വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തീയ മൂപ്പന്മാർ​—‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാർ’

ക്രിസ്‌തീയ മൂപ്പന്മാർ​—‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാർ’

“ഞങ്ങൾ . . . നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്‌.” —2 കൊരി. 1:24.

1. കൊരിന്തിലെ ക്രിസ്‌ത്യാനികളെപ്രതി പൗലോസ്‌ സന്തോഷിച്ചതിന്റെ കാരണം എന്താണ്‌?

 വർഷം എ.ഡി. 55. പൗലോസ്‌ അപ്പൊസ്‌തലൻ തുറമുഖപട്ടണമായ ത്രോവാസിലായിരുന്നു. എങ്കിലും കൊരിന്തിലുള്ളവരെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ അവനായില്ല. കാരണം, ആ വർഷാരംഭത്തിലാണ്‌ അവിടെയുള്ള സഹോദരങ്ങൾക്കിടയിൽ വഴക്കുണ്ടായത്‌; ആ വാർത്ത പൗലോസിനെ അത്യധികം വേദനിപ്പിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ട്‌ പിതൃനിർവിശേഷമായ വാത്സല്യത്തോടെ അവരെ തിരുത്തുന്നതിനായി അവൻ ഒരു കത്തയച്ചു. (1 കൊരി. 1:11; 4:15) കൂടാതെ, അവൻ തന്റെ കൂട്ടാളിയായ തീത്തൊസിനെ അങ്ങോട്ട്‌ അയയ്‌ക്കുകയും അവിടത്തെ കാര്യങ്ങൾ ത്രോവാസിൽ വന്ന്‌ തന്നെ അറിയിക്കാൻ ക്രമീകരിക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ കൊരിന്തിൽനിന്നുള്ള വിശേഷങ്ങൾ അറിയാൻ പൗലോസ്‌ ത്രോവാസിൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. പക്ഷേ, തീത്തൊസ്‌ അവിടെ എത്തിച്ചേർന്നില്ല. നിരാശനായ പൗലോസ്‌ ഇപ്പോൾ എന്തു ചെയ്യും? അവൻ മാസിഡോണിയയിലേക്കു കപ്പൽകയറി. സന്തോഷകരമെന്നു പറയട്ടെ, അവിടെവെച്ച്‌ അവരിരുവരും കണ്ടുമുട്ടി. പൗലോസിന്റെ കത്തിനോട്‌ കൊരിന്തിലുള്ളവർ നന്നായി പ്രതികരിച്ചെന്നും അവിടെയുള്ളവർ അവനെ കാണാൻ അതിയായി വാഞ്‌ഛിക്കുന്നെന്നും തീത്തൊസ്‌ പൗലോസിനോടു പറഞ്ഞു. ഈ ശുഭവാർത്ത കേട്ട്‌ പൗലോസ്‌ “അത്യധികം സന്തോഷിച്ചു.”—2 കൊരി. 2:12, 13; 7:5-9.

2. (എ) വിശ്വാസത്തെയും സന്തോഷത്തെയും കുറിച്ച്‌ പൗലോസ്‌ കൊരിന്ത്യർക്ക്‌ എന്ത്‌ എഴുതി? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം പരിചിന്തിക്കും?

2 അതിനു ശേഷം അധികം താമസിയാതെ, കൊരിന്ത്യർക്ക്‌ പൗലോസ്‌ രണ്ടാമതും കത്തെഴുതി. അവൻ അതിൽ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിന്മേൽ ആധിപത്യം പുലർത്തുന്നവരല്ല; നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്‌; നിങ്ങൾ ഉറച്ചുനിൽക്കുന്നത്‌ നിങ്ങളുടെ വിശ്വാസത്താൽത്തന്നെയല്ലോ.” (2 കൊരി. 1:24) പൗലോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌? ഇന്നുള്ള ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാനാകും?

നമ്മുടെ വിശ്വാസവും സന്തോഷവും

3. (എ) “നിങ്ങൾ ഉറച്ചുനിൽക്കുന്നത്‌ നിങ്ങളുടെ വിശ്വാസത്താൽത്തന്നെയല്ലോ” എന്നു പറഞ്ഞപ്പോൾ പൗലോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌? (ബി) ഇന്നത്തെ മൂപ്പന്മാർ പൗലോസിന്റെ മാതൃക അനുകരിക്കുന്നത്‌ എങ്ങനെ?

3 നമ്മുടെ ആരാധനയുടെ രണ്ടു സുപ്രധാനവശങ്ങളായ വിശ്വാസത്തെയും സന്തോഷത്തെയും കുറിച്ച്‌ പൗലോസ്‌ പരാമർശിച്ചു. വിശ്വാസത്തെക്കുറിച്ച്‌ അവൻ ഇങ്ങനെ എഴുതി: “ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിന്മേൽ ആധിപത്യം പുലർത്തുന്നവരല്ല; . . . നിങ്ങൾ ഉറച്ചുനിൽക്കുന്നത്‌ നിങ്ങളുടെ വിശ്വാസത്താൽത്തന്നെയല്ലോ.” കൊരിന്തിലെ ക്രിസ്‌ത്യാനികളെ ഉറച്ചുനിൽക്കാൻ സഹായിച്ചത്‌ താനോ മറ്റാരെങ്കിലുമോ അല്ല, ദൈവത്തിലുള്ള അവരുടെ സ്വന്തം വിശ്വാസമാണെന്ന്‌ സമ്മതിച്ചുപറയുകയായിരുന്നു പൗലോസ്‌. അതുകൊണ്ട്‌, സഹോദരങ്ങളുടെ വിശ്വാസത്തെ ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കണമെന്ന്‌ പൗലോസിന്‌ തോന്നിയില്ല; അതിനുള്ള ആഗ്രഹവും അവനില്ലായിരുന്നു. അവർ വിശ്വസ്‌തരായ ക്രിസ്‌ത്യാനികളാണെന്നും ശരിയായത്‌ ചെയ്യാൻ ആഗ്രഹിക്കുന്നവരാണെന്നും അവന്‌ ഉറപ്പുണ്ടായിരുന്നു. (2 കൊരി. 2:3) സമാനമായി, ഇന്നത്തെ മൂപ്പന്മാരും സഹോദരങ്ങളുടെ വിശ്വാസത്തെയും ദൈവത്തെ സേവിക്കുന്നതിലെ അവരുടെ ആന്തരത്തെയും സംബന്ധിച്ച്‌ ‘ഉറപ്പുള്ളവരായിരുന്നുകൊണ്ട്‌’ പൗലോസിനെ അനുകരിക്കുന്നു. (2 തെസ്സ. 3:4) മൂപ്പന്മാർ സഭയ്‌ക്കുവേണ്ടി കർക്കശമായ നിയമങ്ങൾ ഉണ്ടാക്കാതെ, തിരുവെഴുത്തുതത്ത്വങ്ങളിലും യഹോവയുടെ സംഘടന നൽകുന്ന നിർദേശങ്ങളിലും ആശ്രയിക്കുന്നു. ഇക്കാലത്തെ മൂപ്പന്മാരും തങ്ങളുടെ സഹോദരന്മാരുടെ വിശ്വാസത്തിന്മേൽ ആധിപത്യം പുലർത്തേണ്ടവരല്ലല്ലോ.—1 പത്രോ. 5:2, 3.

4. (എ) “ഞങ്ങൾ . . . നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്‌” എന്നു പറഞ്ഞപ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാക്കിയത്‌? (ബി) മൂപ്പന്മാർ ഇന്ന്‌ പൗലോസിന്റെ മനോഭാവം അനുകരിക്കുന്നത്‌ എങ്ങനെ?

4 “ഞങ്ങൾ . . . നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്‌” എന്നും പൗലോസ്‌ പറയുകയുണ്ടായി. ‘ഞങ്ങൾ’ എന്നു പറഞ്ഞപ്പോൾ തന്നെയും തന്റെ അടുത്ത സഹകാരികളെയും ആണ്‌ അവൻ ഉദ്ദേശിച്ചത്‌. അത്‌ നമുക്ക്‌ എങ്ങനെ അറിയാം? അതേ കത്തിൽ, “ഞാനും സില്വാനൊസും തിമൊഥെയൊസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ ക്രിസ്‌തുയേശു” എന്ന്‌ പറഞ്ഞുകൊണ്ട്‌ ഈ സഹകാരികളിൽ രണ്ടുപേരെക്കുറിച്ച്‌ പൗലോസ്‌ കൊരിന്ത്യരെ ഓർമിപ്പിക്കുകയുണ്ടായി. (2 കൊരി. 1:19) മാത്രമല്ല, ‘കൂട്ടുവേലക്കാർ’ എന്ന പ്രയോഗം തന്റെ ലേഖനങ്ങളിൽ പൗലോസ്‌ ഉപയോഗിച്ചപ്പോഴെല്ലാം അപ്പൊല്ലോസ്‌, അക്വിലാ, പ്രിസ്‌ക, തിമൊഥെയൊസ്‌, തീത്തൊസ്‌ തുടങ്ങി തന്റെ അടുത്ത സഹകാരികളായ പലരെയുംകുറിച്ച്‌ അവൻ പരാമർശിച്ചിട്ടുമുണ്ട്‌. (റോമ. 16:3, 21; 1 കൊരി. 3:6-9; 2 കൊരി. 8:23) അങ്ങനെ, “ഞങ്ങൾ . . . നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്‌” എന്ന്‌ കൊരിന്ത്യരോടു പറയുകവഴി, സഭയിലുള്ള എല്ലാ അംഗങ്ങളുടെയും സന്തോഷം വർധിപ്പിക്കുന്നതിന്‌ താനും തന്റെ സഹകാരികളും തങ്ങളാൽ ആവുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന്‌ ഉറപ്പു കൊടുക്കുകയായിരുന്നു പൗലോസ്‌. ഇന്ന്‌ ക്രിസ്‌തീയ മൂപ്പന്മാർക്കും സമാനമായ ആഗ്രഹമാണുള്ളത്‌. ‘സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിന്‌’ സഹോദരങ്ങളെ സഹായിക്കാൻ തങ്ങളാലാകുന്നതെല്ലാം ചെയ്യാൻ അവർ ആഗ്രഹിക്കുന്നു.—സങ്കീ. 100:2; ഫിലി. 1:25.

5. ഏതു ചോദ്യത്തിനുള്ള ഉത്തരം നാം പരിചിന്തിക്കും, നാം എന്തിനെക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ട്‌?

5 ഈ അടുത്തകാലത്ത്‌, ലോകത്തിന്റെ വ്യത്യസ്‌തഭാഗങ്ങളിൽനിന്നുള്ള ഒരുകൂട്ടം സഹോദരീസഹോദരന്മാർക്ക്‌ ഒരു ചോദ്യത്തിന്‌ ഉത്തരം നൽകാനുള്ള ക്ഷണം ലഭിക്കുകയുണ്ടായി. “ഒരു മൂപ്പന്റെ ഏത്‌ വാക്കുകളും പ്രവർത്തനങ്ങളും ആണ്‌ നിങ്ങൾക്ക്‌ ഏറെ സന്തോഷം നൽകിയത്‌?” എന്നതായിരുന്നു ചോദ്യം. ആ സഹവിശ്വാസികളുടെ അഭിപ്രായങ്ങൾ പരിചിന്തിക്കവെ, പ്രസ്‌തുത ചോദ്യത്തിന്‌ നിങ്ങൾ എങ്ങനെ ഉത്തരം നൽകുമെന്ന്‌ ചിന്തിക്കുക. കൂടാതെ, നമ്മുടെ പ്രാദേശിക സഭയിൽ സന്തോഷമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്ക്‌ ഓരോരുത്തർക്കും എന്തു ചെയ്യാനാകുമെന്നും ആലോചിക്കുക. *

“പ്രിയ പെർസിസിനെ സ്‌നേഹം അറിയിക്കുക”

6, 7. (എ) മൂപ്പന്മാർക്ക്‌ യേശുവിനെയും പൗലോസിനെയും മറ്റു ദൈവദാസരെയും അനുകരിക്കാനാകുന്ന ഒരു വിധം ഏത്‌? (ബി) സഹോദരങ്ങളുടെ പേരുകൾ ഓർത്തിരിക്കുന്നത്‌ അവർക്ക്‌ സന്തോഷം നൽകുമെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണ്‌?

6 മൂപ്പന്മാർ തങ്ങളിൽ വ്യക്തിപരമായ താത്‌പര്യമെടുക്കുന്നത്‌ തങ്ങൾക്ക്‌ ഏറെ സന്തോഷം നൽകുന്നെന്ന്‌ ധാരാളം സഹോദരീസഹോദരന്മാർ പറഞ്ഞിട്ടുണ്ട്‌. ദാവീദ്‌, എലീഹൂ, യേശു എന്നിവരുടെ മാതൃക അനുകരിച്ചുകൊണ്ട്‌ മൂപ്പന്മാർ ഇതു ചെയ്യുന്നു. (2 ശമൂവേൽ 9:6; ഇയ്യോബ്‌ 33:1; ലൂക്കോസ്‌ 19:5 വായിക്കുക.) ഈ ദൈവദാസന്മാർ ഓരോരുത്തരും ആളുകളുടെ പേരു വിളിച്ചുകൊണ്ട്‌ അവരിലുള്ള ആത്മാർഥമായ താത്‌പര്യം കാണിച്ചു. സഹവിശ്വാസികളുടെ പേരുകൾ ഓർത്തിരിക്കുകയും അത്‌ ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം പൗലോസും തിരിച്ചറിഞ്ഞു. ഒരു ലേഖനത്തിന്റെ ഉപസംഹാരത്തിൽ അവൻ 25-ലധികം സഹോദരീസഹോദരന്മാരെ പേരെടുത്തു പറഞ്ഞ്‌ സ്‌നേഹാശംസകൾ അറിയിച്ചു. അവരിൽ ഒരു സഹോദരിയെ ‘പ്രിയ പെർസിസ്‌’ എന്നു പറഞ്ഞുകൊണ്ടാണ്‌ അവൻ ആശംസ അറിയിച്ചത്‌.—റോമ. 16:3-15.

7 പേരുകൾ ഓർത്തിരിക്കാൻ ചില മൂപ്പന്മാർക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടാറുണ്ട്‌. എങ്കിലും, അതിനായി നല്ല ശ്രമം ചെയ്യുമ്പോൾ, ഫലത്തിൽ ‘നിങ്ങൾ എനിക്കു വേണ്ടപ്പെട്ടവനാണ്‌’ എന്ന്‌ സഹവിശ്വാസികളോടു പറയുകയായിരിക്കും അവർ. (പുറ. 33:17) വീക്ഷാഗോപുര അധ്യയനത്തിലോ മറ്റു യോഗപരിപാടികളിലോ അഭിപ്രായം പറയാനായി, മൂപ്പന്മാർ സഹോദരങ്ങളെ പേരെടുത്ത്‌ വിളിക്കുമ്പോൾ അത്‌ അവർക്ക്‌ ഏറെ സന്തോഷം നൽകും.—യോഹന്നാൻ 10:3 താരതമ്യം ചെയ്യുക.

‘കർത്താവിൽ വളരെ അധ്വാനിച്ചവൾ’

8. പൗലോസ്‌ യഹോവയുടെയും യേശുവിന്റെയും മാതൃക പിൻപറ്റിയ ഒരു സുപ്രധാന വിധം ഏത്‌?

8 സഹവിശ്വാസികൾക്ക്‌ ഏറെ സന്തോഷം നൽകുന്ന മറ്റൊരു സംഗതിയാണ്‌ അവരെ ആത്മാർഥമായി അഭിനന്ദിക്കുന്നത്‌. ആ വിധത്തിലും പൗലോസ്‌ ആളുകളിൽ താത്‌പര്യം കാണിച്ചു. സഹോദരങ്ങളുടെ സന്തോഷത്തിനായി പ്രവർത്തിക്കാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കിയ അതേ ലേഖനത്തിൽ, ‘നിങ്ങളെപ്രതി ഞാൻ ഏറെ അഭിമാനിക്കുന്നു’ എന്ന്‌ അവൻ എഴുതി. (2 കൊരി. 7:4) ആ അഭിനന്ദന വാക്കുകൾ കൊരിന്തിലുള്ള സഹോദരങ്ങളുടെ ഹൃദയത്തെ എത്രമാത്രം സ്‌പർശിച്ചിരിക്കണം! മറ്റു സഭകളോടുള്ള ബന്ധത്തിലും പൗലോസ്‌ സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്‌. (റോമ. 1:8; ഫിലി. 1:3-5; 1 തെസ്സ. 1:8) റോമിലെ സഭയ്‌ക്കുള്ള തന്റെ ലേഖനത്തിൽ പെർസിസിനെപ്പറ്റി പറഞ്ഞപ്പോൾ അവൾ ‘കർത്താവിൽ വളരെ അധ്വാനിച്ചതായും’ പൗലോസ്‌ കൂട്ടിച്ചേർത്തു. (റോമ. 16:12) പ്രസ്‌തുത വാക്കുകൾ വിശ്വസ്‌തയായ ആ സഹോദരിയെ എത്ര ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടാകണം! മറ്റുള്ളവരെ അഭിനന്ദിക്കുന്നതിൽ പൗലോസ്‌ യഹോവയുടെയും യേശുവിന്റെയും മാതൃക പിൻപറ്റി.—മർക്കോസ്‌ 1:9-11; യോഹന്നാൻ 1:47 വായിക്കുക; വെളി. 2:2, 13, 19.

9. അഭിനന്ദനം നൽകുന്നതും സ്വീകരിക്കുന്നതും സഭയിലെ സന്തോഷത്തിന്റെ മാറ്റ്‌ കൂട്ടുന്നത്‌ എങ്ങനെ?

9 സഹോദരന്മാരെക്കുറിച്ചുള്ള വിലമതിപ്പ്‌ വാക്കുകളിൽ പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച്‌ ഇന്നത്തെ മൂപ്പന്മാരും ബോധവാന്മാരാണ്‌. (സദൃ. 3:27; 15:23) ഒരു മൂപ്പൻ അപ്രകാരം ചെയ്യുമ്പോൾ ഒരർഥത്തിൽ അദ്ദേഹം സഹോദരങ്ങളോട്‌ ഇങ്ങനെ പറയുകയായിരിക്കും: ‘നിങ്ങൾ ചെയ്‌തത്‌ ഞാൻ ശ്രദ്ധിച്ചു. നിങ്ങൾ എനിക്ക്‌ വളരെ പ്രിയപ്പെട്ടവരാണ്‌.’ മൂപ്പന്മാരിൽനിന്നുള്ള ഇത്തരം പ്രോത്സാഹന വാക്കുകൾ സഹവിശ്വാസികൾക്ക്‌ ഏറെ ആവശ്യമാണുതാനും. 50-കളുടെ മധ്യത്തിലുള്ള ഒരു സഹോദരിയുടെ പിൻവരുന്ന വാക്കുകളിൽ നിഴലിക്കുന്നത്‌ അനേകരുടെ ഉള്ളിലുള്ള വികാരമാണ്‌: “ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത്‌ ആരുംതന്നെ എന്നെ അഭിനന്ദിക്കാറില്ല. തണുത്ത, മത്സരാത്മകമായ ഒരു അന്തരീക്ഷമാണ്‌ അവിടെയുള്ളത്‌. സഭയ്‌ക്കുവേണ്ടി ഞാൻ ചെയ്‌ത ഏതെങ്കിലും ഒരു കാര്യത്തെപ്രതി ഒരു മൂപ്പൻ അഭിനന്ദിക്കുമ്പോൾ ശരിക്കും അത്‌ എനിക്ക്‌ നവോന്മേഷം നൽകുന്നു, അത്‌ എന്നെ ഉത്സാഹഭരിതയാക്കുന്നു! സ്വർഗീയപിതാവ്‌ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന്‌ തോന്നാൻ അത്‌ ഇടയാക്കുന്നു.” ഇണയുടെ കൈത്താങ്ങില്ലാതെ രണ്ടു കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന ഒരു സഹോദരനും അതേ അഭിപ്രായമാണുള്ളത്‌. അടുത്തയിടെ ഒരു മൂപ്പനിൽനിന്ന്‌ ആത്മാർഥമായ അഭിനന്ദനം ഈ സഹോദരന്‌ ലഭിക്കുകയുണ്ടായി. അത്‌ സഹോദരനെ എങ്ങനെയാണ്‌ സ്വാധീനിച്ചത്‌? അദ്ദേഹം പറയുന്നു: “ആ സഹോദരന്റെ വാക്കുകൾ ശരിക്കും എനിക്ക്‌ ഉത്തേജനമേകി!” അതെ, സഹവിശ്വാസികളെ ആത്മാർഥമായി അഭിനന്ദിക്കുമ്പോൾ ഒരു മൂപ്പൻ അവരുടെ സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും മാറ്റ്‌ കൂട്ടുകയാണ്‌. അത്‌ “ക്ഷീണിച്ചുപോകാതെ” ജീവനിലേക്കുള്ള പാതയിൽ തുടർന്നും നടക്കാൻ ആവശ്യമായ ശക്തിയേകും.—യെശ. 40:31.

‘ദൈവത്തിന്റെ സഭയെ മേയ്‌ക്കുവിൻ’

10, 11. (എ) നെഹെമ്യാവിന്റെ മാതൃക മൂപ്പന്മാർക്ക്‌ എങ്ങനെ അനുകരിക്കാനാകും? (ബി) ഇടയസന്ദർശനം നടത്തുമ്പോൾ ആത്മീയവരം നൽകാൻ ഒരു മൂപ്പനെ എന്തു സഹായിക്കും?

10 മൂപ്പന്മാർ സഹോദരങ്ങളിൽ വ്യക്തിപരമായ താത്‌പര്യമെടുക്കുകയും അങ്ങനെ സഭയുടെ സന്തോഷം വർധിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു സുപ്രധാന വിധം ഏതാണ്‌? പ്രോത്സാഹനം ആവശ്യമുള്ളവരുടെ അടുക്കൽ എത്തിച്ചേരാൻ മുൻകൈ എടുക്കുന്നത്‌. (പ്രവൃത്തികൾ 20:28 വായിക്കുക.) അപ്രകാരം ചെയ്യുമ്പോൾ പുരാതന നാളുകളിലെ ആത്മീയ ഇടയന്മാരെ അനുകരിക്കുകയായിരിക്കും അവർ. തന്റെ യഹൂദ സഹോദരന്മാർ ആത്മീയമായി തളർന്നുപോയപ്പോൾ വിശ്വസ്‌ത മേൽവിചാരകനായിരുന്ന നെഹെമ്യാവ്‌ ചെയ്‌തത്‌ എന്താണെന്നു ശ്രദ്ധിക്കുക. അവൻ പെട്ടെന്ന്‌ എഴുന്നേറ്റുനിന്ന്‌ അവരെ പ്രോത്സാഹിപ്പിച്ചെന്ന്‌ വിവരണം പറയുന്നു. (നെഹെ. 4:14) ഇന്നുള്ള മൂപ്പന്മാരും സമാനമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അവർ ‘എഴുന്നേറ്റുനിന്ന്‌,’ അഥവാ മുൻകൈയെടുത്തുകൊണ്ട്‌ വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കാൻ സഹവിശ്വാസികളെ സഹായിക്കുന്നു. സാഹചര്യങ്ങൾ അനുവദിക്കുമ്പോൾ അത്തരം വ്യക്തിപരമായ പ്രോത്സാഹനം നൽകാൻ അവർ സഹോദരീസഹോദരന്മാരുടെ വീടുകൾ സന്ദർശിക്കുന്നു. ഇത്തരത്തിൽ ഇടയസന്ദർശനം നടത്തുന്ന സമയത്ത്‌ ‘എന്തെങ്കിലും ആത്മീയവരം നൽകാനാണ്‌’ അവർ ആഗ്രഹിക്കുന്നത്‌. (റോമ. 1:11) അപ്രകാരം ചെയ്യാൻ മൂപ്പന്മാരെ എന്തു സഹായിക്കും?

11 ഇടയസന്ദർശനം നടത്തുന്നതിനു മുമ്പ്‌, ഒരു മൂപ്പൻ താൻ സന്ദർശിക്കുന്ന വ്യക്തിയെക്കുറിച്ച്‌ ചിന്തിക്കാൻ അൽപ്പസമയം എടുക്കേണ്ടതുണ്ട്‌. ആ വ്യക്തി നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്‌? ആ സഹോദരനെയോ സഹോദരിയെയോ പരിപുഷ്ടിപ്പെടുത്തുന്നതിനായി എന്ത്‌ പറയാനാകും? ആ സഹോദരന്റെയോ സഹോദരിയുടെയോ സാഹചര്യത്തിന്‌ ഇണങ്ങുന്ന ഏത്‌ തിരുവെഴുത്ത്‌ അല്ലെങ്കിൽ ബൈബിൾ കഥാപാത്രത്തിന്റെ അനുഭവം ഉപയോഗിക്കാനായേക്കും? ഇത്തരത്തിൽ മുന്നമേ ചിന്തിക്കുന്നതിലൂടെ അപ്രധാനമായ കാര്യങ്ങൾ സംസാരിക്കാതെ അർഥവത്തായ സംഭാഷണങ്ങൾ നടത്താൻ ഒരു മൂപ്പന്‌ സാധിക്കും. ഇടയസന്ദർശനം നടത്തവെ, ഒരു മൂപ്പൻ സഹോദരീസഹോദരന്മാർക്ക്‌ തുറന്നു സംസാരിക്കാൻ അവസരം നൽകിക്കൊണ്ട്‌ അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നു. (യാക്കോ. 1:19) “സംസാരിക്കുമ്പോൾ ഒരു മൂപ്പൻ ശ്രദ്ധവെച്ച്‌ കേൾക്കുന്നത്‌ എത്ര ആശ്വാസകരമാണെന്നോ!” ഒരു സഹോദരി പറഞ്ഞു.—ലൂക്കോ. 8:18.

ഇടയസന്ദർശനത്തിനായി തയ്യാറാകുന്നത്‌ ‘ആത്മീയവരം നൽകാൻ’ ഒരു മൂപ്പനെ സഹായിക്കും

12. സഭയിൽ ആർക്കാണ്‌ പ്രോത്സാഹനം ആവശ്യമുള്ളത്‌, എന്തുകൊണ്ട്‌?

12 ഇടയസന്ദർശനം ആർക്കൊക്കെ പ്രയോജനം ചെയ്യും? തന്റെ സഹമൂപ്പന്മാരെ പൗലോസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “മുഴു ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുവിൻ.” അതെ, സഭയിലുള്ള എല്ലാ അംഗങ്ങൾക്കും പ്രോത്സാഹനം ആവശ്യമാണ്‌; അതിൽ വർഷങ്ങളായി വിശ്വസ്‌തതയോടെ ശുശ്രൂഷ നിർവഹിക്കുന്ന പ്രസാധകരും പയനിയർമാരും ഉൾപ്പെടുന്നു. അവർക്ക്‌ ആത്മീയ ഇടയന്മാരുടെ പിന്തുണ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം, ഈ ദുഷിച്ച ലോകത്തിന്റെ സമ്മർദം ചിലപ്പോൾ ആത്മീയമായി ശക്തരായവരെപ്പോലും ഏതാണ്ട്‌ വിഴുങ്ങിക്കളഞ്ഞേക്കാം. ശക്തനായ ഒരു ദൈവദാസനുപോലും ചിലപ്പോൾ ഒരു കൂട്ടാളിയുടെ സഹായം ആവശ്യമുണ്ടെന്ന്‌ വ്യക്തമാക്കുന്ന ഒരു ഉദാഹരണം നമുക്കിപ്പോൾ ശ്രദ്ധിക്കാം. ദാവീദുരാജാവിന്റേതാണ്‌ അത്‌.

‘അബീശായി അവനു തുണയായി വന്നു’

13. (എ) ദാവീദിന്റെ ഏത്‌ അവസ്ഥയെയാണ്‌ യിശ്‌ബി-ബെനോബ്‌ മുതലെടുത്തത്‌? (ബി) അബീശായിക്ക്‌ ദാവീദിന്റെ സഹായത്തിനെത്താൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

13 ചെറുപ്പത്തിൽ രാജാവായി അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം അധികം താമസിയാതെ ദാവീദ്‌, മല്ലന്മാരായ രാഫാമക്കളിൽ ഒരുവനായ ഗൊല്യാത്തിനെ നേരിട്ടു. ധീരനായ ദാവീദ്‌ ആ മല്ലനെ കൊന്നു. (1 ശമൂ. 17:4, 48-51; 1 ദിന. 20:5, 8) വർഷങ്ങൾക്കുശേഷം ഫെലിസ്‌ത്യരുമായുള്ള ഒരു യുദ്ധത്തിൽ ദാവീദ്‌ വീണ്ടും ഒരു മല്ലനുമായി നേർക്കുനേർ വന്നു. അവനും രാഫാവംശജനായിരുന്നു; യിശ്‌ബി-ബെനോബ്‌ എന്നായിരുന്നു അവന്റെ പേര്‌. (2 ശമൂ. 21:16) എന്നാൽ ഇത്തവണ മല്ലൻ ദാവീദിനെ കൊല്ലുന്ന ഘട്ടത്തോളമെത്തി. എന്തുകൊണ്ട്‌? ദാവീദിന്റെ ധൈര്യം നഷ്ടപ്പെട്ടതല്ല, ശക്തി ചോർന്നുപോയതായിരുന്നു കാരണം. “ദാവീദ്‌ തളർന്നുപോയി” എന്ന്‌ വിവരണം പറയുന്നു. അത്‌ കണ്ടതും യിശ്‌ബി-ബെനോബ്‌ “ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.” പക്ഷേ മല്ലൻ ദാവീദിനു നേരെ ആയുധം ഓങ്ങുന്നതിനു തൊട്ടുമുമ്പ്‌ “സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്‌വന്നു ഫെലിസ്‌ത്യനെ വെട്ടിക്കൊന്നു.” (2 ശമൂ. 21:15-17) തലനാരിഴയ്‌ക്കാണ്‌ ദാവീദ്‌ രക്ഷപ്പെട്ടത്‌! അബീശായി നിരന്തരം തന്നെ ശ്രദ്ധിക്കുകയും തന്റെ ജീവൻ അപകടത്തിലായ സമയത്ത്‌ പെട്ടെന്ന്‌ സഹായത്തിനെത്തുകയും ചെയ്‌തതിൽ ദാവീദിന്‌ എത്ര നന്ദി തോന്നിയിരിക്കണം! ഈ വിവരണം നമ്മെ എന്തെല്ലാം കാര്യങ്ങൾ പഠിപ്പിക്കുന്നു?

14. (എ) ഗൊല്യാത്തുസമാന വെല്ലുവിളികളുടെമേൽ നമുക്ക്‌ എങ്ങനെ വിജയംവരിക്കാനാകും? (ബി) ബലവും സന്തോഷവും വീണ്ടെടുക്കാൻ മൂപ്പന്മാർക്ക്‌ മറ്റുള്ളവരെ സഹായിക്കാനാകുന്നത്‌ എങ്ങനെ? ഒരു ഉദാഹരണം നൽകുക.

14 സാത്താനും അവന്റെ പിണയാളുകളും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും യഹോവയുടെ ജനമെന്ന നിലയിൽ നാം ലോകവ്യാപകമായി നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നു. നമ്മിൽ പലർക്കും കടുത്ത വെല്ലുവിളികളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. എന്നാൽ യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്‌ നാം അത്തരം ‘ഗൊല്യാത്തു’സമാന പ്രതിബന്ധങ്ങളുടെമേൽ വിജയംവരിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ ലോകത്തിന്റെ സമ്മർദങ്ങളുമായി നിരന്തരം പോരാടുന്നതിന്റെ ഫലമായി ചില സാഹചര്യങ്ങളിൽ നാം തളർന്നുപോകുകയോ നിരുത്സാഹിതരാകുകയോ ചെയ്‌തേക്കാം. മറ്റൊരു സാഹചര്യത്തിൽ വിജയകരമായി കൈകാര്യം ചെയ്യാനാകുമായിരുന്ന ഒരു സമ്മർദം തളർന്നിരിക്കുന്ന ഈ അവസ്ഥയിൽ നമ്മെ എളുപ്പം കീഴ്‌പെടുത്തിയേക്കാം. അത്തരം സന്ദർഭങ്ങളിൽ, ഒരു മൂപ്പൻ നൽകുന്ന സമയോചിതമായ സഹായം സന്തോഷവും ബലവും വീണ്ടെടുക്കാൻ നമ്മെ സഹായിക്കും; അനേകർ അത്‌ അനുഭവിച്ചറിഞ്ഞിരിക്കുന്നു. 60-കളുടെ മധ്യത്തിലുള്ള ഒരു പയനിയർസഹോദരി ഇങ്ങനെ പറഞ്ഞു: “കുറെക്കാലം മുമ്പ്‌ എനിക്ക്‌ അത്ര നല്ല സുഖമില്ലായിരുന്നു; വയൽസേവനം എന്നെ വല്ലാതെ ക്ഷീണിപ്പിച്ചു. എന്റെ അവസ്ഥ ശ്രദ്ധിച്ച ഒരു മൂപ്പൻ സഹായിക്കാൻ മുൻകൈയെടുത്തു. ഒരു ബൈബിൾ വിവരണത്തെ ആധാരമാക്കിയുള്ള പ്രോത്സാഹജനകമായ സംഭാഷണത്തിലേക്ക്‌ അത്‌ നയിച്ചു. അദ്ദേഹം നൽകിയ നിർദേശങ്ങൾ ബാധകമാക്കിയത്‌ എനിക്ക്‌ പ്രയോജനം ചെയ്‌തു.” സഹോദരി ഇങ്ങനെയും കൂട്ടിച്ചേർത്തു: “ആ മൂപ്പൻ, എന്റെ അവസ്ഥ ശ്രദ്ധിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്‌തത്‌ എത്ര സ്‌നേഹപൂർവകമായ ഒരു കാര്യമായിരുന്നു!” അതെ, പുരാതന നാളിലെ അബീശായിയെപ്പോലെ സ്‌നേഹത്തോടെ നിരന്തരം നമ്മെ ശ്രദ്ധിക്കുകയും ഏതുസമയത്തും ‘തുണയേകാൻ’ തയ്യാറായിരിക്കുകയും ചെയ്യുന്ന മൂപ്പന്മാർ നമുക്കുണ്ടെന്ന്‌ അറിയുന്നത്‌ എത്ര സന്തോഷകരമാണ്‌!

‘നിങ്ങളോടുള്ള എന്റെ സ്‌നേഹത്തിന്റെ ആധിക്യം അറിയുക’

15, 16. (എ) സഹവിശ്വാസികൾ പൗലോസിനെ അതിയായി സ്‌നേഹിച്ചത്‌ എന്തുകൊണ്ട്‌? (ബി) നമ്മെക്കുറിച്ചു കരുതലുള്ള സഭാമൂപ്പന്മാരെ നാം സ്‌നേഹിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ഒരു ഇടയന്റെ വേലയിൽ കഠിനാധ്വാനം ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെക്കുറിച്ചുള്ള വിചാരംനിമിത്തം പ്രാർഥനയിൽ മുഴുകിക്കൊണ്ടോ സഹവിശ്വാസികൾക്ക്‌ ആത്മീയ പിന്തുണ നൽകിക്കൊണ്ടോ ചിലപ്പോൾ മൂപ്പന്മാർ ഉറക്കം ഇളയ്‌ക്കാറുണ്ട്‌. (2 കൊരി. 11:27, 28) എന്നിരുന്നാലും പൗലോസിനെപ്പോലെ അവരും തങ്ങളുടെ ഉത്തരവാദിത്വം മുഴുഹൃദയത്തോടെയും സന്തോഷത്തോടെയും നിർവഹിക്കുന്നു. അവൻ കൊരിന്ത്യർക്ക്‌ ഇങ്ങനെ എഴുതി: “ഞാൻ ഏറ്റവും സന്തോഷത്തോടെ എനിക്കുള്ളതും എന്നെത്തന്നെയും നിങ്ങൾക്കായി നൽകും.” (2 കൊരി. 12:15) അതെ, സഹോദരങ്ങളോടുള്ള സ്‌നേഹംനിമിത്തം അവരെ ബലപ്പെടുത്താനായി പൗലോസ്‌ തന്നെത്തന്നെ അവർക്കായി നൽകി. (2 കൊരിന്ത്യർ 2:4 വായിക്കുക; ഫിലി. 2:17; 1 തെസ്സ. 2:8) സഹോദരങ്ങൾ പൗലോസിനെ അതിയായി സ്‌നേഹിച്ചതിൽ അതിശയിക്കാനില്ല!—പ്രവൃ. 20:31-38.

16 ദൈവദാസർ എന്ന നിലയിൽ നാമും കരുതലുള്ള ക്രിസ്‌തീയ മൂപ്പന്മാരെ സ്‌നേഹിക്കുകയും അവരെ നൽകിയതിന്‌ സ്വകാര്യപ്രാർഥനയിൽ യഹോവയ്‌ക്ക്‌ നന്ദിയേകുകയും ചെയ്യുന്നു. നമ്മിൽ വ്യക്തിപരമായ താത്‌പര്യമെടുത്തുകൊണ്ട്‌ മൂപ്പന്മാർ നമ്മുടെ സന്തോഷം വർധിപ്പിക്കുന്നു. അവരുടെ ഇടയസന്ദർശനങ്ങളിലൂടെ നാം ആത്മീയമായി ബലിഷ്‌ഠരാകുന്നു. മാത്രമല്ല, ഈ ലോകത്തിലെ സമ്മർദങ്ങൾനിമിത്തം വീർപ്പുമുട്ടുന്നതായി തോന്നുമ്പോൾ നമ്മെ സഹായിക്കാൻ സന്നദ്ധരായി നിൽക്കുന്നതിനെപ്രതിയും നാം അവരോടു നന്ദിയുള്ളവരാണ്‌. അതെ, ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഇത്തരം ക്രിസ്‌തീയ മൂപ്പന്മാർ യഥാർഥത്തിൽ ‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്‌.’

^ “ഒരു മൂപ്പന്റെ ഏത്‌ ഗുണമാണ്‌ നിങ്ങൾ ഏറ്റവും വിലമതിക്കുന്നത്‌?” എന്ന മറ്റൊരു ചോദ്യവും ഈ സഹോദരീസഹോദരന്മാരോടു ചോദിച്ചു. ബഹുഭൂരിപക്ഷം പേരും ഇങ്ങനെ പ്രതിവചിച്ചു: “അദ്ദേഹം സമീപിക്കാൻ കഴിയുന്നവനാണ്‌.” പ്രധാനപ്പെട്ട ഈ ഗുണത്തെക്കുറിച്ച്‌ മറ്റൊരു ലക്കത്തിൽ നാം പരിചിന്തിക്കുന്നതായിരിക്കും.