വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഐക്യവും ആവേശജനകമായ ഭാവിപദ്ധതികളും മുഴങ്ങിക്കേട്ട ഒരു യോഗം

ഐക്യവും ആവേശജനകമായ ഭാവിപദ്ധതികളും മുഴങ്ങിക്കേട്ട ഒരു യോഗം

വാർഷിക യോഗ റിപ്പോർട്ട്‌

ഐക്യവും ആവേശജനകമായ ഭാവിപദ്ധതികളും മുഴങ്ങിക്കേട്ട ഒരു യോഗം

എല്ലായ്‌പോഴും വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ വാർഷിക യോഗങ്ങൾ ജിജ്ഞാസ നിറയ്‌ക്കാറുണ്ട്‌. 2011 ഒക്‌ടോബർ 1 ശനിയാഴ്‌ച നടന്ന 127-ാമത്തെ വാർഷിക യോഗവും വ്യത്യസ്‌തമായിരുന്നില്ല. ന്യൂ ജേഴ്‌സിയിലെ (യു.എസ്‌.എ.) ജേഴ്‌സി സിറ്റിയിലുള്ള യഹോവയുടെ സാക്ഷികളുടെ സമ്മേളനഹാളിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന്‌ ക്ഷണിക്കപ്പെട്ട അതിഥികൾ എത്തിച്ചേർന്നിരുന്നു.

സദസ്യരെ സ്വാഗതം ചെയ്‌തത്‌ ഭരണസംഘാംഗമായ ഗെരിറ്റ്‌ ലോഷ്‌ സഹോദരനാണ്‌. ഏതാണ്ട്‌ 85 രാജ്യങ്ങളിൽനിന്ന്‌ അവിടെ കൂടിവന്നവരെല്ലാം ഒരു ആഗോള കുടുംബത്തിന്റെ ഭാഗമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മറ്റ്‌ എവിടെയും കാണാത്ത ഈ ഐക്യം ഒരു നല്ല സാക്ഷ്യമാണ്‌, അത്‌ യഹോവയ്‌ക്ക്‌ ബഹുമതി കരേറ്റുന്നു. വാസ്‌തവത്തിൽ, ഐക്യം എന്ന വിഷയം ഈ യോഗത്തിൽ മുഴങ്ങിക്കേട്ടു.

മെക്‌സിക്കോയിൽനിന്ന്‌ ഒരു സന്തോഷവാർത്ത!

ആദ്യത്തെ പരിപാടിതന്നെ യഹോവയുടെ ജനത്തിനിടയിലെ ഐക്യം എടുത്തുകാട്ടി. മെക്‌സിക്കോ ബ്രാഞ്ചിലെ ബാൾറ്റാസാർ പെർലാ സഹോദരൻ അതേ ബ്രാഞ്ചിലെ മറ്റ്‌ മൂന്നുസഹോദരന്മാരുമായി നടത്തിയ അഭിമുഖമായിരുന്നു അത്‌. മധ്യ അമേരിക്കയിലെ ആറ്‌ ബ്രാഞ്ച്‌ ഓഫീസുകൾ മെക്‌സിക്കോ ബ്രാഞ്ചുമായി ലയിപ്പിച്ചതിനെക്കുറിച്ചാണ്‌ അവർ സംസാരിച്ചത്‌. പല ദേശങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ള സഹോദരങ്ങൾ മെക്‌സിക്കോ ബെഥേൽ കുടുംബത്തിന്റെ ഭാഗമായതോടെ ആ ബ്രാഞ്ചിന്‌ ഒരു അന്താരാഷ്‌ട്ര പരിവേഷം കൈവന്നു. പല ദേശങ്ങളിൽനിന്നുള്ള സഹോദരങ്ങളുടെ ഈ സംഗമം പ്രോത്സാഹന കൈമാറ്റത്തിനുള്ള കൂടുതൽ അവസരമൊരുക്കിയിരിക്കുന്നു. വലിയൊരു റബ്ബർ ഉപയോഗിച്ച്‌ ദൈവം രാജ്യാതിർത്തികൾ മായ്‌ച്ചുകളഞ്ഞതുപോലെ തോന്നി.

സ്വന്തം രാജ്യത്ത്‌ മേലാൽ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തിക്കുന്നില്ലാത്തതുകൊണ്ട്‌ യഹോവയുടെ സംഘടനയുമായുള്ള ബന്ധം അറ്റുപോയെന്ന്‌ പ്രസാധകർക്ക്‌ തോന്നരുതായിരുന്നു. ഇതിനായി ഓരോ സഭയ്‌ക്കും ഇ-മെയിലിലൂടെ ബ്രാഞ്ച്‌ ഓഫീസുമായി നേരിട്ട്‌ ആശയവിനിമയം നടത്താൻ ഒരു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഉൾപ്രദേശങ്ങളിലുള്ള സഭകൾക്കുപോലും ഇതിൽനിന്ന്‌ പ്രയോജനം നേടാനാകുന്നു.

ജപ്പാനിൽനിന്ന്‌ പുതിയ വാർത്തകൾ

ജപ്പാനിൽ 2011 മാർച്ചിലുണ്ടായ ഭൂകമ്പവും സുനാമികളും നമ്മുടെ സഹോദരങ്ങളെ എങ്ങനെ ബാധിച്ചെന്ന്‌ ജപ്പാൻ ബ്രാഞ്ചിൽനിന്നുള്ള ജയിംസ്‌ ലിന്റൻ സഹോദരൻ വിശദീകരിച്ചു. പല സഹോദരങ്ങൾക്കും വസ്‌തുവകകൾ മാത്രമല്ല തങ്ങളുടെ ഉറ്റവരെയും നഷ്ടമായി. ദുരിതബാധിത പ്രദേശത്തിനു വെളിയിലുള്ള സഹോദരങ്ങൾ 3,100-ലധികം വീടുകൾ ഇവർക്കായി തുറന്നുകൊടുത്തു; നൂറുകണക്കിന്‌ വാഹനങ്ങളും വിട്ടുകൊടുത്തു. മേഖലാ നിർമാണ കമ്മിറ്റികൾ അയച്ച സ്വമേധാസേവകർ സഹോദരങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി അഹോരാത്രം പണിയെടുത്തു. ആവശ്യമുള്ള എവിടെയും സേവിക്കാൻ സന്നദ്ധരായി 1,700-ലധികം പേരാണ്‌ മുന്നോട്ടുവന്നത്‌. ഐക്യനാടുകളിൽനിന്നുള്ള സ്വമേധാസേവകരുടെ ഒരു സംഘം രാജ്യഹാളുകളുടെ കേടുപാടുകൾ തീർക്കാൻ സഹായിച്ചു. 575 സ്വമേധാസേവകരാണ്‌ ഈ സംരംഭത്തിൽ പങ്കുചേർന്നത്‌.

ദുരിതബാധിതർക്ക്‌ ആത്മീയ സഹായവും വൈകാരിക പിന്തുണയും നൽകാനും പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. 400-ലേറെ മൂപ്പന്മാർ ഇടയസന്ദർശനങ്ങൾ നടത്തി. ദുരിതബാധിതർക്ക്‌ പ്രോത്സാഹനം നൽകാൻ ലോകാസ്ഥാനത്തുനിന്ന്‌ രണ്ട്‌ മേഖലാ മേൽവിചാരകന്മാരെ അവിടേക്ക്‌ അയച്ചത്‌ ഭരണസംഘത്തിന്റെ കരുതലിന്റെ തെളിവായിരുന്നു. ലോകമെമ്പാടുമുള്ള സഹോദരങ്ങൾ കാണിച്ച പ്രത്യേക താത്‌പര്യവും ഈ അവസരത്തിൽ വലിയ ആശ്വാസമായി.

നിയമവിജയങ്ങൾ

സമീപകാലത്തു ലഭിച്ച നിയമവിജയങ്ങളെക്കുറിച്ചുള്ള ചർച്ചയായിരുന്നു അടുത്ത ഇനം. ബ്രിട്ടൻ ബ്രാഞ്ചിൽനിന്നുള്ള സ്റ്റീഫൻ ഹാർഡി സഹോദരൻ നയിച്ച ഈ ചർച്ചയ്‌ക്ക്‌ സദസ്യർ അതീവ ശ്രദ്ധ നൽകി. ഉദാഹരണത്തിന്‌, ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ 8.2 കോടി യു.എസ്‌. ഡോളർ നികുതിയിനത്തിൽ നൽകണമെന്ന്‌ ഫ്രഞ്ച്‌ ഗവണ്മെന്റ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫ്രഞ്ച്‌ ഗവണ്മെന്റ്‌ യൂറോപ്യൻ കരാറിന്റെ, മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന 9-ാം വകുപ്പ്‌ ലംഘിച്ചെന്ന്‌ യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക്‌ (ഇസിഎച്ച്‌ആർ) ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിൽ കോടതി നമുക്ക്‌ അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെ പ്രശ്‌നത്തിന്‌ ഒരു തീർപ്പുണ്ടായി. പണമായിരുന്നില്ല ഇവിടെ പ്രശ്‌നമെന്ന്‌ വിധിപ്രഖ്യാപനത്തിൽ വ്യക്തമായിരുന്നു. അതിൽ ഇങ്ങനെ പറഞ്ഞു: “ഒരു മതസംഘടനയെ അംഗീകരിക്കാതിരിക്കുന്നതും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും ഒരു മതപ്രസ്ഥാനത്തെ അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിക്കുന്നതും എല്ലാം കരാറിന്റെ 9-ാം വകുപ്പ്‌ നൽകുന്ന അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണ്‌.”

അർമേനിയയുമായി ബന്ധപ്പെട്ട കേസിലും ഇസിഎച്ച്‌ആർ നമുക്ക്‌ അനുകൂലമായി വിധിച്ചു. നിർബന്ധിത സൈനികസേവനത്തിൽനിന്ന്‌ യൂറോപ്യൻ കരാർ വ്യക്തികളെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു 1965 മുതൽ ഇസിഎച്ച്‌ആർ-ന്റെ നിലപാട്‌. എന്നാൽ ഇസിഎച്ച്‌ആർ-ലെ പരമോന്നതസമിതിയായ ‘ഗ്രാൻഡ്‌ ചേംബർ,’ ഒരു വ്യക്തിക്ക്‌ തന്റെ ശക്തമായ മതവിശ്വാസങ്ങളുടെ പേരിൽ സൈനികസേവനം നിരസിക്കാനുള്ള അവകാശം യൂറോപ്യൻ കരാർ നൽകുന്നുണ്ടെന്ന്‌ വിധിച്ചു. തങ്ങളുടെ പൗരന്മാരുടെ ഇതേ അവകാശം അംഗീകരിക്കാൻ ഈ കോടതിവിധി അർമേനിയയെ കൂടാതെ അസ്‌ർബൈജാൻ, തുർക്കി എന്നീ രാജ്യങ്ങളെയും ബാധ്യസ്ഥരാക്കുന്നു.

നിർമാണപദ്ധതികൾ

അടുത്തതായി സംസാരിച്ച ഭരണസംഘാംഗമായ ഗൈ പിയേഴ്‌സ്‌ സഹോദരൻ ന്യൂയോർക്ക്‌ സംസ്ഥാനത്തിലെ നിർമാണപദ്ധതികളെക്കുറിച്ച്‌ അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരിക്കുമെന്ന്‌ പറഞ്ഞു. അടുത്തയിടെ ന്യൂയോർക്കിലെ വോർവിക്കിലും ടക്‌സീഡോയിലും വാങ്ങിയ സ്ഥലങ്ങളും പാറ്റേർസണിലുള്ള വാൾക്കിലിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവർത്തനങ്ങളും ചിത്രീകരിക്കുന്ന ഒരു വീഡിയോയും അദ്ദേഹം കാണിച്ചു. വാൾക്കിലിൽ 2014-ൽ പണി പൂർത്തിയാകുന്ന പുതിയ കെട്ടിടത്തിൽ താമസത്തിനായി 300 മുറികൾ കൂടിയുണ്ടാകും.

വോർവിക്കിലെ 248 ഏക്കർ സ്ഥലത്ത്‌ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ട്‌. “വോർവിക്കിനെക്കുറിച്ച്‌ യഹോവയുടെ ഹിതം എന്താണെന്ന്‌ തീർച്ചയില്ലെങ്കിലും യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം അവിടേക്ക്‌ മാറ്റുക എന്ന ഉദ്ദേശ്യത്തിൽ നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്‌ നാം” എന്ന്‌ പിയേഴ്‌സ്‌ സഹോദരൻ പറഞ്ഞു. നിർമാണത്തിനു വേണ്ട യന്ത്രോപകരണങ്ങളും മറ്റ്‌ സാധനസാമഗ്രികളും സൂക്ഷിക്കാൻവേണ്ടി വോർവിക്കിന്‌ 10 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന 50 ഏക്കർ സ്ഥലം ഉപയോഗിക്കാൻ പദ്ധതിയുണ്ട്‌. “പണി തുടങ്ങാൻ അനുമതി ലഭിച്ചാൽ നാലുവർഷത്തിനുള്ളിൽ മുഴുവൻ പണിയും പൂർത്തിയാക്കാനാകും എന്നാണ്‌ പ്രതീക്ഷ. അതു കഴിഞ്ഞാൽ നമുക്ക്‌ ബ്രുക്ലിനിലുള്ള സ്ഥലം വിൽക്കാനാകും,” സഹോദരൻ പറഞ്ഞു.

“മഹാകഷ്ടം സമീപമാണെന്ന ഭരണസംഘത്തിന്റെ നിലപാടിൽ മാറ്റംവന്നെന്നാണോ?” പിയേഴ്‌സ്‌ സഹോദരൻ ചോദിച്ചു. “ഒരിക്കലുമല്ല,” അദ്ദേഹം പറഞ്ഞു: “മഹാകഷ്ടം നമ്മുടെ പദ്ധതികളെ തടസ്സപ്പെടുത്തുന്നെങ്കിൽ അത്‌ നല്ല കാര്യം, വളരെ നല്ല കാര്യം!”

അലറുന്ന സിംഹത്തെ സൂക്ഷിക്കുക

ഭരണസംഘത്തിലെ മറ്റൊരു അംഗമായ സ്റ്റീഫൻ ലെറ്റ്‌ സഹോദരൻ 1 പത്രോസ്‌ 5:8 വിശദീകരിച്ചു. അത്‌ ഇങ്ങനെ വായിക്കുന്നു: “സുബോധമുള്ളവരായിരിക്കുവിൻ; ജാഗരൂകരായിരിക്കുവിൻ. നിങ്ങളുടെ പ്രതിയോഗിയായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട്‌ ചുറ്റിനടക്കുന്നു.” സിംഹത്തിന്റെ പല പ്രത്യേകതകളും പിശാചിന്‌ യോജിക്കുന്നതുകൊണ്ട്‌ പത്രോസിന്റെ ഈ താരതമ്യം എന്തുകൊണ്ടും ഉചിതമാണെന്ന്‌ സഹോദരൻ പറയുകയുണ്ടായി.

സിംഹങ്ങൾക്ക്‌ മനുഷ്യരെക്കാൾ ശക്തിയും വേഗതയും ഉണ്ട്‌. അതുകൊണ്ട്‌ നമ്മുടെ സ്വന്തം ശക്തിയാൽ സാത്താനോട്‌ പോരാടാനോ അവനിൽനിന്ന്‌ ഓടിരക്ഷപ്പെടാനോ നാം ശ്രമിക്കരുത്‌. അതിനു നമുക്ക്‌ യഹോവയുടെ സഹായം ആവശ്യമാണ്‌. (യെശ. 40:31) സിംഹം ഇരുട്ടിന്റെ മറപറ്റി ആക്രമണം നടത്താറുണ്ട്‌. അതുകൊണ്ട്‌ സാത്താൻ ഇരപിടിക്കാൻ ഇറങ്ങുന്ന ആത്മീയ അന്ധകാരം നാം ഒഴിവാക്കണം. നിരുപദ്രവകാരിയായ മാനിനെയോ ഉറങ്ങിക്കിടക്കുന്ന ഒരു സീബ്രാക്കുഞ്ഞിനെയോ കൊല്ലുന്ന സിംഹത്തെപ്പോലെയാണ്‌ സാത്താൻ. കണ്ണിൽച്ചോരയില്ലാത്ത അവന്‌ നമ്മെ കൊല്ലുന്നതിൽ സന്തോഷമേയുള്ളൂ. സിംഹം തിന്നു വിശപ്പടക്കിക്കഴിഞ്ഞാൽ ഇരയുടെ രൂപം തിരിച്ചറിയാനാവാത്തവിധം വികൃതമായിരിക്കും. സാത്താന്‌ ഇരയാകുന്ന ഒരു ക്രിസ്‌ത്യാനിയുടെ കാര്യത്തിലും ഇത്‌ സത്യമാണ്‌. ആ വ്യക്തിയുടെ “ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിത്തീരും.” (2 പത്രോ. 2:20) അതുകൊണ്ട്‌, ബൈബിളിൽനിന്നു പഠിച്ചിരിക്കുന്ന കാര്യങ്ങളോട്‌ അടുത്തു പറ്റിനിന്നുകൊണ്ട്‌ നാം സാത്താനോട്‌ എതിർത്തുനിൽക്കണം.—1 പത്രോ. 5:9.

യഹോവയുടെ ആലയത്തിലെ നിങ്ങളുടെ ഇടം വിലമതിക്കുക

“നമുക്കേവർക്കും യഹോവയുടെ ആലയത്തിൽ ഒരു ഇടമുണ്ട്‌” എന്ന്‌ അടുത്ത പ്രസംഗകനായ ഭരണസംഘത്തിലെ സാമുവെൽ ഹെർഡ്‌ സഹോദരൻ പറഞ്ഞു. എല്ലാ ക്രിസ്‌ത്യാനികൾക്കും ദൈവത്തിന്റെ “ആലയത്തിൽ”—യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തെ ആരാധിക്കാനുള്ള ക്രമീകരണമായ ആത്മീയ ആലയത്തിൽ—ഒരു ഇടമുണ്ട്‌. അത്‌ അമൂല്യപദവിയായി കരുതേണ്ട ഒന്നാണ്‌. ‘ആയുഷ്‌കാലമൊക്കെയും യഹോവയുടെ ആലയത്തിൽ പാർക്കാനാണ്‌’ ദാവീദിനെപ്പോലെ നമ്മുടെയും ആഗ്രഹം.—സങ്കീ. 27:4.

“നാം തഴച്ചുവളരാൻ യഹോവ ഇടയാക്കുന്നത്‌ എങ്ങനെയാണ്‌?” എന്ന്‌ സങ്കീർത്തനം 92:12-14 പരാമർശിച്ചുകൊണ്ട്‌ ഹെർഡ്‌ സഹോദരൻ ചോദിച്ചു. അതിന്‌ ഉത്തരമായി അദ്ദേഹം പറഞ്ഞു: “ആത്മീയ പറുദീസയിൽ ദൈവം നമുക്കായി കരുതുന്നു, നമുക്ക്‌ സംരക്ഷണവും ഉന്മേഷദായകമായ സത്യത്തിന്റെ ജലവും നൽകുന്നു. അതേപ്രതി നമുക്ക്‌ അവനു നന്ദി നൽകാം.” തുടർന്ന്‌ അദ്ദേഹം സദസ്യരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “യഹോവയുടെ ഈ കരുതലുകളിൽ സംതൃപ്‌തരായിരുന്നുകൊണ്ട്‌ അൽപ്പകാലത്തേക്കല്ല, എന്നെന്നേക്കും നമുക്ക്‌ അവന്റെ ആലയത്തിലായിരിക്കാം.”

ക്രിസ്‌ത്യാനികൾ ദൈവവചനത്തെ ആദരിക്കുന്നു

സത്യക്രിസ്‌ത്യാനികൾ എല്ലായ്‌പോഴും ദൈവവചനത്തെ ആദരിച്ചിട്ടുണ്ടെന്ന്‌ ഭരണസംഘാംഗമായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോദരൻ വിശദീകരിച്ചു. ഒന്നാം നൂറ്റാണ്ടിൽ പരിച്ഛേദനയോടു ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ അവർ ആശ്രയിച്ചത്‌ ദൈവവചനത്തിലാണ്‌. (പ്രവൃ. 15:16, 17) എന്നാൽ രണ്ടാം നൂറ്റാണ്ടിൽ, ഗ്രീക്ക്‌ തത്ത്വചിന്ത അഭ്യസിച്ചിരുന്ന ചില നാമമാത്ര ക്രിസ്‌ത്യാനികൾ തിരുവെഴുത്തുകളെക്കാൾ സ്വന്തം ബൗദ്ധികസംതൃപ്‌തിക്ക്‌ പ്രാധാന്യം നൽകാൻ തുടങ്ങി. പിന്നീട്‌ മറ്റു ചിലർ ‘സഭാപിതാക്കന്മാ’രുടെയും റോമൻ ചക്രവർത്തിമാരുടെയും വാക്കുകളെ ബൈബിൾപഠിപ്പിക്കലുകൾക്കു മേലായി വാഴ്‌ത്തി. അങ്ങനെ പല വ്യാജപഠിപ്പിക്കലുകളും ഉടലെടുത്തു.

ഒന്നാം നൂറ്റാണ്ടിൽ തുടങ്ങി എക്കാലവും ഭൂമിയിൽ യഥാർഥ അഭിഷിക്ത ക്രിസ്‌ത്യാനികൾ ഉണ്ടായിരുന്നിട്ടുണ്ട്‌. ഇക്കാര്യം യേശു ഒരു ദൃഷ്ടാന്തകഥയിലൂടെ സൂചിപ്പിച്ചിരുന്നെന്ന്‌ സ്‌പ്ലെയ്‌ൻ സഹോദരൻ എടുത്തുപറഞ്ഞു. (മത്താ. 13:24-30) ഇവർ ആരൊക്കെയാണെന്ന്‌ നമുക്ക്‌ ഉറപ്പിച്ചു പറയാനാവില്ല. എന്നാൽ തിരുവെഴുത്തുവിരുദ്ധ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരെ ശബ്ദമുയർത്തിയവർ നൂറ്റാണ്ടുകളിലുടനീളം ഉണ്ടായിരുന്നിട്ടുണ്ട്‌. 9-ാം നൂറ്റാണ്ടിൽ ലിയോൺസിലെ ആർച്ച്‌ ബിഷപ്പായിരുന്ന അഗൊബാർഡ്‌, ബ്രൂയിസിലെ പീറ്റർ, ലോസാന്നെയിലെ ഹെൻട്രി, 12-ാം നൂറ്റാണ്ടിലെ വാൾഡെസ്‌ (അല്ലെങ്കിൽ, വാൾഡോ), 14-ാം നൂറ്റാണ്ടിലെ ജോൺ വിക്ലിഫ്‌, 16-ാം നൂറ്റാണ്ടിലെ വില്യം ടിൻഡെയ്‌ൽ എന്നിവരും 19-ാം നൂറ്റാണ്ടിലെ ഹെൻട്രി ഗ്രൂവും ജോർജ്‌ സ്റ്റോഴ്‌സും ഇവരിൽപ്പെടുന്നു. ഇന്നും, യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിന്റെ ആധാരം ബൈബിളാണ്‌; തിരുവെഴുത്തുകൾ വെച്ചിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിലാണ്‌ അവർ ജീവിക്കുന്നത്‌. ഇക്കാരണത്താൽ ഭരണസംഘം, “നിന്റെ വചനം സത്യം ആകുന്നു” എന്ന യോഹന്നാൻ 17:17-ലെ വാക്കുകൾ 2012-ലെ വാർഷികവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നു.

ബൈബിൾ സ്‌കൂളുകൾ—ചില സുപ്രധാന മാറ്റങ്ങൾ

മിഷനറിമാരോടും പ്രത്യേക പയനിയർമാരോടും ഉള്ള ബന്ധത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായി ഭരണസംഘാംഗമായ ആന്തൊണി മോറിസ്‌ സഹോദരൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിൽ 2012 സെപ്‌റ്റംബർ മുതൽ ക്രിസ്‌തീയ ദമ്പതികൾക്കുള്ള ബൈബിൾ സ്‌കൂൾ നടക്കും. ഇനി മുതൽ ഗിലെയാദ്‌ സ്‌കൂളിന്റെ ലക്ഷ്യം മറ്റൊന്നായിരിക്കും. കഴിഞ്ഞ ഒക്‌ടോബർ മുതൽ, പ്രത്യേക മുഴുസമയ സേവനത്തിന്റെ ഏതെങ്കിലും ഒരു വശത്ത്‌ പ്രവർത്തിക്കുന്നവർക്കുവേണ്ടി ഉള്ളതാണ്‌ ഗിലെയാദ്‌ സ്‌കൂൾ. ഇതിൽ പ്രത്യേക പയനിയർമാരോ സഞ്ചാര മേൽവിചാരകന്മാരോ ബെഥേൽ അംഗങ്ങളോ ഗിലെയാദ്‌ സ്‌കൂളിൽ പങ്കെടുത്തിട്ടില്ലാത്ത മിഷനറിമാരോ ഉൾപ്പെടും. ഗിലെയാദ്‌ ബിരുദം നേടിയവരെ ബ്രാഞ്ച്‌ ഓഫീസുകളിൽ സേവിക്കുന്നതിനോ സഞ്ചാരവേലയിൽ പ്രവർത്തിക്കുന്നതിനോ ജനസാന്ദ്രത കൂടിയ നഗരങ്ങളിലെ സഭകളോടൊപ്പം സുവാർത്ത പ്രസംഗിക്കുന്നതിനോ വേണ്ടി നിയമിക്കും. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയും പരിശീലനവും നൽകാനും അവർക്കു കഴിയും.

ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും പ്രവർത്തനം ആരംഭിക്കുന്നതിന്‌ കൂടുതൽ പ്രത്യേക പയനിയർമാരെ ഉപയോഗിക്കും. 2012 ജനുവരി 1 മുതൽ, ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂളിൽനിന്നും ക്രിസ്‌തീയ ദമ്പതികൾക്കുള്ള ബൈബിൾ സ്‌കൂളിൽനിന്നും ബിരുദം നേടുന്നവരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തനം തുടങ്ങുന്നതിനോ വിപുലപ്പെടുത്തുന്നതിനോ വേണ്ടി താത്‌കാലിക പ്രത്യേക പയനിയർമാരായി നിയമിക്കും. ഓരോ വർഷത്തേക്കായിരിക്കും ഈ നിയമനം. മൂന്നുവർഷത്തിനകം തങ്ങളുടെ ശുശ്രൂഷയുടെ ഫലപ്രദത്വം തെളിയിക്കുന്ന പയനിയർമാരെ സ്ഥിരമായി നിയമിച്ചേക്കാം.

2011-ലെ വാർഷിക യോഗം സന്തോഷത്തിന്റെ സമയമായിരുന്നു. പ്രസംഗവേല ഊർജിതമാക്കാനുള്ള പുതിയ ക്രമീകരണങ്ങളും സഹോദരവർഗത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സംഘടന ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. യഹോവയ്‌ക്ക്‌ മഹത്ത്വവും സ്‌തുതിയും കരേറ്റുന്ന ഇത്തരം പ്രവർത്തനങ്ങളെ അവൻ അനുഗ്രഹിക്കുമാറാകട്ടെ!

[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

അടുത്തു പരിചയപ്പെടാം

പരിപാടിയിൽ അഭിമുഖവും ഉണ്ടായിരുന്നു. ഭരണസംഘാംഗങ്ങളായി സേവിച്ചിരുന്നവരുടെ ഒൻപതുവിധവമാരിൽ അഞ്ചുപേരുമായി അഭിമുഖം നടത്തി. മരീന സിഡ്‌ലിക്‌, ഈഡിത്ത്‌ സ്യൂട്ടർ, മെലിറ്റ ജാരറ്റ്‌സ്‌, മെൽബ ബാരി, സിഡ്‌നി ബാർബർ എന്നീ സഹോദരിമാർ തങ്ങൾക്കു സത്യം ലഭിച്ചത്‌ എങ്ങനെയെന്നും മുഴുസമയ സേവനം തുടങ്ങിയത്‌ എങ്ങനെയെന്നും പറഞ്ഞു. ഭർത്താവിനെക്കുറിച്ചും അവർ ഒന്നിച്ച്‌ ആസ്വദിച്ച അനുഗ്രഹങ്ങളെക്കുറിച്ചും ഉള്ള മധുരസ്‌മരണകൾ അവർ സദസ്സുമായി പങ്കുവെച്ചു. അഭിമുഖത്തിനു ശേഷം സദസ്യർ ആലപിച്ച “വിശ്വസ്‌ത സ്‌ത്രീകൾ, ക്രിസ്‌തീയ സോദരിമാർ” എന്ന 86-ാം ഗീതം തികച്ചും സന്ദർഭോചിതമായിരുന്നു.

[ചിത്രങ്ങൾ]

(മുകളിൽ) ഡാനിയേൽ സിഡ്‌ലിക്കും മരീനയും, ഗ്രാന്റ്‌ സ്യൂട്ടറും ഈഡിത്തും, തിയോഡർ ജാരറ്റ്‌സും മെലിറ്റയും

(താഴെ) ലോയ്‌ഡ്‌ ബാരിയും മെൽബയും, ക്യാരി ബാർബറും സിഡ്‌നിയും

[16-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഒന്നിപ്പിച്ച ആറ്‌ ബ്രാഞ്ചുകളുടെ മേൽനോട്ടം മെക്‌സിക്കോ ബ്രാഞ്ചിനാണ്‌

മെക്‌സിക്കോ

ഗ്വാട്ടിമാല

ഹോണ്ടുറാസ്‌

എൽ സാൽവഡോർ

നിക്കരാഗ്വ

കോസ്റ്ററിക്ക

പാനമ

[17-ാം പേജിലെ ചിത്രം]

ന്യൂയോർക്കിലെ വോർവിക്കിൽ പണിയാനിരിക്കുന്ന യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തിന്റെ രൂപരേഖ