വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു

നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു

“നിങ്ങൾ കഴുകി വെടിപ്പാക്കപ്പെട്ടും വിശുദ്ധീകരിക്കപ്പെട്ടും . . . ഇരിക്കുന്നു.” —1 കൊരി. 6:11.

1. യെരുശലേമിൽ മടങ്ങിവന്നപ്പോൾ അലോസരപ്പെടുത്തുന്ന എന്തെല്ലാം സ്ഥിതിവിശേഷങ്ങളാണ്‌ നെഹെമ്യാവ്‌ കാണാനിടയായത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

 യെരുശലേമിൽ നടമാടുന്ന കാര്യങ്ങളാണ്‌ നഗരവാസികളുടെ സംസാരവിഷയം. കുപ്രസിദ്ധനായ ഒരു അന്യജാതിക്കാരൻ ദേവാലയപ്രാകാരത്തിലെ അറകളിലൊന്നിൽ കുടിയേറിയിരിക്കുന്നു. ലേവ്യർ അവരുടെ നിയമനങ്ങൾ ഉപേക്ഷിച്ച്‌ പൊയ്‌ക്കൊണ്ടിരിക്കുന്നു. ആരാധനയ്‌ക്ക്‌ നേതൃത്വം കൊടുക്കേണ്ട മൂപ്പന്മാർ ശബത്തിൽ കച്ചവടകാര്യങ്ങളിൽ മുഴുകിയിരിക്കുന്നു. നിരവധി ഇസ്രായേല്യർ വിജാതീയരുമായി വിവാഹബന്ധത്തിലേക്കും വന്നിരിക്കുന്നു. ബി.സി. 443-നുശേഷം കുറച്ചുകഴിഞ്ഞ്‌ യെരുശലേമിലേക്ക്‌ മടങ്ങിവരുന്ന നെഹെമ്യാവ്‌ കാണുന്ന അസ്വസ്ഥജനകമായ ചില സ്ഥിതിവിശേഷങ്ങളാണ്‌ ഇവ.—നെഹെ. 13:6, 7എ.

2. എങ്ങനെയാണ്‌ ഇസ്രായേൽ ഒരു വിശുദ്ധജനമായിത്തീർന്നത്‌?

2 ദൈവത്തിനു സമർപ്പിതരായ ഒരു ജനതയായിരുന്നു ഇസ്രായേൽ. ബി.സി. 1513-ൽ, യഹോവയുടെ ഇഷ്ടത്തിനു വിധേയപ്പെടാൻ അവർക്ക്‌ പൂർണമനസ്സായിരുന്നു. അവർ പറഞ്ഞു: “യഹോവ കല്‌പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും.” (പുറ. 24:3) അതുകൊണ്ട്‌ ദൈവം അവരെ വിശുദ്ധീകരിച്ചു, അഥവാ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായി അവരെ വേർതിരിച്ചു. എത്ര ശ്രേഷ്‌ഠമായ ഒരു പദവിയായിരുന്നു അത്‌! നാൽപ്പതു വർഷത്തിനുശേഷം മോശ അവരെ ഇങ്ങനെ ഓർമിപ്പിച്ചു: “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.”—ആവ. 7:6.

3. നെഹെമ്യാവ്‌ രണ്ടാം പ്രാവശ്യം യെരുശലേമിൽ എത്തിയപ്പോൾ യഹൂദന്മാരുടെ ആത്മീയസ്ഥിതി എപ്രകാരമായിരുന്നു?

3 സങ്കടകരമെന്നു പറയട്ടെ, വിശുദ്ധജനമായിരിക്കാനുള്ള ഇസ്രായേലിന്റെ ആദ്യത്തെ ഉത്സാഹം അധികകാലം നീണ്ടുനിന്നില്ല. ദൈവത്തെ ആത്മാർഥമായി സേവിച്ചിരുന്ന ചില വ്യക്തികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നെങ്കിലും ദൈവേഷ്ടം ചെയ്യുന്നതിനെക്കാൾ വിശുദ്ധിയുടെയും ഭക്തിയുടെയും പുറമോടിയിലായിരുന്നു പൊതുവെ യഹൂദന്മാരുടെ ശ്രദ്ധ. നെഹെമ്യാവ്‌ യെരുശലേമിൽ രണ്ടാം പ്രാവശ്യം വന്നപ്പോഴേക്കും സത്യാരാധന പുനഃസ്ഥാപിക്കാനായി ബാബിലോണിൽനിന്നും ഒരു വിശ്വസ്‌തശേഷിപ്പ്‌ യെരുശലേമിലേക്കു മടങ്ങിവന്നിട്ട്‌ ഏതാണ്ട്‌ നൂറു വർഷം കടന്നുപോയിരുന്നു. പക്ഷേ, അപ്പോഴേക്കും ആ ജനതയുടെ ആത്മീയതീക്ഷ്‌ണതയ്‌ക്ക്‌ വീണ്ടും മങ്ങലേറ്റുകഴിഞ്ഞിരുന്നു.

4. വിശുദ്ധീകരിക്കപ്പെട്ട ഒരു ജനമായി നിലനിൽക്കാൻ സഹായിക്കുന്ന ഏതെല്ലാം ഘടകങ്ങൾ നാം പരിചിന്തിക്കും?

4 ഇസ്രായേല്യരെപ്പോലെ, ഇന്ന്‌ യഹോവയുടെ സാക്ഷികളും ഒരു പൊതുവായ അർഥത്തിൽ ദൈവത്താൽ വിശുദ്ധീകരിക്കപ്പെട്ടവരാണ്‌. അഭിഷിക്തക്രിസ്‌ത്യാനികളും “മഹാപുരുഷാര”വും വിശുദ്ധസേവനത്തിനായി വേർതിരിക്കപ്പെട്ടവരെന്നനിലയിൽ വിശുദ്ധരാണ്‌. (വെളി. 7:9, 14, 15; 1 കൊരി. 6:11) ഇസ്രായേല്യർക്ക്‌ ഒടുവിൽ സംഭവിച്ചതുപോലെ, ദൈവത്തിന്റെ മുമ്പാകെയുള്ള നമ്മുടെ ശുദ്ധമായ നില നഷ്ടപ്പെടുത്താൻ നാം ആരും ആഗ്രഹിക്കുകയില്ല. അങ്ങനെയെങ്കിൽ, അതു സംഭവിക്കാതെ ശുദ്ധരും യഹോവയുടെ സേവനത്തിൽ ഉപയുക്തരും ആയി തുടരാൻ നമ്മെ എന്തു സഹായിക്കും? നെഹെമ്യാവു 13-ാം അധ്യായത്തിൽ പ്രദീപ്‌തമാക്കിയിരിക്കുന്ന നാലു ഘടകങ്ങൾ നാം ഈ ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും: (1) ദുഷിച്ച സംസർഗം ഒഴിവാക്കുക; (2) ദിവ്യാധിപത്യക്രമീകരണങ്ങളെ പിന്തുണയ്‌ക്കുക; (3) ആത്മീയകാര്യങ്ങൾ ഒന്നാമതുവെക്കുക; (4) ഒരു ക്രിസ്‌ത്യാനിയുടെ തനതു സവിശേഷതകൾ പരിരക്ഷിക്കുക. നമുക്ക്‌ ഇവ ഓരോന്നായി പരിശോധിക്കാം.

ദുഷിച്ച സംസർഗം ഒഴിവാക്കുക

നെഹെമ്യാവ്‌ യഹോവയോടുള്ള വിശ്വസ്‌തതയും കൂറും കാണിച്ചത്‌ എങ്ങനെ? (5, 6 ഖണ്ഡികകൾ കാണുക)

5, 6. എല്യാശീബും തോബീയാവും ആരായിരുന്നു, എല്യാശീബ്‌ തോബീയാവുമായി സഹവാസം വെച്ചുപുലർത്തിയത്‌ എന്തുകൊണ്ടായിരിക്കാം?

5 നെഹെമ്യാവു 13:4-9 വായിക്കുക. മോശമായ സ്വാധീനങ്ങൾ നമ്മെ വലയം ചെയ്‌തിരിക്കുന്നതിനാൽ ശുദ്ധരായി നിലകൊള്ളുക എന്നത്‌ അത്ര എളുപ്പമല്ല. എല്യാശീബിന്റെയും തോബീയാവിന്റെയും കൂട്ടുകെട്ടിനെക്കുറിച്ചു ചിന്തിക്കുക. എല്യാശീബ്‌ മഹാപുരോഹിതനായിരുന്നു. തോബീയാവ്‌ ഒരു അമ്മോന്യനും സാധ്യതയനുസരിച്ച്‌ യെഹൂദ്യയിലെ പേർഷ്യൻ ഭരണകൂടത്തിലെ താഴ്‌ന്ന ഒരു ഉദ്യോഗസ്ഥനും ആയിരുന്നു. യെരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയാനുള്ള നെഹെമ്യാവിന്റെ ശ്രമങ്ങളെ തോബീയാവും കൂട്ടാളികളും എതിർത്തിരുന്നു. (നെഹെ. 2:10) അമ്മോന്യർക്ക്‌ ആലയപരിസരത്തു പ്രവേശിക്കുന്നതിന്‌ വിലക്കുണ്ടായിരുന്നു. (ആവ. 23:3) അങ്ങനെയെങ്കിൽ, പിന്നെ എന്തുകൊണ്ടാണ്‌ തോബീയാവിനെപ്പോലെ ഒരാൾക്ക്‌ മഹാപുരോഹിതൻ ആലയത്തിലെ ഭോജനശാലയിൽ ഇടം നൽകിയത്‌?

6 തോബീയാവ്‌ എല്യാശീബിന്റെ ഒരു ഉറ്റ കൂട്ടാളിയായിക്കഴിഞ്ഞിരുന്നു. തോബീയാവും മകൻ യോഹാനാനും യഹൂദസ്‌ത്രീകളെയാണ്‌ വിവാഹം കഴിച്ചത്‌. നിരവധി യഹൂദർ തോബീയാവിനെപ്പറ്റി മതിപ്പോടെ സംസാരിക്കുകയും ചെയ്‌തിരുന്നു. (നെഹെ. 6:17-19) മാത്രമല്ല, തോബീയാവിന്റെ വളരെ അടുത്ത കൂട്ടാളിയും ശമര്യയിലെ ഗവർണറും ആയിരുന്ന സൻബല്ലത്തിന്റെ മകളെ എല്യാശീബിന്റെ പൗത്രന്മാരിൽ ഒരാൾ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു. (നെഹെ. 13:28, പി.ഒ.സി.) അവിശ്വാസിയും ദൈവജനത്തിന്റെ എതിരാളിയും ആയിരുന്ന ഒരുവൻ തന്നെ സ്വാധീനിക്കാൻ മഹാപുരോഹിതനായ എല്യാശീബ്‌ അനുവദിച്ചതിന്റെ കാരണം ഈ ബന്ധങ്ങളിൽനിന്ന്‌ നമുക്കു മനസ്സിലാക്കാനാകും. എന്നാൽ, തോബീയാവിന്റെ സാധനസാമഗ്രികളെല്ലാം ഭോജനശാലയ്‌ക്കു വെളിയിൽ എറിഞ്ഞുകൊണ്ട്‌ നെഹെമ്യാവ്‌ യഹോവയോടുള്ള വിശ്വസ്‌തത പ്രകടമാക്കി.

7. മൂപ്പന്മാരും മറ്റുള്ളവരും യഹോവയുടെ മുമ്പാകെ തങ്ങൾക്കുള്ള ശുദ്ധീകരിക്കപ്പെട്ട നില മലിനപ്പെടാതെ നോക്കുന്നത്‌ എങ്ങനെ?

7 ദൈവത്തിനു സമർപ്പിക്കപ്പെട്ട ജനമെന്നനിലയിൽ യഹോവയോടുള്ള വിശ്വസ്‌തതയും കൂറും ആയിരിക്കണം നമ്മുടെ ജീവിതത്തിൽ എല്ലായ്‌പോഴും ആദ്യം വരേണ്ടത്‌. അവന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങളോട്‌ പറ്റിനിൽക്കാത്തപക്ഷം അവന്റെ മുമ്പാകെ ശുദ്ധരായി തുടരാൻ നമുക്കു കഴിയില്ല. ബൈബിൾതത്ത്വങ്ങൾ അവഗണിക്കാൻ നാം കുടുംബബന്ധങ്ങളെ അനുവദിക്കരുത്‌. ക്രിസ്‌തീയമൂപ്പന്മാർ നയിക്കപ്പെടുന്നത്‌ യഹോവയുടെ ചിന്തകളാലാണ്‌, സ്വന്തം അഭിപ്രായങ്ങളാലും വികാരങ്ങളാലുമല്ല. (1 തിമൊ. 5:21) ദൈവമുമ്പാകെ തങ്ങൾക്കുള്ള നില അപകടത്തിലാക്കിയേക്കാവുന്ന എന്തും അവർ ശ്രദ്ധാപൂർവം ഒഴിവാക്കുന്നു.—1 തിമൊ. 2:8.

8. സഹവാസത്തിന്റെ കാര്യത്തിൽ യഹോവയുടെ സമർപ്പിതദാസരെല്ലാം എന്തു കാര്യമാണ്‌ ഓർത്തിരിക്കേണ്ടത്‌?

8 “ദുഷിച്ച സംസർഗം സദ്‌ശീലങ്ങളെ കെടുത്തിക്കളയുന്നു” എന്ന്‌ നാം എല്ലായ്‌പോഴും ഓർക്കണം. (1 കൊരി. 15:33) നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർ നമ്മുടെ ജീവിതത്തിൽ ഒരു ക്രിയാത്മകസ്വാധീനം അല്ലായിരുന്നേക്കാം. യെരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിന്‌ നെഹെമ്യാവിന്‌ പൂർണപിന്തുണ നൽകിക്കൊണ്ട്‌ ജനത്തിന്‌ ഒരു നല്ല മാതൃകവെച്ച ആളായിരുന്നു എല്യാശീബ്‌. (നെഹെ. 3:1) എന്നിരുന്നാലും പിന്നീട്‌ തോബീയാവിന്റെയും മറ്റുള്ളവരുടെയും ദുഷിച്ചസ്വാധീനത്തിനു വഴിപ്പെട്ടായിരിക്കണം യഹോവയുടെ മുമ്പാകെ തന്നെ മലിനനാക്കുന്ന കാര്യങ്ങൾ എല്യാശീബ്‌ ചെയ്‌തത്‌. ബൈബിൾവായന, സഭായോഗങ്ങളിൽ പങ്കുപറ്റൽ, വയൽശുശ്രൂഷ എന്നിങ്ങനെയുള്ള ഗുണകരമായ ക്രിസ്‌തീയപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നല്ല കൂട്ടാളികൾ നമ്മെ പ്രേരിപ്പിക്കുന്നു. ശരിയായതു ചെയ്യാൻതക്കവിധം നമ്മിൽ സ്വാധീനം ചെലുത്തുന്ന കുടുംബാംഗങ്ങളെ നാം അതിയായി സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.

ദിവ്യാധിപത്യക്രമീകരണങ്ങളെ പിന്തുണയ്‌ക്കുക

9. ആലയത്തിലെ ക്രമീകരണങ്ങൾ താളംതെറ്റിയത്‌ എന്തുകൊണ്ട്‌, നെഹെമ്യാവ്‌ ആരെയാണ്‌ അതിന്‌ കുറ്റപ്പെടുത്തിയത്‌?

9 നെഹെമ്യാവു 13:10-13 വായിക്കുക. നെഹെമ്യാവ്‌ യെരുശലേമിൽ മടങ്ങിവന്നപ്പോഴേക്കും ആലയത്തിലേക്കുള്ള സംഭാവനകൾ മിക്കവാറും നിലച്ചുപോയിരുന്നു. ഇങ്ങനെ പിന്തുണ ലഭിക്കാതായതോടെ ലേവ്യർ നിയമനങ്ങൾ ഉപേക്ഷിച്ച്‌ തങ്ങളുടെ നിലങ്ങളിൽ വേലചെയ്യാനായി പോകാൻ തുടങ്ങി. ഈ ദുരവസ്ഥയ്‌ക്ക്‌ നെഹെമ്യാവ്‌ പ്രമാണിമാരെ കുറ്റപ്പെടുത്തി. അവർ തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്നില്ലായിരുന്നെന്നുവേണം പറയാൻ. ജനത്തിൽനിന്ന്‌ ദശാംശം ശേഖരിക്കാനും അത്‌ ആലയത്തിൽ എത്തിക്കാനും ഉള്ള ചുമതല അവർക്കായിരുന്നു. ഇക്കാര്യങ്ങളിൽ അവർ വീഴ്‌ചവരുത്തി. (നെഹെ. 12:44) അതുകൊണ്ട്‌ ദശാംശം ശേഖരിക്കുന്നതിന്‌ നെഹെമ്യാവ്‌ നടപടികൾ സ്വീകരിച്ചു. ആലയഭണ്ഡാരത്തിന്റെയും ലേവ്യർക്ക്‌ ദശാംശം വിതരണം ചെയ്യുന്നതിന്റെയും മേൽനോട്ടം വഹിക്കാൻ അവൻ വിശ്വസ്‌തരായ പുരുഷന്മാരെ നിയമിച്ചു.

10, 11. സത്യാരാധനയെ നമുക്ക്‌ എങ്ങനെയൊക്കെ പിന്തുണയ്‌ക്കാം?

10 ഇതിൽ നമുക്ക്‌ എന്തെങ്കിലും പാഠമുണ്ടോ? ഉവ്വ്‌. നമ്മുടെ “ധനം”കൊണ്ട്‌ അഥവാ മൂല്യവത്തായ സംഗതികൾകൊണ്ട്‌ യഹോവയെ ബഹുമാനിക്കുക എന്നുള്ളത്‌ വലിയൊരു പദവിയാണ്‌. (സദൃ. 3:9) യഹോവയുടെ വേലയെ പിന്തുണയ്‌ക്കാനായി നാം സംഭാവനകൾ നൽകുമ്പോൾ വാസ്‌തവത്തിൽ നാം അവന്റെ കൈയിൽനിന്നു വാങ്ങി അവനു തിരികെ നൽകുകമാത്രമാണ്‌ ചെയ്യുന്നത്‌. (1 ദിന. 29:14-16) ‘നൽകാൻ എനിക്ക്‌ അധികമൊന്നുമില്ലല്ലോ’ എന്ന്‌ ഒരുപക്ഷേ നാം ചിന്തിച്ചേക്കാം. എങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിലൊരു പങ്കുണ്ടായിരിക്കാൻ നമുക്ക്‌ എല്ലാവർക്കും കഴിയും.—2 കൊരി. 8:12.

11 വലിയ ഒരു കുടുംബം എല്ലാ ആഴ്‌ചയും ഒരുനേരത്തെ ഭക്ഷണത്തിനായി പ്രായമുള്ള ഒരു പ്രത്യേകപയനിയർ ദമ്പതികളെ ക്ഷണിക്കുക പതിവായിരുന്നു. വർഷങ്ങളോളം അവർ അതു ചെയ്‌തുപോന്നു. ആ കുടുംബത്തിൽ എട്ടു കുട്ടികൾ ഉണ്ടായിരുന്നു. എങ്കിലും ആ അമ്മ പറഞ്ഞിരുന്നത്‌ ഇങ്ങനെയാണ്‌: “പത്തുപേർക്ക്‌ വെച്ചുവിളമ്പുന്നിടത്ത്‌ രണ്ടു പേർകൂടി ഉണ്ടെങ്കിലെന്താ?” ആഴ്‌ചയിൽ ഒരുനേരത്തെ ഭക്ഷണം വലിയൊരു സംഗതിയായി തോന്നണമെന്നില്ല. പക്ഷേ ആ പയനിയർമാർ ഈ കുടുംബത്തിന്റെ അതിഥിപ്രിയത്തെ എത്രയധികം വിലമതിച്ചെന്നോ! അവർ ആതിഥേയർക്ക്‌ വലിയൊരു അനുഗ്രഹമായിരുന്നെന്ന്‌ കാലാന്തരത്തിൽ വ്യക്തമായി. എങ്ങനെ? പയനിയർദമ്പതികളുടെ പ്രോത്സാഹനംനിറഞ്ഞ വാക്കുകളും അനുഭവങ്ങളും ആ കുടുംബത്തിലെ കുട്ടികൾക്ക്‌ ആത്മീയപുരോഗതി കൈവരിക്കാൻ പ്രചോദനമായി. ഫലമോ? അവർ എല്ലാവരും പിന്നീട്‌ മുഴുസമയശുശ്രൂഷ തിരഞ്ഞെടുത്തു.

12. സഭയിലെ നിയമിതപുരുഷന്മാർ ഏതു നല്ല മാതൃകവെക്കുന്നു?

12 മറ്റൊരു പാഠം ഇതാണ്‌: നെഹെമ്യാവിനെപ്പോലെ, ദിവ്യാധിപത്യക്രമീകരണങ്ങളെ പിന്തുണയ്‌ക്കുന്നതിൽ ഇന്ന്‌ നിയമിതപുരുഷന്മാർ നേതൃത്വമെടുക്കുന്നു. സഭയിലെ മറ്റുള്ളവർ അവരുടെ മാതൃകയിൽനിന്ന്‌ പ്രയോജനം നേടുന്നു. ഇക്കാര്യത്തിൽ മൂപ്പന്മാർ അപ്പൊസ്‌തലനായ പൗലോസിനെയും അനുകരിക്കുന്നു. പൗലോസ്‌ സത്യാരാധനയെ പിന്തുണയ്‌ക്കുകയും സഹായകരമായ നിർദേശങ്ങൾ നൽകുകയും ചെയ്‌തു. ഉദാഹരണത്തിന്‌, സംഭാവന നൽകാനാകുന്നവിധം സംബന്ധിച്ച്‌ പ്രായോഗികമായ പല നിർദേശങ്ങളും അവൻ നൽകുകയുണ്ടായി.—1 കൊരി. 16:1-3; 2 കൊരി. 9:5-7.

ആത്മീയകാര്യങ്ങൾ ഒന്നാമതുവെക്കുക

13. യഹൂദന്മാരിൽ ചിലർ ശബത്തിനെ ആദരിക്കാതിരുന്നത്‌ എങ്ങനെ?

13 നെഹെമ്യാവു 13:15-21 വായിക്കുക. നാം ഭൗതികകാര്യങ്ങളിൽ ആമഗ്നരാകുന്നെങ്കിൽ നമ്മുടെ ആത്മീയത ക്രമേണ നഷ്ടമാകാൻ ഇടയുണ്ട്‌. പുറപ്പാടു 31:12, 13 അനുസരിച്ച്‌, ഇസ്രായേല്യരെ തങ്ങൾ വിശുദ്ധീകരിക്കപ്പെട്ട ഒരു ജനമാണെന്ന്‌ ഓർമിപ്പിക്കേണ്ടതിനായിരുന്നു വാരന്തോറുമുള്ള ശബത്ത്‌. കുടുംബാരാധനയ്‌ക്കും പ്രാർഥനയ്‌ക്കും ദൈവനിയമങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിനും വേണ്ടി ശബത്തുദിവസം മാറ്റിവെക്കേണ്ടതായിരുന്നു. എന്നാൽ, നെഹെമ്യാവിന്റെ സമകാലികരിൽ ചിലർക്ക്‌ ശബത്തുദിവസം മറ്റ്‌ ഏതൊരു ദിവസവുംപോലെ ഒരു സാധാരണദിവസമായിരുന്നു. അന്നും അവർ കച്ചവടകാര്യങ്ങളിൽ മുഴുകി. ജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന്‌ ആരാധന പിന്തള്ളപ്പെടുകയായിരുന്നു. നെഹെമ്യാവ്‌ ഇതെല്ലാം കണ്ടിട്ട്‌, ആറാം ദിവസം സന്ധ്യക്കുതന്നെ നഗരവാതിലുകൾ അടയ്‌ക്കാനും ശബത്ത്‌ ആരംഭിക്കുന്നതിനുമുമ്പേ വിദേശവ്യാപാരികളെ ഓടിച്ചുകളയാനും നടപടി കൈക്കൊണ്ടു.

14, 15. (എ) തൊഴിൽ-ബിസിനെസ്‌ കാര്യങ്ങളിൽ നാം പരിധിവെക്കുന്നില്ലെങ്കിൽ നമുക്ക്‌ എന്തു സംഭവിച്ചേക്കാം? (ബി) നമുക്ക്‌ എങ്ങനെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാം?

14 നെഹെമ്യാവിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? തൊഴിൽ-ബിസിനെസ്‌ കാര്യങ്ങളിൽ നാം ചില പരിധികൾ വെക്കണം എന്നതാണ്‌ ഒരു പാഠം. അല്ലാത്തപക്ഷം നമ്മുടെ ശ്രദ്ധ എളുപ്പം വ്യതിചലിച്ചു പോയേക്കാം; നമ്മുടെ മുൻഗണനകളും താത്‌പര്യങ്ങളും വിഭജിതമായേക്കാം. വിശേഷിച്ചും നാം ലൗകികജോലി ആസ്വദിക്കുന്ന വ്യക്തികളാണെങ്കിൽ. രണ്ട്‌ യജമാനന്മാരെ സേവിക്കുന്നതു സംബന്ധിച്ച്‌ യേശു നൽകിയ മുന്നറിയിപ്പ്‌ ഓർക്കുക. (മത്തായി 6:24 വായിക്കുക.) നെഹെമ്യാവിന്‌ ധനാർജനത്തിന്‌ നിരവധി അവസരങ്ങളുണ്ടായിരുന്നു. എങ്കിലും യെരുശലേമിലായിരുന്നപ്പോൾ അവൻ എങ്ങനെയാണ്‌ സമയം ചെലവഴിച്ചത്‌? (നെഹെ. 5:14-18) സോര്യരുമായും മറ്റു വ്യാപാരികളുമായും വാണിജ്യബന്ധങ്ങൾ ഉന്നമിപ്പിക്കുന്നതിനു പകരം അവൻ തന്റെ സഹോദരന്മാരെ സഹായിക്കാനും യഹോവയുടെ നാമവിശുദ്ധീകരണത്തിന്‌ ഉതകുന്ന കാര്യങ്ങൾ ചെയ്യാനും തന്നെത്തന്നെ അർപ്പിച്ചു. സമാനമായി, ക്രിസ്‌തീയമൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഇന്ന്‌ സഭയുടെ പ്രയോജനത്തിനായി പ്രവർത്തിക്കുന്നതിൽ മനസ്സുപതിപ്പിക്കുന്നു. തന്നിമിത്തം, സഹവിശ്വാസികൾ അവരെ അകമഴിഞ്ഞു സ്‌നേഹിക്കുന്നു. അതുകൊണ്ടൊക്കെത്തന്നെ, ദൈവജനത്തിനിടയിൽ സ്‌നേഹവും സമാധാനവും സുരക്ഷിതത്വവും കളിയാടുന്നു.—യെഹെ. 34:25, 28.

15 വാരന്തോറുമുള്ള ഒരു ശബത്ത്‌ ആചരിക്കാൻ ക്രിസ്‌ത്യാനികളോട്‌ ആവശ്യപ്പെടുന്നില്ലെങ്കിലും പൗലോസ്‌ പറയുന്നതുപോലെ “ദൈവജനത്തിന്‌ ശബത്തിലേതുപോലുള്ള ഒരു സ്വസ്ഥത ഇനിയും ശേഷിക്കുന്നു.” അവൻ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ദൈവം തന്റെ പ്രവൃത്തിയിൽനിന്നു സ്വസ്ഥനായതുപോലെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചിരിക്കുന്ന മനുഷ്യനും അവന്റെ സ്വന്തം പ്രവൃത്തികളിൽനിന്നു സ്വസ്ഥനായിരിക്കുന്നു.” (എബ്രാ. 4:9, 10) സാക്ഷാത്‌കാരത്തിലേക്കു മുന്നേറുന്ന ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ അനുസരണപൂർവം പ്രവർത്തിച്ചുകൊണ്ട്‌ ക്രിസ്‌ത്യാനികളായ നമുക്ക്‌ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിയും. നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും കുടുംബാരാധന, സഭായോഗങ്ങൾ, വയൽശുശ്രൂഷ എന്നിവയ്‌ക്ക്‌ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നുണ്ടോ? നമ്മുടെ തൊഴിലുടമയോ ബിസിനെസ്‌ പങ്കാളികളോ നമ്മുടെ ദിവ്യാധിപത്യമുൻഗണനകളെ മാനിക്കാത്തവരാണെങ്കിൽ വിട്ടുവീഴ്‌ചയ്‌ക്കു മുതിരാതെ നാം നിശ്ചയദാർഢ്യം കാണിക്കേണ്ടതുണ്ട്‌. വിശുദ്ധകാര്യങ്ങൾക്ക്‌ മുൻഗണനയും മതിയായ ശ്രദ്ധയും നൽകാനായി ഫലത്തിൽ നാം ‘നഗരവാതിലുകൾ അടയ്‌ക്കുകയും സോര്യരെ ഓടിച്ചുകളയുകയും’ ചെയ്യേണ്ടിവന്നേക്കാം. നാം വിശുദ്ധീകരിക്കപ്പെട്ടവരായതുകൊണ്ട്‌ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നത്‌ നല്ലതാണ്‌: ‘ഞാൻ യഹോവയുടെ സേവനത്തിനായി വേർതിരിക്കപ്പെട്ടവനാണെന്ന്‌ എന്റെ ജീവിതരീതി തെളിയിക്കുന്നുണ്ടോ?’—മത്താ. 6:33.

ഒരു യഥാർഥക്രിസ്‌ത്യാനിയുടെ തനതു സവിശേഷതകൾ പരിരക്ഷിക്കുക

16. നെഹെമ്യാവിന്റെ കാലത്ത്‌, ദൈവത്തിന്റെ വിശുദ്ധീകരിക്കപ്പെട്ട ജനം എന്ന തങ്ങളുടെ തനിമതന്നെ ഇസ്രായേല്യർക്ക്‌ നഷ്ടപ്പെടുന്ന ഘട്ടത്തോളം എത്തിയത്‌ എങ്ങനെ?

16 നെഹെമ്യാവു 13:23-27 വായിക്കുക. നെഹെമ്യാവിന്റെ കാലത്ത്‌ ഇസ്രായേല്യപുരുഷന്മാർ അന്യജാതിക്കാരികളെ വിവാഹം ചെയ്യുന്നുണ്ടായിരുന്നു. അവൻ ആദ്യം യെരുശലേമിൽ വന്ന സമയത്ത്‌, ഇസ്രായേല്യപുരുഷന്മാർ വിജാതീയരെ വിവാഹം ചെയ്യുകയില്ലെന്ന്‌ പ്രതിജ്ഞ ചെയ്‌തുകൊണ്ടുള്ള ഒരു സമ്മതപത്രം അവൻ ജനത്തിലെ മൂപ്പന്മാരെക്കൊണ്ട്‌ എഴുതി ഒപ്പിടുവിച്ചിരുന്നു. (നെഹെ. 9:38; 10:30) എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ, അന്യജാതിക്കാരികളെ യഹൂദപുരുഷന്മാർ വിവാഹം കഴിച്ചിരിക്കുന്നതായിമാത്രമല്ല ദൈവത്തിന്റെ വിശുദ്ധീകരിക്കപ്പെട്ട ജനം എന്ന അവരുടെ തനിമതന്നെ നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നതായും നെഹെമ്യാവ്‌ കണ്ടു. ഈ അന്യജാതിക്കാരികളുടെ മക്കൾക്ക്‌ എബ്രായഭാഷ എഴുതാനോ സംസാരിക്കാനോ കഴിയുമായിരുന്നില്ല. മുതിർന്നുവരുമ്പോൾ അവർ തങ്ങളെത്തന്നെ ഇസ്രായേല്യരായി കണക്കാക്കുമായിരുന്നോ? അതോ തങ്ങൾ അസ്‌തോദ്യരോ അമ്മോന്യരോ മോവാബ്യരോ ആണെന്ന്‌ ചിന്തിക്കുമായിരുന്നോ? എബ്രായഭാഷ അറിയാതെ അവർക്ക്‌ ദൈവത്തിന്റെ ന്യായപ്രമാണം മനസ്സിലാക്കാനാകുമായിരുന്നോ? അമ്മമാരുടെ ആരാധനാമൂർത്തികളെ വിട്ട്‌ യഹോവയെ അറിയാനും ആരാധിക്കാനും അവർക്ക്‌ കഴിയുമായിരുന്നോ? ഇങ്ങനെയൊരു സാഹചര്യത്തിൽ ചില നിർണായകനടപടികൾ സത്വരം കൈക്കൊള്ളേണ്ടതുണ്ടായിരുന്നു; നെഹെമ്യാവ്‌ അതാണു ചെയ്‌തത്‌.—നെഹെ. 13:28.

യഹോവയുമായി ഒരു അടുത്തബന്ധം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക (17, 18 ഖണ്ഡികകൾ കാണുക)

17. യഹോവയുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുന്നതിന്‌ മാതാപിതാക്കൾക്ക്‌ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും?

17 ഒരു യഥാർഥക്രിസ്‌ത്യാനിയുടെ തനതു സവിശേഷതകൾ ആർജിച്ചെടുക്കാൻ നമ്മുടെ കുട്ടികളെ സഹായിക്കുന്നതിന്‌ നാം ഇന്ന്‌ പ്രായോഗികനടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. മാതാപിതാക്കളേ, നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘തിരുവെഴുത്തു സത്യത്തിന്റെ “നിർമ്മല”ഭാഷ ഒഴുക്കോടെ സംസാരിക്കാൻ എന്റെ കുട്ടികൾക്ക്‌ കഴിയുന്നുണ്ടോ? (സെഫ. 3:9) എന്റെ മക്കളുടെ സംസാരത്തിൽ പ്രതിഫലിക്കുന്നത്‌ ഏതു സ്വാധീനമാണ്‌? ദൈവാത്മാവിന്റെയോ ലോകത്തിന്റെ ആത്മാവിന്റെയോ?’ മെച്ചപ്പെടേണ്ട വശങ്ങൾ ഉണ്ടെന്നു കണ്ടാൽ പെട്ടെന്നു നിരുത്സാഹം തോന്നരുത്‌. ഒരു ഭാഷ പഠിക്കുന്നതിന്‌ സമയമെടുക്കും, ചുറ്റുപാടും ശ്രദ്ധപതറിക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ വിശേഷിച്ചും. വിട്ടുവീഴ്‌ച ചെയ്യാനുള്ള കടുത്ത സമ്മർദം നിങ്ങളുടെ കുട്ടികൾ നിരന്തരം നേരിടുന്നുണ്ട്‌. അതുകൊണ്ട്‌ യഹോവയുമായി ഒരു അടുത്തബന്ധം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിന്‌ കുടുംബാരാധനവേളകളും മറ്റവസരങ്ങളും ക്ഷമാപൂർവം വിനിയോഗിക്കുക. (ആവ. 6:6-9) സാത്താന്റെ ലോകത്തിൽനിന്ന്‌ വ്യത്യസ്‌തരായിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ അവർക്കു മനസ്സിലാക്കിക്കൊടുക്കുക. (യോഹ. 17:15-17) അവരുടെ ഹൃദയത്തിലെത്തിച്ചേരാൻ ശ്രമിക്കുക.

18. യഹോവയ്‌ക്കു സമർപ്പിച്ചവരാകാൻ കുട്ടികളെ ഒരുക്കുന്നതിന്‌ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നത്‌ മാതാപിതാക്കൾതന്നെയാണ്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

18 ദൈവത്തെ സേവിക്കണോ വേണ്ടയോ എന്ന്‌ ഓരോ കുട്ടിയും വളർന്നുവരുമ്പോൾ സ്വന്തമായി തീരുമാനിക്കും എന്നതു ശരിയാണ്‌. എന്നുവരികിലും, മാതാപിതാക്കൾക്ക്‌ ഇക്കാര്യത്തിൽ ഒരു നിർണായകപങ്കുണ്ട്‌. ഉചിതമായ മാതൃകവെച്ചും വ്യക്തമായ അതിർവരമ്പുകൾ കാണിച്ചുകൊടുത്തും തീരുമാനങ്ങളുടെ പരിണിതഫലങ്ങൾ കുട്ടികളുമായി ചർച്ചചെയ്‌തും നിങ്ങൾക്ക്‌ അവരെ സഹായിക്കാനാകും. മാതാപിതാക്കളേ, യഹോവയ്‌ക്കു സമർപ്പിച്ച വ്യക്തികളായിത്തീരാൻ തക്കവിധം നിങ്ങളുടെ കുട്ടികളുടെ മനസ്സിനെ ഒരുക്കാൻ മറ്റ്‌ ആരെക്കാളും സാധിക്കുന്നത്‌ നിങ്ങൾക്കാണ്‌. ഒരു ക്രിസ്‌ത്യാനിയുടെ തനതു സവിശേഷതകൾ ആർജിച്ചെടുക്കാനും പരിരക്ഷിക്കാനും അവർക്കു നിങ്ങളുടെ സഹായം ആവശ്യമാണ്‌. ക്രിസ്‌തുവിന്റെ അനുഗാമികളായി നമ്മെ തിരിച്ചറിയിക്കുന്ന ഗുണങ്ങളും നിലവാരങ്ങളും ആകുന്ന നമ്മുടെ ആലങ്കാരിക “ഉടുപ്പ്‌” നഷ്ടപ്പെടാതിരിക്കാൻ വാസ്‌തവത്തിൽ നാം ഓരോരുത്തരും ജാഗരൂകരായിരിക്കേണ്ടതുണ്ട്‌.—വെളി. 3:4, 5; 16:15.

യഹോവ നമ്മെ “നന്മെക്കായിട്ട്‌” ഓർക്കും

19, 20. യഹോവ നമ്മെ “നന്മെക്കായിട്ട്‌” ഓർക്കാൻ നാം എന്തു ചെയ്യണം?

19 നെഹെമ്യാവിന്റെ സമകാലികനായിരുന്ന പ്രവാചകനായ മലാഖി ഇങ്ങനെ വെളിപ്പെടുത്തി: “യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്‌മരിക്കുന്നവർക്കും വേണ്ടി . . . ഒരു സ്‌മരണപുസ്‌തകം എഴുതിവെച്ചിരിക്കുന്നു.” (മലാ. 3:16, 17) ദൈവത്തോട്‌ ആഴമായ ഭക്ത്യാദരവും അവന്റെ നാമത്തോടു സ്‌നേഹവും ഉള്ളവരെ അവൻ ഒരിക്കലും മറന്നുകളയില്ല.—എബ്രാ. 6:10.

20 നെഹെമ്യാവ്‌ ഇപ്രകാരം പ്രാർഥിച്ചു: “എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.” (നെഹെ. 13:31) തുടർന്നും നാം, ദുഷിച്ച സംസർഗം ഒഴിവാക്കുകയും ദിവ്യാധിപത്യക്രമീകരണങ്ങളെ പിന്തുണയ്‌ക്കുകയും ആത്മീയകാര്യങ്ങൾക്ക്‌ മുൻഗണന നൽകുകയും ഒരു ക്രിസ്‌ത്യാനിയുടെ തനതു സവിശേഷതകൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നെങ്കിൽ നെഹെമ്യാവിനെപ്പോലെ നമ്മുടെ പേരും ദൈവത്തിന്റെ സ്‌മരണപുസ്‌തകത്തിൽ ഉണ്ടായിരിക്കും. ‘വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന്‌ നമുക്ക്‌ ഓരോരുത്തർക്കും പരിശോധിച്ചുകൊണ്ടിരിക്കാം.’ (2 കൊരി. 13:5) യഹോവയുമായി നമുക്കുള്ള വിശുദ്ധീകരിക്കപ്പെട്ട ബന്ധം നാം നിലനിറുത്തുന്നെങ്കിൽ അവൻ നമ്മെ “നന്മെക്കായിട്ട്‌” ഓർക്കും.