വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയപൈതൃകം നിങ്ങൾ വിലമതിക്കുന്നുവോ?

ആത്മീയപൈതൃകം നിങ്ങൾ വിലമതിക്കുന്നുവോ?

‘ദൈവം തന്റെ നാമത്തിനായി വിജാതീയരിൽനിന്ന്‌ ഒരു ജനത്തെ എടുക്കാനായി അവരിലേക്ക്‌ ശ്രദ്ധതിരിച്ചു.’—പ്രവൃ. 15:14.

1, 2. (എ) ‘ദാവീദിൻ കൂടാരം’ എന്താണ്‌, അതിന്റെ പുനർനിർമാണം എങ്ങനെ നടക്കുമായിരുന്നു? (ബി) ഇന്ന്‌ യഹോവയുടെ ദാസരായി സേവിക്കുന്നത്‌ ആരൊക്കെയാണ്‌?

 യെരുശലേമിൽവെച്ച്‌ എ.ഡി. 49-ൽ നടന്ന, ഭരണസംഘത്തിന്റെ ഒരു സുപ്രധാനയോഗത്തിൽ ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ പറഞ്ഞു: “ദൈവം തന്റെ നാമത്തിനായി വിജാതീയരിൽനിന്ന്‌ ഒരു ജനത്തെ എടുക്കാനായി അവരിലേക്ക്‌ ആദ്യമായി ശ്രദ്ധതിരിച്ചതിനെക്കുറിച്ച്‌ ശിമ്യോൻ (പത്രോസ്‌) നന്നായി വിവരിച്ചുവല്ലോ. പ്രവാചകപുസ്‌തകങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന വചനങ്ങളും ഇതിനോടു യോജിക്കുന്നു: ‘ഇതിനുശേഷം ഞാൻ മടങ്ങിവന്നു ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; ശൂന്യശിഷ്ടങ്ങളിൽനിന്ന്‌ അതിനെ പുതുക്കിപ്പണിത്‌ ഞാൻ അതിനെ വീണ്ടും നിവർത്തും; അങ്ങനെ, ജനത്തിൽ ശേഷിക്കുന്നവർ, സകല ജനതകളിലുംനിന്നുള്ളവരായി എന്റെ നാമം വഹിക്കുന്നവരോടൊപ്പം യഹോവയെ ആത്മാർഥമായി അന്വേഷിക്കും എന്ന്‌ പൂർവകാലത്തുതന്നെ താൻ നിശ്ചയിച്ചിട്ടുള്ളതൊക്കെയും നിവർത്തിക്കുന്നവനായ യഹോവ അരുളിച്ചെയ്യുന്നു.’”—പ്രവൃ. 15:13-18.

2 സിദെക്കീയാരാജാവ്‌ സിംഹാസനത്തിൽനിന്നു നിഷ്‌കാസിതനായപ്പോൾ ‘ദാവീദിൻ കൂടാരം’ അഥവാ രാജഗൃഹം വീണുപോയി. (ആമോ. 9:12) എന്നാൽ ആ ‘കൂടാരം’ പുനർനിർമിക്കപ്പെടുമായിരുന്നു. ദാവീദിന്റെ പിൻഗാമിയായ യേശു ആയിരിക്കുമായിരുന്നു അതിന്റെ നിത്യരാജാവ്‌. (യെഹെ. 21:27; പ്രവൃ. 2:29-36) ചരിത്രപ്രധാനമായ ആ യോഗത്തിൽ യാക്കോബ്‌ ചൂണ്ടിക്കാട്ടിയതുപോലെ, ആമോസിന്റെ പ്രവചനത്തിന്റെ നിവൃത്തിയെന്ന നിലയിൽ യഹൂദരിൽനിന്നും വിജാതീയരിൽനിന്നും ഉള്ള രാജ്യാവകാശികൾ കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു. ഇന്ന്‌ അഭിഷിക്തക്രിസ്‌ത്യാനികളുടെ ഒരു ശേഷിപ്പും യേശുവിന്റെ ദശലക്ഷങ്ങൾ വരുന്ന “വേറെ ആടുകളും” യഹോവയുടെ ദാസരെന്ന നിലയിൽ ബൈബിൾസത്യം ഘോഷിക്കുന്നതിൽ ഒരുമയോടെ പ്രവർത്തിക്കുന്നു.—യോഹ. 10:16.

യഹോവയുടെ ജനം പ്രതിസന്ധിയിൽ

3, 4. ബാബിലോണിൽ, ആത്മീയമായി ഉണർന്നിരിക്കാൻ യഹോവയുടെ ജനത്തിന്‌ എങ്ങനെ കഴിഞ്ഞു?

3 ‘ദാവീദിന്റെ കൂടാരം’ വീണുപോയെന്ന കാര്യം യഹൂദന്മാരെ ബാബിലോണിലേക്ക്‌ അടിമകളായി കൊണ്ടുപോയപ്പോൾ വ്യക്തമായി. ബി.സി. 607 മുതൽ ബി.സി. 537 വരെ ഉള്ള 70 വർഷക്കാലം അവർ അവിടെ പ്രവാസത്തിലായിരുന്നു. വ്യാജമതം കൊടികുത്തിവാണിരുന്ന ബാബിലോണിൽ ദൈവജനത്തിന്‌ എങ്ങനെ ആത്മീയത കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു? സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ ലോകത്ത്‌ യഹോവയുടെ ജനമായ നാം ആത്മീയത കാത്തുസൂക്ഷിക്കുന്നത്‌ എങ്ങനെയോ അതേവിധത്തിൽ! (1 യോഹ. 5:19) ഇക്കാര്യത്തിൽ ദൈവജനത്തിന്റെ സമ്പുഷ്ടമായ ആത്മീയപൈതൃകം ഒരു നല്ല പങ്കുവഹിക്കുന്നു.

4 ആത്മീയപൈതൃകത്തിന്റെ ഭാഗമായി ദൈവത്തിന്റെ ലിഖിതവചനം നമുക്കുണ്ട്‌. ബാബിലോണിലെ യഹൂദപ്രവാസികൾക്ക്‌ പക്ഷേ, വിശുദ്ധതിരുവെഴുത്തുകൾ പൂർണമായ രൂപത്തിൽ ലഭ്യമായിരുന്നില്ല. എന്നാൽ പത്തുകൽപ്പനകൾ ഉൾപ്പെടെയുള്ള മോശൈകന്യായപ്രമാണത്തെക്കുറിച്ച്‌ അവർക്ക്‌ അറിയാമായിരുന്നു. ‘സീയോൻ ഗീതങ്ങളും’ പല സദൃശവാക്യങ്ങളും അവരുടെ ഓർമയിലുണ്ടായിരുന്നു. യഹോവയുടെ പൂർവകാലദാസരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും അവർ പരിചിതരായിരുന്നു. അതെ, സീയോനെ ഓർത്തപ്പോൾ ആ പ്രവാസികൾ കരഞ്ഞുപോയി; യഹോവയെ അവർ മറന്നില്ല. (സങ്കീർത്തനം 137:1-6 വായിക്കുക.) വ്യാജമായ അനേകം പഠിപ്പിക്കലുകളും ആചാരങ്ങളും നിലനിന്നിരുന്ന ബാബിലോണിൽപ്പോലും ആത്മീയമായി ഉണർന്നിരിക്കാൻ അത്‌ അവരെ സഹായിച്ചു.

ത്രിത്വത്തിന്റെ വേരുകൾ

5. പുരാതന ഈജിപ്‌തിലും ബാബിലോണിലും ത്രിത്വം നിലവിലുണ്ടായിരുന്നു എന്നതിന്‌ എന്തു തെളിവുണ്ട്‌?

5 ത്രിത്വദൈവവിശ്വാസം ബാബിലോണിലെ ആരാധനയുടെ പ്രമുഖമായ ഒരു സവിശേഷതയായിരുന്നു. ചന്ദ്രദേവനായ സിൻ, സൂര്യദേവനായ ഷാമാഷ്‌, ഫലപുഷ്ടിയുടെയും യുദ്ധത്തിന്റെയും ദേവതയായ ഇഷ്ടാർ എന്നിവർ അടങ്ങിയതായിരുന്നു ബാബിലോണിലെ ഒരു ത്രയം. ഒരു ഐതിഹ്യവിജ്ഞാനകോശം പറയുന്നത്‌ അനുസരിച്ച്‌, പുരാതന ഈജിപ്‌തിൽ ഒരു ദേവൻ, ദേവത, അവർക്കുണ്ടാകുന്ന മകൻ എന്നിവർ ചേർന്ന്‌ “ദിവ്യമായ ഒരു ത്രയം അല്ലെങ്കിൽ ത്രിത്വം രൂപപ്പെട്ടിരുന്നു. ചിലപ്പോഴൊക്കെ ദേവൻ ദേവതയുടെ ഭർത്തൃപദവി അലങ്കരിക്കുന്ന ഒരാൾ മാത്രമായിരുന്നു. അങ്ങനെയുള്ളപ്പോൾ പ്രമുഖമായ ആരാധനാമൂർത്തി ദേവതയായിരുന്നു.” ഓസിറിസ്‌ ദേവനും ഐസസ്‌ ദേവിയും അവരുടെ മകനായ ഹോറസും ചേർന്നതായിരുന്നു ഈജിപ്‌തിലെ ഒരു ത്രയം.

6. ക്രൈസ്‌തവലോകത്തിന്റെ ത്രിത്വത്തെ നിങ്ങൾ എങ്ങനെ നിർവചിക്കും, തെറ്റായ ആ വിശ്വാസത്തിൽനിന്ന്‌ നാം എങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു?

6 ക്രൈസ്‌തവലോകത്തിനും ത്രിത്വമുണ്ട്‌. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന ഒരു ദൈവമാണുള്ളതെന്ന്‌ വൈദികർ പറയുന്നു. പക്ഷേ അത്‌, യഹോവയുടെ പരമാധികാരത്തിന്മേലുള്ള ഒരു കടന്നാക്രമണമാണ്‌. കാരണം അവർ അവനെ ‘ദൈവശിരസ്സിലെ’ മൂന്നു പേരിൽ ഒരാളായി മാത്രമാണ്‌ ചിത്രീകരിക്കുന്നത്‌. എന്നാൽ യഹോവയുടെ ജനം അത്തരം അബദ്ധങ്ങൾ വിശ്വസിക്കുന്നതിൽനിന്ന്‌ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ എകൻ തന്നേ” എന്ന നിശ്വസ്‌തമൊഴികളിൽ അവർക്കു വിശ്വാസമുണ്ട്‌. (ആവ. 6:4) ആ വാക്കുകൾ യേശു ഉദ്ധരിക്കുകയുണ്ടായി. സത്യക്രിസ്‌ത്യാനികളിൽ ആർക്കെങ്കിലും അവനോടു വിയോജിക്കാനാകുമോ?—മർക്കോ. 12:29.

7. ത്രിത്വവിശ്വാസം വെച്ചുപുലർത്തുന്ന ഒരാളുടെ സമർപ്പണത്തിനും സ്‌നാനത്തിനും ദൈവാംഗീകാരമുണ്ടായിരിക്കില്ലാത്തത്‌ എന്തുകൊണ്ട്‌?

7 യേശു തന്റെ അനുഗാമികൾക്ക്‌ നൽകിയ നിയോഗത്തിനു കടകവിരുദ്ധമാണ്‌ ത്രിത്വവിശ്വാസം. ‘സകല ജനതകളിലുംപെട്ട ആളുകളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിക്കാൻ’ യേശു അവരോടു പറഞ്ഞു. (മത്താ. 28:19) യഥാർഥക്രിസ്‌ത്യാനിയും യഹോവയുടെ സാക്ഷിയും എന്ന നിലയിൽ സ്‌നാനമേൽക്കണമെങ്കിൽ ഒരു വ്യക്തി, പിതാവായ യഹോവയുടെ പരമാധീശത്വവും ദൈവപുത്രനായ യേശുവിന്റെ സ്ഥാനവും അധികാരവും അംഗീകരിക്കണം. പരിശുദ്ധാത്മാവ്‌ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്‌, അല്ലാതെ ഒരു ത്രിത്വത്തിന്റെ ഭാഗമല്ല എന്നും ഒരു സ്‌നാനാർഥി വിശ്വസിക്കണം. (ഉല്‌പ. 1:2) ത്രിത്വവിശ്വാസം വെച്ചുപുലർത്തുന്ന ഒരാൾ സമർപ്പിച്ച്‌ സ്‌നാനമേറ്റാൽ അതിന്‌ യഹോവയാംദൈവത്തിന്റെ അംഗീകാരമുണ്ടായിരിക്കില്ല. ദൈവനിന്ദാകരമായ ഈ പഠിപ്പിക്കലിൽനിന്ന്‌ ആത്മീയപൈതൃകം നമ്മെ സംരക്ഷിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!

ഭൂതവിദ്യ തലപൊക്കുന്നു!

8. ദൈവങ്ങളെയും ഭൂതങ്ങളെയും ബാബിലോണിലുള്ളവർ എങ്ങനെ വീക്ഷിച്ചിരുന്നു?

8 ദൈവങ്ങൾ, ഭൂതങ്ങൾ, ഭൂതവിദ്യ, വ്യാജോപദേശങ്ങൾ എന്നിവയിലുള്ള വിശ്വാസം ബാബിലോണിൽ ആഴത്തിൽ വേരോടിയിരുന്നു. ഒരു ബൈബിൾവിജ്ഞാനകോശം പറയുന്നു: “ബാബി(ലോണിയൻ) മതത്തിൽ ദൈവങ്ങൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം ഭൂതങ്ങൾക്കായിരുന്നു. അവയ്‌ക്ക്‌ ആളുകളുടെ മനസ്സിനെയും ശരീരത്തെയും പലവിധ രോഗങ്ങളാൽ ബാധിക്കാനുള്ള ശക്തിയുണ്ടായിരുന്നു. ഈ ഭൂതങ്ങളുടെ പിടിയിൽനിന്ന്‌ എങ്ങനെയും രക്ഷപ്പെടാനുള്ള കഠിനശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു മിക്ക മതചടങ്ങുകളും നടത്തിയിരുന്നത്‌. ഭൂതങ്ങളിൽനിന്നുള്ള സംരക്ഷണത്തിനായി എല്ലായിടത്തുമുള്ള ആളുകൾ ദൈവങ്ങളെ പ്രാർഥനയിൽ സമീപിക്കുക പതിവായിരുന്നു.”

9. (എ) ബാബിലോണിലെ പ്രവാസത്തിനു ശേഷം പല യഹൂദന്മാരും വ്യാജമതാശയങ്ങൾക്ക്‌ വഴിപ്പെട്ടത്‌ എങ്ങനെ? (ബി) ഭൂതങ്ങളുമായി ഇടപഴകുന്നതിന്റെ അപകടങ്ങളിൽനിന്ന്‌ നാം എങ്ങനെ സംരക്ഷിക്കപ്പെടുന്നു?

9 ബാബിലോണിലെ പ്രവാസത്തിനു ശേഷം പല യഹൂദന്മാരും തിരുവെഴുത്തുവിരുദ്ധമായ ആശയങ്ങൾക്കു വഴിപ്പെട്ടു. ഗ്രീക്ക്‌ ചിന്താഗതി വ്യാപിച്ചതോടെ, ഭൂതങ്ങൾക്ക്‌ തിന്മയുടെ മാത്രമല്ല നന്മയുടെയും ശക്തികളാകാൻ കഴിയും എന്നു വിശ്വസിച്ചുകൊണ്ട്‌ യഹൂദന്മാർ ഭൂതസ്വാധീനത്തിന്‌ അധീനരായിത്തീർന്നു. എന്നാൽ, ബാബിലോണിലെ ഭൂതവിദ്യാചാരങ്ങളെ ദൈവം കുറ്റംവിധിച്ചുവെന്ന്‌ നമുക്ക്‌ അറിയാം. നമ്മുടെ ആത്മീയപൈതൃകത്തിന്റെ ഭാഗമായ ഈ സത്യം ഭൂതങ്ങളുമായി ഇടപഴകുന്നതിന്റെ അപകടങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുന്നു. (യെശ. 47:1, 12-15) അതോടൊപ്പം ഭൂതവിദ്യയെ വിലക്കുന്ന ദൈവത്തിന്റെ വ്യക്തമായ മാർഗനിർദേശവും നമ്മെ വഴിനയിക്കുന്നു.—ആവർത്തനപുസ്‌തകം 18:10-12; വെളിപാട്‌ 21:8 വായിക്കുക.

10. മഹതിയാം ബാബിലോണിന്റെ ആചാരങ്ങളും വിശ്വാസങ്ങളും സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും?

10 ബാബിലോണിയർ മാത്രമല്ല, വ്യാജമതലോകസാമ്രാജ്യമായ മഹതിയാം ബാബിലോണിന്റെ അനുയായികളും ഭൂതവിദ്യ ആചരിച്ചിരിക്കുന്നു. (വെളി. 18:21-24) ഇതിനെക്കുറിച്ച്‌ ഒരു ബൈബിൾ നിഘണ്ടു ഇങ്ങനെ പ്രസ്‌താവിക്കുന്നു: “(മഹതിയാം) ബാബിലോൺ ഒറ്റയൊരു സാമ്രാജ്യത്തിലോ സംസ്‌കാരത്തിലോ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അതിന്റെ അതിർവരമ്പുകൾ നിശ്ചയിക്കുന്നത്‌ പ്രബലമായ വിഗ്രഹാരാധനാ രീതികളാണ്‌, അല്ലാതെ ഭൂമിശാസ്‌ത്രപരമോ ലൗകികമോ ആയ ഘടകങ്ങളല്ല.” ഭൂതവിദ്യ, വിഗ്രഹാരാധന, മറ്റു പാപങ്ങൾ എന്നിവയിൽ മുങ്ങി മഹതിയാം ബാബിലോൺ അസ്‌തിത്വത്തിൽ തുടരുന്നു—എന്നാൽ അത്‌ ഏറെക്കാലം നിൽക്കില്ല.—വെളിപാട്‌ 18:1-5 വായിക്കുക.

11. ഭൂതവിദ്യയെക്കുറിച്ച്‌ എന്തു മുന്നറിയിപ്പുകളാണ്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ളത്‌?

11 യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: ‘നീതികേട്‌ എനിക്കു സഹിച്ചുകൂടാ.’ (യെശ. 1:13) ‘നീതികേട്‌’ എന്നതിന്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂലഭാഷാപദം ഭൂതവിദ്യയെ കുറിക്കുന്നു. ഭൂതവിദ്യാചാരം, 19-ാം നൂറ്റാണ്ടിലെ ആളുകളുടെ ചിന്തകളെ ശ്രദ്ധേയമാംവിധം സ്വാധീനിച്ചിരുന്നു. അതുകൊണ്ട്‌ 1885 മെയ്‌ ലക്കം സീയോന്റെ വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താവിച്ചു: “മരിച്ചവർ മറ്റൊരു മണ്ഡലത്തിലോ അവസ്ഥയിലോ ജീവനോടിരിക്കുന്നു എന്ന വിശ്വാസം പുതിയതല്ല. അതു പുരാതനകാലത്തെ മതവിശ്വാസങ്ങളുടെ ഭാഗമായിരുന്നു. അതിലായിരുന്നു എല്ലാ ഐതിഹ്യങ്ങളും വേരൂന്നിയിരുന്നത്‌.” ആ ലേഖനം തുടർന്നുപറയുന്നതനുസരിച്ച്‌, മരിച്ചവർ ജീവിച്ചിരിക്കുന്നവരുമായി ആശയവിനിമയം ചെയ്യുന്നുവെന്ന തിരുവെഴുത്തുവിരുദ്ധമായ ആശയം, “‘ഭൂതങ്ങൾ’ ചെയ്‌തുകൂട്ടുന്ന ചതിപ്രയോഗങ്ങൾക്കു മറയായിരിക്കുന്നു. മനുഷ്യരുടെ ദേഹവിയോഗം പ്രാപിച്ച ആത്മാക്കൾ എന്ന മുഖംമൂടി അണിഞ്ഞുകൊണ്ട്‌ അവർ അനേകരുടെ മനസ്സിലും ജീവിതത്തിലും തങ്ങൾക്കുള്ള സ്വാധീനം നിലനിറുത്തിപ്പോന്നിരിക്കുന്നു.” ഭൂതവിദ്യയെക്കുറിച്ച്‌ തിരുവെഴുത്തുകൾ എന്തു പറയുന്നു? (ഇംഗ്ലീഷ്‌) എന്ന ആദ്യകാലത്ത്‌ പുറത്തിറക്കിയ ഒരു ചെറുപുസ്‌തകം സമാനമായ മുന്നറിയിപ്പുകൾ നൽകി. അടുത്തകാലത്തെ നമ്മുടെ പ്രസിദ്ധീകരണങ്ങളിലും ഇതുപോലുള്ള ആശയങ്ങൾ വന്നിട്ടുണ്ട്‌.

മരിച്ചവർ മറ്റൊരു ലോകത്ത്‌ യാതന അനുഭവിക്കുന്നുണ്ടോ?

12. മരിച്ചവരുടെ അവസ്ഥയെക്കുറിച്ച്‌ ശലോമോൻ നിശ്വസ്‌തതയിൽ എന്തു പറഞ്ഞു?

12 ‘സത്യം അറിഞ്ഞിരിക്കുന്ന സകലർക്കും’ ഈ ചോദ്യത്തിന്റെ ഉത്തരം അറിയാം. (2 യോഹ. 2) “ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ്‌ നല്ലതല്ലോ. ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല. . . . ചെയ്‌വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്‌ക; നീ ചെല്ലുന്ന പാതാളത്തിൽ (മുഴുമനുഷ്യവർഗത്തിന്റെയും ശവക്കുഴി) പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല,” ശലോമോന്റെ ഈ വാക്കുകളോട്‌ നാം പൂർണമായും യോജിക്കുന്നു.—സഭാ. 9:4, 5, 10.

13. യവന സംസ്‌കാരത്താലും മതത്താലും യഹൂദന്മാർ സ്വാധീനിക്കപ്പെട്ടതെങ്ങനെ?

13 മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയാൻ പറ്റിയ സ്ഥാനത്തായിരുന്നു യഹൂദന്മാർ. എന്നാൽ മഹാനായ അലക്‌സാണ്ടറിന്റെ ജനറൽമാർക്കായി ഗ്രീസ്‌ വിഭജിക്കപ്പെട്ടപ്പോൾ യവന സംസ്‌കാരവും മതവും പ്രചരിപ്പിച്ചുകൊണ്ട്‌ യഹൂദയെ സിറിയയുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു. അതിന്റെ ഫലമായി, മരിച്ചവർക്ക്‌ അമർത്യമായ ആത്മാവുണ്ടെന്നും മറ്റൊരു ലോകത്ത്‌ ആത്മാക്കൾ യാതന അനുഭവിക്കുന്നുണ്ടെന്നും ഉള്ള തെറ്റായ പഠിപ്പിക്കലുകൾ യഹൂദന്മാർ സ്വീകരിച്ചു. മരിച്ചവരുടെ ആത്മാക്കൾ മറ്റൊരു ലോകത്ത്‌ യാതന അനുഭവിക്കുന്നു എന്ന ആശയത്തിനു രൂപംകൊടുത്തത്‌ പക്ഷേ, ഗ്രീക്കുകാരായിരുന്നില്ല. “പാതാളലോകം . . . ഭീകരതകൾ നിറഞ്ഞ ഒരു സ്ഥലമായി, വമ്പിച്ച ശക്തിയുള്ളവരും ക്രൂരരുമായ ദൈവങ്ങളും ഭൂതങ്ങളും ആധിപത്യം നടത്തുന്ന ഒരു സ്ഥലമായി” ബാബിലോണിയർ വിശ്വസിച്ചിരുന്നു എന്ന്‌ ബാബിലോണിയയിലെയും അസ്സീറിയയിലെയും മതങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ബാബിലോണിയർ ആത്മാവിന്റെ അമർത്യതയിൽ വിശ്വസിച്ചിരുന്നെന്നു വ്യക്തം.

14. മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച്‌ ഇയ്യോബിനും അബ്രാഹാമിനും എന്ത്‌ അറിയാമായിരുന്നു?

14 നീതിമാനായ ഇയ്യോബിന്‌ തിരുവെഴുത്തുകൾ ലഭ്യമല്ലായിരുന്നെങ്കിലും മരിച്ചവരെക്കുറിച്ചുള്ള സത്യം അവന്‌ അറിയാമായിരുന്നു. താൻ മരിച്ചുപോയാലും തന്നെ പുനരുത്ഥാനത്തിൽ കൊണ്ടുവരാൻ അതിയായി ആഗ്രഹിക്കുന്ന സ്‌നേഹവാനായ ദൈവമാണ്‌ യഹോവയെന്നും അവൻ തിരിച്ചറിഞ്ഞിരുന്നു. (ഇയ്യോ. 14:13-15) അബ്രാഹാമിനും പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരുന്നു. (എബ്രായർ 11:17-19 വായിക്കുക.) അതുകൊണ്ട്‌ ദൈവഭക്തരായ ആ മനുഷ്യർ അമർത്യമായ ഒരു ആത്മാവുണ്ടെന്ന്‌ വിശ്വസിച്ചിരുന്നില്ല. മരിക്കാത്ത ഒരാളെ പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു കൊണ്ടുവരുമെന്നു വിശ്വസിക്കുന്നതിൽ അർഥമില്ലല്ലോ. മരിച്ചവരുടെ അവസ്ഥ മനസ്സിലാക്കാനും പുനരുത്ഥാനത്തിൽ വിശ്വസിക്കാനും ദൈവാത്മാവ്‌ ഇയ്യോബിനെയും അബ്രാഹാമിനെയും സഹായിച്ചു എന്നതിനു സംശയമില്ല. ഈ സത്യങ്ങളും നമ്മുടെ ആത്മീയപൈതൃകത്തിന്റെ ഭാഗമാണ്‌.

‘മറുവിലയാലുള്ള വീണ്ടെടുപ്പ്‌’ അനിവാര്യം

15, 16. പാപത്തിൽനിന്നും മരണത്തിൽനിന്നും ഉള്ള വീണ്ടെടുപ്പ്‌ നമുക്ക്‌ സാധ്യമായിരിക്കുന്നത്‌ എങ്ങനെ?

15 ആദാമിൽനിന്നു കൈമാറിക്കിട്ടിയ പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കാനായി താൻ ചെയ്‌തിരിക്കുന്ന ക്രമീകരണത്തെക്കുറിച്ചുള്ള സത്യവും ദൈവം നമ്മെ അറിയിച്ചിരിക്കുന്നു. (റോമ. 5:12) യേശു “വന്നത്‌ ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാനു”മാണ്‌ എന്നു നാം തിരിച്ചറിയുന്നു. (മർക്കോ. 10:45) “ക്രിസ്‌തുയേശു നൽകിയ മറുവിലയാലുള്ള വീണ്ടെടുപ്പി”നെക്കുറിച്ച്‌ അറിയാനായതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!—റോമ. 3:22-24.

16 ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരും വിജാതീയരും തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച്‌ അനുതപിക്കുകയും യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു. അല്ലാത്തപക്ഷം അവർക്കു ക്ഷമ ലഭിക്കുമായിരുന്നില്ല. ഇന്നത്തെ അവസ്ഥയും വ്യത്യസ്‌തമല്ല. (യോഹ. 3:16, 36) ത്രിത്വവും ആത്മാവിന്റെ അമർത്യതയും പോലുള്ള വ്യാജപഠിപ്പിക്കലുകളിൽ കടിച്ചുതൂങ്ങുന്ന ഒരുവന്‌ മറുവിലയിൽനിന്നു പ്രയോജനം നേടാനാകില്ല. എന്നാൽ, ദൈവം നമുക്ക്‌ ‘മറുവിലയാലുള്ള വിടുതൽ,’ അതായത്‌ ‘പാപങ്ങളുടെ മോചനം,’ കൈവരുത്തിയിരിക്കുന്നത്‌ ആരിലൂടെയാണോ ആ “അരുമപുത്ര”നെക്കുറിച്ചുള്ള സത്യം അറിയാവുന്ന നമുക്ക്‌ അതു സാധിക്കും.—കൊലോ. 1:13, 14.

യഹോവയുടെ നാമത്തിനായുള്ള ജനമെന്ന നിലയിൽ മുന്നോട്ട്‌

17, 18. നമ്മുടെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ എവിടെ കണ്ടെത്താം, അതു പഠിക്കുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

17 നാം ഹൃദയത്തോടു ചേർത്തുപിടിക്കുന്ന സത്യോപദേശങ്ങൾ, യഹോവയുടെ ദാസരെന്ന നിലയിലുള്ള നമ്മുടെ അനുഭവങ്ങൾ, നാം ആസ്വദിക്കുന്ന ആത്മീയവും ഭൗതികവും ആയ അനുഗ്രഹങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ഇനിയുമേറെ പറയാനുണ്ട്‌. പതിറ്റാണ്ടുകളായി പ്രസിദ്ധീകരിച്ചുവരുന്ന വാർഷികപുസ്‌തകങ്ങളിൽ ഗോളമെമ്പാടുമുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ ആവേശംകൊള്ളിക്കുന്ന വിവരണങ്ങൾ അടങ്ങിയിരിക്കുന്നു. വിശ്വാസം പ്രവൃത്തിയിൽ ഭാഗം 1, 2 (ഇംഗ്ലീഷ്‌) എന്നീ വീഡിയോകളിലും യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്നതുപോലുള്ള പ്രസിദ്ധീകരണങ്ങളിലും നമ്മുടെ ചരിത്രം വിവരിച്ചിട്ടുണ്ട്‌. കൂടാതെ മാസികകളിൽ നമ്മുടെ പ്രിയസഹോദരങ്ങളുടെ ഹൃദയോഷ്‌മളമായ ജീവിതകഥകളും വരാറുണ്ട്‌.

18 ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ ദൈവം തങ്ങളെ വിടുവിച്ചതിനെക്കുറിച്ചുള്ള ഓർമകൾ അയവിറക്കിയത്‌ ഇസ്രായേല്യരെ സഹായിച്ചതുപോലെ യഹോവയുടെ സംഘടനയുടെ ചരിത്രത്തെക്കുറിച്ചുള്ള പരിചിന്തനം നമുക്കും പ്രയോജനം ചെയ്യും. (പുറ. 12:26, 27) യഹോവയുടെ അത്ഭുതപ്രവൃത്തികൾക്ക്‌ സാക്ഷ്യംവഹിച്ച വയോധികനായ മോശ ഇസ്രായേല്യരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “പൂർവ്വദിവസങ്ങളെ ഓർക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.” (ആവ. 32:7) ‘യഹോവയുടെ ജനവും അവന്റെ മേച്ചിൽപ്പുറത്തെ ആടുകളുമായ’ നാമെല്ലാം സന്തോഷത്തോടെ ‘അവന്റെ സ്‌തുതി പ്രസ്‌താവിക്കുകയും’ അവന്റെ വീര്യപ്രവൃത്തികളെക്കുറിച്ച്‌ ഘോഷിക്കുകയും ചെയ്യുന്നു. (സങ്കീ. 79:13) കൂടാതെ, നമ്മുടെ ചരിത്രം പരിശോധിച്ച്‌ അതിൽനിന്നു പാഠം ഉൾക്കൊള്ളുന്നത്‌ അവന്റെ സേവനത്തിൽ തുടരാൻ തക്കവിധം ഭാവിക്കായി ആസൂത്രണം ചെയ്യാൻ നമ്മെ സഹായിക്കും.

19. ആത്മീയവെളിച്ചം ആസ്വദിക്കുന്ന നാം എന്തു ചെയ്യേണ്ടതുണ്ട്‌?

19 അന്ധകാരത്തിൽ തപ്പിത്തടയാതെ ദൈവത്തിൽനിന്നുള്ള ആത്മീയവെളിച്ചം ആസ്വദിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! (സദൃ. 4:18, 19) സങ്കീർത്തനക്കാരന്റെ മനോഭാവത്തോടെ ദൈവവചനം ഉത്സാഹത്തോടെ പഠിക്കാനും തീക്ഷ്‌ണതയോടെ സത്യം മറ്റുള്ളവരുമായി പങ്കുവെക്കാനും ഇതു നമ്മെ പ്രചോദിപ്പിക്കട്ടെ. പരമാധികാരിയാം കർത്താവായ യഹോവയെ പ്രാർഥനാനിർഭരമായ മനസ്സോടെ അവൻ ഇങ്ങനെ വാഴ്‌ത്തിസ്‌തുതിച്ചു: “നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യ പ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”—സങ്കീ. 71:16-18.

20. ഏതു വിവാദവിഷയങ്ങൾ നിലനിൽക്കുന്നു, നിങ്ങൾക്ക്‌ അതേക്കുറിച്ച്‌ എന്തു തോന്നുന്നു?

20 യഹോവയുടെ സമർപ്പിതജനമെന്ന നിലയിൽ ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ നിർമലത എന്നിവ ഉൾപ്പെട്ട വിവാദവിഷയങ്ങളെക്കുറിച്ച്‌ നമുക്ക്‌ അറിയാം. യഹോവയാണ്‌ അഖിലാണ്ഡപരമാധികാരിയെന്നും അവനാണ്‌ നമ്മുടെ പൂർണഹൃദയത്തോടെയുള്ള ഭക്തിക്ക്‌ അർഹനെന്നും ഉള്ള അനിഷേധ്യസത്യം നാം പ്രഖ്യാപിക്കുന്നു. (വെളി. 4:11) കൂടാതെ, അവന്റെ ആത്മാവ്‌ നമ്മുടെമേലുള്ളതിനാൽ നാം ‘എളിയവരോട്‌ സദ്വർത്തമാനം ഘോഷിക്കുകയും ഹൃദയം തകർന്നവരെ മുറികെട്ടുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും’ ചെയ്യുന്നു. (യെശ. 61:1, 2) ദൈവജനത്തെയും മുഴുമനുഷ്യവർഗത്തെയും അധീനതയിൽവെക്കാനുള്ള സാത്താന്റെ നിഷ്‌ഫലശ്രമങ്ങളിന്മധ്യേയും നമ്മുടെ ആത്മീയപൈതൃകം നാം മുറുകെപ്പിടിക്കുന്നു. ദൈവത്തോടുള്ള നിർമലത കാത്തുകൊള്ളാനും പരമാധികാരിയാം കർത്താവായ യഹോവയെ ഇന്നും എന്നേക്കും വാഴ്‌ത്താനും നാം ദൃഢനിശ്ചയമുള്ളവരാണ്‌.സങ്കീർത്തനം 26:11; 86:12 വായിക്കുക.