വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഉല്‌പത്തി 6:2, 4-ൽ, പ്രളയത്തിനുമുമ്പ്‌ ജീവിച്ചിരുന്നതായി പറഞ്ഞിരിക്കുന്ന “ദൈവത്തിന്റെ പുത്രൻമാർ” ആരായിരുന്നു?

ഈ പരാമർശം ദൈവത്തിന്റെ ആത്മപുത്രന്മാരെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്നുള്ളതിന്‌ മതിയായ തെളിവുണ്ട്‌. എന്താണത്‌?

ഉല്‌പത്തി 6:2 ഇപ്രകാരമാണ്‌ വായിക്കുന്നത്‌: “ദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.”

എബ്രായതിരുവെഴുത്തുകളിൽ “ദൈവത്തിന്റെ പുത്രൻമാർ” എന്നോ സമാനമായ പ്രയോഗങ്ങളോ ഉല്‌പത്തി 6:2, 4, ഇയ്യോബ്‌ 1:6; 2:1, 38:6, സങ്കീർത്തനം 89:6 എന്നിവിടങ്ങളിൽ കാണാം. “ദൈവത്തിന്റെ പുത്രൻമാ”രെക്കുറിച്ച്‌ ഈ തിരുവെഴുത്തുകൾ എന്തു സൂചിപ്പിക്കുന്നു?

ഇയ്യോബ്‌ 1:6-ൽ പറഞ്ഞിരിക്കുന്ന “ദൈവപുത്രന്മാർ” ദൈവസന്നിധിയിൽ കൂടിവന്ന ആത്മജീവികളാണെന്നു വ്യക്തമാണ്‌. അവരുടെ കൂട്ടത്തിൽ ‘ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വന്ന’ സാത്താനും ഉണ്ടായിരുന്നു. (ഇയ്യോ. 1:7; 2:1, 2) അതുപോലെ ഇയ്യോബ്‌ 38:4-7-ൽ, ദൈവം “ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ” ‘ഘോഷിച്ചുല്ലസിച്ച ദൈവപുത്രന്മാരെ’ക്കുറിച്ച്‌ നാം വായിക്കുന്നു. ഇവരും ദൂതന്മാർ തന്നെയായിരിക്കണം, കാരണം അപ്പോൾ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം ഉള്ളതായി സങ്കീർത്തനം 89:6-ൽ പറഞ്ഞിരിക്കുന്ന ‘ദേവപുത്രന്മാരും’ മനുഷ്യരല്ല ആത്മജീവികൾ തന്നെയാണ്‌.

അങ്ങനെയെങ്കിൽ, ഉല്‌പത്തി 6:2, 4-ൽ കാണുന്ന “ദൈവത്തിന്റെ പുത്രൻമാർ” ആരാണ്‌? മുകളിൽ കണ്ട വസ്‌തുതകളുടെ വെളിച്ചത്തിൽ ഭൂമിയിലേക്കു വന്ന ദൈവത്തിന്റെ ആത്മപുത്രന്മാരാണ്‌ അവർ എന്ന്‌ നമുക്ക്‌ ന്യായമായും നിഗമനം ചെയ്യാം.

എന്നാൽ, ദൂതന്മാർ ലൈംഗികബന്ധത്തിൽ താത്‌പര്യമുള്ളവരാണെന്ന്‌ അംഗീകരിക്കാൻ ചിലർക്കു ബുദ്ധിമുട്ട്‌ തോന്നിയേക്കാം. സ്വർഗത്തിൽ വിവാഹമോ ലൈംഗികബന്ധങ്ങളോ ഇല്ലെന്നു മത്തായി 22:30-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ കാണിക്കുന്നു. പക്ഷേ ദൂതന്മാർ ചിലയവസരങ്ങളിൽ ജഡശരീരം എടുത്തിട്ടുണ്ട്‌. അത്തരം ചില സന്ദർഭങ്ങളിൽ അവർ മനുഷ്യരോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌തിട്ടുമുണ്ട്‌. (ഉല്‌പ. 18:1-8; 19:1-3) അതിനാൽ, മനുഷ്യശരീരമെടുക്കുന്ന അവസരത്തിൽ ദൂതന്മാർക്ക്‌ സ്‌ത്രീകളുമായി ലൈംഗികബന്ധം പുലർത്താൻ കഴിയും എന്ന്‌ ചിന്തിക്കുന്നത്‌ തികച്ചും യുക്തിസഹമാണ്‌.

ചില ദൂതന്മാർ അങ്ങനെ ചെയ്‌തു എന്നു വിശ്വസിക്കാൻ മതിയായ തിരുവെഴുത്തു ന്യായങ്ങളുണ്ട്‌. യൂദാ 6, 7, പ്രകൃതിവിരുദ്ധഭോഗാസക്തിയിൽ മുഴുകിയ സൊദോമ്യരുടെ പാപത്തെ, ‘സ്വന്തം പദവി കാത്തുകൊള്ളാതെ തങ്ങൾക്കായുള്ള വാസസ്ഥലം വിട്ട്‌ പോയ ദൂതന്മാരുടേതുമായി’ താരതമ്യപ്പെടുത്തുന്നു. “പരസംഗത്തിലും പ്രകൃതിവിരുദ്ധഭോഗാസക്തിയിലും മുഴുകി” എന്നതായിരുന്നു ഇരുകൂട്ടരും ചെയ്‌ത പാപം. 1 പത്രോസ്‌ 3:19, 20-ലെ സമാനമായ ഒരു വേദഭാഗത്ത്‌, അനുസരണംകെട്ട ദൂതന്മാരെ ‘നോഹയുടെ കാലവുമായി’ ബന്ധപ്പെടുത്തുന്നു. (2 പത്രോ. 2:4, 5) ഈ തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ, നോഹയുടെ നാളിലെ അനുസരണംകെട്ട ദൂതന്മാർ സ്വീകരിച്ച ഗതിയെ സൊദോം ഗൊമോറയുടെ പാപവുമായി താരതമ്യപ്പെടുത്താനാകും.

ഈ നിഗമനം യുക്തിസഹമാകുന്നത്‌ ഉല്‌പത്തി 6:2, 4-ൽ പരാമർശിച്ചിരിക്കുന്ന “ദൈവത്തിന്റെ പുത്രൻമാർ” ജഡശരീരമെടുത്ത ദൂതന്മാരായിരുന്നു എന്നും അവർ സ്‌ത്രീകളുമായി അധാർമികവേഴ്‌ചകളിലേർപ്പെട്ടു എന്നും തിരിച്ചറിയുമ്പോഴാണ്‌.

യേശു “തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (1 പത്രോ. 3:19) എന്താണ്‌ ഇതിന്റെ അർഥം?

‘പണ്ട്‌ നോഹയുടെ കാലത്തു ദൈവം ക്ഷമയോടെ കാത്തിരുന്നപ്പോൾ അനുസരണക്കേട്‌ കാണിച്ചവരായിരുന്നു’ ഈ ആത്മാക്കൾ എന്ന്‌ അപ്പൊസ്‌തലനായ പത്രോസ്‌ വ്യക്തമാക്കുന്നു. (1 പത്രോ. 3:20) സാത്താന്റെ മത്സരഗതിയിൽ അവനോടൊപ്പം പങ്കുചേർന്ന ആത്മജീവികളെയാണ്‌ അവൻ പരാമർശിച്ചത്‌. “സ്വന്തം പദവി കാത്തുകൊള്ളാതെ തങ്ങൾക്കായുള്ള വാസസ്ഥലം വിട്ട്‌ പോയ ദൂതന്മാരെ”പ്പറ്റി യൂദാ പറയുന്നു. ദൈവം അവരെ “നിത്യബന്ധനത്തിലാക്കി മഹാദിവസത്തിലെ ന്യായവിധിക്കായി അന്ധതമസ്സിൽ സൂക്ഷിച്ചിരിക്കുന്നു” എന്നും അവൻ എഴുതി.—യൂദാ 6.

ഈ ആത്മജീവികൾ നോഹയുടെ കാലത്ത്‌ എങ്ങനെയാണ്‌ അനുസരണക്കേട്‌ കാണിച്ചത്‌? ജലപ്രളയത്തിനുമുമ്പ്‌, ഈ ദുഷ്ടാത്മരൂപികൾ മനുഷ്യശരീരം എടുത്ത്‌ ഭൂമിയിലേക്കു വന്നു. ഇത്‌ ദൈവാംഗീകാരത്തോടെ ആയിരുന്നില്ല. (ഉല്‌പ. 6:2, 4) കൂടാതെ, അവർ മനുഷ്യസ്‌ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്‌തു. ഇത്‌ പ്രകൃതിവിരുദ്ധമായ ഒരു നടപടിയായിരുന്നു. സ്‌ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനായിരുന്നില്ല ദൈവം ആത്മജീവികളെ സൃഷ്ടിച്ചത്‌. (ഉല്‌പ. 5:2) ദുഷ്ടരും അനുസരണംകെട്ടവരും ആയ ഈ ദൂതന്മാർ ദൈവത്തിന്റെ തക്കസമയത്ത്‌ നശിപ്പിക്കപ്പെടും. യൂദാ സൂചിപ്പിക്കുന്നതുപോലെ ഇപ്പോൾ ഇവർ “അന്ധതമസ്സിൽ” അതായത്‌ ഒരു ആത്മീയതടവറയിൽ ആണ്‌.

“തടവിലുള്ള ആത്മാക്കളോട്‌” എപ്പോൾ എങ്ങനെയാണ്‌ യേശു പ്രസംഗിച്ചത്‌? അവൻ ‘ആത്മാവിൽ ജീവിപ്പിക്കപ്പെട്ടതിനു’ ശേഷമാണ്‌ അതു ചെയ്‌തതെന്ന്‌ പത്രോസ്‌ എഴുതുന്നു. (1 പത്രോ. 3:18, 19) യേശു “പ്രസംഗിച്ചു” എന്ന്‌ ഭൂതകാലത്തിൽ ആണ്‌ പത്രോസ്‌ എഴുതിയത്‌ എന്ന കാര്യവും ശ്രദ്ധിക്കുക. പത്രോസ്‌ തന്റെ ഒന്നാമത്തെ ലേഖനം എഴുതുന്നതിനു മുമ്പാണ്‌ ഈ സംഭവം നടന്നത്‌ എന്ന്‌ അത്‌ സൂചിപ്പിക്കുന്നു. അതുകൊണ്ട്‌, യേശുവിന്റെ പുനരുത്ഥാനത്തെ തുടർന്നുള്ള ഒരു സമയത്താണ്‌ ദുഷ്ടരായ ഈ ആത്മാക്കളോട്‌ അവർ അർഹിക്കുന്ന ശിക്ഷാവിധി യേശു പ്രഖ്യാപിച്ചത്‌ എന്ന്‌ അനുമാനിക്കാം. അവർക്ക്‌ എന്തെങ്കിലും പ്രത്യാശ നൽകുന്ന പ്രസംഗം ആയിരുന്നില്ല അത്‌. അതൊരു ന്യായവിധി പ്രഖ്യാപനമായിരുന്നു. (യോനാ 1:1, 2) മരണത്തോളം വിശ്വസ്‌തത പ്രകടമാക്കുകയും പുനരുത്ഥാനത്തിലേക്കു വരികയും ചെയ്‌തുകൊണ്ട്‌ തന്റെമേൽ പിശാചിന്‌ യാതൊരു അധികാരവുമില്ലെന്ന്‌ തെളിയിച്ചു കഴിഞ്ഞിരുന്ന സ്ഥിതിക്ക്‌ അപ്രകാരമൊരു ശിക്ഷാവിധി പ്രഖ്യാപിക്കാൻ യേശുവിന്‌ ശരിയായ അടിസ്ഥാനമുണ്ടായിരുന്നു.—യോഹ. 14:30; 16:8-11.

ഭാവിയിൽ യേശു സാത്താനെയും ആ ദൂതന്മാരെയും ബന്ധിച്ച്‌ അഗാധത്തിൽ എറിഞ്ഞുകളയും. (ലൂക്കോ. 8:30, 31; വെളി. 20:1-3) അനുസരണമില്ലാത്ത ഈ ആത്മാക്കൾ ആ സമയം വരെ കനത്ത ആത്മീയാന്ധകാരത്തിന്റെ അവസ്ഥയിലായിരിക്കും. അവരുടെ അന്തിമനാശം സുനിശ്ചിതമാണ്‌.—വെളി. 20:7-10.