വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?”

“വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?”

‘യജമാനൻ വീട്ടുകാരുടെമേൽ നിയോഗിച്ച വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?’—മത്താ. 24:45.

1, 2. ഇന്ന്‌ ഏതു സരണിയിലൂടെയാണ്‌ യേശു നമ്മെ പോഷിപ്പിക്കുന്നത്‌, നാം ആ സരണിയെ തിരിച്ചറിയേണ്ടത്‌ ജീവത്‌പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

 “പ്രിയ സഹോദരന്മാരേ, എനിക്ക്‌ കൃത്യം വേണ്ടിയിരുന്നത്‌, അതും ഏറ്റവും ആവശ്യമായിരുന്ന സമയത്ത്‌, ഇത്‌ എത്രാമത്തെ തവണയാണ്‌ നിങ്ങൾ എന്റെ കൈകളിൽ എത്തിച്ചിരിക്കുന്നതെന്നോ!” ഹൃദയംഗമമായ ഈ വാക്കുകളിലൂടെയാണ്‌ ഒരു സഹോദരി നമ്മുടെ ലോകാസ്ഥാനത്ത്‌ സേവിക്കുന്ന സഹോദരന്മാരെ തന്റെ ആഴമായ വിലമതിപ്പ്‌ എഴുതി അറിയിച്ചത്‌. പലപ്പോഴും നിങ്ങൾക്കും അങ്ങനെതന്നെ തോന്നിയിട്ടില്ലേ? നമ്മിൽ മിക്കവർക്കും അങ്ങനെ തോന്നിയിട്ടുണ്ട്‌. ഇതു യാദൃച്ഛികമായി സംഭവിക്കുന്നതാണോ? അല്ലെന്നുള്ളതാണ്‌ വാസ്‌തവം.

2 സഭയുടെ ശിരസ്സായ യേശു നമ്മെ പോഷിപ്പിക്കുമെന്നുള്ള അവന്റെ വാഗ്‌ദാനം പാലിക്കുന്നുവെന്നതിന്റെ തെളിവാണ്‌ തക്കസമയത്ത്‌ നമുക്കു ലഭിക്കുന്ന ആത്മീയഭക്ഷണം. ആരിലൂടെയാണ്‌ അവൻ അങ്ങനെ ചെയ്യുന്നത്‌? തന്റെ സാന്നിധ്യത്തിന്റെ അടയാളം നൽകവെ, തന്റെ വീട്ടുകാർക്ക്‌ “തക്കസമയത്ത്‌ ഭക്ഷണം” കൊടുക്കേണ്ടതിന്‌ താൻ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ ഉപയോഗിക്കുമെന്ന്‌ യേശു പറയുകയുണ്ടായി. * (മത്തായി 24:45-47 വായിക്കുക.) തന്റെ യഥാർഥ അനുഗാമികളെ പോഷിപ്പിക്കുന്നതിന്‌ ഈ അന്ത്യകാലത്ത്‌ യേശു ഉപയോഗിക്കുന്ന സരണി ആ വിശ്വസ്‌തനായ അടിമയാണ്‌. വിശ്വസ്‌തനായ അടിമയെ തിരിച്ചറിയേണ്ടത്‌ നമ്മെ സംബന്ധിച്ചിടത്തോളം ജീവത്‌പ്രധാനമാണ്‌. കാരണം, നമ്മുടെ ആത്മീയാരോഗ്യവും ദൈവവുമായുള്ള ബന്ധവും ഈ സരണിയെ ആശ്രയിച്ചാണിരിക്കുന്നത്‌.—മത്താ. 4:4; യോഹ. 17:3.

3. വിശ്വസ്‌തനായ അടിമയുടെ ദൃഷ്ടാന്തം സംബന്ധിച്ച്‌ നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഇതുവരെ എന്താണ്‌ പറഞ്ഞിട്ടുള്ളത്‌?

3 അങ്ങനെയെങ്കിൽ, വിശ്വസ്‌തനായ അടിമയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം എങ്ങനെയാണ്‌ നാം മനസ്സിലാക്കേണ്ടത്‌? മുൻകാലങ്ങളിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ അതേക്കുറിച്ചു പറഞ്ഞിട്ടുള്ളത്‌ ഇങ്ങനെയാണ്‌: എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ യേശു വിശ്വസ്‌തനായ അടിമയെ തന്റെ വീട്ടുകാരുടെമേൽ നിയോഗിച്ചു. അന്നുമുതലിങ്ങോട്ട്‌, ഓരോ സമയത്തും ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഭിഷിക്തരുടെ കൂട്ടത്തെയാണ്‌ അടിമ പ്രതിനിധാനം ചെയ്യുന്നത്‌. അതേ അഭിഷിക്തരെ വ്യക്തികളെന്നനിലയിൽ പരാമർശിക്കുമ്പോൾ ‘വീട്ടുകാർ’ എന്നു വിളിക്കുന്നു. 1919-ൽ യേശു വിശ്വസ്‌തനായ അടിമയെ “തന്റെ സകല സ്വത്തുക്കളുടെമേലും” അതായത്‌, രാജ്യപ്രസംഗവേലയെ ഉന്നമിപ്പിക്കുന്ന ഭൂമിയിലുള്ള സകലതിന്റെയുംമേൽ നിയമിച്ചാക്കി. എന്നിരുന്നാലും, ശ്രദ്ധയോടെയുള്ള കൂടുതലായ പഠനവും പ്രാർഥനാപൂർവമുള്ള വിചിന്തനവും സൂചിപ്പിക്കുന്നത്‌ വിശ്വസ്‌തനും വിവേകിയുമായ അടിമയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന്‌ ഒരു മാറ്റം ആവശ്യമാണെന്നാണ്‌. (സദൃ. 4:18) നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയാലും, നമുക്ക്‌ ആ ദൃഷ്ടാന്തവും അതിൽ നമ്മൾ എങ്ങനെ ഉൾപ്പെടുന്നെന്നും പരിശോധിക്കാം.

ആ ദൃഷ്ടാന്തത്തിന്റെ നിവൃത്തി എപ്പോഴാണ്‌?

4-6. വിശ്വസ്‌തനായ അടിമയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നിവൃത്തിയേറാൻ തുടങ്ങിയത്‌ 1914-നുശേഷം മാത്രമാണെന്ന്‌ നമുക്കു നിഗമനം ചെയ്യാവുന്നത്‌ എന്തുകൊണ്ട്‌?

4 വിശ്വസ്‌തനും വിവേകിയുമായ അടിമയെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിന്റെ സന്ദർഭം കാണിക്കുന്നത്‌ അത്‌ നിവൃത്തിയാകാൻ തുടങ്ങിയത്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ അല്ല, മറിച്ച്‌ ഈ അന്ത്യകാലത്താണെന്നാണ്‌. എങ്ങനെയാണ്‌ തിരുവെഴുത്തുകൾ നമ്മെ ഈ നിഗമനത്തിലേക്കു നയിക്കുന്നതെന്ന്‌ നമുക്കു നോക്കാം.

5 തന്റെ “സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാള”ത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിന്റെ ഭാഗമാണ്‌ വിശ്വസ്‌തനായ അടിമയെക്കുറിച്ചുള്ള ദൃഷ്ടാന്തം. (മത്താ. 24:3) ആ പ്രവചനത്തിന്റെ ആദ്യഭാഗത്തിന്‌, അതായത്‌ മത്തായി 24:4-22-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യങ്ങൾക്ക്‌, രണ്ട്‌ നിവൃത്തിയുണ്ട്‌. ഒന്നാമത്തേത്‌, എ.ഡി. 33 മുതൽ എ.ഡി. 70 വരെയുള്ള കാലയളവിലുണ്ടായ നിവൃത്തി. രണ്ടാമത്തേത്‌, നമ്മുടെ നാളിലെ ഏറെ ദൂരവ്യാപകമായ വലിയ നിവൃത്തി. ഇതിനർഥം, വിശ്വസ്‌തനായ അടിമയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾക്കും രണ്ട്‌ നിവൃത്തിയുണ്ടെന്നാണോ? അല്ല.

6 മത്തായി 24-ന്റെ 29-ാം വാക്യം മുതൽ, നമ്മുടെ നാളിൽ നടക്കാനിരുന്ന സംഭവങ്ങളിലാണ്‌ യേശു മുഖ്യമായും ശ്രദ്ധയൂന്നിയത്‌. (മത്തായി 24: 30, 42, 44 വായിക്കുക.) മഹാകഷ്ടത്തിന്റെ സമയത്ത്‌ അരങ്ങേറാനിരിക്കുന്ന സംഭവങ്ങളെപ്പറ്റി വിവരിക്കവെ, “മനുഷ്യപുത്രൻ . . . ആകാശമേഘങ്ങളിന്മേൽ വരുന്നത്‌ (ആളുകൾ) കാണും” എന്ന്‌ അവൻ പറഞ്ഞു. തുടർന്ന്‌, അന്ത്യകാലത്ത്‌ ജീവിക്കുന്നവരെ ജാഗരൂകരായിരിക്കാൻ ഉദ്‌ബോധിപ്പിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുമെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. . . . നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌.” * അന്ത്യകാലത്ത്‌ നടക്കാനുള്ള സംഭവങ്ങളെക്കുറിച്ചു പറഞ്ഞ ഈ സന്ദർഭത്തിലാണ്‌ യേശു വിശ്വസ്‌തനായ അടിമയുടെ ദൃഷ്ടാന്തം ഉപയോഗിച്ചത്‌. അതുകൊണ്ട്‌, വിശ്വസ്‌തനായ അടിമയെപ്പറ്റിയുള്ള യേശുവിന്റെ വാക്കുകൾ നിവൃത്തിയേറാൻ തുടങ്ങിയത്‌ 1914-ൽ അന്ത്യകാലം ആരംഭിച്ചതിനുശേഷമാണെന്ന്‌ നമുക്കു നിഗമനം ചെയ്യാവുന്നതാണ്‌. അങ്ങനെയൊരു നിഗമനം യുക്തിസഹമാണുതാനും. എന്തുകൊണ്ട്‌?

7. കൊയ്‌ത്തുകാലം ആരംഭിച്ചപ്പോൾ ഏതു നിർണായകചോദ്യം ഉയർന്നുവന്നു, എന്തുകൊണ്ട്‌?

7 “വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?” എന്ന ചോദ്യത്തെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കുക. ഒന്നാം നൂറ്റാണ്ടിൽ അങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. മുൻലേഖനത്തിൽ നാം കണ്ടതുപോലെ, ദിവ്യപിന്തുണയുടെ തെളിവായി അത്ഭുതങ്ങൾ പ്രവർത്തിക്കാനും അത്ഭുതവരങ്ങൾ കൈമാറിക്കൊടുക്കാനുംപോലും അപ്പൊസ്‌തലന്മാർക്ക്‌ കഴിഞ്ഞിരുന്നു. (പ്രവൃ. 5:12) അതുകൊണ്ട്‌ നേതൃത്വമെടുക്കാൻ ക്രിസ്‌തു ആരെയാണ്‌ നിയമിച്ചിരിക്കുന്നതെന്ന്‌ ആരെങ്കിലും ചോദിക്കേണ്ട ഒരു സാഹചര്യവും അന്ന്‌ ഇല്ലായിരുന്നു. പക്ഷേ, 1914-ൽ സാഹചര്യം വളരെ വ്യത്യസ്‌തമായിരുന്നു. ആ വർഷം കൊയ്‌ത്തുകാലം ആരംഭിച്ചു. അങ്ങനെ ഒടുവിൽ, കളകളെ ഗോതമ്പിൽനിന്നും വേർതിരിക്കേണ്ട സമയം വന്നെത്തി. (മത്താ. 13:36-43) കൊയ്‌ത്തുകാലം ആരംഭിച്ചതോടെ നിർണായകമായ ഒരു ചോദ്യം ഉയർന്നുവന്നു: നിരവധി അനുകരണക്രിസ്‌ത്യാനികൾ തങ്ങളെല്ലാം യേശുവിന്റെ യഥാർഥ അനുഗാമികളാണെന്ന്‌ അവകാശപ്പെടുമ്പോൾ, ഗോതമ്പിനെ അതായത്‌ അഭിഷിക്തക്രിസ്‌ത്യാനികളെ, എങ്ങനെ തിരിച്ചറിയാൻ കഴിയുമായിരുന്നു? വിശ്വസ്‌തനായ അടിമയുടെ ദൃഷ്ടാന്തം അതിന്‌ ഉത്തരം നൽകി. ആത്മീയമായി സമൃദ്ധമായി പോഷിപ്പിക്കപ്പെട്ടിരുന്നവർ ആരോ അവരായിരിക്കുമായിരുന്നു ക്രിസ്‌തുവിന്റെ അഭിഷിക്താനുഗാമികൾ.

ആരാണ്‌ വിശ്വസ്‌തനും വിവേകിയുമായ അടിമ?

8. വിശ്വസ്‌തനായ അടിമയിൽ ഉള്ളവർ അഭിഷിക്തക്രിസ്‌ത്യാനികളിൽപ്പെട്ടവർ ആയിരിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 വിശ്വസ്‌തനായ അടിമ രൂപംകൊള്ളുന്നത്‌ ഭൂമിയിലുള്ള അഭിഷിക്തക്രിസ്‌ത്യാനികളിൽപ്പെട്ടവർ ചേർന്നായിരിക്കേണ്ടതുണ്ട്‌. ഒരു ‘രാജകീയ പുരോഹിതഗണം’ എന്നാണ്‌ അഭിഷിക്തക്രിസ്‌ത്യാനികളെ വിളിച്ചിരിക്കുന്നത്‌. “അന്ധകാരത്തിൽനിന്ന്‌ തന്റെ അത്ഭുതപ്രകാശത്തിലേക്ക്‌ (അവരെ) വിളിച്ചവന്റെ സദ്‌ഗുണങ്ങളെ ഘോഷി”ക്കുക എന്ന നിയോഗവും അവർക്ക്‌ നൽകിയിരിക്കുന്നു. (1 പത്രോ. 2:9) അതുകൊണ്ടുതന്നെ, തങ്ങളുടെ സഹവിശ്വാസികളെ സത്യം പഠിപ്പിക്കുന്നതിൽ ആ ‘രാജകീയ പുരോഹിതഗണത്തിലെ’ അംഗങ്ങൾക്ക്‌ നേരിട്ടുള്ള ഒരു പങ്കുണ്ടായിരിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമാണ്‌.—മലാ. 2:7; വെളി. 12:17.

9. ഭൂമിയിലെ സകല അഭിഷിക്തരും ചേർന്ന്‌ ഉളവാകുന്നതാണോ വിശ്വസ്‌തനായ അടിമ? വിശദീകരിക്കുക.

9 ഭൂമിയിലെ സകല അഭിഷിക്തരും ചേർന്ന്‌ ഉളവാകുന്നതാണോ വിശ്വസ്‌തനായ അടിമ? അല്ല. ലോകവ്യാപകമായി സഹവിശ്വാസികൾക്ക്‌ ആത്മീയഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിൽ അഭിഷിക്തരിൽപ്പെട്ട സകല വ്യക്തികളും പങ്കുവഹിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. തങ്ങളുടെ പ്രാദേശികസഭകളിൽ ശുശ്രൂഷാദാസന്മാരോ മൂപ്പന്മാരോ ആയിരുന്നേക്കാവുന്ന അഭിഷിക്തസഹോദരന്മാർ ഗോതമ്പുവർഗത്തിലുണ്ട്‌. പ്രാദേശികസഭയിലും വീടുതോറുമുള്ള ശുശ്രൂഷയിലും ഇവർ പഠിപ്പിക്കൽവേലയിൽ ഏർപ്പെടുന്നു. ലോകാസ്ഥാനത്തുനിന്നുള്ള നിർദേശങ്ങൾ അവർ വിശ്വസ്‌തമായി അനുസരിക്കുന്നു. പക്ഷേ, ലോകവ്യാപക സഹോദരവർഗത്തിന്‌ ആത്മീയഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിൽ ഇവർ പങ്കുവഹിക്കുന്നില്ല. മാത്രമല്ല, അഭിഷിക്തർക്കിടയിൽ വിനീതരായ സഹോദരിമാരുമുണ്ട്‌. സഭയിലെ ഉപദേഷ്ടാക്കളുടെ ഭാഗധേയം ഏറ്റെടുക്കാൻ അവർ ഒരിക്കലും ശ്രമിക്കുകയില്ല.—1 കൊരി. 11:3; 14:34.

10. ആരാണ്‌ വിശ്വസ്‌തനും വിവേകിയുമായ അടിമ?

10 അങ്ങനെയെങ്കിൽ, പിന്നെയാരാണ്‌ വിശ്വസ്‌തനും വിവേകിയുമായ അടിമ? ക്രിസ്‌തുവിന്റെ സാന്നിധ്യകാലത്ത്‌ ആത്മീയഭക്ഷണം തയ്യാറാക്കി വിളമ്പുന്നതിൽ നേരിട്ട്‌ ഉൾപ്പെട്ടിരിക്കുന്ന അഭിഷിക്തസഹോദരന്മാരുടെ ഒരു ചെറിയ കൂട്ടമാണ്‌ ആ അടിമ. ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുക എന്ന യേശുവിന്റെ രീതിക്കു ചേർച്ചയിലാണ്‌ ഇത്‌. വിശ്വസ്‌തനായ അടിമയായി ഒരുമിച്ചു വർത്തിച്ചുകൊണ്ട്‌, അഭിഷിക്തരായ ഏതാനും സഹോദരന്മാർ അന്ത്യകാലത്തുടനീളം ലോകാസ്ഥാനത്ത്‌ ഉണ്ടായിരുന്നിട്ടുണ്ട്‌. സമീപദശകങ്ങളിൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘമാണ്‌ ആ അടിമയായി വർത്തിച്ചുവരുന്നത്‌. യേശുവിന്റെ ദൃഷ്ടാന്തത്തിലെ “അടിമ” എന്ന പദം ഏകവചനത്തിലാണ്‌ എന്നതു ശ്രദ്ധിക്കുക. അതുകൊണ്ട്‌ ഇത്‌ ഒരു സംയുക്തയടിമയാണ്‌. അതായത്‌, പല വ്യക്തികൾ ചേർന്ന ഒരു സംഘം. അതുകൊണ്ടുതന്നെ ഭരണസംഘത്തിന്റെ തീരുമാനങ്ങൾ സംയുക്തമായി കൈക്കൊള്ളുന്നവയാണ്‌.

ആരാണ്‌ വീട്ടുകാർ?

11, 12. (എ) വിശ്വസ്‌തനും വിവേകിയുമായ അടിമയ്‌ക്ക്‌ ഏത്‌ രണ്ടു നിയമനങ്ങൾ ലഭിക്കുന്നു? (ബി) എപ്പോഴാണ്‌ യേശു വിശ്വസ്‌തനായ അടിമയെ തന്റെ വീട്ടുകാരുടെമേൽ നിയമിച്ചത്‌, അവൻ ആരെയാണ്‌ തിരഞ്ഞെടുത്തത്‌?

11 യേശുവിന്റെ ദൃഷ്ടാന്തത്തിൽ, വിശ്വസ്‌തനും വിവേകിയുമായ അടിമയ്‌ക്ക്‌ രണ്ട്‌ വ്യതിരിക്ത നിയമനങ്ങൾ ലഭിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ആദ്യത്തേത്‌ വീട്ടുകാരുടെമേലുള്ള നിയമനമാണ്‌. രണ്ടാമത്തേത്‌, യജമാനന്റെ സകലസ്വത്തുക്കളുടെമേലുള്ളതും. ഈ ദൃഷ്ടാന്തം അന്ത്യകാലത്തുമാത്രം നിവൃത്തിയേറുന്ന ഒന്നായതുകൊണ്ട്‌, 1914-ൽ യേശുവിന്റെ രാജകീയാധികാരത്തിലുള്ള സാന്നിധ്യം ആരംഭിച്ചതിനുശേഷമാണ്‌ ഈ രണ്ടു നിയമനങ്ങളും വരേണ്ടിയിരുന്നത്‌.

12 യേശു വിശ്വസ്‌തനായ അടിമയെ തന്റെ വീട്ടുകാരുടെമേൽ നിയമിച്ചത്‌ എപ്പോഴാണ്‌? അതിന്‌ ഉത്തരം കണ്ടെത്താൻ കൊയ്‌ത്തുകാലം ആരംഭിച്ച 1914-ലേക്ക്‌ നാം തിരിച്ചുപോകണം. നാം മുമ്പു കണ്ടതുപോലെ ആ സമയത്ത്‌ നിരവധി കൂട്ടങ്ങൾ തങ്ങൾ ക്രിസ്‌ത്യാനികളാണെന്ന്‌ അവകാശപ്പെട്ടിരുന്നു. യേശു ഇതിൽ ഏതു കൂട്ടത്തിൽനിന്ന്‌ വിശ്വസ്‌തനായ അടിമയെ തിരഞ്ഞെടുത്തു നിയമിക്കുമായിരുന്നു? 1914 മുതൽ 1919-ന്റെ ആദ്യഭാഗം വരെയുള്ള കാലയളവിൽ യേശുവും അവന്റെ പിതാവും ആരാധനയ്‌ക്കുള്ള ആത്മീയക്രമീകരണമായ ആലയത്തിലേക്ക്‌ വന്ന്‌ അതിനെ പരിശോധിച്ചതിനുശേഷം ആ ചോദ്യത്തിന്‌ ഉത്തരം നൽകപ്പെട്ടു. * (മലാ. 3:1) യഹോവയോടും അവന്റെ വചനത്തോടും ഹൃദയപൂർവം പറ്റിനിൽക്കുന്നതായി തെളിയിച്ച വിശ്വസ്‌തരായ ഒരു ചെറിയ കൂട്ടം ബൈബിൾവിദ്യാർഥികളിൽ അവർ സംപ്രീതരായി. ആ ബൈബിൾവിദ്യാർഥികൾക്ക്‌ ഒരു ശുദ്ധീകരണം ആവശ്യമായിരുന്നുവെന്നത്‌ ശരിതന്നെ. പക്ഷേ, പരിശോധനയുടെയും ശുദ്ധീകരണത്തിന്റെയും ഹ്രസ്വമായ ആ കാലയളവിൽ അവർ താഴ്‌മയോടെ പ്രതികരിച്ചു. (മലാ. 3:2-4) വിശ്വസ്‌തരായ ആ ബൈബിൾവിദ്യാർഥികളായിരുന്നു ശരിക്കുള്ള ഗോതമ്പുസമാന ക്രിസ്‌ത്യാനികൾ. ആത്മീയനവോത്ഥാനത്തിന്റെ സമയമായ 1919-ൽ, യേശു അവരിൽനിന്ന്‌ പ്രാപ്‌തരായ അഭിഷിക്തസഹോദരന്മാരെ തിരഞ്ഞെടുത്ത്‌ വിശ്വസ്‌തനും വിവേകിയുമായ അടിമയായി തന്റെ വീട്ടുകാരുടെമേൽ നിയമിച്ചു.

13. വീട്ടുകാരിൽ ആരൊക്കെയാണ്‌ ഉൾപ്പെടുന്നത്‌, എന്തുകൊണ്ട്‌?

13 അങ്ങനെയെങ്കിൽ ആരാണ്‌ വീട്ടുകാർ? ലളിതമായി പറഞ്ഞാൽ, ആരാണോ പോഷിപ്പിക്കപ്പെടുന്നത്‌ അവരാണ്‌ വീട്ടുകാർ. അന്ത്യനാളുകളുടെ പ്രാരംഭഘട്ടത്തിൽ വീട്ടുകാരിൽ എല്ലാവരും അഭിഷിക്തരായിരുന്നു. പിന്നീട്‌, വേറെ ആടുകളുടെ മഹാപുരുഷാരവും വീട്ടുകാരുടെ ഭാഗമായിത്തീർന്നു. ക്രിസ്‌തുവിന്റെ നേതൃത്വത്തിൻകീഴിൽ “ഒരൊറ്റ ആട്ടിൻകൂട്ടമായി”ത്തീർന്നിരിക്കുന്നവരിൽ ബഹുഭൂരിപക്ഷം അംഗങ്ങളും ഇപ്പോൾ വേറെ ആടുകളാണ്‌. (യോഹ. 10:16) വിശ്വസ്‌തനായ അടിമ തക്കസമയത്ത്‌ തയ്യാറാക്കിനൽകുന്ന ഒരേ ആത്മീയഭക്ഷണത്തിൽനിന്ന്‌ ഇരുകൂട്ടരും പ്രയോജനം നേടുന്നു. ഇന്ന്‌ വിശ്വസ്‌തനും വിവേകിയുമായ അടിമയായി വർത്തിക്കുന്ന ഭരണസംഘത്തിലെ സഹോദരന്മാരുടെ കാര്യമോ? ആ സഹോദരന്മാർക്കും ആത്മീയപോഷണം ആവശ്യമാണ്‌. അതുകൊണ്ട്‌, വ്യക്തികളെന്ന നിലയിൽ തങ്ങളും യേശുവിന്റെ മറ്റ്‌ യഥാർഥ അനുഗാമികളെപ്പോലെതന്നെ വീട്ടുകാരിൽപ്പെടുന്നു എന്ന്‌ അവർ താഴ്‌മയോടെ തിരിച്ചറിയുന്നു.

പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയിക്കൊള്ളട്ടെ, നാമെല്ലാം വീട്ടുകാരിൽപ്പെടുന്നു. നമുക്കെല്ലാം തക്കസമയത്തെ ഒരേ ആത്മീയാഹാരം ആവശ്യവുമാണ്‌

14. (എ) വിശ്വസ്‌തനായ അടിമയ്‌ക്ക്‌ എന്ത്‌ ഉത്തരവാദിത്വം നൽകിയിരിക്കുന്നു, അതിൽ എന്തൊക്കെ ഉൾപ്പെടുന്നു? (ബി) വിശ്വസ്‌തനും വിവേകിയുമായ അടിമയ്‌ക്ക്‌ യേശു എന്തു മുന്നറിയിപ്പു നൽകി? (‘ആ അടിമ ദുഷ്ടനായിത്തീരുന്നെങ്കിൽ. . . ’ എന്ന ചതുരം കാണുക.)

14 വിശ്വസ്‌തനും വിവേകിയുമായ അടിമയ്‌ക്ക്‌ ഘനമേറിയ ഒരു ഉത്തരവാദിത്വമാണ്‌ യേശു നൽകിയത്‌. ബൈബിൾക്കാലങ്ങളിൽ വിശ്വസ്‌തനായ ഒരു അടിമ അഥവാ ഗൃഹവിചാരകൻ ഭവനത്തിലെ കാര്യാദികളെല്ലാം നോക്കിനടത്തുന്ന ഒരാളായിരുന്നു. (ലൂക്കോ. 12:42) അതുകൊണ്ട്‌ വിശ്വാസികളാകുന്ന ഭവനത്തിന്റെ കാര്യാദികൾ നോക്കിനടത്താനുള്ള ഉത്തരവാദിത്വം വിശ്വസ്‌തനും വിവേകിയുമായ അടിമയെ ഭരമേൽപ്പിച്ചിരിക്കുന്നു. ആ ഉത്തരവാദിത്വത്തിൽ, ഭൗതിക ആസ്‌തികൾ, പ്രസംഗവേല, സമ്മേളന-കൺവെൻഷൻ പരിപാടികൾ, വ്യക്തിപരവും സഭാപരവും ആയ പഠനത്തിനും വയൽശുശ്രൂഷയ്‌ക്കും ആവശ്യമായ ബൈബിൾസാഹിത്യങ്ങളുടെ ഉത്‌പാദനം എന്നിവയുടെയെല്ലാം മേൽനോട്ടം വഹിക്കുന്നത്‌ ഉൾപ്പെടുന്നു. സംയുക്തയടിമ നൽകുന്ന സകല ആത്മീയകരുതലുകളിലും ആശ്രയിച്ചാണ്‌ വീട്ടുകാർ കഴിയുന്നത്‌.

യജമാനന്റെ സകലസ്വത്തുക്കളുടെമേലും വിചാരകനായി നിയമിക്കപ്പെടുന്നു—എപ്പോൾ?

15, 16. വിശ്വസ്‌തനായ അടിമയെ യേശു തന്റെ സകലസ്വത്തുക്കളുടെമേലും നിയമിച്ചാക്കുന്നത്‌ എപ്പോഴാണ്‌?

15 യേശു രണ്ടാമത്തെ നിയമനം നടത്തുന്നത്‌ എപ്പോഴാണ്‌? അതായത്‌, “തന്റെ സകല സ്വത്തുക്കളുടെമേലും” അടിമയെ വിചാരകനായി നിയമിക്കുന്നത്‌ എപ്പോഴാണ്‌? യേശു ഇങ്ങനെ പറഞ്ഞു: “യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്‌തുകാണുന്ന ആ അടിമ ഭാഗ്യവാൻ! യജമാനൻ അവനെ തന്റെ സകല സ്വത്തുക്കളുടെമേലും വിചാരകനായി നിയമിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മത്താ. 24:46, 47) യേശു വന്ന്‌ അടിമ ‘അങ്ങനെ ചെയ്‌തുകാണുമ്പോഴാണ്‌,’ അതായത്‌ വിശ്വസ്‌തമായി ആത്മീയഭക്ഷണം തയ്യാറാക്കിനൽകിവരുന്നു എന്ന്‌ കണ്ടെത്തിക്കഴിയുമ്പോഴാണ്‌, അവൻ രണ്ടാമത്തെ നിയമനം നടത്തുന്നത്‌ എന്നതു ശ്രദ്ധിക്കുക. അതുകൊണ്ട്‌ രണ്ടു നിയമനങ്ങൾക്കുമിടയിൽ ഒരു ഇടവേള ഉണ്ടായിരിക്കും. യേശു തന്റെ സകലസ്വത്തുക്കളുടെമേലും അടിമയെ എപ്പോൾ, എങ്ങനെ നിയമിക്കും എന്നു മനസ്സിലാക്കണമെങ്കിൽ നാം രണ്ടു കാര്യങ്ങൾ അറിയണം: ഒന്ന്‌, അവൻ എപ്പോഴാണ്‌ വരുന്നത്‌? രണ്ട്‌, അവന്റെ സ്വത്തുക്കളിൽ എന്തൊക്കെ ഉൾപ്പെടുന്നു?

16 യേശു എപ്പോഴാണ്‌ വരുന്നത്‌? സന്ദർഭത്തിൽനിന്ന്‌ നമുക്ക്‌ ഉത്തരം മനസ്സിലാക്കാം. ഇതിനു മുമ്പുള്ള വാക്യങ്ങളിൽ യേശു ‘വരുന്നു’ എന്നു പറയുമ്പോൾ ആ പദം, ഈ വ്യവസ്ഥിതിയുടെ അവസാനത്തിങ്കൽ അവൻ ന്യായവിധി പ്രഖ്യാപിക്കാനും നടപ്പിലാക്കാനും ആയി വരുന്ന സമയത്തെയാണ്‌ കുറിക്കുന്നത്‌ എന്നോർക്കുക. * (മത്താ. 24:30, 42, 44) അതുകൊണ്ട്‌ വിശ്വസ്‌തനായ അടിമയെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ പരാമർശിച്ചിരിക്കുന്ന യേശുവിന്റെ ‘വരവ്‌’ മഹാകഷ്ടത്തിന്റെ സമയത്താണ്‌ നടക്കുന്നത്‌.

17. യേശുവിന്റെ സ്വത്തുക്കളിൽ എന്തൊക്കെ ഉൾപ്പെടുന്നു?

17 യേശുവിന്റെ ‘സകല സ്വത്തുക്കളിലും’ എന്തൊക്കെ ഉൾപ്പെടുന്നു? “സകല” എന്ന പദത്തിനൊപ്പം, സ്വത്തുക്കൾ ഭൂമിയിലുള്ളവ മാത്രമാണെന്നു ദ്യോതിപ്പിക്കുന്ന വിശേഷണങ്ങളൊന്നും അവൻ ചേർത്തില്ല. വാസ്‌തവത്തിൽ വിപുലമായ സ്വർഗീയാധികാരം യേശുവിനുണ്ട്‌. “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു” എന്ന്‌ അവൻ പറഞ്ഞു. (മത്താ. 28:18; എഫെ. 1:20-23) 1914 മുതലിങ്ങോട്ട്‌ അവന്റെ സ്വത്തുക്കളിൽ മിശിഹൈകരാജ്യവും ഉൾപ്പെടുന്നു. തന്റെ അഭിഷിക്താനുഗാമികളുമായി അവൻ അത്‌ പങ്കിടും.—വെളി. 11:15.

18. തന്റെ സകലസ്വത്തുക്കളുടെമേലും നിയമനം നടത്താൻ യേശു അതിയായ സന്തോഷമുള്ളവനായിരിക്കുന്നത്‌ എന്തുകൊണ്ടായിരിക്കും?

18 ഇതുവരെ പരിചിന്തിച്ച വിവരങ്ങളുടെ വെളിച്ചത്തിൽ നമുക്ക്‌ എന്ത്‌ നിഗമനത്തിലെത്താം? മഹാകഷ്ടത്തിന്റെ സമയത്ത്‌ യേശു ന്യായവിധിക്കായി വരുമ്പോൾ, വിശ്വസ്‌തനായ അടിമ തക്കസമയത്തെ ആത്മീയഭക്ഷണം വിശ്വസ്‌തതയോടെ തയ്യാറാക്കി വീട്ടുകാർക്ക്‌ നൽകിവരുന്നതായി അവൻ കണ്ടെത്തും. അപ്പോൾ രണ്ടാമത്തെ നിയമനം, അതായത്‌ തന്റെ സകലസ്വത്തുക്കളുടെയുംമേലുള്ള നിയമനം, നടത്തുന്നതിൽ യേശു അതിയായി സന്തോഷിക്കും. വിശ്വസ്‌തനായ അടിമയുടെ ഭാഗമായി വർത്തിക്കുന്നവർക്ക്‌ ഈ നിയമനം ലഭിക്കുന്നത്‌ അവർ സ്വർഗീയപ്രതിഫലം പ്രാപിക്കുകയും ക്രിസ്‌തുവിന്റെ സഹഭരണാധികാരികൾ ആയിത്തീരുകയും ചെയ്യുമ്പോഴാണ്‌.

19. വിശ്വസ്‌തനായ അടിമയ്‌ക്ക്‌ സ്വർഗത്തിൽ മറ്റ്‌ അഭിഷിക്തരെക്കാൾ ശ്രേഷ്‌ഠതയേറിയ ഒരു പ്രതിഫലം ലഭിക്കുന്നുണ്ടോ? വിശദീകരിക്കുക.

19 വിശ്വസ്‌തനായ അടിമയ്‌ക്ക്‌ സ്വർഗത്തിൽ മറ്റ്‌ അഭിഷിക്തരെക്കാൾ ശ്രേഷ്‌ഠതയേറിയ ഒരു പ്രതിഫലം ലഭിക്കുന്നുണ്ടോ? ഇല്ല. ഒരു പ്രത്യേക പശ്ചാത്തലത്തിൽ, ഒരു ചെറിയകൂട്ടം ആളുകൾക്ക്‌ വാഗ്‌ദാനം ചെയ്‌ത പ്രതിഫലത്തിൽ ആത്യന്തികമായി മറ്റു പലരും പങ്കാളികളായേക്കാം. ഉദാഹരണത്തിന്‌, തന്റെ മരണത്തിന്റെ തലേരാത്രിയിൽ യേശു വിശ്വസ്‌തരായ തന്റെ 11 അപ്പൊസ്‌തലന്മാരോടു പറഞ്ഞത്‌ എന്താണെന്നു നോക്കുക. (ലൂക്കോസ്‌ 22:28-30 വായിക്കുക.) വിശ്വസ്‌തരായിരുന്നതുകൊണ്ട്‌ അവർക്ക്‌ മഹത്തായ ഒരു പ്രതിഫലം ലഭിക്കുമെന്ന്‌ യേശു ആ ചെറിയ കൂട്ടത്തോട്‌ വാഗ്‌ദാനം ചെയ്‌തു. അവർ അവനോടൊത്ത്‌ രാജകീയാധികാരമാകുന്ന സിംഹാസനം പങ്കിടുമായിരുന്നു. എന്നാൽ, 1,44,000-ത്തിൽപ്പെട്ട എല്ലാ അംഗങ്ങളും സിംഹാസനങ്ങളിലിരുന്ന്‌ രാജ്യാധികാരം പങ്കിടുമെന്ന്‌ വർഷങ്ങൾക്കുശേഷം അവൻ സൂചിപ്പിക്കുകയുണ്ടായി. (വെളി. 1:1; 3:21) സമാനമായി, മത്തായി 24:47-ൽ കാണുന്നതുപോലെ, വിശ്വസ്‌തനായ അടിമയായി വർത്തിക്കുന്ന അഭിഷിക്തസഹോദരന്മാരുടെ ഒരു ചെറിയ കൂട്ടത്തെ തന്റെ സകല സ്വത്തുക്കളുടെമേലും നിയമിക്കുമെന്ന്‌ യേശു വാഗ്‌ദാനം ചെയ്‌തു. എന്നാൽ യഥാർഥത്തിൽ, 1,44,000-ത്തിൽപ്പെട്ട എല്ലാവരും അവന്റെ വിപുലമായ സ്വർഗീയാധികാരം പങ്കിടും.—വെളി. 20:4, 6.

1,44,000-ത്തിൽപ്പെട്ട എല്ലാവരും യേശുവിന്റെ വിപുലമായ സ്വർഗീയാധികാരം പങ്കിടും (19-ാം ഖണ്ഡിക കാണുക)

20. യേശു വിശ്വസ്‌തനായ അടിമയെ നിയമിച്ചത്‌ എന്തിനാണ്‌, എന്താണ്‌ നിങ്ങളുടെ ദൃഢനിശ്ചയം?

20 വിശ്വസ്‌തനും വിവേകിയുമായ അടിമയെ ഉപയോഗിക്കുന്നതിലൂടെ, ഒന്നാം നൂറ്റാണ്ടിൽ താൻ അവലംബിച്ച അതേരീതി യേശു അനുവർത്തിക്കുകയാണ്‌: ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുക എന്ന രീതി. തന്റെ യഥാർഥ അനുഗാമികൾക്ക്‌, അവർ അഭിഷിക്തരായാലും വേറെ ആടുകളായാലും, തക്ക സമയത്തെ ആത്മീയാഹാരം അന്ത്യനാളുകളിലുടനീളം മുടങ്ങാതെ ലഭിക്കുന്നു എന്ന്‌ ഉറപ്പുവരുത്താനാണ്‌ യേശു വിശ്വസ്‌തനായ അടിമയെ നിയമിച്ചത്‌. വിശ്വസ്‌തനും വിവേകിയുമായ അടിമയായി വർത്തിക്കുന്ന അഭിഷിക്തസഹോദരന്മാർക്ക്‌ വിശ്വസ്‌തമായ പിന്തുണനൽകിക്കൊണ്ട്‌ നമ്മുടെ വിലമതിപ്പ്‌ കാണിക്കാൻ നമുക്ക്‌ ദൃഢനിശ്ചയം ചെയ്യാം.—എബ്രാ. 13:7, 17.

 

^ ഖണ്ഡിക 2: (1) മുമ്പൊരിക്കൽ, സമാനമായ ഒരു ദൃഷ്ടാന്തം പറഞ്ഞപ്പോൾ അതിൽ യേശു ‘അടിമയെ’ “ഗൃഹവിചാരകൻ” എന്നും ‘വീട്ടുകാരെ’ ‘തന്റെ പരിചാരകഗണം’ എന്നും പരാമർശിക്കുകയുണ്ടായി.—ലൂക്കോ. 12:42-44.

^ ഖണ്ഡിക 6: (2) ക്രിസ്‌തുവിന്റെ ‘വരവും’ (ഗ്രീക്ക്‌, എർക്കോമായ്‌) അവന്റെ ‘സാന്നിധ്യവും’ (പറൂസിയ) തമ്മിൽ വ്യത്യാസമുണ്ട്‌. ന്യായവിധി നടപ്പിലാക്കാനായി അവൻ വരുന്നതിനുമുമ്പേ അവന്റെ അദൃശ്യസാന്നിധ്യം ആരംഭിക്കുന്നു.

^ ഖണ്ഡിക 12: (3) ഈ ലക്കത്തിലെതന്നെ, ‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌’ എന്ന ലേഖനത്തിന്റെ 5-8 ഖണ്ഡികകൾ കാണുക, 10-12 പേജുകൾ.

^ ഖണ്ഡിക 16: (4) ഈ ലക്കത്തിലെതന്നെ, ‘ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക എന്നു ഞങ്ങളോടു പറയുക’ എന്ന ലേഖനത്തിന്റെ 14-18 ഖണ്ഡികകൾ കാണുക, 7, 8 പേജുകൾ.