വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം ഉപയോഗിക്കുക, ആത്മശിക്ഷണത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും

ദൈവവചനം ഉപയോഗിക്കുക, ആത്മശിക്ഷണത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും

‘നിന്റെ സകലപ്രമാണങ്ങളും ഞാൻ ഒത്തതെന്നു എണ്ണിയിരിക്കുന്നു.’—സങ്കീ. 119:128.

1. ദൈവവചനത്തിൽ നമുക്ക്‌ പൂർണവിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

 വയൽശുശ്രൂഷയിൽ പങ്കുപറ്റാൻ ഒരു ബൈബിൾവിദ്യാർഥിക്ക്‌ യോഗ്യതയുണ്ടോ എന്നു പരിശോധിക്കവെ, മൂപ്പന്മാർ ഈ ചോദ്യം കണക്കിലെടുക്കും: “ബൈബിൾ ദൈവത്തിന്റെ നിശ്വസ്‌തവചനമാണെന്ന്‌ വ്യക്തി വിശ്വസിക്കുന്നതായി അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും പ്രകടമാക്കുന്നുണ്ടോ?” a രാജ്യപ്രസാധകനാകാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും—വാസ്‌തവത്തിൽ എല്ലാ ദൈവദാസരുടെയും—കാര്യത്തിൽ ഉത്തരം ഉവ്വ്‌ എന്നുതന്നെയായിരിക്കണം. എന്തുകൊണ്ട്‌? ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസവും ശുശ്രൂഷയിൽ അത്‌ ഫലകരമായി ഉപയോഗിക്കാനുള്ള കഴിവും, യഹോവയെ അറിയാനും അങ്ങനെ രക്ഷ പ്രാപിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിന്‌ നമ്മെ പ്രാപ്‌തരാക്കും.

2. ‘ഗ്രഹിച്ച കാര്യങ്ങളിൽ നിലനിൽക്കേണ്ടത്‌’ എന്തുകൊണ്ട്‌?

2 അപ്പൊസ്‌തലനായ പൗലോസ്‌ തിമൊഥെയൊസിന്‌ എഴുതിയപ്പോൾ ദൈവവചനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: ‘നീ ഗ്രഹിച്ചതും നിനക്കു ബോധ്യംവന്നിട്ടുള്ളതുമായ കാര്യങ്ങളിൽ നിലനിൽക്കുക.’ ഇവിടെ ‘കാര്യങ്ങൾ’ എന്നു പൗലോസ്‌ പരാമർശിച്ചിരിക്കുന്നത്‌ സുവാർത്തയിൽ വിശ്വാസമർപ്പിക്കാൻ തിമൊഥെയൊസിനെ പ്രേരിപ്പിച്ച ബൈബിൾസത്യങ്ങളെയാണ്‌. ഈ സത്യങ്ങൾ നമ്മെയും അങ്ങനെതന്നെ സ്വാധീനിച്ചിരിക്കുന്നു. ‘രക്ഷ പ്രാപിക്കുന്നതിനു ജ്ഞാനിയായി’ തുടരാൻ അതു നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നു. (2 തിമൊ. 3:14, 15) ബൈബിൾ ദിവ്യനിശ്വസ്‌തമാണെന്ന്‌ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാൻ പൗലോസിന്റെ തുടർന്നുള്ള വാക്കുകൾ നാം ഉപയോഗിക്കാറുണ്ട്‌. എന്നാൽ 2 തിമൊഥെയൊസ്‌ 3:16-ൽ (വായിക്കുക.) കാണുന്ന ആ വാക്കുകളിൽനിന്ന്‌ അതിലുമധികം പ്രയോജനം നമുക്ക്‌ വ്യക്തിപരമായി നേടാൻ കഴിയും. ആ വാക്യം നമുക്കൊന്ന്‌ അപഗ്രഥിക്കാം. അങ്ങനെ ചെയ്യുന്നത്‌ യഹോവയിൽനിന്നുള്ള സമസ്‌തോപദേശങ്ങളും ‘ഒത്തതാണെന്ന്‌’ അഥവാ നീതിയുക്തമാണെന്ന്‌ ഉള്ള നമ്മുടെ ബോധ്യത്തെ ഒന്നുകൂടി ഉറച്ചതാക്കും.—സങ്കീ. 119:128.

‘പഠിപ്പിക്കുന്നതിന്‌ ഉപകരിക്കുന്നു’

3-5. (എ) പെന്തെക്കൊസ്‌തുനാളിലെ പത്രോസിന്റെ പ്രസംഗത്തോട്‌ ശ്രോതാക്കൾ പ്രതികരിച്ചത്‌ എങ്ങനെ, എന്തുകൊണ്ട്‌? (ബി) തെസ്സലോനിക്യയിൽ പലരും സത്യം സ്വീകരിച്ചത്‌ എന്തുകൊണ്ട്‌? (സി) ഇന്നു നമ്മുടെ ശുശ്രൂഷയിൽ ആളുകളിൽ മതിപ്പുണ്ടാക്കുന്ന കാര്യമെന്താണ്‌?

3 ഇസ്രായേൽ ജനതയോട്‌ യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ഉപദേഷ്ടാക്കളെയും നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കുന്നു.” (മത്താ. 23:34) തന്റെ ശിഷ്യന്മാരെപ്പറ്റിയാണ്‌ യേശു അതു പറഞ്ഞത്‌; ശുശ്രൂഷയിൽ തിരുവെഴുത്തുകൾ ഉപയോഗിക്കാൻ അവൻ അവരെ പരിശീലിപ്പിച്ചിരുന്നു. എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ, അത്തരം ‘ഉപദേഷ്ടാക്കളിൽ’ ഒരാളായ പത്രോസ്‌ അപ്പൊസ്‌തലൻ യെരുശലേമിൽ കൂടിവന്ന ഒരു വലിയ ജനസമൂഹത്തോട്‌ പ്രസംഗിച്ചു. അപ്പോൾ അവൻ എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള ധാരാളം ഭാഗങ്ങൾ ഉദ്ധരിക്കുകയുണ്ടായി. പത്രോസ്‌ ആ തിരുവെഴുത്തുകളുടെ പ്രസക്തി വിശദീകരിച്ചപ്പോൾ ശ്രോതാക്കളിൽ പലർക്കും ‘ഹൃദയത്തിൽ കുത്തുകൊണ്ടു.’ അവർ തങ്ങളുടെ മുൻകാലപാപങ്ങളെപ്രതി അനുതപിച്ചു. അന്ന്‌ മൂവായിരത്തോളം പേർ ദൈവത്തിന്റെ ക്ഷമതേടുകയും ക്രിസ്‌ത്യാനികളായിത്തീരുകയും ചെയ്‌തു.—പ്രവൃ. 2:37-41.

4 മറ്റൊരു ഉപദേഷ്ടാവായ പൗലോസ്‌ അപ്പൊസ്‌തലൻ യെരുശലേമിനുമപ്പുറം വിദൂരദേശങ്ങളിലേക്ക്‌ സുവാർത്തയുമായി കടന്നുചെന്നു. ഉദാഹരണത്തിന്‌, മാസിഡോണിയൻ പട്ടണമായ തെസ്സലോനിക്യയിലെ സിനഗോഗിൽ ആരാധിച്ചുകൊണ്ടിരുന്നവരോട്‌ അവൻ പ്രസംഗിച്ചു. മൂന്നു ശബത്തുകളിൽ “തിരുവെഴുത്തുകളെ ആധാരമാക്കി (പൗലോസ്‌) അവരുമായി ന്യായവാദം ചെയ്‌തു. ക്രിസ്‌തു കഷ്ടം സഹിക്കുകയും മരിച്ചവരിൽനിന്ന്‌ ഉയിർക്കുകയും ചെയ്യേണ്ടത്‌ ആവശ്യമായിരുന്നു എന്ന്‌ അവൻ വിശുദ്ധ ലിഖിതങ്ങളിൽനിന്നു വിശദീകരിച്ച്‌ തെളിയിച്ചു.” എന്തായിരുന്നു ഫലം? ആ ‘യഹൂദന്മാരിൽ ചിലർ വിശ്വാസികളായി, ഗ്രീക്കുകാരിൽ അനേകരും അങ്ങനെതന്നെ ചെയ്‌തു.’—പ്രവൃ. 17:1-4.

5 ഇന്നും ദൈവദാസർ ദൈവവചനം ഉപയോഗിക്കുന്ന രീതി കണ്ടിട്ട്‌ പലരും വിസ്‌മയംകൊള്ളാറുണ്ട്‌. സ്വിറ്റ്‌സർലൻഡിൽ, നമ്മുടെ ഒരു സഹോദരി വീട്ടുകാരനെ ബൈബിൾ വായിച്ചുകേൾപ്പിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ ചോദിച്ചു: “നിങ്ങൾ ഏതു കൂട്ടരാണ്‌?” “ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌” എന്നു സഹോദരി മറുപടി നൽകി. “ഓ, അതു ഞാൻ ഓർത്തില്ല, യഹോവയുടെ സാക്ഷികളല്ലാതെ മറ്റാരാണ്‌ എന്റെ വീട്ടിൽ വന്ന്‌ ബൈബിൾ വായിക്കുക!” അദ്ദേഹം പറഞ്ഞു.

6, 7. (എ) യോഗങ്ങളിൽ പഠിപ്പിക്കുന്നവർക്ക്‌ എങ്ങനെ ബൈബിൾ നന്നായി ഉപയോഗിക്കാം? (ബി) ഭവനബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ തിരുവെഴുത്തുകൾ ഫലകരമായി ഉപയോഗിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ നമുക്ക്‌ ബൈബിൾ ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാൻ കഴിയും? യോഗങ്ങളിൽ പഠിപ്പിക്കാനുള്ള പദവി നിങ്ങൾക്കുണ്ടെങ്കിൽ നിർദിഷ്ടതിരുവെഴുത്തുകൾ ബൈബിൾ തുറന്ന്‌ എടുക്കുക. മുഖ്യതിരുവെഴുത്തുകൾ വെറുതെ പരാവർത്തനം ചെയ്യുകയോ പ്രിന്റൗട്ടിൽനിന്നോ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിൽനിന്നോ വായിക്കുകയോ ചെയ്യാതെ ബൈബിൾ തുറന്ന്‌ അതിൽനിന്നു വായിക്കുക. അങ്ങനെ ചെയ്യാൻ സദസ്സിനെയും പ്രോത്സാഹിപ്പിക്കുക. യഹോവയോട്‌ കൂടുതൽ അടുക്കാൻ സഹോദരങ്ങളെ സഹായിക്കുന്നതിന്‌, തിരുവെഴുത്തുകൾ എങ്ങനെ ബാധകമാക്കാമെന്നു പറഞ്ഞുകൊടുക്കാൻ സമയമെടുക്കുക. സങ്കീർണമായ ദൃഷ്ടാന്തങ്ങളോ രസിപ്പിക്കാൻവേണ്ടി മാത്രമുള്ള അനുഭവങ്ങളോ ഉപയോഗിച്ചു സമയംകളയാതെ ദൈവവചനം വായിച്ചു വിശദീകരിക്കുന്നതിലായിരിക്കണം മുഖ്യശ്രദ്ധ.

7 ഭവനബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ നാം എന്തു കാര്യം മനസ്സിൽപ്പിടിക്കണം? നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കവെ, പരാമർശിക്കുക മാത്രം ചെയ്‌തിരിക്കുന്ന തിരുവെഴുത്തുകൾ അവഗണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അവ വായിച്ചിരിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കണം. അവയുടെ അർഥം ഗ്രഹിക്കാനും നാം അവരെ സഹായിക്കണം. അത്‌ എങ്ങനെ ചെയ്യാം? നീണ്ട വിശദീകരണം നൽകിക്കൊണ്ട്‌ ബൈബിളധ്യയനത്തെ ഒരു പ്രഭാഷണപരമ്പരയാക്കി മാറ്റരുത്‌. പകരം, തന്റെ മനസ്സിലുള്ള കാര്യങ്ങൾ വിദ്യാർഥി പറയട്ടെ. എന്തു വിശ്വസിക്കണമെന്നോ എങ്ങനെ പ്രവർത്തിക്കണമെന്നോ നാംതന്നെ പറഞ്ഞുകൊടുക്കുന്നതിനു പകരം ശരിയായ നിഗമനത്തിലെത്തിച്ചേരാൻ അദ്ദേഹത്തെ സഹായിക്കുന്നതിന്‌ നന്നായി ചിന്തിച്ചെടുത്ത ചോദ്യങ്ങൾ ഉപയോഗിക്കുക. b

‘ശാസിക്കുന്നതിന്‌ ഉപകരിക്കുന്നു’

8. പൗലോസിന്‌ ഉള്ളിൽ എന്തു പോരാട്ടമുണ്ടായിരുന്നു?

8 ശാസന നൽകുന്നത്‌ ക്രിസ്‌തീയമൂപ്പന്മാരുടെ ഉത്തരവാദിത്വമായിട്ടാണ്‌ നാം മിക്കപ്പോഴും കാണാറ്‌. ‘പാപത്തിൽ തുടരുന്നവരെ ശാസിക്കുക’ എന്നത്‌ മൂപ്പന്മാരുടെ ഉത്തരവാദിത്വംതന്നെയാണ്‌. (1 തിമൊ. 5:20; തീത്തൊ. 1:13, 14) എന്നാൽ നാം സ്വയം ശാസിക്കേണ്ടതും വളരെ പ്രധാനമാണ്‌. ശുദ്ധമനസ്സാക്ഷി ഉണ്ടായിരുന്ന മാതൃകായോഗ്യനായ ഒരു ക്രിസ്‌ത്യാനിയായിരുന്നു പൗലോസ്‌. (2 തിമൊ. 1:3) എന്നിട്ടും അവൻ ഇങ്ങനെ എഴുതി: “എന്റെ മനസ്സിന്റെ പ്രമാണത്തോടു പോരാടുന്ന മറ്റൊരു പ്രമാണം എന്റെ അവയവങ്ങളിൽ ഞാൻ കാണുന്നു. എന്റെ അവയവങ്ങളിലുള്ള ആ പാപപ്രമാണം എന്നെ അടിമയാക്കിത്തീർക്കുന്നു.” പാപപ്രവണതയെ വരുതിയിൽ നിറുത്താൻ എന്തു പോരാട്ടമാണ്‌ പൗലോസിനു നടത്തേണ്ടിവന്നത്‌? അവൻ പറഞ്ഞതിന്റെ പശ്ചാത്തലം അറിയുന്നത്‌ അതു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.—റോമർ 7:21-25 വായിക്കുക.

9, 10. (എ) സാധ്യതയനുസരിച്ച്‌ ഏതെല്ലാം ബലഹീനതകളുമായാണ്‌ പൗലോസിന്‌ പോരാടേണ്ടിവന്നത്‌? (ബി) പാപത്തിനെതിരെ പൗലോസ്‌ പോരാട്ടം തുടർന്നത്‌ എങ്ങനെയായിരിക്കാം?

9 പൗലോസിന്‌ ഏതു ബലഹീനതയുമായാണ്‌ പോരാടേണ്ടിവന്നത്‌? ഏതാണെന്ന്‌ കൃത്യമായി അവൻ പറയുന്നില്ല. എന്നാൽ തിമൊഥെയൊസിന്‌ എഴുതിയപ്പോൾ താൻ ഒരു “ധിക്കാരി” ആയിരുന്നെന്ന്‌ അവൻ പറയുന്നുണ്ട്‌. (1 തിമൊ. 1:13) അവന്റെ പരിവർത്തനത്തിനു മുമ്പ്‌ ക്രിസ്‌ത്യാനികളോട്‌ അവൻ ഉഗ്രകോപം വെച്ചുപുലർത്തിയിരുന്നു. ക്രിസ്‌തുവിന്റെ അനുഗാമികൾക്കു “നേരെ അത്യന്തം ഭ്രാന്തുപിടിച്ചു” താൻ അവരെ ഉപദ്രവിച്ചു എന്ന്‌ അവൻ തുറന്നുപറഞ്ഞു. (പ്രവൃ. 26:11, സത്യവേദപുസ്‌തകം.) പൗലോസ്‌ തന്റെ കോപം നിയന്ത്രിക്കാൻ പഠിക്കുകതന്നെ ചെയ്‌തു. എന്നാൽ ചിലപ്പോഴെങ്കിലും തന്റെ വികാരങ്ങളും വാക്കുകളും നിയന്ത്രിക്കാൻ അവൻ നന്നേ പാടുപെട്ടിട്ടുണ്ടാകണം. (പ്രവൃ. 15:36-39) എങ്ങനെയാണ്‌ അവന്‌ അതിൽ വിജയിക്കാനായത്‌?

10 കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതിയപ്പോൾ തന്നെത്തന്നെ ശാസിക്കാൻ അവൻ ഒരു മാർഗം പ്രയോഗിച്ചുനോക്കിയതായി പറയുന്നു. (1 കൊരിന്ത്യർ 9:26, 27 വായിക്കുക.) അവൻ സ്വന്തം അപൂർണപ്രകൃതത്തിനുനേരെ കുറിക്കുകൊള്ളുന്ന ചില ആത്മീയദണ്ഡനമുറകൾ പ്രയോഗിച്ചു. സാധ്യതയനുസരിച്ച്‌, അവൻ തിരുവെഴുത്തുകളിൽ തിരഞ്ഞ്‌ ബുദ്ധിയുപദേശങ്ങൾ കണ്ടെത്തുകയും അത്‌ ബാധകമാക്കാനുള്ള സഹായത്തിനായി യഹോവയോടു യാചിക്കുകയും മാറ്റംവരുത്താൻ അങ്ങേയറ്റം ആത്മാർഥതയോടെ ശ്രമിക്കുകയും ചെയ്‌തു. c നമുക്കും അവന്റെ മാതൃകയിൽനിന്നു പഠിക്കാനുണ്ട്‌. കാരണം, ദോഷകരമായ ചായ്‌വുകൾക്കെതിരെയുള്ള പോരാട്ടം നമുക്കുമുണ്ട്‌.

11. സത്യത്തിന്റെ മാർഗത്തിൽത്തന്നെയാണ്‌ ചരിക്കുന്നതെന്ന്‌ ഉറപ്പുവരുത്താൻ നമുക്ക്‌ എങ്ങനെ സ്വയം ‘പരിശോധിച്ചുകൊണ്ടിരിക്കാൻ’ കഴിയും?

11 ആരാധനയുടെ കാര്യത്തിൽ നാം ഒരിക്കലും ഉദാസീനരായിപ്പോകരുത്‌. പകരം, സത്യത്തിന്റെ മാർഗത്തിൽത്തന്നെയാണ്‌ നാം ചരിക്കുന്നതെന്ന്‌ ഉറപ്പുവരുത്താനായി സ്വയം ‘പരിശോധിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌.’ (2 കൊരി. 13:5) കൊലോസ്യർ 3:5-10 പോലെയുള്ള തിരുവെഴുത്തുഭാഗങ്ങൾ വായിക്കുമ്പോൾ നമുക്ക്‌ ഇങ്ങനെ സ്വയം ചോദിക്കാനാകും: ‘എന്റെ പാപപ്രവണതകൾ നിഗ്രഹിക്കാൻ ഞാൻ കഠിനമായി ശ്രമിക്കുന്നുണ്ടോ, അതോ ഞാൻ ധാർമികമായി ക്ഷയിച്ചുകൊണ്ടിരിക്കുകയാണോ? ഇന്റർനെറ്റ്‌ ഉപയോഗിക്കവെ, ഒരു അശ്ലീലസൈറ്റ്‌ തുറന്നുവരുന്നെങ്കിൽ ഞാൻ അതിൽനിന്നു പുറത്തുകടക്കുമോ? അതോ അത്തരം അസാന്മാർഗിക വെബ്‌സൈറ്റുകൾ തിരഞ്ഞുപോകുമോ?’ ദൈവവചനത്തിലെ ബുദ്ധിയുപദേശങ്ങൾ നമ്മുടെ സ്വകാര്യജീവിതത്തിൽ അപ്രകാരം ബാധകമാക്കുന്നത്‌ “ഉണർന്നും സുബോധത്തോടെയും” ഇരിക്കാൻ നമ്മെ സഹായിക്കും.—1 തെസ്സ. 5:6-8.

‘കാര്യങ്ങൾ നേരെയാക്കുന്നതിന്‌ ഉപകരിക്കുന്നു’

12, 13. (എ) ‘കാര്യങ്ങൾ നേരെയാക്കുമ്പോൾ’ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം, ഇക്കാര്യത്തിൽ യേശുവിന്റെ മാതൃക എങ്ങനെ അനുകരിക്കാം? (ബി) മറ്റുള്ളവരുമായി ‘കാര്യങ്ങൾ നേരെയാക്കുമ്പോൾ’ എങ്ങനെയുള്ള സംസാരം ഒഴിവാക്കണം?

12 ‘കാര്യങ്ങൾ നേരെയാക്കുക’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അർഥം “നന്നാക്കുക, തിരുത്തുക, നേരാംവണ്ണമുള്ള അവസ്ഥയിലേക്കു മടക്കിക്കൊണ്ടുവരുക” എന്നൊക്കെയാണ്‌. ചിലപ്പോൾ ആരെങ്കിലും നമ്മെയോ നമ്മുടെ പ്രവൃത്തികളെയോ തെറ്റിദ്ധരിക്കുന്നെങ്കിൽ അവരുമായി ‘കാര്യങ്ങൾ നേരെയാക്കേണ്ടതുണ്ട്‌.’ ഉദാഹരണത്തിന്‌, യേശു “ചുങ്കക്കാരോടും പാപികളോടും” ദയകാണിക്കുന്നു എന്ന്‌ യഹൂദ മതനേതാക്കന്മാർ പരാതിപ്പെട്ടു. അപ്പോൾ യേശു അവരെ ഇങ്ങനെ തിരുത്തി: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട്‌ ആവശ്യം. ‘യാഗമല്ല, കരുണയാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌’ എന്നതിന്റെ അർഥമെന്തെന്നു പോയി പഠിക്കുവിൻ.” (മത്താ. 9:11-13) ദൈവത്തെക്കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരണയും യേശു ക്ഷമയോടെ ദയാപുരസ്സരം തിരുത്തി. തത്‌ഫലമായി, യഹോവ “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ” എന്ന്‌ താഴ്‌മയുള്ളവർ അറിയാനിടയായി. (പുറ. 34:6) ‘കാര്യങ്ങൾ നേരെയാക്കാൻ’ ദൈവപുത്രൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി ഒട്ടേറെയാളുകൾ സുവാർത്ത കേട്ടു വിശ്വസിച്ചു.

13 മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്നതിന്‌ യേശു വെച്ച മാതൃക അനുകരണീയമാണ്‌. ഒരു വ്യക്തിക്ക്‌ മറ്റൊരാളോട്‌ മനസ്സിൽ മുഷിവോ നീരസമോ തോന്നുന്നെന്നിരിക്കട്ടെ. ‘എനിക്കു നിങ്ങളോടു ചില കാര്യങ്ങൾ പറഞ്ഞുനേരെയാക്കാനുണ്ട്‌’ എന്ന്‌ ആ വ്യക്തി പോയി മറ്റേയാളോട്‌ എടുത്തടിച്ചതുപോലെ പറഞ്ഞേക്കാം. എന്നാൽ അത്തരമൊരു സമീപനത്തെക്കുറിച്ചല്ല 2 തിമൊഥെയൊസ്‌ 3:16 പറയുന്നത്‌. കാരണം, അങ്ങനെ മറ്റുള്ളവരോട്‌ അരിശപ്പെട്ടു സംസാരിക്കാനുള്ള അധികാരം ഒരു “തിരുവെഴുത്തും” നമുക്കാർക്കും നൽകുന്നില്ല. “വാളുകൊണ്ടു കുത്തുംപോലെ”യുള്ള രൂക്ഷസംസാരംകൊണ്ട്‌ മറ്റേയാളുടെ മനസ്സുവേദനിക്കുമെന്നല്ലാതെ പ്രയോജനമൊന്നും ഉണ്ടാകില്ല.—സദൃ. 12:18.

14-16. (എ) പ്രശ്‌നങ്ങൾ പരിഹരിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട്‌ മൂപ്പന്മാർക്ക്‌ എങ്ങനെ ‘കാര്യങ്ങൾ നേരെയാക്കാം?’ (ബി) കുട്ടികളോടുള്ള ബന്ധത്തിൽ തിരുവെഴുത്തുപരമായി ‘കാര്യങ്ങൾ നേരെയാക്കുന്നത്‌’ പ്രധാനമായിരിക്കുന്നത്‌ എങ്ങനെ?

14 അങ്ങനെയെങ്കിൽ, ക്ഷമയും ദയയും കാണിച്ചുകൊണ്ട്‌ എങ്ങനെ ‘കാര്യങ്ങൾ നേരെയാക്കാം?’ ഒരു ദമ്പതികൾ കൂടെക്കൂടെയുള്ള തങ്ങളുടെ വാക്കുതർക്കത്തിന്‌ ഒരു പരിഹാരം തേടി ഒരു മൂപ്പനെ സമീപിക്കുന്നു എന്നു കരുതുക. മൂപ്പന്‌ എന്തു ചെയ്യാൻ കഴിയും? പക്ഷംപിടിക്കാതെ ബൈബിൾതത്ത്വങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അദ്ദേഹത്തിന്‌ അവരോട്‌ സംസാരിക്കാനാകും. ഒരുപക്ഷേ കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തിന്റെ മൂന്നാം അധ്യായത്തിൽ കാണുന്ന തിരുവെഴുത്തുതത്ത്വങ്ങൾ ഉപയോഗിക്കാം. മൂപ്പൻ ചർച്ച മുന്നോട്ടു നയിക്കവെ, ഓരോരുത്തരും വ്യക്തിപരമായി ബാധകമാക്കേണ്ട ബുദ്ധിയുപദേശം ഏതാണെന്ന്‌ ഭാര്യക്കും ഭർത്താവിനും മനസ്സിലാക്കാനാകും. പിന്നീട്‌ ഒരവസരത്തിൽ, കുടുംബത്തിൽ കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന്‌ അന്വേഷിക്കാനും ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകാനും മൂപ്പനു കഴിയും.

 15 കുട്ടികളെ ആത്മീയമായി ബലപ്പെടുത്തുന്ന വിധത്തിൽ മാതാപിതാക്കൾക്ക്‌ എങ്ങനെ ‘കാര്യങ്ങൾ നേരെയാക്കാം?’ അത്ര പന്തിയല്ലാത്ത ഒരു സൗഹൃദം ഒഴിവാക്കാൻ കൗമാരപ്രായത്തിലുള്ള മകളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെന്നു കരുതുക. ആദ്യംതന്നെ കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കുക. അതിനുശേഷം, ആശങ്കയ്‌ക്കു വകയുണ്ടെങ്കിൽ കുട്ടിയെ വിളിച്ചു സംസാരിക്കുക. അതിന്‌ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും വാല്യം 2-ലെ (ഇംഗ്ലീഷ്‌) വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്‌. തുടർന്നുള്ള ദിവസങ്ങളിൽ അവളോടൊത്ത്‌ കൂടുതൽ സമയം ചെലവിടുക. വയൽസേവനത്തിലായിരിക്കുമ്പോഴും കുടുംബമൊന്നിച്ചുള്ള വിനോദവേളകളിലും അവളുടെ മാനസികാവസ്ഥ എങ്ങനെയുണ്ടെന്ന്‌ നിരീക്ഷിക്കുക. ക്ഷമയും ദയയും കാണിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ അവളോടുള്ള താത്‌പര്യവും സ്‌നേഹവും അവൾ തിരിച്ചറിയും. അങ്ങനെയാകുമ്പോൾ നിങ്ങൾ കൊടുത്ത ഉപദേശം സ്വീകരിക്കാൻ അവൾ കൂടുതൽ മനസ്സൊരുക്കം കാണിച്ചേക്കാം. ഒരു ദുരന്തത്തിലേക്കു കാലെടുത്തുവെക്കാതിരിക്കാൻ അത്‌ അവളെ സഹായിക്കും.

മാതാപിതാക്കൾ ബൈബിൾ ദയാപുരസ്സരം ഉപയോഗിച്ചുകൊണ്ട്‌ ‘കാര്യങ്ങൾ നേരെയാക്കുന്നത്‌’ ഹൃദയവേദനകൾ ഒഴിവാക്കാൻ കുട്ടികളെ സഹായിക്കും ( 15-ാം ഖണ്ഡിക കാണുക)

16 ആരോഗ്യത്തെപ്രതി വ്യാകുലപ്പെടുന്നവർ, ജോലി നഷ്ടപ്പെട്ടു വിഷാദിച്ചിരിക്കുന്നവർ, ചില തിരുവെഴുത്തുപദേശങ്ങളെക്കുറിച്ച്‌ ആശയക്കുഴപ്പമുള്ളവർ തുടങ്ങിയവരെയും ഇതുപോലെ ക്ഷമയും ദയയും കാണിച്ചുകൊണ്ട്‌ നമുക്കു പ്രോത്സാഹിപ്പിക്കാനാകും. ‘കാര്യങ്ങൾ നേരെയാക്കാൻ’ ദൈവത്തിന്റെ വചനം ഉപയോഗിക്കുന്നതുകൊണ്ട്‌ യഹോവയുടെ ജനത്തിന്‌ വലിയ പ്രയോജനങ്ങൾ കൈവരുന്നു.

‘നീതിയിൽ ശിക്ഷണം നൽകുന്നതിന്‌ ഉപകരിക്കുന്നു’

17. നന്ദിയോടെ ശിക്ഷണം സ്വീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 “ഒരു ശിക്ഷയും തത്‌കാലത്തേക്കു സന്തോഷകരമല്ല, ദുഃഖകരംതന്നെയാണ്‌.” എന്നാൽ, “അതിനാൽ പരിശീലനം നേടിക്കഴിഞ്ഞവർക്ക്‌ അതു പിന്നീട്‌ നീതി എന്ന സമാധാനഫലം നൽകുന്നു.” (എബ്രാ. 12:11) ക്രിസ്‌തീയമാതാപിതാക്കളിൽനിന്ന്‌ ചെറുപ്പകാലത്ത്‌ ലഭിച്ച ശിക്ഷണം തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന്‌ മിക്ക ക്രിസ്‌ത്യാനികളും സമ്മതിക്കും. യഹോവ ക്രിസ്‌തീയമൂപ്പന്മാരിലൂടെ നൽകുന്ന ശിക്ഷണം സ്വീകരിക്കുന്നത്‌ ജീവന്റെ പാതയിൽനിന്നു വ്യതിചലിക്കാതിരിക്കാൻ നമ്മെ സഹായിക്കും.—സദൃ. 4:13.

18, 19. (എ) സദൃശവാക്യങ്ങൾ 18:13-ലെ ബുദ്ധിയുപദേശം ‘നീതിയിൽ ശിക്ഷണം നൽകാൻ’ സഹായിക്കുന്നത്‌ എങ്ങനെ? (ബി) തെറ്റു ചെയ്‌തവരോട്‌ സ്‌നേഹത്തോടെയും സൗമ്യതയോടെയും മൂപ്പന്മാർ ഇടപെടുമ്പോൾ എന്തു ഫലം ലഭിച്ചേക്കാം?

18 ഫലകരമായി ശിക്ഷണം നൽകുന്നതിന്‌ വൈദഗ്‌ധ്യം ആവശ്യമാണ്‌. ‘നീതിയിൽ ശിക്ഷണം നൽകാനാണ്‌’ യഹോവ ക്രിസ്‌ത്യാനികളോടു പറഞ്ഞിരിക്കുന്നത്‌. (2 തിമൊ. 3:16) അതിനാൽ ബൈബിൾതത്ത്വങ്ങളെത്തന്നെ നാം വഴികാട്ടിയാക്കണം. അത്തരമൊരു തത്ത്വം സദൃശവാക്യങ്ങൾ 18:13-ൽ കാണുന്നു: “കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയിത്തീരുന്നു.” അതുകൊണ്ട്‌ ഗുരുതരമായ പാപം ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെടുന്ന ഒരു വ്യക്തിക്ക്‌ ബുദ്ധിയുപദേശം നൽകുന്നതിനു മുമ്പ്‌ മൂപ്പന്മാർ നല്ലവണ്ണം അന്വേഷിച്ച്‌ ഉൾപ്പെട്ടിരിക്കുന്ന വസ്‌തുതകളെല്ലാം കണ്ടെത്തണം. (ആവ. 13:14, 15) അങ്ങനെ ചെയ്‌താൽ മാത്രമേ, ‘നീതിയിൽ ശിക്ഷണം നൽകാനാകൂ.’

19 കൂടാതെ, മറ്റുള്ളവരെ “സൗമ്യതയോടെ” തിരുത്താനും ദൈവവചനം ക്രിസ്‌തീയമൂപ്പന്മാരെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. (2 തിമൊഥെയൊസ്‌ 2:24-26 വായിക്കുക.) തെറ്റുകാരനായ ഒരു വ്യക്തി ദൈവനാമത്തിന്മേൽ നിന്ദയും നിഷ്‌കളങ്കരായ വ്യക്തികൾക്ക്‌ ഹാനിയും വരുത്തിവെച്ചിട്ടുണ്ടാകാം. എങ്കിൽപ്പോലും അങ്ങനെയുള്ള ഒരാളിന്‌ ബുദ്ധിയുപദേശം നൽകുമ്പോൾ മൂപ്പൻ അയാളോട്‌ കോപിക്കുന്നെങ്കിൽ അതു വിപരീതഫലമേ ചെയ്യൂ. എന്നാൽ മൂപ്പന്മാർ ദൈവത്തിന്റെ “അളവറ്റ ദയയെ” അനുകരിക്കുന്നെങ്കിൽ തെറ്റുകാരനെ മാനസാന്തരത്തിലേക്കു നയിക്കാൻ അവർക്കു കഴിഞ്ഞേക്കും.—റോമ. 2:4.

20. കുട്ടികൾക്ക്‌ ശിക്ഷണം നൽകേണ്ടിവരുമ്പോൾ മാതാപിതാക്കൾ ഏത്‌ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കണം?

20 “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക്‌ അനുസൃതമായും” മക്കളെ വളർത്തിക്കൊണ്ടുവരുന്നതിന്‌ മാതാപിതാക്കൾ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കണം. (എഫെ. 6:4) കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച്‌ പരാതി കേട്ടാൽ ‘കഥയുടെ ഒരു വശം’ മാത്രം കേട്ടിട്ട്‌ ശിക്ഷിക്കാൻ മുതിരരുത്‌. കോപാവേശം ക്രിസ്‌തീയകുടുംബത്തിന്‌ ഒട്ടും ഭൂഷണമല്ല! “യഹോവ വാത്സല്യവും കരുണയും നിറഞ്ഞ”വനാണ്‌. കുട്ടികൾക്ക്‌ ശിക്ഷണം നൽകുമ്പോൾ മാതാപിതാക്കൾ അതേ ആർദ്രഗുണങ്ങൾ കാണിക്കാൻ ശ്രദ്ധിക്കണം.—യാക്കോ. 5:11.

യഹോവയുടെ വിലതീരാത്ത സമ്മാനം

21, 22. സങ്കീർത്തനം 119:97-104-ലെ ഏതു വാക്കുകളാണ്‌ യഹോവയുടെ വചനത്തോടുള്ള നിങ്ങളുടെ വികാരങ്ങൾ ഏറ്റവും നന്നായി വർണിക്കുന്നത്‌?

21 ദൈവഭയം ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒരിക്കൽ യഹോവയുടെ ന്യായപ്രമാണത്തെ താൻ പ്രിയപ്പെടുന്നത്‌ എന്തുകൊണ്ടാണെന്നു വ്യക്തമാക്കി. (സങ്കീർത്തനം 119:97-104 വായിക്കുക.) ന്യായപ്രമാണം പഠിച്ചതിലൂടെ ജ്ഞാനവും ഉൾക്കാഴ്‌ചയും ഗ്രാഹ്യവും അവൻ നേടി. മറ്റു പലർക്കും ഹൃദയവേദന വരുത്തിയിട്ടുള്ള തെറ്റായ പാതകൾ ഒഴിവാക്കാൻ അതിലെ ഉപദേശങ്ങൾ അനുവർത്തിച്ചത്‌ അവനെ സഹായിച്ചു. തിരുവെഴുത്തുകൾ പഠിക്കുന്നത്‌ അവനു സന്തോഷവും ആസ്വാദനവും ഏകുന്ന ഒരു അനുഭവമായിരുന്നു. ജീവിതത്തിൽ അനവധിയായ സത്‌ഫലങ്ങൾ നൽകിയ ആ ദിവ്യപ്രബോധനങ്ങളുടെ ഉറവായ ദൈവത്തെ എപ്പോഴും അനുസരിക്കാൻ അവൻ തീരുമാനമെടുത്തിരുന്നു.

22 “എല്ലാ തിരുവെഴുത്തും” മൂല്യവത്തായി നിങ്ങൾ വീക്ഷിക്കുന്നുണ്ടോ? ദൈവം തന്റെ ഉദ്ദേശ്യങ്ങൾ സാക്ഷാത്‌കരിക്കുമെന്നുള്ള നിങ്ങളുടെ വിശ്വാസം വർധിപ്പിക്കാൻ മുഴുബൈബിളും നിങ്ങളെ സഹായിക്കും. പാപത്തിൽ നടക്കുന്നതിന്റെ മാരകഫലങ്ങളിൽനിന്ന്‌ അതിലുള്ള നിശ്വസ്‌ത ഉപദേശങ്ങൾ നിങ്ങളെ കാക്കും. അത്‌ വൈദഗ്‌ധ്യത്തോടെ വിശദീകരിച്ചുകൊടുത്തുകൊണ്ട്‌, ജീവന്റെ പാത തിരഞ്ഞെടുക്കാനും ആ പാതയിൽ ചരിക്കാനും നിങ്ങൾക്ക്‌ മറ്റുള്ളവരെ സഹായിക്കാനാകും. സർവജ്ഞാനിയും സ്‌നേഹസമ്പൂർണനുമായ യഹോവയെ സേവിക്കുമ്പോൾ “എല്ലാ തിരുവെഴുത്തും” നമുക്ക്‌ പൂർണമായി പ്രയോജനപ്പെടുത്താം.

a യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്‌തകത്തിന്റെ 79, 80 പേജുകൾ കാണുക.

b “നിങ്ങൾക്ക്‌ എന്തു തോന്നുന്നു?” എന്ന ചോദ്യം, മറ്റുള്ളവരെ പഠിപ്പിക്കവെ യേശു കൂടെക്കൂടെ ഉപയോഗിച്ചു. എന്നിട്ട്‌ അവരുടെ മറുപടിക്കായി കാത്തു.—മത്താ. 18:12; 21:28; 22:42.

c പാപപ്രവണതകൾ മറികടക്കാനുള്ള പ്രോത്സാഹനങ്ങൾ ധാരാളമുണ്ട്‌ പൗലോസിന്റെ ലേഖനങ്ങളിൽ. (റോമ. 6:12; ഗലാ. 5:16-18) അവൻ മറ്റുള്ളവർക്കു നൽകിയ ബുദ്ധിയുപദേശങ്ങൾ അവൻതന്നെ ബാധകമാക്കിയെന്ന്‌ ന്യായമായും നമുക്ക്‌ നിഗമനം ചെയ്യാം.—റോമ. 2:21.