വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാമ്പത്യം ദൃഢബദ്ധമാക്കാൻ നല്ല ആശയവിനിമയം

ദാമ്പത്യം ദൃഢബദ്ധമാക്കാൻ നല്ല ആശയവിനിമയം

“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.”—സദൃ. 25:11.

1. നല്ല ആശയവിനിമയം ദാമ്പത്യബന്ധങ്ങളെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

 “വേറെ ആരുടെകൂടെ ആയിരിക്കുന്നതിനെക്കാളും എനിക്കിഷ്ടം എന്റെ ഭാര്യയോടൊത്ത്‌ സമയം ചെലവിടുന്നതാണ്‌,” കാനഡയിലുള്ള ഒരു സഹോദരൻ പറയുന്നു. “അവളുമായി പങ്കുവെച്ചാൽ എന്റെ സന്തോഷങ്ങൾ ഇരട്ടിയാകും. എന്റെ സങ്കടങ്ങൾ പാതിയാകും,” അദ്ദേഹം തുടർന്നു പറഞ്ഞു. ഓസ്‌ട്രേലിയയിൽനിന്നുള്ള ഒരു ഭർത്താവ്‌ ഇങ്ങനെ എഴുതി: “ഞങ്ങൾ വിവാഹിതരായിട്ട്‌ 11 വർഷമായി. അവളോടു സംസാരിക്കാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ല. ഞങ്ങളുടെ ദാമ്പത്യത്തിന്റെ ഭദ്രത സംബന്ധിച്ച്‌ ഞങ്ങൾക്ക്‌ ഇരുവർക്കും യാതൊരുവിധ ആകുലതകളോ അരക്ഷിതബോധമോ ഇല്ല. കൂടെക്കൂടെയുള്ള അർഥവത്തായ ആശയവിനിമയമാണ്‌ അതിന്‌ ആധാരം.” കോസ്റ്ററിക്കയിലുള്ള ഒരു സഹോദരി പറയുന്നു: “നല്ല ആശയവിനിമയം ഞങ്ങളുടെ ദാമ്പത്യത്തെ സമ്പുഷ്ടമാക്കി. യഹോവയുമായി ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. പ്രലോഭനങ്ങളിൽനിന്ന്‌ സംരക്ഷണമേകി. ഇണകളെന്ന നിലയിൽ ഞങ്ങളെ ഒരുമിപ്പിച്ചുനിറുത്തി. ഞങ്ങളുടെ സ്‌നേഹബന്ധം ഒന്നിനൊന്ന്‌ ദൃഢതരമാക്കി.”

2. നല്ല ആശയവിനിമയത്തിന്‌ തുരങ്കംവെച്ചേക്കാവുന്ന ഘടകങ്ങൾ ഏവ?

2 നിങ്ങളും ഇണയും ഹൃദ്യമായ ആശയവിനിമയം ആസ്വദിക്കാറുണ്ടോ? അതോ അർഥവത്തായ സംഭാഷണം ഒരു വെല്ലുവിളിയായി തോന്നാറുണ്ടോ? പ്രയാസകരമായ സാഹചര്യങ്ങൾ ഉളവായേക്കാം. അത്‌ സ്വാഭാവികമാണ്‌. കാരണം, വിഭിന്നവ്യക്തിത്വങ്ങളുള്ള രണ്ട്‌ അപൂർണവ്യക്തികളെയാണ്‌ ദാമ്പത്യം കണ്ണിചേർക്കുന്നത്‌. വളർന്നുവന്ന പശ്ചാത്തലവും സംസ്‌കാരവും അവരുടെ സ്വഭാവത്തിൽ നിഴലിച്ചേക്കാം. (റോമ. 3:23) കൂടാതെ, ഇണകൾ ഇരുവരുടെയും ആശയവിനിമയരീതികളും ഒരുപോലെ ആയിരിക്കില്ല. അക്കാരണങ്ങൾകൊണ്ടുതന്നെയാണ്‌ വിവാഹ ഉപദേഷ്ടാക്കളായ ജോൺ എം. ഗോട്ട്‌മാനും നാൻ സിൽവറും ഇങ്ങനെ പറയുന്നത്‌: “ഒരു ചിരകാലബന്ധം ആസ്വദിക്കണമെങ്കിൽ ധൈര്യവും നിശ്ചയദാർഢ്യവും നല്ല വഴക്കവും കൂടിയേ തീരൂ.”

3. ദാമ്പത്യബന്ധം കെട്ടുറപ്പുള്ളതാക്കാൻ ദമ്പതികളെ സഹായിച്ചിരിക്കുന്നത്‌ എന്താണ്‌?

3 ദാമ്പത്യം വിജയിക്കണമെങ്കിൽ കഠിനശ്രമം ആവശ്യമാണ്‌. എന്നാൽ അതിൽനിന്നു ലഭിക്കുന്ന സന്തോഷം അളവറ്റതാണ്‌. പരസ്‌പരം സ്‌നേഹിക്കുന്ന ഇണകൾക്ക്‌ ജീവിതം നന്നായി ആസ്വദിക്കാനാകും. (സഭാ. 9:9) യിസ്‌ഹാക്കിന്റെയും റിബേക്കയുടെയും സ്‌നേഹഭരിതമായ വിവാഹജീവിതത്തെക്കുറിച്ച്‌ ഓർക്കുക. (ഉല്‌പ. 24:67) ഭാര്യാഭർത്താക്കന്മാരായി ഏറിയകാലം കഴിഞ്ഞിട്ടും അവർക്കിടയിലെ സ്‌നേഹത്തിന്‌ മങ്ങലേറ്റതായി യാതൊരു സൂചനയുമില്ല. ഇവരെപ്പോലെയുള്ള അനേകം ദമ്പതികൾ ഇന്നുമുണ്ട്‌. എന്താണ്‌ അവരുടെ വിജയരഹസ്യം? തങ്ങളുടെ വികാരവിചാരങ്ങൾ ദയാപൂർവം അന്യോന്യം തുറന്നു പങ്കുവെക്കാൻ അവർ പഠിച്ചിരിക്കുന്നു. ഉൾക്കാഴ്‌ച, സ്‌നേഹം, ആഴമായ ആദരവ്‌, താഴ്‌മ എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുന്നതും പ്രകടിപ്പിക്കുന്നതും തുറന്ന ആശയവിനിമയത്തിന്‌ അവരെ സഹായിക്കുന്നു. നാം തുടർന്നു കാണാൻ പോകുന്നതുപോലെ, ഈ അവശ്യഗുണങ്ങൾ ഒരു വിവാഹബന്ധത്തിൽ ഇഴയിടുമ്പോൾ ആശയവിനിമയം സുഗമമായിരിക്കും.

ഉൾക്കാഴ്‌ചയുണ്ടായിരിക്കുക

4, 5. പരസ്‌പരം മെച്ചമായി മനസ്സിലാക്കാൻ ഉൾക്കാഴ്‌ച ദമ്പതികളെ സഹായിക്കുന്നത്‌ എങ്ങനെ? ഉദാഹരണങ്ങൾ നൽകുക.

4 “തിരുവചനം പ്രമാണിക്കുന്നവൻ (“ഉൾക്കാഴ്‌ചയുള്ളവൻ,” NW) നന്മ കണ്ടെത്തും” എന്ന്‌ സദൃശവാക്യങ്ങൾ 16:20 പറയുന്നു. വിവാഹബന്ധത്തിലും കുടുംബജീവിതത്തിലും ഇതു തികച്ചും ശരിയാണ്‌. (സദൃശവാക്യങ്ങൾ 24:3 വായിക്കുക.) ഉൾക്കാഴ്‌ചയുടെയും ജ്ഞാനത്തിന്റെയും ഏറ്റവും നല്ല ഉറവ്‌ ദൈവത്തിന്റെ വചനംതന്നെയാണ്‌. ദൈവം സ്‌ത്രീയെ സൃഷ്ടിച്ചത്‌ പുരുഷന്റെ ഒരു തനിപ്പകർപ്പായിട്ടല്ല, പ്രത്യുത അവന്‌ ഒരു തുണയായി, ഒരു പൂരകമായി വർത്തിക്കുന്നതിനുവേണ്ടിയാണെന്ന്‌ ഉല്‌പത്തി 2:18 വ്യക്തമാക്കുന്നു. സ്‌ത്രീയുടെ ആശയവിനിമയരീതിയിൽ അവളുടെ ആ ധർമം പ്രതിഫലിക്കുന്നതു കാണാം. ഓരോ സ്‌ത്രീയും വ്യത്യസ്‌തയാണെങ്കിലും സ്‌ത്രീകൾ പൊതുവെ സംസാരിക്കാൻ ആഗ്രഹിക്കുന്നത്‌ അവരുടെ വികാരവിചാരങ്ങളെയും ആളുകളെയും വ്യക്തിബന്ധങ്ങളെയും കുറിച്ചൊക്കെയാണ്‌. ഹൃദയംതുറന്നുള്ള ഊഷ്‌മളമായ സംഭാഷണങ്ങൾ അവർ ഏറെ പ്രിയപ്പെടുന്നു. കാരണം, തങ്ങൾ സ്‌നേഹിക്കപ്പെടുന്നുവെന്നുള്ള ബോധം അത്‌ അവരിൽ ഉളവാക്കുന്നു. നേരേമറിച്ച്‌, പുരുഷന്മാർ പൊതുവെ തങ്ങളുടെ വികാരങ്ങളെക്കുറിച്ച്‌ ‘ഉറക്കെപ്പറയാൻ’ വിമുഖത കാണിക്കുന്നു. ചെയ്യാനുള്ള കാര്യങ്ങൾ, പ്രശ്‌നങ്ങൾ, പരിഹാരങ്ങൾ ഒക്കെയാണ്‌ അവരുടെ സംഭാഷണവിഷയങ്ങൾ. ആദരിക്കപ്പെടാൻ പുരുഷന്മാർ ആഗ്രഹിക്കുന്നു.

5 “എനിക്കു പറയാനുള്ളത്‌ കേൾക്കുന്നതിനെക്കാൾ എന്റെ പ്രശ്‌നത്തിന്‌ തത്‌ക്ഷണം പരിഹാരമുണ്ടാക്കാനാണ്‌ എന്റെ ഭർത്താവിനു താത്‌പര്യം,” ബ്രിട്ടനിലെ ഒരു സഹോദരി പറയുന്നു. “ഇത്‌ എന്നെ ശരിക്കും നിരാശപ്പെടുത്തുന്നു. കാരണം എനിക്ക്‌ ആകെ വേണ്ടത്‌ ഒരൽപ്പം ശ്രദ്ധയും സഹാനുഭൂതിയും മാത്രമാണ്‌.” ഒരു ഭർത്താവ്‌ ഇങ്ങനെ എഴുതി: “ഞങ്ങളുടെ വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ അവളുടെ ഏതു പ്രശ്‌നത്തിനും ഉടനെതന്നെ പരിഹാരം നിർദേശിക്കുക എന്നതായിരുന്നു എന്റെ പ്രവണത. എന്നാൽ, അവൾക്കു പറയാനുള്ളത്‌ കേട്ടിരിക്കാനൊരു മനസ്സൊരുക്കം, അതാണ്‌ അവൾക്കു വേണ്ടത്‌ എന്ന കാര്യം ഞാൻ വൈകാതെ മനസ്സിലാക്കി.” (സദൃ. 18:13; യാക്കോ. 1:19) ഉൾക്കാഴ്‌ചയുള്ള ഒരു ഭർത്താവ്‌ ഭാര്യയുടെ വികാരങ്ങൾ കണക്കിലെടുത്ത്‌ തന്റെ സമീപനത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തും. അവളുടെ ചിന്തകളും വികാരങ്ങളും തനിക്ക്‌ ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം അവൾക്ക്‌ ഉറപ്പുകൊടുക്കും. (1 പത്രോ. 3:7) ഉൾക്കാഴ്‌ചയുള്ള ഒരു ഭാര്യയാകട്ടെ, ഭർത്താവിന്റെ കാഴ്‌ചപ്പാട്‌ മനസ്സിലാക്കാൻ ശ്രമിക്കും. ഇങ്ങനെ ഭാര്യയും ഭർത്താവും തങ്ങളുടെ തിരുവെഴുത്തധിഷ്‌ഠിതധർമം മനസ്സിലാക്കുകയും വിലമതിക്കുകയും നിർവഹിക്കുകയും ചെയ്യുമ്പോൾ അത്‌ അവരുടെ ബന്ധത്തിന്‌ ചാരുതപകരും. കൂടാതെ, വിവേകത്തോടെ സമനിലയുള്ള തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും കഴിയത്തക്കവിധം ഒരുമിച്ചുപ്രവർത്തിക്കാൻ അവർക്കു സാധിക്കും.

6, 7. (എ) സഭാപ്രസംഗി 3:7-ലെ തത്ത്വം ഉൾക്കാഴ്‌ചയോടെ ഇടപെടാൻ ദമ്പതികളെ സഹായിക്കുന്നത്‌ എങ്ങനെ? (ബി) ഭാര്യക്ക്‌ എങ്ങനെ വിവേകം കാണിക്കാം, ഭർത്താവ്‌ എന്തു ചെയ്യാൻ ശ്രമിക്കണം?

6 “മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം” എന്ന തത്ത്വം ഉൾക്കാഴ്‌ചയുള്ള ദമ്പതികൾക്ക്‌ അറിയാം. (സഭാ. 3:1, 7) “പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഒട്ടും ഉചിതമല്ലാത്ത സമയങ്ങളുണ്ട്‌ എന്ന്‌ ഞാനിപ്പോൾ മനസ്സിലാക്കുന്നു” എന്ന്‌ പത്തു വർഷമായി വിവാഹിതയായ ഒരു സഹോദരി തന്റെ അനുഭവത്തിൽനിന്നു പറയുന്നു. “ജോലിയോ മറ്റ്‌ ഉത്തരവാദിത്വങ്ങളോ നിമിത്തം ഭർത്താവ്‌ ക്ഷീണിതനായിരിക്കുമ്പോൾ ഞാൻ പ്രശ്‌നങ്ങളൊന്നും എടുത്തിടാറില്ല. കുറച്ചുസമയം കാത്തിരിക്കും. അതുകൊണ്ട്‌ ഗുണമുണ്ടായി. ഞങ്ങൾക്കിടയിലെ ആശയവിനിമയം ഇപ്പോൾ ഏറെ പ്രശാന്തമായിരിക്കുന്നു.” വിവേകമതികളായ ഭാര്യമാർ സൗമ്യതയോടെ സംസാരിക്കാനും ശ്രദ്ധിക്കും. ശ്രദ്ധയോടെ തിരഞ്ഞെടുത്ത്‌ “തക്കസമയത്തു” പറയുന്ന വാക്ക്‌ “വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ” സ്വീകാര്യവും ആകർഷകവും ആയിരിക്കുമെന്ന്‌ അവർക്ക്‌ അറിയാം.സദൃശവാക്യങ്ങൾ 25:11 വായിക്കുക.

കൊച്ചുകാര്യങ്ങൾക്ക്‌ ദാമ്പത്യത്തിൽ വലിയ സ്ഥാനമുണ്ട്‌

7 എന്നാൽ ഒരു ക്രിസ്‌തീയഭർത്താവ്‌ ഭാര്യ പറയുന്നത്‌ ശ്രദ്ധിച്ചാൽ മാത്രം പോരാ. തന്റെ വികാരങ്ങൾ വ്യക്തമായി വാക്കുകളിൽ പ്രകാശിപ്പിക്കാനും ശ്രമിക്കണം. 27 വർഷമായി വിവാഹിതനായ ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “എന്റെ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ ഭാര്യയോട്‌ പറയുന്ന കാര്യത്തിൽ ഞാൻ പുരോഗമിക്കേണ്ടതുണ്ട്‌.” വിവാഹം കഴിഞ്ഞിട്ട്‌ 24 വർഷമായ ഒരു സഹോദരൻ പറഞ്ഞു: “പ്രശ്‌നങ്ങൾ ചർച്ചചെയ്യാതെ ഉള്ളിലൊതുക്കാൻ ഞാൻ മിടുക്കനാണ്‌. മിണ്ടാതിരുന്നാൽ അവ താനേ കെട്ടടങ്ങിക്കൊള്ളും എന്നായിരുന്നു എന്റെ വിചാരം. എന്നാൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്‌ ദൗർബല്യത്തിന്റെ ലക്ഷണമല്ല എന്ന്‌ എനിക്കു മനസ്സിലായി. ഉള്ളിലുള്ള കാര്യങ്ങൾ പുറത്തുപറയാൻ ബുദ്ധിമുട്ടു തോന്നുമ്പോൾ ശരിയായ വാക്കുകളിൽ ശരിയായ വിധത്തിൽ അതു പറയാനുള്ള കഴിവിനായി ഞാൻ പ്രാർഥിക്കും. എന്നിട്ട്‌ സാവധാനം, ഒരു ദീർഘശ്വാസമെടുത്ത്‌ ഞാൻ സംസാരിച്ചുതുടങ്ങും.” ഏതു സാഹചര്യത്തിൽ സംസാരിക്കുന്നു എന്നതും പ്രധാനമാണ്‌. ദമ്പതികൾ ഒറ്റയ്‌ക്കായിരിക്കുമ്പോൾ സംസാരിക്കുന്നത്‌ ഏറെ നന്നായിരിക്കും. ഒരുപക്ഷേ ദിനവാക്യം നോക്കുമ്പോഴോ ബൈബിൾ വായിക്കുമ്പോഴോ അതിനുള്ള അവസരം ലഭിച്ചേക്കാം.

8. ദാമ്പത്യം വിജയകരമാക്കാൻ ക്രിസ്‌തീയദമ്പതികൾക്ക്‌ കൂടുതലായ പ്രചോദനം എങ്ങനെ ലഭിക്കും?

8 ആശയവിനിമയപ്രാപ്‌തികൾ മെച്ചപ്പെടുത്താൻ ഭാര്യാഭർത്താക്കന്മാർ ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും വേണം. പഴകിപ്പതിഞ്ഞ രീതികൾ മാറ്റുന്നത്‌ ബുദ്ധിമുട്ടായിരിക്കും എന്നതു ശരിതന്നെ. എന്നാൽ, യഹോവയെ സ്‌നേഹിക്കുകയും അവന്റെ പരിശുദ്ധാത്മാവിനായി അപേക്ഷിക്കുകയും തങ്ങളുടെ ബന്ധത്തെ പവിത്രമായി വീക്ഷിക്കുകയും ചെയ്യുന്ന ദമ്പതികൾക്ക്‌ അതിനുള്ള പ്രേരണ ലഭിച്ചിട്ടുണ്ട്‌. വിവാഹിതയായിട്ട്‌ 26 വർഷമായ ഒരു സഹോദരി എഴുതുന്നു: “ഞാനും ഭർത്താവും ദാമ്പത്യം സംബന്ധിച്ച യഹോവയുടെ വീക്ഷണം വളരെ ഗൗരവമായി എടുത്തിരിക്കുന്നു. അതുകൊണ്ടുതന്നെ വേർപിരിയൽ എന്ന ആശയം ഞങ്ങളുടെ ചിന്തകളിൽപ്പോലുമില്ല. പ്രശ്‌നങ്ങൾ ഒത്തൊരുമിച്ച്‌ ചർച്ചചെയ്‌ത്‌ എങ്ങനെയും അവ പരിഹരിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു.” ഇത്തരം വിശ്വസ്‌തതയും ഭക്തിയും ദൈവത്തെ പ്രസാദിപ്പിക്കുകയും അവന്റെ സമൃദ്ധമായ അനുഗ്രഹങ്ങളിൽ കലാശിക്കുകയും ചെയ്യും.—സങ്കീ. 127:1.

സ്‌നേഹം വർധിപ്പിക്കുക

9, 10. ഇണകൾക്ക്‌ തങ്ങളുടെ സ്‌നേഹബന്ധം ബലിഷ്‌ഠമാക്കാൻ പ്രായോഗികമായി എന്തൊക്കെ ചെയ്യാം?

9 ദാമ്പത്യബന്ധത്തിൽ വേണ്ട ഏറ്റവും പ്രധാന ഗുണമാണ്‌ “ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്‌നേഹം.” (കൊലോ. 3:14) ജീവിതത്തിലെ നിഴലും നിലാവും ഒരുമിച്ചു പിന്നിടവെ വിശ്വസ്‌തരായ ദമ്പതികൾക്കിടയിൽ യഥാർഥസ്‌നേഹം വളരും. അവർ ഉറ്റമിത്രങ്ങളാകുകയും പരസ്‌പരം സഖിത്വം ആസ്വദിക്കുകയും ചെയ്യും. അത്തരം ദാമ്പത്യങ്ങൾ പരിപുഷ്ടിപ്പെടുന്നത്‌, വെള്ളിത്തിരയിലേതുപോലെ കോരിത്തരിപ്പിക്കുന്ന ഐതിഹാസിക കൃത്യങ്ങളാലല്ല. പിന്നെയോ നിരവധി കൊച്ചുകാര്യങ്ങളാലാണ്‌—ഒരു ആശ്ലേഷം, ഒരു ദയാവാക്ക്‌, ഒരു സ്‌നേഹസ്‌പർശം, ഒരു കൊച്ചുസമ്മാനം, ‘വാചാലമായൊരു’ പുഞ്ചിരി, ആത്മാർഥമായൊരു ക്ഷേമാന്വേഷണം അങ്ങനെ പലതും. ഈ ചെറിയ കാര്യങ്ങൾക്ക്‌ വിവാഹജീവിതത്തിൽ വലിയ പ്രഭാവമുണ്ട്‌. 19 വർഷമായി സന്തുഷ്ടദാമ്പത്യം നയിക്കുന്ന ഒരു ദമ്പതികൾ പകൽസമയം പിരിഞ്ഞിരിക്കുമ്പോൾ ഫോൺ വിളിക്കുകയോ സന്ദേശങ്ങൾ അയയ്‌ക്കുകയോ ചെയ്യുന്നു. ‘മറ്റേയാൾ എന്തുചെയ്യുന്നു, സുഖമായിരിക്കുന്നോ എന്നൊന്ന്‌ അറിയാൻവേണ്ടിമാത്രം,’ ഭർത്താവ്‌ പറയുന്നു.

10 യഥാർഥസ്‌നേഹം അന്യോന്യം എറെ അടുത്തറിയാൻ ദമ്പതികൾക്ക്‌ പ്രചോദനം പകരും. (ഫിലി. 2:4) അടുത്തറിയുമ്പോഴാകട്ടെ അവർക്കിടയിലെ സ്‌നേഹം പിന്നെയും വർധിക്കും, അപൂർണതകളുണ്ടെങ്കിൽത്തന്നെയും. വിജയപ്രദമായ ഒരു ദാമ്പത്യബന്ധം കാലം പഴകുമ്പോൾ മുരടിച്ചുപോകുന്നതിനുപകരം എക്കാലവും സമ്പുഷ്ടവും ഗാഢവും ആയിത്തീർന്നുകൊണ്ടിരിക്കും. നിങ്ങളുടെ വിവാഹം കഴിഞ്ഞതാണെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘എനിക്ക്‌ എന്റെ ഇണയെ എത്ര നന്നായി അറിയാം? അവളുടെ/അദ്ദേഹത്തിന്റെ വികാരവിചാരങ്ങളും കാഴ്‌ചപ്പാടുകളും ഞാൻ മനസ്സിലാക്കുന്നുണ്ടോ? ആദ്യം കണ്ട്‌ ഇഷ്ടപ്പെട്ടപ്പോൾ എന്റെ ഇണയിലേക്ക്‌ എന്നെ ആകർഷിച്ച ഗുണങ്ങളെക്കുറിച്ച്‌ എത്ര കൂടെക്കൂടെ ഞാൻ ചിന്തിക്കാറുണ്ട്‌?’

പരസ്‌പരം ആദരിക്കുക

11. ദാമ്പത്യവിജയത്തിന്‌ ആദരവ്‌ അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഉദാഹരിക്കുക.

11 ദമ്പതികൾ എത്ര സന്തുഷ്ടരാണെങ്കിലും അവരുടെ ദാമ്പത്യം എല്ലാംതികഞ്ഞ ഒരു ബന്ധം ആയിരിക്കണമെന്നില്ല. സ്‌നേഹമുള്ള ഇണകൾക്കിടയിലും വിയോജിപ്പുകളുണ്ടാകാം. അബ്രാഹാമും സാറായും എല്ലാക്കാര്യത്തിലും ഒരേ അഭിപ്രായക്കാരായിരുന്നില്ല. (ഉല്‌പ. 21:9-11) പക്ഷേ അഭിപ്രായഭിന്നതകൾ അവർക്കിടയിൽ വിടവു സൃഷ്ടിച്ചില്ല. എന്തുകൊണ്ടില്ല? കാരണം, അവർ പരസ്‌പരം മാന്യതയോടും ആദരവോടും കൂടെയാണ്‌ പെരുമാറിയത്‌. ഉദാഹരണത്തിന്‌, അബ്രാഹാം സാറായോട്‌ ഒരുകാര്യം ആവശ്യപ്പെട്ടപ്പോൾ അവളോട്‌ ആദരപൂർവമാണ്‌ സംസാരിച്ചത്‌. (ഉല്‌പ. 20:13) സാറായാകട്ടെ അബ്രാഹാമിനെ അനുസരിക്കുകയും അദ്ദേഹത്തെ തന്റെ ‘നാഥനായി’ കരുതിപ്പോരുകയും ചെയ്‌തു. (1 പത്രോ. 3:6) ഇണകൾക്കിടയിൽ പരസ്‌പരബഹുമാനം ഇല്ലാതെയാകുമ്പോൾ അത്‌ അവരുടെ സ്വരത്തിലും സംസാരരീതിയിലും പ്രകടമാകും. (സദൃ. 12:18) അന്തർലീനമായിരിക്കുന്ന പ്രശ്‌നം കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ അവരുടെ വിവാഹബന്ധം ഒരു ദുരന്തമായി പരിണമിച്ചേക്കാം.യാക്കോബ്‌ 3:7-10, 17, 18 വായിക്കുക.

12. ആദരവോടെ സംസാരിക്കുന്നതിന്‌ നവദമ്പതികൾ പ്രത്യേകശ്രമം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

12 അന്യോന്യം ആദരവോടെയും ദയയോടെയും സംസാരിക്കാൻ നവദമ്പതികൾ പ്രത്യേകശ്രമം ചെയ്യണം. അത്‌ അവർക്ക്‌ ഉള്ളുതുറന്ന, ആത്മാർഥമായ ആശയവിനിമയത്തിനുള്ള വാതിൽ തുറക്കും. “വിവാഹത്തിന്റെ ആദ്യവർഷങ്ങൾ സന്തോഷകരമാണെങ്കിലും ദേഷ്യവും നിരാശയും ഒക്കെ തോന്നുന്ന സാഹചര്യങ്ങളുമുണ്ടായേക്കാം” എന്ന്‌ ഒരു ഭർത്താവ്‌ ഓർക്കുന്നു. “മറ്റേയാളുടെ വികാരങ്ങൾ, ശീലങ്ങൾ, ആവശ്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാൻ ശ്രമിക്കവെ കാര്യങ്ങൾ വഴുതിപ്പോകുന്നതായി നിങ്ങൾക്ക്‌ തോന്നിയേക്കാം. എന്നാൽ, ന്യായയുക്തതയും നർമബോധവും ഒപ്പം താഴ്‌മ, ക്ഷമാശീലം, യഹോവയിലുള്ള ആശ്രയത്വം എന്നിങ്ങനെയുള്ള സമനില പകരുന്ന ഗുണങ്ങളും പ്രകടിപ്പിക്കുന്നെങ്കിൽ അത്‌ നിങ്ങൾക്ക്‌ ഇരുവർക്കും മുന്നോട്ടുള്ള ജീവിതത്തിൽ ഗുണം ചെയ്യും.” എത്ര അർഥവത്തായ വാക്കുകൾ!

നിഷ്‌കപടമായ താഴ്‌മ കാണിക്കുക

13. സുദൃഢവും സന്തുഷ്ടവും ആയ ദാമ്പത്യത്തിന്‌ താഴ്‌മ ഒരു നിർണായകഘടകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ദാമ്പത്യവൃത്തത്തിലെ നല്ല ആശയവിനിമയം, ഉദ്യാനത്തിലൂടെ പ്രശാന്തമായൊഴുകുന്ന ഒരു കൊച്ചരുവിപോലെയാണ്‌. അതിന്റെ ഒഴുക്ക്‌ തടസ്സപ്പെടാതിരിക്കണമെങ്കിൽ “താഴ്‌മ” കൂടിയേ തീരൂ. (1 പത്രോ. 3:8) 11 വർഷമായി വിവാഹിതനായ ഒരു സഹോദരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പമാർഗം താഴ്‌മയാണ്‌. കാരണം, അതുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ നിങ്ങൾക്ക്‌ ഒട്ടും മടിയുണ്ടാവില്ല.” 20 വർഷമായി സന്തുഷ്ട വിവാഹജീവിതം നയിക്കുന്ന ഒരു മൂപ്പൻ പറഞ്ഞു: “‘എന്നോട്‌ ക്ഷമിക്കൂ’ എന്നു പറയുന്നതാണ്‌ ചില സമയത്ത്‌ മധുരംകിനിയുന്ന വാക്കുകളെക്കാൾ പ്രധാനം.” അദ്ദേഹം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “താഴ്‌മയിലേക്കുള്ള ഏറ്റവും നല്ല കുറുക്കുവഴികളിലൊന്ന്‌ പ്രാർഥനയാണ്‌. ഭാര്യയും ഞാനും ഒരുമിച്ച്‌ പ്രാർഥിക്കുമ്പോൾ ഞങ്ങളുടെ അപൂർണതയെയും ദൈവത്തിന്റെ അളവറ്റ ദയയെയും കുറിച്ച്‌ ഞങ്ങൾ ബോധവാന്മാരാകുന്നു. മനസ്സിലേക്ക്‌ കടന്നുവരുന്ന ഈ ഓർമിപ്പിക്കൽ കാര്യങ്ങളെ ഉചിതമായ കാഴ്‌ചപ്പാടിൽ കാണാൻ ഞങ്ങളെ സഹായിക്കുന്നു.”

നിങ്ങളുടെ ദാമ്പത്യത്തിൽ ആശയവിനിമയം മുടങ്ങാതിരിക്കട്ടെ

14. അഹങ്കാരം ദാമ്പത്യത്തെ എങ്ങനെ ബാധിച്ചേക്കാം?

14 എന്നാൽ അനുരഞ്‌ജനത്തിന്‌ വിലങ്ങുതടിയായി നിൽക്കുന്ന ദുർഗുണമാണ്‌ അഹങ്കാരം. അഹങ്കാരമുള്ള വ്യക്തിക്ക്‌ ക്ഷമ ചോദിക്കാനുള്ള ആഗ്രഹവും ധൈര്യവും ഇല്ല. ഫലമോ? ആശയവിനിമയം അതോടെ നിലയ്‌ക്കുന്നു. ‘എന്നോട്‌ ക്ഷമിക്കണം’ എന്ന്‌ താഴ്‌മയോടെ പറയുന്നതിനു പകരം അഹങ്കാരിയായ ഒരു വ്യക്തി ന്യായീകരണങ്ങൾ കണ്ടെത്തും. തന്റെ ബലഹീനത തുറന്നു സമ്മതിക്കാനുള്ള ധൈര്യം കാണിക്കുന്നതിനു പകരം അയാൾ ഇണയെ കുറ്റപ്പെടുത്തും. വ്രണിതരാകുമ്പോൾ ഇത്തരക്കാർ സമാധാനമുണ്ടാക്കാൻ ശ്രമിക്കാതെ നീരസം വെച്ചുകൊണ്ടിരിക്കും. കടുത്ത വാക്കുകൾകൊണ്ടോ ‘മൗനവ്രതംകൊണ്ടോ’ അവർ പ്രതികാരവും ചെയ്‌തേക്കാം. (സഭാ. 7:9) അതെ, അഹങ്കാരം ദാമ്പത്യത്തെ തകർക്കാൻ പോന്നതാണ്‌. “ദൈവം ഗർവികളോട്‌ എതിർത്തുനിൽക്കുന്നു. എന്നാൽ താഴ്‌മയുള്ളവരുടെമേൽ അവൻ കൃപ ചൊരിയുന്നു” എന്നോർക്കുന്നത്‌ എല്ലായ്‌പോഴും നല്ലതാണ്‌.—യാക്കോ. 4:6.

15. ദമ്പതികൾക്കിടയിൽ ഉയർന്നുവന്നേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന്‌ എഫെസ്യർ 4:26, 27-ലെ തത്ത്വം എങ്ങനെ ബാധകമാക്കാമെന്ന്‌ വിശദീകരിക്കുക.

15 ഇണകൾക്കിടയിൽ അഹങ്കാരം തലപൊക്കുകയില്ലെന്നു കരുതുന്നത്‌ മൗഢ്യമായിരിക്കും. നമ്മൾ അത്‌ തിരിച്ചറിയുകയും അപ്പോൾത്തന്നെ നുള്ളിക്കളയുകയും വേണം. പൗലോസ്‌ സഹക്രിസ്‌ത്യാനികളോട്‌ പറഞ്ഞു: “കോപം വന്നാലും പാപം ചെയ്യരുത്‌; സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്‌; പിശാചിന്‌ ഇടംകൊടുക്കുകയുമരുത്‌.” (എഫെ. 4:26, 27) ദൈവവചനത്തിന്‌ ശ്രദ്ധകൊടുക്കാതിരിക്കുന്നത്‌ അനാവശ്യമായ ദുരിതങ്ങൾ വരുത്തിവെക്കും. “ചിലയവസരങ്ങളിൽ ഭർത്താവും ഞാനും എഫെസ്യർ 4:26, 27-ലെ ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്‌. ഫലമോ? ഉറക്കമില്ലാത്ത രാത്രികൾ! അത്‌ വല്ലാത്തൊരു അനുഭവമാണ്‌!” ഒരു സഹോദരി പരിതപിക്കുന്നു. വെച്ചുതാമസിപ്പിക്കാതെ, കാര്യങ്ങൾ നേരെയാക്കുക എന്ന ലക്ഷ്യത്തിൽ സംസാരിച്ചുതീർക്കുന്നത്‌ എത്ര നന്നായിരിക്കും! എന്നാൽ ശാന്തരാകുന്നതിന്‌ ഇണകൾ രണ്ടുപേരും അൽപ്പം സമയം നൽകുന്നത്‌ നല്ലതാണ്‌. ശരിയായ മാനസികാവസ്ഥ കൈവരിക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നതും ഉചിതമായിരിക്കും. അതിൽ താഴ്‌മയ്‌ക്കുവേണ്ടി യാചിക്കുന്നത്‌ ഉൾപ്പെടുന്നു. കാരണം, താഴ്‌മയില്ലെങ്കിൽ നിങ്ങൾ പ്രശ്‌നത്തിലല്ല നിങ്ങളിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കും. ഇത്‌ സാഹചര്യം പിന്നെയും വഷളാക്കും.കൊലോസ്യർ 3:12, 13 വായിക്കുക.

16. സ്വന്തം കഴിവുകളെക്കുറിച്ച്‌ ശരിയായ വീക്ഷണം ഉണ്ടായിരിക്കാൻ താഴ്‌മ ദമ്പതികളെ സഹായിക്കുന്നത്‌ എങ്ങനെ?

16 താഴ്‌മയും എളിമയും ഉണ്ടെങ്കിൽ ഒരു വ്യക്തി തന്റെ ഇണയുടെ നല്ല ഗുണങ്ങളിലും പ്രാപ്‌തികളിലും ശ്രദ്ധകേന്ദ്രീകരിക്കും. ഉദാഹരണത്തിന്‌, ഭാര്യക്ക്‌ ചില പ്രത്യേകകഴിവുകൾ ഉണ്ടായിരിക്കാം. അത്‌ അവൾ കുടുംബത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടാകാം. ഭർത്താവ്‌ താഴ്‌മയും എളിമയും ഉള്ളയാളാണെങ്കിൽ അവളെ ഒരു പ്രതിയോഗിയായി കാണാതെ അവളുടെ കഴിവുകൾ ഉപയോഗിക്കാൻ അവൾക്കു പ്രോത്സാഹനമേകും. അങ്ങനെ അവളെ വിലമതിക്കുകയും പ്രിയപ്പെടുകയും ചെയ്യുന്നുവെന്ന്‌ അദ്ദേഹം തെളിയിക്കും. (സദൃ. 31:10, 28; എഫെ. 5:28, 29) അതേസമയം, താഴ്‌മയും എളിമയും ഉള്ള ഭാര്യ തന്റെ കഴിവുകളെക്കുറിച്ച്‌ വീമ്പിളക്കുകയോ ഭർത്താവിനെ ചെറുതാക്കികാണിക്കുകയോ ഇല്ല. ഇണകൾ ഇരുവരും ‘ഏകശരീരമായതിനാൽ’ ഒരാളെ വേദനിപ്പിക്കുന്നതെന്തും മറ്റേയാളെയും വേദനിപ്പിക്കുമല്ലോ.മത്താ. 19:4, 5.

17. ഇന്നുള്ള ദാമ്പത്യങ്ങൾ സന്തുഷ്ടവും ദൈവത്തിനു സ്‌തുതി കരേറ്റുന്നതുമാക്കാൻ എന്തു സഹായിക്കും?

17 അബ്രാഹാമിന്റെയും സാറായുടെയും, യിസ്‌ഹാക്കിന്റെയും റിബേക്കയുടെയും പോലെ നിങ്ങളുടെ ദാമ്പത്യവും, സന്തുഷ്ടവും നിലനിൽക്കുന്നതും യഹോവയെ മഹത്ത്വപ്പെടുത്തുന്നതും ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? അങ്ങനെയെങ്കിൽ വിവാഹം സംബന്ധിച്ച ദൈവികവീക്ഷണത്തോടു പറ്റിനിൽക്കുക. ഉൾക്കാഴ്‌ചയ്‌ക്കും ജ്ഞാനത്തിനും ആയി ദൈവവചനത്തിലേക്കു തിരിയുക. നിങ്ങളുടെ നിനവുകളിൽ ഇണയെക്കുറിച്ച്‌ മതിപ്പോടെ ചിന്തിച്ചുകൊണ്ട്‌ യാഹിന്റെ “ദിവ്യജ്വാല”യായ യഥാർഥസ്‌നേഹം ഊട്ടിവളർത്തുക. (ഉത്ത. 8:6) താഴ്‌മയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക. ഇണയോട്‌ ആദരവോടെ ഇടപെടുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങളുടെ വിവാഹബന്ധം നിങ്ങൾക്കും നിങ്ങളുടെ സ്വർഗീയപിതാവിനും സന്തോഷം കൈവരുത്തും. (സദൃ. 27:11) 27 വർഷത്തെ ദാമ്പത്യത്തിനുശേഷം ഒരു ഭർത്താവ്‌ ഇങ്ങനെ വിലയിരുത്തുന്നു: “എന്റെ ഭാര്യ കൂടെയില്ലാത്ത ജീവിതത്തെക്കുറിച്ച്‌ എനിക്ക്‌ സങ്കൽപ്പിക്കാനേ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞങ്ങളുടെ വിവാഹബന്ധം ഏറെ ദൃഢബദ്ധമായിക്കൊണ്ടിരിക്കുകയാണ്‌. യഹോവയോടുള്ള സ്‌നേഹവും ഞങ്ങൾക്കിടയിലുള്ള പതിവായ ആശയവിനിമയവും ആണ്‌ അതിന്‌ ആധാരം.” അദ്ദേഹത്തിന്റെ വാക്കുകളിൽ നിങ്ങളുടെ വികാരങ്ങളും നിങ്ങൾക്ക്‌ കാണാനാവുന്നില്ലേ?