വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ചെറിയവനായിരിക്കാൻ’ ശ്രമിക്കുക!

‘ചെറിയവനായിരിക്കാൻ’ ശ്രമിക്കുക!

‘ചെറിയവനായിരിക്കാൻ’ ശ്രമിക്കുക!

“നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനത്രേ വലിയവൻ.”—ലൂക്കോ. 9:48.

ഉത്തരം കണ്ടെത്താമോ?

സ്വയം ‘ചെറിയവരായി’ കാണാൻ നമ്മെ എന്തു സഹായിക്കും?

‘ചെറിയവൻ’ അതായത്‌ താഴ്‌മയുള്ളവൻ ‘വലിയവനായിരിക്കുന്നത്‌’ ഏതു വിധങ്ങളിൽ?

ദാമ്പത്യത്തിലും സഭയിലും മറ്റുള്ളവരുമായുള്ള ബന്ധത്തിലും നമുക്ക്‌ എങ്ങനെ താഴ്‌മ കാണിക്കാം?

1, 2. യേശു അപ്പൊസ്‌തലന്മാർക്ക്‌ എന്ത്‌ ഉപദേശം നൽകി, എന്തുകൊണ്ട്‌?

 വർഷം എ.ഡി. 32. യേശു അപ്പോൾ ഗലീലപ്രവിശ്യയിലായിരുന്നു. അപ്പൊസ്‌തലന്മാർ തങ്ങളിൽ ആരാണ്‌ വലിയവൻ എന്നു തർക്കിക്കുകയാണ്‌. സുവിശേഷ എഴുത്തുകാരനായ ലൂക്കോസ്‌ വിവരിക്കുന്നു: ‘തങ്ങളിൽ ഏറ്റവും വലിയവൻ ആരാണ്‌ എന്നതിനെച്ചൊല്ലി അവർക്കിടയിൽ ഒരു തർക്കം ഉണ്ടായി. യേശു അവരുടെ ഹൃദയവിചാരം അറിഞ്ഞിട്ട്‌ ഒരു കൊച്ചുകുട്ടിയെ എടുത്ത്‌ തന്റെ അരികെ നിറുത്തിയിട്ട്‌ അവരോട്‌, “ഈ ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെയും കൈക്കൊള്ളുന്നു. എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു. നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനത്രേ വലിയവൻ”’ എന്നു പറഞ്ഞു. (ലൂക്കോ. 9:46-48) താഴ്‌മയുടെ പ്രാധാന്യം ദൃഢതയോടെ എന്നാൽ ക്ഷമാപൂർവം യേശു അപ്പൊസ്‌തലന്മാർക്കു കാണിച്ചുകൊടുത്തു.

2 ‘ചെറിയവനായിരിക്കാനുള്ള’ യേശുവിന്റെ ബുദ്ധിയുപദേശം അന്നത്തെ യഹൂദന്മാരുടെ ചിന്താഗതിയോടു യോജിക്കുന്നതായിരുന്നോ? അതോ അത്‌ അന്നത്തെ പ്രബലമായ ചിന്താഗതിക്കു വിപരീതമായിരുന്നോ? പുതിയനിയമ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌) അന്നത്തെ സാമൂഹിക പരിസ്ഥിതിയെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ഏതു കാര്യമെടുത്താലും, ‘ആരാണു വലിയവൻ’ എന്ന ചോദ്യം ഉയർന്നിരുന്നു. ഓരോരുത്തർക്കും അവരവരുടെ സ്ഥാനത്തിനൊത്ത ബഹുമതി നൽകുന്നതിനെക്കുറിച്ച്‌ അവർ വേവലാതിപ്പെട്ടിരുന്നു.” സമൂഹത്തിൽ നിലനിന്നിരുന്ന ഈ ചിന്താഗതി ഒഴിവാക്കാനാണ്‌ യേശു തന്റെ അപ്പൊസ്‌തലന്മാരെ ഉപദേശിച്ചത്‌.

3. (എ) ചെറിയവനായിരിക്കുക എന്നാൽ എന്താണ്‌ അർഥം, അങ്ങനെയായിരിക്കുന്നത്‌ ബുദ്ധിമുട്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) ഈ ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

3 ‘ചെറിയവൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം എളിമയും താഴ്‌മയും ഉള്ള, നിസ്സാരനും അറിയപ്പെടാത്തവനും സ്വാധീനശക്തിയില്ലാത്തവനും ആയ വ്യക്തിയെയാണു കുറിക്കുന്നത്‌. എളിമയും താഴ്‌മയും ഉള്ളവരായിരിക്കണമെന്ന പാഠം യേശു അപ്പൊസ്‌തലന്മാരെ പഠിപ്പിച്ചത്‌ ഒരു ചെറിയ കുട്ടിയെ ദൃഷ്ടാന്തമായി കാണിച്ചുകൊണ്ടാണ്‌. ആ ബുദ്ധിയുപദേശം ഒന്നാം നൂറ്റാണ്ടിലെപോലെ ഇന്നത്തെ ക്രിസ്‌ത്യാനികൾക്കും ബാധകമാണ്‌. ചെറിയവനായിരിക്കാൻ ചില സാഹചര്യങ്ങളിലെങ്കിലും നമുക്കു ബുദ്ധിമുട്ടുതോന്നിയേക്കാം. അഹങ്കാരപ്രവണത മനുഷ്യനിൽ സഹജമായുള്ളതുകൊണ്ട്‌ പ്രാമുഖ്യത നേടാൻ നാം ശ്രമിച്ചേക്കാം. മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കണമെന്ന ചിന്താഗതി പ്രബലമായിരിക്കുന്ന ഈ ലോകത്തിൽ പലരും ദുരഭിമാനികളും വാദിച്ചുജയിക്കാൻ പ്രവണതയുള്ളവരും തങ്ങൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നവരും ആണ്‌. ശ്രദ്ധിച്ചില്ലെങ്കിൽ ഈ സ്വഭാവരീതികൾ നമ്മളിലേക്കും പകർന്നേക്കാം. താഴ്‌മയുള്ളൊരു മനസ്സുണ്ടായിരിക്കാൻ നമ്മെ എന്തു സഹായിക്കും? ‘തന്നെത്തന്നെ ചെറിയവനായി കരുതുന്നവനത്രേ വലിയവൻ’ എന്നു പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ജീവിതത്തിലെ ഏതെല്ലാം മേഖലകളിൽ നാം താഴ്‌മയുള്ളവരായിരിക്കാൻ ശ്രമിക്കണം?

“ഹാ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം!”

4, 5. താഴ്‌മ വളർത്തിയെടുക്കാൻ നമ്മെ എന്തു സഹായിക്കും? ഉദാഹരിക്കുക.

4 നമ്മുടെ നിസ്സാരത്വവും യഹോവയുടെ മാഹാത്മ്യവും തുലനംചെയ്‌തുനോക്കുക! താഴ്‌മയുള്ളവരായിരിക്കാൻ അതു നമ്മെ സഹായിക്കും. യഹോവയുടെ ‘ബുദ്ധി അപ്രമേയമാണ്‌!’ (യെശ. 40:28) യഹോവയുടെ മഹനീയതയുടെ ചില വശങ്ങളെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഹാ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം! അവന്റെ ന്യായവിധികൾ എത്ര അപ്രമേയം! അവന്റെ വഴികൾ എത്ര ദുർഗ്രഹം!” (റോമ. 11:33) പല കാര്യങ്ങളിലുമുള്ള മനുഷ്യന്റെ അറിവ്‌ വളരെയേറെ വർധിച്ചിട്ടുണ്ടെങ്കിലും ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ്‌ പൗലോസ്‌ എഴുതിയ ആ വാക്കുകൾ ഇന്നും സത്യമാണ്‌! നമുക്ക്‌ എത്രതന്നെ അറിവുണ്ടെങ്കിലും യഹോവയെയും അവന്റെ പ്രവൃത്തികളെയും വഴികളെയും കുറിച്ച്‌ ഇനിയും എത്രയോ നാം അറിയാനിരിക്കുന്നു! ഈ തിരിച്ചറിവ്‌ നമ്മെ വിനയാനതരാക്കണം.

5 ദൈവത്തിന്റെ വഴികൾ ആരാഞ്ഞറിയുക മനുഷ്യബുദ്ധിക്ക്‌ അതീതമാണെന്ന തിരിച്ചറിവാണ്‌ ചെറിയവനായി സ്വയം വീക്ഷിക്കാൻ ലിയോയെ a സഹായിച്ചത്‌. യുവാവായിരിക്കെ ശാസ്‌ത്രം ലിയോയെ വല്ലാതെ ആകർഷിച്ചു. ഭൗതികപ്രപഞ്ചത്തെക്കുറിച്ച്‌ ആവുന്നതെല്ലാം മനസ്സിലാക്കണമെന്ന ആഗ്രഹത്തോടെ അദ്ദേഹം പ്രപഞ്ചവസ്‌തുക്കളുടെ ഗുണവിശേഷങ്ങളും ഘടനയും പ്രതിപാദിക്കുന്ന ഖഗോളജ്യോതിശാസ്‌ത്രം (astrophysics) പഠിക്കാൻ ആരംഭിച്ചു. പക്ഷേ അദ്ദേഹം ഈ നിഗമനത്തിലാണ്‌ എത്തിച്ചേർന്നത്‌: “നിലവിലുള്ള ശാസ്‌ത്രീയസിദ്ധാന്തങ്ങൾക്കൊണ്ടു മാത്രം പ്രപഞ്ചത്തെ മുഴുവനായി മനസ്സിലാക്കാൻ മനുഷ്യനു സാധിക്കില്ല എന്നാണ്‌ എന്റെ പഠനങ്ങളിൽനിന്ന്‌ എനിക്കു മനസ്സിലായ വസ്‌തുത.” അതുകൊണ്ട്‌ അദ്ദേഹം അതു വിട്ട്‌ നിയമം പഠിക്കാൻ തുടങ്ങി. കാലാന്തരത്തിൽ അദ്ദേഹം ജില്ലാ അറ്റോർണിയും പിന്നീട്‌ ജഡ്‌ജിയും ആയി. അങ്ങനെയിരിക്കെ, അദ്ദേഹവും ഭാര്യയും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചു. അവർ സത്യം സ്വീകരിച്ച്‌ ദൈവത്തിനു സമർപ്പിച്ചു സ്‌നാനമേറ്റു. ഇങ്ങനെയൊരു പശ്ചാത്തലമുള്ള വ്യക്തിയായിട്ടും ‘ചെറിയവനായി’ സ്വയം വീക്ഷിക്കാൻ അദ്ദേഹത്തെ സഹായിച്ചത്‌ എന്താണ്‌? അദ്ദേഹം പറയുന്നു: “യഹോവയെയും ഈ പ്രപഞ്ചത്തെയും കുറിച്ച്‌ നമുക്ക്‌ എത്രതന്നെ അറിവുണ്ടെങ്കിലും ഇനിയും ഒത്തിരിയേറെ അറിയാനുണ്ട്‌ എന്ന തിരിച്ചറിവാണ്‌ അതിന്‌ എന്നെ സഹായിച്ചത്‌.”

6, 7. (എ) യഹോവ താഴ്‌മയുടെ കാര്യത്തിൽ ഉത്‌കൃഷ്ട മാതൃകയായിരിക്കുന്നത്‌ എങ്ങനെ? (ബി) ദൈവത്തിന്റെ താഴ്‌മ ഒരുവനെ ‘വലിയവനാക്കുന്നത്‌’ എങ്ങനെ?

6 യഹോവയുടെതന്നെ താഴ്‌മയാണ്‌ നമ്മെ താഴ്‌മ പഠിപ്പിക്കുന്ന മറ്റൊരു സംഗതി. നമ്മളെ “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക! (1 കൊരി. 3:9) ഒന്നോർത്തുനോക്കൂ, ഉന്നതനും മഹനീയനും ആയ ദൈവം തന്റെ വചനമായ ബൈബിൾ ഉപയോഗിച്ച്‌ സുവാർത്ത പ്രസംഗിക്കാനുള്ള അവസരം നൽകി നമ്മെ മാനിക്കുന്നു. നാം നടുകയും നനയ്‌ക്കുകയും ചെയ്യുന്ന വിത്തുകൾ വളരുമാറാക്കുന്നത്‌ യഹോവയാണെങ്കിലും, തന്നോടൊപ്പം വേല ചെയ്യാനുള്ള പദവി നൽകി അവൻ നമ്മെ ആദരിച്ചിരിക്കുന്നു. (1 കൊരി. 3:6, 7) ദൈവത്തിന്റെ ഈ താഴ്‌മ നമ്മെ വിസ്‌മയിപ്പിക്കുന്നില്ലേ? താഴ്‌മയുടെ കാര്യത്തിൽ യഹോവ വെക്കുന്ന മാതൃക, ‘ചെറിയവനായി’ പെരുമാറാൻ നമ്മെ ഓരോരുത്തരെയും പ്രചോദിപ്പിക്കണം.

7 ദൈവത്തിന്റെ താഴ്‌മ സങ്കീർത്തനക്കാരനായ ദാവീദിന്റെ മനസ്സിൽ വലിയ പ്രഭാവം ചെലുത്തി. അവൻ യഹോവയെക്കുറിച്ച്‌ ഇങ്ങനെ പാടി: “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.” (2 ശമൂ. 22:36) ഇസ്രായേലിൽ തനിക്കു ലഭിച്ച സകല മഹത്ത്വത്തിന്റെയും കീർത്തി ദാവീദ്‌ യഹോവയ്‌ക്കാണു നൽകിയത്‌; തന്നെ ശ്രദ്ധിക്കാനും സഹായിക്കാനും ഉള്ള താഴ്‌മ ദൈവം കാണിച്ചതുകൊണ്ടാണ്‌ തനിക്ക്‌ ആ മഹത്ത്വം ലഭിക്കാൻ ഇടയായതെന്നു ദാവീദ്‌ സമ്മതിച്ചു പറയുന്നു. (സങ്കീ. 113:5-7) നമ്മുടെ കാര്യമോ? ഗുണങ്ങളോ കഴിവുകളോ പദവികളോ എന്തുതന്നെയായിക്കൊള്ളട്ടെ, യഹോവയിൽനിന്നു ‘ലഭിച്ചതല്ലാത്തതായി’ നമുക്ക്‌ എന്താണുള്ളത്‌? (1 കൊരി. 4:7) തന്നെത്തന്നെ ചെറിയവനായി കണക്കാക്കുന്ന ഒരു ദൈവദാസൻ, യഹോവയുടെ ദൃഷ്ടിയിൽ കൂടുതൽ മൂല്യമുള്ളവനായിത്തീരുന്നു, അതാണ്‌ അവനെ ‘വലിയവനാക്കുന്നത്‌.’ (ലൂക്കോ. 9:48) ഇത്‌ എങ്ങനെയാണെന്ന്‌ നമുക്കു നോക്കാം.

‘നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനത്രേ വലിയവൻ’

8. യഹോവയുടെ സംഘടനയോടുള്ള നമ്മുടെ മനോഭാവത്തെ താഴ്‌മ സ്വാധീനിക്കുന്നത്‌ എങ്ങനെ?

8 യഹോവയുടെ സംഘടനയിലായിരിക്കുന്നതിൽ സന്തോഷിക്കുകയും ക്രിസ്‌തീയസഭയിലെ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യണമെങ്കിൽ താഴ്‌മ അനിവാര്യമാണ്‌. പെട്ര എന്ന യുവതിയുടെ അനുഭവം നോക്കാം. സാക്ഷിക്കുടുംബത്തിലാണ്‌ അവൾ വളർന്നത്‌. സ്വന്തം ഇഷ്ടത്തിനു ജീവിക്കാൻവേണ്ടി അവൾ മനഃപൂർവം സഭയിൽനിന്ന്‌ അകന്നുനിന്നു. വർഷങ്ങൾക്കുശേഷം അവൾ വീണ്ടും സഭയുമായി സഹവസിക്കാൻ ആരംഭിച്ചു. യഹോവയുടെ സംഘടനയിലായിരിക്കുന്നതിൽ പെട്രയ്‌ക്ക്‌ ഇപ്പോൾ വളരെ സന്തോഷമുണ്ട്‌. ക്രിസ്‌തീയസഭയിലെ ക്രമീകരണങ്ങളെ അവൾ ഉത്സാഹത്തോടെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. എന്താണ്‌ ഈ മാറ്റത്തിനു കാരണം? അവൾ പറയുന്നു: “താഴ്‌മ, എളിമ എന്നീ ഗുണങ്ങളുടെ അർഥം ഞാൻ മനസ്സിലാക്കുകയും അവ വളർത്തിയെടുക്കുകയും ചെയ്‌തു.”

9. താഴ്‌മയുള്ള ഒരു വ്യക്തിക്ക്‌ ആത്മീയഭക്ഷണത്തോടുള്ള മനോഭാവം എന്തായിരിക്കും, അത്‌ അയാളെ കൂടുതൽ ഉപയോഗമുള്ളവനാക്കുന്നത്‌ എന്തുകൊണ്ട്‌?

9 താഴ്‌മയുള്ള ഒരു വ്യക്തിക്ക്‌ ആത്മീയഭക്ഷണം ഉൾപ്പെടെ യഹോവയുടെ എല്ലാ കരുതലുകളോടും ഹൃദയംഗമമായ നന്ദിയുണ്ടായിരിക്കും. ബൈബിൾ മനസ്സിരുത്തി പഠിക്കാനും വീക്ഷാഗോപുരം, ഉണരുക! മാസികകൾ മുടങ്ങാതെ വായിക്കാനും അയാൾ ഉത്സാഹിക്കും. വിശ്വസ്‌തരായ പല സഹോദരങ്ങളും, പുതിയ പ്രസിദ്ധീകരണങ്ങൾ കിട്ടുമ്പോൾ അവ അങ്ങനെതന്നെ എടുത്ത്‌ ഷെൽഫിലേക്കു വെക്കാതെ ഓരോന്നും വായിച്ചുതീർക്കാൻ ശ്രദ്ധിക്കാറുണ്ട്‌. നമ്മുടെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്‌തുകൊണ്ട്‌ ഹൃദയപൂർവം അവയോടു വിലമതിപ്പു കാണിക്കുമ്പോൾ ആത്മീയ അഭിവൃദ്ധിവരുത്തുകയാണു നാം. അപ്പോൾ, കൂടുതൽ ഫലപ്രദമായ വിധത്തിൽ തന്റെ വേലയ്‌ക്കായി നമ്മെ ഉപയോഗിക്കാൻ യഹോവയ്‌ക്കു കഴിയും.—എബ്രാ. 5:13, 14.

10. സഭയിൽ നമുക്ക്‌ താഴ്‌മ കാണിക്കാൻ എങ്ങനെ കഴിയും?

10 തന്നെത്തന്നെ താഴ്‌ത്തുന്നവൻ ‘വലിയവനായിരിക്കുന്ന’ മറ്റൊരു വിധം നോക്കാം. ഓരോ സഭയിലും പരിശുദ്ധാത്മാവിനാൽ നിയമിതരായ പുരുഷന്മാർ മൂപ്പന്മാരായി സേവിക്കുന്നുണ്ട്‌. സഭായോഗങ്ങൾ, വയൽസേവനം, ഇടയവേല തുടങ്ങിയ ആത്മീയപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്‌ അവരാണ്‌. ഈ ക്രമീകരണങ്ങളെ മനസ്സോടെ പിന്തുണച്ചുകൊണ്ട്‌ താഴ്‌മ കാണിക്കുമ്പോൾ സഭയുടെ സന്തോഷം, സമാധാനം, ഐക്യം എന്നിവ ഉന്നമിപ്പിക്കുന്നതിൽ ഒരു പങ്കുവഹിക്കുകയായിരിക്കും നാം. (എബ്രായർ 13:7, 17 വായിക്കുക.) നിങ്ങൾ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണോ? എങ്കിൽ, അങ്ങനെയൊരു പദവി നൽകിയതിന്‌ യഹോവയോടു നന്ദിയുള്ളവരായിരുന്നുകൊണ്ട്‌ നിങ്ങൾ താഴ്‌മ കാണിക്കാറുണ്ടോ?

11, 12. ഏതു മനോഭാവം നമ്മെ യഹോവയുടെ സംഘടനയ്‌ക്കു വിലപ്പെട്ടവനാക്കും, എന്തുകൊണ്ട്‌?

11 സ്വയം ‘ചെറിയവനായി’ കണക്കാക്കുന്ന ഒരു വ്യക്തി, നല്ലവനും ഉപയോഗപ്രദനും ആയ ദൈവദാസനായിരിക്കുമെന്നതിനാൽ അദ്ദേഹം യഹോവയുടെ സംഘടനയ്‌ക്ക്‌ വിലപ്പെട്ടവനാണ്‌. യേശുവിന്റെ ശിഷ്യന്മാരിൽ ചിലരെ അക്കാലത്തു നിലവിലിരുന്ന മനോഭാവം സ്വാധീനിച്ചിരുന്നു. ‘ചെറിയവരായിരിക്കാൻ’ അവന്‌ അവരെ ബുദ്ധിയുപദേശിക്കേണ്ടിവന്നത്‌ അതുകൊണ്ടാണ്‌. “തങ്ങളിൽ ഏറ്റവും വലിയവൻ ആരാണ്‌ എന്നതിനെച്ചൊല്ലി അവർക്കിടയിൽ ഒരു തർക്കം ഉണ്ടായി” എന്ന്‌ ലൂക്കോസ്‌ 9:46 പറയുന്നു. സഹവിശ്വാസികളെക്കാൾ മെച്ചപ്പെട്ടവരാണെന്നോ മറ്റു മനുഷ്യരെക്കാൾ ശ്രേഷ്‌ഠരാണെന്നോ ഒരുപക്ഷേ നമ്മളും ചിന്തിക്കാൻ സാധ്യതയുണ്ടോ? നമുക്കു ചുറ്റുമുള്ള പലരും അഹംഭാവികളും സ്വാർഥരും ആണ്‌. എന്നാൽ നമുക്ക്‌ താഴ്‌മയോടെ പെരുമാറാം; അങ്ങനെ അത്തരക്കാരിൽനിന്ന്‌ അകന്നു നിൽക്കാം. താഴ്‌മ കാണിക്കുകയും യഹോവയുടെ ഹിതത്തിനു പ്രാധാന്യം നൽകുകയും ചെയ്യുമ്പോൾ സഹോദരീസഹോദരന്മാർക്ക്‌ നമ്മുടെ സാമീപ്യം കൂടുതൽ നവോന്മേഷം പകരും.

12 ‘ചെറിയവനായിരിക്കാനുള്ള’ യേശുവിന്റെ ഉദ്‌ബോധനം വളരെ പ്രചോദനമേകുന്നതാണ്‌! ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത്തരമൊരു മനോഭാവം ഉണ്ടായിരിക്കാൻ നാം ശ്രമിക്കേണ്ടതല്ലേ? മൂന്നു മേഖലകളെക്കുറിച്ച്‌ നമുക്കിപ്പോൾ ചിന്തിക്കാം.

ചെറിയവനായിരിക്കാൻ ശ്രമിക്കുക

13, 14. ഭർത്താവിന്‌/ഭാര്യക്ക്‌ ‘ചെറിയവരായി’ വർത്തിക്കാൻ എങ്ങനെ കഴിയും, ഇതു ദാമ്പത്യത്തിൽ എന്തു ഫലമുണ്ടാക്കും?

13 ദാമ്പത്യത്തിൽ. പലയാളുകൾക്കും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു മാത്രമേ ചിന്തയുള്ളൂ. മറ്റുള്ളവരുടെ അവകാശങ്ങളെ അട്ടിമറിച്ചുകൊണ്ടുപോലും അവർ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നു. എന്നാൽ ‘ചെറിയവർ’ അതായത്‌ താഴ്‌മയുള്ളവർ അങ്ങനെയല്ല. ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായിരിക്കണമെന്ന്‌ പൗലോസ്‌ പറഞ്ഞ മനോഭാവമാണ്‌ അവർക്കുള്ളത്‌. റോമർക്കുള്ള ലേഖനത്തിൽ അവൻ ഇങ്ങനെ എഴുതി: “സമാധാനത്തിനും അന്യോന്യം പരിപുഷ്ടിപ്പെടുത്തുന്നതിനും ഉതകുന്ന കാര്യങ്ങൾ നമുക്കു പിൻപറ്റാം.” (റോമ. 14:19) തന്നെത്തന്നെ ചെറിയവനായി കരുതി പെരുമാറുന്ന ഒരു വ്യക്തി എല്ലാവരോടും, പ്രത്യേകിച്ച്‌ തന്റെ ജീവിതപങ്കാളിയോട്‌ സമാധാനപരമായി ഇടപെടാൻ വിശേഷാൽ ശ്രദ്ധിക്കും.

14 വിനോദത്തിന്റെ കാര്യമെടുക്കാം. ദമ്പതികൾക്ക്‌ വിനോദത്തിന്റെ കാര്യത്തിൽ വ്യത്യസ്‌ത അഭിരുചികളായിരിക്കാം ഉള്ളത്‌. ഒഴിവുനേരത്ത്‌ വെറുതെയിരുന്ന്‌ എന്തെങ്കിലും വായിക്കാനായിരിക്കാം ഭർത്താവിന്‌ ഇഷ്ടം. എന്നാൽ ഭാര്യക്ക്‌ പുറത്തുപോയി ഭക്ഷണം കഴിക്കാനോ സുഹൃത്തുക്കളെ സന്ദർശിക്കാനോ ഒക്കെ ആയിരിക്കാം താത്‌പര്യം. സ്വന്തം ഇഷ്ടങ്ങൾക്കുപരി ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചുകൊണ്ട്‌ ഭർത്താവ്‌ താഴ്‌മ കാണിക്കുമ്പോൾ അദ്ദേഹത്തെ ബഹുമാനിക്കാൻ ഭാര്യക്ക്‌ കൂടുതൽ എളുപ്പമായിരിക്കില്ലേ? അതുപോലെ, സ്വന്തം ഇഷ്ടങ്ങൾക്കുപരി ഭർത്താവിന്റെ ഇഷ്ടങ്ങളെ പ്രതിഷ്‌ഠിക്കുന്ന ഭാര്യയുടെ താഴ്‌മ കാണുമ്പോൾ ഭർത്താവിന്‌ അവളോടുള്ള സ്‌നേഹവും വിലമതിപ്പും വർധിക്കുകയില്ലേ? ഇണകൾ ഇരുവരും സ്വയം ചെറിയവരായി കരുതുന്നെങ്കിൽ ദാമ്പത്യം ബലിഷ്‌ഠമായിത്തീരും.—ഫിലിപ്പിയർ 2:1-4 വായിക്കുക.

15, 16. ഏതു മനോഭാവം ഉള്ളവരായിരിക്കാൻ 131-ാം സങ്കീർത്തനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു, സഭയിലെ നമ്മുടെ പെരുമാറ്റത്തെ ഇത്‌ എങ്ങനെ ബാധിക്കണം?

15 സഭയിൽ. ലോകത്തിൽ പല വ്യക്തികളും ആഗ്രഹങ്ങൾ അപ്പപ്പോൾ സാധിച്ചുകിട്ടണം എന്ന മനോഭാവക്കാരാണ്‌. അവർക്കു ക്ഷമ കുറവാണ്‌, കാത്തിരിക്കുന്നത്‌ വളരെ ബുദ്ധിമുട്ടുള്ള കാര്യവും. എന്നാൽ ചെറിയവരായി സ്വയം വീക്ഷിക്കുന്നെങ്കിൽ യഹോവയിൽ പ്രത്യാശവെച്ചു കാത്തിരിക്കുന്നത്‌ ഒരു ബുദ്ധിമുട്ടായി നമുക്കു തോന്നില്ല. (സങ്കീർത്തനം 131:1-3 വായിക്കുക.) താഴ്‌മയുള്ളവരും യഹോവയ്‌ക്കായി കാത്തിരിക്കുന്നവരും ആണെങ്കിൽ സുരക്ഷിതത്വവും അനുഗ്രഹങ്ങളും സ്വസ്ഥതയും സംതൃപ്‌തിയും നാം ആസ്വദിക്കും. ക്ഷമയോടെ ദൈവത്തിനായി കാത്തിരിക്കാൻ സഹയിസ്രായേല്യരെ ദാവീദ്‌ ഉദ്‌ബോധിപ്പിച്ചതിൽ അതിശയിക്കാനില്ല!

16 യഹോവയ്‌ക്കായി താഴ്‌മയോടെ കാത്തിരിക്കുന്നെങ്കിൽ ദാവീദ്‌ അനുഭവിച്ചതുപോലുള്ള ആശ്വാസം നിങ്ങൾക്കും അനുഭവിക്കാനാകും. (സങ്കീ. 42:5) ഒരുപക്ഷേ, ‘നല്ല വേല ആഗ്രഹിക്കുന്ന’ നിങ്ങൾ “മേൽവിചാരകപദത്തിലെത്താൻ യത്‌നി”ക്കുന്നുണ്ടാകാം. (1 തിമൊ. 3:1-7) അതിനായി പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, ഒരു മേൽവിചാരകനുവേണ്ട ഗുണങ്ങൾ വളർത്താൻ വേണ്ടതെല്ലാം നിങ്ങൾ ചെയ്യണം. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതൽ കാലം നിങ്ങൾക്കു കാത്തിരിക്കേണ്ടിവരുന്നെങ്കിലോ? സേവനപദവികൾക്കായി ക്ഷമയോടെ കാത്തിരുന്നുകൊണ്ട്‌ ‘ചെറിയവനായി’ വർത്തിക്കുന്ന ഒരാൾ യഹോവയെ സേവിക്കുന്നതിൽ തുടർന്നും സന്തോഷം കണ്ടെത്തും; ലഭിക്കുന്ന ഏതു നിയമനത്തിലും അദ്ദേഹം സംതൃപ്‌തനായിരിക്കും.

17, 18. (എ) ക്ഷമ ചോദിക്കുകയും മറ്റുള്ളവരോടു ക്ഷമിക്കാൻ മനസ്സുകാണിക്കുകയും ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം? (ബി) സദൃശവാക്യങ്ങൾ 6:1-5 എന്തു ബുദ്ധിയുപദേശം നൽകുന്നു?

17 മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ. ക്ഷമ പറയുക എന്നുള്ളത്‌ പലർക്കും ബുദ്ധിമുട്ടാണ്‌. എന്നാൽ സ്വയം ‘ചെറിയവനായി’ കരുതുന്ന ഒരു ദൈവദാസൻ തന്റെ തെറ്റുകൾ അംഗീകരിച്ച്‌ അതിനു ക്ഷമ ചോദിക്കും. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചുകൊടുക്കാനും അദ്ദേഹം മനസ്സുള്ളവനായിരിക്കും. അഹങ്കാരം ഭിന്നതയ്‌ക്കും വാഗ്വാദത്തിനും കാരണമാകും. എന്നാൽ ക്ഷമിക്കുന്നത്‌ സഭയിൽ സമാധാനം ഊട്ടിവളർത്തും.

18 നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ ഒരു വാഗ്‌ദാനമോ കരാറോ പാലിക്കാൻ പറ്റാതെ വരുന്ന സാഹചര്യത്തിൽ നാം ‘താണുകൊടുത്തുകൊണ്ട്‌’ ആത്മാർഥമായി ക്ഷമ ചോദിക്കേണ്ടതുണ്ടായിരിക്കാം. മറ്റേ കക്ഷിയുടെ ഭാഗത്ത്‌ കുറച്ചെങ്കിലും പാളിച്ചകൾ ഉണ്ടായിരിക്കാമെങ്കിലും താഴ്‌മയുള്ള ഒരു ക്രിസ്‌ത്യാനി സ്വന്തം പിഴവുകൾ ഗൗരവമായി കാണുകയും അത്‌ ഏറ്റുപറയുകയും ചെയ്യും.—സദൃശവാക്യങ്ങൾ 6:1-5 വായിക്കുക.

19. ചെറിയവനായിരിക്കാനുള്ള തിരുവെഴുത്തു ബുദ്ധിയുപദേശത്തെപ്രതി നന്ദിയുള്ളവരായിരിക്കാൻ നമുക്ക്‌ എന്തെല്ലാം കാരണങ്ങളുണ്ട്‌?

19 ചെറിയവനായിരിക്കാനുള്ള തിരുവെഴുത്തു ബുദ്ധിയുപദേശത്തെപ്രതി നാം എത്ര നന്ദിയുള്ളവരാണ്‌! അത്തരമൊരു മനോഭാവം കാണിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായിരുന്നേക്കാമെങ്കിലും സ്രഷ്ടാവിനോടുള്ള താരതമ്യത്തിൽ നമ്മുടെ സ്ഥാനത്തെക്കുറിച്ചും അവന്റെ താഴ്‌മയെക്കുറിച്ചും ചിന്തിക്കുന്നത്‌ ആ നല്ല ഗുണം വളർത്താൻ നമുക്കു പ്രേരണയേകും. അങ്ങനെ ചെയ്‌താൽ കൂടുതൽ മൂല്യമുള്ള ദൈവദാസരായിരിക്കും നാം. അതുകൊണ്ട്‌ നമുക്കു ‘ചെറിയവരായിരിക്കാൻ’ ശ്രമിക്കാം.

[അടിക്കുറിപ്പ്‌]

a പേരുകൾ മാറ്റിയിട്ടുണ്ട്‌.

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

സുവാർത്ത പ്രസംഗിക്കാനുള്ള പദവി നൽകി യഹോവ നമ്മെ ആദരിക്കുന്നു

[19-ാം പേജിലെ ചിത്രം]

‘ചെറിയവനായി’ വർത്തിക്കാനുള്ള ഏതെല്ലാം അവസരങ്ങൾ നിങ്ങൾക്കുണ്ട്‌?