വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ‘നാൾതോറും എന്റെ ഭാരങ്ങൾ ചുമക്കുന്നു’

യഹോവ ‘നാൾതോറും എന്റെ ഭാരങ്ങൾ ചുമക്കുന്നു’

സഹിക്കാൻ കഴിയില്ലെന്നു തോന്നുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ എനിക്കുണ്ടെങ്കിലും നമ്മുടെ സ്വർഗീയപിതാവിൽനിന്നുള്ള സ്‌നേഹപൂർവകമായ പിന്തുണ ജീവിതത്തിലുടനീളം ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ 20 വർഷത്തിലധികമായി ഒരു പയനിയറെന്ന നിലയിൽ യഹോവയെ സേവിക്കുന്നതിന്റെ പ്രത്യേകസന്തോഷവും ഞാൻ ആസ്വദിക്കുന്നു.

ഒരു രോഗത്തോടെയാണ്‌ 1956-ൽ ഞാൻ ജനിച്ചത്‌. എന്റെ നട്ടെല്ലിലെ ഒരു കണ്ണി പൂർണവളർച്ച പ്രാപിച്ചിരുന്നില്ല. അതുകൊണ്ട്‌ എനിക്കു നടക്കാൻ പ്രയാസമായിരുന്നു. കൂടാതെ, ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും ഞാൻ നേരിടേണ്ടിവന്നു.

ഞാൻ ജനിക്കുന്നതിനു കുറച്ചുനാൾ മുമ്പുതന്നെ യഹോവയുടെ സാക്ഷികളായ മിഷനറിദമ്പതികൾ എന്റെ മാതാപിതാക്കളെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. കുട്ടിക്കാലത്ത്‌, നമീബിയയിലെ എന്റെ ഗ്രാമമായ ഉസാകോസിൽ കുറച്ചു സഹോദരങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവരാണെങ്കിൽ അടുത്തടുത്ത്‌ ആയിരുന്നില്ലതാനും. അതുകൊണ്ട്‌, യോഗങ്ങൾക്കു പട്ടികപ്പെടുത്തിയിരുന്ന ഭാഗങ്ങൾ ഞങ്ങൾ കുടുംബം ഒത്തൊരുമിച്ചാണു ചർച്ച ചെയ്‌തിരുന്നത്‌. എനിക്ക്‌ ഏഴു വയസ്സായപ്പോൾ ഒരു ശസ്‌ത്രക്രിയ വേണ്ടിവന്നു. മൂത്രം പോകുന്നതിനുവേണ്ടി കൃത്രിമമായ ഒരു ദ്വാരം ഉണ്ടാക്കാനായിരുന്നു അത്‌. 14-ാം വയസ്സിൽ എനിക്ക്‌ അപസ്‌മാരവും വന്നു. ഏറ്റവും അടുത്തുള്ള സ്‌കൂൾതന്നെ വളരെ അകലെയായിരുന്നതിനാലും മാതാപിതാക്കളുടെ പ്രത്യേകശ്രദ്ധ ആവശ്യമായിരുന്നതിനാലും സ്‌കൂൾവിദ്യാഭ്യാസം പൂർത്തിയാക്കാൻ എനിക്കു കഴിഞ്ഞില്ല.

എന്നിരുന്നാലും ആത്മീയമായി എന്നെത്തന്നെ ബലപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. നമ്മുടെ മിക്ക പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ മാതൃഭാഷയായ ആഫ്രിക്കാൻസിൽ ലഭ്യമായിരുന്നില്ല. അതുകൊണ്ട്‌ നമ്മുടെ പുസ്‌തകങ്ങൾ വായിക്കുന്നതിനുവേണ്ടി ഞാൻ ഇംഗ്ലീഷ്‌ പഠിച്ചു. ഞാൻ പ്രസാധികയായിത്തീരുകയും 19-ാം വയസ്സിൽ സ്‌നാനമേൽക്കുകയും ചെയ്‌തു. തുടർന്നുവന്ന നാലു വർഷങ്ങളിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളും വൈകാരികബുദ്ധിമുട്ടുകളും ഞാൻ അനുഭവിക്കേണ്ടിവന്നു. ആളുകൾ അടുത്തിടപഴകുന്ന ഒരു സമൂഹമായിരുന്നു എന്റെ ഗ്രാമത്തിലേത്‌. അതുകൊണ്ട്‌, തീക്ഷ്‌ണതയോടെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിൽനിന്നു മാനുഷഭയം എന്നെ പിന്തിരിപ്പിച്ചു.

എന്റെ 20-കളുടെ തുടക്കത്തിൽ ഞങ്ങൾ നമീബിയയിൽനിന്നു സൗത്ത്‌ ആഫ്രിക്കയിലേക്കു മാറി. അങ്ങനെ ആദ്യമായി ഒരു സഭായോഗത്തിനു ഹാജരാകാൻ കഴിഞ്ഞു. എത്ര ഉത്‌കൃഷ്ടമായിരുന്നു അത്‌! എന്നാൽ വീണ്ടും എനിക്ക്‌ ഒരു ശസ്‌ത്രക്രിയ ആവശ്യമായിവന്നു. ഇപ്രാവശ്യം വൻകുടലിന്റെ ഒരു ഭാഗം മുറിച്ചുകളയാനായിരുന്നു അത്‌.

കുറച്ചുനാളുകൾക്കു ശേഷം, ഒരു സർക്കിട്ട്‌ മേൽവിചാരകൻ പയനിയറിങ്ങിനെക്കുറിച്ചു സംസാരിക്കുന്നതു ഞാൻ കേട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ വല്ലാതെ സ്‌പർശിച്ചു. എന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. എങ്കിലും എന്റെ കഷ്ടങ്ങളിലെല്ലാം യഹോവ എന്നെ താങ്ങിയത്‌ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌, സാധാരണ പയനിയറിങ്ങിനുവേണ്ടി ഞാൻ അപേക്ഷിച്ചു. പക്ഷേ, എന്റെ ആരോഗ്യപ്രശ്‌നങ്ങൾ നിമിത്തം മൂപ്പന്മാർ എന്റെ അപേക്ഷ സ്വീകരിക്കാൻ മടിച്ചു.

എങ്കിലും സുവാർത്ത പ്രസംഗിക്കുന്നതിൽ പരമാവധി ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഒരു പയനിയറല്ലെങ്കിലും, അമ്മയുടെയും മറ്റുള്ളവരുടെയും സഹായത്താൽ ആറു മാസത്തോളം പയനിയറിങ്ങിന്റെ മണിക്കൂർ വ്യവസ്ഥയിലെത്താൻ എനിക്കു കഴിഞ്ഞു. പയനിയറായിരിക്കാനുള്ള എന്റെ ദൃഢതീരുമാനത്തിനു തെളിവു നൽകുന്നതായിരുന്നു അത്‌. തന്നെയുമല്ല, രോഗത്തെ എനിക്കു തരണം ചെയ്യാൻ കഴിയുമെന്നും മനസ്സിലായി. ഞാൻ വീണ്ടും പയനിയറിങ്ങിന്‌ അപേക്ഷിച്ചു. ഇപ്രാവശ്യം എന്റെ അപേക്ഷ സ്വീകരിച്ചു. അങ്ങനെ, 1988 സെപ്‌റ്റംബർ 1-ന്‌ ഞാൻ ഒരു സാധാരണ പയനിയറായിത്തീർന്നു.

ഒരു പയനിയറെന്ന നിലയിൽ യഹോവയുടെ പിന്തുണ ഞാൻ തുടർച്ചയായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. പുതിയവരെ സത്യം പഠിപ്പിക്കുന്നത്‌ എന്റെ അവസ്ഥയെക്കുറിച്ച്‌ അമിതമായി ചിന്തിക്കാതിരിക്കാൻ എന്നെ സഹായിച്ചു. ആത്മീയമായി പുരോഗമിക്കാനും യഹോവയുമായി ശക്തമായ ഒരു ബന്ധം നിലനിറുത്താനും അതുമൂലം എനിക്കു കഴിഞ്ഞിരിക്കുന്നു. പലരെയും സമർപ്പണത്തിന്റെയും സ്‌നാനത്തിന്റെയും പടിയിലേക്കു നയിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തുഷ്ടയാണ്‌.

എന്റെ ആരോഗ്യം ഇപ്പോഴും അനിശ്ചിതാവസ്ഥയിൽത്തന്നെയാണ്‌. പക്ഷേ യഹോവ ‘നാൾതോറും എന്റെ ഭാരങ്ങൾ ചുമക്കുന്നു.’ (സങ്കീ. 68:19) എല്ലാം സഹിക്കാൻ യഹോവ എന്നെ സഹായിക്കുന്നു. എന്നാൽ അതിലുപരി ജീവിതം ഹൃദ്യമാക്കാൻ വേണ്ടതും അവൻ ചെയ്‌തിരിക്കുന്നു!