വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവ്യാധിപത്യ​സ്‌കൂളുകൾ—യഹോവയുടെ സ്‌നേഹത്തിന്റെ തെളിവ്‌

ദിവ്യാധിപത്യ​സ്‌കൂളുകൾ—യഹോവയുടെ സ്‌നേഹത്തിന്റെ തെളിവ്‌

ദിവ്യാധിപത്യ​സ്‌കൂളുകൾ—യഹോവയുടെ സ്‌നേഹത്തിന്റെ തെളിവ്‌

യഹോവ നമ്മുടെ ‘ഉപദേഷ്ടാവാണ്‌.’ (യെശ. 30:20) മറ്റുള്ളവരെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും സ്‌നേഹമാണ്‌ അവനെ പ്രേരിപ്പിക്കുന്നത്‌. ഉദാഹരണത്തിന്‌, ആഴമായ സ്‌നേഹത്താൽ പ്രചോദിതനായി യഹോവ, “താൻ ചെയ്യുന്നതെല്ലാം” യേശുവിനു കാണിച്ചുകൊടുക്കുന്നു. (യോഹ. 5:20) യഹോവയ്‌ക്കു ബഹുമതി കരേറ്റാനും മറ്റുള്ളവരെ സഹായിക്കാനും ആയി അവന്റെ സാക്ഷികളായ നാം സർവശ്രമവും ചെയ്യുമ്പോൾ സ്‌നേഹംനിമിത്തം യഹോവ നമുക്ക്‌ “ശിഷ്യന്മാരുടെ നാവ്‌” തരുന്നു.​—⁠യെശ. 50:⁠4.

യഹോവയുടെ സ്‌നേഹം മാതൃകയാക്കിക്കൊണ്ട്‌ ഭരണസംഘത്തിന്റെ ടീച്ചിങ്‌ കമ്മിറ്റി ആഗ്രഹവും സാഹചര്യങ്ങളും ഉള്ളവരെ പത്ത്‌ ദിവ്യാധിപത്യസ്‌കൂളുകളിലൂടെ പരിശീലിപ്പിക്കുന്നു. യഹോവയുടെ സ്‌നേഹത്തിന്റെ തെളിവായിട്ടാണോ ഈ സ്‌കൂളുകളെ നിങ്ങൾ കാണുന്നത്‌?

നിലവിലുള്ള ദിവ്യാധിപത്യസ്‌കൂളുകളെക്കുറിച്ചുള്ള ഒരു വിവരണമാണ്‌ തുടർന്നുവരുന്നത്‌. അവയിൽ പങ്കെടുത്ത ചിലരുടെ അഭിപ്രായങ്ങളും അതോടൊപ്പം കൊടുത്തിരിക്കുന്നു. അതു പരിശോധിച്ചശേഷം സ്വയം ചോദിക്കുക: ‘ഈ ദൈവികവിദ്യാഭ്യാസത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും?’

ദിവ്യാധിപത്യപരിശീലനത്തിൽനിന്ന്‌ പ്രയോജനം നേടുക

‘സ്‌നേഹത്തിന്റെ ദൈവമായ’ യഹോവ നൽകുന്ന പരിശീലനം നമ്മുടെ ജീവിതത്തിന്‌ അർഥം പകരുകയും വെല്ലുവിളികളെ തരണം ചെയ്യാൻ നമ്മെ സജ്ജരാക്കുകയും ശുശ്രൂഷ ആസ്വാദ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. (2 കൊരി. 13:11) നമ്മോടു കൽപ്പിച്ചത്‌ ‘ഒക്കെയും പ്രമാണിക്കാൻ തക്കവണ്ണം (മറ്റുള്ളവരെ) പഠിപ്പിക്കാൻ’ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരെപ്പോലെ നമ്മളും സുസജ്ജരാണ്‌.​—⁠മത്താ. 28:⁠20.

ഇവയിൽ എല്ലാ സ്‌കൂളുകളിലും പങ്കെടുക്കാൻ നമുക്ക്‌ സാധിച്ചെന്നുവരില്ല; എന്നാൽ ഒന്നോ ചിലപ്പോൾ അതിൽ അധികമോ സ്‌കൂളുകളിൽനിന്ന്‌ പ്രയോജനം നേടാൻ നമുക്കാകും. ലഭിക്കുന്ന ബൈബിളധിഷ്‌ഠിതനിർദേശങ്ങൾ പ്രാവർത്തികമാക്കുക. നല്ല പരിശീലനം ലഭിച്ച ദൈവദാസരോടൊപ്പം പ്രവർത്തിക്കുന്നതും നമ്മുടെ ശുശ്രൂഷയുടെ ഫലപ്രദത്വം വർധിപ്പിക്കും.

‘ഇതിൽ ഏതെങ്കിലും സ്‌കൂളിൽ പങ്കെടുക്കാൻ വേണ്ട യോഗ്യത നേടാൻ എന്റെ സാഹചര്യം അനുവദിക്കുന്നുണ്ടോ?’ എന്ന്‌ സ്വയം ചോദിക്കുക.

മൂല്യവത്തായ ഈ സ്‌കൂളുകളിൽ സംബന്ധിക്കാനും അവയിൽനിന്നു പരിശീലനം നേടാനും കഴിയുന്നത്‌ യഹോവയുടെ ആരാധകർ ഒരു പദവിയായി വീക്ഷിക്കുന്നു. ഈ പരിശീലനം നിങ്ങളെ ദൈവവുമായി കൂടുതൽ അടുപ്പിക്കട്ടെ; ഒപ്പം ദൈവമുമ്പാകെയുള്ള നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ, പ്രത്യേകിച്ച്‌ സുവാർത്ത പ്രസംഗിക്കാനുള്ള അടിയന്തിരമായ നിയോഗം നിർവഹിക്കാൻ അതു നിങ്ങളെ സജ്ജരാക്കട്ടെ!

[21-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ദിവ്യാധിപത്യസ്‌കൂളുകൾ​—⁠ഒരു അവലോകനം

ദിവ്യാധിപത്യശുശ്രൂഷാസ്‌കൂൾ

ലക്ഷ്യം: ഫലപ്രദമായി സുവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും പ്രസാധകരെ പരിശീലിപ്പിക്കുക.

ദൈർഘ്യം: കാലപരിധിയില്ല.

സ്ഥലം: പ്രാദേശികരാജ്യഹാൾ.

ആർക്ക്‌ ചേരാം: സഭയോടൊത്ത്‌ സജീവമായി സഹവസിക്കുകയും ബൈബിൾ ഉപദേശങ്ങൾ അംഗീകരിക്കുകയും ക്രിസ്‌തീയതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്ന എല്ലാവർക്കും.

ചേരുന്നത്‌ എങ്ങനെ: ദിവ്യാധിപത്യശുശ്രൂഷാസ്‌കൂൾ മേൽവിചാരകനെ സമീപിക്കുക.

അമ്യോട്രോഫിക്‌ ലാറ്ററൽ സ്‌ക്ലീറോസിസ്‌ (എ എൽ എസ്‌) ബാധിച്ച്‌ ശരീരം തളർന്ന ഷാരൻ പറയുന്നു: “ഗവേഷണം ചെയ്യാനും വിവരങ്ങൾ യുക്തിസഹമായി അവതരിപ്പിക്കാനും ദിവ്യാധിപത്യശുശ്രൂഷാസ്‌കൂളിൽനിന്നു ഞാൻ പഠിച്ചു. എന്റെ മാത്രമല്ല, മറ്റുള്ളവരുടെയും ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.”

വളരെ നാളുകളായി സഞ്ചാരമേൽവിചാരകനായി സേവിക്കുന്ന ആർനി പറയുന്നു: “ചെറുപ്പം മുതൽ എനിക്ക്‌ വിക്കും ദൃഷ്ടിസമ്പർക്കം പുലർത്താനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്താൻ ഈ സ്‌കൂൾ എന്നെ സഹായിച്ചു. ഈ പരിശീലനത്തിലൂടെ യഹോവ എന്നെ സഹായിച്ചതുനിമിത്തം ശ്വാസോച്ഛ്വാസം നിയന്ത്രിച്ച്‌ സംസാരം മെച്ചപ്പെടുത്തുന്നതിനും ഏകാഗ്രത നിലനിറുത്തുന്നതിനും ഞാൻ വൈദഗ്‌ധ്യം നേടിയിരിക്കുന്നു. സഭയിലും ശുശ്രൂഷയിലും ദൈവത്തെ സ്‌തുതിക്കാൻ പ്രാപ്‌തി ലഭിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്‌.”

നവാഗതരായ ബെഥേലംഗങ്ങൾക്കുള്ള സ്‌കൂൾ

ലക്ഷ്യം: പുതുതായി വരുന്നവരെ ബെഥേൽ സേവനത്തിനായി ഒരുക്കുക.

ദൈർഘ്യം: ആഴ്‌ചയിൽ 45 മിനിട്ടു വീതം 16 ആഴ്‌ച.

സ്ഥലം: ബെഥേൽ.

യോഗ്യത: ബെഥേലിലെ സ്ഥിരാംഗമോ ഒരു വർഷമോ അതിലധികമോ ബെഥേലിൽ സേവിക്കാൻ അനുമതി ലഭിച്ച താത്‌കാലികസ്വമേധാസേവകനോ ആയിരിക്കണം.

ചേരുന്നത്‌ എങ്ങനെ: നവാഗതരായ ബെഥേലംഗങ്ങൾക്ക്‌ ക്ഷണം ലഭിക്കും.

1980-കളിൽ ഈ സ്‌കൂളിൽ സംബന്ധിച്ച ഡെമെട്രിയസ്‌ പറയുന്നു: “ഈ കോഴ്‌സ്‌ എന്റെ പഠനശീലം മെച്ചപ്പെടുത്താൻ സഹായിച്ചതോടൊപ്പം ബെഥേലിൽ ദീർഘകാലം സേവിക്കാൻ എന്നെ സജ്ജനാക്കുകയും ചെയ്‌തു. അധ്യാപകരും പാഠ്യപദ്ധതിയും ലഭിച്ച പ്രായോഗിക നിർദേശങ്ങളുമെല്ലാം യഹോവയ്‌ക്ക്‌ എന്നോടു സ്‌നേഹമുണ്ടെന്നും എന്നെക്കുറിച്ച്‌ ചിന്തയുണ്ടെന്നും ഞാൻ ബെഥേൽ സേവനത്തിൽ സന്തോഷം കണ്ടെത്താൻ വേണ്ട സഹായം നൽകാൻ അവൻ ആഗ്രഹിക്കുന്നെന്നും എന്നെ ബോധ്യപ്പെടുത്തി.”

കേറ്റ്‌ലിൻ പറയുന്നു: “ആത്മീയതയുള്ള വ്യക്തിയായിരിക്കുന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്‌ മനസ്സിലാക്കാനും അതിന്‌ വേണ്ട ശ്രദ്ധ കൊടുക്കാനും ഈ പരിശീലനം എന്നെ സഹായിച്ചു. യഹോവയോടും അവന്റെ ഭവനത്തോടും സംഘടനയോടും ഉള്ള വിലമതിപ്പ്‌ വർധിപ്പിക്കാനും ഈ സ്‌കൂൾ സഹായിച്ചു.”

രാജ്യശുശ്രൂഷാ സ്‌കൂൾ

ലക്ഷ്യം: സഭയിൽ മേൽവിചാരണ നടത്താനും സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും സഞ്ചാരമേൽവിചാരകന്മാർക്കും മൂപ്പന്മാർക്കും ചിലപ്പോഴൊക്കെ ശുശ്രൂഷാദാസന്മാർക്കും പരിശീലനം നൽകുക. (പ്രവൃ. 20:28) സഭകളുടെ നിലവിലുള്ള അവസ്ഥയും പ്രവണതകളും സഭ സത്വരശ്രദ്ധ നൽകേണ്ട മറ്റ്‌ വശങ്ങളും ചർച്ച ചെയ്യും. ഭരണസംഘത്തിന്റെ തീരുമാനമനുസരിച്ച്‌ ഏതാനും വർഷം കൂടുമ്പോൾ ഈ സ്‌കൂൾ നടത്താറുണ്ട്‌.

ദൈർഘ്യം: സമീപവർഷങ്ങളിൽ സഞ്ചാരമേൽവിചാരകന്മാർക്ക്‌ രണ്ടോ രണ്ടരയോ ദിവസവും മൂപ്പന്മാർക്ക്‌ ഒന്നര ദിവസവും ശുശ്രൂഷാദാസന്മാർക്ക്‌ ഒരു ദിവസവും ആയിരുന്നു ക്ലാസ്‌.

സ്ഥലം: സാധാരണഗതിയിൽ, രാജ്യഹാളോ സമ്മേളനഹാളോ.

യോഗ്യത: സഞ്ചാരമേൽവിചാരകനോ മൂപ്പനോ ശുശ്രൂഷാദാസനോ ആയിരിക്കണം.

ആർക്ക്‌ പങ്കെടുക്കാം: മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും സർക്കിട്ട്‌ മേൽവിചാരകൻ ക്ഷണിക്കും. സഞ്ചാരമേൽവിചാരകന്മാരെ ബ്രാഞ്ച്‌ ഓഫീസ്‌ ക്ഷണിക്കും.

“ചുരുങ്ങിയ സമയംകൊണ്ട്‌ ധാരാളം വിവരങ്ങൾ അവതരിപ്പിക്കുന്നെങ്കിലും യഹോവയുടെ സേവനത്തിൽ ‘പുരുഷത്വം കാണിക്കാനും’ സന്തോഷം നിലനിറുത്താനും മൂപ്പന്മാരെ സഹായിക്കുന്നതിനും അവർക്ക്‌ പ്രചോദനമേകുന്നതിനും വേണ്ടിയാണ്‌ ഈ സ്‌കൂൾ. ഫലപ്രദമായി ഇടയവേല ചെയ്യാനും തികഞ്ഞ ഐക്യത്തിൽ ‘ഏക ചിന്തയുള്ളവരായിരിക്കാനും’ പഴയവരും പുതിയവരും ആയ മൂപ്പന്മാർക്ക്‌ പരിശീലനം ലഭിക്കുന്നു.”​—⁠ക്വിൻ (താഴെ).

“നമ്മുടെ ആത്മീയഗ്രാഹ്യം മെച്ചപ്പെടുത്തുന്നതിനും അപകടങ്ങളെക്കുറിച്ച്‌ നമ്മെ ജാഗരൂകരാക്കുന്നതിനും ആടുകളെ പരിപാലിക്കുന്നതിനു വേണ്ട പ്രായോഗിക നിർദേശങ്ങൾ പകർന്നുനൽകുന്നതിനും തുല്യപ്രാധാന്യം നൽകിയ പരിശീലനക്കളരിയായിരുന്നു അത്‌. യഹോവയുടെ എത്ര വലിയ ദയ!”​—⁠മൈക്കൽ.

പയനിയർ സേവനസ്‌കൂൾ

ലക്ഷ്യം: ‘ശുശ്രൂഷ പൂർണമായി നിറവേറ്റാൻ’ പയനിയർമാരെ സഹായിക്കുക.​—⁠2 തിമൊ. 4:⁠5.

ദൈർഘ്യം: രണ്ടാഴ്‌ച.

സ്ഥലം: ബ്രാഞ്ച്‌ ഓഫീസ്‌ തീരുമാനിക്കും; സാധാരണഗതിയിൽ, ഏതെങ്കിലും രാജ്യഹാൾ ആയിരിക്കും വേദി.

യോഗ്യത:സാധാരണപയനിയറായിട്ട്‌ കുറഞ്ഞത്‌ ഒരു വർഷം കഴിഞ്ഞിരിക്കണം. a

ആർക്ക്‌ പങ്കെടുക്കാം: യോഗ്യതയുള്ള പയനിയർമാർക്ക്‌ സർക്കിട്ട്‌ മേൽവിചാരകനിൽനിന്ന്‌ ക്ഷണം ലഭിക്കും.

“ശുശ്രൂഷയിലും ജീവിതത്തിലും നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ ഈ സ്‌കൂൾ എന്നെ സഹായിച്ചിരിക്കുന്നു. എന്റെ പഠനശീലവും പഠിപ്പിക്കൽ പ്രാപ്‌തിയും ബൈബിൾ ഉപയോഗിക്കാനുള്ള കഴിവും ഒരുപാട മെച്ചപ്പെട്ടിട്ടുണ്ട്‌. മറ്റുള്ളവരെ സഹായിക്കാനുള്ള എന്റെ പ്രാപ്‌തി വർധിച്ചിരിക്കുന്നു. മൂപ്പന്മാരെ കൂടുതൽ നന്നായി പിന്തുണയ്‌ക്കാനും സഭയുടെ വളർച്ചയ്‌ക്ക്‌ കാര്യമായ സഹായം നൽകാനും ഇപ്പോൾ എനിക്കു സാധിക്കുന്നു,” ലില്ലി (വലത്ത്‌) പറയുന്നു.

രണ്ടു പ്രാവശ്യം ഈ സ്‌കൂളിൽ പങ്കെടുത്ത ബ്രൻഡ പറയുന്നു: “ആത്മീയ കാര്യങ്ങൾ 100 ശതമാനം അർപ്പണബോധത്തോടെ ചെയ്യാനും മനസ്സാക്ഷിയെ ശക്തമാക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കാനും അത്‌ എന്നെ സഹായിച്ചു. ശരിക്കും, യഹോവ ഉദാരനാണ്‌!”

[അടിക്കുറിപ്പ്‌]

a ക്ലാസ്സിന്‌ ആവശ്യമായത്ര പുതിയ പയനിയർമാർ ഇല്ലെങ്കിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്‌ക്ക്‌ ഈ ക്ലാസ്സിൽ പങ്കെടുത്തിട്ടില്ലാത്തവരെ വീണ്ടും ക്ഷണിച്ചേക്കാം.

സഭാ മൂപ്പന്മാർക്കുള്ള സ്‌കൂൾ

ലക്ഷ്യം: സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും സ്വന്തം ആത്മീയത കരുത്തുറ്റതാക്കാനും മൂപ്പന്മാരെ സഹായിക്കുക.

ദൈർഘ്യം: അഞ്ചു ദിവസം.

സ്ഥലം: ബ്രാഞ്ച്‌ ഓഫീസ്‌ തീരുമാനിക്കും. സാധാരണഗതിയിൽ, ഒരു രാജ്യഹാളോ സമ്മേളനഹാളോ ആയിരിക്കും വേദി.

യോഗ്യത: മൂപ്പനായിരിക്കണം.

ആർക്ക്‌ പങ്കെടുക്കാം: മൂപ്പന്മാരെ ബ്രാഞ്ച്‌ ഓഫീസ്‌ ക്ഷണിക്കും.

ഐക്യനാടുകളിൽ നടന്ന 92-ാമത്തെ ക്ലാസ്സിൽ പങ്കെടുത്ത ചിലരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക:

“ഈ സ്‌കൂൾ എനിക്ക്‌ വളരെ പ്രയോജനം ചെയ്‌തു. സ്വയം വിലയിരുത്താനും യഹോവയുടെ ആടുകളെ എനിക്ക്‌ എങ്ങനെ പരിപാലിക്കാനാകുമെന്ന്‌ മനസ്സിലാക്കാനും അത്‌ സഹായിച്ചു.”

“തിരുവെഴുത്തുകൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട്‌ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ഇപ്പോൾ മുമ്പെന്നത്തെക്കാൾ ശ്രദ്ധിക്കുന്നു.”

“ഈ പരിശീലനത്തിലൂടെ ലഭിച്ച വിവരങ്ങൾ ശിഷ്ടകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകും.”

സഞ്ചാരമേൽവിചാരകന്മാർക്കും ഭാര്യമാർക്കും ഉള്ള സ്‌കൂൾ

ലക്ഷ്യം: “പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനി”ക്കുന്ന സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരെ കൂടുതൽ കാര്യക്ഷമമായി സഭകളെ സേവിക്കാൻ പ്രാപ്‌തരാക്കുക.​—⁠1 തിമൊ. 5:17; 1 പത്രോ. 5:​2, 3.

ദൈർഘ്യം: രണ്ടു മാസം.

സ്ഥലം: ബ്രാഞ്ച്‌ ഓഫീസ്‌ തീരുമാനിക്കും.

യോഗ്യത: സഹോദരൻ സർക്കിട്ട്‌ മേൽവിചാരകനോ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനോ ആയിരിക്കണം.

ആർക്ക്‌ പങ്കെടുക്കാം: സഞ്ചാരമേൽവിചാരകന്മാരെയും ഭാര്യമാരെയും ബ്രാഞ്ച്‌ ഓഫീസ്‌ ക്ഷണിക്കും.

“സംഘടനയുടെമേൽ യേശു ശിരഃസ്ഥാനം പ്രയോഗിക്കുന്ന വിധത്തോടുള്ള ഞങ്ങളുടെ വിലമതിപ്പ്‌ വർധിച്ചു. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ഓരോ സഭയുടെയും ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യം ഞങ്ങൾ മനസ്സിലാക്കി. സഞ്ചാരമേൽവിചാരകൻ ഒരു വ്യക്തിക്ക്‌ ഉപദേശമോ തിരുത്തലോ കൊടുക്കുമ്പോൾ അതിന്റെ പ്രധാനലക്ഷ്യം, തങ്ങളെ യഹോവ സ്‌നേഹിക്കുന്നു എന്നു കാണാൻ സഹോദരങ്ങളെ സഹായിക്കുകയായിരിക്കണം; ഇത്‌ എപ്പോഴും മനസ്സിൽപ്പിടിക്കണമെന്ന്‌ ഈ സ്‌കൂൾ പഠിപ്പിച്ചു.”​—⁠ജോയൽ, ആദ്യത്തെ ക്ലാസ്‌, 1999.

ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂൾ

ലക്ഷ്യം: യഹോവയുടെ സംഘടനയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ കൈയേൽക്കാൻ ഏകാകികളായ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും സജ്ജരാക്കുക. സ്വന്തം രാജ്യത്ത്‌ ആവശ്യം കൂടുതലുള്ള പ്രദേശത്തായിരിക്കും മിക്കവരെയും നിയമിക്കുന്നത്‌. ചിലരെ, അവർ ഒരുക്കമാണെങ്കിൽ, മറ്റൊരു രാജ്യത്ത്‌ നിയമിച്ചേക്കാം. ഒറ്റപ്പെട്ട പ്രദേശങ്ങളിലോ ഉൾപ്രദേശങ്ങളിലോ വേല വിപുലപ്പെടുത്തുന്നതിനോ പ്രവർത്തനം നടന്നിട്ടില്ലാത്തിടത്ത്‌ പ്രസംഗിക്കുന്നതിനോ ആയി ഇവരിൽ ചിലരെ താത്‌കാലിക പ്രത്യേക പയനിയർമാരായി നിയമിച്ചേക്കാം.

ദൈർഘ്യം: രണ്ടു മാസം.

സ്ഥലം: ബ്രാഞ്ച്‌ ഓഫീസ്‌ തീരുമാനിക്കും; സാധാരണഗതിയിൽ, ഒരു സമ്മേളനഹാളോ രാജ്യഹാളോ ആയിരിക്കും വേദി.

യോഗ്യത: 23-നും 62-നും ഇടയ്‌ക്കു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, കൂടുതൽ ആവശ്യമുള്ളിടത്ത്‌ പ്രവർത്തിക്കാൻ മനസ്സൊരുക്കമുള്ള ഏകാകികളായ സഹോദരന്മാർ. (മർക്കോ. 10:​29, 30) കുറഞ്ഞത്‌ കഴിഞ്ഞ രണ്ടു വർഷമായി സാധാരണ പയനിയറിങ്‌ ചെയ്യുന്നവരും കുറഞ്ഞത്‌ രണ്ടു വർഷമായി ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിക്കുന്നവരും ആയിരി​ക്കണം.

പങ്കെടുക്കാൻ എന്തു ചെയ്യണം: സർക്കിട്ട്‌ സമ്മേളന വേളയിൽ നടക്കുന്ന ഒരു യോഗത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

“ഈ പഠനപരിപാടിയിൽ നന്നായി മുഴുകിയതിനാൽ യഹോവയുടെ ആത്മാവ്‌ എന്നിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. യഹോവ ഒരു നിയമനം നീട്ടിത്തരുമ്പോൾ അതിനു വേണ്ട പിന്തുണയും അവൻ നൽകും. എന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നതിനു പകരം യഹോവയുടെ ഹിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവൻ എന്നെ ശക്തീകരിക്കുമെന്ന്‌ ഞാൻ മനസ്സിലാക്കി,” ഐക്യനാടുകളിൽ നടന്ന 23-ാം ക്ലാസ്സിൽ പങ്കെടുത്ത റിക്ക്‌ പറയുന്നു.

ജർമനിയിൽ സേവിക്കുന്ന ആൻഡ്രയാസ്‌ പറയുന്നു: “യഹോവയുടെ സംഘടന ഒരു ആധുനികകാല അത്ഭുതമാണെന്നു ഞാൻ മനസ്സിലാക്കി. എന്റെ മുന്നിലുള്ള വേലയ്‌ക്കായി ഈ പരിശീലനം എന്നെ ഒരുക്കി. നിരവധി ബൈബിൾ ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള പഠനം ഒരു കാര്യം എന്നെ പഠിപ്പിച്ചു: എന്റെ സഹോദരങ്ങളെയും യഹോവയെയും സേവിക്കുന്നതാണ്‌ യഥാർഥസന്തോഷത്തിലേക്കു നയിക്കുന്നത്‌.”

ക്രിസ്‌തീയദമ്പതികൾക്കുള്ള ബൈബിൾ സ്‌കൂൾ

ലക്ഷ്യം: യഹോവയ്‌ക്കും അവന്റെ സംഘടനയ്‌ക്കും കൂടുതൽ ഉപകാരമുള്ളവരായിത്തീരാൻ ദമ്പതികൾക്ക്‌ പ്രത്യേക പരിശീലനം നൽകുക. സ്വന്തം രാജ്യത്ത്‌ ആവശ്യം കൂടുതലുള്ള പ്രദേശത്തായിരിക്കും മിക്കവരെയും നിയമിക്കുന്നത്‌. ചിലരെ, അവർ ഒരുക്കമാണെങ്കിൽ, മറ്റൊരു രാജ്യത്ത്‌ നിയമിച്ചേക്കാം. ഒറ്റപ്പെട്ട പ്രദേശങ്ങളിലോ ഉൾപ്രദേശങ്ങളിലോ വേല വിപുലപ്പെടുത്തുന്നതിനോ പ്രവർത്തനം നടന്നിട്ടില്ലാത്തിടത്ത്‌ പ്രസംഗിക്കുന്നതിനോ ആയി ഇവരിൽ ചിലരെ താത്‌കാലിക പ്രത്യേക പയനിയർമാരായി നിയമിച്ചേക്കാം.

ദൈർഘ്യം: രണ്ടു മാസം.

സ്ഥലം: ഇപ്പോൾ ഐക്യനാടുകളിൽ നടത്തുന്ന ഈ സ്‌കൂൾ 2012 സെപ്‌റ്റംബർ മുതൽ ലോകമെങ്ങുമുള്ള തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ച്‌ പ്രദേശങ്ങളിലും നടത്തും. സാധാരണഗതിയിൽ, ഒരു സമ്മേളനഹാളോ രാജ്യഹാളോ ആയിരിക്കും വേദി.

യോഗ്യത: 25-നും 50-നും ഇടയ്‌ക്കു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കാൻ സാഹചര്യം അനുവദിക്കുന്ന, “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന മനോഭാവമുള്ള ദമ്പതികൾ. (യെശ. 6:⁠8) അവർ വിവാഹിതരായിട്ട്‌ കുറഞ്ഞത്‌ രണ്ടു വർഷം കഴിഞ്ഞിട്ടുണ്ടാകണം. കഴിഞ്ഞ രണ്ടു വർഷമായി മുഴുസമയ ശുശ്രൂഷയിൽ ആയിരിക്കുകയും വേണം. ഭർത്താവ്‌ കുറഞ്ഞത്‌ രണ്ടു വർഷമായി മൂപ്പനോ ശുശ്രൂഷാദാസനോ ആയി സേവിക്കുന്ന വ്യക്തിയായിരിക്കണം.

പങ്കെടുക്കാൻ എന്തു ചെയ്യണം: പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള യോഗം ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഉണ്ടായിരിക്കും. നിങ്ങൾക്ക്‌ ഈ ക്ലാസ്സിൽ പങ്കെടുക്കണമെന്ന്‌ ആഗ്രഹമുണ്ടായിരിക്കുകയും നിങ്ങളുടെ രാജ്യത്തെ കൺവെൻഷനുകളിൽ ഈ യോഗം ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ബ്രാഞ്ച്‌ ഓഫീസിന്‌ എഴുതുക.

“ജീവിതത്തെ മാറ്റിമറിച്ച എട്ട്‌ ആഴ്‌ചകൾ; കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക്‌ മഹത്തായ ഒരു അവസരം! സമനിലയോടെയുള്ള ഒരു ജീവിതം നയിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. സമയം ബുദ്ധിപൂർവം വിനിയോഗിക്കാൻ അത്‌ ഞങ്ങളെ സഹായിക്കും.”എറിക്കും കൊറീനയും (താഴെ), ആദ്യ ക്ലാസ്‌, 2011.

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ

ലക്ഷ്യം: ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ വയൽമിഷനറിമാരായി സേവിക്കുന്നതിനുവേണ്ടി പരിശീലിപ്പിക്കുക. കൂടാതെ, സഞ്ചാരമേൽവിചാരകന്മാരെയും ബെഥേൽ അംഗങ്ങളെയും ഈ സ്‌കൂൾ പരിശീലിപ്പിക്കുന്നുണ്ട്‌. പ്രസംഗപ്രവർത്തനവും ബ്രാഞ്ചിന്റെ പ്രവർത്തനവും ഊർജിതമാക്കുകയാണ്‌ ലക്ഷ്യം.

ദൈർഘ്യം: അഞ്ചു മാസം.

സ്ഥലം: ന്യൂയോർക്കിലെ (യു.എ⁠സ്‌.എ.) പാറ്റേർസണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസകേന്ദ്രം.

യോഗ്യത: പ്രത്യേകപയനിയർമാർ, സഞ്ചാരമേൽവിചാരകന്മാർ, ബെഥേൽ അംഗങ്ങൾ, ഈ സ്‌കൂളിൽ പങ്കെടുത്തിട്ടില്ലാത്ത വയൽമിഷനറിമാർ എന്നിങ്ങനെ പ്രത്യേകമുഴുസമയസേവനത്തിന്റെ ഏതെങ്കിലും ഒരു വശത്ത്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദമ്പതികൾ. കുറഞ്ഞത്‌ കഴിഞ്ഞ മൂന്നു വർഷമായി അവർ ഒരുമിച്ച്‌ പ്രത്യേക മുഴുസമയശുശ്രൂഷയിൽ പ്രവർത്തിച്ചിരിക്കണം. ഇംഗ്ലീഷ്‌ നന്നായി സംസാരിക്കാനും വായിക്കാനും ​എഴുതാനും അറിയുന്നവർ ആയിരി​ക്കേണ്ടതുണ്ട്‌.

പങ്കെടുക്കാൻ എന്തു ചെയ്യണം: അപേക്ഷ സമർപ്പിക്കാൻ ദമ്പതികളെ രാജ്യത്തെ ബ്രാഞ്ച്‌ കമ്മിറ്റി ക്ഷണിക്കും.

ഐക്യനാടുകളിൽനിന്നുള്ള ലാദെയും മൊനീക്കും ഇപ്പോൾ ആഫ്രിക്കയിൽ സേവിക്കുന്നു. “ലോകത്തിന്റെ ഏതു കോണിൽ പോകാനും അരയും തലയും മുറുക്കി പ്രിയ സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കാനും ഗിലെയാദ്‌ സ്‌കൂൾ ഞങ്ങളെ ഒരുക്കി,” ലാദെ പറയുന്നു.

മൊനീക്കിന്റെ വാക്കുകൾ: “ദൈവവചനത്തിൽനിന്നു പഠിച്ച കാര്യങ്ങൾ ബാധകമാക്കുമ്പോൾ നിയമനത്തിൽ വർധിച്ച സന്തോഷം അനുഭവിക്കാൻ എനിക്കു കഴിയുന്നു. ആ സന്തോഷത്തെ യഹോവയുടെ സ്‌നേഹത്തിന്റെ കൂടുതലായ തെളിവായിട്ടാണ്‌ ഞാൻ കാണുന്നത്‌.”

ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്‌കൂൾ

ലക്ഷ്യം: ബെഥേൽ ഭവനങ്ങളുടെ കാര്യങ്ങൾ നോക്കിനടത്താനും സഭകളെ ബാധിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനും സർക്കിട്ടുകളുടെയും ഡിസ്‌ട്രിക്‌റ്റുകളുടെയും മേൽനോട്ടം വഹിക്കാനും പ്രസിദ്ധീകരണങ്ങളുടെ പരിഭാഷ, അച്ചടി, കയറ്റി അയയ്‌ക്കൽ എന്നിവ കൈകാര്യം ചെയ്യാനും ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിക്കുന്നവർക്ക്‌ കൂടുതൽ പരിശീലനം നൽകുക.

ദൈർഘ്യം: രണ്ടു മാസം.

സ്ഥലം: ന്യൂയോർക്കിലെ (യു.എ⁠സ്‌.എ.) പാറ്റേർസണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസകേന്ദ്രം.

യോഗ്യത: സഹോദരൻ ബ്രാഞ്ച്‌ കമ്മിറ്റി അംഗമോ കൺട്രി കമ്മിറ്റി അംഗമോ ആ പദവിയിലേക്കു നിയമിക്കപ്പെടുന്ന വ്യക്തിയോ ആയിരിക്കണം.

പങ്കെടുക്കാൻ എന്തു ചെയ്യണം: സഹോദരന്മാരെയും അവരുടെ ഭാര്യമാരെയും ഭരണസംഘം ക്ഷണിക്കും.

25-ാമത്തെ ക്ലാസ്സിൽ പങ്കെടുത്ത ലോയലും കാരയും നൈജീരിയയിൽ സേവിക്കുന്നു. “ഞാൻ എത്ര തിരക്കുള്ളവനായിരുന്നാലും എനിക്ക്‌ ഏത്‌ ഉത്തരവാദിത്വം ലഭിച്ചാലും യഹോവയെ പ്രസാദിപ്പിക്കാനുള്ള താക്കോൽ ആത്മീയതയാണെന്ന്‌ (ആ ക്ലാസ്‌ ) എന്നെ ഓർമപ്പെടുത്തി. മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ, യഹോവ തന്റെ ദാസരോടു കാണിക്കുന്ന സ്‌നേഹം അനുകരിക്കേണ്ടത്‌ എത്ര പ്രധാനമാണെന്നും ഈ ക്ലാസ്‌ ഞങ്ങളെ പഠിപ്പിച്ചു,” ലോയൽ പറയുന്നു.

“എന്റെ ഹൃദയത്തെ സ്‌പർശിച്ച ഒരു ആശയം ഇതാണ്‌: ഒരു കാര്യം ലളിതമായി വിശദീകരിക്കാൻ എനിക്കു സാധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു മുമ്പ്‌ ഞാൻ ആ വിഷയം പഠിക്കേണ്ടതുണ്ട്‌,” കാരയുടെ വാക്കുകളാണിത്‌.