വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

എ.ഡി. 70-നു ശേഷം യെരുശലേമിലെ ആലയം പുനർനിർമിക്കപ്പെട്ടോ?

കല്ലിന്മേൽ കല്ലു ശേഷിക്കാതെ യഹോവയുടെ ആലയം തകർക്കപ്പെടും എന്ന്‌ യേശു പറഞ്ഞു. എ.ഡി. 70-ൽ ടൈറ്റസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം യെരുശലേം നശിപ്പിച്ചപ്പോൾ ആ പ്രവചനം നിവൃത്തിയായി. (മത്താ. 24:2) പിന്നീട്‌, ജൂലിയൻ ചക്രവർത്തി ആലയം പുനർനിർമിക്കാൻ പദ്ധതിയിട്ടു.

റോമിലെ അവസാനത്തെ പുറജാതീയ ചക്രവർത്തി എന്നാണ്‌ ജൂലിയനെ വിളിച്ചിരിക്കുന്നത്‌. മഹാനായ കോൺസ്റ്റന്റയ്‌ന്റെ ഈ അനന്തരവന്‌ ക്രിസ്‌തീയമെന്നു വിളിക്കപ്പെട്ട വിദ്യാഭ്യാസം ലഭിച്ചു. എന്നിരുന്നാലും, എ.ഡി. 361-ൽ ചക്രവർത്തിയായി അവരോധിക്കപ്പെട്ട ശേഷം അദ്ദേഹം ആ വിദ്യാഭ്യാസത്തെയും അക്കാലത്തെ അധഃപതിച്ച ക്രിസ്‌ത്യാനിത്വത്തെയും പരസ്യമായി നിരാകരിച്ചു. പകരം, പുറജാതിമതം സ്വീകരിച്ചു. ചരിത്രപുസ്‌തകങ്ങൾ അദ്ദേഹത്തെ “വിശ്വാസത്യാഗി” എന്നു വിളിക്കുന്നു.

ജൂലിയൻ ക്രിസ്‌ത്യാനിത്വത്തെ അങ്ങേയറ്റം വെറുത്തു. അദ്ദേഹത്തിന്‌ ആറു വയസ്സുണ്ടായിരുന്നപ്പോൾ ‘ക്രിസ്‌ത്യാനിത്വത്തിന്റെ കാവലാളന്മാർ’ അദ്ദേഹത്തിന്റെ പിതാവിനെയും ചില ബന്ധുജനങ്ങളെയും വകവരുത്തിയത്‌ അദ്ദേഹം കണ്ടതാകാം ഒരു കാരണം. സഭാചരിത്രകാരന്മാർ പറയുന്നത്‌ യേശുവിനെ ഒരു കള്ളപ്രവാചകനായി ചിത്രീകരിക്കാൻ വേണ്ടി ആലയം പുനർനിർമിക്കാൻ അദ്ദേഹം യഹൂദന്മാരെ പ്രോത്സാഹിപ്പിച്ചെന്നാണ്‌. a

ആലയം പുനർനിർമിക്കാൻ ജൂലിയൻ പദ്ധതിയിട്ടു എന്നുള്ളത്‌ തർക്കമറ്റ സംഗതിയാണ്‌. എന്നാൽ വാസ്‌തവത്തിൽ അദ്ദേഹം ആലയം പണി തുടങ്ങിയോ, തുടങ്ങിയെങ്കിൽത്തന്നെ നിറുത്തിക്കളയാൻ കാരണമെന്തായിരുന്നു, ഇതൊക്കെ ചരിത്രകാരന്മാർക്കിടയിലെ തർക്കവിഷയങ്ങളാണ്‌. എന്നാൽ ഒരു കാര്യം തീർച്ചയാണ്‌. അധികാരത്തിലേറി രണ്ടു വർഷം തികയുംമുമ്പ്‌ ജൂലിയൻ കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ പദ്ധതിയും അദ്ദേഹത്തോടൊപ്പം അകാലചരമം പൂകി.

യേശുവിന്റെ കാലത്തെ ആലയത്തിന്റെ ഒരു ഏകദേശചിത്രീകരണം, ആ സ്ഥലത്തിന്റെ ഇന്നത്തെ ചിത്രത്തിനുമീതെ

a ആലയം ഒരിക്കലും പുനർനിർമിക്കപ്പെടുകയില്ലെന്ന്‌ യേശു പറഞ്ഞില്ല. മറിച്ച്‌, അത്‌ നശിപ്പിക്കപ്പെടുമെന്നേ അവൻ പറഞ്ഞുള്ളൂ, എ.ഡി. 70-ൽ അതു സംഭവിക്കുകയും ചെയ്‌തു.