വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ഉദാരമനസ്‌കതയും ന്യായബോധവും വിലമതിക്കുക

യഹോവയുടെ ഉദാരമനസ്‌കതയും ന്യായബോധവും വിലമതിക്കുക

“യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.”—സങ്കീ. 145:9.

1, 2. യഹോവയുടെ സുഹൃത്തുക്കൾക്ക്‌ എന്തിനുള്ള അവസരമുണ്ട്‌?

 “ഞങ്ങൾ വിവാഹിതരായിട്ട്‌ ഏകദേശം 35 വർഷമായി,” മോനിക്ക എന്ന സഹോദരി പറയുന്നു. “ഞങ്ങൾക്കിരുവർക്കും പരസ്‌പരം നന്നായി അറിയാം. എന്നാൽ ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ ഭർത്താവും ഞാനും കൂടുതൽ അടുത്തറിഞ്ഞുകൊണ്ടിരിക്കുകയാണ്‌.” മിക്കവാറും എല്ലാ ദാമ്പത്യങ്ങളിലും സുഹൃദ്‌ബന്ധങ്ങളിലും ഇതാണ്‌ വാസ്‌തവം.

2 നാം സ്‌നേഹിക്കുന്നവരെ കൂടുതൽ അടുത്തറിയാൻ നമുക്ക്‌ ഇഷ്ടമാണ്‌. വളർത്തിയെടുക്കാൻ കഴിയുന്ന സൗഹൃദങ്ങളിൽ ഏറ്റവും വിശിഷ്ടമായത്‌ യഹോവയുമായുള്ള സൗഹൃദമാണ്‌. അവനെക്കുറിച്ച്‌ നമുക്ക്‌ ഒരിക്കലും പഠിച്ചുതീർക്കാനാവില്ല. (റോമ. 11:33) നിത്യതയിലുടനീളം യഹോവയുടെ ഗുണങ്ങളെ ആഴത്തിൽ അറിയാനുള്ള അവസരവും സൗഭാഗ്യവും നമുക്കു മുന്നിലുണ്ട്‌.—സഭാ. 3:11.

3. ഈ ലേഖനത്തിൽ നാം എന്തിനെക്കുറിച്ചു പഠിക്കും?

3 യഹോവ ആർക്കും സമീപിക്കാവുന്നവനും നിഷ്‌പക്ഷമതിയും ആണെന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടു. അവന്റെ ആ ഗുണങ്ങളോടുള്ള നമ്മുടെ വിലമതിപ്പ്‌ ആഴമുള്ളതാക്കാൻ ആ പഠനം നമ്മെ സഹായിച്ചു. യഹോവയുടെ പ്രിയങ്കരമായ മറ്റു രണ്ടു ഗുണങ്ങളെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം, അവന്റെ ഉദാരമനസ്‌കതയും ന്യായബോധവും. “യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു” എന്ന വാക്യത്തിന്റെ സത്യത ഏറെ നന്നായി മനസ്സിലാക്കാൻ ഈ പഠനം നമ്മെ സഹായിക്കും. —സങ്കീ. 145:9.

യഹോവയുടെ ഉദാരമനസ്‌കത

4. ഉദാരതയുടെ അന്തസ്സത്ത എന്താണ്‌?

4 ഉദാരമനസ്‌കനായിരിക്കുക എന്നതിന്റെ അർഥമെന്താണ്‌? പ്രവൃത്തികൾ 20:35-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്‌: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ.” ഉദാരതയുടെ അന്തസ്സത്ത ഈ ലളിതമായ പ്രസ്‌താവനയിൽ യേശു സംക്ഷേപിച്ചു. ഉദാരശീലനായ ഒരു വ്യക്തി തന്റെ സമയവും ഊർജവും വിഭവങ്ങളും മറ്റുള്ളവരുടെ ക്ഷേമത്തിനായി സൗജന്യമായി വിട്ടുകൊടുക്കുന്നു, തികഞ്ഞ സന്തോഷത്തോടെ. ഉദാരമനസ്‌കത അളക്കേണ്ടത്‌ ദാനത്തിന്റെ വലുപ്പം നോക്കിയല്ല, മറിച്ച്‌ ദാതാവിന്റെ ആന്തരത്തിന്റെ അടിസ്ഥാനത്തിലാണ്‌. (2 കൊരിന്ത്യർ 9:7 വായിക്കുക.) നമ്മുടെ ‘സന്തുഷ്ടദൈവമായ’ യഹോവയെക്കാൾ ഉദാരമതിയായ മറ്റാരുമില്ല.—1 തിമൊ. 1:11, അടിക്കുറിപ്പ്‌.

5. ഏതെല്ലാം വിധങ്ങളിൽ യഹോവ ഉദാരമനസ്‌കത പ്രകടമാക്കിയിരിക്കുന്നു?

5 യഹോവ എങ്ങനെയാണ്‌ തന്റെ ഉദാരമനസ്‌കത പ്രകടമാക്കുന്നത്‌? അവൻ സകല മനുഷ്യരുടെയും ആവശ്യങ്ങൾക്കായി കരുതുന്നു. അതിൽ, അവനെ ഇതുവരെ ആരാധിച്ചുതുടങ്ങിയിട്ടില്ലാത്തവരും ഉൾപ്പെടുന്നു. “യഹോവ എല്ലാവർക്കും നല്ലവൻ” ആയി വർത്തിക്കുന്നു. “ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും അവൻ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നു.” (മത്താ. 5:45) അതുകൊണ്ടാണ്‌ യഹോവയുടെ ആരാധകരല്ലാത്തവരോടു സംസാരിക്കവെ അപ്പൊസ്‌തലനായ പൗലോസിന്‌ യഹോവയെക്കുറിച്ച്‌ ഇങ്ങനെ പറയാൻ കഴിഞ്ഞത്‌: “ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരുകയും ആഹാരവും ആനന്ദവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ അവൻ നന്മ കാണിച്ചിരിക്കുന്നുവല്ലോ.” (പ്രവൃ. 14:17) അതെ, യഹോവ സകലമനുഷ്യരോടും ഔദാര്യം കാണിക്കുന്നു.—ലൂക്കോ. 6:35.

6, 7. (എ) ആരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിലാണ്‌ യഹോവ വിശേഷാൽ സന്തോഷിക്കുന്നത്‌? (ബി) തന്റെ വിശ്വസ്‌തരായ ആരാധകർക്കായി ദൈവം കരുതുന്നു എന്നതിന്‌ ഉദാഹരണം നൽകുക.

6 യഹോവ തന്റെ വിശ്വസ്‌തദാസരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വിശേഷാൽ സന്തോഷിക്കുന്നു. തന്റെ അനുഭവത്തിൽനിന്ന്‌ ദാവീദുരാജാവ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീ. 37:25) വിശ്വസ്‌തരായ അനേകം ക്രിസ്‌ത്യാനികൾ യഹോവയുടെ കരുതൽ അപ്രകാരംതന്നെ അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഒരു ഉദാഹരണം നോക്കുക.

7 കുറെ വർഷങ്ങൾക്കുമുമ്പ്‌, നാൻസി എന്നു പേരുള്ള ഒരു മുഴുസമയശുശ്രൂഷക ഒരു വിഷമസന്ധിയിലായി. നാൻസി ആ സംഭവം ഓർക്കുന്നു: “പിറ്റേന്ന്‌ എനിക്ക്‌ വാടക കൊടുക്കേണ്ടതുണ്ടായിരുന്നു. 66 ഡോളർ വേണം. അത്‌ എങ്ങനെ ഉണ്ടാക്കുമെന്ന്‌ എനിക്ക്‌ ഒരു എത്തുംപിടിയും ഇല്ലായിരുന്നു. ഏതായാലും ഞാൻ മുട്ടിപ്പായി പ്രാർഥിച്ചു. അതിനുശേഷം ഞാൻ എന്റെ ജോലിക്കു പോയി. റസ്റ്ററന്റിൽ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു എനിക്ക്‌. വാരത്തിലെ തിരക്കില്ലാത്ത ഒരു ദിവസമായിരുന്നതുകൊണ്ട്‌ അന്ന്‌ ടിപ്പ്‌ കിട്ടുമെന്ന്‌ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ ആ സായാഹ്നത്തിൽ ധാരാളംപേർ റസ്റ്ററന്റിലെത്തി. ജോലിക്കുശേഷം അന്നു കിട്ടിയ ടിപ്പ്‌ എണ്ണിനോക്കിയപ്പോൾ അത്‌ എത്രയായിരുന്നെന്നോ, കൃത്യം 66 ഡോളർ!” തനിക്ക്‌ ആവശ്യമായിരുന്നതുതന്നെ നൽകിക്കൊണ്ട്‌ യഹോവ തന്നോട്‌ ഉദാരത കാണിച്ചിരിക്കുന്നു എന്ന്‌ നാൻസിക്ക്‌ ബോധ്യമായി.—മത്താ. 6:33.

8. യഹോവയുടെ ഏറ്റവും ഉദാരമായ ദാനം ഏതാണ്‌?

8 യഹോവയുടെ ഏറ്റവും ഉദാരമായ ദാനം സകലർക്കും ലഭ്യമാണ്‌. എന്താണ്‌ അത്‌? അവന്റെ പുത്രന്റെ മറുവിലയാഗം. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു” എന്ന്‌ യേശു പറഞ്ഞു. (യോഹ. 3:16) ഇവിടെ ‘ലോകം’ എന്നു പരാമർശിച്ചിരിക്കുന്നത്‌ മനുഷ്യവർഗത്തെയാണ്‌. അതുകൊണ്ട്‌, യഹോവയുടെ ഏറ്റവും ഉദാരമായ ദാനം അതു സ്വീകരിക്കാൻ മനസ്സുള്ള എല്ലാവർക്കും ലഭ്യമാണ്‌. യേശുവിൽ വിശ്വാസം അർപ്പിക്കുന്ന ഏവർക്കും ജീവൻ സമൃദ്ധമായി ഉണ്ടാകും, അതെ അവർ നിത്യം ജീവിക്കും. (യോഹ. 10:10) യഹോവ ഉദാരമതിയാണ്‌ എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഇത്‌?

യഹോവയുടെ ഉദാരമനസ്‌കത അനുകരിക്കുക

ഇസ്രായേല്യർ തന്റെ ഉദാരത അനുകരിക്കാൻ യഹോവ ആഗ്രഹിച്ചു ( 9-ാം ഖണ്ഡിക കാണുക)

9. നമുക്ക്‌ എങ്ങനെ യഹോവയുടെ ഉദാരമനസ്‌കത അനുകരിക്കാം?

9 നമുക്ക്‌ എങ്ങനെ യഹോവയുടെ ഉദാരമനസ്‌കത അനുകരിക്കാം? യഹോവ “നമുക്ക്‌ അനുഭവിക്കാനായി എല്ലാം ഉദാരമായി” നൽകുന്നു. അതിനാൽ മറ്റുള്ളവരുടെ സന്തോഷത്തിനായി നാമും ‘ദാനശീലർ’ ആയിരിക്കണം.’ (1 തിമൊ. 6:17-19) നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ ദാനങ്ങൾ നൽകുന്നതിനും ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും ആയി നമുക്കുള്ള വിഭവങ്ങൾ നാം സന്തോഷപൂർവം ഉപയോഗിക്കുന്നു. (ആവർത്തനപുസ്‌തകം 15:7 വായിക്കുക.) ഔദാര്യശീലം മറന്നുപോകാതിരിക്കാൻ നമ്മെ എന്തു സഹായിക്കും? ചില സഹോദരങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട്‌, അതു വളരെ പ്രായോഗികമാണുതാനും: തങ്ങൾക്ക്‌ ഒരു സമ്മാനം കിട്ടുമ്പോൾ മറ്റുള്ളവർക്ക്‌ ഒരു സമ്മാനം കൊടുക്കാൻ അവർ അവസരം അന്വേഷിക്കുന്നു. ഉദാരമതികളായ ഒട്ടനവധി സഹോദരങ്ങൾ ക്രിസ്‌തീയസഭയിലുണ്ട്‌, അത്‌ ഒരു അനുഗ്രഹമാണ്‌.

10. ഉദാരമതിയായിരിക്കാനുള്ള ഒരു മികച്ചമാർഗം ഏതാണ്‌?

10 ഉദാരമതികളായിരിക്കാനുള്ള ഒരു മികച്ചമാർഗം നമ്മെത്തന്നെ വിട്ടുകൊടുക്കുക എന്നതാണ്‌, വാക്കിലും പ്രവൃത്തിയിലും. അതെങ്ങനെ ചെയ്യാം? മറ്റുള്ളവർക്ക്‌ പ്രോത്സാഹനമേകാനും അവരെ സഹായിക്കാനും ആയി നമ്മുടെ സമയവും ഊർജവും ഉപയോഗിച്ചുകൊണ്ട്‌. (ഗലാ. 6:10) ഇക്കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്നറിയാൻ പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘മറ്റുള്ളവരുടെ ആകുലതകൾ ശ്രദ്ധിക്കാനും അവർക്കായി എന്നെത്തന്നെ വിട്ടുകൊടുക്കാനും ഞാൻ തയ്യാറാണെന്ന്‌ അവർക്ക്‌ തോന്നുന്നുണ്ടോ? എന്തെങ്കിലും കാര്യത്തിന്‌ ആരെങ്കിലും സഹായം തേടുമ്പോൾ സാധ്യമാകുമ്പോഴെല്ലാം ഞാൻ മുന്നോട്ടുവരാറുണ്ടോ? ഇയ്യടുത്ത്‌ എന്നാണ്‌ ഞാൻ ഒരു സഹവിശ്വാസിയെയോ കുടുംബാംഗത്തെയോ ആത്മാർഥമായി അഭിനന്ദിച്ചത്‌?’ നാം “കൊടുത്തുശീലിക്കു”മ്പോൾ യഹോവയുമായും നമ്മുടെ സുഹൃത്തുക്കളുമായും നാം കൂടുതൽ അടുക്കും എന്നതിൽ സംശയമില്ല.—ലൂക്കോ. 6:38; സദൃ. 19:17.

11. യഹോവയ്‌ക്കു കൊടുക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?

  11 യഹോവയ്‌ക്കു കൊടുത്തുകൊണ്ടും നമുക്ക്‌ ഉദാരമനസ്‌കത കാണിക്കാം. ‘യഹോവയെ നിന്റെ ധനംകൊണ്ട്‌ ബഹുമാനിക്കുക’ എന്ന്‌ തിരുവെഴുത്തു നമ്മോടു പറയുന്നു. (സദൃ. 3:9) ഈ ‘ധനത്തിൽ’ നമ്മുടെ സമയം, ഊർജം, ഇതരവിഭവങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇവ ദൈവസേവനത്തിൽ നമുക്ക്‌ നിരുപാധികം വിട്ടുകൊടുക്കാൻ കഴിയും. യഹോവയ്‌ക്കു കൊടുത്തുശീലിക്കാൻ കൊച്ചുകുട്ടികൾക്കുപോലും പഠിക്കാവുന്നതാണ്‌. രണ്ടു കുട്ടികളുടെ പിതാവായ ജാസൻ പറയുന്നു: “ഞങ്ങളുടെ കുടുംബം രാജ്യഹാളിൽ സംഭാവന കൊടുക്കുമ്പോഴൊക്കെ ആ തുക സംഭാവനപ്പെട്ടിയിൽ ഇടാൻ കുട്ടികളെ അനുവദിക്കും. അവർക്ക്‌ അത്‌ വലിയ ഇഷ്ടമാണ്‌. കാരണം, ‘യഹോവയ്‌ക്ക്‌ കൊടുക്കുകയാണ്‌’ എന്നു പറഞ്ഞുകൊണ്ടാണ്‌ അവർ അതു ചെയ്യുന്നത്‌.” ചെറുപ്പമായിരിക്കുമ്പോൾ യഹോവയ്‌ക്കു കൊടുക്കുന്നതിന്റെ സന്തോഷം അനുഭവിക്കുന്ന കുട്ടികൾ മുതിർന്നുകഴിഞ്ഞാലും ഉദാരശീലരായിരിക്കും.—സദൃ. 22:6.

യഹോവയുടെ ന്യായബോധം

12. ന്യായബോധമുള്ളവനായിരിക്കുകയെന്നാൽ എന്ത്‌?

12 യഹോവയുടെ പ്രിയങ്കരമായ ഗുണങ്ങളിൽ മറ്റൊന്നാണ്‌ ന്യായബോധം. ന്യായബോധമുള്ളവനായിരിക്കുക എന്നാൽ എന്താണ്‌? ‘ന്യായബോധമുള്ള’ എന്നു മിക്കപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദത്തിന്റെ അർഥം, ‘വഴക്കമുള്ള’ എന്നാണ്‌. (തീത്തൊ. 3:1, 2) ന്യായബോധമുള്ള ഒരു വ്യക്തി എപ്പോഴും നിയമത്തിന്റെ അക്ഷരങ്ങളിൽ കടിച്ചുതൂങ്ങുകയില്ല. അദ്ദേഹം കർക്കശക്കാരനോ കടുംപിടുത്തക്കാരനോ പരുഷമായി പെരുമാറുന്നവനോ ആയിരിക്കില്ല. പകരം, മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ അവരുടെ സാഹചര്യം കണക്കിലെടുത്ത്‌ സൗമ്യമായി പെരുമാറാൻ ശ്രമിക്കും. മറ്റുള്ളവർ പറയുന്നത്‌ ശ്രദ്ധിക്കാനും ഉചിതമായിരിക്കുമ്പോൾ തന്റെ നിബന്ധനകൾക്ക്‌ അയവുവരുത്തിക്കൊണ്ട്‌ മറ്റുള്ളവരുടെ ആഗ്രഹത്തിനു വഴങ്ങാനും അദ്ദേഹം മനസ്സുകാണിക്കും.

13, 14. (എ) യഹോവ എങ്ങനെയാണ്‌ ന്യായബോധം പ്രകടമാക്കിയത്‌ (ബി) ദൈവം ലോത്തിനോട്‌ ഇടപെട്ടവിധത്തിൽനിന്ന്‌ നമുക്ക്‌ ന്യായബോധം സംബന്ധിച്ച്‌ എന്തു പഠിക്കാം?

13 യഹോവ എങ്ങനെയാണ്‌ ന്യായബോധം പ്രകടമാക്കുന്നത്‌? തന്റെ ദാസന്മാരുടെ വികാരങ്ങൾ അവൻ അലിവോടെ കണക്കിലെടുക്കുകയും അവരുടെ അപേക്ഷകൾ അനുവദിച്ചുകൊടുക്കാൻ മിക്കപ്പോഴുംതന്നെ മനസ്സുകാണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌, യഹോവ നീതിമാനായ ലോത്തിനോട്‌ ഇടപെട്ടവിധം നോക്കുക. സൊദോം, ഗൊമോറ എന്നീ പട്ടണങ്ങളെ നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മലകളിലേക്ക്‌ ഓടിപ്പോകാൻ യഹോവ ലോത്തിന്‌ വ്യക്തമായ നിർദേശം നൽകി. എന്നാൽ ചില കാരണങ്ങളാൽ മറ്റൊരു സ്ഥലത്തേക്ക്‌ ഓടിപ്പോകാൻ അനുവദിക്കണമേയെന്ന്‌ ലോത്ത്‌ അപേക്ഷിച്ചു. ഒന്ന്‌ ഓർത്തുനോക്കുക. ലോത്ത്‌ യഥാർഥത്തിൽ ആവശ്യപ്പെട്ടത്‌ യഹോവ തന്റെ നിർദേശങ്ങളിൽ മാറ്റംവരുത്തണമെന്നായിരുന്നു!—ഉല്‌പത്തി 19:17-20 വായിക്കുക.

14 ലോത്തിന്‌ അനുസരണമില്ലായിരുന്നെന്നോ വിശ്വാസം കുറവായിരുന്നെന്നോ ഒക്കെ പെട്ടെന്നു നാം പറഞ്ഞുപോയേക്കാം. ലോത്തിന്റെ ഭയത്തിന്‌ വാസ്‌തവത്തിൽ യാതൊരു അടിസ്ഥാനവും ഉണ്ടായിരുന്നില്ല. കാരണം ലോത്ത്‌ എവിടെയായിരുന്നാലും അവനെ ജീവനോടെ പാലിക്കാൻ യഹോവയ്‌ക്കു കഴിയുമായിരുന്നു. എന്നിരുന്നാലും, ലോത്തിന്‌ ഭയം തോന്നിപ്പോയി, അത്‌ അവന്‌ ശരിക്കും അനുഭവപ്പെട്ടതുതന്നെയാണ്‌. യഹോവയ്‌ക്ക്‌ ലോത്തിന്റെ ‘കണ്ണിലൂടെ കാണാനും’ അവന്‌ അനുഭവപ്പെട്ട വികാരങ്ങൾ ഉൾക്കൊള്ളാനും കഴിഞ്ഞു, അവൻ ലോത്തിന്റെ താത്‌പര്യത്തിനു വഴങ്ങിക്കൊടുത്തു. താൻ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന പട്ടണങ്ങളിൽ ഒന്നിലേക്ക്‌ പലായനം ചെയ്യാൻ അവൻ ലോത്തിനെ അനുവദിച്ചു. (ഉല്‌പത്തി 19:21, 22 വായിക്കുക.) അതെ, യഹോവ കടുംപിടിത്തക്കാരനോ അയവില്ലാത്തവനോ അല്ല. അവൻ വഴക്കവും ന്യായബോധവും ഉള്ള ദൈവമാണ്‌.

15, 16. മോശൈകന്യായപ്രമാണത്തിൽ യഹോവയുടെ ന്യായബോധം പ്രതിഫലിച്ചത്‌ എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

15 യഹോവയുടെ ന്യായബോധത്തിന്റെ മറ്റൊരു ദൃഷ്ടാന്തം മോശൈകന്യായപ്രമാണത്തിൽ നമുക്കു കാണാം. ഒരു ഇസ്രായേല്യൻ ചെമ്മരിയാട്ടിൻകുട്ടിയെയോ കോലാട്ടിൻകുട്ടിയെയോ യാഗമായി അർപ്പിക്കാൻ വകയില്ലാതവണ്ണം ദരിദ്രനായിരുന്നെങ്കിൽ അവന്‌ രണ്ടു കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കാമായിരുന്നു. എന്നാൽ അവന്‌ രണ്ടു പ്രാവിൻകുഞ്ഞിനെ അർപ്പിക്കാനുള്ള വകപോലും ഇല്ലായിരുന്നെങ്കിലോ? അങ്ങനെയൊരു സാഹചര്യത്തിൽ കുറച്ചു മാവ്‌ യാഗമായി അർപ്പിക്കാൻ യഹോവ ദരിദ്രനായ ഇസ്രായേല്യനെ അനുവദിച്ചു. എന്നാൽ ഇതിലെ ഒരു വിശദാംശം ശ്രദ്ധേയമാണ്‌: അത്‌ വെറുതെ ഏതെങ്കിലും തരം മാവ്‌ ആയിരുന്നാൽ പോരായിരുന്നു. പകരം, വിശിഷ്ടാതിഥികളെ സത്‌കരിക്കാൻ ഉപയോഗിക്കുന്നതരം നേരിയ മാവ്‌ അഥവാ “നല്ല മാവ്‌” ആയിരിക്കണമായിരുന്നു. (ഉല്‌പ. 18:6, ഓശാന ബൈബിൾ) അത്‌ പ്രധാനപ്പെട്ട ഒരു നിർദേശമായിരുന്നത്‌ എന്തുകൊണ്ടാണ്‌?—ലേവ്യപുസ്‌തകം 5:7, 11 വായിക്കുക.

16 നിങ്ങൾ തീർത്തും നിർധനനായ ഒരു ഇസ്രായേല്യനാണെന്നു സങ്കൽപ്പിക്കുക. നിങ്ങൾ നിങ്ങളുടെ അൽപ്പം മാവുമായി യാഗമർപ്പിക്കാൻ സമാഗമനകൂടാരത്തിനു മുമ്പിൽ വന്നിരിക്കുകയാണ്‌. സമ്പന്നരായ മറ്റ്‌ ഇസ്രായേല്യർ യാഗമർപ്പിക്കാൻ മൃഗങ്ങളുമായി വരുന്നത്‌ നിങ്ങൾ കാണുന്നു. നിങ്ങളുടെ തീർത്തും നിസ്സാരമായി കാണപ്പെടുന്ന യാഗത്തെപ്രതി നിങ്ങൾക്ക്‌ ജാള്യം തോന്നിയേക്കാം. അപ്പോഴാണ്‌ യഹോവയുടെ ദൃഷ്ടിയിൽ നിങ്ങളുടെ യാഗം മൂല്യവത്താണല്ലോ എന്ന കാര്യം നിങ്ങൾ ഓർക്കുന്നത്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, മാവ്‌ യാഗമായി അർപ്പിക്കുമ്പോഴും അത്‌ ഉയർന്ന ഗുണനിലവാരത്തിലുള്ളത്‌ ആയിരിക്കണമെന്ന്‌ യഹോവ നിഷ്‌കർഷിച്ചിരുന്നു. നിങ്ങൾ അങ്ങനെയുള്ള മാവാണ്‌ കൊണ്ടുവന്നിരിക്കുന്നതും. യഹോവ തീർത്തും ദരിദ്രരായ ഇസ്രായേല്യരോട്‌ ഫലത്തിൽ ഇങ്ങനെ പറയുകയായിരുന്നു: “മറ്റുള്ളവർ യാഗമർപ്പിക്കുന്ന അത്രയൊന്നും നിങ്ങൾക്ക്‌ അർപ്പിക്കാൻ കഴിയില്ല എന്ന്‌ എനിക്കറിയാം. അതേസമയം നിങ്ങൾക്കുള്ളതിൽ ഏറ്റവും നല്ലതാണ്‌ നിങ്ങൾ എനിക്കു തരുന്നത്‌ എന്ന കാര്യവും എനിക്കറിയാം.” അതെ, യഹോവ തന്റെ ദാസന്മാരുടെ സാഹചര്യങ്ങളും പരിമിതികളും കണക്കിലെടുത്തുകൊണ്ട്‌ ന്യായബോധം പ്രകടമാക്കുന്നു.—സങ്കീ. 103:14.

17. യഹോവ എങ്ങനെയുള്ള സേവനമാണ്‌ സ്വീകരിക്കുന്നത്‌?

 17 നമ്മുടെ സേവനം മുഴുദേഹിയോടെയുള്ളതാണെങ്കിൽ യഹോവ ന്യായബോധം പ്രകടമാക്കിക്കൊണ്ട്‌ അത്‌ സ്വീകരിക്കുന്നു. എത്ര ആശ്വാസകരമാണ്‌ അത്‌! (കൊലോ. 3:23) കോൺസ്റ്റൻസ്‌ എന്നു പേരുള്ള പ്രായമായ ഒരു ഇറ്റലിക്കാരി സഹോദരി ഇങ്ങനെ പറഞ്ഞു: “എന്റെ സ്രഷ്ടാവിനെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കുന്നതാണ്‌ എന്നും ഏറ്റവുമധികം ഞാൻ ഇഷ്ടപ്പെട്ടിരുന്ന കാര്യം. അതുകൊണ്ടാണ്‌ ഞാൻ ഇപ്പോഴും പ്രസംഗിക്കുന്നതും ബൈബിളധ്യയനങ്ങൾ നടത്തുന്നതും. ആരോഗ്യപ്രശ്‌നങ്ങൾ കാരണം, കൂടുതൽ പ്രവർത്തിക്കാൻ കഴിയുന്നില്ലല്ലോ എന്ന്‌ ഇടയ്‌ക്കൊക്കെ എനിക്കു ഖേദം തോന്നാറുണ്ട്‌. പക്ഷേ യഹോവ എന്റെ പരിമിതികൾ അറിയുകയും എന്നെ സ്‌നേഹിക്കുകയും എന്നെക്കൊണ്ടാകുന്നതു ഞാൻ ചെയ്യുമ്പോൾ അതു വിലമതിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ എനിക്കറിയാം.”

യഹോവയുടെ ന്യായബോധം അനുകരിക്കുക

18. മാതാപിതാക്കൾക്ക്‌ യഹോവയുടെ മാതൃക അനുകരിക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

18 നമുക്ക്‌ എങ്ങനെ യഹോവയുടെ ന്യായബോധം അനുകരിക്കാം? അവൻ ലോത്തിനോട്‌ ഇടപെട്ടവിധം ഒന്നുകൂടെയൊന്ന്‌ ചിന്തിച്ചുനോക്കൂ. ഇവിടെ, നിർദേശങ്ങൾ നൽകാനുള്ള അധികാരം യഹോവയ്‌ക്കാണുണ്ടായിരുന്നത്‌. എന്നിട്ടും ലോത്ത്‌ തന്റെ വികാരങ്ങൾ വെളിപ്പെടുത്തിയപ്പോൾ യഹോവ ദയാപുരസ്സരം അതു ശ്രദ്ധിച്ചുകേട്ടു. അവന്റെ അഭ്യർഥന പരിഗണിക്കുകയും ചെയ്‌തു. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങൾക്ക്‌ യഹോവയുടെ ഈ മാതൃക അനുകരിക്കാനാകുമോ? നിങ്ങളുടെ കുട്ടികൾ ചില കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ അതു ശ്രദ്ധിക്കാനും ഉചിതമായിരിക്കുമ്പോൾ, അവരുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട്‌ അത്‌ അംഗീകരിക്കാനും നിങ്ങൾ തയ്യാറാകുമോ? ഇതിനു ചേർച്ചയിൽ 2007 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരം, വീട്ടിൽ പാലിക്കേണ്ട നിയമങ്ങൾ വെക്കുന്നതിനുമുമ്പ്‌ ചില മാതാപിതാക്കൾ കുട്ടികളുമായി അത്‌ ചർച്ചചെയ്യാറുണ്ടെന്നു പറയുന്നു. ഉദാഹരണത്തിന്‌, കുട്ടികൾ എപ്പോൾ വീട്ടിൽ തിരിച്ചെത്തണം എന്നതുസംബന്ധിച്ച്‌ നിയമം വെക്കാനുള്ള അധികാരം മാതാപിതാക്കൾക്കുണ്ട്‌ എന്നതു ശരിയാണ്‌. എങ്കിൽപ്പോലും, മാതാപിതാക്കൾ വെച്ചിരിക്കുന്ന സമയത്തെക്കുറിച്ച്‌ കുട്ടികൾ അവരുടെ അഭിപ്രായം പറയുമ്പോൾ ക്രിസ്‌തീയമാതാപിതാക്കൾ അതു ശ്രദ്ധിക്കാൻ മനസ്സുകാണിക്കും. ബൈബിൾതത്ത്വങ്ങളൊന്നും ലംഘിക്കപ്പെടാത്തപക്ഷം, ചില സാഹചര്യങ്ങളിൽ ആ സമയത്തിന്‌ ചില മാറ്റങ്ങൾ വരുത്താൻ മാതാപിതാക്കൾ തയ്യാറായേക്കാം. വീട്ടിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച്‌ കുട്ടികളുടെ വികാരങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ കുട്ടികൾ ആ നിയമത്തിന്റെ ഗൗരവം മനസ്സിലാക്കുകയും അത്‌ അനുസരിക്കാൻ കൂടുതൽ ചായ്‌വുകാണിക്കുകയും ചെയ്യും.

19. യഹോവയുടെ ന്യായബോധം മൂപ്പന്മാർക്ക്‌ എങ്ങനെ അനുകരിക്കാൻ കഴിയും?

19 സഹവിശ്വാസികളുടെ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട്‌ ന്യായബോധം പ്രകടമാക്കുന്നതിൽ യഹോവയെ അനുകരിക്കാൻ സഭാമൂപ്പന്മാർ യത്‌നിക്കുന്നു. തീർത്തും ദരിദ്രരായ ഇസ്രായേല്യരുടെ യാഗങ്ങൾപോലും യഹോവ വിലമതിച്ചെന്ന്‌ ഓർക്കുക. സമാനമായി, നമ്മുടെ സഹോദരീസഹോദരന്മാരിൽ ചിലർക്ക്‌ ആരോഗ്യപ്രശ്‌നങ്ങളോ പ്രായാധിക്യമോ മൂലം ശുശ്രൂഷയിൽ ഏർപ്പെടാൻ അങ്ങേയറ്റം പരിമിതികളുണ്ട്‌. തങ്ങളുടെ പരിമിതികളെപ്രതി ഈ പ്രിയസഹോദരങ്ങൾ നിരാശിതരാകുന്നെങ്കിലോ? അവർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നതുകൊണ്ട്‌ യഹോവ അവരെ തീർച്ചയായും സ്‌നേഹിക്കുന്നുവെന്ന്‌ അങ്ങനെയുള്ളവർക്ക്‌ ദയാപുരസ്സരം ഉറപ്പുകൊടുക്കാൻ മൂപ്പന്മാർക്കു കഴിയും.—മർക്കോ. 12:41-44.

20. ന്യായബോധമുള്ളവനായിരിക്കുക എന്നു പറഞ്ഞാൽ ദൈവസേവനത്തിൽ പുറകോട്ടുനിൽക്കുക എന്നാണോ? വിശദീകരിക്കുക.

20 എന്നാൽ ആത്മാനുകമ്പയുടെ പേരിൽ ദൈവസേവനത്തിൽ പുറകോട്ടുനിൽക്കുന്നതിനെ ന്യായബോധവുമായി കൂട്ടിക്കുഴയ്‌ക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. (മത്താ. 16:22) ദൈവസേവനത്തിൽ ‘ഒരു മെല്ലെപ്പോക്കു നയം’ സ്വീകരിച്ചിട്ട്‌ ന്യായബോധം പ്രകടിപ്പിക്കുകയാണെന്നു ന്യായീകരിക്കാൻ നാം തുനിയുകയില്ല. പകരം നാമെല്ലാം രാജ്യതാത്‌പര്യങ്ങളെ പിന്തുണയ്‌ക്കാൻ ‘കഠിനമായി യത്‌നിക്കേണ്ടതുണ്ട്‌.’ (ലൂക്കോ. 13:24) വാസ്‌തവത്തിൽ, പിൻവരുന്ന രണ്ടു തത്ത്വങ്ങളും സമനിലയിൽ കൊണ്ടുപോകാനാണ്‌ നാം പരിശ്രമിക്കുന്നത്‌. ഒരു വശത്ത്‌, സേവനത്തിൽ പുറകോട്ടുനിൽക്കാതെ നാം കഠിനമായി യത്‌നിക്കുന്നു. മറുവശത്ത്‌, നമുക്ക്‌ കഴിയുന്നതിലുമധികം യഹോവ നമ്മോട്‌ ആവശ്യപ്പെടുകയില്ല എന്നു നാം മനസ്സിൽപ്പിടിക്കുന്നു. നമുക്കുള്ള ഏറ്റവും മികച്ചത്‌ നാം അവനു നൽകുമ്പോൾ അവൻ സംപ്രീതനാകുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാം. ഇങ്ങനെ വിലമതിപ്പും ന്യായബോധവും ഉള്ള ഒരു യജമാനനെ സേവിക്കുന്നതിൽ നാമെല്ലാം സന്തോഷിക്കുന്നില്ലേ? അടുത്തലേഖനത്തിൽ, യഹോവയുടെ പ്രിയങ്കരമായ വ്യക്തിത്വത്തിന്റെ മറ്റു രണ്ടു വശങ്ങൾകൂടി നാം പഠിക്കും.—സങ്കീ. 73:28.

‘യഹോവയെ നിന്റെ ധനംകൊണ്ട്‌ ബഹുമാനിക്കുക.’—സദൃ. 3:9 ( 11-ാം ഖണ്ഡിക കാണുക)

“നിങ്ങൾ ചെയ്യുന്നതൊക്കെയും . . . മുഴുദേഹിയോടെ ചെയ്യുവിൻ.”—കൊലോ. 3:23 ( 17-ാം ഖണ്ഡിക കാണുക)