വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ”

“നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ”

“നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ”

“നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ.”—സങ്കീ. 143:10.

ഓർത്തിരിക്കേണ്ട മുഖ്യാശയങ്ങൾ

യഹോവയുടെ വീക്ഷണം അറിയാൻ ദാവീദ്‌ അതീവതത്‌പരനായിരുന്നെന്ന്‌ അവന്റെ ജീവിതത്തിലെ ഏതു സംഭവങ്ങൾ തെളിയിക്കുന്നു?

ദൈവഹിതം ഗ്രഹിക്കാൻ ദാവീദിനു കഴിഞ്ഞത്‌ എങ്ങനെ?

യഹോവയുടെ പ്രീതിയിൽ നിലനിൽക്കാൻ നമ്മെ എന്തു സഹായിക്കും?

1, 2. ദൈവേഷ്ടം തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌, ദാവീദുരാജാവിന്റെ ജീവിതം ഇക്കാര്യത്തിൽ നമ്മെ എങ്ങനെ സഹായിക്കും?

 നിങ്ങൾ ഒരു മലമ്പ്രദേശത്തുകൂടെ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. ഒരിടത്തു വഴി രണ്ടായി പിരിയുന്നു. എങ്ങോട്ടാണു തിരിയേണ്ടതെന്ന്‌ എങ്ങനെ മനസ്സിലാക്കും? അടുത്തുള്ള ഏതെങ്കിലും ഒരു ഉയർന്ന പാറയുടെ മുകളിൽ കയറിനിന്നാൽ ഈ രണ്ടു വഴികൾ എങ്ങോട്ടാണ്‌ പോകുന്നതെന്നു നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. അതിന്റെ അടിസ്ഥാനത്തിൽ ഏതു വഴിയേ പോകണമെന്നു തീരുമാനിക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ ഈ തത്ത്വം സഹായകമാണ്‌. സ്രഷ്ടാവിന്റെ ഉന്നതമായ കാഴ്‌ചപ്പാടിൽനിന്നുകൊണ്ട്‌ കാര്യങ്ങൾ വീക്ഷിക്കുന്നെങ്കിൽ അവൻ അംഗീകരിക്കുന്ന ‘വഴിയിൽ നടക്കാൻ’ നമുക്കു കഴിയും.—യെശ. 30:21.

2 ജീവിതത്തിലേറെയും ദൈവേഷ്ടം തിരിച്ചറിഞ്ഞു പ്രവർത്തിച്ചവനാണ്‌ പുരാതന ഇസ്രായേലിലെ ദാവീദുരാജാവ്‌. അവന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ നമുക്ക്‌ ഇപ്പോൾ ഒന്ന്‌ അവലോകനം ചെയ്യാം. ‘ഹൃദയം തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമാക്കിയ’ ആ ദൈവദാസന്റെ ജീവിതത്തിൽനിന്ന്‌ നമുക്കു ചിലതു പഠിക്കാനുണ്ട്‌.—1 രാജാ. 11:4.

യഹോവയുടെ നാമം ദാവീദ്‌ മഹനീയമായി കരുതി

3, 4. (എ) ഗൊല്യാത്തിനെ എതിരിടാൻ ദാവീദിന്‌ പ്രേരണയായത്‌ എന്താണ്‌? (ബി) ദൈവത്തിന്റെ നാമത്തെ ദാവീദ്‌ എങ്ങനെ കണ്ടു?

3 ഫെലിസ്‌ത്യമല്ലനായ ഗൊല്യാത്തിനെ ദാവീദ്‌ എതിരിട്ട സന്ദർഭത്തെക്കുറിച്ചു ചിന്തിക്കുക. ഒമ്പതര അടിയോളം ഉയരമുള്ള സർവായുധസജ്ജനായ ഒരു മല്ലനെ വെല്ലുവിളിക്കാൻ വെറും ബാലനായ ദാവീദിനു കഴിഞ്ഞത്‌ എങ്ങനെയാണ്‌? (1 ശമൂ. 17:4) അവന്റെ ധൈര്യമാണോ അതിനു പ്രേരിപ്പിച്ചത്‌? അതോ ദൈവത്തിലുള്ള വിശ്വാസമാണോ? ആ വീരകൃത്യം ചെയ്യാൻ ഈ രണ്ടു ഗുണങ്ങളും അവനു പ്രേരണയായി. എന്നാൽ, ഭീമാകാരനായ ഈ മല്ലനോട്‌ എതിർക്കാൻ ദാവീദിനു പ്രേരണയേകിയ പ്രധാനസംഗതി യഹോവയോടും അവന്റെ മഹനീയനാമത്തോടും ഉള്ള ആദരവായിരുന്നു. ധാർമികരോഷത്തോടെ ദാവീദ്‌ ചോദിച്ചു: “ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്‌ത്യൻ ആർ?”—1 ശമൂ. 17:26.

4 ഗൊല്യാത്തിനുനേർക്കു ചെന്നുകൊണ്ട്‌ ദാവീദ്‌ പറഞ്ഞു: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” (1 ശമൂ. 17:45) സത്യദൈവത്തിന്റെ സഹായത്താൽ ദാവീദ്‌ ഒരൊറ്റ കവിണക്കല്ലുകൊണ്ട്‌ ആ മല്ലനെ തറപറ്റിച്ചു! ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല; ജീവിതത്തിൽ ഉടനീളം ദാവീദ്‌ യഹോവയിൽ ആശ്രയിക്കുകയും അവന്റെ നാമം ഉയർത്തിപ്പിടിക്കുകയും ചെയ്‌തു. യഹോവയുടെ ‘വിശുദ്ധനാമത്തിൽ പുകഴുവിൻ’ അതായത്‌, അതിൽ അഭിമാനിക്കുവിൻ എന്നു ദാവീദ്‌ സഹയിസ്രായേല്യരോട്‌ ആഹ്വാനം ചെയ്യുകയുണ്ടായി.—1 ദിനവൃത്താന്തം 16:8-10 വായിക്കുക.

5. ഗൊല്യാത്ത്‌ ദൈവത്തെ നിന്ദിച്ചതുപോലുള്ള ഏതു സാഹചര്യങ്ങൾ നമുക്ക്‌ ഉണ്ടായേക്കാം?

5 യഹോവ നിങ്ങളുടെ ദൈവമായിരിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നുണ്ടോ? (യിരെ. 9:24) അയൽക്കാരോ സഹജോലിക്കാരോ സഹപാഠികളോ ബന്ധുക്കളോ യഹോവയെ ദുഷിച്ചു സംസാരിക്കുകയോ അവന്റെ സാക്ഷികളെ പരിഹസിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ എങ്ങനെയാണ്‌ പ്രതികരിക്കുക? യഹോവയുടെ നാമത്തെ നിന്ദിക്കുന്നതു കേൾക്കുമ്പോൾ അവനിൽ ആശ്രയിച്ച്‌ നിങ്ങൾ അവനുവേണ്ടി സംസാരിക്കാറുണ്ടോ? “മിണ്ടാതിരിപ്പാൻ ഒരു കാലം” ഉണ്ടെന്നുള്ളതു ശരിതന്നെ; എന്നാൽ യഹോവയുടെ സാക്ഷിയായിരിക്കുന്നതിലോ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതിലോ നാം ഒരിക്കലും ലജ്ജിക്കരുത്‌. (സഭാ. 3:1, 7; മർക്കോ. 8:38) നമ്മെ എതിർക്കുന്നവരോട്‌ നയത്തോടും മര്യാദയോടും കൂടെ ഇടപെടേണ്ടതുണ്ടെങ്കിലും ഗൊല്യാത്തിന്റെ നിന്ദ്യമായ വാക്കുകൾ കേട്ട്‌ “ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ട” ഇസ്രായേല്യരെപ്പോലെയാകരുത്‌ നാം. (1 ശമൂ. 17:11) പകരം, യഹോവയാം ദൈവത്തിന്റെ നാമത്തെ വിശുദ്ധമാക്കാൻ നമുക്ക്‌ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാം. യഹോവ എങ്ങനെയുള്ള ഒരു ദൈവമാണെന്നു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുക എന്നതാണ്‌ നമ്മുടെ ആഗ്രഹം. അതുകൊണ്ട്‌ ദൈവത്തോട്‌ അടുത്തുചെല്ലേണ്ടതിന്റെ പ്രാധാന്യം ദൈവവചനത്തിൽനിന്നു നാം അവർക്കു കാണിച്ചുകൊടുക്കുന്നു.—യാക്കോ. 4:8.

6. ഗൊല്യാത്തിനെ എതിരിട്ടപ്പോൾ ദാവീദ്‌ എന്താണ്‌ ആഗ്രഹിച്ചത്‌, നമ്മുടെ മുഖ്യചിന്ത എന്തിനെക്കുറിച്ചായിരിക്കണം?

6 ഗൊല്യാത്തുമായുണ്ടായ ദാവീദിന്റെ ഏറ്റുമുട്ടലിൽനിന്ന്‌ സുപ്രധാനമായ മറ്റൊരു പാഠം പഠിക്കാനുണ്ട്‌. ദാവീദ്‌ അണിയിലേക്ക്‌ ഓടിച്ചെന്ന്‌ ഇങ്ങനെ ചോദിച്ചു: “ഈ ഫെലിസ്‌ത്യനെ കൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും?” മറുപടിയായി മുമ്പുപറഞ്ഞ കാര്യങ്ങൾ ജനം ആവർത്തിച്ചു: “അവനെ (ഗൊല്യാത്തിനെ) കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും” ചെയ്യും. (1 ശമൂ. 17:25-27) പക്ഷേ ആ സമ്മാനങ്ങളിലൊന്നുമായിരുന്നില്ല ദാവീദിന്റെ മുഖ്യതാത്‌പര്യം. അവന്‌ അതിലും വലിയൊരു ലക്ഷ്യമുണ്ടായിരുന്നു: സത്യദൈവത്തിന്റെ നാമം മഹത്ത്വീകരിക്കുക. (1 ശമൂവേൽ 17:46, 47 വായിക്കുക.) നമ്മുടെ കാര്യമോ? സമ്പത്തു വാരിക്കൂട്ടിയും ലോകം വെച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ നേടിയെടുത്തും സ്വന്തമായൊരു പേരുണ്ടാക്കണം എന്നതാണോ നമ്മുടെ മുഖ്യചിന്ത? ദാവീദിനെപ്പോലെയായിരിക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌, അല്ലേ? അവൻ ഇങ്ങനെ പാടി: “എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.” (സങ്കീ. 34:3) അതുകൊണ്ട്‌ നമുക്കു ദൈവത്തിൽ ആശ്രയിക്കാം; നമ്മെക്കാൾ പ്രാധാന്യം അവന്റെ നാമത്തിനു കൽപ്പിക്കാം.—മത്താ. 6:9.

7. ആളുകൾ ശ്രദ്ധിക്കാത്തപ്പോഴും ശുശ്രൂഷയിൽ തുടരുന്നതിനുവേണ്ട ശക്തമായ വിശ്വാസം നമുക്ക്‌ എങ്ങനെ ആർജിച്ചെടുക്കാം?

7 ഗൊല്യാത്തിനെതിരെ ധീരമായൊരു നിലപാട്‌ എടുക്കാൻ ദാവീദിന്‌ യഹോവയിൽ സമ്പൂർണവിശ്വാസം ആവശ്യമായിരുന്നു. ബാലനായിരുന്ന ദാവീദിന്‌ അത്തരം വിശ്വാസമുണ്ടായിരുന്നു. ആട്ടിടയനായിരുന്ന കാലത്തെല്ലാം ദാവീദ്‌ ദൈവത്തിൽ ആശ്രയിച്ചു; അവന്റെ വിശ്വാസം ശക്തമാകാൻ ഇതൊരു കാരണമായി. (1 ശമൂ. 17:34-37) ശുശ്രൂഷയിൽ തുടരാൻ നമുക്കും ശക്തമായ വിശ്വാസം ആവശ്യമാണ്‌; വിശേഷിച്ച്‌ നമ്മുടെ ദൂത്‌ ശ്രദ്ധിക്കാൻ താത്‌പര്യം കാണിക്കാത്തവരെ കണ്ടുമുട്ടുന്ന സാഹചര്യത്തിൽ. ദൈനംദിനപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്‌ അത്തരം വിശ്വാസം വളർത്തിയെടുക്കാൻ നമുക്കാകും. ഉദാഹരണത്തിന്‌, പൊതുവാഹനത്തിൽ യാത്രചെയ്യുമ്പോൾ അടുത്തിരിക്കുന്നവരോടു ബൈബിൾസത്യത്തെക്കുറിച്ചു സംസാരിക്കാൻ ശ്രമിക്കരുതോ? വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കിടയിൽ വഴിയിൽ കണ്ടുമുട്ടുന്നവരോടും സംസാരിച്ചുകൂടേ?—പ്രവൃ. 20:20, 21.

ദാവീദ്‌ യഹോവയ്‌ക്കായി കാത്തിരുന്നു

8, 9. ശൗൽരാജാവിനെ കണ്ടുമുട്ടിയ സന്ദർഭങ്ങളിൽ യഹോവയുടെ ഇഷ്ടത്തിനാണ്‌ താൻ പ്രാധാന്യം കൽപ്പിക്കുന്നതെന്നു ദാവീദ്‌ തെളിയിച്ചത്‌ എങ്ങനെ?

8 ഇസ്രായേലിലെ ആദ്യരാജാവായ ശൗലിനോട്‌ ദാവീദ്‌ ഇടപെട്ട വിധത്തിലും യഹോവയിലുള്ള അവന്റെ ആശ്രയം പ്രകടമാണ്‌. അസൂയ മൂത്ത ശൗൽ മൂന്നു പ്രാവശ്യം ദാവീദിനെ കുന്തംകൊണ്ട്‌ ഭിത്തിയോടുചേർത്തു കുത്താൻ ശ്രമിച്ചെങ്കിലും ഓരോ പ്രാവശ്യവും ദാവീദ്‌ മാറിക്കളഞ്ഞു, പ്രതികാരം ചെയ്യാൻ അവൻ ശ്രമിച്ചതുമില്ല. ഒടുവിൽ അവൻ ശൗലിന്റെ അടുത്തുനിന്ന്‌ ഓടിപ്പോയി. (1 ശമൂ. 18:7-11; 19:10) അപ്പോൾ ശൗൽ എല്ലാ ഇസ്രായേലിൽനിന്നും 3,000 പുരുഷന്മാരെ തിരഞ്ഞെടുത്ത്‌ മരുഭൂമിയിൽ ദാവീദിനെ തിരഞ്ഞുചെന്നു. (1 ശമൂ. 24:2) ഈ തിരച്ചിലിനിടെ ഒരിക്കൽ, ദാവീദും കൂട്ടരും ഒളിച്ചിരുന്ന ഗുഹയിൽ ശൗൽ ചെന്നുകയറി. തന്നെ വേട്ടയാടുന്ന രാജാവിനെ തീർത്തുകളയാൻ കിട്ടിയ അവസരം ദാവീദിനു പ്രയോജനപ്പെടുത്താമായിരുന്നു; ശൗലിനു പകരം ദാവീദ്‌ രാജാവാകണമെന്നത്‌ ദൈവത്തിന്റെ ഹിതവുമായിരുന്നു. (1 ശമൂ. 16:1, 13) തന്റെ കൂട്ടാളികളുടെ ഉപദേശം ദാവീദ്‌ അനുസരിച്ചിരുന്നെങ്കിൽ ശൗൽ അന്നു കൊല്ലപ്പെട്ടേനെ! പക്ഷേ ദാവീദ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‌വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ.” (1 ശമൂവേൽ 24:4-7 വായിക്കുക.) ശൗൽ അപ്പോഴും യഹോവയുടെ അഭിഷിക്തനായിരുന്നു. യഹോവ അതുവരെ അവനെ രാജസ്ഥാനത്തുനിന്നു നീക്കിയിട്ടില്ലായിരുന്നതിനാൽ ശൗലിന്റെ രാജ്യാധികാരം തട്ടിയെടുക്കാൻ ദാവീദ്‌ ആഗ്രഹിച്ചില്ല. ശൗലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുക മാത്രമേ ദാവീദ്‌ ചെയ്‌തുള്ളൂ, ശൗലിനെ ഉപദ്രവിക്കാൻ തനിക്ക്‌ ഉദ്ദേശ്യമില്ലെന്ന്‌ അങ്ങനെ ദാവീദ്‌ തെളിയിച്ചു.—1 ശമൂ. 24:11.

9 ശൗലിനെ അവസാനമായി കണ്ട സമയത്തും ദാവീദ്‌ ദൈവത്തിന്റെ അഭിഷിക്തനോട്‌ തനിക്കുള്ള ആദരവു കാണിച്ചു. അന്ന്‌, ശൗൽ തമ്പടിച്ചിരുന്ന പാളയത്തിലേക്കു നുഴഞ്ഞുകയറിയ ദാവീദും അബീശായിയും ഉറങ്ങിക്കിടന്നിരുന്ന ശൗലിന്റെ അടുക്കലെത്തി. ശത്രുവിനെ ദൈവം ദാവീദിന്റെ കയ്യിൽ ഏൽപ്പിച്ചതാണെന്ന്‌ അബീശായി നിഗമനം ചെയ്യുകയും ശൗലിനെ നിലത്തോടുചേർത്തു കുത്താൻ ഒരുങ്ങുകയും ചെയ്‌തു. പക്ഷേ ദാവീദ്‌ സമ്മതിച്ചില്ല. (1 ശമൂ. 26:8-11) വഴിനടത്തിപ്പിനായി എപ്പോഴും ദൈവത്തിലേക്കു നോക്കിയതിനാൽ അവന്റെ ഇഷ്ടത്തിനു ചേർച്ചയിലേ പ്രവർത്തിക്കൂ എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ദാവീദിനു കഴിഞ്ഞു, അബീശായിയുടെ നിർബന്ധത്തിന്‌ അവൻ വഴങ്ങിയില്ല.

10. നമുക്ക്‌ എന്തു വെല്ലുവിളി നേരിട്ടേക്കാം, ഉറച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?

10 യഹോവയുടെ ഹിതം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മാനുഷികചിന്താഗതിക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മുടെ സഹകാരികൾ ചിലപ്പോൾ സമ്മർദം ചെലുത്തിയേക്കാം. അത്തരം സാഹചര്യം നമുക്കൊരു വെല്ലുവിളിയായിത്തീരാൻ ഇടയുണ്ട്‌. അബീശായിയെപ്പോലെ, ചില കാര്യങ്ങളിൽ ദൈവത്തിന്റെ ഇഷ്ടം കണക്കിലെടുക്കാതെ പ്രവർത്തിക്കാൻ അവർ നമ്മെ നിർബന്ധിക്കുകപോലും ചെയ്‌തേക്കാം. അതിനു വഴിപ്പെടാതിരിക്കണമെങ്കിൽ ആ കാര്യത്തിൽ യഹോവയുടെ വീക്ഷണം വ്യക്തമായി മനസ്സിലാക്കുകയും അവൻ പറയുന്ന വഴിയേ പോകാൻ നിശ്ചയിച്ചുറയ്‌ക്കുകയും വേണം.

11. ദൈവേഷ്ടത്തിന്‌ പരമപ്രാധാന്യം നൽകുന്ന കാര്യത്തിൽ ദാവീദിൽനിന്നു നമുക്ക്‌ എന്തു പഠിക്കാം?

11 “നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ” എന്നു ദാവീദ്‌ യഹോവയോടു പ്രാർഥിച്ചു. (സങ്കീർത്തനം 143:5, 8, 10 വായിക്കുക.) സ്വന്തം ബുദ്ധിയിൽ ആശ്രയിക്കുകയോ മറ്റൊരാളുടെ നിർബന്ധത്തിനു വഴങ്ങുകയോ ചെയ്യുന്നതിനു പകരം ദൈവം കാര്യങ്ങൾ പഠിപ്പിച്ചുതരാനാണ്‌ ദാവീദ്‌ ആഗ്രഹിച്ചത്‌. അവൻ ‘യഹോവയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കുകയും അവന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ചു ചിന്തിക്കുകയും ചെയ്‌തു.’ തിരുവെഴുത്തുകളിൽ കുഴിച്ചിറങ്ങി യഹോവ മനുഷ്യരോട്‌ ഇടപെട്ടതിനെക്കുറിച്ചുള്ള അനവധിയായ വിവരണങ്ങൾ വിചിന്തനം ചെയ്‌താൽ നമുക്കും ദൈവേഷ്ടം ഗ്രഹിക്കാനാകും.

ന്യായപ്രമാണത്തിൽ അന്തർലീനമായിരുന്ന തത്ത്വങ്ങൾ ദാവീദ്‌ ആദരിച്ചു

12, 13. തന്റെ മൂന്നു കൂട്ടാളികൾ കൊണ്ടുവന്ന വെള്ളം ദാവീദ്‌ നിലത്ത്‌ ഒഴിച്ചുകളഞ്ഞത്‌ എന്തുകൊണ്ട്‌?

12 ന്യായപ്രമാണത്തിൽ അന്തർലീനമായിരുന്ന തത്ത്വങ്ങളോടുള്ള ദാവീദിന്റെ ആദരവും അത്‌ അനുസരിച്ചു ജീവിക്കാനുള്ള അവന്റെ ആഗ്രഹവും അനുകരണീയമാണ്‌. ‘ബേത്ത്‌ളേഹെം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കുടിപ്പാനുള്ള ആർത്തി’ ദാവീദ്‌ പ്രകടിപ്പിച്ചപ്പോൾ സംഭവിച്ചത്‌ എന്താണെന്നു നോക്കുക. ദാവീദിന്റെ മൂന്നു കൂട്ടാളികൾ, ഫെലിസ്‌ത്യർ കൈവശപ്പെടുത്തിയിരുന്ന ആ പട്ടണത്തിലേക്കു കടന്നുചെന്ന്‌ വെള്ളവുമായി മടങ്ങിയെത്തി. “ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു.” എന്തുകൊണ്ടാണ്‌ അവൻ അതു കുടിക്കാതിരുന്നത്‌? അതിന്റെ കാരണം അവൻതന്നെ പറയുന്നു: “ഇതു ചെയ്‌വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നത്‌.”—1 ദിന. 11:15-19.

13 രക്തം ഭക്ഷിക്കരുതെന്നും അതു യഹോവയ്‌ക്കു നിവേദിച്ച്‌ നിലത്ത്‌ ഒഴിച്ചുകളയണമെന്നും ഉള്ള ന്യായപ്രമാണനിയമം ദാവീദിന്‌ അറിയാമായിരുന്നു. ഈ നിയമത്തിനു പിന്നിലെ കാരണവും ദാവീദ്‌ മനസ്സിലാക്കിയിരുന്നു; അതായത്‌ “മാംസത്തിന്റെ ജീവൻ രക്തത്തിൽ” ആണ്‌ എന്ന വസ്‌തുത. പക്ഷേ ഇതു രക്തമല്ലായിരുന്നല്ലോ. പിന്നെ എന്തുകൊണ്ടാണ്‌ അതു കുടിക്കാൻ ദാവീദ്‌ വിസമ്മതിച്ചത്‌? ആ നിയമത്തിൽ അന്തർലീനമായിരുന്ന തത്ത്വം ദാവീദ്‌ മാനിച്ചു. ദാവീദിന്റെ വീക്ഷണത്തിൽ ആ വെള്ളം ആ മൂന്നു പുരുഷന്മാരുടെ രക്തത്തിനു സമമായിരുന്നു. അതു കുടിക്കുന്നത്‌ അവനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു; അതുകൊണ്ടാണ്‌ അവൻ അതു കുടിക്കാതെ നിലത്ത്‌ ഒഴിച്ചുകളഞ്ഞത്‌.—ലേവ്യ. 17:11; ആവ. 12:23, 24.

14. യഹോവയുടെ വീക്ഷണം ഉള്ളവനായിരിക്കാൻ ദാവീദിനു കഴിഞ്ഞത്‌ എങ്ങനെ?

14 ദൈവനിയമത്തിൽ മുഴുകി, അതിൽ മനസ്സ്‌ അർപ്പിച്ചു ജീവിക്കാൻ ദാവീദ്‌ ശ്രമിച്ചിരുന്നു. അവൻ പാടി: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീ. 40:8) ദൈവത്തിന്റെ നിയമങ്ങൾ പഠിക്കാനും അതേക്കുറിച്ചു മനനം ചെയ്യാനും ദാവീദ്‌ താത്‌പര്യം കാണിച്ചു. യഹോവയുടെ കൽപ്പനകളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തിൽ അവനു വിശ്വാസമായിരുന്നു. അതുകൊണ്ടാണ്‌ ന്യായപ്രമാണത്തിലെ കൽപ്പനകൾ അനുസരിക്കാൻ മാത്രമല്ല അതിന്റെ അന്തഃസത്ത ഉൾക്കൊള്ളാനും അവൻ ഉത്സാഹം കാണിച്ചത്‌. ബൈബിൾപഠനവേളയിൽ, തിരുവെഴുത്തുകളിൽനിന്നു വായിക്കുന്ന കാര്യങ്ങളെക്കുറിച്ചു നാം വിചിന്തനം ചെയ്യുകയും അവയെ ഹൃദയത്തിൽ സൂക്ഷിക്കുകയും വേണം. അങ്ങനെയാകുമ്പോൾ ഒരു പ്രത്യേക സാഹചര്യത്തിൽ യഹോവയ്‌ക്കു പ്രസാദകരമായ ഗതി എന്താണെന്നു നിർണയിക്കാൻ നമുക്കാകും.

15. ദൈവത്തിന്റെ ന്യായപ്രമാണം ശലോമോൻ ആദരിക്കാതിരുന്നത്‌ ഏതു വിധത്തിൽ?

15 ദാവീദിന്റെ മകനായ ശലോമോൻ യഹോവയാം ദൈവത്തിനു പ്രിയങ്കരനായിരുന്നു. പക്ഷേ കാലാന്തരത്തിൽ അവൻ ദൈവത്തിന്റെ ന്യായപ്രമാണം ആദരിക്കാതെയായി. ഇസ്രായേലിലെ രാജാക്കന്മാർ “അനേകം ഭാര്യമാരെ . . . എടുക്കരുത്‌” എന്ന യഹോവയുടെ കൽപ്പന അവൻ അനുസരിച്ചില്ല. (ആവ. 17:17) അന്യജാതിക്കാരികളായ അനേകം സ്‌ത്രീകളെ അവൻ വിവാഹം ചെയ്‌തു. “വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു.” താൻ ചെയ്‌തതിന്‌ ശലോമോൻ പല ന്യായങ്ങൾ കണ്ടെത്തിയിരിക്കാം. എന്നാൽ, “തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു” എന്നാണ്‌ അവനെക്കുറിച്ചു ദൈവവചനം പറയുന്നത്‌. (1 രാജാ. 11:1-6) ദൈവവചനത്തിൽ കാണുന്ന നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ ജീവിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌! വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവർ ഇതു വിശേഷാൽ മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌.

16. “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന കൽപ്പനയുടെ അന്തഃസത്ത വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവരെ എങ്ങനെ സ്വാധീനിക്കണം?

16 അവിശ്വാസിയായ ഒരു വ്യക്തി പ്രണയവികാരങ്ങളോടെ നിങ്ങളോടു പെരുമാറുന്നെന്നിരിക്കട്ടെ. നിങ്ങളുടെ പ്രതികരണം ആരുടെ മനോഭാവം പ്രതിഫലിപ്പിക്കും, ദാവീദിന്റെയോ ശലോമോന്റെയോ? “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്നാണ്‌ സത്യാരാധകർക്ക്‌ ദൈവം നൽകിയിരിക്കുന്ന കൽപ്പന. (1 കൊരി. 7:39) ഒരു ക്രിസ്‌ത്യാനി വിവാഹം കഴിക്കുന്നെങ്കിൽ അത്‌ സഹവിശ്വാസിയെ മാത്രമായിരിക്കണം. ഈ തിരുവെഴുത്തുകൽപ്പനയുടെ അന്തഃസത്ത ഗ്രഹിക്കുന്ന ഒരു ക്രിസ്‌ത്യാനി അവിശ്വാസിയെ വിവാഹം കഴിക്കില്ലെന്നു മാത്രമല്ല അവിശ്വാസിയായ ഒരാളുടെ പ്രണയവികാരത്തോടെയുള്ള പെരുമാറ്റം വെച്ചുപൊറുപ്പിക്കുകയുമില്ല.

17. അശ്ലീലത്തിന്റെ ചതിക്കുഴിയിൽ വീഴാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?

17 ദൈവത്തിന്റെ മാർഗനിർദേശം ആരായുന്നതിൽ ദാവീദ്‌ കാണിച്ച ശുഷ്‌കാന്തിയെക്കുറിച്ചു ചിന്തിക്കുന്നത്‌, അശ്ലീലചിത്രങ്ങൾ കാണാനുള്ള പ്രലോഭനം ചെറുക്കാൻ നമ്മെ സഹായിക്കും. പിൻവരുന്ന തിരുവെഴുത്തുകൾ വായിക്കുക; അവയിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങളെക്കുറിച്ചു ചിന്തിക്കുക; ഇക്കാര്യത്തിൽ യഹോവയുടെ ഹിതം എന്താണെന്നു ഗ്രഹിക്കാൻ ശ്രമിക്കുക. (സങ്കീർത്തനം 119:37; മത്തായി 5:28, 29; കൊലോസ്യർ 3:5 വായിക്കുക.) ദൈവത്തിന്റെ ഉന്നതമായ നിലവാരങ്ങളെക്കുറിച്ചു മനനം ചെയ്യുന്നത്‌ അശ്ലീലത്തിന്റെ ചതിക്കുഴിയിൽ വീഴാതെ നമ്മെ കാക്കും.

എപ്പോഴും ദൈവത്തിന്റെ വീക്ഷണം ഉള്ളവരായിരിക്കുക

18, 19. (എ) അപൂർണനായിരുന്നെങ്കിലും ദൈവത്തിന്റെ പ്രീതിയിലായിരിക്കാൻ ദാവീദിനെ സഹായിച്ചത്‌ എന്താണ്‌? (ബി) എന്താണ്‌ നിങ്ങളുടെ തീരുമാനം?

18 പല കാര്യത്തിലും ദാവീദ്‌ ഉത്തമമാതൃക ആയിരുന്നെങ്കിലും അവൻ ഗുരുതരമായ ചില തെറ്റുകൾ ചെയ്‌തു. (2 ശമൂ. 11:2-4, 14, 15, 22-27; 1 ദിന. 21:1, 7) എന്നാൽ ഓരോ പ്രാവശ്യവും അവൻ ആത്മാർഥമായി അനുതപിച്ചെന്ന്‌ തിരുവെഴുത്തുരേഖ കാണിക്കുന്നു. ദൈവമുമ്പാകെ അവൻ ‘ഹൃദയനിർമലതയോടെ’ നടന്നു. (1 രാജാ. 9:4) അങ്ങനെ പറയാനാകുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം യഹോവയുടെ വീക്ഷണമുണ്ടായിരിക്കാനും അവന്റെ ഹിതപ്രകാരം പ്രവർത്തിക്കാനും ദാവീദ്‌ ശ്രമിച്ചു.

19 അപൂർണരാണെങ്കിലും നമുക്കു യഹോവയുടെ പ്രീതിയിലായിരിക്കാനാകും. ആ ലക്ഷ്യം മനസ്സിൽപ്പിടിച്ചുകൊണ്ട്‌ നമുക്കു ശുഷ്‌കാന്തിയോടെ ദൈവത്തിന്റെ വചനം പഠിക്കാം, പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കാം. അങ്ങനെ ഹൃദയത്തിൽ സംഗ്രഹിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നല്ല തീരുമാനങ്ങളെടുക്കാം. അപ്പോൾ, “നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ” എന്നു താഴ്‌മയോടെ ദൈവത്തോട്‌ അപേക്ഷിച്ച സങ്കീർത്തനക്കാരന്റെ വാക്കുകൾ ഏറ്റുപാടുകയായിരിക്കും നാം.

[അധ്യയന ചോദ്യങ്ങൾ]

[5-ാം പേജിലെ ചിത്രം]

ശൗലിനെ വകവരുത്താൻ അവസരം ലഭിച്ചിട്ടും ദാവീദ്‌ അതിനു മുതിരാതിരുന്നത്‌ എന്തുകൊണ്ട്‌?

[6-ാം പേജിലെ ചിത്രം]

കൂട്ടാളികൾ കൊണ്ടുവന്ന വെള്ളം കുടിക്കാൻ ദാവീദ്‌ വിസമ്മതിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?