വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി”

അവർ “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി”

അവർ “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി”

“പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ ഉണ്ടായതല്ല; പിന്നെയോ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്‌താവിച്ചതത്രേ.”—2 പത്രോ. 1:21.

ചിന്തിക്കാൻ. . .

ബൈബിൾ എഴുത്തുകാർക്ക്‌ ദൈവത്തിൽനിന്നുള്ള സന്ദേശം പരിശുദ്ധാത്മാവിലൂടെ ലഭിച്ചത്‌ എങ്ങനെയാണ്‌?

ബൈബിൾ ദൈവനിശ്വസ്‌തമാണ്‌ എന്നതിന്‌ എന്തെല്ലാം തെളിവുകളുണ്ട്‌?

ദൈവവചനത്തോടുള്ള വിലമതിപ്പു കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കു ദിവസവും എന്തു ചെയ്യാനാകും?

1. ദൈവത്തിന്റെ നിശ്വസ്‌തവചനം നമുക്ക്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

 നമ്മൾ എവിടെനിന്നു വന്നു? നാം ഇവിടെയായിരിക്കുന്നത്‌ എന്തുകൊണ്ട്‌? നാം എവിടേക്കു പോകുന്നു? എന്തുകൊണ്ടാണ്‌ ഈ ലോകം ഇങ്ങനെ? മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു? ലോകമെങ്ങുമുള്ള ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളാണ്‌ ഇവ. ദൈവത്തിന്റെ നിശ്വസ്‌തവചനം ഇല്ലായിരുന്നെങ്കിൽ ഈ ചോദ്യങ്ങൾക്കും മറ്റു പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും നമുക്ക്‌ ഉത്തരം ലഭിക്കുമായിരുന്നോ? തിരുവെഴുത്തുകളുടെ അഭാവത്തിൽ പ്രധാനമായും അനുഭവമായിരിക്കും നമ്മുടെ ഗുരു. എന്നാൽ, അനുഭവം മാത്രമാണ്‌ നമ്മുടെ ഗുരുവെങ്കിൽ, ‘യഹോവയുടെ ന്യായപ്രമാണത്തെക്കുറിച്ച്‌’ സങ്കീർത്തനക്കാരന്‌ ഉണ്ടായിരുന്നതുപോലുള്ള വികാരങ്ങൾ നമുക്ക്‌ എപ്പോഴെങ്കിലും തോന്നുമായിരുന്നോ?—സങ്കീർത്തനം 19:7 വായിക്കുക.

2. ദൈവത്തിൽനിന്നുള്ള വിലയേറിയ സമ്മാനമായ ബൈബിളിനോടുള്ള വിലമതിപ്പു കാത്തുസൂക്ഷിക്കാൻ നമ്മെ എന്തു സഹായിക്കും?

2 ദുഃഖകരമെന്നു പറയട്ടെ, ബൈബിൾസത്യത്തോടുണ്ടായിരുന്ന ആദ്യസ്‌നേഹം തണുത്തുപോകാൻ ചിലർ അനുവദിച്ചിരിക്കുന്നു. (വെളിപാട്‌ 2:4 താരതമ്യം ചെയ്യുക.) അവർ മേലാൽ യഹോവയ്‌ക്ക്‌ പ്രസാദകരമായ വഴിയിലൂടെയല്ല നടക്കുന്നത്‌. (യെശ. 30:21) എന്നാൽ നമുക്ക്‌ ഈ അപകടം ഒഴിവാക്കാം. ബൈബിളിനോടും അതിന്റെ പഠിപ്പിക്കലിനോടും ഉള്ള വിലമതിപ്പ്‌ കാത്തുസൂക്ഷിക്കാൻ നമുക്കാകും, നാം അതു ചെയ്യുകയും വേണം. നമ്മുടെ സ്‌നേഹനിധിയായ സ്രഷ്ടാവിൽനിന്നുള്ള വിശേഷപ്പെട്ട ഒരു സമ്മാനമാണ്‌ ബൈബിൾ. (യാക്കോ. 1:17) ‘ദൈവത്തിന്റെ വചനത്തോടുള്ള’ വിലമതിപ്പു വർധിപ്പിക്കാൻ നമ്മെ എന്തു സഹായിക്കും? തിരുവെഴുത്തുകൾ എഴുതാൻ ബൈബിൾ എഴുത്തുകാരെ ദൈവം വഴിനയിച്ചത്‌ എങ്ങനെയെന്ന്‌ ചിന്തിക്കുന്നത്‌ നമുക്കു പ്രയോജനം ചെയ്യും. ദിവ്യനിശ്വസ്‌തതയുടെ നിരവധി തെളിവുകൾ അതിന്റെ ഭാഗമായി നാം പരിശോധിക്കും. ദൈവവചനം ദിവസവും വായിക്കാനും അതിലെ ബുദ്ധിയുപദേശം ബാധകമാക്കാനും ഈ പരിചിന്തനം നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌.—എബ്രാ. 4:12.

“പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി”—എങ്ങനെ?

3. പ്രവാചകന്മാരും ബൈബിൾ എഴുത്തുകാരും ‘പരിശുദ്ധാത്മാവിനാൽ പ്രചോദിതരായത്‌’ എങ്ങനെ?

3 ബി.സി. 1513-ൽ തുടങ്ങി എ.ഡി. 98 വരെയുള്ള ഏതാണ്ട്‌ 1,610 വർഷംകൊണ്ട്‌, 40-ഓളം വ്യത്യസ്‌ത പുരുഷന്മാർ എഴുതിയതാണ്‌ ബൈബിൾ. ‘പരിശുദ്ധാത്മാവിനാൽ പ്രചോദിതരായ’ പ്രവാചകന്മാരായിരുന്നു അവരിൽ ചിലർ. (2 പത്രോസ്‌ 1:20, 21 വായിക്കുക.) ‘പ്രചോദിതരായി’ എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദപ്രയോഗത്തിന്‌ “ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ എടുത്തുകൊണ്ടുപോകപ്പെട്ടു, വഹിച്ചുകൊണ്ടുപോകപ്പെട്ടു” എന്നൊക്കെ അർഥമുണ്ട്‌; ആ പദപ്രയോഗത്തെ, “ചലിപ്പിക്കപ്പെടുക, നയിക്കപ്പെടുക, പ്രചോദിതനാക്കപ്പെടുക എന്നും പരിഭാഷപ്പെടുത്താം.” a പ്രവൃത്തികൾ 27:15-ൽ കാറ്റിനു വഴിപ്പെട്ട്‌ ചലിക്കുന്ന, കാറ്റ്‌ ഒരു പ്രത്യേകദിശയിൽ നയിക്കുന്ന, കപ്പലിനെക്കുറിച്ചു വർണിക്കുമ്പോൾ അതേ ഗ്രീക്ക്‌ പദപ്രയോഗത്തെ “ഗതിക്കൊപ്പം നീങ്ങി” എന്നാണ്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ബൈബിൾ എഴുത്തുകാരും പ്രവാചകന്മാരും “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി” എന്ന്‌ പറയുമ്പോൾ ദൈവം പരിശുദ്ധാത്മാവിലൂടെ അവരെ കാര്യങ്ങൾ അറിയിച്ചു, അവരെ വഴിനയിച്ചു എന്നാണ്‌ അർഥം. അതുകൊണ്ടുതന്നെ, അവർ രേഖപ്പെടുത്തിയത്‌ സ്വന്തം ആശയങ്ങളായിരുന്നില്ല, മറിച്ച്‌ ദൈവത്തിന്റെ ചിന്തകളായിരുന്നു. നിശ്വസ്‌തതയിൽ തങ്ങൾ പ്രവചിച്ചതിന്റെയോ എഴുതിയതിന്റെയോ അർഥം പ്രവാചകന്മാർക്കും ബൈബിൾ എഴുത്തുകാർക്കും ചിലപ്പോഴൊക്കെ മനസ്സിലായിരുന്നില്ല. (ദാനീ. 12:8, 9) അതെ, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌.” അതിൽ മനുഷ്യന്റെ അഭിപ്രായങ്ങൾ അടങ്ങിയിട്ടില്ല.—2 തിമൊ. 3:16.

4-6. തന്റെ സന്ദേശം ബൈബിൾ എഴുത്തുകാർക്ക്‌ പകർന്നുകൊടുക്കാൻ യഹോവ ഏതെല്ലാം മാർഗങ്ങൾ സ്വീകരിച്ചു? ഉദാഹരിക്കുക.

4 അങ്ങനെയെങ്കിൽ, ദൈവത്തിൽനിന്നുള്ള സന്ദേശം പരിശുദ്ധാത്മാവിലൂടെ ബൈബിൾ എഴുത്തുകാർക്ക്‌ ലഭിച്ചത്‌ എങ്ങനെയാണ്‌? അവർക്ക്‌ ഓരോ വാക്കുകളും ലഭിക്കുകയായിരുന്നോ? അതോ സ്വന്തം വാക്കുകളിൽ എഴുതാൻ പാകത്തിന്‌ അവർക്ക്‌ ആശയങ്ങൾ നൽകുകയായിരുന്നോ? ഒരു കത്ത്‌ തയ്യാറാക്കുന്ന ബിസിനെസ്സുകാരനെപ്പറ്റി ചിന്തിക്കുക. ഓരോ വാക്കിനും പ്രാധാന്യമുള്ളപ്പോൾ അദ്ദേഹംതന്നെ ആ കത്ത്‌ എഴുതിയേക്കാം; അല്ലെങ്കിൽ, തന്റെ സെക്രട്ടറിക്ക്‌ ഓരോ വാക്കും പറഞ്ഞുകൊടുത്തേക്കാം. സെക്രട്ടറി ആ കത്ത്‌ ടൈപ്പുചെയ്‌തതിനു ശേഷം ബിസിനെസ്സുകാരൻ അതിൽ ഒപ്പുവെക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ, അദ്ദേഹം പ്രധാനപ്പെട്ട ആശയങ്ങൾ മാത്രം നൽകും; സെക്രട്ടറി തന്റേതായ വാക്കുകൾ ഉപയോഗിച്ച്‌ സ്വന്തം ശൈലിയിൽ ആ കത്ത്‌ തയ്യാറാക്കും. അതിനു ശേഷം ബിസിനെസ്സുകാരൻ ആ കത്ത്‌ വായിച്ച്‌ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടേക്കാം. തയ്യാറായിക്കഴിഞ്ഞ ആ കത്തിൽ ഒടുവിൽ ബിസിനെസ്സുകാരൻ ഒപ്പുവെക്കുന്നതോടെ കത്ത്‌ അദ്ദേഹത്തിന്റേതായി.

5 സമാനമായി, ചില ബൈബിൾഭാഗങ്ങൾ “ദൈവത്തിന്റെ വിരൽകൊണ്ട്‌” എഴുതിയതാണ്‌. (പുറ. 31:18) വാക്കുകൾക്ക്‌ പ്രാധാന്യമുള്ളപ്പോൾ ഓരോ വാക്കും യഹോവ പറഞ്ഞുകൊടുത്തിട്ടുമുണ്ട്‌. ഉദാഹരണത്തിന്‌, പുറപ്പാടു 34:27 (ഓശാന ബൈബിൾ) ഇങ്ങനെ വായിക്കുന്നു: “(യഹോവ) തുടർന്നു മോശയോട്‌ അരുൾ ചെയ്‌തു: ‘ഈ വാക്കുകൾ എഴുതിക്കൊൾക. ഈ വാക്കുകൾക്ക്‌ അനുസൃതമായി ഞാൻ നിന്നോടും ഇസ്രായേലിനോടും ഉടമ്പടി ചെയ്‌തിരിക്കുന്നു.’” ഇതുപോലെ, “ഞാൻ നിന്നോടു പറയുന്ന സകലവാക്കുകളെയും ഒരു പുസ്‌തകത്തിൽ എഴുതിക്കൊൾക!” എന്ന്‌ യഹോവ യിരെമ്യാപ്രവാചകനോടും പറഞ്ഞു.—യിരെ. 30:2, ഗുണ്ടർട്ട്‌ ബൈബിൾ.

6 എന്നാൽ മിക്കപ്പോഴും വാക്കുകൾ നൽകുന്നതിനു പകരം ആശയങ്ങൾ അത്ഭുതകരമായി ബൈബിൾ എഴുത്തുകാരുടെ മനസ്സുകളിലേക്കും ഹൃദയങ്ങളിലേക്കും പകരുകയാണുണ്ടായത്‌. ആ ആശയങ്ങൾ തങ്ങൾ തിരഞ്ഞെടുത്ത, തങ്ങളുടേതായ വാക്കുകളിൽ രേഖപ്പെടുത്താൻ ദൈവം അവരെ അനുവദിച്ചു. “ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു” എന്ന്‌ സഭാപ്രസംഗി 12:10 പറയുന്നു. സുവിശേഷ എഴുത്തുകാരനായ ലൂക്കോസ്‌ ‘തുടക്കംമുതൽ എല്ലാ കാര്യങ്ങളും കൃത്യതയോടെ പരിശോധിച്ചിട്ടുള്ളതിനാൽ അവ ക്രമത്തിൽ എഴുതാൻ ഉറച്ചു.’ (ലൂക്കോ. 1:3) മനുഷ്യന്റെ അപൂർണത ദിവ്യസന്ദേശത്തെ കളങ്കപ്പെടുത്തുന്നില്ലെന്ന്‌ ദൈവാത്മാവ്‌ ഉറപ്പുവരുത്തി.

7. ബൈബിൾ എഴുതാൻ മനുഷ്യരെ ഉപയോഗിച്ചതിൽ ദൈവത്തിന്റെ ജ്ഞാനം പ്രകടമായത്‌ എങ്ങനെ?

7 ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെ ഉപയോഗിച്ചതിൽ അവന്റെ മഹത്തായ ജ്ഞാനം പ്രകടമാണ്‌. വാക്കുകൾക്ക്‌ വിവരങ്ങൾ മാത്രമല്ല വികാരവിചാരങ്ങളും കൈമാറാനാകും. ബൈബിൾ എഴുതാൻ ദൂതന്മാരെയാണ്‌ യഹോവ ഉപയോഗിച്ചിരുന്നതെങ്കിലോ? ഒരു സാധാരണ മനുഷ്യനു തോന്നുന്ന ഭയം, സങ്കടം, നിരാശ എന്നിവ മനുഷ്യർക്ക്‌ അനുഭവപ്പെടുന്ന അതേ വിധത്തിൽ വിവരിക്കാൻ അവർക്ക്‌ കഴിയുമായിരുന്നോ? പരിശുദ്ധാത്മാവിലൂടെ ലഭിച്ച ആശയങ്ങൾ രേഖപ്പെടുത്താൻ വേണ്ട വാക്കുകൾ തിരഞ്ഞെടുക്കാൻ അപൂർണമനുഷ്യരെ അനുവദിച്ചതുമൂലം എന്ത്‌ പ്രയോജനമുണ്ടായി? മനുഷ്യന്റെ വികാരവിചാരങ്ങളുടെ ഊഷ്‌മളതയും വൈവിധ്യവും ആകർഷകത്വവും സഹിതം ദൈവത്തിന്റെ സന്ദേശം മനുഷ്യരുടെ പക്കൽ എത്തി.

തെളിവുകൾ ധാരാളം

8. ബൈബിൾ മറ്റ്‌ മതഗ്രന്ഥങ്ങളിൽനിന്നു വ്യത്യസ്‌തമാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?

8 ദൈവത്തിന്റെ നിശ്വസ്‌തവചനമാണ്‌ ബൈബിൾ എന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. ദൈവത്തെ ഇത്ര നന്നായി നമുക്കു പരിചയപ്പെടുത്തുന്ന മറ്റൊരു മതഗ്രന്ഥമില്ല. ഹൈന്ദവഗ്രന്ഥങ്ങളുടെ കാര്യമെടുക്കുക. ദേവസ്‌തുതികൾ അടങ്ങിയ വേദങ്ങളും ആചാരാനുഷ്‌ഠാനക്രമങ്ങൾ വിവരിക്കുന്ന പുസ്‌തകങ്ങളും തത്ത്വചിന്തകൾ അടങ്ങിയ ഉപനിഷത്തുകളും ഇതിഹാസഗ്രന്ഥങ്ങളായ രാമായണവും മഹാഭാരതവും ഒക്കെ അതിൽ ഉൾപ്പെടുന്നു. ധർമോപദേശങ്ങൾ അടങ്ങിയ ഭഗവദ്‌ഗീത മഹാഭാരതത്തിന്റെ ഭാഗമാണ്‌. ബുദ്ധമതത്തിന്റെ കാര്യമോ? മൂന്നുവാല്യങ്ങളുള്ള ബുദ്ധമത ഗ്രന്ഥമായ ത്രിപിടകത്തിന്റെ ഒരു വാല്യം പ്രധാനമായും സന്ന്യാസജീവിതത്തിൽ പിൻപറ്റേണ്ട നിയമങ്ങളെക്കുറിച്ചുള്ളതാണ്‌. ബുദ്ധമത ഉപദേശങ്ങളെക്കുറിച്ചുള്ളതാണ്‌ മറ്റൊന്ന്‌. പിന്നത്തെ വാല്യം ബുദ്ധന്റെ വാമൊഴിയായ പഠിപ്പിക്കലുകളുടെ രേഖയാണ്‌. താൻ ദൈവമാണെന്ന്‌ ബുദ്ധൻ അവകാശപ്പെട്ടിട്ടില്ലെന്നു മാത്രമല്ല ദൈവത്തെക്കുറിച്ച്‌ വളരെ കുറച്ചു മാത്രമേ അദ്ദേഹം സംസാരിച്ചിട്ടുള്ളൂ. കൺഫ്യൂഷ്യസ്‌ മതഗ്രന്ഥങ്ങളെ സംബന്ധിച്ചെന്ത്‌? പണ്ടു നടന്ന സംഭവങ്ങളുടെ വിവരണങ്ങളും ധാർമികനിയമങ്ങളും മന്ത്രവിദ്യകളും ഗീതങ്ങളും അടങ്ങിയതാണ്‌ അവ. ഇസ്ലാംമതത്തിന്റെ വിശുദ്ധഗ്രന്ഥം ഭാവി മുൻകൂട്ടിക്കാണാൻ കഴിയുന്ന, സർവജ്ഞാനിയായ ഏകദൈവമുണ്ടെന്നു പഠിപ്പിക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിനു പ്രാവശ്യം ബൈബിളിൽ കാണുന്ന യഹോവ എന്ന ദൈവനാമം പോലും അതു വെളിപ്പെടുത്തുന്നില്ല.

9, 10. ബൈബിളിൽനിന്ന്‌ ദൈവത്തെക്കുറിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

9 മിക്കവാറും എല്ലാ പ്രമുഖമതഗ്രന്ഥങ്ങളും ദൈവത്തെക്കുറിച്ച്‌ വളരെ കുറച്ചു മാത്രം പറയുമ്പോൾ ബൈബിൾ യഹോവയാംദൈവത്തെയും അവന്റെ പ്രവർത്തനങ്ങളെയും നമുക്കു നന്നായി പരിചയപ്പെടുത്തുന്നു. അവന്റെ വ്യക്തിത്വത്തിന്റെ പല സവിശേഷതകളും മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു. ദൈവം സർവശക്തനും ജ്ഞാനിയും നീതിമാനും മാത്രമല്ല നമ്മെ സ്‌നേഹിക്കുന്നവനും ആണെന്ന്‌ അതു വെളിപ്പെടുത്തുന്നു. (യോഹന്നാൻ 3:16; 1 യോഹന്നാൻ 4:19 വായിക്കുക.) ബൈബിൾ നമ്മോട്‌ ഇങ്ങനെയും പറയുന്നു: ‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്‌.’ (പ്രവൃ. 10:34, 35) ബൈബിളിന്റെ ലഭ്യത ഈ സത്യത്തിന്‌ അടിവരയിടുന്നു. ലോകമെമ്പാടും 6,700-ഓളം ഭാഷകൾ ഉപയോഗത്തിലുണ്ടെങ്കിലും ഭാഷാവിദഗ്‌ധരുടെ കണക്കനുസരിച്ച്‌, ഇതിൽ ഏതാണ്ട്‌ 100 എണ്ണം മാത്രമാണ്‌ ലോകജനസംഖ്യയുടെ 90 ശതമാനം ആളുകൾ ഉപയോഗിക്കുന്നത്‌. എങ്കിൽപ്പോലും ബൈബിൾ മുഴുവനായോ ഭാഗികമായോ 2,400-ലധികം ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇന്ന്‌ ലോകത്തിൽ ഏതാണ്ട്‌ എല്ലാവർക്കുംതന്നെ സ്വന്തം ഭാഷയിൽ ബൈബിൾ ഭാഗികമായെങ്കിലും ലഭ്യമാണ്‌.

10 യേശു പറഞ്ഞു: “എന്റെ പിതാവ്‌ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.” (യോഹ. 5:17) യഹോവ ‘അനാദിയായും ശാശ്വതമായും ദൈവം ആണ്‌.’ അവൻ ചെയ്‌തിട്ടുള്ള സകലതിനെയുംകുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ! (സങ്കീ. 90:2) അവൻ പണ്ടുകാലത്ത്‌ ചെയ്‌തതും ഇക്കാലത്ത്‌ ചെയ്‌തുകൊണ്ടിരിക്കുന്നതും ഭാവിയിൽ ചെയ്യാനിരിക്കുന്നതും ആയ കാര്യങ്ങളെക്കുറിച്ച്‌ നമുക്കു മനസ്സിലാക്കിത്തരുന്നത്‌ ബൈബിൾ മാത്രമാണ്‌. അവനെ പ്രീതിപ്പെടുത്തുന്നതും അപ്രീതിപ്പെടുത്തുന്നതും എന്താണെന്നും തിരുവെഴുത്തുകൾ നമ്മെ പഠിപ്പിക്കുന്നു. നമുക്ക്‌ അവനോട്‌ അടുത്തു ചെല്ലാനാകുന്നത്‌ എങ്ങനെയെന്നും ബൈബിൾ പറയുന്നുണ്ട്‌. (യാക്കോ. 4:8) അതുകൊണ്ട്‌, വ്യക്തിപരമായ അനുധാവനങ്ങളോ മറ്റു വ്യാകുലതകളോ ദൈവത്തിൽനിന്ന്‌ നമ്മെ അകറ്റിക്കളയാതിരിക്കട്ടെ.

11. ആശ്രയയോഗ്യമായ ജ്ഞാനത്തിന്റെ നിറകുടമാണ്‌ ബൈബിൾ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

11 ആശ്രയയോഗ്യമായ ജ്ഞാനത്തിന്റെ നിറകുടമാണ്‌ ബൈബിൾ. ഈ ഗ്രന്ഥം ഉന്നതമായ ഒരു ഉറവിൽനിന്നുള്ളതാണ്‌ എന്നതിന്റെ തെളിവാണ്‌ അത്‌. പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “യഹോവയ്‌ക്ക്‌ ആലോചന പറഞ്ഞുകൊടുക്കാൻമാത്രം അവന്റെ മനസ്സ്‌ അറിഞ്ഞവൻ ആർ?” (1 കൊരി. 2:16) ഈ വാക്കുകൾ, തന്റെ സമകാലികരോട്‌ യെശയ്യാവ്‌ ചോദിച്ച പിൻവരുന്ന ചോദ്യത്തെ ആധാരമാക്കിയുള്ളതാണ്‌: “യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്‌തവനാർ?” (യെശ. 40:13) ആരുമില്ല എന്നതാണ്‌ ഉത്തരം. ദാമ്പത്യം, കുട്ടികളെ വളർത്തൽ, വിനോദം, സഹവാസം, അധ്വാനശീലം, സത്യസന്ധത, ധാർമികത എന്നിവയുടെ കാര്യത്തിൽ തിരുവെഴുത്തുകൾ നൽകുന്ന ബുദ്ധിയുപദേശം ഫലം കാണുന്നതിൽ ഒട്ടും അതിശയിക്കാനില്ല. ഒരിക്കലും തെറ്റിപ്പോകാത്ത ഉപദേശമാണ്‌ ബൈബിൾ നൽകുന്നത്‌. എപ്പോഴും പ്രായോഗികമായ നിർദേശങ്ങൾ നൽകാൻമാത്രം ജ്ഞാനം പക്ഷേ, മനുഷ്യർക്കില്ല. (യിരെ. 10:23) തങ്ങൾ നൽകുന്ന ഉപദേശങ്ങൾ പാളുന്നതായി കാണുമ്പോൾ മനുഷ്യർക്ക്‌ കൂടെക്കൂടെ അതിന്‌ ഭേദഗതികൾ വരുത്തേണ്ടതായിവരുന്നു. ‘മനുഷ്യരുടെ വിചാരങ്ങൾ മായ’ ആണെന്ന്‌ ബൈബിൾ പറയുന്നത്‌ എത്ര ശരിയാണ്‌.—സങ്കീ. 94:11.

12. നൂറ്റാണ്ടുകളോളം ബൈബിൾ എന്തിനെയെല്ലാം അതിജീവിച്ചിരിക്കുന്നു?

12 ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ സത്യദൈവമാണെന്നതിന്‌ ചരിത്രം സാക്ഷ്യം വഹിക്കുന്നു. തിരുവെഴുത്തുകളിലൂടെ ദൈവം നൽകിയ സന്ദേശം നശിപ്പിക്കാൻ പണ്ടുമുതൽക്കേ പലരും ശ്രമിച്ചിട്ടുണ്ട്‌. ബി.സി. 168-ൽ സിറിയയുടെ രാജാവായ അന്തിയോക്കസ്‌ നാലാമൻ ന്യായപ്രമാണപുസ്‌തകങ്ങൾ തിരഞ്ഞുപിടിച്ച്‌ അഗ്നിക്കിരയാക്കാൻ ശ്രമിച്ചു. റോമൻ ചക്രവർത്തിയായ ഡയക്ലീഷ്യൻ ക്രിസ്‌ത്യാനികളുടെ യോഗസ്ഥലങ്ങൾ നശിപ്പിക്കാനും അവരുടെ തിരുവെഴുത്തുകൾ കത്തിച്ചുകളയാനും എ.ഡി. 303-ൽ ഉത്തരവിടുകയുണ്ടായി. ഒരു ദശകത്തോളം ആ പ്രവർത്തനം തുടർന്നു. 11-ാം നൂറ്റാണ്ടിനുശേഷം പാപ്പാമാർ, സാധാരണ ജനങ്ങളുടെ ഭാഷയിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തുന്നതിനെ എതിർക്കാൻ തുടങ്ങി; ബൈബിൾപരിജ്ഞാനത്തിന്റെ വ്യാപനം തടയുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. സാത്താന്റെയും അവന്റെ അനുചരന്മാരുടെയും ഇത്തരം എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും ബൈബിൾ ഇന്നേവരെ അതിനെയെല്ലാം അതിജീവിച്ചിരിക്കുന്നു. മനുഷ്യകുലത്തിനു താൻ നൽകിയ ഈ സമ്മാനത്തെ ഇല്ലായ്‌മ ചെയ്യാൻ യഹോവ ആരെയും അനുവദിച്ചിട്ടില്ല.

അവർക്കു ബോധ്യമായത്‌ എങ്ങനെ?

13. ബൈബിൾ ദൈവനിശ്വസ്‌തമാണ്‌ എന്നതിന്‌ എന്തെല്ലാം തെളിവുകളുണ്ട്‌?

13 ബൈബിളിന്റെ നിശ്വസ്‌തതയ്‌ക്ക്‌ ഇനിയുമുണ്ട്‌ തെളിവുകൾ: അതിന്റെ ആന്തരികയോജിപ്പ്‌, ശാസ്‌ത്രീയകൃത്യത, നിവൃത്തിയേറിയ പ്രവചനങ്ങൾ, എഴുത്തുകാരുടെ സത്യസന്ധത, ജീവിതത്തെ മാറ്റിമറിക്കാനുള്ള അതിന്റെ കഴിവ്‌, ചരിത്രപരമായ കൃത്യത, കൂടാതെ, ഒന്നാമത്തെ ഖണ്ഡികയിൽ പരാമർശിച്ച ചോദ്യങ്ങൾക്ക്‌ അതു നൽകുന്ന തൃപ്‌തികരമായ ഉത്തരങ്ങൾ. ബൈബിൾ ദൈവത്തിൽനിന്നുള്ള ഗ്രന്ഥമാണെന്ന്‌ ബോധ്യംവരാൻ ചിലരെ സഹായിച്ചത്‌ എന്താണെന്ന്‌ നമുക്കു നോക്കാം.

14-16. (എ) ബൈബിൾ ദൈവനിശ്വസ്‌തമാണെന്ന്‌ ഒരു മുസ്ലീമിനും ഒരു ഹിന്ദുവിനും ഒരു അജ്ഞേയവാദിക്കും ബോധ്യപ്പെട്ടത്‌ എങ്ങനെ? (ബി) ബൈബിളിന്റെ ദിവ്യനിശ്വസ്‌തതയുടെ ഏതു തെളിവാണ്‌ നിങ്ങൾ ശുശ്രൂഷയിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്‌?

14 മധ്യപൂർവ ദേശത്തെ ഒരു രാജ്യത്ത്‌ മുസ്ലീമായി വളർന്നുവന്ന വ്യക്തിയാണ്‌ അൻവർ. b കുറച്ചുനാൾ അദ്ദേഹം വടക്കെ അമേരിക്കയിൽ താമസിച്ചിരുന്നു. ആ സമയത്ത്‌ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തിന്റെ വീട്ടുവാതിൽക്കൽ എത്തി. അൻവർ പറയുന്നു: “കുരിശുയുദ്ധങ്ങളെയും മതദ്രോഹവിചാരണകളെയും കുറിച്ച്‌ അറിയാമായിരുന്നതിനാൽ ക്രിസ്‌തീയ വിഭാഗങ്ങളെ ആ സമയത്ത്‌ എനിക്ക്‌ ഇഷ്ടമായിരുന്നില്ല. എങ്കിലും സ്വതവെ അന്വേഷണകുതുകിയായ ഞാൻ ബൈബിൾപഠനത്തിന്‌ സമ്മതിച്ചു.” അധികം വൈകാതെ സ്വദേശത്തേക്കു മടങ്ങിയ അൻവറിന്‌ സാക്ഷികളുമായുള്ള ബന്ധം നഷ്ടമായി. വർഷങ്ങൾക്കു ശേഷം യൂറോപ്പിലേക്കു താമസം മാറിയ അദ്ദേഹം ബൈബിൾപഠനം പുനരാരംഭിച്ചു. അദ്ദേഹം എന്തു നിഗമനത്തിൽ എത്തിച്ചേർന്നു? “ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയും തിരുവെഴുത്തുകളുടെ ആന്തരികയോജിപ്പും ആശയവൈരുധ്യങ്ങളുടെ അഭാവവും യഹോവയുടെ ആരാധകർക്കിടയിലെ സ്‌നേഹവും ബൈബിൾ ദൈവവചനമാണെന്ന്‌ എന്നെ ബോധ്യപ്പെടുത്തി,” അദ്ദേഹം പറഞ്ഞു. 1998-ൽ അൻവർ സ്‌നാനമേറ്റു.

15 മതഭക്തിയുള്ള ഒരു ഹൈന്ദവകുടുംബത്തിൽ വളർന്നുവന്നവളാണ്‌ 16 വയസ്സുള്ള ആശ. അവൾ പറയുന്നു: “അമ്പലത്തിൽ പോകുമ്പോഴും പ്രശ്‌നങ്ങൾ നേരിടുമ്പോഴും മാത്രമാണ്‌ ഞാൻ പ്രാർഥിച്ചിരുന്നത്‌. കാര്യങ്ങളെല്ലാം സുഗമമായി പോകുമ്പോൾ ഞാൻ ദൈവത്തെക്കുറിച്ച്‌ ചിന്തിച്ചിരുന്നതേയില്ല. എന്നാൽ, യഹോവയുടെ സാക്ഷികൾ വീട്ടുവാതിൽക്കൽ മുട്ടിയതോടെ എന്റെ ജീവിതം പാടേ മാറി.” ബൈബിൾ പഠിച്ച ആശയ്‌ക്ക്‌ ദൈവത്തെ തന്റെ സുഹൃത്തായി കാണാനായി. ബൈബിൾ ദൈവനിശ്വസ്‌തമാണെന്ന്‌ അവളെ ബോധ്യപ്പെടുത്തിയത്‌ എന്താണ്‌? അവൾ വിശദീകരിക്കുന്നു: “എന്റെ ചോദ്യങ്ങൾക്കെല്ലാം ബൈബിൾ ഉത്തരം നൽകി. ദൈവത്തെ കാണാതെതന്നെ അവനിൽ വിശ്വസിക്കാൻ അത്‌ എന്നെ സഹായിച്ചു. അതിനായി അമ്പലത്തിൽ പോയി വിഗ്രഹത്തെ വണങ്ങേണ്ടതില്ലെന്നു ഞാൻ മനസ്സിലാക്കി.”

16 ഒരു കത്തോലിക്കാ മതവിശ്വാസിയായാണ്‌ പൗല വളർന്നുവന്നത്‌. മുതിർന്നുവരവെ, അവൾ ഒരു അജ്ഞേയവാദി (ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാനാവില്ലെന്ന്‌ കരുതുന്നയാൾ) ആയിത്തീർന്നു. അങ്ങനെയിരിക്കെ, “മാസങ്ങളായി കാണാതിരുന്ന ഒരു സുഹൃത്തിനെ ഞാൻ വീണ്ടും കാണാനിടയായി,” അവൾ പറയുന്നു. “ഹിപ്പിപ്രസ്ഥാനം സജീവമായിരുന്ന കാലമായിരുന്നു അത്‌. ഒരു ഹിപ്പിയായിരുന്ന അവൻ ആളാകെ മാറി. മുടിവെട്ടി, താടിവടിച്ച്‌ വെടിപ്പായി കാണപ്പെട്ട അവൻ സന്തോഷവാനായിരുന്നു. ‘നിനക്ക്‌ എന്തു സംഭവിച്ചു, നീ എവിടെയായിരുന്നു?’ ഞാൻ ചോദിച്ചു. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയാണെന്നു പറഞ്ഞ്‌ അവൻ എന്നോടു സാക്ഷീകരിക്കാൻ തുടങ്ങി.” ബൈബിൾസത്യത്തിന്‌ ഒരു വ്യക്തിയെ ഇത്രയേറെ സ്വാധീനിക്കാനാകുമെന്ന്‌ മനസ്സിലാക്കിയ അവൾ ബൈബിളിൽ ആകൃഷ്ടയായി. അജ്ഞേയവാദിയായിരുന്ന അവൾ ദൈവത്തിന്റെ നിശ്വസ്‌തവചനമായി ബൈബിളിനെ അംഗീകരിച്ചു.

‘നിന്റെ വചനം എന്റെ കാലിനു ദീപമാകുന്നു’

17. ദിവസവും ദൈവവചനം വായിക്കുന്നതും അതിനെപ്പറ്റി ധ്യാനിക്കുന്നതും നിങ്ങൾക്ക്‌ എന്തു പ്രയോജനം ചെയ്യും?

17 തന്റെ പരിശുദ്ധാത്മാവിലൂടെ യഹോവ നൽകിയിരിക്കുന്ന മഹത്തായ ഒരു സമ്മാനമാണ്‌ ബൈബിൾ. ദിവസവും അതു വായിക്കുന്നതിൽ ആനന്ദം കണ്ടെത്തുക; അപ്പോൾ, ബൈബിളിനോടും അതിന്റെ ഗ്രന്ഥകാരനോടും നിങ്ങൾക്കുള്ള സ്‌നേഹം വർധിക്കും. (സങ്കീ. 1:1, 2) നിങ്ങളുടെ ചിന്തകളെ വഴിനയിക്കാനായി ദൈവാത്മാവിനെ നൽകാൻ യാചിച്ചുകൊണ്ട്‌ ഓരോ പ്രാവശ്യവും ബൈബിൾപഠനം പ്രാർഥനയോടെ ആരംഭിക്കുക. (ലൂക്കോ. 11:13) ബൈബിളിൽ അടങ്ങിയിരിക്കുന്നത്‌ ദൈവത്തിന്റെ ചിന്തകളാണ്‌. അതുകൊണ്ട്‌ ബൈബിൾ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ ദൈവത്തിന്റെ ചിന്തകൾ സ്വായത്തമാക്കാൻ നിങ്ങൾക്കാകും.

18. ബൈബിൾ പഠിക്കുന്നതിൽ തുടരാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌ എന്ത്‌?

18 സത്യത്തിന്റെ സൂക്ഷ്‌മപരിജ്ഞാനം സമ്പാദിക്കുന്നതോടൊപ്പം പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കുക. (സങ്കീർത്തനം 119:105 വായിക്കുക.) ഒരു കണ്ണാടിയിൽ നോക്കുന്നതുപോലെയായിരിക്കണം നിങ്ങളുടെ ബൈബിൾവായന. അങ്ങനെ വായിക്കുമ്പോൾ മാറ്റം വരുത്തേണ്ടത്‌ എന്തെങ്കിലും ‘കണ്ണിൽപ്പെടുന്നെങ്കിൽ’ മാറ്റം വരുത്തുക. (യാക്കോ. 1:23-25) ദൈവവചനം ഒരു വാളുപോലെയാണ്‌. നിങ്ങളുടെ വിശ്വാസങ്ങൾക്ക്‌ ഭീഷണിയുയർത്തുന്ന കാര്യങ്ങളെ പ്രതിരോധിക്കാനും സൗമ്യരായവരുടെ ഹൃദയങ്ങളിൽനിന്ന്‌ വ്യാജപഠിപ്പിക്കലുകൾ മുറിച്ചുമാറ്റാനും ആ വാൾ ഉപയോഗിക്കുക. (എഫെ. 6:17) അതെ, ബൈബിൾ എഴുതാൻ ഉപയോഗിക്കപ്പെട്ട പ്രവാചകന്മാരും മറ്റു പുരുഷന്മാരും “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായ”തിനെപ്രതി നന്ദിയുള്ളവരായിരിക്കാൻ നമുക്കു നിരവധി കാരണങ്ങളുണ്ട്‌!

[അടിക്കുറിപ്പുകൾ]

a പുതിയ നിയമത്തിന്റെയും മറ്റ്‌ ആദിമ ക്രിസ്‌തീയ സാഹിത്യത്തിന്റെയും ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ നിഘണ്ടു.

b ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ആകർഷക വാക്യം]

ദിവസവും ബൈബിൾ വായിക്കുന്നെങ്കിൽ അതിന്റെ ഗ്രന്ഥകാരനോടുള്ള നിങ്ങളുടെ സ്‌നേഹം വളരും

[26-ാം പേജിലെ ചിത്രം]

ഒപ്പുവെക്കുന്ന വ്യക്തിയുടേതാണ്‌ കത്ത്‌