വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ല”

“ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ല”

“ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ല”

“ആകയാൽ സദാ ജാഗരൂകരായിരിക്കുവിൻ; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ.”—മത്താ. 25:13.

ഉത്തരം പറയാമോ?

അന്ത്യം വരുന്ന ദിവസമോ സമയമോ അറിയാത്തതുകൊണ്ടുള്ള ചില പ്രയോജനങ്ങൾ ഏവ?

അഭിഷിക്തർ ജാഗരൂകരായിരുന്നിട്ടുള്ളത്‌ എങ്ങനെ?

ക്രിസ്‌തുവിന്റെ വരവിനായി ഒരുങ്ങിയിരിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

1-3. (എ) യേശുവിന്റെ രണ്ട്‌ ദൃഷ്ടാന്തങ്ങളിലെ ഗുണപാഠം മനസ്സിലാക്കാൻ ഏതു സാഹചര്യങ്ങൾ സഹായിക്കുന്നു? (ബി) ഏതെല്ലാം ചോദ്യങ്ങൾക്ക്‌ നാം ഉത്തരം കണ്ടെത്തും?

 പിൻവരുന്ന സാഹചര്യം ഒന്നു വിഭാവന ചെയ്യുക. ഉയർന്ന ഒരു ഗവണ്മെന്റ്‌ ഉദ്യോഗസ്ഥന്‌ പ്രധാനപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കണം. അദ്ദേഹം നിങ്ങളെ ഡ്രൈവറായി വിളിക്കുകയാണ്‌. ആ യാത്രയ്‌ക്കു മുമ്പ്‌ അദ്ദേഹത്തെ വിളിക്കാൻ പോകുമ്പോഴാണ്‌ വണ്ടിയിൽ വേണ്ടത്ര ഇന്ധനമില്ലെന്ന കാര്യം നിങ്ങൾ ശ്രദ്ധിക്കുന്നത്‌. ഇന്ധനം നിറയ്‌ക്കാതെ നിവൃത്തിയില്ല. നിങ്ങൾ അതിനു പോയ സമയത്ത്‌ ഉദ്യോഗസ്ഥൻ എത്തുന്നു. എന്നാൽ നിങ്ങളെ അവിടെയൊന്നും കാണുന്നില്ല. കാത്തുനിൽക്കാൻ സമയമില്ലാത്തതുകൊണ്ട്‌ അദ്ദേഹം മറ്റൊരാളുടെ വണ്ടിയിൽ യാത്ര പുറപ്പെടുന്നു. നിങ്ങൾ പെട്ടെന്നുതന്നെ സ്ഥലത്തെത്തിയെങ്കിലും അതിനകം അദ്ദേഹം പൊയ്‌ക്കഴിഞ്ഞു. നിങ്ങൾക്ക്‌ എന്തു തോന്നും?

2 ഇനി, ആ ഉദ്യോഗസ്ഥന്റെ സ്ഥാനത്ത്‌ നിങ്ങളാണെന്ന്‌ സങ്കൽപ്പിക്കുക. പരിപാടിക്കു പോകുന്നതിനു മുമ്പ്‌ പ്രധാനപ്പെട്ട ഒരു ജോലി ചെയ്യാൻ പ്രാപ്‌തരായ മൂന്നു വ്യക്തികളെ നിങ്ങൾ തിരഞ്ഞെടുക്കുന്നു. എന്താണ്‌ ചെയ്യേണ്ടതെന്ന്‌ വിശദീകരിച്ചു കൊടുക്കുമ്പോൾ മൂന്നു പേരും അതിനു സമ്മതിച്ചു. എന്നാൽ കുറച്ചുസമയം കഴിഞ്ഞ്‌ നിങ്ങൾ മടങ്ങിയെത്തുമ്പോൾ രണ്ടു പേർ മാത്രമേ ഏൽപ്പിച്ച ജോലി ചെയ്‌തിട്ടുള്ളൂ. മൂന്നാമത്തെ ആൾ അതിന്‌ ശ്രമിച്ചിട്ടുപോലുമില്ല. പോരാത്തതിന്‌ ചില മുടന്തൻന്യായങ്ങളും അയാൾ നിരത്തുന്നുണ്ട്‌. നിങ്ങൾക്ക്‌ എന്തു തോന്നും?

3 പത്തു കന്യകമാരെയും താലന്തുകളെയും കുറിച്ചുള്ള ദൃഷ്ടാന്തങ്ങളിൽ യേശു സമാനമായ സാഹചര്യങ്ങൾ ഉപയോഗിച്ചു. അന്ത്യകാലത്ത്‌ ചില അഭിഷിക്തക്രിസ്‌ത്യാനികൾ വിശ്വസ്‌തരും വിവേകികളും ആയിരിക്കുമ്പോൾ മറ്റു ചിലർ അങ്ങനെ ആയിരിക്കാൻ പരാജയപ്പെടുന്നത്‌ എന്തുകൊണ്ടാണെന്നു വിശദീകരിക്കാനായിരുന്നു അത്‌. a (മത്താ. 25:1-30) “ആകയാൽ സദാ ജാഗരൂകരായിരിക്കുവിൻ; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ” എന്നു പറഞ്ഞപ്പോൾ ഈ ദൃഷ്ടാന്തങ്ങളിലെ ഗുണപാഠം എടുത്തുകാട്ടുകയായിരുന്നു യേശു. സാത്താന്റെ ലോകത്തിന്റെമേൽ താൻ ദിവ്യന്യായവിധി നിർവഹിക്കുന്ന സമയത്തെക്കുറിച്ചാണ്‌ യേശു അവിടെ സംസാരിച്ചത്‌. (മത്താ. 25:13) ഈ ബുദ്ധിയുപദേശം ഇന്ന്‌ നമുക്കും ബാധകമാണ്‌. സദാ ജാഗരൂകരായിരിക്കുന്നതിന്റെ പ്രയോജനം എന്താണ്‌? സദാ ജാഗരൂകരായിരുന്നിട്ടുള്ളത്‌ ആരാണ്‌? ജാഗരൂകരായിരിക്കാൻ നാം ഇന്ന്‌ എന്തു ചെയ്യണം?

സദാ ജാഗരൂകരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ

4. ‘സദാ ജാഗരൂകരായിരിക്കുന്നതിന്‌’ അന്ത്യം എപ്പോൾ വരുമെന്ന്‌ അറിയേണ്ട ആവശ്യമില്ലാത്തത്‌ എന്തുകൊണ്ട്‌?

4 ചില കാര്യങ്ങൾ ചെയ്യുമ്പോൾ ഇടയ്‌ക്കിടെ സമയം നോക്കേണ്ടത്‌ ആവശ്യമാണ്‌. ഉദാഹരണത്തിന്‌, നിങ്ങൾ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെങ്കിൽ, ഡോക്‌ടറെ കാണേണ്ടതുണ്ടെങ്കിൽ, ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യേണ്ടതുണ്ടെങ്കിൽ വൈകാതിരിക്കാൻ നിങ്ങൾക്ക്‌ സമയം നോക്കേണ്ടിവരും. എന്നാൽ, അഗ്നിശമനപ്രവർത്തനമോ ദുരിതാശ്വാസപ്രവർത്തനമോ പോലെ മറ്റു ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കൂടെക്കൂടെ സമയം നോക്കുന്നത്‌ നിങ്ങളുടെ ശ്രദ്ധ പതറാൻ ഇടയാക്കിയേക്കാം, അത്‌ അപകടവുമാണ്‌. അത്തരം സാഹചര്യങ്ങളിൽ സമയംനോക്കി കാര്യങ്ങൾ ചെയ്യുന്നതിനെക്കാൾ പ്രാധാന്യം, ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്‌. വ്യവസ്ഥിതിയുടെ അന്ത്യം അടുത്തിരിക്കുന്ന ഈ കാലത്ത്‌, രക്ഷ നേടാനുള്ള യഹോവയുടെ കരുതലുകളിലേക്ക്‌ ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നത്‌ മുമ്പെന്നത്തെക്കാൾ അടിയന്തിരമായിത്തീർന്നിരിക്കുന്നു. സദാ ജാഗരൂകരായിരിക്കുന്നതിനും യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനും അന്ത്യം എപ്പോൾ വരുമെന്ന്‌ അറിയേണ്ട ആവശ്യമില്ല. വാസ്‌തവത്തിൽ, അന്ത്യം വരുന്ന കൃത്യസമയമോ ദിവസമോ അറിയാത്തതുകൊണ്ട്‌ കുറഞ്ഞത്‌ അഞ്ചു പ്രയോജനങ്ങളുണ്ട്‌.

5. അന്ത്യം വരുന്ന ദിവസവും സമയവും അറിയാത്തത്‌ നമ്മുടെ ഹൃദയത്തിലുള്ളത്‌ വെളിപ്പെടുത്താൻ സഹായിക്കുന്നത്‌ എങ്ങനെ?

5 ഒന്നാമതായി, അന്ത്യം വരുന്ന സമയം അറിയാത്തത്‌ നമ്മുടെ ഹൃദയത്തിലുള്ളത്‌ എന്താണെന്ന്‌ വെളിപ്പെടുത്താൻ സഹായിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, നമ്മുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കാനും അങ്ങനെ തന്നോടുള്ള നമ്മുടെ വിശ്വസ്‌തത തെളിയിക്കാനും അവസരം നൽകിക്കൊണ്ട്‌ യഹോവ നമ്മെ മാനിക്കുകയാണ്‌. ഈ വ്യവസ്ഥിതിയുടെ അന്ത്യം വന്നുകാണാൻ നമുക്ക്‌ ആഗ്രഹമുണ്ടെങ്കിലും നാം യഹോവയെ സേവിക്കുന്നത്‌ നമുക്ക്‌ അവനോടു സ്‌നേഹമുള്ളതുകൊണ്ടാണ്‌; അല്ലാതെ നിത്യജീവൻ ലഭിക്കുന്നതിനുവേണ്ടി മാത്രമല്ല. (സങ്കീർത്തനം 37:4 വായിക്കുക.) അവന്റെ ഹിതം ചെയ്യാൻ നമുക്ക്‌ സന്തോഷമേയുള്ളൂ. നാം ശുഭമായിരിക്കുന്നതിനുവേണ്ടിയാണ്‌ ദൈവം നമ്മെ പഠിപ്പിക്കുന്നതെന്നും നമുക്കറിയാം. (യെശ. 48:17) അവന്റെ കൽപ്പനകളെ ഭാരമായിട്ടല്ല നാം കാണുന്നത്‌.—1 യോഹ. 5:3.

6. സ്‌നേഹത്താൽ പ്രേരിതരായി നാം ദൈവത്തെ സേവിക്കുമ്പോൾ അവന്‌ എന്തു തോന്നുന്നു, എന്തുകൊണ്ട്‌?

6 അന്ത്യം വരുന്ന ദിവസവും സമയവും അറിയാത്തതുകൊണ്ടുള്ള രണ്ടാമത്തെ പ്രയോജനം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനുള്ള അവസരം അതു നമുക്കു നൽകുന്നു എന്നതാണ്‌. അന്ത്യം അടുത്തെന്ന്‌ അറിയാവുന്നതുകൊണ്ടോ പ്രതിഫലം മാത്രം മുന്നിൽക്കണ്ടോ യഹോവയെ സേവിക്കുന്നതിനു പകരം അവനോടുള്ള സ്‌നേഹംനിമിത്തം നാം അതു ചെയ്യുമ്പോൾ ശത്രുവായ സാത്താന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കാൻ യഹോവയ്‌ക്ക്‌ നാം അവസരം നൽകുകയാണ്‌. (ഇയ്യോ. 2:4, 5; സദൃശവാക്യങ്ങൾ 27:11 വായിക്കുക.) പിശാച്‌ വരുത്തിവെച്ചിരിക്കുന്ന വേദനകളും കഷ്ടപ്പാടുകളും അറിയാവുന്ന നമുക്ക്‌ അവന്റെ ദുർഭരണത്തെ തള്ളിക്കളയാനും യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കാനും സന്തോഷമേയുള്ളൂ.

7. ആത്മത്യാഗപരമായ ജീവിതം നയിക്കുന്നതാണ്‌ നല്ലതെന്ന്‌ നിങ്ങൾ കരുതുന്നത്‌ എന്തുകൊണ്ട്‌?

7 അന്ത്യം വരുന്ന കൃത്യസമയം അറിയാത്തത്‌ ആത്മത്യാഗപരമായ ഒരു ജീവിതം നയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു; അതാണ്‌ മൂന്നാമത്തെ പ്രയോജനം. ദൈവത്തെ അറിയാത്ത ചിലർപോലും ഈ ലോകം അധികകാലം നീണ്ടുനിൽക്കില്ലെന്നു വിശ്വസിക്കുന്നുണ്ട്‌. ഏതോ ഒരു ദുരന്തം ഭയക്കുന്ന അവർ, “നമുക്കു തിന്നാം, കുടിക്കാം; നാളെ നാം മരിക്കുമല്ലോ” എന്ന മനോഭാവം വെച്ചുപുലർത്തുന്നു. (1 കൊരി. 15:32) എന്നാൽ നമുക്ക്‌ ആ ഭയമില്ല. സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്നവരല്ല നാം. (സദൃ. 18:1) പകരം സ്വയം ത്യജിക്കുകയും മറ്റുള്ളവരോട്‌ ദൈവരാജ്യ സുവിശേഷം പ്രസംഗിക്കുന്നതിനുവേണ്ടി നാം സമയവും ഊർജവും വസ്‌തുവകകളും നിർലോഭം വിനിയോഗിക്കുകയും ചെയ്യുന്നു. (മത്തായി 16:24 വായിക്കുക.) ദൈവത്തെ സേവിക്കുന്നത്‌, വിശേഷിച്ചും അവനെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നത്‌ നമുക്ക്‌ സന്തോഷമേകുന്ന കാര്യമാണ്‌.

8. യഹോവയിലും അവന്റെ വചനത്തിലും നമുക്കുള്ള ആശ്രയം വർധിപ്പിക്കേണ്ടതുണ്ടെന്ന്‌ ഏതു ബൈബിൾ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു?

8 യഹോവയിലുള്ള ആശ്രയം വർധിപ്പിക്കാനും അവന്റെ വചനത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ പുരോഗമിക്കാനും കഴിയുമെന്നതാണ്‌ ആ ദിവസവും സമയവും അറിയാത്തതിന്റെ നാലാമത്തെ പ്രയോജനം. സ്വന്തം പ്രാപ്‌തിയിൽ ആശ്രയിക്കുക എന്നത്‌ പാപികളായ മനുഷ്യരുടെ ഒരു പ്രധാനദൗർബല്യമാണ്‌. “താൻ നിൽക്കുന്നുവെന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ” എന്ന്‌ പൗലോസ്‌ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. യോശുവ ദൈവജനത്തെ വാഗ്‌ദത്തദേശത്ത്‌ എത്തിക്കുന്നതിനു തൊട്ടുമുമ്പ്‌ 23,000 പേർക്കാണ്‌ യഹോവയുടെ അംഗീകാരം നഷ്ടമായത്‌. ‘ഈ കാര്യങ്ങൾ യുഗങ്ങളുടെ അവസാനത്തിങ്കൽ വന്നെത്തിയിരിക്കുന്ന നമുക്ക്‌ മുന്നറിയിപ്പിനായി എഴുതപ്പെട്ടിരിക്കുന്നു’ എന്ന്‌ പൗലോസ്‌ പറഞ്ഞു.—1 കൊരി. 10:8, 11, 12.

9. കഷ്ടപ്പാടുകൾ നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കുകയും ദൈവത്തോട്‌ അടുത്തു ചെല്ലാൻ സഹായിക്കുകയും ചെയ്യുന്നത്‌ എങ്ങനെ?

9 കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോൾ വിശ്വാസം ബലിഷ്‌ഠമാക്കാൻ അവസരം ലഭിക്കുന്നു എന്നതാണ്‌ ആ ദിവസവും സമയവും അറിയാത്തതിന്റെ അഞ്ചാമത്തെ പ്രയോജനം. (സങ്കീർത്തനം 119:71 വായിക്കുക.) ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകൾ “വിശേഷാൽ ദുഷ്‌കരമായ സമയ”ങ്ങളാണ്‌. (2 തിമൊ. 3:1-5) സാത്താന്റെ ലോകത്തിലുള്ള പലരും നമ്മെ ദ്വേഷിക്കുന്നതിനാൽ വിശ്വാസത്തിന്റെ പേരിൽ നമുക്ക്‌ ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നേക്കാം. (യോഹ. 15:19; 16:2) എന്നാൽ അത്തരം പരിശോധനകൾ നേരിടുമ്പോൾ താഴ്‌മയോടെ നാം ദൈവത്തിന്റെ മാർഗനിർദേശം തേടുന്നെങ്കിൽ തീയാലെന്നപോലെ നമ്മുടെ വിശ്വാസം ശുദ്ധീകരിക്കപ്പെടുകയും ശക്തമാകുകയും ചെയ്യും. നാം ദൈവസേവനം നിറുത്തിക്കളയുകയില്ല. പകരം, നിനച്ചതിലും അധികം നാം യഹോവയോട്‌ അടുത്തു ചെല്ലും.—യാക്കോ. 1:2-4; 4:8.

10. സമയം വേഗം കടന്നുപോകുന്നതായി തോന്നുന്നത്‌ എപ്പോൾ?

10 സമയം പെട്ടെന്ന്‌ കടന്നുപോകുന്നതായോ ഇഴഞ്ഞുനീങ്ങുന്നതായോ നമുക്ക്‌ തോന്നാറുണ്ട്‌. വാച്ചിൽ നോക്കാൻപോലും സമയമില്ലാതെ തിരക്കിട്ട്‌ എന്തെങ്കിലും ചെയ്യുമ്പോൾ സമയം പോകുന്നത്‌ നാം അറിയില്ല. സമാനമായി, യഹോവ നമുക്ക്‌ നൽകിയിരിക്കുന്ന ആവേശജനകമായ വേലയിൽ മുഴുകുന്നെങ്കിൽ നാം നിനയ്‌ക്കുന്നതിലും വേഗം ആ ദിവസവും സമയവും വന്നേക്കാം. ഇക്കാര്യത്തിൽ അഭിഷിക്തരിൽ മിക്കവരും നല്ലൊരു മാതൃക വെച്ചിരിക്കുന്നു. 1914-ൽ യേശുവിന്‌ രാജ്യാധികാരം ലഭിച്ചതിനു ശേഷം നടന്ന ചില കാര്യങ്ങൾ നമുക്ക്‌ ചുരുക്കമായി അവലോകനം ചെയ്യാം; ചിലർ ഒരുങ്ങിയിരുന്നപ്പോൾ മറ്റു ചിലർ അതിൽ പരാജയപ്പെട്ടത്‌ എങ്ങനെയെന്ന്‌ അതിലൂടെ നാം മനസ്സിലാക്കും.

അഭിഷിക്തർ ഒരുങ്ങിയിരുന്നു

11. കർത്താവ്‌ വൈകുന്നതായി ചില അഭിഷിക്തർക്ക്‌ 1914-നു ശേഷം തോന്നിയത്‌ എന്തുകൊണ്ട്‌?

11 പത്തു കന്യകമാരെയും താലന്തുകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തങ്ങൾ ഒരിക്കൽക്കൂടി മനസ്സിലേക്കു കൊണ്ടുവരുക. അതിലെ കന്യകമാർക്കും അടിമകൾക്കും മണവാളൻ അഥവാ യജമാനൻ വരുന്ന സമയം അറിയാമായിരുന്നെങ്കിൽ ജാഗരിച്ചിരിക്കേണ്ട ആവശ്യമില്ലായിരുന്നു. പക്ഷേ, അവർക്ക്‌ അത്‌ അറിയില്ലായിരുന്നു. അതുകൊണ്ട്‌ അവർ സദാ ഒരുങ്ങിയിരിക്കേണ്ടിയിരുന്നു. 1914 ഒരു സവിശേഷ വർഷമാണെന്ന്‌ പതിറ്റാണ്ടുകളായി അഭിഷിക്തർക്ക്‌ അറിയാമായിരുന്നെങ്കിലും ആ വർഷം എന്തു സംഭവിക്കുമെന്ന്‌ അവർ വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല. അവർ പ്രതീക്ഷിച്ചത്‌ സംഭവിക്കാതിരുന്നപ്പോൾ മണവാളൻ വൈകുന്നതുപോലെ ചിലർക്ക്‌ തോന്നിയിരിക്കാം. “ആ വർഷം (1914) ഒക്‌ടോബർ ആദ്യവാരത്തിൽത്തന്നെ ഞങ്ങളെല്ലാം സ്വർഗത്തിൽ പോകുമെന്ന്‌ ഞങ്ങളിൽ ചിലർ വാസ്‌തവമായി കരുതിയിരുന്നു” എന്ന്‌ ഒരു സഹോദരൻ പിന്നീട്‌ പറഞ്ഞു.

12. വിശ്വസ്‌തനും വിവേകിയും ആണെന്ന്‌ അഭിഷിക്തർ തെളിയിച്ചത്‌ എങ്ങനെ?

12 അന്ത്യം വരുമെന്നു പ്രതീക്ഷിച്ചിട്ട്‌ അതു നടക്കാതെപോയപ്പോൾ അവർ എത്ര നിരുത്സാഹിതരായിട്ടുണ്ടാവും! അതോടൊപ്പം, ഒന്നാം ലോകമഹായുദ്ധത്തോട്‌ അനുബന്ധിച്ചുണ്ടായ എതിർപ്പും അവർക്ക്‌ നേരിടേണ്ടിവന്നു. ഉറക്കത്തോട്‌ ഉപമിക്കാവുന്ന ഒരു നിഷ്‌ക്രിയാവസ്ഥ സംജാതമായി. എന്നാൽ 1919-ൽ അവർക്ക്‌ ഉണർന്നെണീക്കാനുള്ള വിളിയുണ്ടായി! അതിനകം ദൈവത്തിന്റെ ആത്മീയ ആലയത്തിലേക്കു പ്രവേശിച്ച യേശു അവിടെ പരിശോധന നടത്തിയിരുന്നു. ആ പരിശോധനയ്‌ക്കിടെ അയോഗ്യരായിത്തീർന്നവർക്ക്‌ രാജാവിന്റെ “വ്യാപാരം” ചെയ്യാനുള്ള പദവി നഷ്ടമായി. (മത്താ. 25:16) വിവേകഹീനരായ കന്യകമാരെപ്പോലെ അവരും ആത്മീയ എണ്ണ കരുതിവെക്കാൻ ശുഷ്‌കാന്തി കാണിച്ചില്ല. ദൈവരാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ അലസനായ ദാസനെപ്പോലെ അവർക്കും മനസ്സില്ലായിരുന്നു. പക്ഷേ, അഭിഷിക്തരിൽ ഭൂരിഭാഗം പേരും വിശ്വസ്‌തരായി ഉറച്ചുനിന്നു. യുദ്ധം കൊടുമ്പിരികൊണ്ട വർഷങ്ങളിലും യജമാനനെ സേവിക്കാനുള്ള അവരുടെ വാഞ്‌ഛ പ്രകടമായിരുന്നു.

13. അടിമവർഗത്തിന്റെ മനോഭാവം 1914-നു ശേഷം എങ്ങനെയായിരുന്നു, ഇന്ന്‌ അവരുടെ മനോഭാവം എന്താണ്‌?

13 വീക്ഷാഗോപുരം 1914-നു ശേഷം ശ്രദ്ധേയമായ ഈ പ്രസ്‌താവന നടത്തി: “സഹോദരങ്ങളേ, ദൈവത്തെക്കുറിച്ച്‌ ശരിയായ മനോഭാവമുള്ള നമ്മിൽ ആർക്കുംതന്നെ അവന്റെ ക്രമീകരണങ്ങളിൽ ഒന്നിനെക്കുറിച്ചും നിരാശയില്ല. സ്വന്തം ഇഷ്ടം നടക്കണമെന്നല്ല നാം ആഗ്രഹിച്ചത്‌; അതുകൊണ്ട്‌ 1914 ഒക്‌ടോബറിനെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നെന്ന്‌ അറിഞ്ഞപ്പോൾ, നമ്മുടെ ഹിതപ്രകാരം കർത്താവ്‌ തന്റെ പദ്ധതിയിൽ മാറ്റം വരുത്താഞ്ഞതിൽ നാം സന്തോഷിച്ചതേയുള്ളൂ. അവൻ അങ്ങനെ മാറ്റംവരുത്താൻ നാം ആഗ്രഹിച്ചില്ല. അവന്റെ പദ്ധതികളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കണമെന്നേ നാം ആഗ്രഹിച്ചുള്ളൂ.” ആ താഴ്‌മയും ഭക്തിയും ഇന്നും കർത്താവിന്റെ അഭിഷിക്തരുടെ മുഖമുദ്രയാണ്‌. തങ്ങളെ ദൈവം നിശ്വസ്‌തരാക്കുന്നുണ്ടെന്ന്‌ അവർ അവകാശപ്പെടുന്നില്ല. എന്നാൽ, കർത്താവിന്റെ ഭൂമിയിലെ “വ്യാപാരം” നടത്താൻ അവർ ദൃഢചിത്തരാണ്‌. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള ‘വേറെ ആടുകളുടെ’ ഒരു “മഹാപുരുഷാരം” അവരുടെ ജാഗ്രതയും തീക്ഷ്‌ണതയും ഇന്ന്‌ അനുകരിക്കുന്നു.—വെളി. 7:9; യോഹ. 10:16.

വേറെ ആടുകൾ ഒരുങ്ങിയിരിക്കുന്നു

14. ആത്മീയഭക്ഷണം വിളമ്പുന്ന ദൈവത്തിന്റെ സരണിയോടു പറ്റിനിൽക്കുന്നത്‌ നമ്മെ സംരക്ഷിക്കുന്നത്‌ എങ്ങനെ?

14 അഭിഷിക്തക്രിസ്‌ത്യാനികളെപ്പോലെ, മഹാപുരുഷാരത്തിൽപ്പെട്ട ജാഗരൂകരായ വ്യക്തികൾ, ആത്മീയഭക്ഷണം വിളമ്പാൻ യഹോവ ആക്കിവെച്ചിരിക്കുന്ന സരണിയോടു പറ്റിനിൽക്കുന്നു. അതുകൊണ്ട്‌ അവരും, ദൈവത്തിന്റെ വചനത്തിൽനിന്നും അവന്റെ ആത്മാവിൽനിന്നും ആത്മീയ എണ്ണ ശേഖരിച്ചുവെക്കുന്നുവെന്നു പറയാം. (സങ്കീർത്തനം 119:130; യോഹന്നാൻ 16:13 വായിക്കുക.) അങ്ങനെ ശക്തി ആർജിക്കുന്നതിനാൽ, കടുത്ത പരിശോധനകൾ നേരിടുമ്പോൾപ്പോലും സജീവമായി പ്രവർത്തിച്ചുകൊണ്ട്‌ കർത്താവിന്റെ വരവിനായി ഒരുങ്ങിയിരിക്കാൻ അവർക്കാകുന്നു. ഒരു നാസി തടങ്കൽപ്പാളയത്തിൽ നടന്ന സംഭവം ശ്രദ്ധിക്കുക. അവിടെയുണ്ടായിരുന്ന സഹോദരങ്ങൾക്ക്‌ ആദ്യം ഒരു ബൈബിൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ അവർ കൂടുതൽ ആത്മീയഭക്ഷണത്തിനായി പ്രാർഥിച്ചു. വൈകാതെ, അടുത്തയിടെ തടവിലാക്കപ്പെട്ട ഒരു സഹോദരൻ വീക്ഷാഗോപുരത്തിന്റെ ഏതാനും പുതിയ ലക്കങ്ങൾ തന്റെ മരക്കാലിൽ ഒളിപ്പിച്ച്‌ ക്യാമ്പിലേക്ക്‌ കടത്തിയിട്ടുണ്ടെന്ന വിവരം അവർക്കു കിട്ടി. അവിടെനിന്ന്‌ അതിജീവിച്ചവരിൽ അഭിഷിക്തനായിരുന്ന ഏണസ്റ്റ്‌ വോവർ എന്ന സഹോദരൻ ഉണ്ടായിരുന്നു. അതേക്കുറിച്ച്‌ പിന്നീട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആ ലേഖനങ്ങളിലുണ്ടായിരുന്ന പ്രോത്സാഹജനകമായ വിവരങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ യഹോവ അത്ഭുതകരമായി ഞങ്ങളെ സഹായിച്ചു.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഇക്കാലത്ത്‌ ആത്മീയഭക്ഷണം സുലഭമാണ്‌. എന്നാൽ നാം അതിനെ എപ്പോഴും വിലമതിക്കാറുണ്ടോ? തന്നിൽ ആശ്രയിക്കുകയും വിശ്വസ്‌തരായിരിക്കുകയും തന്റെ മേശയിൽനിന്നു ഭക്ഷിക്കുകയും ചെയ്യുന്നവർക്കായി അനുഗ്രഹങ്ങളുടെ ഒരു കലവറതന്നെ യഹോവ ഒരുക്കിവെച്ചിട്ടുണ്ടെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.”

15, 16. ക്രിസ്‌തീയശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചതിനാൽ ഒരു ദമ്പതികൾക്ക്‌ എന്തു പ്രതിഫലം ലഭിച്ചു, അത്തരം അനുഭവങ്ങൾ നിങ്ങളെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

15 ക്രിസ്‌തുവിന്റെ സഹോദരന്മാർക്ക്‌ സർവപിന്തുണയും നൽകിക്കൊണ്ട്‌ വേറെ ആടുകളും യജമാനന്റെ വേലയിൽ തിരക്കോടെ ഏർപ്പെടുന്നു. (മത്താ. 25:40) യേശുവിന്റെ ദൃഷ്ടാന്തത്തിലെ ദുഷ്ടനും അലസനും ആയ ദാസനെപ്പോലെയല്ല അവർ. പകരം ദൈവരാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ പ്രഥമസ്ഥാനം നൽകുന്നതിന്‌ പലതും ത്യജിക്കാനും കഠിനാദ്ധ്വാനം ചെയ്യാനും അവർക്കു മനസ്സാണ്‌. ജോനിന്റെയും മസാക്കോയുടെയും അനുഭവം നോക്കുക. കെനിയയിൽ ചൈനീസ്‌ ഭാഷ സംസാരിക്കുന്നവർക്കിടയിൽ പ്രവർത്തിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ ആദ്യം അവർക്ക്‌ ചില ആശങ്കകളുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചു പ്രാർഥനാപൂർവം ചിന്തിച്ച അവർ അങ്ങോട്ടു പോകാൻ തീരുമാനിച്ചു.

16 അവരുടെ ശ്രമത്തിനു നല്ല ഫലമുണ്ടായി. “ഇവിടത്തെ ശുശ്രൂഷ ഞങ്ങൾ വളരെ ആസ്വദിക്കുന്നു,” അവർ പറഞ്ഞു. ഏഴ്‌ ബൈബിളധ്യയനങ്ങൾ ആരംഭിച്ച അവർക്ക്‌ മറ്റ്‌ അനേകം നല്ല അനുഭവങ്ങളും ഉണ്ടായി. അവർ ഇങ്ങനെയും പറഞ്ഞു: “ഇവിടെ ആയിരിക്കാൻ ഞങ്ങളെ സഹായിച്ചതിന്‌ എല്ലാ ദിവസവും ഞങ്ങൾ യഹോവയോടു നന്ദി പറയാറുണ്ട്‌.” അന്ത്യം വരുമ്പോൾ—അത്‌ എപ്പോഴായാലും—ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടിരിക്കാൻ ഉറച്ചിരിക്കുകയാണെന്ന്‌ സ്വന്തം തീരുമാനങ്ങളിലൂടെ തെളിയിച്ചിരിക്കുന്ന മറ്റ്‌ അനേകം സഹോദരീസഹോദരന്മാരുണ്ട്‌. ഗിലെയാദ്‌ സ്‌കൂളിൽനിന്ന്‌ ബിരുദം നേടി മിഷനറി സേവനത്തിലായിരിക്കുന്ന ആയിരങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. 2001 ഒക്‌ടോബർ 15 ലക്കം വീക്ഷാഗോപുരത്തിൽ വന്ന “ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്യുന്നു” എന്ന ലേഖനം വായിച്ചാൽ ശുശ്രൂഷയുടെ ഈ പ്രത്യേക മേഖലയെക്കുറിച്ച്‌ നിങ്ങൾക്കൊരു രൂപം ലഭിക്കും. മിഷനറി വേലയിലെ ഒരു ദിവസത്തെക്കുറിച്ചുള്ള രസകരമായ ആ വിവരണം വായിക്കുമ്പോൾ ദൈവത്തിന്റെ മഹത്ത്വത്തിനും നിങ്ങളുടെ സന്തോഷത്തിനും വേണ്ടി ശുശ്രൂഷയിൽ കൂടുതലായി എന്തു ചെയ്യാമെന്ന്‌ ചിന്തിക്കുക.

നിങ്ങളും സദാ ജാഗരൂകരായിരിക്കുവിൻ

17. ആ ദിവസവും സമയവും അറിയാത്തത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തിരിക്കുന്നു?

17 അതെ, ആ ദിവസവും സമയവും കൃത്യമായി അറിയാത്തത്‌ നമ്മെ നിരാശപ്പെടുത്തുന്നില്ല. വാസ്‌തവത്തിൽ അതു നമുക്ക്‌ പ്രയോജനം ചെയ്‌തിരിക്കുന്നു. യഹോവയുടെ ഹിതം ചെയ്യുന്നതിൽ മുഴുകാനും അങ്ങനെ സ്‌നേഹനിധിയായ നമ്മുടെ സ്വർഗീയപിതാവിനോടു കൂടുതൽ അടുക്കാനും നമുക്കു കഴിഞ്ഞു. കലപ്പയ്‌ക്ക്‌ കൈവെക്കുകയും ശ്രദ്ധ പതറാതെ സൂക്ഷിക്കുകയും ചെയ്‌തതിനാൽ നമ്മുടെ യജമാനന്റെ വേലയിൽ അനവധിയായ സന്തോഷം ആസ്വദിക്കാൻ നമുക്ക്‌ അവസരം ലഭിച്ചു.—ലൂക്കോ. 9:62.

18. ദൈവസേവനത്തിൽ വിശ്വസ്‌തതയോടെ തുടരാൻ നാം ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

18 ദൈവത്തിന്റെ ന്യായവിധി ദിവസം അതിവേഗം അടുത്തുവരുകയാണ്‌. യഹോവയെയോ യേശുവിനെയോ നിരാശപ്പെടുത്താൻ നമുക്കാർക്കും ആഗ്രഹമില്ല. ഈ അന്ത്യകാലത്ത്‌ വിശിഷ്ടമായൊരു സേവനപദവിയാണ്‌ അവർ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നത്‌. നമ്മിൽ അർപ്പിച്ച ആ വിശ്വാസത്തെപ്രതി നാം അവരോട്‌ എത്ര നന്ദിയുള്ളവരാണ്‌!—1 തിമൊഥെയൊസ്‌ 1:12 വായിക്കുക.

19. നമുക്ക്‌ എങ്ങനെ ഒരുങ്ങിയിരിക്കാം?

19 എന്നേക്കുമുള്ള ജീവിതം ആസ്വദിക്കാൻ നാം പ്രത്യാശിക്കുന്നത്‌ സ്വർഗത്തിലായാലും ഭൂമിയിലെ പറുദീസയിലായാലും പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ദൈവം നൽകിയിരിക്കുന്ന നിയോഗത്തോടു വിശ്വസ്‌തരായിരിക്കാൻ നമുക്ക്‌ നിശ്ചയിച്ചുറയ്‌ക്കാം. യഹോവയുടെ ദിവസം വരുന്ന കൃത്യദിവസമോ സമയമോ വാസ്‌തവത്തിൽ നാം അറിയേണ്ട ആവശ്യമില്ല. എന്നുവരികിലും അതിനായി നമുക്ക്‌ ഒരുങ്ങിയിരിക്കാനാകും, നാം ഒരുങ്ങിയിരിക്കുകയും ചെയ്യും. (മത്താ. 24:36, 44) യഹോവയെ പൂർണമായി ആശ്രയിക്കുകയും അവന്റെ രാജ്യത്തിന്‌ ഒന്നാം സ്ഥാനം നൽകുകയും ചെയ്യുന്നിടത്തോളം നിരാശപ്പെടേണ്ടിവരില്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌.—റോമ. 10:11.

[അടിക്കുറിപ്പ്‌]

a 2004 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ പേജ്‌ 14-18 കാണുക.

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

ദുഷ്‌കരമായ സാഹചര്യങ്ങളിലും ആത്മീയഭക്ഷണം തേടുക

[27-ാം പേജിലെ ചിത്രം]

ക്രിസ്‌തീയപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സമയം വേഗം കടന്നുപോകും