വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജ്ഞാനികളായിരിക്കുക “സദുപദേശം” സമ്പാദിക്കുക

ജ്ഞാനികളായിരിക്കുക “സദുപദേശം” സമ്പാദിക്കുക

ജ്ഞാനികളായിരിക്കുക “സദുപദേശം” സമ്പാദിക്കുക

ജീവിതത്തെ പലപ്പോഴും സമുദ്രയാത്രയോടു താരതമ്യപ്പെടുത്താറുണ്ട്‌. ആ യാത്ര സുഗമമാക്കാൻ സഹായം കൂടിയേ തീരൂ. പക്ഷേ, മിക്കപ്പോഴും മനുഷ്യജ്ഞാനം ഇവിടെ ഉപകാരപ്പെടാറില്ല. ജീവിതമാകുന്ന സമുദ്രയാത്രയിലെ കാറ്റും കോളും നിമിത്തം അനേകർ കപ്പൽച്ചേതത്തിൽ അകപ്പെട്ടിരിക്കുന്നു. (സങ്കീ. 107:23, 27) ഈ രൂപകാലങ്കാരം എന്തുകൊണ്ടാണ്‌ അനുയോജ്യമായിരിക്കുന്നത്‌?

പണ്ടുകാലങ്ങളിൽ അനുഭവപരിചയമുള്ളവർക്കു മാത്രമേ സമുദ്രയാത്രയിലെ വെല്ലുവിളികളെ നേരിടാനാകുമായിരുന്നുള്ളൂ. സാധാരണയായി അത്‌ തഴക്കവും പഴക്കവും വന്ന നാവികരുടെ, ഒരുപക്ഷേ കപ്പിത്താന്മാരുടെ കീഴിൽ അഭ്യസിച്ചിരുന്ന ഒരു കലയായിരുന്നു. (പ്രവൃ. 27:9-11) പണ്ടത്തെ ചില ചിത്രരചനകളിൽ, കപ്പിത്താനെ മറ്റ്‌ ആളുകളെക്കാൾ വലുപ്പത്തിൽ ചിത്രീകരിച്ചുകൊണ്ട്‌ അവരുടെ ചുമതലയുടെ പ്രാധാന്യം എടുത്തുകാണിച്ചിട്ടുണ്ട്‌. അനന്തവിശാലമായ സമുദ്രത്തിലെ യാത്രയ്‌ക്ക്‌ തയ്യാറെടുക്കുന്നവർ നക്ഷത്രങ്ങളുടെ സ്ഥാനം, കാറ്റിന്റെ ഗതി, യാത്രാമധ്യേയുള്ള മറ്റു സൂചകങ്ങൾ, ഇവയെക്കുറിച്ചെല്ലാം പഠിച്ചിരുന്നു. അതുകൊണ്ടാണ്‌, അങ്ങനെ ഉപദേശം കൈക്കൊണ്ട്‌ വിദഗ്‌ധരായിത്തീർന്ന ചില സമുദ്രസഞ്ചാരികളെ “ജ്ഞാനികൾ” എന്ന്‌ ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത്‌.—യെഹെ. 27:8.

പണ്ടുകാലത്തെ കടൽയാത്രകൾപോലെ ദുഷ്‌കരമായിരിക്കാം ഇന്നത്തെ ജീവിതപ്രശ്‌നങ്ങൾ. എന്നാൽ, ഈ ജീവിതയാത്രയിൽ നമുക്ക്‌ സഹായം ലഭ്യമാണ്‌.

“സദുപദേശം” എവിടെനിന്ന്‌?

ജീവിതത്തെ സമുദ്രയാത്രയോടു താരതമ്യപ്പെടുത്തിയിരിക്കുന്നുവെന്ന വസ്‌തുത മനസ്സിൽപ്പിടിച്ചുകൊണ്ട്‌ നമുക്ക്‌ പിൻവരുന്ന തിരുവെഴുത്ത്‌ ഒന്നു പരിശോധിക്കാം: ‘ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിക്കുകയും, ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുകയും’ ചെയ്യുന്നു. (സദൃ. 1:5, 6) ഇവിടെ “സദുപദേശം” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ വാക്കിന്‌ പണ്ടുകാലങ്ങളിൽ ഒരു കപ്പിത്താൻ ചെയ്‌തിരുന്ന കാര്യങ്ങളെ കുറിക്കാനാകും. വൈദഗ്‌ധ്യത്തോടെ വഴിനയിക്കാനുള്ള പ്രാപ്‌തിയെ അത്‌ ദ്യോതിപ്പിക്കുന്നു.

ശ്രമം ആവശ്യമാണെങ്കിലും നമുക്ക്‌ “സദുപദേശം” സമ്പാദിക്കാനും ജീവിതമാകുന്ന സമുദ്രത്തിലൂടെ സുഗമമായി എങ്ങനെ യാത്ര ചെയ്യാമെന്ന്‌ പഠിക്കാനും സാധിക്കും. ‘ജ്ഞാനം,’ ‘വിവേകം,’ ‘പരിജ്ഞാനം’ ഇവ മൂന്നും നമ്മെ വഴിനയിക്കാൻ അനുവദിക്കണമെന്ന്‌ സദൃശവാക്യങ്ങൾ സൂചിപ്പിക്കുന്നു. (സദൃ. 1:2-6; 2:1-9) അതുകൊണ്ട്‌, ദിവ്യമാർഗനിർദേശം തേടുന്നത്‌ പ്രധാനമാണ്‌; അന്യായം പ്രവർത്തിക്കുന്നതിന്‌ ദുഷ്ടന്മാർപോലും മറ്റുള്ളവരോട്‌ ‘ഉപദേശം’ തേടാറുണ്ട്‌.—സദൃ. 12:5, പി.ഒ.സി. ബൈബിൾ.

ഇക്കാരണത്താൽ, ദൈവവചനം ഉത്സാഹത്തോടെ പഠിക്കേണ്ടത്‌ അതിപ്രധാനമാണ്‌. അത്തരം പഠനത്തിൽനിന്ന്‌ നമുക്കു യഹോവയെയും അവന്റെ ഗുണങ്ങൾ ഏറ്റവും നന്നായി പ്രതിഫലിപ്പിച്ച യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള അമൂല്യവിവരങ്ങൾ ഗ്രഹിക്കാനാകും. (യോഹ. 14:9) ക്രിസ്‌തീയ യോഗങ്ങളിൽനിന്നും ജ്ഞാനപൂർവമായ ബുദ്ധിയുപദേശങ്ങൾ ലഭിക്കുന്നു. മാതാപിതാക്കൾ ഉൾപ്പെടെ മറ്റുള്ളവരുടെ അനുഭവപരിചയത്തിൽനിന്നും നമുക്കു പ്രയോജനം നേടാനാകും.—സദൃ. 23:22.

കാര്യങ്ങൾ മുൻകൂട്ടി കണ്ട്‌ ആസൂത്രണം ചെയ്യുക

ആലങ്കാരികമായി പറഞ്ഞാൽ, കടൽ പ്രക്ഷുബ്‌ധമായിരിക്കുമ്പോഴാണ്‌ നമുക്ക്‌ “സദുപദേശം” വിശേഷാൽ ആവശ്യമായിരിക്കുന്നത്‌. ഒരു കുഴപ്പംപിടിച്ച സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയാൽ അത്‌ ദുരന്തത്തിൽ കലാശിച്ചേക്കാം.—യാക്കോ. 1:5, 6.

“സദുപദേശം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം യുദ്ധത്തോടു ബന്ധപ്പെട്ടും ഉപയോഗിച്ചിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ബൈബിൾ പറയുന്നു: “യുദ്ധം തുടങ്ങും മുമ്പ്‌ ശ്രദ്ധയോടെ ആസൂത്രണം ചെയ്യണം. ജയം നേടണമെങ്കിൽ നിരവധി നല്ല ഉപദേഷ്ടാക്കൾ വേണം.” (സദൃ. 24:6, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) “സദുപദേശം” എന്നതിന്റെ എബ്രായപദം തന്നെയാണ്‌ ഇവിടെ “ശ്രദ്ധയോടെ ആസൂത്രണം” ചെയ്യണം എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.

യുദ്ധതന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന ഒരു വ്യക്തിയെപ്പോലെ, നമ്മുടെ ആത്മീയതയ്‌ക്ക്‌ നേരിട്ടേക്കാവുന്ന അപകടങ്ങൾ നാം മുൻകൂട്ടി കാണണം. (സദൃ. 22:3) ഉദാഹരണത്തിന്‌, ഒരു പുതിയ ജോലി അല്ലെങ്കിൽ ജോലിക്കയറ്റം സ്വീകരിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കേണ്ട ഒരു സാഹചര്യമുണ്ടായേക്കാം. ശമ്പളവും യാത്രയ്‌ക്ക്‌ എടുക്കുന്ന സമയവും ഒക്കെ സ്വാഭാവികമായും നിങ്ങൾ കണക്കിലെടുക്കും. എന്നാൽ മറ്റു ചില കാര്യങ്ങളും വിലയിരുത്തേണ്ടതുണ്ട്‌: ബൈബിൾതത്ത്വങ്ങളുമായി ചേർന്നുപോകുന്ന ജോലിയാണോ അത്‌? ജോലിസമയം എന്റെ ക്രിസ്‌തീയ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കും, ഷിഫ്‌റ്റ്‌ അനുസരിച്ചാണ്‌ എന്റെ ജോലിയെങ്കിലോ?—ലൂക്കോ. 14:28-30.

യഹോവയുടെ സാക്ഷികളിൽ ഒരാളായ ലോറെറ്റയ്‌ക്ക്‌ നല്ലൊരു ജോലിയുണ്ടായിരുന്നു. അവൾ ജോലിചെയ്‌തുകൊണ്ടിരുന്ന കമ്പനി മറ്റൊരു സ്ഥലത്തേക്കു മാറ്റിയപ്പോൾ അവൾക്കു അവിടെ നല്ലൊരു പദവി കമ്പനി വാഗ്‌ദാനം ചെയ്‌തു. “ഇതൊരു അപൂർവ സൗഭാഗ്യമാണ്‌, മാത്രമല്ല അവിടെ ഒരു രാജ്യഹാളുമുണ്ട്‌” എന്ന്‌ കമ്പനി മേധാവികൾ അവളോടു പറഞ്ഞു. എന്നാൽ, സ്രഷ്ടാവിനെ കൂടുതൽ നന്നായി സേവിക്കാൻ കഴിയേണ്ടതിന്‌ തന്റെ ജീവിതം ലളിതമാക്കാനാണ്‌ ലോറെറ്റ ആഗ്രഹിച്ചത്‌. തനിക്കു വാഗ്‌ദാനം ചെയ്‌ത പദവി ക്രിസ്‌തീയ പ്രവർത്തനങ്ങൾക്ക്‌ വേണ്ട സമയത്തിന്റെ നല്ലൊരു ഭാഗം അപഹരിക്കുമെന്ന്‌ അവൾക്ക്‌ അറിയാമായിരുന്നു. തങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരേയൊരു ജോലിക്കാരി ലോറെറ്റയാണെന്ന്‌ കമ്പനിമേധാവികളിൽ ഒരാൾ വെളിപ്പെടുത്തിയെങ്കിലും അവൾ രാജിക്കത്ത്‌ സമർപ്പിച്ചു. കഴിഞ്ഞ 20 വർഷമായി ലോറെറ്റ ഒരു സാധാരണ പയനിയറാണ്‌. ദൈവവചനത്തിലെ ‘സദുപദേശത്തിനു’ ചേർച്ചയിൽ ആസൂത്രണം ചെയ്‌തതുകൊണ്ടാണ്‌ തനിക്കു ദൈവസേവനത്തിൽ നല്ല ഫലങ്ങൾ ആസ്വദിക്കാനായതെന്ന്‌ അവൾ പറയുന്നു. യഹോവയുമായി അവൾ തന്റെ ബന്ധം കരുത്തുറ്റതാക്കി, ബൈബിൾസത്യം സ്വീകരിക്കാൻ അനേകരെ സഹായിക്കാനുള്ള പദവിയും അവൾക്കു ലഭിച്ചു.

“സദുപദേശം” തീർച്ചയായും കുടുംബത്തിൽ പ്രയോജനം ചെയ്യും. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത്‌ ഒരു ചെറിയ ജോലിയല്ല, വർഷങ്ങൾ നീണ്ട പരിശ്രമം അതിന്‌ ആവശ്യമാണ്‌. ആത്മീയവും ഭൗതികവും ആയ കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ മുഴു കുടുംബത്തിന്റെയും ഭാവിയെ ബാധിക്കും. (സദൃ. 22:6) ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ സ്വയം ഇങ്ങനെ ചോദിക്കാനാകും: ‘സംസാരത്താലും മാതൃകയാലും കുട്ടികളുടെ പിൽക്കാല ജീവിതത്തിൽ ഉപകരിക്കുന്ന ആത്മീയ മൂല്യങ്ങൾ ഞങ്ങൾ അവരെ പഠിപ്പിക്കുന്നുണ്ടോ? ക്രിസ്‌തീയ ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ ലളിതജീവിതം നയിക്കുന്നതിലൂടെ സംതൃപ്‌തി ലഭിക്കുമെന്ന്‌ ഞങ്ങളുടെ ജീവിതം അവരെ പഠിപ്പിക്കുമോ?—1 തിമൊ. 6:6-10, 18, 19.

വസ്‌തുവകകൾക്കും സമൂഹത്തിലെ സ്ഥാനമാനങ്ങൾക്കും പിന്നാലെ പോകുന്നവരാണ്‌ ലോകത്തിലുള്ള പലരും. എന്നാൽ, അതൊന്നുമല്ല യഥാർഥ ജീവിതവിജയത്തിന്റെ താക്കോൽ. ഇത്‌ തിരിച്ചറിഞ്ഞവനാണ്‌ ശലോമോൻരാജാവ്‌. നിശ്വസ്‌തതയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരും.’ (സഭാ. 8:12) ദൈവവചനത്തിൽ വേരുറച്ചതും അതിനു ചേർച്ചയിലുള്ളതും ആയ “സദുപദേശം” തേടുന്നതാണ്‌ ജ്ഞാനം എന്ന വസ്‌തുതയ്‌ക്ക്‌ ഈ വാക്കുകൾ അടിവരയിടുന്നു.—2 തിമൊ. 3:16, 17.

[30-ാം പേജിലെ ചിത്രം]

കപ്പിത്താന്മാരുടെ ചുമതലയുടെ പ്രാധാന്യം എടുത്തുകാണിക്കാൻ, ചില ചിത്രരചനകളിൽ അവരെ മറ്റ്‌ നാവികരെക്കാൾ വലുപ്പത്തിൽ ചിത്രീകരിച്ചിരുന്നു

[കടപ്പാട്‌]

Su concessione del Ministero per i Beni e le Attività Culturali. യാതൊരു വിധത്തിലും ഈ ചിത്രം പുനഃസൃഷ്ടിക്കുകയോ ഇതിന്റെ പകർപ്പെടുക്കുകയോ ചെയ്യരുത്‌.