വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്‌—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി

ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്‌—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി

ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്‌—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി

‘യഹോവയായ ദൈവം, കരുണയും കൃപയും ദീർഘക്ഷമയും ഉള്ളവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ.’—പുറ. 34:6, 7.

ഉത്തരം കണ്ടെത്തുക

ദാവീദിന്റെയും മനശ്ശെയുടെയും പാപങ്ങൾ ദൈവം എങ്ങനെ കൈകാര്യം ചെയ്‌തു, എന്തുകൊണ്ട്‌?

ഇസ്രായേൽ ജനതയോട്‌ യഹോവ ക്ഷമിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

യഹോവയുടെ ക്ഷമ ലഭിക്കാൻ നാം എന്തു ചെയ്യണം?

1, 2. (എ) ഇസ്രായേൽ ജനതയോട്‌ ദൈവം എങ്ങനെയാണ്‌ ഇടപെട്ടത്‌? (ബി) ഈ ലേഖനത്തിൽ ഏതു ചോദ്യത്തിന്‌ നാം ഉത്തരം കണ്ടെത്തും?

 നെഹെമ്യാവിന്റെ കാലത്ത്‌ ഒരുകൂട്ടം ലേവ്യർ, തങ്ങളുടെ പൂർവപിതാക്കന്മാർക്ക്‌ യഹോവയുടെ കൽപ്പനകൾ “അനുസരിപ്പാൻ മനസ്സില്ലാതിരുന്നു” എന്ന്‌ പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ പരസ്യമായി ഏറ്റുപറഞ്ഞു. അവർ ആവർത്തിച്ചു കുറ്റം ചെയ്‌തിട്ടും പിന്നെയും പിന്നെയും യഹോവ അവരോടു ക്ഷമിച്ചു. താൻ “ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവ”മാണെന്ന്‌ അങ്ങനെ യഹോവ തെളിയിച്ചു. ജനം പ്രവാസത്തിൽനിന്നു മടങ്ങിവന്ന ശേഷവും യഹോവ അവരോടു കൃപ കാണിച്ചുകൊണ്ടിരുന്നു.—നെഹെ. 9:16, 17.

2 നമുക്ക്‌ ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാനാകും: ‘ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും?’ പ്രധാനപ്പെട്ട ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ, യഹോവയുടെ ക്ഷമ ലഭിച്ച രണ്ടു രാജാക്കന്മാരോട്‌ അവൻ ഇടപെട്ട വിധം നമുക്കു പരിശോധിക്കാം. ദാവീദും മനശ്ശെയും ആണ്‌ അവർ.

ദാവീദിന്റെ കടുത്ത പാപങ്ങൾ

3-5. ദാവീദ്‌ കടുത്ത പാപം ചെയ്‌തത്‌ എങ്ങനെ?

3 ദാവീദ്‌ ദൈവഭയമുള്ള വ്യക്തിയായിരുന്നെങ്കിലും അവൻ ചില കടുത്ത പാപങ്ങൾ ചെയ്‌തു. ദമ്പതികളായ ഊരീയാവിനോടും ബത്ത്‌-ശേബയോടും ബന്ധപ്പെട്ടതാണ്‌ അവയിൽ രണ്ടെണ്ണം. ഉൾപ്പെട്ടവർക്കെല്ലാം അവ കടുത്ത വേദന വരുത്തിവെച്ചു. എന്നുവരികിലും, ദാവീദിനെ ദൈവം തിരുത്തിയ വിധത്തിൽനിന്ന്‌ യഹോവയുടെ ക്ഷമയെക്കുറിച്ച്‌ നമുക്കു വളരെയധികം പഠിക്കാനുണ്ട്‌. സംഭവിച്ചത്‌ എന്താണെന്നു നമുക്കു നോക്കാം.

4 അമ്മോന്യരുടെ തലസ്ഥാനമായ “രബ്ബാപട്ടണം” പിടിച്ചടക്കാൻ ദാവീദ്‌ ഇസ്രായേൽ സൈന്യത്തെ അയച്ചു. യെരുശലേമിൽനിന്ന്‌ ഏകദേശം 80 കിലോമീറ്റർ കിഴക്കുമാറി യോർദാൻനദിക്ക്‌ അക്കരെയായിരുന്നു ആ പട്ടണം. ഈ സമയത്ത്‌ യെരുശലേമിലായിരുന്ന ദാവീദ്‌ തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്നു നോക്കിയപ്പോൾ ഒരു സ്‌ത്രീ കുളിക്കുന്നതു കണ്ടു. ബത്ത്‌-ശേബയായിരുന്നു അത്‌. അവളുടെ ഭർത്താവ്‌ അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അവളെ കണ്ടു മോഹിച്ച ദാവീദ്‌ ആളയച്ച്‌ അവളെ കൊട്ടാരത്തിൽ വരുത്തി; അവളുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു.—2 ശമൂ. 11:1-4.

5 ബത്ത്‌-ശേബ ഗർഭിണിയാണെന്ന്‌ അറിഞ്ഞപ്പോൾ ദാവീദ്‌ അവളുടെ ഭർത്താവായ ഊരീയാവിനെ യെരുശലേമിലേക്കു വിളിപ്പിച്ചു; അവൻ ബത്ത്‌-ശേബയുമായി ലൈംഗികബന്ധത്തിലേർപ്പെടും എന്ന പ്രതീക്ഷയിലാണ്‌ ദാവീദ്‌ ഇതു ചെയ്‌തത്‌. പക്ഷേ, ദാവീദ്‌ ഏറെ നിർബന്ധിച്ചിട്ടും ഊരീയാവ്‌ വീട്ടിൽപോകാൻപോലും കൂട്ടാക്കിയില്ല. അപ്പോൾ അവൻ ഒരു ഉപായം പ്രയോഗിച്ചു. “പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ” നിറുത്താനും മറ്റു പടയാളികൾ അവനെ വിട്ടു പിന്മാറാനും ആവശ്യപ്പെട്ടുകൊണ്ട്‌ ദാവീദ്‌ പടനായകന്‌ ഒരു രഹസ്യസന്ദേശം കൊടുത്തയച്ചു. ആ ഉപായം ഫലിച്ചു. ദാവീദ്‌ ഉദ്ദേശിച്ചതുപോലെ ഊരീയാവ്‌ പടയിൽ കൊല്ലപ്പെട്ടു. (2 ശമൂ. 11:12-17) അങ്ങനെ വ്യഭിചാരം എന്ന പാപത്തോടൊപ്പം നിർദോഷിയായ ഒരു മനുഷ്യന്റെ കൊലപാതകത്തിനും ദാവീദ്‌ ഉത്തരവാദിയായി.

ദാവീദിന്റെ മനസ്‌താപം

6. ദാവീദ്‌ പാപം ചെയ്‌തപ്പോൾ ദൈവം എങ്ങനെയാണു പ്രതികരിച്ചത്‌, ഇത്‌ യഹോവയെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

6 സംഭവിച്ചതെല്ലാം പക്ഷേ യഹോവ കാണുന്നുണ്ടായിരുന്നു. ഒന്നും അവന്റെ ശ്രദ്ധയിൽപ്പെടാതെ പോകില്ല. (സദൃ. 15:3) ദാവീദ്‌ പിന്നീട്‌ ബത്ത്‌-ശേബയെ വിവാഹം കഴിച്ചെങ്കിലും അവൻ “ചെയ്‌തതു യഹോവെക്കു അനിഷ്ടമായിരുന്നു.” (2 ശമൂ. 11:27) യഹോവ എന്തു ചെയ്‌തു? അവൻ തന്റെ പ്രവാചകനായ നാഥാനെ ദാവീദിന്റെ അടുക്കലേക്ക്‌ അയച്ചു. ക്ഷമിക്കാൻ മനസ്സുള്ള ദൈവമായതിനാൽ, ദാവീദിനോടു കരുണകാണിക്കാനുള്ള ഒരു അടിസ്ഥാനം കണ്ടെത്താൻ അവൻ ആഗ്രഹിച്ചിരിക്കണം. യഹോവയുടെ ഈ മനഃസ്ഥിതി നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്നില്ലേ? നിർബന്ധിച്ചു കുറ്റം സമ്മതിപ്പിക്കാൻ യഹോവ ശ്രമിച്ചില്ല; പകരം, ചെയ്‌ത പാപങ്ങളുടെ കാഠിന്യം മനസ്സിലാക്കാൻ ഉതകുന്ന ഒരു കഥ നാഥാൻ ദാവീദിന്റെ മുമ്പിൽ അവതരിപ്പിച്ചു. (2 ശമൂവേൽ 12:1-4 വായിക്കുക.) വളരെ കരുതലോടെ ഇടപെടേണ്ട ആ സാഹചര്യം എത്ര നന്നായാണ്‌ ദൈവം കൈകാര്യം ചെയ്‌തത്‌!

7. നാഥാൻ പറഞ്ഞ കഥ കേട്ടപ്പോൾ ദാവീദിന്റെ പ്രതികരണം എങ്ങനെയായിരുന്നു?

7 നാഥാൻ പറഞ്ഞ കഥ കേട്ടതും ദാവീദിന്റെ നീതിബോധം ഉണർന്നു! കഥയിലെ ധനികന്റെ നേരെ അവന്റെ കോപം ജ്വലിച്ചു. അവൻ നാഥാനോടു പറഞ്ഞു: “യഹോവയാണ, ഇതു ചെയ്‌തവൻ മരണയോഗ്യൻ.” അനീതിക്കിരയായ വ്യക്തിക്ക്‌ നഷ്ടപരിഹാരം നൽകണമെന്നും ദാവീദു കൽപ്പിച്ചു. അപ്പോഴതാ ഇടിത്തീപോലെ നാഥാന്റെ വാക്കുകൾ: “ആ മനുഷ്യൻ നീ തന്നേ!” ദാവീദിന്റെ ചെയ്‌തികളുടെ തിക്തഫലമെന്നോണം “വാൾ” അവന്റെ “ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല” എന്നും അവന്റെ കുടുംബത്തിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകും എന്നും നാഥാൻ അറിയിച്ചു. ദാവീദ്‌ പരസ്യമായി അവഹേളിക്കപ്പെടുമെന്നും നാഥാൻ പറഞ്ഞു. തന്റെ തെറ്റിന്റെ ഗൗരവം മനസ്സിലാക്കിയ ദാവീദ്‌ മനസ്‌തപിച്ചുകൊണ്ട്‌, “ഞാൻ യഹോവയോടു പാപം ചെയ്‌തിരിക്കുന്നു” എന്നു സമ്മതിച്ചു.—2 ശമൂ. 12:5-14.

ദാവീദ്‌ പ്രാർഥിക്കുന്നു, ദൈവം ക്ഷമിക്കുന്നു

8, 9. ദാവീദിന്റെ ഉള്ളിലെ വിചാരങ്ങൾ 51-ാം സങ്കീർത്തനം വെളിപ്പെടുത്തുന്നത്‌ എങ്ങനെ, യഹോവയെക്കുറിച്ച്‌ അതിൽനിന്ന്‌ എന്തു പഠിക്കാം?

8 ഈ സംഭവത്തിനുശേഷം ദാവീദ്‌ രചിച്ച 51-ാം സങ്കീർത്തനത്തിൽ അവന്റെ ഹൃദയംഗമമായ മനസ്‌താപം തെളിഞ്ഞുകാണാം. യഹോവയോടുള്ള ദാവീദിന്റെ ഉള്ളുരുകിയുള്ള യാചനകൾ അതിൽ അടങ്ങിയിട്ടുണ്ട്‌; അവൻ തന്റെ തെറ്റുകൾ കേവലം സമ്മതിക്കുക മാത്രമല്ല അവയെക്കുറിച്ച്‌ അനുതപിക്കുകയും ചെയ്‌തു എന്ന്‌ അതിലെ വാക്കുകൾ സൂചിപ്പിക്കുന്നു. ദൈവവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചായിരുന്നു ദാവീദ്‌ മുഖ്യമായും ചിന്തിച്ചത്‌. “നിന്നോടു തന്നേ ഞാൻ പാപം ചെയ്‌തു” എന്ന്‌ അവൻ പറഞ്ഞു. അവൻ യഹോവയോട്‌ ഇങ്ങനെ യാചിച്ചു: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. . . . നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.” (സങ്കീ. 51:1-4, 7-12) സ്വന്തം പിഴവുകളെക്കുറിച്ച്‌ ഇതേ ആത്മാർഥതയോടെ നിങ്ങൾ യഹോവയോടു തുറന്നു സംസാരിക്കാറുണ്ടോ?

9 ദാവീദിന്റെ പാപങ്ങളുടെ ദാരുണഫലങ്ങൾ യഹോവ നീക്കിയില്ല; ശിഷ്ടകാലമെല്ലാം അവ അവനെ പിന്തുടർന്നു. എന്നിരുന്നാലും, ‘തകർന്നു നുറുങ്ങിയ ഹൃദയത്തോടെയുള്ള’ ദാവീദിന്റെ മനസ്‌താപം കണക്കിലെടുത്ത്‌ യഹോവ അവനോടു ക്ഷമിച്ചു. (സങ്കീർത്തനം 32:5 വായിക്കുക; സങ്കീ. 51:17) പാപം ചെയ്യാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത്‌ എന്താണെന്നും അതിന്റെ പിന്നിലെ വികാരങ്ങളും സർവശക്തനായ ദൈവം മനസ്സിലാക്കുന്നു. മോശൈക ന്യായപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ മാനുഷന്യായാധിപന്മാർ ആ വ്യഭിചാരികളെ വിധിച്ചിരുന്നെങ്കിൽ അവർക്കു മരണശിക്ഷ ലഭിക്കുമായിരുന്നു. എന്നാൽ അതിന്‌ അനുവദിക്കാതെ ദാവീദിന്റെയും ബത്ത്‌-ശേബയുടെയും കാര്യത്തിൽ കരുണാപൂർവം യഹോവതന്നെ ഇടപെട്ടു. (ലേവ്യ. 20:10) അവരുടെ മകൻ ശലോമോനെ ദൈവം ഇസ്രായേലിനു രാജാവാക്കുകപോലും ചെയ്‌തു.—1 ദിന. 22:9, 10.

10. (എ) ദാവീദിനോടു ക്ഷമിക്കാൻ യഹോവയ്‌ക്ക്‌ മറ്റെന്തു കാരണമുണ്ടായിരുന്നിരിക്കാം? (ബി) ക്ഷമിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഏവയാണ്‌?

10 യഹോവ ദാവീദിനോടു ക്ഷമിച്ചത്‌ ദാവീദ്‌ ശൗലിനോടു കരുണകാണിച്ചു എന്ന കാരണംകൊണ്ടുമാകാം. (1 ശമൂ. 24:4-7) നാം മറ്റുള്ളവരോടു പെരുമാറുന്നതുപോലെയായിരിക്കും യഹോവ നമ്മോടു പെരുമാറുകയെന്ന്‌ യേശു പറയുകയുണ്ടായി: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്‌ വിധിക്കാതിരിക്കുക; എന്തെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും.” (മത്താ. 7:1, 2) വ്യഭിചാരമോ കൊലപാതകമോ പോലുള്ള കൊടിയ പാപങ്ങൾപോലും യഹോവ ക്ഷമിക്കുമെന്ന്‌ അറിയുന്നത്‌ എത്ര ആശ്വാസമാണ്‌! എന്നാൽ അവൻ നമ്മോടു ക്ഷമിക്കണമെങ്കിൽ നാം ക്ഷമിച്ചുകൊടുക്കാൻ മനസ്സുള്ളവരായിരിക്കുകയും അവന്റെ മുമ്പാകെ നമ്മുടെ തെറ്റുകൾ ഏറ്റുപറയുകയും ദുഷ്‌ചെയ്‌തികളെക്കുറിച്ചുള്ള നമ്മുടെ മനോഭാവത്തിനു മാറ്റം വരുത്തുകയും വേണം. പാപം ചെയ്‌തവർ ആത്മാർഥമായി അനുതപിക്കുന്നെങ്കിൽ “യഹോവയിൽനിന്ന്‌ ഉന്മേഷകാലങ്ങൾ” വന്നെത്തും.—പ്രവൃത്തികൾ 3:19 വായിക്കുക.

കൊടിയ പാപങ്ങൾ ചെയ്‌ത മനശ്ശെ അനുതപിക്കുന്നു

11. മനശ്ശെ ദൈവദൃഷ്ടിയിൽ മോശമായത്‌ പ്രവർത്തിച്ചത്‌ എങ്ങനെ?

11 ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കം എത്ര ഉദാരമാണെന്ന്‌ എടുത്തുകാട്ടുന്ന മറ്റൊരു തിരുവെഴുത്തു വിവരണം നോക്കാം. ദാവീദ്‌ ഭരണം ആരംഭിച്ച്‌ ഏതാണ്ട്‌ 360 വർഷങ്ങൾക്കു ശേഷം മനശ്ശെ യെഹൂദയുടെ രാജാവായി. 55 വർഷത്തെ അവന്റെ ഭരണകാലം ദുഷ്‌ചെയ്‌തികൾക്കു കുപ്രസിദ്ധമായിരുന്നു. അവൻ ചെയ്‌ത മ്ലേച്ഛകാര്യങ്ങൾ നിമിത്തം യഹോവയുടെ കോപം ജ്വലിച്ചു. മറ്റു ദുഷ്‌ചെയ്‌തികൾക്കൊപ്പം അവൻ ബാലിനു യാഗപീഠങ്ങൾ പണിയുകയും “ആകാശത്തിലെ സർവ്വസൈന്യത്തെയും” ആരാധിക്കുകയും സ്വന്തം പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കുകയും ഭൂതവിദ്യ ആചരിക്കുകയും ചെയ്‌തു. അവൻ “യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്‌തു.”—2 ദിന. 33:1-6.

12. മനശ്ശെ യഹോവയിങ്കലേക്കു മടങ്ങിവന്നത്‌ എങ്ങനെ?

12 കാലാന്തരത്തിൽ, ശത്രുക്കൾ മനശ്ശെയെ പിടിച്ചുകൊണ്ടുപോയി ബാബിലോണിൽ തടവിലാക്കി. അപ്പോൾ, മോശെ ഇസ്രായേല്യരോടു പറഞ്ഞ ഈ വാക്കുകൾ അവൻ ഓർത്തിട്ടുണ്ടാകണം: “നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.” (ആവ. 4:30) മനശ്ശെ യഹോവയിങ്കലേക്കു മടങ്ങിവന്നു. എങ്ങനെ? അവൻ “തന്നെത്താൻ ഏറ്റവും താഴ്‌ത്തി” ഇടവിടാതെ ദൈവത്തോടു “പ്രാർത്ഥിച്ചു.” (21-ാം പേജിലെ ചിത്രം കാണുക.) (2 ദിന. 33:12, 13) ആ പ്രാർഥനകളിൽ മനശ്ശെ ഉപയോഗിച്ച വാക്കുകൾ കൃത്യമായി നമുക്ക്‌ അറിയില്ല. പക്ഷേ 51-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾക്കു സമാനമായിരിക്കാം അവ. ഏതായാലും മനശ്ശെയുടെ മനസ്സിന്‌ സമൂലപരിവർത്തനം സംഭവിച്ചു.

13. യഹോവ മനശ്ശെയോട്‌ ക്ഷമിച്ചത്‌ എന്തുകൊണ്ട്‌?

13 മനശ്ശെയുടെ പ്രാർഥനയോട്‌ യഹോവ എങ്ങനെ പ്രതികരിച്ചു? “അവൻ അവന്റെ (മനശ്ശെയുടെ) പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു.” തന്റെ മുൻഗാമിയായ ദാവീദിനെപ്പോലെ മനശ്ശെ തന്റെ പാപങ്ങളുടെ ഗൗരവം മനസ്സിലാക്കി ആത്മാർഥമായി അനുതപിച്ചു. അതുകൊണ്ടാണ്‌ ദൈവം മനശ്ശെയോടു ക്ഷമിക്കുകയും യെരുശലേമിലെ രാജസ്ഥാനത്ത്‌ അവനെ മടക്കിക്കൊണ്ടുവരികയും ചെയ്‌തത്‌. അങ്ങനെ, “യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.” (2 ദിന. 33:13) ഹൃദയംഗമമായി പശ്ചാത്തപിക്കുന്നവരോട്‌ കരുണാമയനായ നമ്മുടെ ദൈവം ക്ഷമിക്കും എന്നതിന്റെ മറ്റൊരു തെളിവായ ഈ അനുഭവം നമുക്ക്‌ എത്ര ആശ്വാസംപകരുന്നു!

യഹോവയുടെ ക്ഷമയ്‌ക്കു പരിധിയുണ്ടോ?

14. പാപികളോടു ക്ഷമിക്കണമോ വേണ്ടയോ എന്ന്‌ യഹോവ തീരുമാനിക്കുന്നത്‌ എങ്ങനെ?

14 ദാവീദിന്റെയും മനശ്ശെയുടെയും പോലുള്ള ഗുരുതരമായ തെറ്റുകൾക്ക്‌ ക്ഷമചോദിക്കേണ്ടിവരുന്ന ദൈവദാസന്മാർ ഇന്നു ചുരുക്കമാണ്‌. എന്നാൽ ആ രണ്ടു രാജാക്കന്മാരോടും യഹോവ ക്ഷമിച്ചു എന്ന വസ്‌തുത, ആത്മാർഥമായി അനുതപിക്കുന്നെങ്കിൽ എത്ര കടുത്തപാപങ്ങളും ക്ഷമിച്ചുതരാൻ ദൈവം സന്നദ്ധനാണെന്ന്‌ നമ്മെ പഠിപ്പിക്കുന്നു.

15. യഹോവ വെറുതെ ക്ഷമിക്കുകയില്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

15 എല്ലാവരുടെയും പാപങ്ങൾ ദൈവം വെറുതെയങ്ങു ക്ഷമിക്കും എന്നു കരുതാനാകില്ല. ഇതു മനസ്സിലാക്കാൻ ദാവീദിന്റെയും മനശ്ശെയുടെയും മനോഭാവം ഇസ്രായേലിലെയും യെഹൂദയിലെയും വഴിപിഴച്ച ജനതയുടെ മനോഭാവവുമായി നമുക്കൊന്ന്‌ താരതമ്യം ചെയ്യാം. അനുതപിക്കാൻ അവസരം നൽകുക എന്ന ഉദ്ദേശ്യത്തിൽ ദാവീദിന്റെ അടുത്തേക്ക്‌ ദൈവം നാഥാനെ അയച്ചു; ദാവീദ്‌ ആ അവസരം നന്ദിപൂർവം വിനിയോഗിച്ചു. ‘ക്ലേശത്തിലായപ്പോൾ’ മനശ്ശെയും ഹൃദയംഗമമായി അനുതപിച്ചു. പക്ഷേ ഇസ്രായേലിലെയും യെഹൂദയിലെയും നിവാസികൾ പലപ്പോഴും മനസ്‌താപം കാണിച്ചില്ല; അതുകൊണ്ട്‌ ദൈവം അവരോടു ക്ഷമിച്ചതുമില്ല. എന്നാൽ, അനുസരണക്കേടിനെ താൻ എങ്ങനെയാണു വീക്ഷിക്കുന്നതെന്ന്‌ പ്രവാചകന്മാരിലൂടെ ദൈവം അവർക്ക്‌ ആവർത്തിച്ചു മുന്നറിയിപ്പുനൽകി. (നെഹെമ്യാവു 9:30 വായിക്കുക.) a ബാബിലോണിൽനിന്നു പ്രവാസികൾ സ്വദേശത്തേക്കു മടങ്ങിവന്ന ശേഷവും യഹോവ എസ്രാ പുരോഹിതനെയും മലാഖി പ്രവാചകനെയും പോലുള്ള വിശ്വസ്‌ത ദൈവദാസന്മാരെ തന്റെ സന്ദേശവാഹകരായി നിയോഗിച്ചു. യഹോവയുടെ ഹിതപ്രകാരം ആ ജനം പ്രവർത്തിച്ചപ്പോൾ അവർക്കു വലിയ സന്തോഷം ഉണ്ടായി.—നെഹെ. 12:43-47.

16. (എ) അനുതപിക്കാഞ്ഞതിനാൽ ഒരു ജനതയെന്ന നിലയിൽ ഇസ്രായേല്യർക്ക്‌ എന്തു സംഭവിച്ചു? (ബി) പുരാതന ഇസ്രായേല്യരുടെ പിന്മുറക്കാരായ വ്യക്തികൾക്ക്‌ എന്തിനുള്ള അവസരമുണ്ട്‌?

16 യേശുവിനെ ഭൂമിയിലേക്ക്‌ അയയ്‌ക്കുകയും പൂർണതയുള്ള ഒരു യാഗം മറുവിലയായി നൽകപ്പെടുകയും ചെയ്‌തതോടെ യഹോവ ഇസ്രായേല്യരുടെ മൃഗബലികൾ സ്വീകരിക്കാതെയായി. (1 യോഹ. 4:9, 10) ഭൂമിയിലായിരുന്നപ്പോൾ യേശു തന്റെ പിതാവിന്റെ വീക്ഷണം പ്രതിഫലിപ്പിച്ചുകൊണ്ട്‌ വികാരാർദ്രമായ ഈ പ്രസ്‌താവന നടത്തി: “യെരുശലേമേ, യെരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും തന്റെ അടുക്കലേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തുകൊള്ളാൻ എനിക്ക്‌ എത്രവട്ടം മനസ്സായിരുന്നു! പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല.” അതുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഈ ഭവനം ഉപേക്ഷിക്കപ്പെട്ടതായി നിങ്ങൾക്കു മുമ്പിൽ ശേഷിക്കുന്നു!” (മത്താ. 23:37, 38) അങ്ങനെ പാപികളും മനസ്‌താപമില്ലാത്തവരും ആയ ആ ജനതയ്‌ക്കു പകരം ആത്മീയ ഇസ്രായേൽ നിലവിൽവന്നു. (മത്താ. 21:43; ഗലാ. 6:16) എന്നാൽ സ്വാഭാവിക ഇസ്രായേലിൽപ്പെട്ട വ്യക്തികളുടെ കാര്യമോ? ദൈവത്തിലും യേശുക്രിസ്‌തുവിന്റെ ബലിയിലും വിശ്വാസം അർപ്പിക്കുന്നപക്ഷം അവർക്ക്‌ യഹോവയുടെ ക്ഷമയും കരുണയും അനുഭവിക്കാനാകും. തങ്ങളുടെ പാപങ്ങളെക്കുറിച്ച്‌ അനുതപിക്കാതെ മരിച്ചുപോയ, എന്നാൽ ഭൂമിയിൽ പുനരുത്ഥാനം പ്രാപിച്ചുവരുന്ന ആളുകൾക്ക്‌ അതിനുള്ള അവസരം ലഭിക്കും.—യോഹ. 5:28, 29; പ്രവൃ. 24:15.

യഹോവയുടെ ക്ഷമയിൽനിന്നു പ്രയോജനം നേടുക

17, 18. യഹോവ നമ്മോടു ക്ഷമിക്കണമെങ്കിൽ നാം എന്തു ചെയ്യണം?

17 ക്ഷമിക്കാൻ യഹോവയ്‌ക്കു മനസ്സുണ്ടെന്നിരിക്കെ നാം എന്താണു ചെയ്യേണ്ടത്‌? ദാവീദിന്റെയും മനശ്ശെയുടെയും മനോഭാവം നാം അനുകരിക്കണം. നമ്മുടെ പാപാവസ്ഥ തിരിച്ചറിഞ്ഞ്‌ തെറ്റുകളെക്കുറിച്ച്‌ അനുതപിക്കുകയും ക്ഷമയ്‌ക്കായി യഹോവയോടു ഹൃദയംതുറന്നു പ്രാർഥിക്കുകയും നിർമലമായൊരു ഹൃദയം നമ്മിൽ സൃഷ്ടിക്കാൻ അവനോടു യാചിക്കുകയും വേണം. (സങ്കീ. 51:10) നാം ഗുരുതരമായ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ മൂപ്പന്മാരിൽനിന്നുള്ള ആത്മീയസഹായവും തേടേണ്ടതുണ്ട്‌. (യാക്കോ. 5:14, 15) നമ്മുടെ പാപങ്ങൾ എത്ര കടുത്തതായിരുന്നാലും യഹോവ മോശയോടു തന്നെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നത്‌ ആശ്വാസമാണ്‌: “യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ.” യഹോവയ്‌ക്ക്‌ ഇന്നും മാറ്റമില്ല!—പുറ. 34:6, 7.

18 അനുതാപമുള്ള ഇസ്രായേല്യരുടെ ‘കടുഞ്ചുവപ്പായ’ പാപക്കറകൾപോലും ‘ഹിമംപോലെ വെളുപ്പിക്കും’ എന്ന്‌ യഹോവ ഉറപ്പുനൽകി. (യെശയ്യാവു 1:18 വായിക്കുക.) അങ്ങനെയെങ്കിൽ യഹോവയുടെ ക്ഷമ ലഭിക്കാൻ നാം എന്തു ചെയ്യണം? ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കത്തെപ്രതി നന്ദിയുള്ളവരായിരിക്കുകയും അനുതപിക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ പാപങ്ങളും തെറ്റുകളും ദൈവം പൂർണമായി ക്ഷമിക്കും.

19. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

19 മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ, ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കം നമുക്ക്‌ എങ്ങനെ അനുകരിക്കാം? ഗുരുതരമായ പാപം ചെയ്‌തെങ്കിലും ആത്മാർഥമായി അനുതപിക്കുന്നവരോടു ക്ഷമിക്കാതിരിക്കാനുള്ള പ്രവണത നമുക്ക്‌ എങ്ങനെ ഒഴിവാക്കാം? “നല്ലവനും ക്ഷമിക്കുന്നവനും” ആയ നമ്മുടെ പിതാവിനെ കൂടുതൽ മെച്ചമായി അനുകരിക്കുകയെന്ന ലക്ഷ്യത്തിൽ നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാൻ അടുത്ത ലേഖനം സഹായിക്കും.—സങ്കീ. 86:5.

[അടിക്കുറിപ്പ്‌]

a നെഹെമ്യാവു 9:30 (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം): “ഏറെ വർഷങ്ങൾ അങ്ങ്‌ അവരോട്‌ സഹിഷ്‌ണുത കാട്ടി, അങ്ങയുടെ ആത്മാവിനാൽ അവിടുത്തെ പ്രവാചകന്മാരിലൂടെ അവർക്കു മുന്നറിയിപ്പു നല്‌കി: എന്നിട്ടും അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട്‌ അങ്ങ്‌ അവരെ ദേശത്തെ ജനതകളുടെ കയ്യിൽ ഏൽപ്പിച്ചു.”

[അധ്യയന ചോദ്യങ്ങൾ]

[24-ാം പേജിലെ ചിത്രം]

യഹോവ ക്ഷമിച്ചതിനാൽ മനശ്ശെയ്‌ക്ക്‌ യെരുശലേമിലെ രാജത്വം തിരിച്ചുകിട്ടി