വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നിങ്ങളെ യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കട്ടെ!

യഹോവ നിങ്ങളെ യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കട്ടെ!

യഹോവ നിങ്ങളെ യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കട്ടെ!

‘സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണത്തിൽ ഉറ്റുനോക്കുക.’—യാക്കോ. 1:25.

വിശദീകരിക്കാമോ?

യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന പ്രമാണം എന്താണ്‌, അതിൽനിന്ന്‌ ആർ പ്രയോജനം നേടുന്നു?

എന്താണ്‌ യഥാർഥ സ്വാതന്ത്ര്യത്തിന്റെ രഹസ്യം?

ജീവനിലേക്കു നയിക്കുന്ന പാതയിലായിരിക്കുന്ന ഏവരെയും ഏതു സ്വാതന്ത്ര്യം കാത്തിരിക്കുന്നു?

1, 2. (എ) ഇന്നത്തെ ലോകത്തിൽ സ്വാതന്ത്ര്യത്തിന്‌ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു, എന്തുകൊണ്ട്‌? (ബി) യഹോവയുടെ ദാസരെ ഏതു സ്വാതന്ത്ര്യം കാത്തിരിക്കുന്നു?

 അത്യാഗ്രഹവും അധർമവും അക്രമവും വർധിച്ചുവരുന്ന ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. (2 തിമൊ. 3:1-5) ഇതിനു പരിഹാരമെന്നോണം ഭരണകൂടങ്ങൾ കൂടുതൽ നിയമങ്ങൾ ഉണ്ടാക്കുകയും ക്രമസമാധാനസംവിധാനം ശക്തമാക്കുകയും പലയിടങ്ങളിൽ ക്യാമറകൾ ഉൾപ്പെടെയുള്ള നിരീക്ഷണോപാധികൾ സ്ഥാപിക്കുകയും ചെയ്യുന്നു. പൊതുജനങ്ങളുടെ കാര്യമോ? വീടുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ചില രാജ്യങ്ങളിൽ ആളുകൾ അപായമുന്നറിയിപ്പുകൾ മുഴക്കുന്ന അലാറങ്ങളും ഒന്നിലധികം പൂട്ടുകളും എന്തിന്‌, വൈദ്യുത കമ്പിവേലികൾപോലും സ്ഥാപിക്കുന്നു. പലരും രാത്രി പുറത്തിറങ്ങാറില്ല; രാത്രിയായാലും പകലായാലും കുട്ടികളെ തനിച്ച്‌ പുറത്ത്‌ കളിക്കാൻ വിടാനും ആളുകൾക്ക്‌ മടിയാണ്‌. സ്വാതന്ത്ര്യം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നു വ്യക്തം. സ്ഥിതിഗതികൾ വഷളാകുന്നതല്ലാതെ മെച്ചപ്പെടുന്ന ലക്ഷണമൊന്നും കാണുന്നില്ല.

2 യഹോവയുടെ നിയമങ്ങൾക്ക്‌ വിധേയരാകാതെ ജീവിക്കുന്നതാണ്‌ യഥാർഥ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയെന്ന്‌ ഏദെൻതോട്ടത്തിൽവെച്ച്‌ സാത്താൻ വാദിക്കുകയുണ്ടായി. ദ്രോഹബുദ്ധ്യാ പറഞ്ഞ നിഷ്‌ഠുരമായ ഒരു നുണയായിരുന്നു അതെന്ന്‌ കാലം തെളിയിച്ചു! ധാർമികതയുടെയും ആത്മീയതയുടെയും കാര്യത്തിൽ ദൈവം വെച്ചിരിക്കുന്ന അതിർവരമ്പുകൾ ആളുകൾ അവഗണിക്കുന്തോറും സമൂഹം ഒന്നടങ്കം ദുരിതത്തിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. അധഃപതിക്കുന്ന ഈ ലോകാവസ്ഥകൾ യഹോവയുടെ ദാസരായ നമ്മെയും ബാധിക്കുന്നു. എന്നാൽ, പാപത്തിന്റെയും ജീർണതയുടെയും അടിമത്തത്തിൽനിന്ന്‌ മനുഷ്യവർഗം വിടുവിക്കപ്പെടുമെന്നും അവർ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കുമെന്നും ഉള്ള പ്രത്യാശ നമുക്കുണ്ട്‌. (റോമ. 8:20, 21) ആ സ്വാതന്ത്ര്യം നേടുന്നതിനായി തന്റെ ദാസരെ യഹോവ ഒരുക്കിത്തുടങ്ങിയിരിക്കുന്നു. എങ്ങനെ?

3. യഹോവ ക്രിസ്‌ത്യാനികൾക്ക്‌ ഏതു പ്രമാണം തന്നിരിക്കുന്നു, നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

3 ബൈബിൾ എഴുത്തുകാരനായ യാക്കോബ്‌ പറഞ്ഞ, ‘സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണം’ അതിനായി യഹോവ നമുക്കു നൽകിയിരിക്കുന്നു. (യാക്കോബ്‌ 1:25 വായിക്കുക.) പ്രമാണം അഥവാ നിയമം എന്നു കേൾക്കുമ്പോൾ സാധാരണ മനസ്സിലേക്കു വരുക വിലക്കുകളാണ്‌, സ്വാതന്ത്ര്യമല്ല. അങ്ങനെയെങ്കിൽ, ‘സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണം’ എന്താണ്‌? എങ്ങനെയാണ്‌ ആ പ്രമാണം നമ്മെ സ്വതന്ത്രരാക്കുന്നത്‌?

സ്വതന്ത്രരാക്കുന്ന പ്രമാണം

4. ‘സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണം’ എന്താണ്‌, ആർ അതിൽനിന്ന്‌ പ്രയോജനം നേടുന്നു?

4 ‘സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണം’ മോശൈക ന്യായപ്രമാണമല്ല. കാരണം, സ്വാതന്ത്ര്യമേകുന്നതിനു പകരം ന്യായപ്രമാണം ലംഘനങ്ങളെ വെളിപ്പെടുത്തുകയാണ്‌ ചെയ്‌തത്‌; കൂടാതെ അത്‌ ക്രിസ്‌തുവിൽ നിവൃത്തിയായി അഥവാ പൂർത്തിയായി. (മത്താ. 5:17; ഗലാ. 3:19) അങ്ങനെയെങ്കിൽ, യാക്കോബ്‌ പരാമർശിച്ച പ്രമാണം എന്താണ്‌? “വിശ്വാസത്തിന്റെ പ്രമാണ”മെന്നും “സ്വതന്ത്രജനത്തിന്റെ പ്രമാണ”മെന്നും വിശേഷിപ്പിച്ചിട്ടുള്ള “ക്രിസ്‌തുവിന്റെ പ്രമാണം” ആയിരുന്നു അവന്റെ മനസ്സിലുണ്ടായിരുന്നത്‌. (ഗലാ. 6:2; റോമ. 3:27; യാക്കോ. 2:12) അതുകൊണ്ട്‌, യഹോവ നമ്മിൽനിന്ന്‌ ആവശ്യപ്പെടുന്നതെല്ലാം “തികവുറ്റ പ്രമാണത്തിൽ” ഉൾപ്പെടുന്നുണ്ട്‌. അഭിഷിക്ത ക്രിസ്‌ത്യാനികളും “വേറെ ആടുകളും” അതിൽനിന്ന്‌ പ്രയോജനം നേടുന്നു.—യോഹ. 10:16.

5. സ്വാതന്ത്ര്യമേകുന്ന പ്രമാണം ഒരു ഭാരമല്ലാത്തത്‌ എന്തുകൊണ്ട്‌?

5 പല രാജ്യങ്ങളുടെയും നിയമസംഹിതകൾപോലെ ഭാരപ്പെടുത്തുന്നതോ സങ്കീർണമോ അല്ല ‘തികവുറ്റ പ്രമാണം.’ ലളിതമായ കൽപ്പനകളും അടിസ്ഥാനതത്ത്വങ്ങളും ആണ്‌ അതിലുള്ളത്‌. (1 യോഹ. 5:3) “എന്റെ നുകം മൃദുവും എന്റെ ചുമട്‌ ലഘുവും ആകുന്നു” എന്ന്‌ യേശു പറയുകയുണ്ടായി. (മത്താ. 11:29, 30) കൂടാതെ, ‘തികവുറ്റ പ്രമാണ’ത്തിന്‌ നിയമങ്ങളും പിഴകളും ഉൾക്കൊള്ളുന്ന ഒരു നീണ്ട പട്ടിക നൽകേണ്ട ആവശ്യമില്ല. കാരണം, അത്‌ സ്‌നേഹത്തിൽ അധിഷ്‌ഠിതമാണ്‌; പോരാത്തതിന്‌ അത്‌ കൽപ്പലകകളിലല്ല പിന്നെയോ മനസ്സിലും ഹൃദയത്തിലും ആണ്‌ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്‌.എബ്രായർ 8:6, 10 വായിക്കുക.

‘തികവുറ്റ പ്രമാണം’ നമ്മെ സ്വതന്ത്രരാക്കുന്നത്‌ എങ്ങനെ?

6, 7. യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ എത്തരത്തിലുള്ളതാണ്‌, സ്വാതന്ത്ര്യത്തിന്റെ പ്രമാണം നമ്മെ സ്വതന്ത്രരാക്കുന്നത്‌ എങ്ങനെ?

6 ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളുടെ പ്രയോജനത്തെയും സുരക്ഷയെയും കരുതിയാണ്‌ യഹോവ ചില പരിധികൾ വെച്ചിരിക്കുന്നത്‌. ഗുരുത്വാകർഷണംപോലെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പ്രകൃതിനിയമങ്ങൾതന്നെ ഉദാഹരണം. ഇത്തരം നിയമങ്ങൾ തങ്ങളുടെ ജീവിതം പ്രയാസമാക്കുന്നതായി ആളുകൾ പരാതിപ്പെടാറില്ല. പകരം, അവ തങ്ങളുടെ പ്രയോജനത്തിനാണെന്നു തിരിച്ചറിയുന്നതുകൊണ്ട്‌ അവർ അതേപ്രതി നന്ദിയുള്ളവരാണ്‌. സമാനമായി, ക്രിസ്‌തുവിന്റെ “തികവുറ്റ പ്രമാണത്തിൽ” അടങ്ങിയിരിക്കുന്ന, യഹോവ വെച്ചിരിക്കുന്ന ധാർമികവും ആത്മീയവും ആയ നിലവാരങ്ങൾ മനുഷ്യന്റെ പ്രയോജനത്തിനുള്ളതാണ്‌.

7 സ്വാതന്ത്ര്യത്തിന്റെ പ്രമാണം ഒരു സംരക്ഷണമാണെന്നു മാത്രമല്ല നമുക്കു ഹാനിവരുത്താതെ, മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കാതെ, നമ്മുടെ ഉചിതമായ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ അനുവദിക്കുകയും ചെയ്യുന്നു. ഈ യഥാർഥ സ്വാതന്ത്ര്യം ആസ്വദിക്കാൻ നാം എന്താണ്‌ ചെയ്യേണ്ടത്‌? യഹോവയുടെ വ്യക്തിത്വവും നിലവാരങ്ങളും ആയി യോജിച്ചുപോകുന്ന ഉചിതമായ ആഗ്രഹങ്ങൾ വളർത്തിയെടുക്കുക; അപ്പോൾ ആഗ്രഹിക്കുന്നതെല്ലാം നമുക്കു ചെയ്യാനാകും, അതാണല്ലോ യഥാർഥ സ്വാതന്ത്ര്യം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവ സ്‌നേഹിക്കുന്നതിനെ സ്‌നേഹിക്കാനും അവൻ വെറുക്കുന്നതിനെ വെറുക്കാനും നാം പഠിക്കണം. സ്വാതന്ത്ര്യത്തിന്റെ പ്രമാണം അതിനു നമ്മെ സഹായിക്കും.—ആമോ. 5:15.

8, 9. സ്വാതന്ത്ര്യത്തിന്റെ പ്രമാണത്തോടു പറ്റിനിൽക്കുന്നതുകൊണ്ട്‌ എന്തെല്ലാം പ്രയോജനങ്ങളുണ്ട്‌? ഉദാഹരിക്കുക.

8 നാം അപൂർണരായതിനാൽ, തെറ്റായ ആഗ്രഹങ്ങളെ അമർച്ചചെയ്യാൻ ഒരു പോരാട്ടംതന്നെ നടത്തേണ്ടിവരാറുണ്ട്‌. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ പ്രമാണത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നെങ്കിൽ ഇപ്പോൾപ്പോലും ഒരു പരിധിവരെ സ്വാതന്ത്ര്യം അനുഭവിക്കാൻ നമുക്കാകും. ഉദാഹരണത്തിന്‌, ജെയ്‌ എന്നു പേരുള്ള ഒരു ബൈബിൾവിദ്യാർഥി പുകവലിശീലത്തിന്‌ അടിമയായിരുന്നു. തന്റെ ഈ ശീലം ദൈവത്തിന്‌ അനിഷ്ടമാണെന്നു മനസ്സിലാക്കിയപ്പോൾ ജെയ്‌ക്ക്‌ ഒരു തീരുമാനമെടുക്കേണ്ടിവന്നു: ജഡത്തിന്റെ ആഗ്രഹത്തിന്‌ തുടർന്നും കീഴ്‌പെടണമോ അതോ യഹോവയ്‌ക്ക്‌ കീഴ്‌പെടണമോ? പുകവലിക്കാനുള്ള ആഗ്രഹം അടക്കാൻ നന്നേ പാടുപെട്ടെങ്കിലും യഹോവയെ സേവിക്കുക എന്ന ബുദ്ധിപൂർവമായ ഗതി അദ്ദേഹം തിരഞ്ഞെടുത്തു. ഈ ദുശ്ശീലത്തിൽനിന്ന്‌ വിമുക്തനായപ്പോൾ ജെയ്‌ക്ക്‌ എന്തു തോന്നി? അദ്ദേഹം പറയുന്നു: “എനിക്ക്‌ എന്തെന്നില്ലാത്ത സ്വാതന്ത്ര്യവും സന്തോഷവും അനുഭവപ്പെട്ടു.”

9 ജെയ്‌യെ തന്റെ അനുഭവം എന്തു പഠിപ്പിച്ചു? ലോകം നൽകുന്ന സ്വാതന്ത്ര്യം, “ജഡത്തിന്റെ ചിന്ത” അനുസരിച്ചു ജീവിക്കാൻ അനുവദിക്കുമെങ്കിലും വാസ്‌തവത്തിൽ അത്‌ ആളുകളെ പാപത്തിന്റെ അടിമകളാക്കുകയാണ്‌; എന്നാൽ യഹോവ നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രമാണം അനുസരിച്ചു ജീവിക്കുന്നവർ “ആത്മാവിന്റെ ചിന്ത” ഉള്ളവരായതിനാൽ സ്വതന്ത്രരാണെന്നു മാത്രമല്ല ആ പ്രമാണം അവരെ ‘ജീവനിലേക്കും സമാധാനത്തിലേക്കും’ നയിക്കുകയും ചെയ്യുന്നു. (റോമ. 8:5, 6) ഈ ദുശ്ശീലത്തിന്റെ പിടിയിൽനിന്നു പുറത്തുകടക്കാനുള്ള ശക്തി ജെയ്‌ക്ക്‌ എവിടെനിന്നാണ്‌ ലഭിച്ചത്‌? അത്‌ സ്വയമേ ഉണ്ടായതല്ല, ദൈവത്തിൽനിന്നു ലഭിച്ചതാണ്‌. “ഞാൻ ക്രമമായി ബൈബിൾ പഠിക്കുകയും പരിശുദ്ധാത്മാവിനായി പ്രാർഥിക്കുകയും ക്രിസ്‌തീയ സഭ മനസ്സോടെ നീട്ടിത്തന്ന സ്‌നേഹപുരസ്സരമായ സഹായം സ്വീകരിക്കുകയും ചെയ്‌തു” എന്ന്‌ അദ്ദേഹം പറയുന്നു. യഥാർഥ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം തൃപ്‌തിപ്പെടുത്താൻ ഇതേ കരുതലുകൾ നമ്മെ ഏവരെയും സഹായിക്കും. അത്‌ എങ്ങനെയെന്ന്‌ നോക്കാം.

ദൈവവചനത്തിൽ ഉറ്റുനോക്കുക

10. ദൈവത്തിന്റെ പ്രമാണത്തിൽ ‘ഉറ്റുനോക്കുക’ എന്നാൽ എന്താണ്‌ അർഥം?

10 യാക്കോബ്‌ 1:25-ൽ നാം ഇങ്ങനെ വായിക്കുന്നു: “സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണത്തിൽ ഉറ്റുനോക്കി അതിൽ നിലനിൽക്കുന്നവനോ . . . തന്റെ പ്രവൃത്തിയിൽ സന്തോഷിക്കും.” ‘ഉറ്റുനോക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ ഒരു വസ്‌തുവിലേക്ക്‌ “സൂക്ഷിച്ചുനോക്കുന്നതിനായി കുനിയുക” എന്നാണ്‌ അർഥം. അതിന്‌ ശ്രമം ആവശ്യമാണ്‌. സ്വാതന്ത്ര്യത്തിന്റെ പ്രമാണം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കണമെങ്കിൽ ഉത്സാഹപൂർവം ബൈബിൾ പഠിക്കാനും വായിച്ച കാര്യങ്ങളെക്കുറിച്ച്‌ പ്രാർഥനാപൂർവം ധ്യാനിക്കാനും നമ്മുടെ ഭാഗത്ത്‌ ശ്രമം കൂടിയേതീരൂ എന്നു സാരം.—1 തിമൊ. 4:15.

11, 12. (എ) സത്യം നമ്മുടെ ജീവിതരീതിയാക്കേണ്ടതിന്റെ ആവശ്യം യേശു ഊന്നിപ്പറഞ്ഞത്‌ എങ്ങനെ? (ബി) വിശേഷാൽ യുവജനങ്ങൾ ഒഴിവാക്കേണ്ട ചില അപകടങ്ങൾ ഏവ? (മുകളിലെ ചിത്രം കാണുക.)

11 അതോടൊപ്പം, നാം ദൈവവചനം പ്രാവർത്തികമാക്കുന്നതിൽ ‘നിലനിൽക്കണം’ അഥവാ തുടരണം; അങ്ങനെ, “സത്യം” നമ്മുടെ ജീവിതരീതിയാക്കണം. തന്നിൽ വിശ്വാസമർപ്പിച്ച ചിലരോടു സംസാരിക്കവെ യേശു സമാനമായ ഒരു ആശയം പറഞ്ഞു: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ വാസ്‌തവമായും നിങ്ങൾ എന്റെ ശിഷ്യന്മാർ ആയിരിക്കും. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:31, 32) “ഒരു വ്യക്തി താൻ നേടിയെടുക്കുന്ന ‘അറിവിനെ’ മൂല്യവത്തായി അഥവാ പ്രധാനമായി കാണും” എന്ന്‌ ഒരു ബൈബിൾനിഘണ്ടു പറയുന്നു. അതുകൊണ്ട്‌, “അറിയുക” എന്ന പദത്തിന്‌ ഇവിടെ വിലമതിപ്പുണ്ടായിരിക്കുക എന്നും അർഥമുണ്ട്‌. അതെ, സത്യം ‘അറിയുന്നു’ എന്ന്‌ പൂർണ അർഥത്തിൽ നമുക്ക്‌ പറയാനാകണമെങ്കിൽ സത്യം നമ്മുടെ ജീവിതരീതിയായിരിക്കണം. അപ്പോൾ “ദൈവവചനം” നമ്മിൽ ‘വ്യാപരിച്ചുകൊണ്ടിരിക്കും.’ ഫലമോ? അത്‌ നമ്മുടെ വ്യക്തിത്വത്തെ പരുവപ്പെടുത്തും. അപ്പോൾ സ്വർഗീയ പിതാവിനെ കൂടുതൽ നന്നായി അനുകരിക്കാൻ നമുക്കാകും.—1 തെസ്സ. 2:13.

12 സ്വയം ചോദിക്കുക: ‘എനിക്ക്‌ യഥാർഥത്തിൽ സത്യം അറിയാമോ? ഞാൻ അത്‌ എന്റെ ജീവിതരീതിയാക്കിയിട്ടുണ്ടോ? അതോ ഞാൻ ഇപ്പോഴും ലോകം നൽകുന്ന ചില “സ്വാതന്ത്ര്യങ്ങൾ”ക്കായി കൊതിക്കുന്നുണ്ടോ?’ ക്രിസ്‌തീയ കുടുംബത്തിൽ വളർന്നുവന്ന ഒരു സഹോദരി തന്റെ ചെറുപ്പകാലത്തെക്കുറിച്ച്‌ ഓർക്കുന്നു: “‘സത്യത്തിൽ’ വളർന്നുവരുന്ന ഒരു വ്യക്തിക്ക്‌ യഹോവയെക്കുറിച്ച്‌ അറിയാം എന്നതു ശരിതന്നെ. പക്ഷേ, ഞാൻ അവനെ ഒരിക്കലും അടുത്തറിഞ്ഞില്ല. അവൻ വെറുക്കുന്നതിനെ വെറുക്കാൻ ഞാൻ ഒരിക്കലും പഠിച്ചില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങൾ അവൻ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ ഒരിക്കലും തോന്നിയില്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തെ സമീപിക്കുന്ന രീതിയും എനിക്കില്ലായിരുന്നു. ഞാൻ സ്വന്തം അറിവിലാണ്‌ ആശ്രയിച്ചത്‌. അത്‌ ബുദ്ധിയല്ലായിരുന്നെന്ന്‌ ഇപ്പോൾ മനസ്സിലാക്കുന്നു; കാരണം, എനിക്ക്‌ ഒന്നും അറിയില്ലായിരുന്നു.” സന്തോഷകരമെന്നു പറയട്ടെ, തന്റെ ചിന്താരീതി തെറ്റായിരുന്നെന്ന്‌ തിരിച്ചറിഞ്ഞ ഈ സഹോദരി പിന്നീട്‌ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഒരു സാധാരണ പയനിയറായി സേവിക്കാൻപോലും തുടങ്ങി.

സ്വാതന്ത്ര്യം നേടാൻ പരിശുദ്ധാത്മാവ്‌ നിങ്ങളെ സഹായിക്കും

13. സ്വാതന്ത്ര്യം നേടാൻ നമ്മെ ദൈവാത്മാവ്‌ സഹായിക്കുന്നത്‌ എങ്ങനെ?

13 “യഹോവയുടെ ആത്മാവുള്ളിടത്ത്‌ സ്വാതന്ത്ര്യവുമുണ്ട്‌” എന്ന്‌ 2 കൊരിന്ത്യർ 3:17-ൽ നാം വായിക്കുന്നു. പരിശുദ്ധാത്മാവ്‌ എങ്ങനെയാണ്‌ സ്വാതന്ത്ര്യം നേടാൻ നമ്മെ സഹായിക്കുന്നത്‌? മറ്റു സംഗതികളോടൊപ്പം, സ്വാതന്ത്ര്യം ആസ്വദിക്കാൻ നമുക്ക്‌ അവശ്യം വേണ്ട “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നീ ഗുണങ്ങൾ അത്‌ നമ്മിൽ ഉളവാക്കുന്നു. (ഗലാ. 5:22, 23) ഈ ഗുണങ്ങൾ, പ്രത്യേകിച്ച്‌ സ്‌നേഹം ഇല്ലാതെ ഒരു സമൂഹത്തിനും യഥാർഥ സ്വാതന്ത്ര്യം ലഭിക്കില്ല. ഇന്നത്തെ ലോകാവസ്ഥ അതിന്‌ അടിവരയിടുന്നു. ആത്മാവിന്റെ ഫലം പട്ടികപ്പെടുത്തിയശേഷം പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെയും പറഞ്ഞു: “ഇവയ്‌ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.” അവൻ എന്താണ്‌ ഉദ്ദേശിച്ചത്‌? ദൈവാത്മാവിന്റെ ഫലം നമ്മുടെ ജീവിതത്തിൽ വളരുന്നതിനു തടയിടാൻപോന്ന ഒരു പ്രമാണവുമില്ലെന്നാണ്‌ അതിന്റെ അർഥം. (ഗലാ. 5:18) അങ്ങനെയൊരു പ്രമാണം ഉണ്ടായിട്ട്‌ കാര്യവുമില്ല. നാം ക്രിസ്‌തുവിന്റേതിനു സമാനമായ ഗുണങ്ങൾ തുടർന്നും വളർത്തിയെടുക്കണമെന്നതും തടസ്സമേതുമില്ലാതെ അവ പ്രകടമാക്കണമെന്നതും യഹോവയുടെ ഹിതമാണ്‌.

14. ലോകത്തിന്റെ ആത്മാവ്‌ അതിനു കീഴ്‌പെടുന്നവരെ അടിമകളാക്കുന്നത്‌ ഏതൊക്കെ വിധങ്ങളിൽ?

14 ലോകത്തിന്റെ ആത്മാവിനാൽ വശീകരിക്കപ്പെടുകയും ജഡികമോഹങ്ങൾ തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്നവർ തങ്ങൾ സ്വതന്ത്രരാണെന്നു കരുതിയേക്കാം. (2 പത്രോസ്‌ 2:18, 19 വായിക്കുക.) എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്‌. അവരുടെ ദുഷിച്ച മോഹങ്ങൾക്കും പെരുമാറ്റരീതികൾക്കും കടിഞ്ഞാണിടാൻ എണ്ണിയാലൊടുങ്ങാത്ത നിയമങ്ങളും ചട്ടങ്ങളും വേണ്ടിവരുന്നു. ‘നിയമം നിർമ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാൻമാർക്കുവേണ്ടിയല്ല, മറിച്ച്‌ നിയമനിഷേധകർ, അനുസരണമില്ലാത്തവർ എന്നിവർക്കുവേണ്ടി ആണ്‌’ എന്ന്‌ പൗലോസ്‌ പറഞ്ഞു. (1 തിമൊ. 1:9, 10, പി.ഒ.സി. ബൈബിൾ) ‘ശരീരത്തിന്റെ ആഗ്രഹങ്ങൾ’ അനുസരിച്ച്‌ പ്രവർത്തിക്കുന്ന അവർ പാപപൂർണമായ ശരീരത്തിന്റെയും അടിമകളാണ്‌; അതാകട്ടെ, ക്രൂരനായ ഒരു യജമാനനും. (എഫെ. 2:1-3) ഒരുതരത്തിൽ പറഞ്ഞാൽ അത്തരം വ്യക്തികൾ, തേൻകുപ്പിയിൽ കയറുന്ന ഉറുമ്പുകളെപ്പോലെയാണ്‌. കൊതി മൂത്ത്‌ തേൻ കുടിക്കാനെത്തുന്ന അവ പുറത്തുകടക്കാനാവാത്തവിധം അതിൽപ്പെട്ടുപോകുന്നു.—യാക്കോ. 1:14, 15.

ക്രിസ്‌തീയ സഭയ്‌ക്കുള്ളിലെ സ്വാതന്ത്ര്യം

15, 16. സഭയോടൊത്തുള്ള സഹവാസം നമുക്ക്‌ എന്തു പ്രയോജനങ്ങൾ കൈവരുത്തിയിരിക്കുന്നു, നാം ഏത്‌ സ്വാതന്ത്ര്യം അനുഭവിക്കുന്നു?

15 ക്രിസ്‌തീയ സഭയിൽ അംഗമാകുന്നത്‌ ഒരു സാമൂഹികസമാജത്തിൽ ചേരുന്നതുപോലെയല്ല. നിങ്ങൾ സഭയിലേക്കു വന്നത്‌ യഹോവ നിങ്ങളെ ആകർഷിച്ചതുകൊണ്ടാണ്‌. (യോഹ. 6:44) എന്താണ്‌ അവനെ അതിന്‌ പ്രേരിപ്പിച്ചത്‌? അവൻ നിങ്ങളിൽ നീതിമാനും ദൈവഭക്തനും ആയ ഒരു വ്യക്തിയെ കണ്ടതിനാലാണോ? ‘ഒരിക്കലുമല്ല’ എന്നായിരിക്കാം നിങ്ങൾ പറയുക. അങ്ങനെയെങ്കിൽ ദൈവം നിങ്ങളിൽ എന്താണ്‌ കണ്ടത്‌? അവന്റെ സ്വാതന്ത്ര്യമേകുന്ന പ്രമാണം മനസ്സാ സ്വീകരിക്കാനും ദയാപുരസ്സരം അവൻ നൽകുന്ന വഴിനടത്തിപ്പിനു കീഴ്‌പെടാനും ഒരുക്കമുള്ള ഒരു ഹൃദയം അവൻ കണ്ടു. നിങ്ങളെ ആത്മീയമായി പ്രബോധിപ്പിച്ചും അന്ധവിശ്വാസങ്ങളുടെയും വ്യാജമതപഠിപ്പിക്കലുകളുടെയും കെട്ടുപാടുകളിൽനിന്നു വിടുവിച്ചും ക്രിസ്‌തുവിന്റേതിനു സമാനമായ ഒരു വ്യക്തിത്വം വളർത്തിയെടുക്കാൻ പഠിപ്പിച്ചും യഹോവ സഭ മുഖാന്തരം നിങ്ങളുടെ ഹൃദയത്തെ പരിപോഷിപ്പിച്ചിരിക്കുന്നു. (എഫെസ്യർ 4:22-24 വായിക്കുക.) അങ്ങനെ, ഭൂമിയിൽ ഇന്ന്‌ “സ്വതന്ത്രജന”മെന്ന വിശേഷണത്തിനു യോഗ്യതയുള്ള ഏക കൂട്ടത്തിന്റെ ഭാഗമായിരിക്കാനുള്ള പദവി നിങ്ങൾക്കു കൈവന്നു.—യാക്കോ. 2:12.

16 ഒന്നു ചിന്തിച്ചുനോക്കൂ: യഹോവയെ പൂർണഹൃദയത്തോടെ സ്‌നേഹിക്കുന്നവരോടൊപ്പം ആയിരിക്കുമ്പോൾ നിങ്ങൾക്കു പേടി തോന്നാറുണ്ടോ? നിങ്ങൾ ഇടയ്‌ക്കിടെ പരിഭ്രമത്തോടെ ചുറ്റും കണ്ണോടിക്കാറുണ്ടോ? രാജ്യഹാളിൽ സംസാരിച്ചുനിൽക്കുമ്പോൾ നിങ്ങളുടെ ബാഗും മറ്റും നഷ്ടപ്പെടുമെന്നു കരുതി നിങ്ങൾ അത്‌ താഴെവെക്കാതെ എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ടോ? ഇല്ല, നിങ്ങൾക്ക്‌ അത്തരം ചിന്തകളൊന്നുമില്ല, നിങ്ങൾ അവിടെ സ്വതന്ത്രനാണ്‌. പുറത്തൊരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ നിങ്ങളുടെ അവസ്ഥ ഇതാണോ? സാധ്യതയില്ല! ഇപ്പോൾ ദൈവജനത്തിനിടയിൽ നിങ്ങൾ ആസ്വദിക്കുന്ന ഈ സ്വാതന്ത്ര്യം വരാനിരിക്കുന്നതിന്റെ ഒരു ചെറിയ പതിപ്പ്‌ മാത്രമാണ്‌.

ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം”

17. മനുഷ്യവർഗത്തിന്റെ സ്വാതന്ത്ര്യം ‘ദൈവപുത്രന്മാരുടെ വെളിപ്പെടലുമായി’ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

17 തന്റെ ഭൗമികദാസർക്കുവേണ്ടി യഹോവ കരുതിവെച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെട്ട്‌ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കും. (റോമ. 8:19-21) ദൈവത്തിന്റെ ആത്മാഭിഷിക്ത പുത്രന്മാരുടെ ‘വെളിപ്പെടലിൽ’നിന്ന്‌ പ്രയോജനം നേടുന്ന ഭൗമികപ്രത്യാശയുള്ള മനുഷ്യവർഗമാണ്‌ ഇവിടെ പറഞ്ഞിരിക്കുന്ന “സൃഷ്ടി.” ആ വെളിപ്പെടൽ തുടങ്ങുന്നത്‌ എപ്പോഴാണ്‌? ആത്മമണ്ഡലത്തിലേക്ക്‌ ഉയിർപ്പിക്കപ്പെടുന്ന ‘പുത്രന്മാർ,’ ഭൂമിയിൽനിന്ന്‌ ദുഷ്ടത തുടച്ചുനീക്കാനും ‘മഹാപുരുഷാരത്തെ’ സംരക്ഷിച്ച്‌ പുതിയ വ്യവസ്ഥിതിയിലേക്കു നയിക്കാനും ക്രിസ്‌തുവിനോടൊപ്പം ചേരുമ്പോൾ ആ വെളിപ്പെടൽ ആരംഭിക്കും.—വെളി. 7:9, 14.

18. അനുസരണമുള്ള മനുഷ്യവർഗത്തിന്റെ സ്വാതന്ത്ര്യം വർധിക്കുന്നത്‌ എങ്ങനെ, ഒടുവിൽ അവർ ഏതുതരം സ്വാതന്ത്ര്യം ആസ്വദിക്കും?

18 അപ്പോൾ, വീണ്ടെടുക്കപ്പെട്ട മനുഷ്യവർഗം അതുവരെ അനുഭവിച്ചിട്ടില്ലാത്തതരം സ്വാതന്ത്ര്യം ആസ്വദിക്കും; സാത്താന്റെയും ഭൂതങ്ങളുടെയും സ്വാധീനത്തിൽനിന്നുള്ള സ്വാതന്ത്ര്യം. (വെളി. 20:1-3) അത്‌ എത്ര വലിയ ആശ്വാസമായിരിക്കും! അതിനുശേഷം, ആദാമ്യ പാപവും അപൂർണതയും അശേഷം ഇല്ലാതാകുന്നതുവരെ ക്രിസ്‌തുവിന്റെ 1,44,000 സഹ ഭരണാധിപന്മാരും പുരോഹിതന്മാരും മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ പടിപടിയായി ഉപയോഗിച്ചുകൊണ്ട്‌ മനുഷ്യവർഗത്തെ തുടർന്നും സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കും. (വെളി. 5:9, 10) പരിശോധനയിൻകീഴിലും വിശ്വസ്‌തത തെളിയിക്കുന്ന മനുഷ്യർ യഹോവ അവർക്കായി ഉദ്ദേശിച്ചിരുന്ന പൂർണമായ സ്വാതന്ത്ര്യം—“ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം”—നേടും. ഒന്നു ചിന്തിച്ചുനോക്കൂ! നിങ്ങൾക്കു മേലാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ ബുദ്ധിമുട്ടേണ്ടിവരില്ല. കാരണം അപ്പോഴേക്കും നിങ്ങളുടെ ശരീരവും ഹൃദയവും മനസ്സും പൂർണത കൈവരിച്ചിരിക്കും; നിങ്ങളുടെ വ്യക്തിത്വം പൂർണമായും ദൈവത്തിന്റെ സാദൃശ്യത്തിലായിട്ടുണ്ടാകും.

19. യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന പാതയിലായിരിക്കാൻ നാം എന്തു ചെയ്യുന്നതിൽ തുടരണം?

19 “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കാൻ നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണോ? എങ്കിൽ, നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കാൻ ‘സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണത്തെ’ തുടർന്നും അനുവദിക്കുക. അതെ, ഉത്സാഹപൂർവം തിരുവെഴുത്തുകൾ പഠിക്കുക. സത്യത്തിനു ചേർച്ചയിൽ ജീവിക്കുക, അതു നിങ്ങളുടെ സ്വന്തമാക്കുക. പരിശുദ്ധാത്മാവിനായി പ്രാർഥിക്കുക. ക്രിസ്‌തീയ സഭ എന്ന ക്രമീകരണവും യഹോവ പ്രദാനം ചെയ്യുന്ന ആത്മീയ ഭക്ഷണവും പ്രയോജനപ്പെടുത്തുക. ദൈവം അനാവശ്യനിയന്ത്രണങ്ങൾ വെക്കുന്നുവെന്ന്‌ ചിന്തിക്കാൻ പ്രേരിപ്പിച്ച്‌ സാത്താൻ ഹവ്വായെ വഞ്ചിച്ചതുപോലെ നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്‌. പിശാച്‌ വലിയ കൗശലക്കാരനായിരിക്കാം; എന്നാൽ “നാം അവന്റെ തന്ത്രങ്ങൾ അറിയാത്തവരല്ല.” അതുകൊണ്ട്‌ അവൻ നമ്മെ ‘തോൽപ്പിക്കുമെന്ന്‌’ ഭയക്കേണ്ടതില്ല. അടുത്ത ലേഖനത്തിൽ നാം അതേക്കുറിച്ച്‌ പഠിക്കും.—2 കൊരി. 2:11.

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രങ്ങൾ]

ഞാൻ ഇപ്പോഴും ലോകം നൽകുന്ന ചില ‘സ്വാതന്ത്ര്യങ്ങൾ’ കൊതിക്കുന്നുണ്ടോ?

[9-ാം പേജിലെ ചിത്രങ്ങൾ]

ഞാൻ സത്യം എന്റെ ജീവിതരീതിയാക്കിയിട്ടുണ്ടോ?