ങൾ പലതുണ്ട്‌. വിഷമതകൾ നിറഞ്ഞ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ മനസ്സാക്ഷിനിമിത്തം സഹിക്കുന്ന ദൈവഭക്തരായ സ്‌ത്രീപുരുഷന്മാർ യഹോവയ്‌ക്കു വിലപ്പെട്ടവരാണ്‌. (1 പത്രോസ്‌ 2:19, 20 വായിക്കുക.) വിള്ളൽവീണ ദാമ്പത്യത്തെ രക്ഷിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുന്ന ഒരു ക്രിസ്‌ത്യാനിയെ യഹോവ തന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും സഹായിക്കും.

സഹായിക്കാൻ അവർ സന്നദ്ധരാണ്‌

12. നാം മൂപ്പന്മാരുടെ സഹായം തേടിയാൽ അവർ നമ്മെ എങ്ങനെ വീക്ഷിക്കും?

12 നിങ്ങൾക്ക്‌ ദാമ്പത്യപ്രശ്‌നങ്ങളുണ്ടെങ്കിൽ പക്വതയുള്ള ക്രിസ്‌ത്യാനികളിൽനിന്ന്‌ ആത്മീയസഹായം തേടാൻ മടി വിചാരിക്കരുത്‌. ഇടയന്മാരായി സേവിക്കുന്ന മൂപ്പന്മാർ തിരുവെഴുത്തുകളിലെ നിശ്വസ്‌ത ബുദ്ധിയുപദേശങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരും; അത്‌ ചെയ്യുന്നതിന്‌ അവർക്ക്‌ സന്തോഷമേ ഉള്ളൂ. (പ്രവൃ. 20:28; യാക്കോ. 5:14, 15) മൂപ്പന്മാരിൽനിന്ന്‌ ആത്മീയസഹായം തേടുകയോ അവരുമായി ഗൗരവമുള്ള ദാമ്പത്യപ്രശ്‌നങ്ങൾ ചർച്ചചെയ്യുകയോ ചെയ്‌താൽ അവർക്ക്‌ നിങ്ങളോട്‌ ഇരുവരോടും ഉള്ള ബഹുമാനം നഷ്ടമാകുമെന്നു നിഗമനം ചെയ്യരുത്‌. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള നിങ്ങളുടെ ആത്മാർഥമായ ആഗ്രഹം കാണുമ്പോൾ അവർക്ക്‌ നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും വർധിക്കുകയേ ഉള്ളൂ.

13. ഏതു ബുദ്ധിയുപദേശമാണ്‌ 1 കൊരിന്ത്യർ 7:10-16-ൽ ഉള്ളത്‌?

13 മതപരമായി ഭിന്നിച്ച കുടുംബങ്ങളിൽനിന്നുള്ള ക്രിസ്‌ത്യാനികൾ സഹായം തേടിയെത്തുമ്പോൾ പൗലോസ്‌ നൽകിയതുപോലുള്ള ബുദ്ധിയുപദേശങ്ങൾ മൂപ്പന്മാർ പരാമർശിക്കാറുണ്ട്‌. അവൻ ഇങ്ങനെ എഴുതി: “വിവാഹിതരോടോ ഞാനല്ല, കർത്താവുതന്നെ നിർദേശിക്കുന്നത്‌: ഭാര്യ ഭർത്താവിൽനിന്നു വേർപിരിയരുത്‌. ഇനി, വേർപിരിയേണ്ടിവരുന്നപക്ഷം അവൾ വിവാഹം കൂടാതെ കഴിയട്ടെ; അല്ലെങ്കിൽ ഭർത്താവുമായി രമ്യതയിലാകട്ടെ. ഭർത്താവ്‌ ഭാര്യയെ ഉപേക്ഷിക്കുകയുമരുത്‌. . . . ഭാര്യയേ, നീ നിന്റെ ഭർത്താവിനെ രക്ഷയിലേക്കു നയിക്കുകയില്ലെന്ന്‌ എങ്ങനെ അറിയാം? ഭർത്താവേ, നീ നിന്റെ ഭാര്യയെ രക്ഷയിലേക്കു നയിക്കുകയില്ലെന്ന്‌ എങ്ങനെ അറിയാം?” (1 കൊരി. 7:10-16) അവിശ്വാസിയായ ഇണ സത്യാരാധനയിലേക്കു വരുന്നെങ്കിൽ അത്‌ എത്ര വലിയ അനുഗ്രഹമാണ്‌!

14, 15. ക്രിസ്‌തീയ ഇണ വേർപിരിയുന്നതിനെക്കുറിച്ച്‌ ചിന്തിച്ചേക്കാവുന്നത്‌ എപ്പോൾ, എന്നാൽ അതിനെക്കുറിച്ച്‌ സത്യസന്ധമായി പ്രാർഥനാപൂർവം വിചിന്തനം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

14 ഒരു ക്രിസ്‌തീയ ഭാര്യ ‘വേർപിരിയുന്നതിനെ’ക്കുറിച്ചു ചിന്തിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണ്‌? ഇണ മനഃപൂർവം കുടുംബം നോക്കാതിരിക്കുന്നതുകൊണ്ടാണ്‌ ചിലർ വേർപിരിയാൻ തീരുമാനിക്കുന്നത്‌. മറ്റു ചിലർ അങ്ങനെ ചെയ്‌തിരിക്കുന്നത്‌ കടുത്ത ശാരീരിക ഉപദ്രവം നിമിത്തമോ ദൈവത്തെ സേവിക്കാൻ ഒരുവിധത്തിലും കഴിയാതെവരുമ്പോഴോ ആണ്‌.

15 വേർപിരിയണമോ വേണ്ടയോ എന്നത്‌ ഓരോ വ്യക്തിയുടെയും തീരുമാനമാണ്‌. എന്നുവരികിലും സ്‌നാനമേറ്റ ഇണ ഇക്കാര്യത്തെക്കുറിച്ച്‌ സത്യസന്ധമായി, പ്രാർഥനാപൂർവം വിചിന്തനം ചെയ്യേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, ക്രിസ്‌ത്യാനിയായ ഇണയ്‌ക്ക്‌ ദൈവത്തെ സേവിക്കാൻ സാധിക്കാത്തതിന്റെ പൂർണ ഉത്തരവാദിത്വം അവിശ്വാസിയായ ഇണയ്‌ക്കാണോ? അതോ ക്രിസ്‌ത്യാനിയായ ഇണ ബൈബിൾ പഠിക്കുന്നതിൽ ഉപേക്ഷ കാണിക്കുകയും യോഗങ്ങൾ മുടക്കുകയും ശുശ്രൂഷയിൽ ക്രമമായി പങ്കുപറ്റാതിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നോ?

16. വിവാഹമോചനത്തോടു ബന്ധപ്പെട്ട്‌ ക്രിസ്‌ത്യാനികൾ ധൃതിയിൽ ഒരു തീരുമാനമെടുക്കരുതാത്തത്‌ എന്തുകൊണ്ട്‌?

16 ദൈവവുമായുള്ള ബന്ധത്തെ നാം വളരെ മൂല്യമുള്ളതായി കാണുന്നതുകൊണ്ടും ദാമ്പത്യം എന്ന ദിവ്യദാനത്തോട്‌ നന്ദിയുള്ളതുകൊണ്ടും വിവാഹമോചനത്തോടു ബന്ധപ്പെട്ട്‌ നാം ധൃതിയിൽ ഒരു തീരുമാനമെടുക്കില്ല. യഹോവയുടെ സേവകർ എന്ന നിലയിൽ അവന്റെ നാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ നാം തത്‌പരരാണ്‌. അതുകൊണ്ടുതന്നെ, മറ്റൊരു വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇണയെ ഉപേക്ഷിക്കാൻ നാം പദ്ധതിയിടില്ല.—യിരെ. 17:9; മലാ. 2:13-16.

17. “സമാധാനത്തിൽ ജീവിക്കാനല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്‌” എന്ന്‌ ഏതു സാഹചര്യത്തിൽ പറയാം?

17 അവിശ്വാസിയായ ഭാര്യയോ ഭർത്താവോ ഉള്ള ഒരു ക്രിസ്‌ത്യാനി ആ ദാമ്പത്യം നിലനിറുത്താൻ തന്നാലാവുന്നതെല്ലാം ചെയ്യണം. എന്നാൽ ബന്ധം പരിരക്ഷിക്കാൻ ആത്മാർഥമായി ശ്രമിച്ചിട്ടും അവിശ്വാസിയായ ഇണ കൂടെ താമസിക്കാൻ വിസമ്മതിക്കുന്നെങ്കിൽ അതേപ്രതി ഒരു ക്രിസ്‌ത്യാനിക്ക്‌ കുറ്റബോധം തോന്നേണ്ടതില്ല. “അവിശ്വാസി വേർപിരിയുന്നെങ്കിലോ, വേർപിരിഞ്ഞുകൊള്ളട്ടെ. അത്തരം സാഹചര്യങ്ങളിൽ ആ സഹോദരനോ സഹോദരിയോ കടപ്പാടിൻകീഴിലല്ല. സമാധാനത്തിൽ ജീവിക്കാനല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്‌” എന്ന്‌ പൗലോസ്‌ എഴുതി.—1 കൊരി. 7:15. b

യഹോവയിങ്കൽ പ്രത്യാശവെക്കുക

18. ദാമ്പത്യത്തെ സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിലും അതിനായി പരിശ്രമിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമുണ്ടായേക്കാം?

18 ഏതെങ്കിലും ദാമ്പത്യപ്രശ്‌നം നേരിടേണ്ടിവരുമ്പോൾ ധൈര്യത്തിനായി യഹോവയിലേക്കു നോക്കുക; എപ്പോഴും യഹോവയിങ്കൽ പ്രത്യാശവെക്കുക. (സങ്കീർത്തനം 27:14 വായിക്കുക.) മുമ്പ്‌ പരാമർശിച്ച ലിൻഡ തന്റെ ദാമ്പത്യം പരിരക്ഷിക്കാൻ വർഷങ്ങളോളം ശ്രമിച്ചെങ്കിലും ഒടുവിൽ അത്‌ വിവാഹമോചനത്തിൽത്തന്നെ ചെന്നെത്തി. സമയം പാഴാക്കിയെന്ന്‌ അവൾക്ക്‌ തോന്നുന്നുണ്ടോ? അവൾ പറയുന്നു: “ഒരിക്കലുമില്ല. എന്റെ ശ്രമങ്ങൾ മറ്റുള്ളവർക്ക്‌ ഒരു നല്ല സാക്ഷ്യമായി. എനിക്ക്‌ ഒരു ശുദ്ധമനസ്സാക്ഷിയുണ്ട്‌. ഞങ്ങളുടെ മകൾക്ക്‌ വിശ്വാസത്തിൽ ഉറച്ച അടിസ്ഥാനം ലഭിക്കാൻ ആ വർഷങ്ങൾ അവസരം നൽകി എന്നതാണ്‌ എടുത്തുപറയേണ്ട ഒരു സംഗതി. അവൾ യഹോവയുടെ, തീക്ഷ്‌ണതയുള്ള സമർപ്പിത സാക്ഷിയായിത്തീർന്നു.”

19. ദാമ്പത്യം പരിരക്ഷിക്കാൻ ശ്രമിച്ചാൽ എന്തു ഫലമുണ്ടായേക്കാം?

19 വിവാഹബന്ധം കാത്തുസൂക്ഷിക്കാൻ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്‌ കഠിനശ്രമം ചെയ്‌ത മെർലിൻ എന്ന സഹോദരി ഇന്ന്‌ സന്തുഷ്ടയാണ്‌. അവൾ പറയുന്നു: “ഭർത്താവിൽനിന്ന്‌ സാമ്പത്തിക പിന്തുണ ഇല്ലാതിരുന്നതുകൊണ്ടും എന്റെ ആത്മീയത അപകടപ്പെട്ടേക്കാമെന്നതുകൊണ്ടും വേർപിരിയാൻ എനിക്ക്‌ തോന്നിയതാണ്‌. എന്റെ ഭർത്താവ്‌ ഒരു മൂപ്പനായിരുന്നു. എന്നാൽ ബുദ്ധിശൂന്യമായ ഒരു ബിസിനെസ്സിൽ ഉൾപ്പെട്ടതോടെ അദ്ദേഹം യോഗങ്ങൾ മുടക്കാൻ തുടങ്ങി. ഞങ്ങൾ പരസ്‌പരം മിണ്ടാതായി. ഞങ്ങളുടെ നഗരത്തിലുണ്ടായ ഒരു ഭീകരാക്രമണത്തെത്തുടർന്ന്‌ ഭയത്തിന്റെ പിടിയിലമർന്ന ഞാൻ ഒന്നുകൂടി ഉൾവലിഞ്ഞു. എന്റെ ഭാഗത്തും തെറ്റുണ്ടെന്ന്‌ പിന്നീട്‌ ഞാൻ മനസ്സിലാക്കി. പരസ്‌പരം സംസാരിക്കാൻ തുടങ്ങിയ ഞങ്ങൾ കുടുംബാധ്യയനം പുനരാരംഭിക്കുകയും യോഗങ്ങൾക്ക്‌ ക്രമമായി ഹാജരാകുകയും ചെയ്‌തു. ദയയോടെ ഇടപെട്ട മൂപ്പന്മാർ ഞങ്ങളെ ഏറെ സഹായിച്ചു. അങ്ങനെ ഞങ്ങളുടെ ദാമ്പത്യം വീണ്ടും തളിർത്തു. കാലാന്തരത്തിൽ എന്റെ ഭർത്താവ്‌ സഭാ ഉത്തരവാദിത്വങ്ങൾക്കു വേണ്ട യോഗ്യത നേടി. ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ പല പാഠങ്ങൾ പഠിച്ചെങ്കിലും എല്ലാം ശുഭമായി പര്യവസാനിച്ചു.”

20, 21. ദാമ്പത്യത്തിന്റെ കാര്യത്തിൽ നമ്മുടെ തീരുമാനം എന്തായിരിക്കണം?

20 ഏകാകികളാണെങ്കിലും വിവാഹിതരാണെങ്കിലും നമുക്ക്‌ എപ്പോഴും ധൈര്യത്തോടെ പ്രവർത്തിക്കാം, യഹോവയിങ്കൽ പ്രത്യാശവെക്കാം. വിവാഹജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നെങ്കിൽ, തങ്ങൾ “മേലാൽ രണ്ടല്ല: ഒരു ശരീരമത്രേ” എന്ന്‌ ഓർത്ത്‌ അവ പരിഹരിക്കാൻ ദമ്പതികൾ ആത്മാർഥമായി ശ്രമിക്കണം. (മത്താ. 19:6) മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിൽ പ്രയാസങ്ങളിന്മധ്യേയും നാം പിടിച്ചുനിൽക്കുന്നെങ്കിൽ ഇണയെ സത്യാരാധനയിലേക്കു നയിക്കുന്നതിന്റെ സന്തോഷം നമുക്ക്‌ അനുഭവിക്കാനായേക്കും എന്ന്‌ ഓർക്കുക.

21 നമ്മുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും സഭയ്‌ക്കു പുറത്തുള്ളവർക്ക്‌ ഒരു നല്ല സാക്ഷ്യം നൽകുന്ന വിധത്തിൽ പെരുമാറാൻ നാം എപ്പോഴും ശ്രദ്ധിക്കണം. ദാമ്പത്യം തകർച്ചയുടെ വക്കിലേക്കു നീങ്ങുകയാണെങ്കിൽ തീവ്രമായി പ്രാർഥിക്കുക, നമ്മുടെ ആന്തരം സത്യസന്ധമായി പരിശോധിക്കുക, തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിചിന്തിക്കുക, മൂപ്പന്മാരോട്‌ ആത്മീയ സഹായം ചോദിക്കുക. എല്ലാറ്റിനും ഉപരി, നാം ചെയ്യുന്ന സകലത്തിലും യഹോവയാംദൈവത്തെ പ്രസാദിപ്പിക്കാനും ദാമ്പത്യം എന്ന അവന്റെ വിശിഷ്ടദാനത്തോട്‌ യഥാർഥ വിലമതിപ്പു കാണിക്കാനും നമുക്ക്‌ തീരുമാനിച്ചുറയ്‌ക്കാം.

[അടിക്കുറിപ്പുകൾ]

a പേരുകൾ മാറ്റിയിട്ടുണ്ട്‌.

b “ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്‌തകത്തിന്റെ പേജ്‌ 251-253-ഉം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) 1988 നവംബർ 1 പേജ്‌ 26, 27-ഉം 1975 സെപ്‌റ്റംബർ 15 പേജ്‌ 575-ഉം കാണുക.

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ആകർഷക വാക്യം]

പ്രശ്‌നങ്ങൾ നിറഞ്ഞ ദാമ്പത്യത്തെ പെട്ടെന്ന്‌ എഴുതിത്തള്ളാത്ത ക്രിസ്‌ത്യാനികൾക്ക്‌ പലപ്പോഴും അതിന്റെ സത്‌ഫലങ്ങൾ ആസ്വദിക്കാനാകുന്നു

[12-ാം പേജിലെ ആകർഷക വാക്യം]

എപ്പോഴും യഹോവയിങ്കൽ പ്രത്യാശവെക്കുക, ധൈര്യത്തിനായി അവനോടു യാചിക്കുക

[9-ാം പേജിലെ ചിത്രം]

വിള്ളൽവീണ ദാമ്പത്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ക്രിസ്‌ത്യാനിയെ യഹോവ അനുഗ്രഹിക്കും

[11-ാം പേജിലെ ചിത്രം]

ആശ്വാസവും ആത്മീയ സഹായവും നൽകാൻ ക്രിസ്‌തീയ സഭയ്‌ക്കാകും