വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെയും യേശുവിന്റെയും ക്ഷമയിൽനിന്ന്‌ പഠിക്കുക

യഹോവയുടെയും യേശുവിന്റെയും ക്ഷമയിൽനിന്ന്‌ പഠിക്കുക

യഹോവയുടെയും യേശുവിന്റെയും ക്ഷമയിൽനിന്ന്‌ പഠിക്കുക

“നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു കരുതിക്കൊള്ളുവിൻ.”—2 പത്രോ. 3:15.

ഉത്തരം പറയാമോ?

ക്ഷമയുള്ളവനാണെന്ന്‌ യഹോവ കാണിച്ചിരിക്കുന്നത്‌ എങ്ങനെ?

യേശു ദീർഘകാലം ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നത്‌ എപ്പോഴെല്ലാമാണ്‌?

ക്ഷമയുടെ കാര്യത്തിൽ ദൈവത്തെ അനുകരിക്കാൻ നാം എന്താണ്‌ ചെയ്യേണ്ടത്‌?

1. വിശ്വസ്‌തരായ ചിലർ എന്തു ചിന്തിക്കാറുണ്ട്‌?

 നി രവധി കഷ്ടതകൾക്കുമധ്യേയും പതിറ്റാണ്ടുകളായി യഹോവയെ വിശ്വസ്‌തമായി സേവിച്ച ഒരു സഹോദരി വിനയപൂർവം ചോദിച്ചു: “മരിക്കുന്നതിനു മുമ്പ്‌ എനിക്ക്‌ അന്ത്യം കാണാനാകുമോ?” ദീർഘകാലമായി യഹോവയെ സേവിക്കുന്ന ചിലർ ഇങ്ങനെ ചിന്തിക്കാറുണ്ട്‌. ഇന്നുള്ള പ്രശ്‌നങ്ങളെല്ലാം നീക്കി ദൈവം സകലതും പുതിയതാക്കുന്ന ആ നല്ല നാളേക്കായി കാത്തിരിക്കുന്നവരാണ്‌ നാം. (വെളി. 21:5) സാത്താന്റെ വ്യവസ്ഥിതിയുടെ അന്ത്യം തൊട്ടുമുന്നിലാണെന്നു വിശ്വസിക്കാൻ വേണ്ടത്ര തെളിവുകളുണ്ടെങ്കിലും ആ ദിവസംവരെ ക്ഷമയോടെ കാത്തിരിക്കാൻ നമുക്കു ബുദ്ധിമുട്ടായിരുന്നേക്കാം.

2. ക്ഷമയെക്കുറിച്ചുള്ള ഏതു ചോദ്യങ്ങൾക്ക്‌ നാം ഉത്തരം കണ്ടെത്തും?

2 എന്നാൽ, നമുക്ക്‌ ക്ഷമയുണ്ടായിരിക്കണമെന്ന്‌ ബൈബിൾ പറയുന്നു. മുമ്പ്‌ ജീവിച്ചിരുന്ന ദൈവദാസരെപ്പോലെ ശക്തമായ വിശ്വാസവും ദൈവം തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കുന്ന സമയത്തിനായി കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടെങ്കിൽ ദൈവം നമുക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ നാം പ്രാപിക്കും. (എബ്രായർ 6:11, 12 വായിക്കുക.) എന്തിന്‌, യഹോവപോലും ക്ഷമ കാണിച്ചിരിക്കുന്നു. പണ്ടുപണ്ടേ യഹോവയ്‌ക്ക്‌ ദുഷ്ടത തുടച്ചുനീക്കാമായിരുന്നെങ്കിലും ഉചിതമായ സമയത്തിനായി അവൻ കാത്തിരിക്കുകയാണ്‌. (റോമ. 9:20-24) എന്തിനാണ്‌ അവൻ ഇത്രയധികം ക്ഷമ കാണിക്കുന്നത്‌? പിതാവിനെ അനുകരിച്ചുകൊണ്ട്‌ ഇക്കാര്യത്തിൽ യേശു നമുക്ക്‌ നല്ലൊരു മാതൃകയായിരിക്കുന്നത്‌ എങ്ങനെയാണ്‌? യഹോവയെപ്പോലെ ക്ഷമ കാണിക്കാൻ പഠിക്കുന്നതുകൊണ്ട്‌ നമുക്ക്‌ എന്ത്‌ അനുഗ്രഹങ്ങളാണ്‌ ലഭിക്കുന്നത്‌? യഹോവ താമസിക്കുന്നതായി തോന്നിയാൽപ്പോലും ക്ഷമയും ശക്തമായ വിശ്വാസവും ഉള്ളവരായിരിക്കാൻ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മെ സഹായിക്കും.

യഹോവ ക്ഷമ കാണിക്കുന്നത്‌ എന്തുകൊണ്ട്‌?

3, 4. (എ) ഭൂമിയെ സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്ന കാര്യത്തിൽ യഹോവ ക്ഷമ കാണിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഏദെനിലെ മത്സരത്തോട്‌ യഹോവ എങ്ങനെ പ്രതികരിച്ചു?

3 ക്ഷമ കാണിക്കുന്നതിന്‌ യഹോവയ്‌ക്ക്‌ തക്ക കാരണമുണ്ട്‌. പ്രപഞ്ചത്തിന്മേലുള്ള സർവാധികാരം എക്കാലത്തും യഹോവയ്‌ക്ക്‌ ഉണ്ടായിരുന്നിട്ടുണ്ടെന്നത്‌ ശരിതന്നെ. എന്നുവരികിലും ഏദെനിലെ മത്സരം ഉയർത്തിയ ചോദ്യങ്ങൾ സാർവത്രികപ്രാധാന്യമുള്ളതാണ്‌. സംശയത്തിന്‌ ഇടനൽകാത്ത വിധം ആ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകണമെങ്കിൽ സമയം ആവശ്യമാണെന്ന്‌ അറിയാവുന്നതിനാൽ യഹോവ ക്ഷമ കാട്ടിയിരിക്കുന്നു. സ്വർഗത്തിലും ഭൂമിയിലും ഉള്ള ഓരോ വ്യക്തിയുടെയും ചിന്തയും പ്രവൃത്തിയും നന്നായി അറിയാവുന്ന യഹോവ നമ്മുടെ നന്മയെ കരുതിയാണ്‌ പ്രവർത്തിക്കുന്നത്‌.—എബ്രാ. 4:13.

4 ആദാമിന്റെയും ഹവ്വായുടെയും സന്താനങ്ങളെക്കൊണ്ട്‌ ഭൂമി നിറയണമെന്നുള്ളത്‌ യഹോവയുടെ ഉദ്ദേശ്യമായിരുന്നു. സാത്താൻ ഹവ്വായെ വഞ്ചിക്കുകയും തുടർന്ന്‌ ആദാം അനുസരണക്കേടു കാണിക്കുകയും ചെയ്‌തപ്പോൾ യഹോവ തന്റെ ഉദ്ദേശ്യം ഉപേക്ഷിച്ചില്ല. അവൻ പരിഭ്രാന്തനായി തിടുക്കത്തിൽ ഒരു തീരുമാനമെടുക്കുകയോ മനുഷ്യരെ പാടേ ഉപേക്ഷിക്കുകയോ ചെയ്‌തില്ല. പകരം മനുഷ്യരെയും ഭൗമഗൃഹത്തെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ അവൻ ഒരു വഴി തിരഞ്ഞെടുത്തു. (യെശ. 55:11) തന്റെ ഉദ്ദേശ്യസാക്ഷാത്‌കാരത്തിനും പരമാധികാരത്തിന്റെ സംസ്ഥാപനത്തിനും വേണ്ടി യഹോവ അപാരമായ ആത്മനിയന്ത്രണവും ക്ഷമയും കാണിച്ചിരിക്കുന്നു; ആ ഉദ്ദേശ്യത്തിന്റെ ചില വശങ്ങൾ ഏറ്റവും നല്ല വിധത്തിൽ നിവൃത്തിയേറുന്നതിന്‌ ആയിരക്കണക്കിനു വർഷങ്ങൾ കാത്തിരിക്കാൻ അവൻ തയ്യാറായി.

5. യഹോവയുടെ ക്ഷമ മുഖാന്തരം എന്ത്‌ അനുഗ്രഹങ്ങൾ സാധ്യമാണ്‌?

5 അനേകർ നിത്യജീവൻ പ്രാപിക്കണം; യഹോവ ക്ഷമയോടെ കാത്തിരുന്നതിന്റെ മറ്റൊരു കാരണം അതാണ്‌. “ഒരു മഹാപുരുഷാര”ത്തെ രക്ഷിക്കാൻ വേണ്ട ഒരുക്കങ്ങൾ അവൻ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നു. (വെളി. 7:9, 14; 14:6) നമ്മുടെ പ്രസംഗവേലയിലൂടെ തന്റെ രാജ്യത്തെയും നീതിയുള്ള നിലവാരങ്ങളെയും കുറിച്ച്‌ പഠിക്കാൻ അവൻ ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്‌. മാനവരാശിക്കു ലഭിക്കാവുന്നതിലേക്കും ഏറ്റവും നല്ല വാർത്തയാണ്‌ ഈ രാജ്യസന്ദേശം. അതെ, അത്‌ “സുവിശേഷം” ആണ്‌. (മത്താ. 24:14) യഹോവ ആകർഷിക്കുന്ന ഓരോ വ്യക്തിയും ശരിയായതിനെ സ്‌നേഹിക്കുന്ന യഥാർഥസുഹൃത്തുക്കൾ അടങ്ങിയ ഒരു ആഗോളസഭയുടെ ഭാഗമായിത്തീരുന്നു. (യോഹ. 6:44-47) സ്‌നേഹവാനായ നമ്മുടെ ദൈവം തന്റെ അംഗീകാരം നേടാൻ അത്തരം ആളുകളെ സഹായിക്കുകയാണ്‌. തന്റെ സ്വർഗീയഗവണ്മെന്റിന്റെ ഭാഗമാകാനും അവൻ ഭൂമിയിൽനിന്ന്‌ വിശ്വസ്‌തദാസരിൽ ചിലരെ തിരഞ്ഞെടുത്തിരിക്കുന്നു. സ്വർഗത്തിൽ തങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പദവികൾ ലഭിക്കുമ്പോൾ പൂർണതയും അനന്തജീവനും പ്രാപിക്കാൻ അവർ അനുസരണമുള്ള മനുഷ്യരെ സഹായിക്കും. അതെ, ക്ഷമയോടെ കാത്തിരിക്കുമ്പോഴും തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ യഹോവ. അതെല്ലാം നമ്മുടെ നന്മയ്‌ക്കുവേണ്ടിയാണ്‌.

6. (എ) നോഹയുടെ കാലത്ത്‌ യഹോവ ക്ഷമ കാണിച്ചത്‌ എങ്ങനെ? (ബി) നമ്മുടെ കാലത്ത്‌ യഹോവ ക്ഷമ കാണിക്കുന്നത്‌ എങ്ങനെ?

6 കടുത്ത പ്രകോപനം ഉണ്ടാകുമ്പോഴും യഹോവ ക്ഷമയുള്ളവനാണ്‌. പ്രളയത്തിനു മുമ്പുള്ള ദുഷ്ടത അവൻ കൈകാര്യം ചെയ്‌ത വിധത്തിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാക്കാം. അന്ന്‌ ലോകം അധാർമികതയും അക്രമവും കൊണ്ട്‌ നിറഞ്ഞിരുന്നു. മനുഷ്യന്റെ കുത്തഴിഞ്ഞ ജീവിതം കണ്ട്‌ യഹോവയുടെ “ഹൃദയത്തിന്നു ദുഃഖമായി.” (ഉല്‌പ. 6:2-8) ഈ അവസ്ഥ എക്കാലവും വെച്ചുപൊറുപ്പിക്കാൻ അവന്‌ ആകുമായിരുന്നില്ല. അതുകൊണ്ട്‌ അനുസരണംകെട്ട ആ മനുഷ്യവർഗത്തെ ഒരു പ്രളയത്തിൽ നശിപ്പിക്കാൻ അവൻ തീരുമാനിച്ചു. “നോഹയുടെ കാലത്തു . . . ക്ഷമയോടെ കാത്തിരുന്നപ്പോൾ” അവൻ നോഹയെയും കുടുംബത്തെയും രക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയായിരുന്നു. (1 പത്രോ. 3:20) ഉചിതമായ സമയത്ത്‌, യഹോവ തന്റെ തീരുമാനം നോഹയെ അറിയിക്കുകയും ഒരു പെട്ടകം പണിയാൻ അവനെ നിയോഗിക്കുകയും ചെയ്‌തു. (ഉല്‌പ. 6:14-22) വരാനിരിക്കുന്ന നാശത്തെക്കുറിച്ച്‌ നോഹ മറ്റുള്ളവർക്ക്‌ മുന്നറിയിപ്പു നൽകണമെന്നും യഹോവ പറഞ്ഞു. അതുകൊണ്ടാണ്‌ ബൈബിൾ അവനെ “നീതിപ്രസംഗി” എന്നു വിളിച്ചിരിക്കുന്നത്‌. (2 പത്രോ. 2:5) നമ്മുടെ കാലം നോഹയുടെ കാലത്തിനു സമാനമാണെന്ന്‌ യേശു പറയുകയുണ്ടായി. ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കേണ്ട സമയം യഹോവ തീരുമാനിച്ചുകഴിഞ്ഞു. “ആ നാളും നാഴികയും” ഒരു മനുഷ്യനും അറിയില്ല. (മത്താ. 24:36) ആളുകൾക്ക്‌ മുന്നറിയിപ്പു നൽകാനും രക്ഷപ്പെടാൻ അവർ എന്തു ചെയ്യണമെന്ന്‌ പറഞ്ഞുകൊടുക്കാനും ദൈവം നമ്മെ നിയോഗിച്ചിരിക്കുന്നു. ആ വേല ചെയ്യാനുള്ള സമയം ഇപ്പോഴാണ്‌.

7. തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കാൻ യഹോവ താമസിക്കുന്നുണ്ടോ? വിശദീകരിക്കുക.

7 അതെ, യഹോവ ക്ഷമയുള്ളവനാണെന്ന കാര്യം അവൻ വെറുതെ സമയം തള്ളിനീക്കുകയാണെന്ന്‌ അർഥമാക്കുന്നില്ല. അവൻ നമ്മെ ശ്രദ്ധിക്കുന്നില്ലെന്നോ നമ്മുടെ കാര്യത്തിൽ അവനു താത്‌പര്യമില്ലെന്നോ നാം ഒരിക്കലും ചിന്തിക്കരുത്‌! എന്നാൽ നമുക്ക്‌ പ്രായമാകുമ്പോഴോ ഈ ദുഷ്ടവ്യവസ്ഥിതിയിൽ കഷ്ടങ്ങൾ സഹിക്കുമ്പോഴോ ഇക്കാര്യം മനസ്സിൽപ്പിടിക്കുക അത്ര എളുപ്പമായിരിക്കില്ല. നിരാശിതരായി, ദൈവം തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കാൻ താമസിക്കുകയാണെന്ന്‌ നാം ചിന്തിച്ചുപോയേക്കാം. (എബ്രാ. 10:36) ക്ഷമ കാണിക്കാൻ അവന്‌ തക്കതായ കാരണങ്ങളുണ്ടെന്നും ശേഷിക്കുന്ന ഈ സമയം തന്റെ വിശ്വസ്‌തദാസരുടെ പ്രയോജനത്തിനായി അവൻ ഉപയോഗിക്കുകയാണെന്നും ഉള്ള കാര്യം ഒരിക്കലും വിസ്‌മരിക്കരുത്‌. (2 പത്രോ. 2:3; 3:9) നമുക്ക്‌ ഇപ്പോൾ, യേശു തന്റെ പിതാവിന്റെ ക്ഷമ അനുകരിച്ചത്‌ എങ്ങനെയാണെന്നു നോക്കാം.

ക്ഷമയുടെ കാര്യത്തിൽ യേശു ഉത്തമമാതൃക വെച്ചത്‌ എങ്ങനെ?

8. ഏതെല്ലാം സാഹചര്യത്തിൽ യേശു ക്ഷമ കാണിച്ചു?

8 യേശു ചെയ്യുന്നതെല്ലാം ദൈവത്തിന്റെ ഹിതമാണ്‌. കോടാനുകോടി വർഷങ്ങളായി സന്തോഷത്തോടെ അവൻ അതു ചെയ്‌തിരിക്കുന്നു. സാത്താൻ മത്സരിച്ചപ്പോൾ, തന്റെ ഏകജാതപുത്രൻ മിശിഹായായി ഭൂമിയിൽ വരുമെന്ന്‌ യഹോവ തീരുമാനിച്ചു. ആ സമയംവരെ ആയിരക്കണക്കിനു വർഷങ്ങൾ കാത്തിരിക്കാൻ യേശുവിന്‌ എത്രമാത്രം ക്ഷമ വേണ്ടിയിരുന്നു! (ഗലാത്യർ 4:4 വായിക്കുക.) അക്കാലമത്രയും അവൻ വെറുതെ ഇരിക്കുകയായിരുന്നില്ല. പകരം പിതാവ്‌ നൽകിയ വേലയിൽ അവൻ മുഴുകി. പിന്നീട്‌ അവൻ ഭൂമിയിൽ വന്നപ്പോൾ, മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ താൻ സാത്താന്റെ കൈയാൽ മരിക്കേണ്ടിവരുമെന്ന്‌ അവന്‌ അറിയാമായിരുന്നു. (ഉല്‌പ. 3:15; മത്താ. 16:21) കടുത്ത വേദന സഹിക്കേണ്ടിവരുമായിരുന്നെങ്കിലും യേശു ക്ഷമയോടെ ദൈവഹിതത്തിനു കീഴ്‌പ്പെട്ടു. തന്നെക്കുറിച്ചോ തന്റെ സ്ഥാനത്തെക്കുറിച്ചോ അവൻ ചിന്തിച്ചില്ല. അങ്ങനെ അവൻ നമുക്കായി വിശ്വസ്‌തതയുടെ നിസ്‌തുലമായ ഒരു മാതൃകവെച്ചു.—എബ്രാ. 5:8, 9.

9, 10. (എ) യഹോവയുടെ സമയത്തിനായി കാത്തിരിക്കവെ യേശു എന്തു ചെയ്യുകയാണ്‌? (ബി) യഹോവയുടെ സമയപ്പട്ടികയെ നാം എങ്ങനെ വീക്ഷിക്കണം?

9 പുനരുത്ഥാനത്തിനു ശേഷം സ്വർഗത്തിലെയും ഭൂമിയിലെയും അധികാരം യേശുവിനു ലഭിച്ചു. (മത്താ. 28:18) യഹോവയുടെ സമയപ്പട്ടിക അനുസരിച്ച്‌ അവന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ യേശു ആ അധികാരം ഉപയോഗിക്കുന്നു. 1914-ൽ ശത്രുക്കൾ തന്റെ പാദപീഠമാകുന്നതുവരെ യേശു ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ക്ഷമയോടെ കാത്തിരുന്നു. (സങ്കീ. 110:1, 2; എബ്രാ. 10:12, 13) വൈകാതെ അവൻ സാത്താന്റെ വ്യവസ്ഥിതിക്ക്‌ അന്ത്യംകുറിക്കും. അതുവരെ, ദൈവത്തിന്റെ അംഗീകാരം നേടാൻ ആളുകളെ സഹായിച്ചുകൊണ്ട്‌ അവൻ അവരെ “ജീവജലത്തി”ങ്കലേക്കു നയിക്കുകയാണ്‌.—വെളി. 7:17.

10 യഹോവയുടെ സമയപ്പട്ടികയെ വീക്ഷിക്കേണ്ട വിധത്തെക്കുറിച്ച്‌ യേശുവിന്റെ മാതൃക നിങ്ങളെ എന്താണ്‌ പഠിപ്പിക്കുന്നത്‌? പിതാവ്‌ ആവശ്യപ്പെട്ടതെല്ലാം ചെയ്യാൻ യേശു ഉത്സുകനായിരുന്നു; എന്നാൽ, ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാൻ അവൻ മനസ്സുകാണിച്ചു. സാത്താന്റെ ദുഷ്ടവ്യവസ്ഥിതി അവസാനിക്കാൻ കാത്തിരിക്കുന്ന നമുക്ക്‌ അത്തരം ക്ഷമ വേണം. ദൈവത്തിനായി കാത്തിരിക്കാനും മടുത്തു പിന്മാറാതിരിക്കാനും അത്‌ നമ്മെ സഹായിക്കും. അത്തരം ക്ഷമ നമുക്ക്‌ എങ്ങനെ വളർത്തിയെടുക്കാം?

ദൈവത്തിന്റേതുപോലുള്ള ക്ഷമ എനിക്ക്‌ എങ്ങനെ വളർത്തിയെടുക്കാം?

11. (എ) വിശ്വാസവും ക്ഷമയും തമ്മിൽ എന്താണ്‌ ബന്ധം? (ബി) ശക്തമായ വിശ്വാസമുണ്ടായിരിക്കാൻ നമുക്ക്‌ എന്ത്‌ കാരണങ്ങളുണ്ട്‌?

11 അപൂർണമനുഷ്യർക്കും ക്ഷമയോടെ സഹിച്ചുനിൽക്കാനാകുമെന്ന്‌ യേശു ഭൂമിയിൽ വരുന്നതിനു മുമ്പ്‌, പ്രവാചകന്മാരും മറ്റു വിശ്വസ്‌ത ദൈവദാസരും സ്വന്തം മാതൃകയിലൂടെ തെളിയിച്ചിരുന്നു. അവരുടെ ക്ഷമയ്‌ക്ക്‌ അവരുടെ വിശ്വാസവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. (യാക്കോബ്‌ 5:10, 11 വായിക്കുക.) യഹോവ പറഞ്ഞ കാര്യങ്ങളിൽ യഥാർഥവിശ്വാസം ഇല്ലായിരുന്നെങ്കിൽ ആ വാഗ്‌ദാനങ്ങൾ അവൻ നിവർത്തിക്കുന്ന സമയത്തിനായി അവർ ക്ഷമയോടെ കാത്തിരിക്കുമായിരുന്നോ? വാഗ്‌ദാനം ചെയ്‌ത കാര്യങ്ങൾ ദൈവം നിവർത്തിക്കുമെന്ന ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ്‌ വിഷമതകൾ നിറഞ്ഞതോ ഭയാനകമോ ആയ സാഹചര്യങ്ങളിൽ അവർക്കു പിടിച്ചുനിൽക്കാനായത്‌. (എബ്രാ. 11:13, 35-40) ‘നമ്മുടെ വിശ്വാസത്തിന്‌ പൂർണത വരുത്തുന്നവനായി’ യേശു ഇപ്പോൾ സേവിക്കുന്നതിനാൽ ശക്തമായ വിശ്വാസമുണ്ടായിരിക്കാൻ നമുക്ക്‌ ഇന്ന്‌ ഏറെ കാരണങ്ങളുണ്ട്‌. (എബ്രാ. 12:2) നമ്മുടെ വിശ്വാസം വർധിപ്പിക്കാൻപോന്ന വിധത്തിൽ യേശു പ്രവചനങ്ങൾ നിവർത്തിക്കുകയും ദൈവോദ്ദേശ്യം നമുക്ക്‌ വെളിപ്പെടുത്തിത്തരുകയും ചെയ്‌തു.

12. വിശ്വാസം വർധിപ്പിക്കാൻ നമുക്ക്‌ എന്ത്‌ ചെയ്യാനാകും?

12 നമ്മുടെ വിശ്വാസം ശക്തമാക്കാനും അങ്ങനെ കൂടുതൽ ക്ഷമയുള്ളവരായിത്തീരാനും പ്രായോഗികമായി എന്തു ചെയ്യാനാകും? ദൈവത്തിന്റെ ബുദ്ധിയുപദേശം ബാധകമാക്കുകയാണ്‌ പ്രധാനമാർഗം. ഉദാഹരണത്തിന്‌, ദൈവരാജ്യത്തിന്‌ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകേണ്ടതിന്റെ കാരണങ്ങളെക്കുറിച്ചു ചിന്തിക്കുക. മത്തായി 6:33-ൽ കാണുന്ന ബുദ്ധിയുപദേശം ബാധകമാക്കാൻ നിങ്ങൾക്കു കൂടുതലായി എന്തൊക്കെ ചെയ്യാനാകും? അതിനായി ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുകയോ ജീവിതം കൂടുതൽ ലളിതമാക്കുകയോ ചെയ്യേണ്ടിവന്നേക്കാം. ഇന്നേവരെ യഹോവ നിങ്ങളുടെ ശ്രമങ്ങൾ അനുഗ്രഹിച്ചിരിക്കുന്ന വിധം വിസ്‌മരിക്കരുത്‌. ഒരു ബൈബിളധ്യയനം തുടങ്ങുന്നതിനോ “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം” ലഭിക്കുന്നതിനോ അവൻ നിങ്ങളെ സഹായിച്ചിട്ടുണ്ടാകാം. (ഫിലിപ്പിയർ 4:7 വായിക്കുക.) ഇങ്ങനെ, യഹോവയുടെ നിർദേശങ്ങൾ പിൻപറ്റിയതുമൂലം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നെങ്കിൽ ക്ഷമയുള്ളവരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ നിങ്ങൾ തിരിച്ചറിയും.—സങ്കീ. 34:8.

13. വിശ്വാസവും ക്ഷമയും വളർത്തിയെടുക്കുന്നതിനെ എങ്ങനെ ഉദാഹരിക്കാം?

13 വിശ്വാസം നമ്മെ കൂടുതൽ ക്ഷമയുള്ളവരാക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയാൻ ഒരു ഉദാഹരണം നോക്കാം. ഒരു കൃഷിക്കാരൻ വിതയ്‌ക്കുകയും പരിപാലിക്കുകയും കൊയ്യുകയും ചെയ്യുന്നു. സമൃദ്ധമായി വിള കൊയ്യാൻ സാധിക്കുമ്പോഴൊക്കെ അടുത്ത തവണ കൃഷിയിറക്കാൻ അദ്ദേഹത്തിനു കൂടുതൽ ധൈര്യം ലഭിക്കും. വിളവെടുക്കാൻ അടുത്ത കൊയ്‌ത്തുവരെ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെങ്കിലും വിതയ്‌ക്കുന്നതിൽനിന്ന്‌ ഈ കാത്തിരിപ്പ്‌ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. ഒരുപക്ഷേ, ഇത്തവണ അദ്ദേഹം കൂടുതൽ സ്ഥലത്ത്‌ കൃഷിയിറക്കിയേക്കാം. കൊയ്യാൻ സാധിക്കുമെന്ന്‌ അദ്ദേഹത്തിനു വിശ്വാസമുണ്ട്‌. സമാനമായി യഹോവയുടെ ബുദ്ധിയുപദേശങ്ങൾ പഠിക്കുകയും ബാധകമാക്കുകയും അതിന്റെ പ്രയോജനങ്ങൾ കൊയ്യുകയും ചെയ്യുന്ന പ്രക്രിയ ആവർത്തിക്കുന്തോറും യഹോവയിലുള്ള നമ്മുടെ ആശ്രയത്വവും വിശ്വാസവും വർധിക്കും. അതോടെ, ലഭിക്കുമെന്ന്‌ ഉറപ്പുള്ള അനുഗ്രഹങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നത്‌ നമുക്ക്‌ കൂടുതൽ എളുപ്പമായിത്തീരും.—യാക്കോബ്‌ 5:7, 8 വായിക്കുക.

14, 15. കഷ്ടപ്പാടുകളെ നാം എങ്ങനെ വീക്ഷിക്കണം?

14 ലോകത്തെയും നമ്മുടെ സാഹചര്യത്തെയും യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ പഠിക്കുന്നതാണ്‌ ക്ഷമ വളർത്താനുള്ള മറ്റൊരു മാർഗം. ഉദാഹരണത്തിന്‌, മനുഷ്യന്റെ കഷ്ടപ്പാടുകളെ അവൻ എങ്ങനെ കാണുന്നുവെന്ന്‌ ചിന്തിക്കുക. മനുഷ്യൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അവനെ കാലങ്ങളായി വേദനിപ്പിക്കുന്നുണ്ട്‌. എന്നാൽ നന്മ ചെയ്യാനാകാത്തവിധം ആ വേദന അവനെ തളർത്തിക്കളഞ്ഞിട്ടില്ല. “പിശാചിന്റെ പ്രവൃത്തികളെ തകർക്കാ”നും സാത്താൻ മനുഷ്യരാശിയുടെമേൽ വരുത്തിയിരിക്കുന്ന കെടുതികൾ പരിഹരിക്കാനും അവൻ തന്റെ ഏകജാതപുത്രനെ അയച്ചു. (1 യോഹ. 3:8) വാസ്‌തവത്തിൽ, എന്നെന്നേക്കുമായി ദൈവം പ്രശ്‌നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ ഈ കഷ്ടപ്പാടുകൾ നൈമിഷികമായിരുന്നെന്ന്‌ തോന്നും. സമാനമായി, സാത്താന്റെ ഭരണത്തിൻകീഴിൽ ഇന്ന്‌ നടമാടുന്ന ദുഷ്ടത നമ്മെ തളർത്തിക്കളയാനോ അന്ത്യം എപ്പോൾ വരുമെന്ന്‌ ചിന്തിച്ച്‌ അക്ഷമരാകാനോ സ്വയം അനുവദിക്കുന്നതിനു പകരം എന്നേക്കും നിലനിൽക്കുന്ന കാണാത്ത കാര്യങ്ങളിൽ നമുക്കു വിശ്വാസം അർപ്പിക്കാം. ദുഷ്ടത അവസാനിപ്പിക്കാൻ യഹോവ ഒരു സമയം കുറിച്ചിട്ടുണ്ട്‌. അവൻ ആ കൃത്യസമയത്തുതന്നെ പ്രവർത്തിക്കും.—യെശ. 46:13; നഹൂം 1:9.

15 ഈ വ്യവസ്ഥിതിയുടെ പ്രക്ഷുബ്ധമായ അവസാനനാളുകളിൽ നമ്മുടെ വിശ്വാസം വിശേഷാൽ പരീക്ഷിക്കപ്പെട്ടേക്കാം. നാം അക്രമത്തിന്‌ ഇരയാകുകയോ നമ്മുടെ പ്രിയപ്പെട്ടവർ ആരെങ്കിലും കഷ്ടപ്പെടുകയോ ചെയ്യുമ്പോൾ അക്ഷമരാകുന്നതിനു പകരം യഹോവയെ പൂർണമായി ആശ്രയിക്കാൻ ദൃഢചിത്തരായിരിക്കുക. അപൂർണരായതിനാൽ അത്‌ അത്ര എളുപ്പമല്ല. എന്നാൽ യേശു ചെയ്‌തത്‌ എന്താണെന്ന്‌ ഓർക്കുക. മത്തായി 26:39-ൽ (വായിക്കുക.) അത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

16. ശേഷിക്കുന്ന സമയത്ത്‌ നാം എന്ത്‌ ചെയ്യുന്നത്‌ ഒഴിവാക്കണം?

16 ‘വരുന്നിടത്തുവെച്ച്‌ കാണാം’ എന്ന മനോഭാവം ദൈവത്തിന്റേതുപോലുള്ള ക്ഷമ കാണിക്കുന്നതിൽനിന്ന്‌ ഒരുവനെ പിന്തിരിപ്പിച്ചേക്കാം. എന്താണ്‌ അതിന്റെ അർഥം? അന്ത്യം സമീപമാണെന്ന്‌ അത്ര ഉറപ്പില്ലാത്ത ഒരു വ്യക്തി യഹോവ പറഞ്ഞിട്ടുള്ളതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിലോ എന്ന്‌ ചിന്തിച്ച്‌ സ്വന്തമായി ചില ഒരുക്കങ്ങൾ ചെയ്‌തേക്കാം. ‘യഹോവ പറഞ്ഞിരിക്കുന്നതുപോലെ നടക്കുമോ എന്ന്‌ കാത്തിരുന്നു കാണാം’ എന്നായിരിക്കാം ആ വ്യക്തി ചിന്തിക്കുന്നത്‌. ദൈവരാജ്യത്തിന്‌ പ്രഥമസ്ഥാനം നൽകുന്നതിനു പകരം സാമ്പത്തികഭദ്രത കൈവരിക്കാനോ ഈ ലോകത്തിൽ തനിക്കായി ഒരു പേര്‌ സമ്പാദിക്കാനോ സുഖസൗകര്യങ്ങൾ നിറഞ്ഞ ഒരു ജീവിതം നയിക്കാൻവേണ്ടി ഉന്നതവിദ്യാഭ്യാസം നേടാനോ അയാൾ ശ്രമിച്ചേക്കാം. എന്നാൽ വാസ്‌തവത്തിൽ, അത്‌ അയാൾക്ക്‌ വിശ്വാസമില്ലെന്നതിന്റെ തെളിവല്ലേ? “വിശ്വാസത്താലും ദീർഘക്ഷമയാലും” യഹോവയിൽനിന്നുള്ള വാഗ്‌ദാനങ്ങൾക്ക്‌ അവകാശികളായ വിശ്വസ്‌തരെ അനുകരിക്കാൻ പൗലോസ്‌ നമ്മെ ഉദ്‌ബോധിപ്പിച്ചെന്ന കാര്യം ഓർക്കുക. (എബ്രാ. 6:12) ദൈവോദ്ദേശ്യം നിവർത്തിക്കാൻ ആവശ്യമായ സമയത്തോളമേ ഈ ദുഷ്ടവ്യവസ്ഥിതി നിലനിൽക്കുകയുള്ളൂ. അതിന്‌ അപ്പുറം പോകാൻ യഹോവ ഒരിക്കലും അനുവദിക്കില്ല. (ഹബ. 2:3) അതുകൊണ്ട്‌ ശേഷിച്ച സമയത്ത്‌ ഒരു കടമയെന്നപോലെ യഹോവയെ സേവിക്കുന്നത്‌ നമുക്ക്‌ ഒഴിവാക്കാം. പകരം, ജാഗരൂകരായിരിക്കുകയും സുവാർത്ത പ്രസംഗിക്കുന്നതിൽ തീക്ഷ്‌ണതയോടെ പങ്കെടുക്കുകയും ചെയ്യാം. അത്‌ നമുക്ക്‌ അളവറ്റ സന്തോഷം നൽകും.—ലൂക്കോ. 21:36.

ക്ഷമ എന്ത്‌ അനുഗ്രഹങ്ങൾ കൈവരുത്തും?

17, 18. (എ) നാം ക്ഷമയോടെ കാത്തിരിക്കുന്ന സമയം എന്തിനുള്ള അവസരം നൽകുന്നു? (ബി) ഇപ്പോൾ ക്ഷമ കാണിക്കുന്നതുകൊണ്ട്‌ നമുക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ ലഭിക്കും?

17 ദൈവസേവനത്തിൽ നാം പിന്നിട്ടത്‌ ഏതാനും മാസങ്ങളായാലും പതിറ്റാണ്ടുകളായാലും എന്നേക്കും ദൈവത്തെ സേവിക്കണമെന്നാണ്‌ നമ്മുടെ ആഗ്രഹം. ഈ വ്യവസ്ഥിതി ഇനി എത്ര കാലം ശേഷിച്ചാലും ക്ഷമയുണ്ടെങ്കിൽ അതിന്റെ അന്ത്യംവരെ സഹിച്ചുനിൽക്കാൻ നമുക്കു സാധിക്കും. യഹോവയുടെ തീരുമാനങ്ങളിൽ പൂർണവിശ്വാസമുണ്ടെന്നും വേണ്ടിവന്നാൽ അവന്റെ നാമത്തിനുവേണ്ടി കഷ്ടം സഹിക്കാൻ നാം സന്നദ്ധരാണെന്നും തെളിയിക്കാൻ യഹോവ നമുക്ക്‌ ഇപ്പോൾ അവസരം നൽകുകയാണ്‌. (1 പത്രോ. 4:13, 14) കൂടാതെ, രക്ഷ നേടാൻ വേണ്ട ക്ഷമ വളർത്തിയെടുക്കാനും ദൈവം ഇപ്പോൾ നമ്മെ പരിശീലിപ്പിക്കുന്നു.—1 പത്രോ. 5:10.

18 സ്വർഗത്തിലും ഭൂമിയിലും ഉള്ള സർവ അധികാരവും യേശുവിനുണ്ട്‌. നിങ്ങൾക്കല്ലാതെ മറ്റൊന്നിനും അവന്റെ സംരക്ഷണയിൽനിന്ന്‌ നിങ്ങളെ പറിച്ചുമാറ്റാനാവില്ല. (യോഹ. 10:28, 29) ഭാവിയെക്കുറിച്ചോ മരണത്തെക്കുറിച്ചുപോലുമോ നിങ്ങൾ ഭയക്കേണ്ടതില്ല. ക്ഷമയോടെ അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. അതുകൊണ്ട്‌ ഈ ലോകത്താൽ വശീകരിക്കപ്പെട്ട്‌ ദൈവത്തിൽ ആശ്രയിക്കുന്നത്‌ നാം നിറുത്തിക്കളയുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക. പകരം, വിശ്വാസത്തിൽ വളരാൻ നിശ്ചയിച്ചുറയ്‌ക്കുകയും ദൈവം ക്ഷമ കാണിക്കുന്ന ഈ സമയം ജ്ഞാനപൂർവം ഉപയോഗിക്കുകയും ചെയ്യുക.—മത്താ. 24:13; 2 പത്രോസ്‌ 3:17, 18 വായിക്കുക.

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രങ്ങൾ]

ക്ഷമയുണ്ടെങ്കിൽ ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനും അനുഗ്രഹങ്ങൾ കൊയ്യാനും സാധിക്കും!