വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക എന്നു ഞങ്ങളോടു പറയുക’

‘ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക എന്നു ഞങ്ങളോടു പറയുക’

‘നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കും?’—മത്താ. 24:3.

1. അപ്പൊസ്‌തലന്മാരെപ്പോലെ എന്ത്‌ മനസ്സിലാക്കാൻ നാമും അത്യാകാംക്ഷയുള്ളവരാണ്‌?

 യേശുവിന്റെ ഭൗമികശുശ്രൂഷ അവസാനത്തോട്‌ അടുക്കുന്ന സമയം. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അറിയാൻ അവന്റെ ശിഷ്യന്മാർ അത്യാകാംക്ഷയുള്ളവരായിരുന്നു. അതുകൊണ്ട്‌, അവന്റെ മരണത്തിന്‌ ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ അപ്പൊസ്‌തലന്മാരിൽ നാലു പേർ, “ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുകയെന്നും നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക” എന്ന്‌ അഭ്യർഥിച്ചുകൊണ്ട്‌ അവനെ സമീപിച്ചു. (മത്താ. 24:3; മർക്കോ. 13:3) മത്തായി 24, 25 അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവബഹുലമായ ഒരു പ്രവചനത്തിലൂടെ യേശു മറുപടി നൽകി. ശ്രദ്ധേയമായ നിരവധി സംഭവങ്ങൾ അതിൽ അവൻ മുൻകൂട്ടിപ്പറഞ്ഞു. യേശുവിന്റെ വാക്കുകൾ ഇന്ന്‌ നമ്മോടുള്ള ബന്ധത്തിലും ഏറെ അർഥപൂർണമാണ്‌. കാരണം, ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളിൽ നമുക്കും അതീവതാത്‌പര്യമുണ്ട്‌.

2. (എ) എന്തിനെക്കുറിച്ചുള്ള ഗ്രാഹ്യം മെച്ചപ്പെടുത്താനാണ്‌ കാലങ്ങളായി നാം ശ്രമിച്ചുകൊണ്ടിരുന്നത്‌? (ബി) ഏതു മൂന്നു ചോദ്യങ്ങൾ നാം പരിചിന്തിക്കുന്നതായിരിക്കും?

2 വർഷങ്ങളിലുടനീളം, അന്ത്യനാളുകളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം യഹോവയുടെ ദാസന്മാർ പ്രാർഥനാപൂർവം പഠിച്ചിട്ടുണ്ട്‌. അവന്റെ വാക്കുകളുടെ നിവൃത്തിയുടെ സമയം സംബന്ധിച്ച്‌ കൂടുതൽ വ്യക്തമായ ഗ്രാഹ്യം നേടാൻ അവർ പരിശ്രമിച്ചിരിക്കുന്നു. നമ്മുടെ ഗ്രാഹ്യം എങ്ങനെ തെളിമയേറിയതായിരിക്കുന്നു എന്നു കാണാൻ നമുക്ക്‌ ഇപ്പോൾ സമയത്തോടു ബന്ധപ്പെട്ട മൂന്ന്‌ ചോദ്യങ്ങൾ പരിചിന്തിക്കാം. എപ്പോഴാണ്‌ “മഹാകഷ്ടം” ആരംഭിക്കുന്നത്‌? എപ്പോഴാണ്‌ ‘ചെമ്മരിയാടുകളെയും’ ‘കോലാടുകളെയും’ യേശു ന്യായംവിധിക്കുന്നത്‌? എപ്പോഴാണ്‌ യേശു ‘വരുന്നത്‌?’—മത്താ. 24:21; 25:31-33.

എപ്പോഴാണ്‌ “മഹാകഷ്ടം” ആരംഭിക്കുന്നത്‌?

3. മഹാകഷ്ടത്തിന്റെ സമയം സംബന്ധിച്ച്‌ മുൻകാലങ്ങളിൽ നമുക്കുണ്ടായിരുന്ന ധാരണ എന്തായിരുന്നു?

3 വർഷങ്ങളോളം, മഹാകഷ്ടം സംബന്ധിച്ച്‌ നമുക്കുള്ള ധാരണ ഇങ്ങനെയായിരുന്നു: 1914-ൽ ഒന്നാം ലോകമഹായുദ്ധത്തോടെ മഹാകഷ്ടം ആരംഭിക്കുകയും 1918-ൽ യുദ്ധം അവസാനിച്ചതോടെ യഹോവ ‘ആ നാളുകൾ ചുരുക്കുകയും’ ചെയ്‌തു. അതുവഴി അഭിഷിക്തശേഷിപ്പിന്‌ സകലജനതകളോടും സുവാർത്ത പ്രസംഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. (മത്താ. 24:21, 22) പ്രസംഗവേല പൂർത്തിയാകുമ്പോൾ സാത്താന്റെ സാമ്രാജ്യം നശിപ്പിക്കപ്പെടും. അതുകൊണ്ട്‌, മഹാകഷ്ടത്തിന്‌ മൂന്നു ഘട്ടങ്ങളുള്ളതായി കരുതിയിരുന്നു: ഒരു ആരംഭം (1914-1918), ഒരു ഇടവേള (1918 മുതൽ), അർമ്മഗെദ്ദോനിലെ പരിസമാപ്‌തി.

4. എന്തു തിരിച്ചറിഞ്ഞത്‌, അന്ത്യനാളുകളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിന്റെ മെച്ചപ്പെട്ട ഗ്രാഹ്യം ലഭിക്കുന്നതിലേക്കു നയിച്ചു?

4 എന്നാൽ, കൂടുതലായ പരിശോധനയിൽ അന്ത്യനാളുകളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിന്റെ ഒരു ഭാഗത്തിന്‌ രണ്ടു നിവൃത്തികൾ ഉള്ളതായി നാം മനസ്സിലാക്കി. (മത്താ. 24:4-22) ഒന്നാം നൂറ്റാണ്ടിൽ യെഹൂദ്യയിൽ അതിന്‌ ഒരു പ്രാരംഭനിവൃത്തി ഉണ്ടായി. നമ്മുടെ നാളിൽ അതിന്‌ ലോകവ്യാപകമായ ഒരു നിവൃത്തി ഉണ്ടാകുമായിരുന്നു. ഈ ഗ്രാഹ്യം പല കാര്യങ്ങളിലും വ്യക്തത ലഭിക്കാൻ ഇടയാക്കി. *

5. (എ) പ്രയാസകരമായ ഏത്‌ കാലഘട്ടം 1914-ൽ ആരംഭിച്ചു? (ബി) ക്ലേശപൂർണമായ ആ കാലഘട്ടം ഒന്നാം നൂറ്റാണ്ടിലെ ഏതു കാലയളവിനു സമാനമാണ്‌?

5 കൂടാതെ, മഹാകഷ്ടത്തിന്റെ ആദ്യഭാഗം 1914-ൽ ആരംഭിച്ചില്ല എന്നും നാം തിരിച്ചറിഞ്ഞു. എന്തുകൊണ്ടാണ്‌ നമുക്ക്‌ അങ്ങനെയൊരു നിഗമനത്തിൽ എത്താനായത്‌? കാരണം, മഹാകഷ്ടം ആരംഭിക്കുന്നത്‌ രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തോടെയല്ല, മറിച്ച്‌ വ്യാജമതത്തിന്റെമേലുള്ള ആക്രമണത്തോടെയാണെന്ന്‌ ബൈബിൾപ്രവചനം വെളിപ്പെടുത്തുന്നു. അതുകൊണ്ട്‌, 1914-ൽ തുടങ്ങിയ സംഭവങ്ങൾ മഹാകഷ്ടത്തിന്റെ ആരംഭമായിരുന്നില്ല, പ്രത്യുത “ഈറ്റുനോവിന്റെ ആരംഭ”മായിരുന്നു. (മത്താ. 24:8) ഈ ‘ഈറ്റുനോവ്‌’ എ.ഡി. 33 മുതൽ എ.ഡി. 66 വരെയുള്ള കാലയളവിൽ യെരുശലേമിലും യെഹൂദ്യയിലും നടന്ന സംഭവങ്ങളോട്‌ സമാനമായിരുന്നു.

6. മഹാകഷ്ടത്തിന്റെ ആരംഭംകുറിക്കുന്നത്‌ എന്തായിരിക്കും?

6 മഹാകഷ്ടത്തിന്റെ ആരംഭംകുറിക്കുന്നത്‌ എന്തായിരിക്കും? യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ദാനിയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തതുപോലെ, ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത്‌ നിൽക്കുന്നതു കാണുമ്പോൾ (വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ) യെഹൂദ്യയിലുള്ളവർ മലകളിലേക്ക്‌ ഓടിപ്പോകട്ടെ.” (മത്താ. 24:15, 16) എ.ഡി. 66-ൽ, (“മ്ലേച്ഛത”യായ) റോമാസൈന്യം (യഹൂദന്മാരുടെ ദൃഷ്ടിയിൽ വിശുദ്ധസ്ഥലമായ) യെരുശലേമിനെയും അതിന്റെ ആലയത്തെയും ആക്രമിച്ചപ്പോൾ, മ്ലേച്ഛത ‘വിശുദ്ധസ്ഥലത്ത്‌ നിൽക്കും’ എന്ന പ്രവചനഭാഗത്തിന്റെ ആദ്യനിവൃത്തിയുണ്ടായി. (ആധുനികകാല “മ്ലേച്ഛത”യായ) ഐക്യരാഷ്‌ട്രസംഘടന (നാമധേയക്രിസ്‌ത്യാനികളുടെ കണ്ണിൽ വിശുദ്ധമായ) ക്രൈസ്‌തവലോകത്തെയും അതോടൊപ്പം മഹാബാബിലോണിന്റെ ശേഷിച്ചഭാഗത്തെയും ആക്രമിക്കുമ്പോൾ, മ്ലേച്ഛത ‘വിശുദ്ധസ്ഥലത്ത്‌ നിൽക്കും’ എന്ന പ്രവചനഭാഗത്തിന്റെ വലിയ നിവൃത്തിയുണ്ടാകും. ഇതേ ആക്രമണമാണ്‌ വെളിപാട്‌ 17:16-18-ൽ വർണിച്ചിരിക്കുന്നത്‌. മഹാകഷ്ടത്തിന്റെ ആരംഭം ഈ സംഭവത്തോടെയായിരിക്കും.

7. (എ) ഒന്നാം നൂറ്റാണ്ടിൽ ‘ജഡം’ രക്ഷിക്കപ്പെട്ടത്‌ എങ്ങനെ? (ബി) ഭാവിയിൽ എന്തു സംഭവിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാൻ കഴിയും?

7 “ആ നാളുകൾ ചുരുക്കപ്പെടും” എന്നും യേശു പറഞ്ഞു. എ.ഡി. 66-ൽ റോമൻസൈന്യം ആക്രമണം വെട്ടിച്ചുരുക്കിയപ്പോൾ ഈ വാക്കുകളുടെ ആദ്യനിവൃത്തിയുണ്ടായി. ആ സമയത്ത്‌ യെരുശലേമിലും യെഹൂദ്യയിലും ഉണ്ടായിരുന്ന അഭിഷിക്തക്രിസ്‌ത്യാനികൾക്ക്‌ പലായനം ചെയ്‌തുകൊണ്ട്‌ അവരുടെ ‘ജഡം’ (സത്യവേദപുസ്‌തകം) അഥവാ ജീവൻ രക്ഷിക്കുന്നതിന്‌ അവസരം ലഭിച്ചു. (മത്തായി 24:22 വായിക്കുക; മലാ. 3:17) അതുകൊണ്ട്‌ ആസന്നമായ മഹാകഷ്ടത്തിൽ എന്തു സംഭവിക്കുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാൻ കഴിയും? ഐക്യരാഷ്‌ട്രസംഘടന വ്യാജമതത്തെ ആക്രമിക്കുമ്പോൾ, വ്യാജമതത്തോടൊപ്പം സത്യമതവും നശിപ്പിക്കപ്പെടാതെ യഹോവ ആ ആക്രമണം ‘ചുരുക്കും.’ ദൈവജനം രക്ഷിക്കപ്പെടുന്നുവെന്ന്‌ ഇത്‌ ഉറപ്പാക്കും.

8. (എ) മഹാകഷ്ടത്തിന്റെ ആദ്യഘട്ടത്തിനുശേഷം ഏതൊക്കെ സംഭവങ്ങൾ അരങ്ങേറും? (ബി) 1,44,000-ത്തിലെ അവസാനയംഗത്തിന്‌ തന്റെ സ്വർഗീയപ്രതിഫലം ലഭിക്കുന്നത്‌ സാധ്യതയനുസരിച്ച്‌ എപ്പോഴായിരിക്കും? (പിൻകുറിപ്പ്‌ കാണുക.)

 8 മഹാകഷ്ടത്തിന്റെ ആദ്യഘട്ടം കഴിഞ്ഞശേഷം എന്തു സംഭവിക്കും? അർമ്മഗെദ്ദോന്റെ ആരംഭംവരെ തുടരുന്ന ഒരു കാലഘട്ടം അതേത്തുടർന്ന്‌ ഉണ്ടായിരിക്കുമെന്ന്‌ യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ആ ഇടവേളയിൽ എന്തൊക്കെ സംഭവങ്ങൾ അരങ്ങേറും? അതിനുള്ള ഉത്തരം, യെഹെസ്‌കേൽ 38:14-16-ലും മത്തായി 24:29-31-ലും രേഖപ്പെടുത്തിയിരിക്കുന്നു. (വായിക്കുക.) * അതിനുശേഷം, മഹാകഷ്ടത്തിന്റെ പാരമ്യമായ അർമ്മഗെദ്ദോന്‌ നാം സാക്ഷ്യംവഹിക്കും. അത്‌ എ.ഡി. 70-ലെ യെരുശലേമിന്റെ നാശത്തിന്‌ സമാന്തരമായി വരുന്നു. (മലാ. 4:1) അർമ്മഗെദ്ദോൻ യുദ്ധത്തോടെ പാരമ്യത്തിലെത്തുന്ന വരാനിരിക്കുന്ന മഹാകഷ്ടം, “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത” ഒരു മഹാസംഭവം എന്നനിലയിൽ സമാനതകളില്ലാത്ത ഒന്നായിരിക്കും. (മത്താ. 24:21) അതു കഴിയുന്നതോടെ ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ച ആരംഭിക്കും.

9. മഹാകഷ്ടം സംബന്ധിച്ച യേശുവിന്റെ പ്രവചനത്തിന്‌ യഹോവയുടെ ജനത്തിന്റെമേൽ എന്തു പ്രഭാവമുണ്ട്‌?

9 മഹാകഷ്ടത്തെക്കുറിച്ചുള്ള ഈ പ്രവചനം നമുക്കു ശക്തിപകരുന്നു. എങ്ങനെ? കാരണം, എന്തെല്ലാം ക്ലേശങ്ങൾ നേരിടേണ്ടിവന്നാലും യഹോവയുടെ ജനം, ഒരു കൂട്ടമെന്നനിലയിൽ മഹാകഷ്ടത്തിൽനിന്ന്‌ പുറത്തുവരുമെന്ന്‌ അത്‌ ഉറപ്പുനൽകുന്നു. (വെളി. 7:9, 14) അതിലെല്ലാമുപരി, യഹോവ അർമ്മഗെദ്ദോനിൽ തന്റെ പരമാധികാരം സംസ്ഥാപിക്കുകയും തന്റെ വിശുദ്ധനാമം പവിത്രീകരിക്കുകയും ചെയ്യുമെന്ന അറിവ്‌ നമുക്ക്‌ അത്യധികം സന്തോഷമേകുകയും ചെയ്യുന്നു.—സങ്കീ. 83:18; യെഹെ. 38:23.

എപ്പോഴാണ്‌ ചെമ്മരിയാടുകളെയും കോലാടുകളെയും യേശു ന്യായംവിധിക്കുന്നത്‌?

10. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ന്യായവിധിയുടെ സമയം സംബന്ധിച്ച്‌ നാം മുമ്പ്‌ മനസ്സിലാക്കിയിരുന്നത്‌ എന്താണ്‌?

10 യേശുവിന്റെ പ്രവചനത്തിന്റെ മറ്റൊരു ഭാഗത്ത്‌ ചെമ്മരിയാടുകളെയും കോലാടുകളെയും ന്യായംവിധിക്കുന്നതിനെക്കുറിച്ചുള്ള ഉപമ അവൻ ഉൾപ്പെടുത്തി. ഇതു നിറവേറുന്നത്‌ എപ്പോഴാണെന്ന്‌ നമുക്ക്‌ ഇനി നോക്കാം. (മത്താ. 25:31-46) ആളുകളെ ചെമ്മരിയാടുകളായും കോലാടുകളായും ന്യായംവിധിക്കുന്നത്‌ 1914-ൽ തുടങ്ങി അന്ത്യകാലത്ത്‌ ഉടനീളം നടക്കുന്ന ഒരു സംഗതിയാണെന്നാണ്‌ നാം മുമ്പു കരുതിയിരുന്നത്‌. രാജ്യസന്ദേശം നിരസിച്ചിട്ട്‌ മഹാകഷ്ടം ആരംഭിക്കുന്നതിനുമുമ്പ്‌ മരിച്ചുപോകുന്നവർ പുനരുത്ഥാനപ്രത്യാശ ഇല്ലാതെ കോലാടുകളായാണ്‌ മരിക്കുന്നത്‌ എന്നും നാം നിഗമനം ചെയ്‌തിരുന്നു.

11. ആളുകളെ ചെമ്മരിയാടുകളോ കോലാടുകളോ എന്ന്‌ ന്യായംവിധിക്കുന്ന നടപടി 1914-ൽ ആരംഭിക്കാൻ കഴിയുമായിരുന്നില്ല എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

11 മത്തായി 25:31, 1990-കളുടെ മധ്യത്തിൽ വീക്ഷാഗോപുരം പുനഃപരിശോധിക്കുകയുണ്ടായി. ആ വാക്യം ഇങ്ങനെ പറയുന്നു: “മനുഷ്യപുത്രൻ സകല ദൂതന്മാരോടുമൊപ്പം തന്റെ മഹത്ത്വത്തിൽ വരുമ്പോൾ അവൻ തന്റെ മഹിമയാർന്ന സിംഹാസനത്തിലിരിക്കും.” 1914-ൽ യേശു ദൈവരാജ്യത്തിന്റെ രാജാവായെങ്കിലും, ‘തന്റെ മഹിമയാർന്ന സിംഹാസനത്തിൽ,’ ‘സകല ജനതകളെയും’ ന്യായംവിധിക്കുന്ന ന്യായാധിപനായി അവൻ ഇരുന്നില്ല എന്ന്‌ വീക്ഷാഗോപുരം പറഞ്ഞു. (മത്താ. 25:32; ദാനീയേൽ 7:13 താരതമ്യം ചെയ്യുക.) എന്നാൽ, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമ യേശുവിനെ മുഖ്യമായും ഒരു ന്യായാധിപനായാണ്‌ വർണിക്കുന്നത്‌. (മത്തായി 25:31-34, 41, 46 വായിക്കുക.) 1914-ൽ യേശു സകലജനതകളുടെയും ന്യായാധിപനായി വർത്തിക്കാൻ തുടങ്ങിയിട്ടില്ലായിരുന്നതിനാൽ ആളുകളെ ചെമ്മരിയാടുകളോ കോലാടുകളോ എന്ന്‌ ന്യായംവിധിക്കുന്ന അവന്റെ നടപടിയും ആ വർഷം ആരംഭിക്കാൻ കഴിയുമായിരുന്നില്ല. * അങ്ങനെയെങ്കിൽ എപ്പോഴാണ്‌ യേശു ന്യായവിധി ആരംഭിക്കുന്നത്‌?

12. (എ) സകലജനതകളുടെയും ന്യായാധിപൻ എന്നനിലയിൽ യേശു ആദ്യമായി വർത്തിക്കുന്നത്‌ എപ്പോഴായിരിക്കും? (ബി) ഏതു സംഭവങ്ങളാണ്‌ മത്തായി 24:30, 31-ലും മത്തായി 25:31-33, 46-ലും വർണിച്ചിരിക്കുന്നത്‌?

 12 സകലജനതകളുടെയും ന്യായാധിപൻ എന്നനിലയിൽ യേശു ആദ്യമായി വർത്തിക്കുന്നത്‌ വ്യാജമതത്തിന്റെ നാശത്തിനു ശേഷമായിരിക്കുമെന്ന്‌ അന്ത്യനാളുകളെക്കുറിച്ചുള്ള അവന്റെ പ്രവചനം വെളിപ്പെടുത്തുന്നു.  8-ാം ഖണ്ഡികയിൽ പരാമർശിച്ചതുപോലെ ആ സമയത്തു നടക്കുന്ന ചില സംഭവങ്ങൾ മത്തായി 24:30, 31-ൽ രേഖപ്പെടുത്തിയിരിക്കുന്നു. ആ വാക്യങ്ങൾ പരിശോധിക്കുമ്പോൾ യേശു അവിടെ മുൻകൂട്ടിപ്പറയുന്ന സംഭവങ്ങൾ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ അവൻ പറയുന്ന സംഭവങ്ങളോട്‌ സമാനമാണെന്ന്‌ നിങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന്‌, മനുഷ്യപുത്രൻ ദൂതന്മാരോടൊപ്പം തന്റെ മഹത്ത്വത്തിൽ വരുന്നു; സകല ഗോത്രങ്ങളും ജനതകളും അവന്റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടുന്നു; ചെമ്മരിയാടുകളായി വിധിക്കപ്പെടുന്നവർ തങ്ങളെ കാത്തിരിക്കുന്നത്‌ ‘നിത്യജീവൻ’ ആയതിനാൽ “നിവർന്നു തല ഉയർത്തു”ന്നു; * കോലാടുകളായി വിധിക്കപ്പെടുന്നവർ തങ്ങൾ “നിത്യച്ഛേദനത്തിലേക്കു” പോകും എന്നു തിരിച്ചറിഞ്ഞ്‌ “മാറത്തടിച്ചു വിലപിക്കു”ന്നു.—മത്താ. 25:31-33, 46.

13. (എ) ആളുകളെ ചെമ്മരിയാടുകളോ കോലാടുകളോ എന്ന്‌ യേശു ന്യായംവിധിക്കുന്നത്‌ എപ്പോഴാണ്‌? (ബി) ഈ ഗ്രാഹ്യം ശുശ്രൂഷയോടുള്ള നമ്മുടെ മനോഭാവത്തെ ബാധിക്കുന്നത്‌ എങ്ങനെയാണ്‌?

13 അതുകൊണ്ട്‌ നമുക്ക്‌ എന്തു നിഗമനം ചെയ്യാൻ കഴിയും? മഹാകഷ്ടത്തിന്റെ സമയത്ത്‌ യേശു വരുമ്പോഴാണ്‌ അവൻ സകലജനതകളിലുംപെട്ട ആളുകളെ ചെമ്മരിയാടുകളോ കോലാടുകളോ എന്ന്‌ ന്യായംവിധിക്കുന്നത്‌. ഒടുവിൽ, മഹാകഷ്ടത്തിന്റെ പാരമ്യമായ അർമ്മഗെദ്ദോനിൽ കോലാടുതുല്യരായ ആളുകൾ എന്നേക്കുമായി ‘ഛേദിക്കപ്പെടും.’ ഈ ഗ്രാഹ്യം ശുശ്രൂഷയോടുള്ള നമ്മുടെ മനോഭാവത്തെ എങ്ങനെ സ്വാധീനിക്കണം? നമ്മുടെ പ്രസംഗവേല എത്ര പ്രധാനപ്പെട്ടതാണ്‌ എന്നു കാണാൻ ഇതു നമ്മെ സഹായിക്കുന്നു. തങ്ങളുടെ ചിന്താഗതിയിൽ മാറ്റംവരുത്തി “ജീവനിലേക്കുള്ള” ഇടുങ്ങിയ വഴിയിലൂടെ നടന്നുതുടങ്ങാൻ മഹാകഷ്ടം ആരംഭിക്കുന്നതുവരെയും ആളുകൾക്ക്‌ സമയമുണ്ട്‌. (മത്താ. 7:13, 14) ആളുകൾ ഇപ്പോൾത്തന്നെ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ പോലുള്ള മനോഭാവം കാണിക്കുന്നുണ്ട്‌ എന്നതു ശരിയാണ്‌. എന്നിരുന്നാലും, ആരാണ്‌ ചെമ്മരിയാട്‌, ആരാണ്‌ കോലാട്‌ എന്ന്‌ അന്തിമമായി വിധിക്കപ്പെടുന്നത്‌ മഹാകഷ്ടത്തിന്റെ സമയത്താണെന്ന്‌ നാം മനസ്സിൽപ്പിടിക്കണം. അതുകൊണ്ടുതന്നെ രാജ്യസന്ദേശം കേൾക്കാനും അതിനോടു പ്രതികരിക്കാനും ഉള്ള അവസരം കഴിയുന്നത്ര ആളുകൾക്ക്‌ നൽകിക്കൊണ്ട്‌ പ്രസംഗവേലയിൽ നാം സതീക്ഷ്‌ണം തുടരേണ്ടത്‌ ജീവത്‌പ്രധാനമാണ്‌.

ചിന്താഗതിയിൽ മാറ്റംവരുത്താൻ മഹാകഷ്ടം ആരംഭിക്കുന്നതുവരെയും ആളുകൾക്ക്‌ സമയമുണ്ട്‌ (13-ാം ഖണ്ഡിക കാണുക)

എപ്പോഴാണ്‌ യേശു ‘വരുന്നത്‌?’

14, 15. ന്യായാധിപനെന്ന നിലയിലുള്ള ക്രിസ്‌തുവിന്റെ ഭാവിവരവിനെക്കുറിച്ചു പറയുന്ന നാലു തിരുവെഴുത്തുപരാമർശങ്ങൾ ഏവയാണ്‌?

14 യേശുവിന്റെ പ്രവചനം കൂടുതലായി പരിചിന്തിക്കുമ്പോൾ, മറ്റു ചില പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുന്ന സമയം സംബന്ധിച്ച്‌ നമ്മുടെ ഗ്രാഹ്യത്തിൽ എന്തെങ്കിലും പൊരുത്തപ്പെടുത്തൽ വരുത്തേണ്ടതുള്ളതായി വ്യക്തമാകുന്നുണ്ടോ? പ്രവചനം തന്നെ അതിന്‌ ഉത്തരം നൽകുന്നു. അത്‌ എങ്ങനെയെന്ന്‌ നമുക്കു നോക്കാം.

15 മത്തായി 24:29 മുതൽ 25:46 വരെ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനഭാഗത്ത്‌ യേശു പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌ ഈ അന്ത്യനാളുകളിലും വരാനിരിക്കുന്ന മഹാകഷ്ടത്തിന്റെ സമയത്തും നടക്കുന്ന സംഭവങ്ങളിലാണ്‌. അവിടെ യേശു തന്റെ ‘വരവിനെ’ക്കുറിച്ച്‌ എട്ടു പരാമർശങ്ങൾ നടത്തുന്നു. * മഹാകഷ്ടത്തെക്കുറിച്ച്‌ അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ . . . ആകാശമേഘങ്ങളിന്മേൽ വരുന്നത്‌ അവർ കാണും.” “നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുമെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.” “നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌.” അതുപോലെ, “മനുഷ്യപുത്രൻ . . . തന്റെ മഹത്ത്വത്തിൽ വരുമ്പോൾ” എന്നൊരു പരാമർശം ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിലും യേശു നടത്തുകയുണ്ടായി. (മത്താ. 24:30, 42, 44; 25:31) ഈ നാലു പരാമർശങ്ങളും ന്യായാധിപനെന്ന നിലയിലുള്ള ക്രിസ്‌തുവിന്റെ ഭാവിവരവിനെക്കുറിച്ചുള്ളതാണ്‌. മറ്റു നാലു പരാമർശങ്ങൾ യേശുവിന്റെ പ്രവചനത്തിൽ എവിടെയാണ്‌ നാം കാണുന്നത്‌?

16. മറ്റ്‌ ഏതൊക്കെ തിരുവെഴുത്തുകളിലാണ്‌ യേശുവിന്റെ വരവിനെപ്പറ്റി പരാമർശിച്ചിരിക്കുന്നത്‌?

16 വിശ്വസ്‌തനും വിവേകിയുമായ അടിമയെ സംബന്ധിച്ച്‌ യേശു പറയുന്നു: “യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്‌തുകാണുന്ന ആ അടിമ ഭാഗ്യവാൻ!” കന്യകമാരുടെ ഉപമയിൽ യേശു ഇപ്രകാരം പ്രസ്‌താവിക്കുന്നു: “അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ എത്തി (“വന്നു,” സത്യവേദപുസ്‌തകം).” താലന്തുകളുടെ ഉപമയിൽ യേശു പറയുന്നു: “ഏറെക്കാലത്തിനുശേഷം ആ അടിമകളുടെ യജമാനൻ വന്ന്‌ അവരുമായി കണക്കുതീർത്തു.” അതേ ഉപമയിൽ യജമാനൻ ഇങ്ങനെ പറയുന്നു: “അപ്പോൾ ഞാൻ വന്ന്‌ എന്റേത്‌ . . . വാങ്ങിക്കൊള്ളുമായിരുന്നല്ലോ.” (മത്താ. 24:46; 25:10, 19, 27) യേശുവിന്റെ വരവിനെക്കുറിച്ചുള്ള ഈ നാലു സന്ദർഭങ്ങളും ഏതു സമയത്തെയാണ്‌ സൂചിപ്പിക്കുന്നത്‌?

17. മത്തായി 24:46-ൽ പരാമർശിച്ചിരിക്കുന്ന വരവിനെക്കുറിച്ച്‌ മുമ്പു നാം എന്താണ്‌ പറഞ്ഞിട്ടുള്ളത്‌?

17 യേശുവിന്റെ വരവിനെക്കുറിച്ച്‌ ഒടുവിൽപ്പറഞ്ഞ നാലു പരാമർശങ്ങൾ 1918-ലെ അവന്റെ വരവിനു ബാധകമാകുന്നു എന്ന്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ നാം മുമ്പു പറഞ്ഞിട്ടുണ്ട്‌. ഉദാഹരണത്തിന്‌, “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്‌താവന എടുക്കുക. (മത്തായി 24:45-47 വായിക്കുക.) 46-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന ‘വരവ്‌,’ 1918-ൽ യേശു അഭിഷിക്തരുടെ ആത്മീയാവസ്ഥ പരിശോധിക്കാൻ വന്ന സമയത്തോടു ബന്ധപ്പെട്ടിരിക്കുന്നെന്നും യജമാനൻ തന്റെ സകലസ്വത്തുക്കളുടെയുംമേൽ അടിമയെ വിചാരകനായി നിയമിച്ചത്‌ 1919-ൽ ആയിരുന്നെന്നും ആണ്‌ നാം മനസ്സിലാക്കിയിരുന്നത്‌. (മലാ. 3:1) എന്നിരുന്നാലും, യേശുവിന്റെ പ്രവചനം കൂടുതലായി വിശകലനം ചെയ്‌തതിൽനിന്ന്‌, അതിലെ ചില സംഭവങ്ങൾ നടക്കുന്ന സമയം സംബന്ധിച്ച്‌ നമ്മുടെ ഗ്രാഹ്യത്തിൽ ഒരു പൊരുത്തപ്പെടുത്തൽ ആവശ്യമാണെന്ന്‌ വ്യക്തമാകുന്നു. എന്തുകൊണ്ട്‌?

18. യേശുവിന്റെ വരവിനെക്കുറിച്ചുള്ള അവന്റെ പ്രവചനത്തിന്റെ ആകമാനപരിശോധന നമ്മെ ഏതു നിഗമനത്തിലേക്കു നയിക്കുന്നു?

18 യേശുവിന്റെ പ്രവചനത്തിൽ മത്തായി 24:46 വരെയുള്ള വാക്യങ്ങളിൽ ‘വരവ്‌’ എന്ന പദം എല്ലായിടത്തും, മഹാകഷ്ടത്തിന്റെ സമയത്ത്‌ ന്യായവിധി പ്രഖ്യാപിക്കാനും നടപ്പാക്കാനും ആയി യേശു വരുന്ന സമയത്തെ കുറിക്കുന്നു. (മത്താ. 24:30, 42, 44) കൂടാതെ,  12-ാം ഖണ്ഡികയിൽ നമ്മൾ പരിചിന്തിച്ചതുപോലെ, മത്തായി 25:31-ൽ പരാമർശിക്കുന്ന യേശുവിന്റെ ‘വരവും’ ഭാവിയിലെ അതേ ന്യായവിധിസമയത്തെത്തന്നെയാണ്‌ അർഥമാക്കുന്നത്‌. അതുകൊണ്ട്‌, വിശ്വസ്‌തനായ അടിമയെ തന്റെ സകലസ്വത്തുക്കളുടെമേലും വിചാരകനായി നിയമിക്കാൻ യേശു വരുന്നതിനെക്കുറിച്ചുള്ള മത്തായി 24:46, 47-ലെ പരാമർശവും ഭാവിയിൽ മഹാകഷ്ടത്തിന്റെ സമയത്തുള്ള അവന്റെ വരവിനെത്തന്നെയാണ്‌ അർഥമാക്കുന്നത്‌ എന്നു നിഗമനം ചെയ്യുന്നത്‌ ന്യായയുക്തമാണ്‌. * അതെ, യേശുവിന്റെ പ്രവചനം ആകമാനമായി പരിശോധിക്കുമ്പോൾ, അവന്റെ വരവിനെക്കുറിച്ചുള്ള ഈ എട്ടു പരാമർശങ്ങളും മഹാകഷ്ടത്തിന്റെ കാലയളവിൽ വരാനിരിക്കുന്ന ന്യായവിധിസമയത്തെ സൂചിപ്പിക്കുന്നതായി വ്യക്തമാകുന്നു.

19. ഗ്രാഹ്യത്തിൽ വന്ന ഏതു പൊരുത്തപ്പെടുത്തലുകളാണ്‌ നാം പരിചിന്തിച്ചത്‌, തുടർന്നുവരുന്ന ലേഖനങ്ങളിൽ ഏതു ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കും?

19 ചുരുക്കത്തിൽ എന്താണ്‌ നാം പഠിച്ചത്‌? ഈ ലേഖനത്തിന്റെ തുടക്കത്തിൽ സമയത്തോടു ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങൾ നാം ചോദിക്കുകയുണ്ടായി. മഹാകഷ്ടം 1914-ൽ ആരംഭിച്ചില്ലെന്നും ഐക്യരാഷ്‌ട്രസംഘടന മഹാബാബിലോണിനെ ആക്രമിക്കുമ്പോഴായിരിക്കും അത്‌ ആരംഭിക്കുക എന്നും നാം ആദ്യം കണ്ടു. തുടർന്ന്‌, ചെമ്മരിയാടുകളെയും കോലാടുകളെയും യേശു 1914-ൽ ന്യായംവിധിക്കാൻ ആരംഭിച്ചില്ലെന്നും അത്‌ മഹാകഷ്ടത്തിന്റെ കാലഘട്ടത്തിലായിരിക്കും നടക്കുക എന്നും പറയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നാം പരിചിന്തിച്ചു. ഒടുവിൽ, വിശ്വസ്‌തനായ അടിമയെ സകല സ്വത്തുക്കളുടെമേലും വിചാരകനായി നിയമിക്കാനുള്ള യേശുവിന്റെ വരവ്‌ 1919-ൽ ആയിരുന്നില്ലെന്നും പിന്നെയോ അത്‌ മഹാകഷ്ടത്തിന്റെ കാലഘട്ടത്തിലാണ്‌ നടക്കുകയെന്നും ഉള്ളതിന്റെ കാരണവും നാം പരിശോധിച്ചു. അതുകൊണ്ട്‌, ഈ മൂന്നു സംഭവങ്ങളും ഭാവിയിൽ ഒരേ കാലഘട്ടത്തോടു ബന്ധപ്പെട്ടുള്ളതാണ്‌, മൂന്നും മഹാകഷ്ടത്തിന്റെ കാലയളവിലേക്ക്‌ വിരൽചൂണ്ടുന്നു. ഈ പൊരുത്തപ്പെടുത്തൽ വിശ്വസ്‌തനായ അടിമയെക്കുറിച്ചുള്ള ഉപമ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന്‌ ഇനിയും എന്തെല്ലാം മാറ്റങ്ങളാണ്‌ ആവശ്യമാക്കിത്തീർക്കുന്നത്‌? അതുപോലെ, ഈ അന്ത്യനാളുകളിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന, യേശുവിന്റെ മറ്റ്‌ പ്രാവചനിക ഉപമകളും ദൃഷ്ടാന്തങ്ങളും സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തെയും അത്‌ എങ്ങനെ ബാധിക്കുന്നു? തുടർന്നുവരുന്ന ലേഖനങ്ങൾ ഈ സുപ്രധാനചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.

 

^ ഖണ്ഡിക 4: (1) കൂടുതൽ വിവരങ്ങൾക്ക്‌ 1994 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരം, 8-21 പേജുകളും 1999 മെയ്‌ 1 ലക്കം വീക്ഷാഗോപുരം, 8-20 പേജുകളും കാണുക.

^ ഖണ്ഡിക 8: (2) ഈ വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളിലൊന്ന്‌ ‘തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടിച്ചേർപ്പ്‌’ ആണ്‌. (മത്താ. 24:31) അതുകൊണ്ട്‌, മഹാകഷ്ടത്തിന്റെ ആദ്യഘട്ടം അരങ്ങേറിയതിനുശേഷവും ഭൂമിയിൽ അവശേഷിക്കുന്ന എല്ലാ അഭിഷിക്തരും അർമ്മഗെദ്ദോൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഏതോ ഒരു സമയത്ത്‌ സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കപ്പെടും എന്ന്‌ നിഗമനം ചെയ്യാവുന്നതായി തോന്നുന്നു. 1990 ആഗസ്റ്റ്‌ 15 ലക്കം (ഇംഗ്ലീഷ്‌) വീക്ഷാഗോപുരത്തിന്റെ 30-ാം പേജിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയിൽ ഈ വിഷയത്തെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച ആശയങ്ങളിൽ വന്നിട്ടുള്ള ഒരു മാറ്റമാണ്‌ ഇത്‌.

^ ഖണ്ഡിക 11: (3)1995 ഒക്‌ടോബർ 15 ലക്കം വീക്ഷാഗോപുരം, 18-28 പേജുകൾ കാണുക.

^ ഖണ്ഡിക 12: (4) ലൂക്കോസ്‌ 21:28-ലെ സമാന്തരവിവരണം കാണുക.

^ ഖണ്ഡിക 15: (5) എർക്കോമായ്‌ എന്ന ഗ്രീക്കുക്രിയയുടെ രൂപങ്ങളാണ്‌ ‘വരുക,’ ‘എത്തുക’ എന്നിങ്ങനെ പരിഭാഷ ചെയ്‌തിരിക്കുന്നത്‌.

^ ഖണ്ഡിക 18: (6) മത്തായി 24:46-ൽ, “വരുമ്പോൾ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം മത്തായി 24:30, 42, 44 എന്നീ വാക്യങ്ങളിൽ, ‘വരുന്ന’ എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ നിഷ്‌പന്നരൂപമാണ്‌.