വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘തളർന്നുപോകരുത്‌!’

‘തളർന്നുപോകരുത്‌!’

“നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌.”—ഗലാ. 6:9.

1, 2. യഹോവയുടെ സാർവത്രികസംഘടനയെക്കുറിച്ചു ചിന്തിക്കുന്നത്‌ നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നത്‌ എങ്ങനെ?

 അതിബൃഹത്തായ ഒരു സാർവത്രികസംഘടനയുടെ ഭാഗമാണ്‌ നാം എന്നു ചിന്തിക്കുന്നതുതന്നെ നമ്മിൽ ഭയാദരവുണർത്തുന്നു. യെഹെസ്‌കേൽ ഒന്നാം അധ്യായത്തിലും ദാനിയേൽ ഏഴാം അധ്യായത്തിലും രേഖപ്പെടുത്തിയിരിക്കുന്ന ദർശനങ്ങൾ, യഹോവ കാര്യങ്ങളെ ഒരു മഹനീയപാരമ്യത്തിലേക്ക്‌ വിദഗ്‌ധമായി നയിക്കുന്നത്‌ എങ്ങനെയെന്ന്‌ മിഴിവോടെ വരച്ചുകാട്ടുന്നു. യഹോവയുടെ സംഘടനയുടെ ഭൗമികഭാഗത്തെ യേശു ഇന്ന്‌ നയിച്ചുകൊണ്ടിരിക്കുകയാണ്‌. തന്നിമിത്തം, സുവാർത്താപ്രസംഗവേലയിൽ ശ്രദ്ധപതിപ്പിക്കാനും ആ വേലയിൽ പങ്കെടുക്കുന്നവരുടെ ആത്മീയക്ഷേമം ഉറപ്പാക്കാനും യഹോവയുടെ സത്യാരാധന ഉന്നമിപ്പിക്കാനും സംഘടനയ്‌ക്കു കഴിയുന്നു. ഇത്‌ യഹോവയുടെ സംഘടനയിലുള്ള നമ്മുടെ വിശ്വാസം എത്രമാത്രം ശക്തിപ്പെടുത്തുന്നു!—മത്താ. 24:45.

2 എന്നാൽ വ്യക്തിപരമായി നാം ഈ സംഘടനയോടൊപ്പം ചുവടുവെക്കുന്നുണ്ടോ? സത്യത്തോടുള്ള നമ്മുടെ തീക്ഷ്‌ണത മേൽക്കുമേൽ വർധിക്കുകയാണോ അതോ കെട്ടടങ്ങുകയാണോ? ഈ ചോദ്യങ്ങൾ പരിചിന്തിക്കവെ, നാം തളർന്നു തുടങ്ങിയിരിക്കുന്നതായോ നമ്മുടെ തീക്ഷ്‌ണത നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നതായോ നാം തിരിച്ചറിഞ്ഞേക്കാം. അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്‌. ഒന്നാം നൂറ്റാണ്ടിൽ, യേശുക്രിസ്‌തുവിന്റെ തീക്ഷ്‌ണമാതൃക ‘ഓർത്തുകൊള്ളാൻ’ പൗലോസ്‌ അപ്പൊസ്‌തലന്‌ സഹക്രിസ്‌ത്യാനികളെ അനുശാസിക്കേണ്ടിവന്നു. “മനസ്സുമടുത്ത്‌ തളർന്നുപോകാതിരി”ക്കാൻ അത്‌ അവരെ സഹായിക്കുമെന്ന്‌ പൗലോസ്‌ പറഞ്ഞു. (എബ്രാ. 12:3) സമാനമായി, യഹോവയുടെ സംഘടന സാക്ഷാത്‌കരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു വിവരിച്ച കഴിഞ്ഞ ലേഖനം ശ്രദ്ധയോടെ പഠിച്ചത്‌ തീക്ഷ്‌ണതയും സ്ഥിരോത്സാഹവും നിലനിറുത്താൻ തീർച്ചയായും നമ്മെ സഹായിക്കും.

3. തളർന്നുപോകാതിരിക്കാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌, ഈ ലേഖനത്തിൽ നാം എന്തിനെക്കുറിച്ചു ചിന്തിക്കും?

3 ‘തളർന്നുപോകാതിരിക്കണമെങ്കിൽ’ സംഘടനയെക്കുറിച്ചു ധ്യാനിക്കുന്നതു മാത്രം മതിയാകുന്നില്ല. അതിന്‌ മറ്റു ചില കാര്യങ്ങൾകൂടെ ആവശ്യമുണ്ടെന്നു പൗലോസ്‌ സൂചിപ്പിച്ചു. ‘നന്മ ചെയ്യുന്നത്‌’ നിറുത്തിക്കളയരുതെന്ന്‌ അവൻ പറഞ്ഞു. (ഗലാ. 6:9) അതെ, നമ്മുടെ ഭാഗത്ത്‌ പ്രവർത്തനം ആവശ്യമാണ്‌. സ്ഥിരോത്സാഹം നിലനിറുത്താനും യഹോവയുടെ സംഘടനയോടൊപ്പം മുന്നേറാനും സഹായിക്കുന്ന അഞ്ചു പ്രവർത്തനമണ്ഡലങ്ങളെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ ചിന്തിക്കാം. നാമോ കുടുംബാംഗങ്ങളോ കൂടുതൽ ശ്രദ്ധനൽകേണ്ട മണ്ഡലങ്ങൾ ഉണ്ടോയെന്ന്‌ തിരിച്ചറിഞ്ഞ്‌ മെച്ചപ്പെടാൻ അതു നമ്മെ ഓരോരുത്തരെയും സഹായിക്കും.

പ്രോത്സാഹനത്തിനും ആരാധനയ്‌ക്കുമായി കൂടിവരുക

4. ഒരുമിച്ചു കൂടിവരുന്നത്‌ സത്യാരാധനയുടെ ഒരു അവിഭാജ്യഘടകമാണെന്ന്‌ നാം പറയുന്നത്‌ എന്തുകൊണ്ട്‌?

4 ഒരുമിച്ചു കൂടിവരുന്നത്‌ യഹോവയുടെ ദാസരുടെ ഒരു മുഖ്യസവിശേഷതയാണ്‌. അദൃശ്യമണ്ഡലത്തിൽ, തന്റെ സന്നിധിയിൽ സമ്മേളിക്കുന്നതിന്‌ ഉചിതമായ സന്ദർഭങ്ങളിൽ യഹോവ ആത്മസൃഷ്ടികളെ വിളിച്ചുകൂട്ടാറുണ്ട്‌. (1 രാജാ. 22:19; ഇയ്യോ. 1:6; 2:1; ദാനീ. 7:10) പുരാതനകാലത്തെ ഇസ്രായേൽ ജനത, ‘കേട്ടു പഠിക്കാനായി’ കൂടിവരണമായിരുന്നു. (ആവ. 31:10-12) ഒന്നാം നൂറ്റാണ്ടിൽ, തിരുവെഴുത്തുകൾ വായിക്കാനായി സിനഗോഗുകളിൽ കൂടിവരുന്ന ഒരു പതിവ്‌ യഹൂദന്മാർക്കുണ്ടായിരുന്നു. (ലൂക്കോ. 4:16; പ്രവൃ. 15:21) പിന്നീട്‌ ക്രിസ്‌തീയസഭ രൂപീകരിച്ചപ്പോഴും കൂടിവരേണ്ടതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞുപോയില്ല. അത്‌ ഇപ്പോഴും നമ്മുടെ ആരാധനയുടെ ഒരു പ്രമുഖഭാഗമാണ്‌. അതെ, സത്യക്രിസ്‌ത്യാനികൾ, “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം . . . പരസ്‌പരം കരുതൽ” കാണിക്കുന്നു. യഹോവയുടെ “നാൾ സമീപിക്കുന്നു എന്നു കാണുന്തോറും” നാം “അന്യോന്യം പ്രോത്സാഹിപ്പി”ക്കുന്നതിൽ തുടരേണ്ടതാണ്‌.—എബ്രാ. 10:24, 25.

5. യോഗങ്ങളിൽ നമുക്ക്‌ എങ്ങനെ പരസ്‌പരം പ്രോത്സാഹിപ്പിക്കാം?

5 നാം പരസ്‌പരം പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാനവിധം യോഗങ്ങളിൽ പങ്കുപറ്റിക്കൊണ്ടാണ്‌. അച്ചടിച്ച ചോദ്യത്തിന്‌ ഉത്തരം നൽകിക്കൊണ്ടോ ഒരു തിരുവെഴുത്ത്‌ ബാധകമാക്കിക്കൊണ്ടോ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതിലെ ജ്ഞാനം എടുത്തുകാണിക്കുന്ന ഒരു അനുഭവം ഹ്രസ്വമായി വിവരിച്ചുകൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധങ്ങളിലോ നമുക്ക്‌ നമ്മുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാനാകും. (സങ്കീ. 22:22; 40:9) നിങ്ങൾ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയിട്ട്‌ വർഷമെത്രയായാലും, പ്രായമായവരും ചെറുപ്പക്കാരും ഉൾപ്പെടെ നമ്മുടെ സഹോദരീസഹോദരന്മാരുടെ ഹൃദയത്തിൽനിന്നുള്ള അഭിപ്രായങ്ങൾ ഇപ്പോഴും നിങ്ങൾക്ക്‌ പ്രോത്സാഹനം പകരുന്നില്ലേ?

6. ആത്മീയമായി ഉണർന്നിരിക്കാൻ യോഗങ്ങൾ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

6 പതിവായി ഒരുമിച്ചു കൂടിവരുന്നതിന്‌ നമ്മുടെ ദൈവം ഇത്ര പ്രാധാന്യം കൊടുക്കാൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ? നമ്മുടെ യോഗങ്ങളും സമ്മേളനങ്ങളും കൺവെൻഷനുകളും സധൈര്യം പ്രസംഗിക്കാനുള്ള ആത്മവിശ്വാസം നൽകുകയും ആളുകളിൽനിന്നുള്ള എതിർപ്പും നിസംഗതയും നേരിടാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. (പ്രവൃ. 4:23, 31) തിരുവെഴുത്തുചർച്ചകൾ നമ്മെ ശക്തരും വിശ്വാസത്തിൽ ഉറപ്പുള്ളവരും ആക്കും. (പ്രവൃ. 15:32; റോമ. 1:11, 12) ആരാധനയ്‌ക്കായി കൂടിവരുമ്പോൾ നമുക്കു ലഭിക്കുന്ന ഉപദേശങ്ങളും പ്രോത്സാഹനങ്ങളും യഥാർഥസന്തോഷവും “ദുരിതദിനങ്ങളിൽ . . . സ്വസ്‌ഥത”യും നൽകും. (സങ്കീ. 94:12, 13, ഓശാന ബൈബിൾ.) ഭൂമിയിലെങ്ങുമുള്ള യഹോവയുടെ ജനത്തിന്റെ പ്രബോധനത്തിനുവേണ്ടി ആത്മീയപരിപാടികൾ തയ്യാർചെയ്യുന്നതിനു മേൽനോട്ടം വഹിക്കുന്നത്‌ ഭരണസംഘത്തിന്റെ ടീച്ചിങ്‌ കമ്മിറ്റിയാണ്‌. മുടക്കമില്ലാതെ ആഴ്‌ചതോറും യോഗങ്ങളിലൂടെ ആരോഗ്യാവഹമായ പ്രബോധനങ്ങൾ ഒരുക്കിത്തരുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!

7, 8. (എ) നമ്മുടെ ക്രിസ്‌തീയയോഗങ്ങളുടെ പ്രധാന ഉദ്ദേശ്യമെന്ത്‌? (ബി) യോഗങ്ങൾ നിങ്ങളെ ആത്മീയമായി സഹായിക്കുന്നത്‌ എങ്ങനെ?

7 നമുക്കു ലഭിക്കുന്ന വ്യക്തിപരമായ പ്രയോജനങ്ങൾക്കുപരിയായി യോഗങ്ങൾക്ക്‌ മറ്റൊരു സുപ്രധാന ഉദ്ദേശ്യമുണ്ട്‌. നാം ഒരുമിച്ചു കൂടിവരുന്നതിന്റെ പ്രാഥമികോദ്ദേശ്യം യഹോവയെ ആരാധിക്കുക എന്നതാണ്‌. (സങ്കീർത്തനം 95:6 വായിക്കുക.) നമ്മുടെ അത്ഭുതവാനായ ദൈവത്തെ സ്‌തുതിക്കുക എന്നത്‌ എത്ര ഉത്‌കൃഷ്ടമായ ഒരു പദവിയാണ്‌! (കൊലോ. 3:16) ദിവ്യാധിപത്യകൂടിവരവുകളിൽ ഹാജരായിക്കൊണ്ടും പങ്കുപറ്റിക്കൊണ്ടും നാം യഹോവയ്‌ക്ക്‌ നിരന്തരമായി അർപ്പിക്കുന്ന ആരാധനയ്‌ക്ക്‌ അവൻ തികച്ചും യോഗ്യനാണ്‌. (വെളി. 4:11) അതുകൊണ്ട്‌, “ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്‌” എന്ന്‌ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്‌ എത്ര ഉചിതമാണ്‌!—എബ്രാ. 10:25.

8 യഹോവ ഈ ദുഷ്ടവ്യവസ്ഥിതിക്കെതിരെ നടപടിയെടുക്കുന്ന സമയംവരെ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന ഒരു കരുതലായി ക്രിസ്‌തീയയോഗങ്ങളെ നാം കാണുന്നുണ്ടോ? അങ്ങനെയെങ്കിൽ, എത്ര തിരക്കുപിടിച്ച ജീവിതത്തിലും നാം സമയം കണ്ടെത്താറുള്ള ചില “പ്രാധാന്യമേറിയ” കാര്യങ്ങളുടെ പട്ടികയിൽ സഭായോഗങ്ങളും ഉണ്ടാകും. (ഫിലി. 1:10) നമ്മുടെ സഹോദരങ്ങളുമൊത്ത്‌ യഹോവയെ ആരാധിക്കാനുള്ള ഒരവസരമെങ്കിലും നാം നഷ്ടപ്പെടുത്തുന്നെങ്കിൽ അത്‌ അങ്ങേയറ്റം ഒഴിച്ചുകൂടാനാവാത്ത ഒരു കാരണത്താൽ മാത്രമായിരിക്കും.

ആത്മാർഥതയുള്ളവരെ അന്വേഷിക്കുക

9. പ്രസംഗവേല പ്രധാനമാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

9 പ്രസംഗവേലയിൽ ഒരു പൂർണപങ്കുണ്ടായിരിക്കുന്നതും യഹോവയുടെ സംഘടനയോടൊപ്പം ചുവടുവെക്കാൻ നമ്മെ സഹായിക്കും. യേശു ഭൂമിയിലായിരുന്നപ്പോൾ അവൻ ഈ വേലയ്‌ക്കു തുടക്കമിട്ടു. (മത്താ. 28:19, 20) അന്നുമുതൽ യഹോവയുടെ മുഴുസംഘടനയുടെയും മുഖ്യശ്രദ്ധ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിലാണ്‌. ദൂതന്മാർ നമ്മുടെ വേലയെ പിന്തുണയ്‌ക്കുകയും “നിത്യജീവനുവേണ്ട ഹൃദയനില”യുള്ള ആളുകളുടെ അടുത്തേക്ക്‌ നമ്മെ നയിക്കുകയും ചെയ്യുന്നുവെന്ന്‌ പല ആധുനികകാല അനുഭവങ്ങളും തെളിയിക്കുന്നു. (പ്രവൃ. 13:48; വെളി. 14:6, 7) ഈ സർവപ്രധാനവേലയെ പിന്തുണയ്‌ക്കാനാണ്‌ യഹോവയുടെ സംഘടനയുടെ ഭൗമികഭാഗം രൂപീകൃതമായിരിക്കുന്നതും സംഘാടനം ചെയ്യപ്പെട്ടിരിക്കുന്നതും. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവും ശുശ്രൂഷതന്നെയാണോ?

10. (എ) സത്യത്തോടുള്ള ശുഷ്‌കാന്തി എങ്ങനെ നിലനിറുത്താം എന്നു ദൃഷ്ടാന്തീകരിക്കുക. (ബി) തളർന്നുപോകാതിരിക്കാൻ ശുശ്രൂഷ നിങ്ങളെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

10 ശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവരായിരിക്കുന്നത്‌ സത്യത്തോടുള്ള നമ്മുടെ ശുഷ്‌കാന്തി നിലനിറുത്താൻ സഹായിക്കും. വർഷങ്ങളായി ഒരു മൂപ്പനും സാധാരണപയനിയറുമാണ്‌ മിച്ചെൽ. സഹോദരൻ പറയുന്നത്‌ ഇങ്ങനെയാണ്‌: “ആളുകളോട്‌ സത്യത്തെക്കുറിച്ചു സംസാരിക്കുന്നത്‌ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ വരുന്ന ഓരോ ലേഖനവും കാണുമ്പോൾ അവയിലോരോന്നിലും പ്രതിഫലിക്കുന്ന ജ്ഞാനവും ഉൾക്കാഴ്‌ചയും തികഞ്ഞ സമനിലയും കണ്ട്‌ ഞാൻ അത്ഭുതംകൂറാറുണ്ട്‌. വയലിൽ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നും ആളുകളുടെ താത്‌പര്യം എങ്ങനെ ഉണർത്താമെന്നും കാണാൻ എനിക്ക്‌ ആകാംക്ഷയാണ്‌. എന്റെ ശുശ്രൂഷയാണ്‌ എനിക്കു സ്ഥിരത നൽകുന്നത്‌. അതുകൊണ്ടുതന്നെ, മറ്റു കാര്യങ്ങളെല്ലാം ഒന്നുകിൽ ശുശ്രൂഷയ്‌ക്കായി വേർതിരിച്ചിരിക്കുന്ന സമയത്തിനു മുമ്പ്‌ അല്ലെങ്കിൽ അതിനുശേഷം.” സമാനമായി, വിശുദ്ധസേവനത്തിൽ തിരക്കുള്ളവരായിരിക്കുന്നത്‌ ഈ അന്ത്യനാളുകളിൽ സ്ഥിരോത്സാഹം നിലനിറുത്താൻ നമ്മെ സഹായിക്കും.—1 കൊരിന്ത്യർ 15:58 വായിക്കുക.

ആത്മീയവിഭവങ്ങൾ ആഹരിക്കുക

11. യഹോവയിൽനിന്നു ലഭിക്കുന്ന ആത്മീയാഹാരം നാം മുഴുവനായി പ്രയോജനപ്പെടുത്തേണ്ടത്‌ എന്തുകൊണ്ട്‌?

11 നമുക്കു ശക്തിനൽകാനായി യഹോവ ലിഖിതരൂപത്തിലുള്ള ആത്മീയാഹാരം സമൃദ്ധമായി നൽകിയിരിക്കുന്നു. ഏതെങ്കിലുമൊരു പ്രസിദ്ധീകരണം വായിച്ചശേഷം, ‘ഇതുതന്നെയായിരുന്നു എനിക്കു വേണ്ടത്‌! യഹോവ എനിക്കുവേണ്ടിത്തന്നെ എഴുതിച്ചതുപോലെയുണ്ട്‌’ എന്ന്‌ നിങ്ങൾക്കു തോന്നിയിട്ടില്ലേ? അത്‌ യാദൃച്ഛികമായി സംഭവിക്കുന്നതല്ല എന്നതാണ്‌ യാഥാർഥ്യം. കാരണം, യഹോവ ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ നമ്മെ പഠിപ്പിക്കുകയും വഴിനയിക്കുകയും ചെയ്യുന്നുണ്ട്‌. “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും” എന്ന്‌ അവൻ പറഞ്ഞിട്ടുണ്ട്‌. (സങ്കീ. 32:8) നമുക്കു ലഭിക്കുന്ന മുഴുവൻ ആത്മീയാഹാരവും ഭക്ഷിക്കാനും അതേക്കുറിച്ചു ധ്യാനിക്കാനും നാം ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ? അങ്ങനെ ചെയ്യുന്നത്‌ ഫലം കായ്‌ക്കുന്നവരായിരിക്കാനും ദുഷ്‌കരമായ ഈ അന്ത്യനാളുകളിൽ ആത്മീയമായി വാടിപ്പോകാതിരിക്കാനും നമ്മെ സഹായിക്കും.—സങ്കീർത്തനം 1:1-3; 119:97 വായിക്കുക.

12. നമ്മുടെ ആത്മീയകരുതലുകളെ ലാഘവബുദ്ധ്യാ കാണാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?

12 പോഷകസമൃദ്ധമായ ആത്മീയാഹാരം നമുക്ക്‌ മുടക്കംകൂടാതെ ലഭ്യമാകുന്നതിനു പിന്നിലെ അധ്വാനത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ നല്ലതാണ്‌. നമ്മുടെ അച്ചടിച്ച പ്രസിദ്ധീകരണങ്ങളിലും വെബ്‌സൈറ്റിലും കാണുന്ന വിവരങ്ങളുടെ ഗവേഷണം, എഴുത്ത്‌, പ്രൂഫ്‌വായന, ചിത്രീകരണങ്ങൾ തയ്യാറാക്കൽ, പരിഭാഷ ഇവയെല്ലാം ഭരണസംഘത്തിന്റെ റൈറ്റിങ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണു നടക്കുന്നത്‌. തുടർന്ന്‌, അച്ചടി നിർവഹിക്കുന്ന ബ്രാഞ്ചുകൾ അടുത്തും അകലെയുമുള്ള സഭകളിലേക്ക്‌ സാഹിത്യം അയച്ചുകൊടുക്കുന്നു. ഈ പ്രയത്‌നമെല്ലാം കഴിക്കുന്നത്‌ എന്തിനാണ്‌? യഹോവയുടെ ജനം ആത്മീയാഹാരംകൊണ്ട്‌ സമൃദ്ധമായി പോഷിപ്പിക്കപ്പെടണം. (യെശ. 65:13) യഹോവയുടെ സംഘടനയിലൂടെ നമുക്കു ലഭിക്കുന്ന ആത്മീയവിഭവങ്ങൾ ഓരോന്നും നാം ഉത്സാഹത്തോടെ ഭക്ഷിക്കാറുണ്ടോ?—സങ്കീ. 119:27.

സംഘടനയുടെ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കുക

13, 14. സ്വർഗത്തിൽ യഹോവയുടെ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കുന്നത്‌ ആരെല്ലാം, സമാനമായ പിന്തുണ ഭൂമിയിൽ നമുക്ക്‌ എങ്ങനെ നൽകാം?

13 അപ്പൊസ്‌തലനായ യോഹന്നാന്‌ നൽകിയ ദർശനത്തിൽ, യഹോവയ്‌ക്കെതിരെ മത്സരിക്കുന്നവരെ ജയിച്ചടക്കാൻ യേശു ഒരു വെള്ളക്കുതിരപ്പുറത്ത്‌ സവാരിചെയ്യുന്നതായി കാണുന്നു. (വെളി. 19:11-15) യേശുവിന്റെ തൊട്ടുപിന്നിൽ വിശ്വസ്‌തരായ ദൂതന്മാരും തങ്ങളുടെ സ്വർഗീയപ്രതിഫലം പ്രാപിച്ച ഭൂമിയിൽനിന്നുള്ള അഭിഷിക്തരായ ജയശാലികളും ഉണ്ടെന്നറിയുന്നത്‌ നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നു. (വെളി. 2:26, 27) യഹോവയുടെ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കുന്നതിന്റെ എത്ര ഉദാത്തമായ മാതൃകയാണവർ!

14 സമാനമായി, സംഘടനയ്‌ക്ക്‌ നേതൃത്വംകൊടുത്തുകൊണ്ട്‌ ഭൂമിയിൽ ഇപ്പോഴും ശേഷിച്ചിരിക്കുന്ന, ക്രിസ്‌തുവിന്റെ അഭിഷിക്തസഹോദരന്മാരുടെ വേലയെ മഹാപുരുഷാരവും പൂർണമായി പിന്തുണയ്‌ക്കുന്നു. (സെഖര്യാവു 8:23 വായിക്കുക.) യഹോവ വെച്ചിരിക്കുന്ന ക്രമീകരണങ്ങളെ വ്യക്തികളെന്ന നിലയിൽ നാം പിന്തുണയ്‌ക്കുന്നുണ്ടെന്ന്‌ എങ്ങനെ കാണിക്കാം? നേതൃത്വമെടുക്കുന്നവർക്കു കീഴ്‌പെട്ടിരിക്കുക എന്നതാണ്‌ ഒരു വിധം. (എബ്രാ. 13:7, 17) ഇതു നമ്മുടെ സ്വന്തം സഭയിൽനിന്നുതന്നെ തുടങ്ങണം. മൂപ്പന്മാരെക്കുറിച്ചുള്ള നമ്മുടെ സംസാരവും അഭിപ്രായങ്ങളും അവരോടും അവർ വഹിക്കുന്ന മേൽവിചാരകസ്ഥാനത്തോടും ഉള്ള ആദരവ്‌ വർധിപ്പിക്കുന്ന തരത്തിലുള്ളതാണോ? ഈ വിശ്വസ്‌തപുരുഷന്മാരെ ബഹുമാനിക്കാനും തിരുവെഴുത്തു ബുദ്ധിയുപദേശത്തിനായി അവരെ സമീപിക്കാനും നമ്മുടെ കുട്ടികളെ നാം പ്രോത്സാഹിപ്പിക്കാറുണ്ടോ? ഇതിനു പുറമേ, സംഭാവനകൾ നൽകിക്കൊണ്ട്‌ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ നമ്മുടെ വരുമാനം എങ്ങനെ ഉപയോഗിക്കാമെന്ന്‌ ഒരു കുടുംബമെന്ന നിലയിൽ നാം ചർച്ചചെയ്യാറുണ്ടോ? (സദൃ. 3:9; 1 കൊരി. 16:2; 2 കൊരി. 8:12) രാജ്യഹാളുകൾ നല്ല നിലയിൽ സൂക്ഷിക്കാൻ സഹായിക്കുന്നത്‌ പ്രധാനപ്പെട്ട ഒരു പദവിയായി നാം കാണുന്നുണ്ടോ? ഐക്യവും ആദരവും ഉള്ളിടത്ത്‌ യഹോവയുടെ ആത്മാവ്‌ നിർബാധം പ്രവഹിക്കും. ഈ അന്ത്യനാളുകളിൽ തളർന്നുപോകാതിരിക്കാനുള്ള നിരന്തരസഹായം ആ ആത്മാവ്‌ മുഖാന്തരമാണ്‌ നമുക്കു ലഭിക്കുന്നത്‌.—യെശ. 40:29-31.

നമ്മുടെ സന്ദേശത്തെ അന്വർഥമാക്കി ജീവിക്കുക

15. യഹോവയുടെ ഉന്നതമായ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിക്കാൻ നാം നിരന്തരം പോരാടേണ്ടത്‌ എന്തുകൊണ്ട്‌?

15 സഹിച്ചുനിൽക്കാനും യഹോവയുടെ സംഘടനയോടൊപ്പം മുന്നേറാനും കഴിയണമെങ്കിൽ നമ്മുടെ സ്വകാര്യജീവിതം നാം ഘോഷിക്കുന്ന സന്ദേശത്തിനു ചേർച്ചയിൽ കൊണ്ടുപോകണം. അതിന്‌ “കർത്താവിനു പ്രസാദകരമായത്‌” എന്താണെന്ന്‌ നാം ഉറപ്പുവരുത്തണം. (എഫെ. 5:10, 11) നമ്മുടെ അപൂർണജഡം, സാത്താന്റെ കുടിലതന്ത്രങ്ങൾ, ഈ ദുഷിച്ചലോകം എന്നിവ നിമിത്തം നമുക്കു ജീവിതത്തിൽ നിഷേധാത്മകസ്വാധീനങ്ങളുമായി നിരന്തരം പോരാടേണ്ടിവരുന്നു. പ്രിയ സഹോദരീസഹോദരന്മാരായ നിങ്ങളിൽ പലരും യഹോവയുമായുള്ള ബന്ധം നിലനിറുത്താൻ ഓരോ ദിവസവും കഠിനപോരാട്ടംതന്നെ നടത്തുന്നുണ്ട്‌. അതുനിമിത്തം യഹോവ നിങ്ങളെ വളരെയധികം പ്രിയപ്പെടുന്നു! അതുകൊണ്ട്‌ മടുത്തു പിന്മാറരുത്‌! യഹോവയുടെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിക്കുന്നത്‌ നമുക്കു വലിയ ചാരിതാർഥ്യം പകരും; നമ്മുടെ ആരാധന നിരർഥകമല്ല എന്ന്‌ ഉറപ്പാക്കുകയും ചെയ്യും.—1 കൊരി. 9:24-27.

16, 17. (എ) ഗുരുതരമായ ഒരു പാപം ചെയ്‌താൽ നാം എന്തു ചെയ്യണം? (ബി) ആനിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ എന്തു പഠിക്കാം?

16 എന്നാൽ നാം ഗുരുതരമായ ഒരു പാപം ചെയ്യുന്നെങ്കിലോ? എത്രയും വേഗം സഹായം തേടുക. പാപം മറച്ചുവെക്കുന്നത്‌ കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ. പാപങ്ങൾ മറച്ചുവെച്ചപ്പോൾ, “നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി” എന്ന്‌ ദാവീദു പറഞ്ഞത്‌ ഓർക്കുക. (സങ്കീ. 32:3) അതെ, രഹസ്യപാപങ്ങൾ മറച്ചുവെക്കുന്നത്‌ വൈകാരികമായും ആത്മീയമായും തളർന്നുപോകാനേ ഇടയാക്കൂ. എന്നാൽ, “അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.”—സദൃ. 28:13.

17 ആനിന്റെ a അനുഭവം നോക്കാം. കൗമാരത്തിന്റെ അവസാനവർഷങ്ങളിൽ ആൻ ഒരു സാധാരണ പയനിയറായി സേവിക്കുകയായിരുന്നു. എന്നാൽ താമസിയാതെ അവൾ ഒരു ഇരട്ടജീവിതത്തിലേക്കു വഴുതിവീണു. ഇത്‌ അവളെ ഗുരുതരമായി ബാധിച്ചു. അവൾ അതേക്കുറിച്ചു പറയുന്നു: “മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അസന്തുഷ്ടിയും വിഷാദവും ആയിരുന്നു എപ്പോഴും.” അവൾ എന്തു ചെയ്‌തു? ഒരു ദിവസം സഭായോഗത്തിൽ യാക്കോബ്‌ 5:14, 15 ചർച്ചചെയ്‌തു കേട്ടത്‌ ഒരു വഴിത്തിരിവായി. തനിക്കു സഹായം ആവശ്യമുണ്ടെന്ന്‌ ആൻ തിരിച്ചറിഞ്ഞു. അതിനായി അവൾ മൂപ്പന്മാരെ സമീപിച്ചു. ആ കാലത്തെക്കുറിച്ച്‌ ഓർത്തുകൊണ്ട്‌ അവൾ പറയുന്നു: “ആത്മീയരോഗശമനത്തിനുള്ള യഹോവയുടെ ‘കുറിപ്പടിയാണ്‌’ ആ തിരുവെഴുത്ത്‌. മരുന്ന്‌ ‘കഴിച്ചിറക്കുക’ അത്ര സുഖകരമല്ല, പക്ഷേ രോഗം ഭേദപ്പെടുമെന്നുറപ്പാണ്‌! ആ തിരുവെഴുത്തിലെ ഉപദേശം ഞാൻ അനുസരിച്ചു, അതിനു ഫലമുണ്ടായി.” ഇപ്പോൾ കുറച്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത ആൻ ശുദ്ധമനസ്സാക്ഷിയോടെ, ശുഷ്‌കാന്തിയോടെ, യഹോവയെ വീണ്ടും സേവിക്കുന്നു.

18. എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?

18 ഈ അന്ത്യനാളുകളിൽ ജീവിച്ചിരിക്കാനും യഹോവയുടെ മഹനീയസംഘടനയുടെ ഭാഗമായിരിക്കാനും കഴിയുന്നത്‌ എന്തൊരു പദവിയാണ്‌! നമുക്കുള്ളവയൊന്നും നമുക്ക്‌ നിസ്സാരമായി കാണാതിരിക്കാം. പകരം, പ്രാദേശികസഭയോടൊത്ത്‌ യഹോവയെ ആരാധിക്കാനായി കുടുംബമൊത്തു പതിവായി കൂടിവരാൻ വേണ്ടതെല്ലാം നമുക്കു ചെയ്യാം. നമ്മുടെ പ്രദേശത്തെ സത്യാന്വേഷികളെ കണ്ടെത്താൻ ഉത്സാഹത്തോടെ ശ്രമിക്കാം. മുടക്കമില്ലാതെ ലഭിക്കുന്ന ആത്മീയവിഭവങ്ങളോരോന്നും നമുക്ക്‌ അത്യന്തം വിലമതിപ്പോടെ ആഹരിക്കാം. നമുക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഹൃദയംഗമമായി പിന്തുണയ്‌ക്കാം. നാം വഹിക്കുന്ന സന്ദേശത്തെ അന്വർഥമാക്കി ജീവിക്കാം. ഇങ്ങനെയെല്ലാം ചെയ്യുന്നെങ്കിൽ, യഹോവയുടെ സംഘടനയോടൊപ്പം ചുവടുവെക്കാൻ നമുക്കു കഴിയും, നന്മ ചെയ്യുന്നതിൽ നാം ഒരിക്കലും തളർന്നുപോകുകയുമില്ല!

a പേരു മാറ്റിയിട്ടുണ്ട്‌.