വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെ മനയാൻ യഹോവയുടെ ശിക്ഷണത്തെ അനുവദിക്കുക

നിങ്ങളെ മനയാൻ യഹോവയുടെ ശിക്ഷണത്തെ അനുവദിക്കുക

“നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.”—സങ്കീ. 73:24.

1, 2. (എ) യഹോവയുമായി ഒരു നല്ല ബന്ധത്തിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌? (ബി) ദൈവത്തിന്റെ ശിക്ഷണത്തോടുള്ള ആളുകളുടെ പ്രതികരണങ്ങൾ അടങ്ങുന്ന വിവരണങ്ങൾ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുന്നു?

 “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; . . . ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.” (സങ്കീ. 73:28) താൻ ദൈവത്തിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെക്കുറിച്ചാണ്‌ സങ്കീർത്തനക്കാരൻ ഇവിടെ പറയുന്നത്‌. ഇങ്ങനെയൊരു ഉറച്ച തീരുമാനത്തിലേക്ക്‌ അവനെ നയിച്ച സംഗതികൾ എന്തായിരുന്നു? ദുഷ്ടന്മാരുടെ സുഖജീവിതം കണ്ട്‌ സങ്കീർത്തനക്കാരന്‌ ആദ്യം ഉള്ളിൽ നീരസം തോന്നി. “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്‌മയിൽ കഴുകിയതും വ്യർത്ഥമത്രേ” എന്ന്‌ അവൻ പരിതപിച്ചു. (സങ്കീ. 73:2, 3, 13, 21) എന്നാൽ അവൻ ദൈവത്തിന്റെ “വിശുദ്ധമന്ദിരത്തിൽ” ചെന്നപ്പോൾ, ചിന്തകൾക്ക്‌ പൊരുത്തപ്പെടുത്തൽ വരുത്തിക്കൊണ്ട്‌ ദൈവവുമായുള്ള അടുപ്പം നിലനിറുത്താൻ അവിടത്തെ അന്തരീക്ഷം അവനെ സഹായിച്ചു. (സങ്കീ. 73:16-18) ഈ അനുഭവം ദൈവഭക്തനായ ആ മനുഷ്യനെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിച്ചു: ദൈവജനത്തോടൊപ്പം ആയിരിക്കുന്നതും ബുദ്ധിയുപദേശം സ്വീകരിക്കുന്നതും അതു ബാധകമാക്കുന്നതും യഹോവയുമായുള്ള അടുത്ത ബന്ധത്തിന്‌ അനിവാര്യമാണ്‌ എന്ന പാഠം.—സങ്കീ. 73:24.

2 ജീവനുള്ള സത്യദൈവവുമായി ഒരു ഗാഢബന്ധമുണ്ടായിരിക്കാൻ നമ്മളും ആഗ്രഹിക്കുന്നു. ആ ലക്ഷ്യം കൈവരിക്കണമെങ്കിൽ, ബുദ്ധിയുപദേശമോ ശിക്ഷണമോ വഴി അവൻ നമ്മെ രൂപപ്പെടുത്തുമ്പോൾ നാം അതിന്‌ വിധേയപ്പെടണം. അത്‌ നമ്മെ ദൈവപ്രസാദമുള്ള വ്യക്തികളാക്കും. പുരാതനകാലങ്ങളിൽ ദൈവം വ്യക്തികൾക്കും രാഷ്‌ട്രങ്ങൾക്കും തന്റെ ശിക്ഷണത്തോടു പ്രതികരിക്കാൻ കരുണാപൂർവം അവസരങ്ങൾ നൽകിയിട്ടുണ്ട്‌. അവർ അതിനോട്‌ പ്രതികരിച്ചതിന്റെ വിവരണങ്ങൾ ‘നമ്മുടെ പ്രബോധനത്തിനും’ ‘യുഗങ്ങളുടെ അവസാനത്തിങ്കൽ വന്നെത്തിയിരിക്കുന്ന നമുക്ക്‌ മുന്നറിയിപ്പിനും’ ആയി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (റോമ. 15:4; 1 കൊരി. 10:11) ഈ വിവരണങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നത്‌ യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച്‌ നമുക്ക്‌ ഉൾക്കാഴ്‌ച പകരുന്നു. കൂടാതെ, അവൻ നമ്മെ മനയുമ്പോൾ അതിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാം എന്നും നമുക്കു മനസ്സിലാകും.

മനയുന്നവൻ തന്റെ അധികാരം പ്രയോഗിക്കുന്നവിധം

3. യെശയ്യാവു 64:8-ഉം യിരെമ്യാവു 18:1-6-ഉം യഹോവയ്‌ക്ക്‌ മനുഷ്യരുടെമേലുള്ള അധികാരത്തെ ദൃഷ്ടാന്തീകരിക്കുന്നത്‌ എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

3 വ്യക്തികൾക്കും രാഷ്‌ട്രങ്ങൾക്കും മേലുള്ള യഹോവയുടെ അധികാരത്തെ ദൃഷ്ടാന്തരൂപേണ വിവരിച്ചുകൊണ്ട്‌ യെശയ്യാവു 64:8 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” മനയുന്നവന്‌ അഥവാ കുശവന്‌ തന്റെ കൈയിലുള്ള കളിമണ്ണിനെ താൻ ആഗ്രഹിക്കുന്ന ഏതു രീതിയിലുള്ള പാത്രമായും രൂപപ്പെടുത്താൻ പൂർണമായ അധികാരമുണ്ട്‌. എന്തു മനയണമെന്നു കുശവനോട്‌ പറയാൻ കളിമണ്ണിനാവില്ല. മനുഷ്യനും ദൈവവും ആയുള്ള കാര്യവും ഇങ്ങനെതന്നെയാണ്‌. ഏതുതരം പാത്രമായി തന്നെ രൂപപ്പെടുത്തണമെന്ന്‌ കളിമണ്ണിന്‌ കുശവനോട്‌ പറയാനാവില്ലാത്തതുപോലെതന്നെ നമ്മെ എങ്ങനെ രൂപപ്പെടുത്തണമെന്ന്‌ നമുക്കും ദൈവത്തോട്‌ പറയാനാവില്ല.—യിരെമ്യാവു 18:1-6 വായിക്കുക.

4. ആളുകളെയും രാഷ്‌ട്രങ്ങളെയും യഹോവ തന്റെ ഇഷ്ടാനുസരണം മനയുകയാണോ? വിശദീകരിക്കുക.

4 കുശവൻ കളിമണ്ണിനെയെന്നപോലെ ആളുകളെ മനയാനുള്ള തന്റെ പ്രാപ്‌തി പുരാതനകാലത്തെ ഇസ്രായേൽജനതയുടെ കാര്യത്തിൽ യഹോവ തെളിയിച്ചു. എന്നാൽ ഒരു വലിയ വ്യത്യാസമുണ്ട്‌ ഇവിടെ. ഒരു കളിമൺപിണ്ഡത്തിൽനിന്ന്‌, തനിക്ക്‌ ഉണ്ടാക്കാൻ കഴിയുന്ന ഏതുതരം പാത്രവും മനഞ്ഞെടുക്കാൻ കുശവനു കഴിയും. എന്നാൽ യഹോവ ഒരു സ്വേച്ഛാധിപതിയെപ്പോലെ ചില വ്യക്തികളെയും രാഷ്‌ട്രങ്ങളെയും നല്ലതായും മറ്റു ചിലവയെ ആകാത്തതായും രൂപപ്പെടുത്തുന്നുണ്ടോ? ഇല്ല എന്ന്‌ ബൈബിൾ പറയുന്നു. യഹോവ മനുഷ്യവർഗത്തിന്‌ സ്വതന്ത്ര ഇച്ഛാശക്തി എന്ന അത്യന്തം വിലപ്പെട്ട ദാനം നൽകിയിരിക്കുന്നു. തന്റെ ആ ദാനത്തെ നിഷ്‌ഫലമാക്കുന്നവിധത്തിൽ അവൻ തന്റെ പരമാധികാരം ഒരിക്കലും പ്രയോഗിക്കുകയില്ല. തങ്ങളുടെ സ്രഷ്ടാവിനാൽ മനയപ്പെടണമോ വേണ്ടയോ എന്ന്‌ മനുഷ്യർക്കുതന്നെ തീരുമാനിക്കാം.—യിരെമ്യാവു 18:7-10 വായിക്കുക.

5. മനുഷ്യർ യഹോവയാൽ മനയപ്പെടാൻ വിസമ്മതിക്കുമ്പോൾ അവൻ എങ്ങനെയാണ്‌ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നത്‌?

5 വലിയ കുശവൻ തങ്ങളെ മനയാൻ മനുഷ്യർ മനഃപൂർവം വിസമ്മതിക്കുന്നെങ്കിൽ എന്തു സംഭവിക്കും? അപ്പോൾ യഹോവ തന്റെ ദിവ്യാധികാരം എങ്ങനെയാണ്‌ പ്രയോഗിക്കുക? ഉദ്ദേശിച്ച കാര്യത്തിന്‌ കളിമണ്ണ്‌ ഉപയോഗപ്രദമല്ലാതായിത്തീരുന്നെങ്കിൽ കളിമണ്ണിന്‌ എന്തു സംഭവിക്കുമെന്ന്‌ ചിന്തിച്ചുനോക്കുക. ഒന്നുകിൽ കുശവന്‌ അതുകൊണ്ട്‌ മറ്റൊരുതരം പാത്രമുണ്ടാക്കാം. അല്ലെങ്കിൽ അത്‌ എറിഞ്ഞുകളയാം. കളിമണ്ണ്‌ ഉപയോഗശൂന്യമായിത്തീരുന്നെങ്കിൽ സാധാരണഗതിയിൽ കുശവനാണ്‌ അതിന്‌ ഉത്തരവാദി. എന്നാൽ നമ്മെ മനയുന്നവനെ സംബന്ധിച്ചിടത്തോളം ഒരിക്കലും അത്‌ അങ്ങനെയല്ല. (ആവ. 32:4) യഹോവ മനയുമ്പോൾ ഒരു വ്യക്തി വഴങ്ങിക്കൊടുക്കുന്നില്ലെങ്കിൽ തെറ്റ്‌ എപ്പോഴും ആ വ്യക്തിയുടേതുതന്നെയായിരിക്കും. മനയുമ്പോൾ ആളുകൾ അതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ച്‌ തന്റെ സമീപനത്തിൽ വേണ്ട പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ടാണ്‌ യഹോവ തന്റെ അധികാരം പ്രയോഗിക്കുന്നത്‌. അനുകൂലമായി പ്രതികരിക്കുന്നവരെ പ്രയോജനകരമായ ഒരു വിധത്തിൽ രൂപപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, അഭിഷിക്തക്രിസ്‌ത്യാനികൾ “മാന്യമായ കാര്യത്തി”നായി മനയപ്പെട്ടിരിക്കുന്ന “കരുണാപാത്രങ്ങളാ”ണ്‌. നേരെമറിച്ച്‌, മർക്കടമുഷ്ടിയോടെ ദൈവത്തോട്‌ എതിർത്തുനിൽക്കുന്നവർ ഒടുവിൽ “നാശയോഗ്യമായ ക്രോധപാത്രങ്ങ”ളായിത്തീരുന്നു.—റോമ. 9:19-24.

6, 7. ദാവീദുരാജാവും ശൗൽ രാജാവും യഹോവയുടെ ബുദ്ധിയുപദേശത്തോട്‌ പ്രതികരിച്ചവിധത്തിൽ എന്തു വ്യത്യാസമുണ്ട്‌?

 6 യഹോവ ആളുകളെ മനയുന്ന ഒരുവിധം അവർക്ക്‌ ബുദ്ധിയുപദേശമോ ശിക്ഷണമോ നൽകിക്കൊണ്ടാണ്‌. താൻ മനയുന്നവരുടെമേൽ യഹോവ എങ്ങനെയാണ്‌ അധികാരം പ്രയോഗിക്കുന്നതെന്ന്‌ ഇസ്രായേലിലെ ആദ്യത്തെ രണ്ടു രാജാക്കന്മാരായ ശൗലിന്റെയും ദാവീദിന്റെയും ചരിത്രം പരിശോധിക്കുന്നതിലൂടെ നമുക്കു മനസ്സിലാക്കാം. ബത്ത്‌-ശേബയുമായി വ്യഭിചാരം ചെയ്‌തത്‌ ദാവീദിനെയും മറ്റുള്ളവരെയും ദോഷകരമായി ബാധിച്ചു. ദാവീദ്‌ രാജാവായിരുന്നെങ്കിലും അവന്‌ കടുത്ത ശിക്ഷണം നൽകാൻ യഹോവ മടിച്ചില്ല. ശക്തമായ ഒരു സന്ദേശവുമായി ദൈവം തന്റെ പ്രവാചകനായ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. (2 ശമൂ. 12:1-12) എന്തായിരുന്നു ദാവീദിന്റെ പ്രതികരണം? അവന്റെ ഹൃദയംനുറുങ്ങി അവൻ അനുതപിച്ചു. ദാവീദിനോട്‌ യഹോവ കരുണ കാണിക്കുകയും ചെയ്‌തു.2 ശമൂവേൽ 12:13 വായിക്കുക.

 7 എന്നാൽ, ദാവീദിന്റെ മുൻഗാമിയായ ശൗൽ രാജാവ്‌ ബുദ്ധിയുപദേശത്തോട്‌ വേണ്ടവിധം പ്രതികരിച്ചില്ല. ശമുവേൽ പ്രവാചകനിലൂടെ യഹോവ ശൗലിന്‌ നേരിട്ടുള്ള ഒരു കൽപ്പന നൽകിയിരുന്നു: അമാലേക്യരെയും അവരുടെ ആടുമാടുകളെയും നിർമൂലമാക്കുക. എന്നാൽ ശൗൽ ഈ ദിവ്യകൽപ്പന അനുസരിച്ചില്ല. അവൻ അമാലേക്യരാജാവായ ആഗാഗിനെയും മേൽത്തരമായ ആടുമാടുകളെയും കൊല്ലാതെ ജീവനോടെ ശേഷിപ്പിച്ചു. എന്തുകൊണ്ട്‌? തനിക്കുതന്നെ കീർത്തിനേടാനായിരുന്നിരിക്കാം അവൻ അങ്ങനെ ചെയ്‌തത്‌. (1 ശമൂ. 15:1-3, 7-9, 12) ബുദ്ധിയുപദേശം ലഭിച്ചപ്പോൾ ശൗൽ തന്റെ ഹൃദയം മയപ്പെടുത്തുകയും തന്നെ രൂപപ്പെടുത്താൻ വലിയ കുശവനായ യഹോവയെ അനുവദിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ ശൗൽ അതിനു വിസമ്മതിച്ചു. അവൻ തന്റെ പെരുമാറ്റത്തെ ന്യായീകരിക്കുകയാണുണ്ടായത്‌. ആടുമാടുകളെ യാഗം കഴിക്കാൻ ഉപയോഗിക്കാം എന്നു പറഞ്ഞുകൊണ്ട്‌ താൻ ചെയ്‌തതിൽ തെറ്റൊന്നുമില്ലെന്ന്‌ സ്ഥാപിക്കാൻ അവൻ ന്യായവാദങ്ങൾ നിരത്തി. ശമുവേലിന്റെ ബുദ്ധിയുപദേശം അവൻ നിസ്സാരീകരിക്കുകയും ചെയ്‌തു. ഫലമോ? യഹോവ ശൗലിനെ രാജസ്ഥാനത്തുനിന്ന്‌ തള്ളിക്കളഞ്ഞു. ശൗലിന്‌ പിന്നീടൊരിക്കലും സത്യദൈവവുമായുള്ള തന്റെ നല്ല ബന്ധം പുനഃസ്ഥാപിക്കാനായില്ല.—1 ശമൂവേൽ 15:13-15, 20-23 വായിക്കുക.

ശൗൽ ബുദ്ധിയുപദേശം നിസ്സാരീകരിച്ച്‌ തള്ളിക്കളഞ്ഞു. മനയപ്പെടാൻ അവൻ വിസമ്മതിച്ചു ( 7-ാം ഖണ്ഡിക കാണുക)

ദാവീദ്‌ ഹൃദയംനുറുങ്ങി അനുതപിച്ചു, ബുദ്ധിയുപദേശം സ്വീകരിച്ചു. തന്നെ മനയാൻ അവൻ ദൈവത്തെ അനുവദിച്ചു. നിങ്ങൾ അങ്ങനെ ചെയ്യുമോ? ( 6-ാം ഖണ്ഡിക കാണുക)

ദൈവത്തിനു മുഖപക്ഷമില്ല

8. യഹോവയുടെ മനയലിനോട്‌ ഇസ്രായേൽജനത പ്രതികരിച്ചവിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 താൻ മനയുമ്പോൾ അതിനോടു പ്രതികരിക്കാൻ വ്യക്തികൾക്കു മാത്രമല്ല രാഷ്‌ട്രങ്ങൾക്കും യഹോവ അവസരം നൽകുന്നു. ബി.സി. 1513-ൽ, ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ട്‌ ഇസ്രായേൽമക്കൾ ദൈവവുമായി ഒരു ഉടമ്പടിബന്ധത്തിൽ പ്രവേശിച്ചു. ഇസ്രായേൽ അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു. വലിയ കുശവന്റെ ‘ചക്രത്തിന്മേൽ’ മനയപ്പെടാനുള്ള പദവി അവർക്കുണ്ടായിരുന്നു. എങ്കിലും ആ ജനത ദൈവദൃഷ്ടിയിൽ മോശമായത്‌ ചെയ്‌തുകൊണ്ടിരുന്നു. ചുറ്റുമുള്ള ജാതികളുടെ ദേവന്മാരെ അവർ ആരാധിക്കുകപോലും ചെയ്‌തു. അവരെ സുബോധത്തിലേക്കു മടക്കിക്കൊണ്ടുവരാൻ യഹോവ വീണ്ടുംവീണ്ടും തന്റെ പ്രവാചകന്മാരെ അവരുടെ അടുക്കലേക്ക്‌ അയച്ചുകൊണ്ടിരുന്നു. പക്ഷേ അവർ ചെവിക്കൊണ്ടില്ല. (യിരെ. 35:12-15) ദുശ്ശാഠ്യമനഃസ്ഥിതിക്കാരായ ആ ജനതയ്‌ക്ക്‌ കടുത്ത ശിക്ഷണം ആവശ്യമായിരുന്നു. നാശയോഗ്യമായ ഒരു പാത്രംപോലെ ആയിരുന്ന വടക്കുള്ള പത്തു ഗോത്രരാജ്യം അസ്സീറിയക്കാർ കീഴടക്കി. തെക്കുള്ള രണ്ടു ഗോത്രരാജ്യം ബാബിലോണിയരും പിടിച്ചടക്കി. എത്ര ശക്തമായ ഒരു പാഠമാണ്‌ നമുക്ക്‌ ഇതിൽനിന്നു പഠിക്കാനുള്ളത്‌! യഹോവ രൂപപ്പെടുത്തുമ്പോൾ ശരിയായ വിധത്തിൽ പ്രതികരിച്ചാൽമാത്രമേ അതു നമുക്ക്‌ ഗുണകരമായി ഭവിക്കൂ.

9, 10. ദിവ്യമുന്നറിയിപ്പിനോട്‌ നിനവേക്കാർ പ്രതികരിച്ചത്‌ എങ്ങനെ?

9 അസ്സീറിയൻ തലസ്ഥാനമായ നിനവേയിലെ ആളുകൾക്കും തന്റെ മുന്നറിയിപ്പിനോടു പ്രതികരിക്കാൻ യഹോവ അവസരം നൽകി. അവൻ യോനായോട്‌ ഇങ്ങനെ അരുളിച്ചെയ്‌തു: “നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.” യഹോവ നിനവേക്കാരെ നാശയോഗ്യരായി കണ്ടു.—യോനാ 1:1, 2; 3:1-4.

10 എന്നാൽ യോനാ ന്യായവിധിസന്ദേശം ഘോഷിച്ചപ്പോൾ, “നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്‌തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.” അവരുടെ രാജാവ്‌, “സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്‌ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു.” നിനവേക്കാരെ രൂപപ്പെടുത്താനുള്ള യഹോവയുടെ ശ്രമങ്ങളോട്‌ അവർ വേണ്ടവിധം പ്രതികരിക്കുകയും അനുതപിക്കുകയും ചെയ്‌തു. തത്‌ഫലമായി അവർക്കു വരുത്താനിരുന്ന നാശം യഹോവ വരുത്തിയില്ല.—യോനാ 3:5-10.

11. യഹോവ ഇസ്രായേലിനോടും നിനവേയോടും ഇടപെട്ടവിധത്തിൽനിന്ന്‌ അവന്റെ ഏതു ഗുണം വെളിവാകുന്നു?

11 തിരഞ്ഞെടുക്കപ്പെട്ട ജനതയായിരുന്നു എന്നതുകൊണ്ട്‌ ഇസ്രായേൽ ശിക്ഷണത്തിൽനിന്ന്‌ ഒഴിവാക്കപ്പെട്ടില്ല. അതേസമയം, ദൈവവുമായി ഒരു ഉടമ്പടിബന്ധത്തിലേക്കു വന്ന ജനമായിരുന്നില്ല നിനവേക്കാർ. എന്നിട്ടും അവരോട്‌ ന്യായവിധിസന്ദേശം ഘോഷിക്കാൻ യഹോവ ക്രമീകരണം ചെയ്‌തു എന്നു മാത്രമല്ല, അവർ തന്റെ കൈയിൽ പതമുള്ള കളിമണ്ണുപോലെയാണ്‌ എന്നു തെളിയിച്ചപ്പോൾ അവൻ അവരോടു കരുണ കാണിക്കുകയും ചെയ്‌തു. നമ്മുടെ ദൈവമായ യഹോവ “മുഖം നോക്കുന്നില്ല” എന്ന വസ്‌തുത ഈ രണ്ടു ദൃഷ്ടാന്തങ്ങൾ എത്ര നന്നായി വരച്ചുകാട്ടുന്നു!—ആവ. 10:17.

യഹോവ വഴക്കവും ന്യായബോധവും ഉള്ള ദൈവം

12, 13. (എ) താൻ മനയുമ്പോൾ, വ്യക്തികളുടെ പ്രതികരണത്തിന്‌ അനുരൂപമായി യഹോവ തന്റെ തീരുമാനത്തിനു മാറ്റംവരുത്തുന്നത്‌ എന്തുകൊണ്ട്‌? (ബി) ശൗലിന്റെ കാര്യത്തിൽ യഹോവയ്‌ക്ക്‌ “മനസ്‌താപമായി” എന്നു പറയുന്നത്‌ ഏത്‌ അർഥത്തിലാണ്‌? (സി) നിനവേയുടെ കാര്യത്തിൽ യഹോവ ‘അനുതപിച്ചത്‌’ ഏത്‌ അർഥത്തിലാണ്‌?

12 യഹോവ നമ്മെ മനയുന്നവിധം, അവൻ നമ്മുടെ പ്രതികരണത്തിനനുസരിച്ച്‌ തന്റെ തീരുമാനത്തിൽ മാറ്റംവരുത്തുന്ന ന്യായബോധമുള്ള ദൈവമാണെന്നു തെളിയിക്കുന്നു. തികച്ചും നീതിയുക്തമായ കാരണങ്ങളാൽ ഒരു പ്രത്യേക നടപടിയെടുക്കാൻ യഹോവ ആദ്യം തീരുമാനിക്കുകയും എന്നാൽ ആളുകളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട്‌ മനസ്സുമാറ്റുകയും ചെയ്യുന്നത്‌ അതിനു തെളിവാണ്‌. ഇസ്രായേലിലെ ആദ്യരാജാവായ ശൗലിനെക്കുറിച്ച്‌, “(അവനെ) രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്‌താപമായിരിക്കുന്നു” എന്ന്‌ യഹോവ പറഞ്ഞതായി തിരുവെഴുത്തുകളിൽ നാം വായിക്കുന്നു. (1 ശമൂ. 15:11) നിനവേയിലെ ആളുകൾ അനുതപിക്കുകയും തെറ്റായ ഗതിവിട്ട്‌ തിരിഞ്ഞുവരുകയും ചെയ്‌തപ്പോൾ, “താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്‌തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല” എന്നും ബൈബിൾ പറയുന്നു.—യോനാ 3:10.

13 “അനുതപിച്ചു,” “മനസ്‌താപമായി” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം മനോഭാവത്തിലോ ചെയ്യാൻ തീരുമാനിച്ച കാര്യത്തിലോ മാറ്റംവരുത്തുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. താൻ രാജാവായി തിരഞ്ഞെടുത്ത ശൗലിനെ പിന്നീട്‌ രാജസ്ഥാനത്തുനിന്ന്‌ നീക്കിയപ്പോൾ യഹോവയുടെ മനോഭാവത്തിൽ മാറ്റമുണ്ടായി എന്നുള്ളത്‌ വ്യക്തമാണ്‌. മനോഭാവത്തിലെ ഈ മാറ്റം, ശൗലിനെ തിരഞ്ഞെടുക്കാനുള്ള യഹോവയുടെ തീരുമാനം തെറ്റിപ്പോയതുകൊണ്ടല്ല. പിന്നെയോ, ശൗൽ വിശ്വാസമില്ലാതെ പ്രവർത്തിക്കുകയും അനുസരണക്കേട്‌ കാണിക്കുകയും ചെയ്‌തതുകൊണ്ടാണ്‌. നിനവേക്കാരുടെ കാര്യത്തിലും സത്യദൈവം അനുതപിച്ചു. അതായത്‌ അവരുടെ കാര്യത്തിൽ താൻ ചെയ്യാൻ ഉദ്ദേശിച്ച സംഗതിയിൽ മാറ്റംവരുത്തി. നമ്മെ മനയുന്നവനായ യഹോവ വഴക്കവും ന്യായബോധവും ഉള്ളവനും കരുണയും ആർദ്രതയും ഉള്ളവനും തെറ്റുകാരൻ തന്റെ ഗതി വിട്ടുതിരിയുമ്പോൾ തന്റെ തീരുമാനത്തിനു മാറ്റംവരുത്താൻ ഒരുക്കമുള്ളവനും ആണ്‌ എന്നറിയുന്നത്‌ എത്ര ആശ്വാസകരമാണ്‌!

യഹോവയുടെ ശിക്ഷണം നമുക്ക്‌ നിരസിക്കാതിരിക്കാം

14. (എ) ഇന്ന്‌ യഹോവ നമ്മെ മനയുന്നത്‌ എങ്ങനെ? (ബി) ദൈവം മനയുമ്പോൾ നമ്മുടെ പ്രതികരണം എന്തായിരിക്കണം?

14 ഇന്ന്‌ യഹോവ നമ്മെ മനയുന്നത്‌ പ്രധാനമായും തന്റെ വചനമായ ബൈബിളിലൂടെയും സംഘടനയിലൂടെയും ആണ്‌. (2 തിമൊ. 3:16, 17) ഈ സരണികളിലൂടെ നമുക്കു ലഭിക്കുന്ന ഏതൊരു ശിക്ഷണവും ബുദ്ധിയുപദേശവും നാം സ്വീകരിക്കേണ്ടതല്ലേ? സ്‌നാനമേറ്റിട്ട്‌ എത്ര നാളായാലും ഏതൊക്കെ സേവനപദവികളിൽ സേവിച്ചിട്ടുണ്ടെങ്കിലും ഇനി മുന്നോട്ടും യഹോവയുടെ ബുദ്ധിയുപദേശത്തോടു പ്രതികരിക്കുകയും അങ്ങനെ മാനകാര്യത്തിന്‌ ഉപയുക്തമായ പാത്രങ്ങളായി നമ്മെ രൂപപ്പെടുത്താൻ നാം അതിനെ അനുവദിക്കുകയും വേണം.

15, 16. (എ) ശിക്ഷണത്തിന്റെ ഭാഗമായി പദവികൾ നഷ്ടപ്പെടുമ്പോൾ മനസ്സിൽ എങ്ങനെയുള്ള നിഷേധവികാരങ്ങൾ ഉയർന്നേക്കാം? ദൃഷ്ടാന്തീകരിക്കുക. (ബി) ശിക്ഷണത്തോടു ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന നിഷേധവികാരങ്ങളുമായി പൊരുത്തപ്പെടാൻ നമ്മെ എന്തു സഹായിക്കും?

15 മാർഗനിർദേശത്തിന്റെയോ തിരുത്തലിന്റെയോ രൂപത്തിലായിരിക്കാം നമുക്കു ചിലപ്പോൾ ശിക്ഷണം ലഭിക്കുക. മറ്റുചിലപ്പോൾ, ശരി ചെയ്യാൻ പരാജയപ്പെട്ടതുകൊണ്ട്‌ ചില ശിക്ഷണനടപടികൾതന്നെ നമുക്ക്‌ ആവശ്യമായി വന്നേക്കാം. അത്തരം ശിക്ഷണത്തിൽ സഭയിലെ പദവികൾ നഷ്ടമാകുന്നതും ഉൾപ്പെടുന്നു. ഒരു മൂപ്പനായി സേവിച്ചിരുന്ന ഡെന്നിസിന്റെ * അനുഭവം അതായിരുന്നു. വ്യാപാര ഇടപാടുകളിൽ ചിന്തിക്കാതെ പ്രവർത്തിച്ചതുമൂലം അദ്ദേഹത്തിന്‌ ഒരു തെറ്റുപറ്റി. ഡെന്നിസിന്‌ വ്യക്തിപരമായി തിരുത്തൽ ലഭിച്ചു. അദ്ദേഹം ഇനിമുതൽ ഒരു മൂപ്പനായി സേവിക്കുകയില്ലെന്ന്‌ സഭയിൽ അറിയിപ്പു നടത്തിയ ദിവസം രാത്രി സഹോദരന്റെ മനസ്സിലൂടെ കടന്നുപോയ വികാരങ്ങൾ എന്തൊക്കെയായിരുന്നു? “പരാജയബോധം എന്നെ തളർത്തിക്കളഞ്ഞു,” അദ്ദേഹം പറയുന്നു. “കഴിഞ്ഞ 30 വർഷക്കാലം നിരവധി പദവികൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്‌. ഞാൻ സാധാരണ പയനിയറായിരുന്നു, ബെഥേലിൽ സേവിച്ചു, ശുശ്രൂഷാദാസനായി പിന്നെ മൂപ്പനും ആയി. ഇക്കഴിഞ്ഞ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഞാൻ എന്റെ ആദ്യപ്രസംഗം നടത്തുകയും ചെയ്‌തു. ഇപ്പോഴിതാ, എല്ലാം പോയി. എനിക്ക്‌ നാണക്കേടും ജാള്യവും തോന്നി. സംഘടനയിൽ എനിക്ക്‌ ഇനി എന്ത്‌ സ്ഥാനം എന്നു ഞാൻ ഓർത്തു.”

16 ഡെന്നിസ്‌ തന്റെ തെറ്റു തിരുത്തി തിരിഞ്ഞുവരണമായിരുന്നു. അതിന്‌ അദ്ദേഹത്തിന്‌ തിരുത്തൽ ആവശ്യമായിരുന്നു. എന്നാൽ നിഷേധവികാരങ്ങളുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന്‌ എങ്ങനെ കഴിഞ്ഞു? അദ്ദേഹം പറയുന്നു: “ഒരു നല്ല ആത്മീയദിനചര്യ നിലനിറുത്താൻ ഞാൻ ഉറച്ചിരുന്നു. ക്രിസ്‌തീയസഹോദരങ്ങളിൽനിന്ന്‌ എനിക്കു കിട്ടിയ പിന്തുണയും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന്‌ ലഭിച്ച പ്രോത്സാഹനങ്ങളും അതുപോലെതന്നെ പ്രധാനമായിരുന്നു. 2009 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ ‘നിങ്ങൾ മുമ്പ്‌ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നോ? ഇനിയും നിങ്ങൾക്കതിനു കഴിയുമോ?’ എന്ന ലേഖനം എന്റെ പ്രാർഥനയ്‌ക്കു മറുപടിയായി കിട്ടിയ ഒരു കത്തുപോലെ എനിക്കു തോന്നി. അതിലുള്ള ബുദ്ധിയുപദേശങ്ങളിൽ ഞാൻ ഏറ്റവുമധികം വിലമതിച്ചത്‌, ‘സഭയിൽ അധികം ഉത്തരവാദിത്വങ്ങളൊന്നും ഇല്ലാത്ത ഈ സമയത്ത്‌ ആത്മീയബലം ആർജിക്കാൻ യത്‌നിക്കുക’ എന്നതായിരുന്നു.” ഡെന്നിസ്‌ ആ ശിക്ഷണനടപടിയിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടി? ഏതാനും വർഷങ്ങൾക്കുശേഷം ഇന്ന്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: “ഒരു ശുശ്രൂഷാദാസനായി സേവിക്കാനുള്ള പദവി നൽകിക്കൊണ്ട്‌ യഹോവ വീണ്ടും എന്നെ അനുഗ്രഹിച്ചിരിക്കുന്നു.”

17. പുറത്താക്കൽ നടപടി പാപം ചെയ്‌ത വ്യക്തിയുടെ ആത്മീയസൗഖ്യത്തിൽ എന്തു പങ്കുവഹിക്കുന്നു? ദൃഷ്ടാന്തീകരിക്കുക.

17 യഹോവയിൽനിന്നുള്ള മറ്റൊരുതരം ശിക്ഷണമാണ്‌ പുറത്താക്കൽ നടപടി. അത്‌ സഭയെ മോശമായ സ്വാധീനത്തിൽനിന്ന്‌ സംരക്ഷിക്കുമെന്നുമാത്രമല്ല, പാപം ചെയ്‌ത വ്യക്തി ആത്മീയസൗഖ്യം പ്രാപിക്കാനും ഇടയാക്കിയേക്കാം. (1 കൊരി. 5:6, 7, 11) റോബർട്ട്‌ 16 വർഷത്തോളം സഭയിൽനിന്നു പുറത്തായിരുന്നു. ആ സമയത്തെല്ലാം അവന്റെ മാതാപിതാക്കളും കൂടെപ്പിറപ്പുകളും, പുറത്താക്കപ്പെട്ടവരുമായി സഹവസിക്കരുത്‌, അവരെ വന്ദനം ചെയ്യുകപോലും അരുത്‌, എന്ന ദൈവവചനത്തിലെ മാർഗനിർദേശം വിട്ടുവീഴ്‌ചകൂടാതെ വിശ്വസ്‌തമായി പിൻപറ്റി. റോബർട്ട്‌ പുനഃസ്ഥിതീകരിക്കപ്പെട്ടിട്ട്‌ ഇപ്പോൾ കുറച്ചുവർഷങ്ങളായി. അദ്ദേഹം ആത്മീയമായി നന്നായി പുരോഗമിക്കുകയും ചെയ്യുന്നു. ഇത്രയും കാലത്തിനുശേഷം യഹോവയിലേക്കും അവന്റെ ജനത്തിന്റെ അടുക്കലേക്കും മടങ്ങിവരാൻ പ്രേരിപ്പിച്ചത്‌ എന്താണെന്നു ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ തന്റെ കുടുംബം കൈക്കൊണ്ട നിലപാടാണ്‌ തന്നെ സഹായിച്ചത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. “‘ഞാൻ എങ്ങനെ പോകുന്നു’ എന്ന്‌ എന്റെ കുടുംബം വെറുമൊരു ക്ഷേമാന്വേഷണമെങ്കിലും നടത്തിയിരുന്നെങ്കിൽ ആ അൽപ്പസഹവാസംകൊണ്ട്‌ ഞാൻ തൃപ്‌തിയടയുമായിരുന്നു. എനിക്ക്‌ സഹവാസത്തിന്റെ അഭാവം തോന്നുകയില്ലായിരുന്നു. അതു തോന്നാത്തിടത്തോളംകാലം ദൈവത്തിലേക്കു മടങ്ങാനുള്ള ഒരു പ്രേരണ എനിക്ക്‌ ഉണ്ടാകുകയും ഇല്ലായിരുന്നു.”

18. വലിയ കുശവൻ നമ്മെ മനയുമ്പോൾ നാം അവന്റെ കൈകളിൽ ഏതുതരം കളിമണ്ണായിരിക്കണം?

18 നമുക്ക്‌ ഇതേ ശിക്ഷണനടപടി ആവശ്യമായി വരണമെന്നില്ല. എന്നുവരികിലും വലിയ കുശവൻ നമ്മെ മനയുമ്പോൾ നാം ഏതുതരം കളിമണ്ണാണ്‌ എന്നു തെളിയിക്കും? ശിക്ഷണത്തോട്‌ നാം എങ്ങനെ പ്രതികരിക്കും? ദാവീദിനെപ്പോലെയോ അതോ ശൗലിനെപ്പോലെയോ? വലിയ കുശവൻ നമുക്കു പിതാവാണ്‌. “അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു” എന്ന കാര്യം ഒരിക്കലും മറക്കരുത്‌. അതുകൊണ്ട്‌, “യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുത്‌.”—സദൃ. 3:11, 12.

^ പേരുകൾ മാറ്റിയിട്ടുണ്ട്‌.