വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട്‌ നിങ്ങളുടെ അവകാശം കാത്തുകൊള്ളുക

ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട്‌ നിങ്ങളുടെ അവകാശം കാത്തുകൊള്ളുക

“ദോഷത്തെ വെറുത്ത്‌ നല്ലതിനോടു പറ്റിനിൽക്കുവിൻ.”—റോമ. 12:9.

1, 2. (എ) ദൈവത്തെ സേവിക്കാനുള്ള തീരുമാനം നിങ്ങൾ എങ്ങനെയാണ്‌ കൈക്കൊണ്ടത്‌? (ബി) നമ്മുടെ ആത്മീയാവകാശത്തെപ്പറ്റി എന്തെല്ലാം ചോദ്യങ്ങൾ ഉദിക്കുന്നു?

 ദശലക്ഷങ്ങൾ യഹോവയാം ദൈവത്തെ സേവിക്കാനും യേശുക്രിസ്‌തുവിന്റെ കാൽച്ചുവടുകൾ അടുത്തു പിൻപറ്റാനും ഉള്ള ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പു നടത്തിയിരിക്കുന്നു. (മത്താ. 16:24; 1 പത്രോ. 2:21) ദൈവത്തിനുള്ള ഈ സമർപ്പിതജീവിതത്തെ നാം നിസ്സാരമട്ടിൽ എടുക്കുന്നില്ല. ഏതാനും തിരുവെഴുത്തുകളുടെ ഉപരിപ്ലവമായ അറിവിന്റെ അടിസ്ഥാനത്തിലല്ല, പകരം ദൈവവചനം അവധാനപൂർവം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നാം ഈ തിരഞ്ഞെടുപ്പ്‌ നടത്തിയത്‌. അതിന്റെ ഫലമായി, യഹോവ ‘തന്നെയും താൻ അയച്ച യേശുക്രിസ്‌തുവിനെയും അറിയുന്നവരുടെ’ മുമ്പാകെ വെച്ചിരിക്കുന്ന അവകാശത്തെക്കുറിച്ചുള്ള വിശ്വാസം വർധിപ്പിക്കുന്ന നിരവധി വിശദാംശങ്ങൾ നാം മനസ്സിലാക്കി.—യോഹ. 17:3; റോമ. 12:2.

2 ക്രിസ്‌ത്യാനികളെന്ന പദവി നിലനിറുത്തുന്നതിന്‌ നമ്മുടെ സ്വർഗീയപിതാവിനെ പ്രസാദിപ്പിക്കുന്ന തിരഞ്ഞെടുപ്പുകൾ നാം നടത്തണം. അതുകൊണ്ട്‌ ഈ ലേഖനം പിൻവരുന്ന സുപ്രധാനചോദ്യങ്ങൾ പരിചിന്തിക്കും: എന്താണ്‌ നമ്മുടെ അവകാശം? എങ്ങനെയാണ്‌ നമ്മൾ അതിനെ വീക്ഷിക്കേണ്ടത്‌? അവകാശം ലഭിക്കുമെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പാക്കാം? ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കാൻ നമ്മെ എന്തു സഹായിക്കും?

നമ്മുടെ അവകാശം—എന്താണത്‌?

3. (എ) അഭിഷിക്തരെ കാത്തിരിക്കുന്ന അവകാശം എന്ത്‌? (ബി) ‘വേറെ ആടുകളെ’ കാത്തിരിക്കുന്ന അവകാശം എന്ത്‌?

3 ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ ഭരണം നടത്താനുള്ള ‘അക്ഷയവും നിർമലവും ഒളിമങ്ങാത്തതുമായ ഒരു അവകാശത്തിനായി’ താരതമ്യേന ചെറിയ ഒരു കൂട്ടം ക്രിസ്‌ത്യാനികൾ കാത്തിരിക്കുന്നു. (1 പത്രോ. 1:3, 4) ഈ അവകാശം ലഭിക്കണമെങ്കിൽ ആ വ്യക്തികൾ ‘വീണ്ടും ജനിക്കണം.’ (യോഹ. 3:1-3) യേശുവിന്റെ അഭിഷിക്താനുഗാമികളോടൊപ്പം ദൈവരാജ്യസുവാർത്ത പ്രസംഗിക്കുന്ന അവന്റെ ദശലക്ഷക്കണക്കിന്‌ വരുന്ന ‘വേറെ ആടുകളുടെ’ അവകാശം എന്താണ്‌? (യോഹ. 10:16) ആദാമിനും ഹവ്വായ്‌ക്കും എന്നേക്കുമായി നഷ്ടപ്പെട്ട അവകാശമാണ്‌ അവർക്ക്‌ ലഭിക്കുക, വേദനയും മരണവും വിലാപവും ഇല്ലാത്ത പറുദീസാഭൂമിയിലെ നിത്യജീവൻ. (വെളി. 21:1-4) “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു: നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്ന്‌ തന്നോടൊപ്പം വധിക്കപ്പെട്ട ദുഷ്‌പ്രവൃത്തിക്കാരനോടു വാഗ്‌ദാനം ചെയ്യാൻ യേശുവിനു കഴിഞ്ഞത്‌ അതുകൊണ്ടാണ്‌.—ലൂക്കോ. 23:43.

4. ഇപ്പോൾത്തന്നെ എന്തെല്ലാം അനുഗ്രഹങ്ങൾ നാം ആസ്വദിക്കുന്നു?

4 നമ്മുടെ അവകാശത്തിന്റെ ഭാഗമായ ചില അനുഗ്രഹങ്ങൾ ഇപ്പോൾപ്പോലും നാം ആസ്വദിക്കുന്നു. “ക്രിസ്‌തുയേശു നൽകിയ മറുവില”യിൽ വിശ്വാസം പ്രകടമാക്കുന്നതുകൊണ്ട്‌ ആന്തരികസമാധാനവും ദൈവവുമായി അടുത്ത ഒരു ബന്ധവും നമുക്കുണ്ട്‌. (റോമ. 3:23-25) ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന വിശിഷ്ടമായ വാഗ്‌ദാനങ്ങൾ സംബന്ധിച്ച്‌ വ്യക്തമായ ധാരണ നമുക്കു ലഭിച്ചിരിക്കുന്നു. കൂടാതെ സ്‌നേഹമുള്ള ഒരു സാർവദേശീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നത്‌ നമുക്ക്‌ അളവറ്റ ആഹ്ലാദം പകരുന്നു. യഹോവയുടെ സാക്ഷികളിൽ ഒരുവനായിരിക്കാൻ കഴിയുന്നതുതന്നെ എത്ര അനുഗൃഹീതമായ ഒരു പദവിയാണ്‌! അതെ, നമ്മുടെ അവകാശത്തെ നാം അത്യമൂല്യമായി കരുതുന്നു.

5. സാത്താൻ ദൈവജനത്തിന്മേൽ എന്തു സമ്മർദം ചെലുത്തിയിരിക്കുന്നു, അവന്റെ കുടിലതന്ത്രങ്ങളോട്‌ എതിർത്തുനിൽക്കാൻ നമ്മെ എന്ത്‌ സഹായിക്കും?

5 എന്നാൽ വിസ്‌മയാവഹമായ നമ്മുടെ അവകാശം കാത്തുസൂക്ഷിക്കണമെങ്കിൽ സാത്താന്റെ കുതന്ത്രങ്ങൾ സംബന്ധിച്ചു നാം ജാഗ്രതയുള്ളവരായിരിക്കണം. ദൈവജനം തങ്ങളുടെ അവകാശം നഷ്ടപ്പെടുത്തുന്നതരം തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതിന്‌ സാത്താൻ എക്കാലവും അവരുടെമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. (സംഖ്യാ. 25:1-3, 9) തന്റെ അവസാനം അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊണ്ട്‌ അവൻ നമ്മെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയിരിക്കുന്നു. (വെളിപാട്‌ 12:12, 17 വായിക്കുക.) “പിശാചിന്റെ കുടിലതന്ത്രങ്ങളോട്‌” തുടർന്നും “എതിർത്തുനിൽക്കാൻ” കഴിയണമെങ്കിൽ നാം നമ്മുടെ അവകാശം എല്ലായ്‌പോഴും വിലതീരാത്തതായി പിടിച്ചുകൊള്ളണം. (എഫെ. 6:11) ഇതിനോടുള്ള ബന്ധത്തിൽ, ഗോത്രപിതാവായ യിസ്‌ഹാക്കിന്റെ പുത്രനായ ഏശാവിന്റെ മുന്നറിയിപ്പിൻ ദൃഷ്ടാന്തത്തിൽനിന്ന്‌ വിലയേറിയ ചില പാഠങ്ങൾ നമുക്ക്‌ പഠിക്കാനുണ്ട്‌.

ഏശാവിനെപ്പോലെ ആകരുത്‌

6, 7. ആരായിരുന്നു ഏശാവ്‌, എന്ത്‌ അവകാശമാണ്‌ അവനെ കാത്തിരുന്നത്‌?

6 ഏതാണ്ട്‌ 4,000 വർഷം മുമ്പ്‌ യിസ്‌ഹാക്കിനും റിബേക്കയ്‌ക്കും ഇരട്ടക്കുട്ടികൾ പിറന്നു, ഏശാവും യാക്കോബും. ഇരട്ടകൾ വളർന്നുവന്നപ്പോൾ ഇരുവരുടെയും സ്വഭാവത്തിലും തിരഞ്ഞെടുത്ത പ്രവർത്തനഗതിയിലും വലിയ അന്തരമുണ്ടായിരുന്നു. “ഏശാവ്‌ വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും” ആയിരുന്നു; യാക്കോബാകട്ടെ “സാധുശീലനും കൂടാരവാസിയും.” (ഉല്‌പ. 25:27) ‘സാധുശീലൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന്‌ “ധാർമികവൈശിഷ്ട്യത്തെയോ നിഷ്‌കളങ്കതയെയോ കുറിക്കാനാകും” എന്നാണ്‌ ബൈബിൾപരിഭാഷകനായ റോബർട്ട്‌ ആൾട്ടർ അഭിപ്രായപ്പെടുന്നത്‌.

7 ഏശാവിനും യാക്കോബിനും 15 വയസ്സുള്ളപ്പോൾ അവരുടെ പിതാമഹനായ അബ്രാഹാം മരിച്ചു. എങ്കിലും അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്‌ദാനം നിലനിന്നു. ഭൂമിയിലെ സകലജനതകളും അബ്രാഹാമിന്റെ സന്തതി മുഖാന്തരം തങ്ങളെത്തന്നെ അനുഗ്രഹിക്കും എന്നുള്ള ആ വാഗ്‌ദാനം പിന്നീട്‌ യഹോവ യിസ്‌ഹാക്കിനോട്‌ ആവർത്തിക്കുകയുണ്ടായി. (ഉല്‌പത്തി 26:3-5 വായിക്കുക.) ഉല്‌പത്തി 3:15-ലെ വിശ്വസ്‌ത “സന്തതി” അഥവാ മിശിഹാ, അബ്രാഹാമിന്റെ സന്തതിയിലൂടെ വരുമെന്ന്‌ ആ വാഗ്‌ദാനം വെളിപ്പെടുത്തുന്നു. യിസ്‌ഹാക്കിന്റെ മൂത്തപുത്രനെന്ന നിലയിൽ ആ വാഗ്‌ദാനനിവൃത്തി പ്രാപിക്കാൻ ഏശാവിന്‌ നിയമപരമായ അവകാശം ഉണ്ടായിരുന്നു. എത്ര മഹത്തരമായ ഒരു അവകാശമാണ്‌ ഏശാവിനെ കാത്തിരുന്നത്‌! എന്നാൽ അവൻ അത്‌ വിലമതിച്ചോ?

നിങ്ങളുടെ ആത്മീയാവകാശം അപകടപ്പെടുത്തരുത്‌

8, 9. (എ) അവകാശം സംബന്ധിച്ച്‌ ഏശാവ്‌ ഏതു തിരഞ്ഞെടുപ്പു നടത്തി? (ബി) തന്റെ തിരഞ്ഞെടുപ്പു സംബന്ധിച്ച്‌ വർഷങ്ങൾക്കുശേഷം ഏശാവ്‌ എന്തു തിരിച്ചറിഞ്ഞു, അവൻ എങ്ങനെ പ്രതികരിച്ചു?

8 ഒരു ദിവസം ഏശാവ്‌ വയലിൽനിന്ന്‌ മടങ്ങിവരുമ്പോൾ യാക്കോബ്‌ പായസം വെക്കുന്നതു കണ്ടു. “വേഗമാകട്ടെ, ആ ചുവന്ന പായസത്തിൽ കുറച്ച്‌ എനിക്കു തരൂ, വല്ലാതെ വിശക്കുന്നു” എന്ന്‌ ഏശാവു പറഞ്ഞു. (ഉല്‌പ. 25:30, ന്യൂ ഇൻഡ്യ ഭാഷാന്തരം) അതുകേട്ട്‌ യാക്കോബ്‌ ഇങ്ങനെ മറുപടി പറഞ്ഞു: “നിന്റെ ജ്യേഷ്‌ഠാവകാശം ഇന്നു എനിക്കു വില്‌ക്കുക.” ഏശാവ്‌ എന്തു തിരഞ്ഞെടുത്തു? അവിശ്വസനീയമെന്നു തോന്നിയേക്കാം, “ഈ ജ്യേഷ്‌ഠാവകാശം എനിക്കു എന്തിന്‌” എന്നാണ്‌ അവൻ പറഞ്ഞത്‌. ഒരു പാത്രം പായസത്തിനുവേണ്ടി ആദ്യജാതനെന്ന തന്റെ അവകാശം വെച്ചുമാറാൻ അവൻ തയ്യാറായി! ആ ജന്മാവകാശക്കൈമാറ്റം സാധൂകരിക്കാൻ, “ഇന്നു എന്നോടു സത്യം ചെയ്‌ക” എന്ന്‌ യാക്കോബ്‌ ഏശാവിനോട്‌ പറഞ്ഞു. ഏശാവ്‌ ഒരു മടിയും കൂടാതെ തന്റെ ജന്മാവകാശം വിട്ടുകൊടുത്തു. അതിനു ശേഷം “യാക്കോബ്‌ ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്‌തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ്‌ ജ്യേഷ്‌ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.”—ഉല്‌പ. 25:29, 31-34.

9 വർഷങ്ങൾ കടന്നുപോയി. തന്റെ മരണകാലം അടുത്തെന്ന്‌ യിസ്‌ഹാക്കിന്‌ തോന്നിയപ്പോൾ, ഏശാവ്‌ ഉപേക്ഷിച്ചുകളഞ്ഞ ജന്മാവകാശം യാക്കോബിനുതന്നെ കിട്ടും എന്ന്‌ ഉറപ്പാക്കാൻ റിബേക്ക ചില കാര്യങ്ങൾ ചെയ്‌തു. തന്റെ തീരുമാനം എത്ര ഭോഷത്തമായിരുന്നെന്ന്‌ ഏശാവ്‌ മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. അവൻ യിസ്‌ഹാക്കിനോട്‌ ഇങ്ങനെ യാചിച്ചു: “അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ . . . നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ?” യാക്കോബിന്‌ കൊടുത്ത അനുഗ്രഹങ്ങൾ അസാധുവാക്കാനാവില്ലെന്ന്‌ യിസ്‌ഹാക്ക്‌ പറഞ്ഞപ്പോൾ, ഏശാവ്‌ അതുകേട്ട്‌ “പൊട്ടിക്കരഞ്ഞു.”—ഉല്‌പ. 27:30-38.

10. എങ്ങനെയാണ്‌ യഹോവ ഏശാവിനെയും യാക്കോബിനെയും വീക്ഷിച്ചത്‌, എന്തുകൊണ്ട്‌?

10 ഏശാവിന്റെ ഏതു സ്വഭാവരീതികളാണ്‌ തിരുവെഴുത്തുകൾ എടുത്തുകാണിക്കുന്നത്‌? തനിക്കുള്ള അവകാശത്തിൽനിന്നു ലഭിക്കുന്ന ഭാവി അനുഗ്രഹങ്ങളെക്കാൾ തന്റെ ജഡികാഭിലാഷങ്ങൾ തൃപ്‌തിപ്പെടുത്തുന്നതാണ്‌ ഏശാവ്‌ പ്രാധാന്യമുള്ളതായി കണ്ടത്‌. ഏശാവ്‌ ജന്മാവകാശത്തെ പവിത്രമായി കരുതിയില്ല. കാരണം, അവന്‌ ദൈവത്തോട്‌ യഥാർഥസ്‌നേഹം ഇല്ലായിരുന്നു. കൂടാതെ, തന്റെ പ്രവൃത്തിമൂലം സ്വന്തം സന്തതിപരമ്പരകൾക്ക്‌ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ അവൻ ചിന്തിച്ചതേയില്ല. നേരെമറിച്ച്‌, യാക്കോബ്‌ തന്റെ അവകാശത്തെ അതിയായി വിലമതിച്ചു. ഉദാഹരണത്തിന്‌, തനിക്കൊരു വധുവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യാക്കോബ്‌ മാതാപിതാക്കളുടെ നിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. (ഉല്‌പ. 27:46–28:3) അപ്രകാരം ചെയ്യാൻ ക്ഷമയും ത്യാഗവും ആവശ്യമായിരുന്നു. ആ നല്ല തീരുമാനം അനുഗ്രഹത്തിൽ കലാശിച്ചു. അവൻ മിശിഹായുടെ ഒരു പൂർവപിതാവായിത്തീർന്നു. ദൈവം എങ്ങനെയാണ്‌ ഏശാവിനെയും യാക്കോബിനെയും വീക്ഷിച്ചത്‌? മലാഖി പ്രവാചകനിലൂടെ യഹോവ പറയുന്നു: ‘ഞാൻ യാക്കോബിനെ സ്‌നേഹിക്കുന്നു, ഏശാവിനെ ഞാൻ ദ്വേഷിച്ചിരിക്കുന്നു.’—മലാ. 1:2, 3.

11. (എ) ക്രിസ്‌ത്യാനികളായ നമ്മുടെ കാര്യത്തിൽ ഏശാവിന്റെ ദൃഷ്ടാന്തത്തിന്റെ പ്രസക്തി എന്താണ്‌? (ബി) ഏശാവിന്റെ പ്രവൃത്തിയെക്കുറിച്ചു പറയവെ പൗലോസ്‌ പരസംഗത്തെ പരാമർശിച്ചത്‌ എന്തുകൊണ്ട്‌?

11 ഏശാവിനെക്കുറിച്ച്‌ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്നത്തെ ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ പ്രസക്തമാണോ? തീർച്ചയായും. “ആരും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ജ്യേഷ്‌ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ പരസംഗിയോ വിശുദ്ധകാര്യങ്ങളെ മാനിക്കാത്തവനോ ആകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ സഹക്രിസ്‌ത്യാനികൾക്ക്‌ മുന്നറിയിപ്പുനൽകി. (എബ്രാ. 12:16) ആ മുന്നറിയിപ്പ്‌ ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ഇന്നും ബാധകമാണ്‌. ജഡികമോഹങ്ങൾ നമ്മെ കീഴ്‌പെടുത്തിയിട്ട്‌ നമ്മുടെ ആത്മീയാവകാശം നഷ്ടമാകാതിരിക്കണമെങ്കിൽ വിശുദ്ധകാര്യങ്ങളോടുള്ള വിലമതിപ്പ്‌ നാം കാത്തുസൂക്ഷിക്കണം. എന്നാൽ പൗലോസ്‌ ഏശാവിന്റെ പ്രവൃത്തിയെയും പരസംഗത്തെയും ബന്ധിപ്പിച്ചുപറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ ഏശാവിന്റേതുപോലെ ജഡികമനോഭാവം ഉള്ള ഒരാൾ പരസംഗംപോലുള്ള അവിഹിതസുഖഭോഗങ്ങൾക്കുവേണ്ടി വിശുദ്ധകാര്യങ്ങൾ ഉപേക്ഷിച്ചുകളയാൻ ഏറെ സാധ്യതയുണ്ട്‌.

ഹൃദയത്തെ ഒരുക്കുക, ഇപ്പോൾത്തന്നെ

12. (എ) സാത്താൻ നമ്മുടെ പാതയിൽ പ്രലോഭനങ്ങൾ ഒരുക്കുന്നത്‌ എങ്ങനെയാണ്‌? (ബി) വിഷമകരമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ സഹായകമാകുന്ന തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പറയുക.

12 യഹോവയുടെ ദാസരായ നാം ഒരിക്കലും അധാർമിക ലൈംഗിക പെരുമാറ്റത്തിലേക്കു നയിച്ചേക്കാവുന്ന പ്രലോഭനകരമായ സാഹചര്യങ്ങൾ മനഃപൂർവം തേടിപ്പോകുകയില്ല. ഇനി, യഹോവയോട്‌ അനുസരണക്കേടു കാട്ടാൻ ആരെങ്കിലും നമ്മെ പ്രലോഭിപ്പിക്കുന്നെങ്കിൽത്തന്നെ അതിനു വഴിപ്പെട്ടുപോകാൻ അനുവദിക്കരുതേയെന്ന്‌ നാം യഹോവയോടു പ്രാർഥിക്കുകയായിരിക്കും ചെയ്യുക. (മത്താ. 6:13) ഈ വഴിപിഴച്ചലോകത്തിൽ നിർമലത കാത്തുസൂക്ഷിക്കാൻ നാം പരിശ്രമിക്കവെ നമ്മുടെ ആത്മീയതയ്‌ക്കു തുരങ്കംവെക്കാനുള്ള അനുസ്യൂതയത്‌നത്തിലാണ്‌ സാത്താൻ. (എഫെ. 6:12) നമ്മുടെ അപൂർണജഡത്തിന്റെ അഭിലാഷങ്ങളെ എങ്ങനെ ചൂഷണം ചെയ്യണമെന്ന്‌ ഈ ദുഷ്ടവ്യവസ്ഥിതിയുടെ ദൈവം എന്ന നിലയ്‌ക്ക്‌ സാത്താന്‌ അറിയാം. ആ ലക്ഷ്യത്തിൽ അപൂർണമനുഷ്യർക്ക്‌ സാധാരണമായ പ്രലോഭനങ്ങൾകൊണ്ട്‌ അവൻ നമ്മുടെ പാതയിൽ കെണിയൊരുക്കുന്നു. (1 കൊരി. 10:8, 13) ദൃഷ്ടാന്തത്തിന്‌, നിങ്ങളുടെ ഒരു മോഹം അധാർമികമായ ഒരു വിധത്തിൽ തൃപ്‌തിപ്പെടുത്താൻ അവസരം കിട്ടുന്നുവെന്നു കരുതുക. നിങ്ങൾ എന്തു തീരുമാനമെടുക്കും? ‘വേഗമാകട്ടെ, എനിക്കു തരൂ’ എന്നു പറഞ്ഞ ഏശാവിനെപ്പോലെ ആയിരിക്കുമോ നിങ്ങൾ? അതോ പോത്തീഫറിന്റെ ഭാര്യയിൽനിന്ന്‌ പ്രലോഭനം നേരിട്ടപ്പോൾ യോസേഫ്‌ ചെയ്‌തതുപോലെ ആ പ്രലോഭനത്തെ ചെറുക്കുകയും അവിടംവിട്ട്‌ ഓടിപ്പോകുകയും ചെയ്യുമോ?—ഉല്‌പത്തി 39:10-12 വായിക്കുക.

13. (എ) ഇന്ന്‌ അനേകർ യോസേഫിനെപ്പോലെ പ്രവർത്തിച്ചിരിക്കുന്നത്‌ എങ്ങനെ, എന്നാൽ ചിലർ ഏശാവിനെപ്പോലെ പ്രവർത്തിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) ഏശാവിനെപ്പോലെ പ്രവർത്തിച്ചിരിക്കുന്നവരുടെ ദൃഷ്ടാന്തം, നാം അടിയന്തിരമായി ചെയ്യേണ്ട ഏതു കാര്യം വ്യക്തമാക്കുന്നു?

13 ഏശാവിനെപ്പോലെ പ്രവർത്തിക്കണോ യോസേഫിനെപ്പോലെ പ്രവർത്തിക്കണോ എന്ന്‌ തീരുമാനിക്കേണ്ടിവന്ന സാഹചര്യങ്ങളെ നമ്മുടെ പല സഹോദരീസഹോദരന്മാരും അഭിമുഖീകരിച്ചിട്ടുണ്ട്‌. മിക്കവരും ജ്ഞാനപൂർവം പ്രവർത്തിക്കുകയും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. (സദൃ. 27:11) എന്നാൽ പ്രലോഭനം നേരിട്ടപ്പോൾ നമ്മുടെ സഹവിശ്വാസികളിൽ ചിലർ തങ്ങളുടെ ആത്മീയാവകാശം അപകടത്തിലാക്കിക്കൊണ്ട്‌ ഏശാവിനെപ്പോലെ പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. വാസ്‌തവത്തിൽ, ഓരോ വർഷവും വേണ്ടിവരുന്ന നീതിന്യായനടപടികളിലും പുറത്താക്കലുകളിലും നല്ലൊരു ശതമാനവും ലൈംഗികദുഷ്‌പെരുമാറ്റത്തിന്റെ പേരിലാണ്‌. അതുകൊണ്ട്‌ നമ്മുടെ ഹൃദയത്തെ ഇപ്പോൾത്തന്നെ, നമ്മുടെ നിർമലത പരിശോധിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാകുന്നതിനുമുമ്പുതന്നെ, ഒരുക്കേണ്ടത്‌ എത്ര പ്രധാനമാണ്‌. (സങ്കീ. 78:8) പ്രലോഭനങ്ങൾക്കെതിരെ പ്രതിരോധമായി നിലകൊള്ളുകയും പിന്നീട്‌ ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന രണ്ടു പടികൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

ഭവിഷ്യത്തുകൾ മുൻകാണുക, പ്രതിരോധം ശക്തമാക്കുക

യഹോവയിൽനിന്നുള്ള ജ്ഞാനം തേടിക്കൊണ്ട്‌ നമ്മുടെ പ്രതിരോധം നാം ശക്തിപ്പെടുത്തണം

14. ഏതെല്ലാം ചോദ്യങ്ങൾ ചിന്തിക്കുന്നത്‌ ‘ദോഷത്തെ വെറുക്കാനും നല്ലതിനോടു പറ്റിനിൽക്കാനും’ നമ്മെ സഹായിക്കും?

14 പരിണതഫലങ്ങളെക്കുറിച്ച്‌ മുൻകൂട്ടി ചിന്തിക്കുക എന്നതാണ്‌ ആദ്യപടി. ആത്മീയാവകാശത്തോടുള്ള നമ്മുടെ വിലമതിപ്പ്‌ വലിയൊരളവോളം, നമുക്ക്‌ ആ അവകാശം നൽകിയ യഹോവയോടുള്ള സ്‌നേഹത്തിന്റെ ആഴം അനുസരിച്ചായിരിക്കും. നമ്മൾ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ ആ വ്യക്തിയെ വേദനിപ്പിക്കാൻ നാം ആഗ്രഹിക്കുകയില്ലല്ലോ. പകരം അദ്ദേഹത്തിന്റെ അംഗീകാരം നേടാനായിരിക്കും നാം ശ്രമിക്കുക. അങ്ങനെയെങ്കിൽ, നാം അശുദ്ധ ജഡികമോഹങ്ങൾക്ക്‌ വഴിപ്പെട്ടാൽ അത്‌ നമുക്കും മറ്റുള്ളവർക്കും വരുത്തിവെക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ ഒരൽപ്പസമയം ചിന്തിക്കുന്നത്‌ നന്നായിരിക്കും. നാം ഇങ്ങനെ സ്വയം ചോദിക്കണം: ‘ഈ സ്വാർഥപ്രവൃത്തി യഹോവയുമായുള്ള എന്റെ ബന്ധത്തെ എങ്ങനെ ബാധിക്കും? അത്‌ എന്റെ കുടുംബത്തെ എങ്ങനെ ബാധിക്കും? സഭയിലെ എന്റെ സഹോദരങ്ങളെ എങ്ങനെ ബാധിക്കും? മറ്റുള്ളവരെ ഞാൻ ഇടറിക്കുമോ?’ (ഫിലി. 1:10) നമുക്ക്‌ ഇങ്ങനെയും ചോദിക്കാം: ‘ഏതാനും നിമിഷത്തെ നിഷിദ്ധസുഖാനുഭൂതി പിന്നീട്‌ ഉളവാകുന്ന ഹൃദയവേദനയെ നികത്താൻപോന്നതാണോ? ചെയ്‌തതിന്റെ ഗൗരവം തിരിച്ചറിയുമ്പോൾ ഒടുവിൽ ഒന്നുംചെയ്യാനാവാതെ ഏശാവിനെപ്പോലെ പൊട്ടിക്കരയേണ്ടിവരുന്ന ഒരു അവസ്ഥയിലെത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?’ (എബ്രാ. 12:17) ഇങ്ങനെയുള്ള ചോദ്യങ്ങളെപ്പറ്റി ചിന്തിക്കുന്നത്‌ ‘ദോഷത്തെ വെറുക്കാനും നല്ലതിനോടു പറ്റിനിൽക്കാനും’ നമ്മെ സഹായിക്കും. (റോമ. 12:9) നമ്മുടെ അവകാശത്തോടു പറ്റിനിൽക്കാൻ വിശേഷാൽ യഹോവയോടുള്ള സ്‌നേഹം നമ്മെ പ്രേരിപ്പിക്കും.—സങ്കീ. 73:28.

15. നമ്മുടെ ആത്മീയത അപകടപ്പെടുത്തിയേക്കാവുന്ന പ്രലോഭനങ്ങൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താൻ എന്തു സഹായിക്കും?

15 പ്രലോഭനത്തിനെതിരെ നമ്മുടെ പ്രതിരോധം ശക്തമാക്കുക എന്നതാണ്‌ രണ്ടാമത്തെ പടി. നമ്മുടെ ആത്മീയത അപകടപ്പെടുത്തുന്ന, ഈ ലോകത്തിലെ പ്രലോഭനങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്താൻ ആവശ്യമായ ധാരാളം കരുതലുകൾ യഹോവ ചെയ്‌തിരിക്കുന്നു. ബൈബിൾപഠനം, ക്രിസ്‌തീയയോഗങ്ങൾ, വയൽശുശ്രൂഷ, പ്രാർഥന എന്നിവ അവയിൽപ്പെടുന്നു. (1 കൊരി. 15:58) പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ നാം ഓരോ പ്രാവശ്യം ഹൃദയം പകരുമ്പോഴും ഓരോ പ്രാവശ്യം ക്രിസ്‌തീയശുശ്രൂഷയിൽ അർഥവത്തായി പങ്കുപറ്റുമ്പോഴും പ്രലോഭനങ്ങൾക്കെതിരെ നാം വ്യക്തിപരമായ പ്രതിരോധം ശക്തിപ്പെടുത്തുകയാണ്‌. (1 തിമൊഥെയൊസ്‌ 6:12, 19 വായിക്കുക.) നമ്മുടെ പ്രതിരോധശേഷി വലിയൊരളവോളം നമ്മുടെതന്നെ ശ്രമങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. (ഗലാ. 6:7) സദൃശവാക്യങ്ങൾ രണ്ടാം അധ്യായം ഈ വസ്‌തുത എടുത്തുകാണിക്കുന്നു.

‘അതിനെ അന്വേഷിക്കുക’

16, 17. ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പ്രാപ്‌തി കൈവരിക്കുന്നതിൽ വിജയിക്കാൻ എങ്ങനെ കഴിയും?

16 സദൃശവാക്യങ്ങൾ രണ്ടാം അധ്യായം ജ്ഞാനവും ചിന്താപ്രാപ്‌തിയും നേടിയെടുക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ശരിതെറ്റുകൾ തമ്മിലും ആത്മശിക്ഷണവും ആത്മസുഖാസക്തിയും തമ്മിലും വിവേചിച്ച്‌ തിരഞ്ഞെടുപ്പുകൾ നടത്താൻ ഈ വിശേഷഗുണങ്ങൾ നമ്മെ സഹായിക്കും. എന്നാൽ നാം വിജയിക്കുമോ ഇല്ലയോ എന്നുള്ളത്‌ ശ്രമം ചെയ്യാനുള്ള നമ്മുടെ മനസ്സിനെ ആശ്രയിച്ചിരിക്കും. ഈ അടിസ്ഥാനസത്യത്തിന്‌ അടിവരയിട്ടുകൊണ്ട്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്‌പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്‌കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”—സദൃ. 2:1-6.

17 ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവ്‌ ആർജിക്കുന്നതിൽ നാം വിജയിക്കുമോ എന്നുള്ളത്‌ സദൃശവാക്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന വ്യവസ്ഥകൾ നാം പാലിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ആന്തരികമനുഷ്യനെ പരുവപ്പെടുത്താൻ നാം യഹോവയുടെ വാക്കുകളെ അനുവദിക്കുന്നു എങ്കിൽ, ദൈവത്തിന്റെ മാർഗനിർദേശത്തിനായി നിരന്തരം പ്രാർഥിക്കുന്നു എങ്കിൽ, ഒളിഞ്ഞിരിക്കുന്ന രത്‌നങ്ങളെപ്പോലെ ദൈവപരിജ്ഞാനം തിരയുന്നു എങ്കിൽ, പ്രലോഭനങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുന്നതിൽ നാം വിജയിക്കും.

18. എന്തു ചെയ്യുന്നതിൽ തുടരാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നു, എന്തുകൊണ്ട്‌?

18 അറിവ്‌, ഗ്രാഹ്യം, വിവേകം, ജ്ഞാനം എന്നീ ഗുണങ്ങൾ അവ നേടാൻ ശ്രമംചെലുത്തുന്നവർക്ക്‌ യഹോവ നൽകുന്നു. നാം അവ എത്രത്തോളം അന്വേഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവോ അവയുടെ ദാതാവായ യഹോവയിലേക്ക്‌ നാം അത്രത്തോളം അടുക്കും. യഹോവയുമായുള്ള ആ അടുത്തബന്ധം പ്രലോഭനങ്ങൾ നേരിടുമ്പോൾ ഒരു സംരക്ഷണമായി ഉതകുകയും ചെയ്യും. യഹോവയോട്‌ അടുത്തു ചെല്ലുന്നതും അവനോടു ഭയാദരവ്‌ ഉണ്ടായിരിക്കുന്നതും ദുഷ്‌പ്രവൃത്തിയിൽ ഏർപ്പെടുന്നതിൽനിന്ന്‌ നമ്മെ സംരക്ഷിക്കും. (സങ്കീ. 25:14; യാക്കോ. 4:8) യഹോവയുമായുള്ള സഖിത്വം ആസ്വദിക്കുന്നതും ദൈവികജ്ഞാനം പ്രാവർത്തികമാക്കുന്നതും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന, നമ്മുടെ അവകാശം കാത്തുസൂക്ഷിക്കുന്ന തീരുമാനങ്ങളെടുക്കാൻ തുടർന്നും നമ്മെ പ്രേരിപ്പിക്കട്ടെ.